‘I am the people’ – ജനപ്രീണന രാഷ്ട്രീയത്തിന്റെ ജനിതകം

പാശ്ചാത്യനാഗരികതയില്‍നിന്നാണ് ആധുനിക ലിബറല്‍ ജനാധിപത്യം ഉയര്‍ന്നുവന്നതെന്ന കാഴ്ചപ്പാട് ഏതാണ്ട് ഒരു മുന്‍വിധിപോലെ ശക്തിപ്പെട്ടിട്ടുണ്ട്. ബഹുസംസ്‌ക്കാരങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യപോലുള്ള സമൂഹത്തില്‍ വളര്‍ന്നുവന്ന ജനാധിപത്യരൂപങ്ങളെ ശ്രദ്ധയോടെ പഠിക്കുന്നതില്‍നിന്ന് അത് ഈ മേഖലയിലെ പണ്ഡിതരെ തടഞ്ഞിട്ടുമുണ്ട്.

റൂത്ത് ബനഡിക്റ്റിന്റെ സ്മരണാര്‍ത്ഥം 2018ല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സ്മാരക പ്രഭാഷണങ്ങളുടെ സമാഹാരമാണ് പാര്‍ത്ഥാ ചാറ്റര്‍ജിയുടെ ‘I am the people’ എന്ന പുസ്തകം. ഇരുപതാം നൂറ്റാണ്ടിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകമെമ്പാടും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജനായത്തഭരണത്തിന്റെ പ്രതിസന്ധികളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്ന പ്രഭാഷണങ്ങളാണിവ. യൂറോപ്പിലും അമേരിക്കയിലും രണ്ടാം ലോകയുദ്ധത്തിനുശേഷം ഏറെക്കുറേ ജനാധിപത്യത്തിന്റെ വെന്നിക്കൊടി പാറിച്ച രാജ്യങ്ങളിലെല്ലാം വലിയ തോതിലുള്ള അസ്വസ്ഥത പടര്‍ന്നു പിടിക്കുകയാണ്. ചെറുപ്പക്കാരുടേയും തൊഴിലാളികളുകളുടേയും നേതൃത്വത്തില്‍ വലിയ സമരങ്ങള്‍ നടക്കുന്നു. ക്ഷേമപ്രവര്‍ത്തനങ്ങളില്‍നിന്ന് ജനകീയ ഗവര്‍മ്മേണ്ടുകള്‍ പുറകോട്ട് പോകുന്നു. വംശീയവാദങ്ങളും അമിതാധികാരപ്രവണതകളും സാമൂഹ്യജീവിതത്തില്‍ പ്രകടമായ സാന്നിദ്ധ്യമുറപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ലിബറല്‍ മാനവികതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയ ജനാധിപത്യമെന്ന വ്യവസ്ഥയുടെ ഭാവി എന്താകുമെന്ന ആലോചനയാണ് ഈ പുസ്തകത്തില്‍ നിര്‍വ്വഹിക്കപ്പെടുന്നത്.

പാശ്ചാത്യനാഗരികതയില്‍നിന്നാണ് ആധുനിക ലിബറല്‍ ജനാധിപത്യം ഉയര്‍ന്നുവന്നതെന്ന കാഴ്ചപ്പാട് ഏതാണ്ട് ഒരു മുന്‍വിധിപോലെ ശക്തിപ്പെട്ടിട്ടുണ്ട്. ബഹുസംസ്‌ക്കാരങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യപോലുള്ള സമൂഹത്തില്‍ വളര്‍ന്നുവന്ന ജനാധിപത്യരൂപങ്ങളെ ശ്രദ്ധയോടെ പഠിക്കുന്നതില്‍നിന്ന് അത് ഈ മേഖലയിലെ പണ്ഡിതരെ തടഞ്ഞിട്ടുമുണ്ട്. തങ്ങളുടെ ദേശത്ത് ലിബറല്‍ ജനാധിപത്യത്തിനുവേണ്ടി വാദിച്ച കൊളോണിയല്‍ ശക്തികള്‍ തങ്ങളുടെ കോളനികളില്‍ ഏകാധിപത്യമാണ് സ്ഥാപിച്ചെടുക്കാന്‍ ശ്രമിച്ചത്. ഇത് വാസ്തവത്തില്‍ ഒരു വൈരുദ്ധ്യമായിത്തോന്നാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാശ്ചാത്യ ലിബറലിസത്തിന്റെ മൗലിക സ്വഭാവമാണിത്. പാശ്ചാത്യ ലിബറലിസം മുതലാളിത്തത്തിന്റെ സന്തതിയാണ്. ഇക്കാര്യം വിസ്മരിച്ച് യൂറോപ്യന്‍ ലിബറലിസത്തെ ആദര്‍ശാത്മകമായി കാണാന്‍ കഴിയില്ല. കഴിഞ്ഞ നൂറ്റാണ്ട് ജനാധിപത്യത്തിന്റെ നിരവധി മാതൃകകള്‍ക്ക് സാക്ഷ്യം വഹിച്ച ഒരു ചരിത്രഘട്ടമായിരുന്നു. കൊളോണിയലിസം അവസാനിച്ചു. കോളണിരാജ്യങ്ങളില്‍ അതത് ദേശീയപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ അവരവരുടേതായ ജനാധിപത്യക്രമങ്ങള്‍ രൂപം കൊണ്ടു. എന്നാല്‍ പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തില്‍നിന്ന് വ്യത്യസ്തമായി കോളനി രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന ജനാധിപത്യ രൂപങ്ങളില്‍ ജനപ്രീണന രാഷ്ട്രീയം തുടക്കം മുതല്‍ തന്നെ കണ്ടുവന്നിരുന്നു. ഇതിനിടയില്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ നവലിബറല്‍ നയങ്ങളിലേക്ക് നീങ്ങി. അത് അവിടെയുള്ള ജനാധിപത്യസംവിധാനങ്ങള്‍ക്ക് തിരിച്ചടിയായി. ദേശീയമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ വികസിച്ചുവന്ന പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കും ഈ ഘട്ടത്തില്‍ ജനപ്രീണന രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടി വന്നു. ചുരുക്കത്തില്‍ ജനാധിപത്യത്തിന്റെ പലതരം വേഷപ്പകര്‍ച്ചകളുടെ നൂറ്റാണ്ടാണ് കടന്നുപോയത്. അതിന്റെ ശേഷിച്ച രൂപങ്ങളുമായുള്ള പരീക്ഷണത്തിലാണ് നാമിപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

പാശ്ചാത്യമുതലാളിത്തവും അതിന്റെ സഖ്യശക്തികളും ലിബറലിസം വികസിപ്പിച്ചെടുത്ത ഉദ്ഗ്രഥിതമായ രാഷ്ട്രരൂപത്തിലൂടെ പൗരസമൂഹത്തിലെ സ്ഥാപനങ്ങളെ സ്വാധീനിക്കുകയും ജനങ്ങളുടെ സമ്മതി നിര്‍മ്മിച്ചെടുക്കുകയും ചെയ്തു. ജൈവാധികാര തന്ത്രങ്ങളിലൂടെയാണ് ഭരണകൂടം ഈ സമ്മതി രൂപപ്പെടുത്തിയത്. എന്നാല്‍ നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാനാരംഭിച്ചതോടെ ഭരണകൂടങ്ങളുടെ ഉദ്ഗ്രഥിത സ്വഭാവം നഷ്ടപ്പെട്ടിട്ടുണ്ട്. മുമ്പ് ലിബറല്‍ ജനാധിപത്യം നിലനിന്ന പല രാഷ്ട്രങ്ങളിലും ഗോത്രപരതയും (തങ്ങള്‍ക്ക് പുറത്തുള്ളവര്‍ ശത്രുക്കളാണെന്ന് കരുതുന്ന സമീപനം) സ്വജനപക്ഷപാതവും, ചങ്ങാത്തശക്തികളുടെ ആധിപത്യവും അപരവിദ്വേഷവും ജനപ്രീണനവും ബലപ്പെട്ടു. ഇതൊക്കെ അവികസിത രാഷ്ട്രങ്ങളുടെ സവിശേഷതയായാണ് പാശ്ചാത്യ നാഗരികത ഒരു കാലത്ത് കണക്കാക്കിയിരുന്നത്. ആ സന്ദര്‍ഭത്തിലാണ് ഒരു കാലത്ത് കൊളോണിയല്‍ ശക്തികളുടെ ആധിപത്യത്തില്‍ കഴിഞ്ഞിരുന്ന രാഷ്ട്രങ്ങള്‍ വികസിപ്പിച്ചെടുത്ത ജനാധിപത്യമാതൃകകള്‍ പ്രസക്തമാകുന്നതെന്ന് പാര്‍ത്ഥാ ചാറ്റര്‍ജി പറയുന്നു. മൂന്നാംലോക രാജ്യങ്ങള്‍ അതികഠിനമായ പോരാട്ടങ്ങളിലൂടെയാണ് സ്വാതന്ത്ര്യം നേടിയത്. അതിനവരെ സഹായിച്ചത് രാഷ്ട്രചേതനയെ സംബന്ധിച്ച സങ്കല്‍പ്പങ്ങളാണ്. രാഷ്ട്രത്തിലെ ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്ന സദാചാരപരമായ ചില മൂല്യങ്ങളുണ്ടെന്ന് അതത് രാജ്യങ്ങളിലെ ദേശീയപ്രസ്ഥാനങ്ങള്‍ അവരുടെ ജനങ്ങളെ പഠിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവിടെയെല്ലാം ക്ഷേമരാഷ്ട്രങ്ങള്‍ ഉയര്‍ന്നുവന്നത്. പാശ്ചാത്യരാജ്യങ്ങളില്‍ മുതലാളിത്തം ഭരണകൂടാധികാരമുപയോഗിച്ച് ജനങ്ങളുടെ സമ്മതി നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിച്ചു. ഗവണ്‍മെന്റുകള്‍ സൃഷ്ടിക്കുന്ന നയങ്ങള്‍ ജനഹിതത്തെ പ്രതിഫലിപ്പിക്കുന്നു എന്നാണ് ലിബറല്‍ ജനാധിപത്യം അവകാശപ്പെട്ടത്. വാസ്തവത്തില്‍ അതിലൂടെ സമ്മതി നിര്‍മ്മാണം നടത്തുകയാണ് ഭരണകൂടം ചെയ്തത്. മിക്കവാറും സമൂഹത്തിലെ ചില ഗണങ്ങളുടെ താല്‍പ്പര്യങ്ങളെ രാഷ്ട്രതാല്‍പ്പര്യങ്ങളായി അവതരിപ്പിക്കുകയാണ് ലിബറല്‍ ഭരണകൂടങ്ങള്‍ യൂറോപ്പില്‍ ചെയ്തത്. എന്നാല്‍ കോളണിയനന്തര ജനാധിപത്യരാഷ്ട്രങ്ങള്‍ കുറേക്കൂടി ഉള്‍ച്ചേര്‍ക്കല്‍ ശേഷിയുള്ളവയായിരുന്നുവെന്ന് പാര്‍ത്ഥാ ചാറ്റര്‍ജി നിരീക്ഷിക്കുന്നു. ഇതിനെ ജനപ്രീണന രാഷ്ട്രീയമെന്നാണ് പാശ്ചാത്യ ജനാധിപത്യ വിശ്വാസികള്‍ വിശേഷിപ്പിച്ചത്. എന്നാല്‍ ബഹു സംസ്‌കാരങ്ങളും വൈജാത്യമാര്‍ന്നഗണങ്ങളും അധിവസിക്കുന്ന ഒരു രാജ്യത്ത് ജനപ്രീണനം എന്നത് പ്രതിലോമകരമായ ഒന്നല്ല എന്ന് പാര്‍ത്ഥാ ചാറ്റര്‍ജി പറയുന്നു. ഇന്ത്യയെയാണ് അദ്ദേഹം ഉദാഹരണമായെടുക്കുന്നത്. മൂന്നാമത്തെ പ്രഭാഷണം പൂര്‍ണ്ണമായും ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഊന്നിയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ ഉള്‍ച്ചേര്‍ക്കല്‍ സ്വഭാവവും ജനപ്രീണനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പാര്‍ത്ഥാ വിശദമായി പ്രതിപാദിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടേയും മുന്നണികളുടേയും ഈ ജനപ്രീണന രാഷ്ട്രീയം പല വിഭാഗങ്ങളേയും ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാക്കാന്‍ സഹായിച്ചു. അതേസമയം പ്രത്യയശാസ്ത്ര ദൃഢതയോടെ പാര്‍ട്ടികളില്‍ ഉറച്ചു നില്‍ക്കാത്ത പൗരരാണ് ഇന്ത്യന്‍ സമൂഹത്തില്‍ ഏറെയും. അവരെ വാഗ്ദാനങ്ങളില്‍ മയക്കി തങ്ങളുടെ വോട്ട് ബാങ്ക് ഭദ്രമാക്കാനും പാര്‍ട്ടികള്‍ക്ക് ഈ പ്രീണന രാഷ്ട്രീയത്തിലൂടെ സാധിച്ചു. യൂറോപ്പില്‍ ഭരണകൂടത്തിന്റെ പരിമിതിയില്‍ നിന്നാണ് ജനപ്രീണനം ആരംഭിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ അത് ഭരണകൂടത്തിന്റെ ഒരു സാധ്യതയായാണ് രൂപപ്പെട്ടു വരുന്നത്. എന്നാല്‍ ജനപ്രീണനം പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തിന് കാരണമാകുന്നതോടെ അത് ലിബറല്‍ ജനാധിപത്യത്തെ അസാധ്യമാക്കും.

ജനപ്രീണനത്തെ പൂര്‍ണ്ണമായും ഒരു പ്രതിലോമ ഗുണമായി പാര്‍ത്ഥാ ചാറ്റര്‍ജി കാണുന്നില്ല. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഒരു പരിധിവരെ ജനങ്ങളെ ജനാധിപത്യത്തിലേക്ക് ഉള്‍ ചേര്‍ക്കുന്നതില്‍ അത് സഹായകരമായി തീരുന്നുണ്ട്. പലപ്പോഴും സാമാന്യ ജനങ്ങള്‍ക്ക് ജനാധിപത്യ പ്രക്രിയയില്‍ ഇടപെടാനുള്ള അവസരം ഉണ്ടാക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍വഹിക്കുന്ന പ്രീണനത്തിന്റെ ഭാഗമായിട്ടാണ്. ജനപ്രീണനം എല്ലായ്‌പ്പോഴും നമ്മള്‍/ അവര്‍ എന്ന ഒരു ദ്വന്ദ്വ കല്‍പ്പന നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഒരു വിഭജനം അത്ര എളുപ്പമല്ല. കാരണം വലിയ തോതിലുള്ള വൈവിധ്യമാണ് ജനസമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് ഒരേസമയം നിരവധി ഗണങ്ങളെ പ്രീതിപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഗവണ്‍മെന്റും ബാധ്യസ്ഥരായിത്തീരുന്നു. ഇതുവരെയുണ്ടായിരുന്ന ഇന്ത്യന്‍ അവസ്ഥയില്‍ പല ഗണങ്ങളെയും ഒരുമിച്ച് പരിഗണിച്ചു കൊണ്ടുള്ള വാഗ്ദാനങ്ങളും നടപടികളുമാണ് പാര്‍ട്ടികളുടെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ബിജെപി അധികാരത്തില്‍ വന്നതോടുകൂടി ഹിന്ദു എന്നൊരു മഹാഗണത്തെ പ്രീണിപ്പിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചത്. അതോടെ രാഷ്ട്രത്തിനകത്ത് തന്നെ ചില ശത്രുക്കള്‍ രൂപപ്പെട്ടുവന്നു. ഇത് പലരെയും ജനാധിപത്യ പ്രക്രിയയില്‍ നിന്ന് പുറന്തള്ളി.

നവലിബറല്‍ നയങ്ങള്‍ പാശ്ചാത്യ ഭരണകൂടത്തിന്റെ പ്രകൃതത്തെത്തന്നെ മാറ്റി തീര്‍ത്തിട്ടുണ്ട്. അതിനുമുമ്പുണ്ടായിരുന്ന സ്വതന്ത്രവും ഭരണഘടനാനുസൃതവുമായിരുന്ന ഭരണകൂടം ഭരണകൂടത്തെയും പൗര സമൂഹത്തെയും സ്വതന്ത്ര ഘടകങ്ങളായാണ് കണ്ടത്. എന്നാല്‍ നവലിബറല്‍ നയങ്ങളുടെ കാലത്ത് ഭരണകൂടത്തെയും പൗരസമൂഹത്തെയും അധീശത്വത്തിലൂടെ നിയന്ത്രിക്കാന്‍ കഴിയുന്ന ചില വര്‍ഗ്ഗങ്ങള്‍ ഉയര്‍ന്നുവന്നു. അതോടെ ഭരണകൂടവും പൗരസമൂഹവും പരസ്പരം വ്യാപിക്കുന്ന നിരവധി മേഖലകള്‍ ഉണ്ടായി വരികയും ചെയ്തു. ഗവണ്‍മെന്റാലിറ്റിയുടെ സങ്കേതങ്ങള്‍ പ്രധാനമായും ശിക്ഷണാധികാരവും ജൈവാധികാരവും ഉപയോഗിച്ച് വ്യക്തികളെയും ജനതതികളെയും നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അതോടെ തൊഴില്‍, ആരോഗ്യം, ഭവനം, വിദ്യാഭ്യാസം എന്നിങ്ങനെ ക്ഷേമ രാഷ്ട്രം തങ്ങളുടെ ഉത്തരവാദിത്വമായി കണ്ടിരുന്ന എല്ലാ കാര്യങ്ങളും മാര്‍ക്കറ്റിന്റെ നിയന്ത്രണത്തിലായി. ഇതോടെ മൂലധനം കൈകാര്യം ചെയ്യുന്ന വിഭാഗങ്ങള്‍മാത്രം സമൂഹത്തില്‍ സക്രിയരാവുകയും മറ്റു വര്‍ഗ്ഗങ്ങളെല്ലാം ഉദ്ഗതി നഷ്ടപ്പെട്ടവരും ശിഥിലമാക്കപ്പെട്ടവരുമായി മാറുകയും ചെയ്തു.

പശ്ചാത്യദേശത്തെ ക്ഷേമരാഷ്ട്രങ്ങളുടെ ഉദയവും കോളനിരാജ്യങ്ങളിലെ ക്ഷേമ രാഷ്ട്രങ്ങളുടെ രൂപീകരണവും വ്യത്യസ്തമായ പാതകളാണ് പിന്തുടര്‍ന്നതെന്ന് പാര്‍ത്ഥാ ചാറ്റര്‍ജി പറയുന്നു. പാശ്ചാത്യദേശത്ത് വ്യാപാര സമൂഹത്തിന്റെ ഉദയത്തെത്തുടര്‍ന്ന് പൗരസമൂഹം വികസിച്ചു വരികയും അതിനു പിന്നാലെ ഉദ്യോഗസ്ഥവൃന്ദം, വ്യവസായവല്‍ക്കരണം , സാര്‍വ്വലൗകിക വോട്ടവകാശം , ക്ഷേമരാഷ്ട്രം എന്നിവ വികസിച്ചു വരികയും ചെയ്തു. എന്നാല്‍ കോളനിയനന്തര ദേശങ്ങളില്‍ ഈ ക്രമത്തിലല്ല ഭരണകൂടം രൂപപ്പെട്ടു വരുന്നത്. അവിടങ്ങളില്‍ കോളനിഭരണത്തിലൂടെ രൂപപ്പെട്ട ഉദേ്യാഗസ്ഥവ്യവസ്ഥയും സാര്‍വ്വലൗകിക വോട്ടവകാശവും രൂപപ്പെട്ടതിനുശേഷം ആണ് പൗരസമൂഹവും വ്യവസായവല്‍ക്കരണവും സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ പാശ്ചാത്യദേശത്തെ ജനാധിപത്യ ഭരണക്രമങ്ങളുടെ പാഠഭേദം എന്ന നിലയ്ക്കല്ല കോളനിയനന്തര ഭരണകൂടങ്ങള്‍ ഉയര്‍ന്നുവന്നത്.

കോളനിയനന്തര രാജ്യങ്ങളിലെ ജനങ്ങളുടെ പൗരത്വം എന്നത് നൂറ്റാണ്ടുകളായി അവിടെ നിലനിന്ന പൗരസമൂഹഗണങ്ങളെ രാഷ്ട്രസംവിധാനത്തിലേക്ക് ഉള്‍ച്ചേര്‍ക്കുകവഴി അവര്‍ക്ക് ലഭിക്കുന്ന സുരക്ഷിതത്വം മാത്രമാണ്. പക്ഷേ ഇത്തരം ഗണങ്ങള്‍ രാഷ്ട്രപൂര്‍വ്വ സമൂഹങ്ങളില്‍ ഒരുപോലെയല്ല പരിഗണിക്കപ്പെട്ടിരുന്നത്. ആയതിനാല്‍ വിവേചനം നേരിട്ട സാമൂഹ്യ ഗണങ്ങളെ പൗരര്‍ എന്ന നിലയില്‍ രാഷ്ട്രത്തിലേക്ക് ഉള്‍ച്ചേര്‍ക്കുമ്പോള്‍ അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന ആവശ്യം ഇന്ത്യ പോലുള്ള സമൂഹങ്ങളില്‍ തുടക്കം മുതല്‍ക്ക് തന്നെ ഉയര്‍ന്നുവന്നിരുന്നു. അയിത്ത ജാതിക്കാര്‍ക്ക് വേണ്ടി അംബേദ്കര്‍ നിര്‍വഹിച്ച വിലപേശലാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. സമൂഹത്തിലെ അവശജനവിഭാഗങ്ങള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ നാം പൊതുനിയമത്തെ ലംഘിക്കുകയാണ് ചെയ്യുന്നത്. ജനപ്രീണനത്തിന്റെ ക്രിയാത്മകമുഖമാണ് ഇവിടെ കാണാന്‍ കഴിയുക.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കല്യാണ്‍ സന്യാല്‍ എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ കോളനിയനന്തരസമൂഹങ്ങളിലെ മുതലാളിത്ത വികസനത്തെക്കുറിച്ച് നടത്തുന്ന ശ്രദ്ധേയമായ നിരീക്ഷണം പാര്‍ത്ഥാ ചാറ്റര്‍ജി ഉദ്ധരിക്കുന്നുണ്ട്. മുതലാളിത്തം അതിനു മുമ്പുണ്ടായിരുന്ന സാമൂഹ്യരൂപങ്ങളെ മുതലാളിത്തത്തിനനുരൂപമാക്കി മാറ്റാന്‍ ശ്രമിക്കുമെന്ന് മാര്‍ക്‌സ് സങ്കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ പോസ്റ്റ് കൊളോണിയല്‍ സമൂഹങ്ങളിലെ മുതലാളിത്തം മുതലാളിത്ത പൂര്‍വ്വ രൂപങ്ങളെ അതേവിധം നിലനിര്‍ത്താനും അധ്വാന ചൂഷണത്തിന് ഉപയോഗിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. മുതലാളിത്തപൂര്‍വ്വസമൂഹങ്ങളിലെ സഞ്ചിത സമ്പത്ത് ഭൂമിയായിരുന്നു. ആ ഭൂമി മുതലാളിത്തം തട്ടിയെടുക്കുകയും അതിലെ മനുഷ്യരെ അതേ അവസ്ഥയില്‍ നിലനിര്‍ത്തുകയുമാണ് ചെയ്തത്. മുതലാളിത്ത ഉല്‍പാദനത്തില്‍ പങ്കില്ലാത്തവരും തങ്ങളുടെ ആവാസവ്യവസ്ഥയില്‍നിന്ന് ആട്ടിയകറ്റപ്പെട്ടവരുമായ മനുഷ്യരാണ് കോളനി അനന്തര സമൂഹങ്ങളിലെ മുതലാളിത്തത്തിന്റെ പ്രധാന ഉല്‍പ്പന്നം. ഇവരെ കൈയൊഴിഞ്ഞുകൊണ്ട് മുതലാളിത്തത്തിന് അതിജീവിക്കാനാവും. എന്നാല്‍ മുതലാളിത്തത്തെ പിന്തുണയ്ക്കുന്ന ലിബറല്‍ ഭരണകൂടത്തിന് മേല്‍പ്പറഞ്ഞ ജനതയെ പ്രീണിപ്പിക്കാതെ നിലനില്‍ക്കാനാവില്ല. ആയതിനാല്‍ പ്രസ്തുത ജനതയെ ഉള്‍ച്ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്‌റുവിന്റെ കാലത്ത് രാഷ്ട്ര നിര്‍മ്മാണം എന്ന് അജണ്ട ആരംഭിച്ചത്. ക്ഷേമരാഷ്ട്രത്തിന്റെ ഗുണഭോക്താക്കളാക്കി മുതലാളിത്ത പൂര്‍വ്വ സമൂഹങ്ങളിലെ ഉത്പാദകരെയും മുതലാളിത്ത സമൂഹത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടവരേയും മാറ്റിത്തീര്‍ക്കാനുള്ള ശ്രമമാണ് രാഷ്ട്ര നിര്‍മാണത്തില്‍ നടന്നത്. മേല്‍പ്പറഞ്ഞ പൗരരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് അവരെ ഉള്‍ച്ചേര്‍ക്കാനാണ് ഇന്ത്യയിലെ ആദ്യകാല ഭരണകൂടങ്ങള്‍ ശ്രമിച്ചത്. ഒരര്‍ത്ഥത്തില്‍ അത് ജനപ്രീണനം തന്നെയാണ്. അതേസമയം മുതലാളിത്ത വളര്‍ച്ചയുടെ ഘട്ടത്തില്‍ നിഷ്‌കാസിതരാക്കപ്പെട്ട ജനതയെ തൊഴിലാളികള്‍ എന്ന ഒറ്റഗണത്തില്‍ ഉള്‍പ്പെടുത്തി അഭിസംബോധന ചെയ്യാനാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിച്ചത്. വാസ്തവത്തില്‍ ഇവരിലേറെയും അടിസ്ഥാന ഉത്പാദന മേഖലയില്‍ നിന്ന് പറിച്ചെറിയപ്പെട്ടവരും തൊഴിലാളികള്‍ എന്ന സംവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തവരുമായിരുന്നു. അതേസമയം മുതലാളിത്ത പൂര്‍വ്വസമൂഹങ്ങളിലെ ജാതിലിംഗ ചൂഷണങ്ങള്‍ക്ക് അവര്‍ അപ്പോഴും വിധേയരാവുകയും ചെയ്തു. രാഷ്ട്ര നിര്‍മ്മാണം എന്ന ആദ്യകാല അജണ്ടയില്‍ നിന്ന് ലിബറല്‍ കക്ഷികള്‍ തന്നെ പില്‍ക്കാലത്ത് പിന്നോട്ട് പോയി. പകരം ഉയര്‍ന്നു വന്ന ഹിന്ദുത്വ രാഷ്ട്രീയം മുതലാളിത്ത വികസനത്തിന്റെ ഭാഗമായി പുറന്തള്ളപ്പെട്ട ജനതകളില്‍ ഭൂരിപക്ഷത്തെ ഹിന്ദു എന്ന് അഭിസംബോധന ചെയ്യുകയും ജനപ്രീണനത്തിന്റെ ഒരു പുതിയ ഘട്ടത്തിന് തുടക്കമിടുകയും ചെയ്തു. അതോടെ മുതലാളിത്ത യുക്തിക്ക് പുറത്തു നിലനിന്നിരുന്ന ക്ഷേമ രാഷ്ട്രം എന്ന ആശയം ഏറെക്കുറെ അസ്തമിച്ചു. പുറന്തള്ളപ്പെട്ടവരും വ്യത്യസ്ത താല്പര്യങ്ങളുള്ളവരുമായ വിവിധഗണങ്ങള്‍ക്ക് തുല്യമായ പ്രാതിനിധ്യം ലഭിച്ചിരുന്ന ഒന്നാണ് ക്ഷേമരാഷ്ട്രം. എന്നാല്‍ ഹിന്ദു രാഷ്ട്രത്തില്‍ വിവിധ താല്‍പര്യങ്ങളുള്ള ഗണങ്ങള്‍ക്ക് തുല്യപ്രാതിനിധ്യമില്ല. വികസനം എന്നത് അതോടെ ജനപ്രീണന വിഷയമല്ലാതായി. മുതലാളിത്ത ശക്തികളുടെ വികസനമാണ് രാഷ്ട്രത്തിന്റെ വികസനം എന്ന് നിര്‍വചിക്കപ്പെട്ടു. ഹിന്ദുത്വത്തിന്റെ സന്ദര്‍ഭത്തില്‍ സംസ്‌കാരത്തിന്റെ ചില വ്യാജ രൂപങ്ങളായി പ്രീണനത്തിനുള്ള ഉപാധി. മാത്രമല്ല ലിബറല്‍ കക്ഷികളുടെ കാലത്ത് ആശയപരമായ മേല്‍ക്കോയ്മയിലൂടെ സമ്മതി നിര്‍മ്മിച്ചെടുക്കാനാണ് ശ്രമിച്ചതെങ്കില്‍ ഹിന്ദുത്വത്തിന്റെ കാലത്ത് സമ്മതിനിര്‍മ്മാണത്തിന് പകരം ബലപ്രയോഗം തന്നെ അധീശത്വത്തിനുള്ള മാര്‍ഗമായി മാറി. പൊതു നിയമത്തിനു വെളിയില്‍ നില്‍ക്കുന്ന വിഭാഗങ്ങളെ രാഷ്ട്രത്തിനകത്തു തന്നെ സൃഷ്ടിക്കാന്‍ കഴിയും വിധമുള്ള നിയമനിര്‍മാണങ്ങള്‍ നടക്കുന്നതും ഈ ഘട്ടത്തിന്റെ സവിശേഷതയാണ്.

നവലിബറല്‍ നയങ്ങള്‍ ഓരോ പാശ്ചാത്യരാഷ്ട്രത്തിനകത്തും പുതിയ ആവശ്യങ്ങള്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ സമൂഹത്തിലെ എല്ലാ ഗണങ്ങള്‍ക്കും ഒരുപോലെയല്ല. ഓരോ ഗണത്തിന്റെയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ബാധ്യസ്ഥമാണ്. ഇതിനെ സഹായിക്കുന്ന തന്ത്രങ്ങളാണ് ഭരണകൂടങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഈ തന്ത്രങ്ങളെയാണ് ലാക്‌ളോവ് എന്ന ചിന്തകന്‍ ജനപ്രീണനം എന്ന് വിളിക്കുന്നത്. ആധുനിക ലിബറല്‍ ഭരണകൂടങ്ങളുടെ അതിജീവനത്തിന് ഇത് അത്യാവശ്യമാണ്. എന്നാല്‍ എല്ലാ വിഭാഗങ്ങളുടെയും താല്‍പര്യങ്ങള്‍ ഒരേസമയം തൃപ്തിപ്പെടുത്താന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയാതെ വരുന്നു. അങ്ങനെ വരുമ്പോള്‍ ചില ഗണങ്ങളെ പുരസ്‌കരിക്കുകയും മറ്റുചിലഗണങ്ങളുടെ താല്‍പര്യങ്ങളെ തിരസ്‌കരിക്കേണ്ടി വരികയും ചെയ്യുന്നു. ഇത് സമൂഹത്തില്‍ വിഭജനങ്ങള്‍ സൃഷ്ടിക്കുന്നു നവലിബറലിസവും വംശീയവാദവും തമ്മില്‍ ബന്ധപ്പെടുന്നതിങ്ങനെയാണ്. അതോടെ ജനം എന്നത് ഒരു ശൂന്യസൂചകമായി മാറുന്നു. തുല്യതയെക്കാള്‍ വൈജാത്യത്തിന് ഊന്നല്‍ നല്‍കുന്ന രാഷ്ട്രീയത്തെയാണ് ലാക്‌ളോവ് ജനപ്രീണനം എന്ന് വിളിക്കുന്നത്.

ഹിന്ദുത്വശക്തികള്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്നതോടെ ജനപ്രീണന രാഷ്ട്രീയത്തിന് വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്ന് ജനപ്രീണനരാഷ്ട്രീയം ഏതാണ്ട് പ്രാദേശികപാര്‍ട്ടികളില്‍ അഥവാ സമുദായപാര്‍ട്ടികളില്‍ ഒതുങ്ങിയിരിക്കുന്നു. ബിജെപി പ്രാദേശിക പാര്‍ട്ടികളെ മുഴുവന്‍ സമാഹരിക്കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ഒരു ഘട്ടത്തില്‍ ഭരണഘടനയുടെ കീഴില്‍ ജനങ്ങളെ ഒരുമിപ്പിക്കാന്‍ നടത്തിയ ശ്രമത്തിന് പകരം ഹിന്ദുത്വ പ്രത്യയശാസ്ത്രംകൊണ്ട് ഏകീകരിക്കാനുള്ള ശ്രമവും നടത്തുന്നു. പ്രാദേശിക പാര്‍ട്ടികളെ ഹിന്ദുത്വത്തോടൊപ്പം നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നിടത്തോളം അത് ജനപ്രീണന നയത്തെ പിന്തുടരുന്നു. അതിനപ്പുറം ബലപ്രയോഗത്തിലൂടെ ഹിന്ദുത്വത്തെ അടിച്ചേല്‍പ്പിക്കാനും ശ്രമിക്കുന്നു. ചില പാര്‍ട്ടികള്‍ പ്രാദേശികമായി ഹിന്ദുത്വത്തെ ചെറുത്തുനില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് ദേശീയതലത്തില്‍ മേല്‍ക്കൈ നേടാനാവുന്നില്ല. ഹിന്ദുത്വ പ്രത്യയശാസ്ത്രം പുറന്തള്ളിയ വിഭാഗങ്ങളുടെ പിന്തുണയാര്‍ജ്ജിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് പ്രാദേശികതലത്തില്‍ ജനപ്രീണനരാഷ്ട്രീയം ഇന്ന് പ്രവര്‍ത്തിക്കുന്നത്. അതേസമയം മോദി ഫാക്ടര്‍ സൃഷ്ടിച്ചുകൊണ്ടാണ് ഈ ജനപ്രീണനരാഷ്ട്രീയത്തെ ബി.ജെ.പി ചെറുക്കാന്‍ ശ്രമിക്കുന്നത്. മോദിയെ രക്ഷകനാക്കി അവതരിപ്പിക്കുകയും മോദിയെ എതിര്‍ക്കുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണെന്ന് മുദ്രകുത്തുകയും ചെയ്യുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ ഗരിമയും ഭരണഘടനാധാര്‍മികതയുടെ പ്രാധാന്യവും ഉയര്‍ത്തിപ്പിടിച്ച് ജനരാഷ്ട്രം നിര്‍മിച്ചെടുക്കാനും പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രീണന രാഷ്ട്രീയപാര്‍ട്ടികളെ ഒരുമിപ്പിച്ചു നിര്‍ത്താനും സെക്കുലര്‍ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞാലേ ഹിന്ദുത്വത്തിന്റെ തേര്‍വാഴ്ചയ്ക്ക് തടയിടാനാവൂ എന്ന് പാര്‍ത്ഥാ ചാറ്റര്‍ജി ഓര്‍മിപ്പിക്കുന്നു.

2019ലെ തെരഞ്ഞെടുപ്പ് കാലത്താണ് അദ്ദേഹം ഈ പ്രഭാഷണങ്ങള്‍ നടത്തിയത്. കാര്യങ്ങള്‍ കൂടുതല്‍ വഷളായിട്ടുണ്ട് എന്നതാണ് ഇപ്പോള്‍ നമ്മുടെ അനുഭവം. ജനപ്രീണനം എന്നതിനെ പ്രതിലോമകരമായി കാണാന്‍ ഇനിയും നമുക്ക് കഴിയില്ല. ഹിന്ദുത്വവുമായി മത്സരിക്കണമെങ്കില്‍ അവര്‍ പുറന്തള്ളിയ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തേണ്ടതുണ്ട്. അവരുടെ താല്‍പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ജനപ്രീണന രാഷ്ട്രീയം തന്നെയാണ് അതിനുള്ള വഴി.

(കടപ്പാട് പാഠഭേദം)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply