ലോഹ്യ: ബഹു-മാന കാഴ്ചയുടെ ദാര്‍ശനികന്‍

ലോഹ്യയുടെ അനേകമാന സഞ്ചാരങ്ങളിലൂടെ അനുയാത്ര ചെയ്യുമ്പോള്‍ നമുക്ക് ഗാന്ധിയെയും മാര്‍ക്‌സിനെയും അംബേദ്കറിനെയും നമ്മുടെ കാലത്തെ ഭരണവര്‍ഗ്ഗത്തെയും അവരുടെ അടിമകളായി സ്വയം കീഴടങ്ങുന്ന ഇന്ത്യക്കാരേയും, സര്‍വ്വോപരി നമ്മെത്തന്നെയും തിരിച്ചറിയാന്‍ കഴിയുന്നു.

സ്റ്റീഫന്‍ ഹോക്കിങ്‌സിന് ഒരു വസ്തുവിന്റെ പതിനെട്ട് വ്യത്യസ്ത തലങ്ങള്‍ കാണുവാന്‍ കഴിയുമായിരുന്നെന്ന് വായിച്ചിട്ടുണ്ട്. ജൈനദര്‍ശനത്തില്‍ നിന്നും ഗാന്ധി ഉള്‍ക്കൊണ്ട ”അനേകതാവാദം” (Many sidness of an issue) സത്യത്തെ വ്യത്യസ്ത കോണുകളിലൂടെ സമീപിക്കുവാന്‍ ഗാന്ധിയെ സഹായിച്ചു. ഗാന്ധിയില്‍ സത്യം നിശ്ചലമല്ലെന്നും ജൈവികമായി പരിണമിച്ചുകൊണ്ടിരിക്കുകയാണെന്നും ഗാന്ധിയുടെ ജീവിതം പഠിച്ചാലറിയാം. അതിനാല്‍ തന്നെ നിലപാടുകള്‍ ഗാന്ധിയില്‍, ഒരോ കാലത്തിലും വ്യത്യസ്തമാണ്. താന്‍ അവസാനം പറഞ്ഞതാണ് തന്റെ നിലപാടിലെ സത്യം എന്ന് ഗാന്ധി ആവര്‍ത്തിക്കുന്നുണ്ട്. വ്യക്തിജീവിതത്തില്‍ നമുക്കിതിനോട് സമാനമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ജീവിതത്തെയും സത്യത്തെയും വസ്തുക്കളെയും നമ്മോടിടപഴകുന്നവരെയും മിക്കപ്പോഴും നാം ഒരു കോണിലൂടെ മാത്രമേ കാണാറുള്ളൂ. ചിലര്‍ രണ്ടു വശങ്ങളിലൂടെ കാണാന്‍ ശ്രമിക്കാറുണ്ട്. ത്രിമാനങ്ങളും ചതുര്‍മാനങ്ങളും അനേകമാനങ്ങളും തേടുന്നവര്‍ അത്യപൂര്‍വ്വമാണ്. ചിത്രകലയിലും നോവലിലും കവിതയിലും ശില്പകലയിലുമെല്ലാം ഇത്തരം അന്വേഷണങ്ങള്‍ സുലഭമാണ്. ത്രികാലജ്ഞാനികള്‍ എന്ന് ചിലരെ വിശേഷിപ്പിക്കുമ്പോള്‍ ഈ അര്‍ത്ഥം സൂചിതമാകുന്നുണ്ട്.

സത്യാനന്തരകാലത്തെ എല്ലാ ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളും ഒറ്റക്കണ്ണന്മാരാണ്. ഒന്നിന്റെ അനേകതകളെ കാണാന്‍ അവര്‍ക്ക് കഴിവില്ല. അതുകൊണ്ടാണ് വംശത്തിന്റെയും ജാതിയുടേയും വര്‍ണ്ണത്തിന്റെയും വര്‍ഗ്ഗത്തിന്റെയും ലിംഗത്തിന്റെയും പേരില്‍ ഭൂമിയില്‍ നിരന്തരം ഹിംസകള്‍ ഉണ്ടാകുന്നത്. പ്രകൃതിയിലെ ജീവജാലങ്ങള്‍ കൊന്നൊടുക്കപ്പെടുന്നതും പ്രകൃതി നിര്‍ബാധം ചൂഷണം ചെയ്യപ്പെടുന്നതും. ഏത് വിധേനയും പ്രകൃതിയുടെ മേലും ഇതരജീവികളുടെ മേലും മനുഷ്യരുടെ മേലും അധികാരം നിലനിര്‍ത്തുകയാണവര്‍ക്കാവശ്യം. അവരാകട്ടെ, നമ്മുടെ ഇക്കാലത്ത്, രാജ്യാന്തര കച്ചവട ശൃംഖലകളുടെ കൈപ്പിടിയിലാണ്. ഇവര്‍ക്കൊ, ലാഭമല്ലാതെ മറ്റൊരു ലക്ഷ്യമില്ല. അങ്ങിനെ, വിപണി ദൈവമായി മാറുന്നു. ഈ ദൈവത്തിന് വിടുപണി ചെയ്ത് സ്വയം അടിമകളായിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂമിയിലെ ബഹുഭൂരിപക്ഷവും.

ഡോക്ടര്‍ രാംമനോഹര്‍ ലോഹ്യ ദ്വിമാനങ്ങളെ അധഃകരിച്ച് ബഹുമാനങ്ങളിലൂടെ സഞ്ചരിച്ചവനാണ്. അദ്ദേഹം ഗാന്ധിയുടെ ഉറ്റവനാകുന്നത് സത്യം എങ്ങിനെ ഗാന്ധി പ്രയോഗിച്ചു എന്ന അറിവിലൂടെയാണ്. ഗാന്ധിയുടെ സത്യപ്രയോഗ പരീക്ഷണങ്ങളെന്നര്‍ത്ഥം. ഗാന്ധി എപ്പോഴൊക്കെ അങ്ങിനെയല്ലായെന്ന് തോന്നിയോ അപ്പോഴൊക്കെ ലോഹ്യയെന്ന ജീനിയസ്സ് ഗാന്ധിയുടെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അംബേദ്കറിന്റെ ലക്ഷ്യം ഒന്നുമാത്രമായിരുന്നു. ദളിതന്റെ വിമോചനം. അ-ദളിതരെ അതിലുള്‍പ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. ദളിതരുടെ വിമോചനം ഹിന്ദുമതം ഭസ്മീകരിച്ചതുകൊണ്ടേ സാധിക്കൂയെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അതിന്നദ്ദേഹം കണ്ടെത്തിയ ഒരു വഴി മതംമാറ്റമായിരുന്നു. സിഖ് മതത്തേക്കാള്‍ അതിന് സാധിതമായിട്ടുള്ളത് ബുദ്ധമതമാണെന്ന് അദ്ദേഹം മനസ്സിലാക്കി. ദളിതരെ ഒന്നാകെ ബുദ്ധമതത്തിലേക്ക് മാറ്റാന്‍ അദ്ദേഹം യത്‌നിച്ചു. കാരുണ്യത്തിലൂന്നുന്ന പ്രപഞ്ചബോധമാണ് ബുദ്ധന്‍ അഥവാ ബുദ്ധത്തം എന്ന് അദ്ദേഹം മനസ്സിലാക്കിയോയെന്ന് സംശയമാണ്. അതായിരുന്നില്ല ലോഹ്യ. ദ്വേഷ്യം കൊണ്ട് കണ്ണ് ചുമന്നാല്‍ മാത്രം പോരാ ഒരു തുള്ളി കണ്ണീര്‍കൂടി പൊഴിയണം എന്നദ്ദേഹം അടിവരയിട്ടു. ജാതി നശിക്കണമെന്ന് ലോഹ്യ കര്‍ശനപ്പെട്ടപ്പോഴും ഹിന്ദുമതം നശിപ്പിക്കപ്പെട്ടതുകൊണ്ടോ ബുദ്ധമതത്തിലേക്ക് ദളിതര്‍ പരിവര്‍ത്തനം ചെയ്തതുകൊണ്ടോ ജാതീയത അവസാനിക്കുമെന്നു ലോഹ്യ കരുതിയില്ല.

തന്നേക്കാള്‍ ഇരുപത് വയസ്സ് കൂടുതലുള്ള അംബേദ്കറിനെ ലോഹ്യക്ക് ബഹുമാനമായിരുന്നു. ഉള്ളാലെ അദ്ദേഹത്തെ ലോഹ്യ സ്‌നേഹിച്ചു. പക്ഷേ, അവര്‍ തമ്മില്‍ ജീവിതകാലത്ത് ഒരു ക്രിയാത്മക സംവാദം നടന്നില്ല; പ്രത്യേകിച്ചും രൂക്ഷമായ ജാതിപ്രശ്‌നത്തെ ചൊല്ലി. അംബേദ്കറുടെ മരണശേഷം ലോഹ്യ ഇങ്ങനെ കുറിച്ചു: ”ഇന്ത്യയിലെ ഹരിജനങ്ങളുമായി ഞാന്‍ എപ്പോഴും സംവദിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ ആശയം എന്റെ അടിത്തറയാണ്. അദ്ദേഹത്തിന് (അംബേദ്കറിന്) ആര്‍ജ്ജവവും ധൈര്യവും സ്വാതന്ത്ര്യബോധവും ഉണ്ട്. അദ്ദേഹം അ-ദലിതരുടെ കൂടി നേതാവാകാന്‍ വിസമ്മതിച്ചു. എനിക്ക് അയ്യായിരം വര്‍ഷത്തെ യാതന മനസ്സിലാക്കാനാവും. അത് ഹരിജനങ്ങളുടെ മേലുണ്ടാക്കുന്ന ആഘാതവും. അതാണ് കൃത്യമായ വിഷയം. അത്തരത്തില്‍ മഹാനായ അംബേദ്കറെ ഞാന്‍ പ്രതീക്ഷിച്ചു, എല്ലാ സങ്കുചിതങ്ങള്‍ക്കും മേല്‍ ഉയര്‍ന്ന് നില്‍ക്കുന്ന, എന്നാല്‍ മരണം അദ്ദേഹത്തെ നമ്മില്‍ നിന്നും വേര്‍പെടുത്തി. എനിക്ക് വ്യക്തിപരമായി അംബേദ്കറെ അറിയില്ല. എന്നാല്‍ അത്തരം വ്യക്തികള്‍ക്ക് വിഭാഗീയതകള്‍ക്കപ്പുറത്തേക്ക് ഉയരാന്‍ കഴിയാത്തത് വേദനാജനകമാണ്. (ലോഹ്യ 1964-19-36, 7)

ഹിന്ദു സമുദായത്തില്‍ നിന്ന് ദളിതുകളെ വേര്‍പെടുത്തി അവര്‍ക്കൊരു വേറിട്ട സ്വത്വം ഉണ്ടാക്കുന്നതായിരുന്നു അംബേദ്കറുടെ പ്രവര്‍ത്തനരീതി. ലോഹ്യയുടേത് സമഗ്രമായിരുന്നു. സ്ത്രീ സമത്വത്തിലും ഈ വ്യത്യസ്ത സമീപനങ്ങള്‍ ഇരുവരിലും കാണാം. (ഹിന്ദുകോഡ് ബില്‍)

യന്ത്രത്തെപ്പറ്റിയുള്ള കാഴ്ചപ്പാടില്‍ ലോഹ്യയുടെ സമീപനം ഗാന്ധിയോട് മാര്‍ക്‌സിനേക്കാള്‍ കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്, ലോഹ്യയും ഗാന്ധിയും മാര്‍ക്‌സും അന്യവല്‍ക്കരണത്തെ സമീപിച്ച രീതികളിലാണ്. യന്ത്രങ്ങളില്‍ രാപ്പകല്‍ പണിയെടുക്കേണ്ടി വരുന്ന തൊഴിലാളിയുടെ അന്യവല്‍ക്കരണത്തെപ്പറ്റിയും തൊഴിലാളിയുടെ ദൈന്യതയെപ്പറ്റിയും മാര്‍ക്‌സോളം യഥാതഥമായി ചിത്രീകരിച്ചവര്‍ ചരിത്രലില്ല. എന്നാല്‍ യന്ത്രത്തിന്റെ ഉടമസ്ഥതാവകാശം തൊഴിലാളിയിലേക്ക് മാറ്റിയാല്‍ ഒരു തൊഴിലാളി സര്‍വ്വാധിപത്യം ഉണ്ടായാല്‍, അത് മറികടക്കാനാകുമെന്ന് മാര്‍ക്‌സ് ഊന്നുകയുണ്ടായി. മാര്‍ക്‌സിന്റേത് ഒരു ദ്വിമാന സന്ധിയാണ്. ഗാന്ധിയും ലോഹ്യയും യന്ത്രം മനുഷ്യനെ കീഴടക്കുന്നതിനു പകരം മനുഷ്യന്റെ സര്‍ഗ്ഗാത്മകതയ്ക്ക് കീഴിലായിരിക്കണം യന്ത്രം എന്ന് ഉറപ്പിച്ച് പറഞ്ഞു. വന്‍കിട യന്ത്രങ്ങള്‍ എന്തുകൊണ്ട് എങ്ങിനെ മനുഷ്യനെ അടിമയാക്കുന്നു എന്ന് വിശദീകരിക്കുന്നിടത്ത് മനുഷ്യനെ മാത്രമല്ല അവര്‍ ദര്‍ശിക്കുന്നത്. മനുഷ്യനെന്ന ജീവി അധിവസിക്കുന്ന സ്ഥലത്തെയും കടന്നുപോകുന്ന കാലത്തേയും ദര്‍ശിക്കുന്നുണ്ട്. സ്ഥല കാലങ്ങളെപ്പറ്റിയുള്ള ബോധം കൂടിയാണ് ചെറുകിട യന്ത്രത്തോടുള്ള ലോഹ്യയുടേയും ഗാന്ധിയുടേയും താല്‍പര്യത്തിനു കാരണം. ചെറുകിട യന്ത്രത്തില്‍ സ്വതന്ത്രനായി പണിയെടുക്കുന്ന മനുഷ്യന് ആവശ്യമായ വിശ്രമവും സ്വപ്‌നം കാണാനുള്ള സമയവും കണ്ടെത്താനാവും. ഭാവനയുള്ള മനുഷ്യനേ സ്ഥലകാലങ്ങളുടെ ത്രിമാനങ്ങളെ അന്വേഷിക്കുന്നതിന്റെ ആത്മീയാനുഭവം അറിയാനാവൂ.

ലോഹ്യ; ”(ശ്രീ) ശങ്കരന്‍ (മത ഭ്രാന്തോളമെത്തുന്ന) ഉന്മത്തമായ, അതിതീവ്രമായ അദ്വൈതസിദ്ധാന്തം മുന്നോട്ട് വെച്ചു. അദ്ദേഹത്തില്‍, സത്യത്തിന് അനേകം മുഖങ്ങളുണ്ടായിരുന്നില്ല. അതൊരു ഏക തത്ത്വമായിരുന്നു.” ലോകത്തിന്റെ അനേകയാഥാര്‍ത്ഥ്യങ്ങളുമായി പുലബന്ധമില്ലാത്ത, മനസ്സിനുള്ളില്‍ മാത്രം ഒതുങ്ങുന്ന ഒന്ന്. അതു ശരിയായ അറിവ് നേടുന്നതിന് തടസ്സമായിരുന്നു. അതിനെ നേരിടാന്‍ രണ്ട് വഴികളെ ഉള്ളൂ. അതുമായി പോരടിക്കുക, തന്റെ ഉള്ളിലുള്ള അനുഭവ സത്യത്തെ രൂപപ്പെടുത്തുക. മറ്റൊന്ന്, അതുമായി പൊരുത്തപ്പെട്ട് ജീവിക്കുക. ഈ ദ്വന്ദ്വങ്ങളില്‍ കുടുങ്ങി നട്ടം തിരിയുന്നവര്‍ ഇന്ത്യക്ക് പുറത്തൊരിടത്തും കാണില്ല; ഇന്ത്യയിലല്ലാതെ. ഇങ്ങനെയുള്ള ദ്വന്ദ്വങ്ങളില്‍ കുരുങ്ങിയ മനസ്സുകള്‍ക്ക് മൂര്‍ത്തമായ സത്യവും വാദവും മനസ്സിലാക്കാനാവില്ല. ജീര്‍ണ്ണതയിലും ചെളിയിലും ദുരിതത്തിലും കിടന്ന് മാഴ്കുകയേ വഴിയുള്ളൂ. എല്ലാറ്റിനോടും നിസ്സംഗത, ഒന്നിനും കൊള്ളാതെ ജീവച്ഛവമായി നിലനില്‍ക്കുന്ന അവസ്ഥ. ലോകത്തിന്റെ സഹതാപം പിടിച്ചു വാങ്ങാനേ ഇത് ഉപകരിക്കൂ. ഇവര്‍ക്ക് സമത്വവും സഹജീവിയോടുള്ള അനുഭാവവും വിശുദ്ധ തത്ത്വത്തിലൊളിപ്പിച്ച സമചിത്തതയാണ്. സമത്വത്തില്‍ നിന്ന് ഇത്തരം സമചിത്ത മനസ്സിലേക്കുള്ള മാറ്റം ഒരു വ്യക്തിയുടെ (ഭാരതീയന്റെ) ഉയര്‍ച്ചയാണ് എന്ന് ഇവര്‍ വാചാലരാകുന്നു. വാസ്തവത്തില്‍, ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഇത്തരം ശങ്കരന്മാരുടെ അനന്തരവന്മാരാണ്. ജനങ്ങളെ മതത്തിന്റെ പേരില്‍, മതദേശീയതയുടെ പേരില്‍, മിഥ്യയായ ശാസ്ത്രങ്ങളും മിത്തുകളും പ്രചരിപ്പിച്ച് വഞ്ചിക്കുകയാണ്.

ജാതിയുടെ ക്രൂരതകളും അപരന്‍ ശത്രുവാണെന്ന പ്രചരണവും പുതിയ ശങ്കരന്മാര്‍ പ്രൊപ്പഗന്‍ഡയിലൂടെ ഒളിപ്പിക്കുകയാണ്. എന്ത് മനുഷ്യാവകാശലംഘനങ്ങളും സ്ത്രീകളോടും മുസ്ലീംങ്ങളോടും ദളിതരോടും ആദിവാസികളോടും സ്വതന്ത്രമായി ചിന്തിക്കുന്നവരോടുമുള്ള ക്രൂരതകളും മതദേശിയതയുടെ ചെലവില്‍ വിറ്റഴിച്ച് അധികാരത്തില്‍ പിടിച്ച് നില്‍ക്കാന്‍ ഇവര്‍ക്ക് അപാരമായ കഴിവുണ്ട്. ഇത്തരം ശങ്കരന്മാരെ തിരിച്ചറിയുന്നുവെന്നതാണ് ലോഹ്യയുടെ ഇന്നത്തെ പ്രസക്തി. അതിന്ന് ലോഹ്യയെ സാധ്യമാക്കുന്നത് ത്രിമാനങ്ങളിലൂടെയും ബഹുമാനങ്ങളിലൂടെയുമുള്ള തന്റെ സഞ്ചാരമാണ്.

ലോഹ്യയുടെ അനേകമാന സഞ്ചാരങ്ങളിലൂടെ അനുയാത്ര ചെയ്യുമ്പോള്‍ നമുക്ക് ഗാന്ധിയെയും മാര്‍ക്‌സിനെയും അംബേദ്കറിനെയും നമ്മുടെ കാലത്തെ ഭരണവര്‍ഗ്ഗത്തെയും അവരുടെ അടിമകളായി സ്വയം കീഴടങ്ങുന്ന ഇന്ത്യക്കാരേയും, സര്‍വ്വോപരി നമ്മെത്തന്നെയും തിരിച്ചറിയാന്‍ കഴിയുന്നു.

(കടപ്പാട് – അന്തര്‍ധാര)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply