ആധുനികകാലത്തെ വംശീയത സാമ്രാജ്യത്വത്തിന്റെ സൃഷ്ടി

കൊവിഡിനെ പോലെ തന്നെ ചെറുത്തുതോല്‍പ്പിക്കേണ്ട അനീതിയും വിവേചനവും അസമത്വവുമെല്ലാം് സാധാരണീകരിക്കപ്പെട്ട ഒരു ലോകത്താണ് നാം ജീവിക്കുന്നത്. വംശീയതയുടേയും ജാതീയതയുടേയും വൈറസുകളാണ് കൊറോണയേക്കാള്‍ ഭയാനകം. യൂറോപ്പും അമേരിക്കയും ഇന്ത്യയുമടക്കമുള്ള രാഷ്ട്രങ്ങള്‍ ഈ വൈറസുകളുടെ പിടിയിലാണ്. അതിനാല്‍ തന്നെ അവക്കെതിരായ പ്രതിരോധവും എല്ലാ മേഖലകളിലും നടക്കേണ്ട കാലഘട്ടമാണിത്. പലമേഖലകളിലും അത് നടക്കുന്നുമുണ്ട്. സമകാലീന ലോകസ,ാഹിത്യത്തിന്റെ പ്രധാന ധാരതന്നെ സാമൂഹ്യശാസ്ത്ര വിമര്‍ശന കോണിലൂടെ ഇത്തരം വിവേചനങ്ങളെ നോക്കികാണാനും വിമര്‍ശിക്കാനുമാണ് ശ്രമിക്കുന്നത്.

വംശം, ലിംഗം, ജാതി എന്നിവയുടെ പേരിലുള്ള വിഭജനങ്ങളെല്ലാം വലിയ ആഴത്തിലുള്ളവയാണ്. മറ്റുള്ളവരെ അപരവല്‍ക്കരിക്കുന്നിടത്താണ് അധീശശക്തികളുടെ വിജയം. അപരത്വത്തോടുള്ള പകയും നിരാസവുമാണ് ഫാസിസത്തിന്റെ മനോനില. അതാകട്ടെ കൊളോണിയലിസത്തിന്റെ സൃഷ്ടിയാണ്. യൂറോപ്യന്‍ അധിനിവേശത്തിന്റെ സൃഷ്ടിയാണ് അടിമപ്പണി. തോട്ടപ്പമിക്കായി ആഫ്രിക്കയില്‍ നിന്ന് കറുത്ത വംശരെ ആടുമാടുകളെന്ന പോലെ കപ്പലുകളില്‍ കൊണ്ടുപോയതോടെയാണ് അതാരംഭിച്ചത്. അമേരിക്ക, ഇംഗ്ലണ്ട്, പോര്‍ച്ചുഗല്‍, ഡച്ച്, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലെല്ലാം അടിമക്കച്ചവടം വ്യാപകമായി. കൊട്ടിഘോഷിക്കപ്പെടുന്ന യൂറോപ്യന്‍ ആധുനികതയുടെ മറുവശമല്ലാതെ മറ്റൊന്നുമല്ല അത്. എഡ്വേഡ് സെയ്തിനെ പോലുള്ളവര്‍ ഇത് വ്യക്തമായി ചൂണ്ടികാട്ടിയിരുന്നു. ഈ കച്ചവടത്തിലൂടെയായിയരുന്നു യൂറോപ്പ് ലോകകേന്ദ്രമായി മാറിയത്. എഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ മൂന്നാം ലോകമായത്. ക്യാപ്പറ്റിലസത്തിന്റെ തുടര്‍ച്ചയല്ലാതെ മറ്റൊന്നുമല്ല അത്. പണ്ടുതന്നെ ഏഷ്യന്‍ – ആഫ്രിക്കന്‍ സംസ്‌കാരം അറബികളിലൂടെ യൂറോപ്പിലെത്തിയിരുന്നു. അതിന്റെ വെളിച്ചത്തിലാണ് കടല്‍മാര്‍ഗ്ഗം ഈ പ്രദേശങ്ങളിലേക്കുള്ള പാതകള്‍ തേടി അവരിറങ്ങുകയായിരുന്നു. കൊളംബസും മഗല്ലനും ക്യാപ്റ്റന്‍ കുക്കും വാസ്‌കോഡഗാമയുമൊക്കെയാണ് ഹിംസാത്മകമായ അധിനിവേശത്തിന്റെ ഭീകരമായ കാലം തുറക്കാന്‍ വഴി തെളിയിച്ചത്. ഭൂമിയില്‍ നില നിന്നിരുന്ന ലോകങ്ങളെ ഇവര്‍ കണ്ടുപിടിക്കുകയായിരുന്നു എന്ന ചരിത്രമാണല്ലോ നാം പഠിക്കുന്നത്. റെഡ് ഇന്ത്യന്‍സിന്റേതടക്കം എത്രയോ ജനവിഭാഗങ്ങള്‍ കൂട്ടക്കൊലകള്‍ക്ക് വിധേയരായി. ജനായത്തത്തിന്റെ വലിയ പാരമ്പര്യമൊക്കെ പറയുന്ന ഫ്രാന്‍സില്‍ പോലും വംശീയകൂട്ടക്കൊലകള്‍ അരങ്ങേറി. തീര്‍ച്ചയായും നിരവധി പുരോഗമനവശങ്ങള്‍ ആധുനികതക്കുണ്ടായിരുന്നു. അംബേദ്കറും ഗുരുവുമടക്കമുള്ളവര്‍ അവ സ്വീകരിച്ചിട്ടുണ്ട്. പക്ഷെ യൂറോപ്പിനു പുറത്തുള്ള ജനതയുടെ മാനവികതയെ അംഗീകരിക്കാതിരിക്കുന്നതും ആധുനികതയുടെ ഭാഗമാണ്. പ്രശസ്ത എഴുത്തുകാരുടെ രചനകളില്‍പോലും ആധുനികതയുടെ ഈ പരിമിതിയുടെ പ്രതിഫലനം കാണാം. ആ വംശീയതയുടെ ആധിപത്യത്തില്‍ നിന്നു ലോകം മുക്തമായിട്ടില്ലെന്നാണ് ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. സ്ഥാപനവവല്‍കൃതമായ കൊലപാതകമല്ലാതെ മറ്റെന്താണത്?

ഇന്ത്യയിലെ ജാതിവ്യവസ്ഥപോലെ ഭീകരമല്ല ഈ വംശീയതയെന്നു വേണമെങ്കില്‍ വാദിക്കാം. എന്നാലും അത് വളരുകയാണ്. ലോകം നെഞ്ചിലേറ്റുന്ന ഷേക്‌സ്പിയര്‍ സാഹിത്യത്തില്‍ പോലും കാണുന്ന പ്രവണതകളുടെ തുടര്‍ച്ചയാണത്. ഷേക്‌സ്പിയര്‍ സാഹിത്യത്തിലെ വില്ലന്മാരൊക്കെ ആരാണെന്നു പരിശോധിക്കു. ജൂതരേയും മുസ്ലിമുകളേയും എങ്ങനെയാണ് ചിത്രീകരിക്കുന്നതെന്നും പരിശോധിക്കാവുന്നതാണ്. അതുപോലെ പല യൂറോപ്യന്‍ സമൂഹങ്ങളിലും സാഹിത്യകൃതികളില്‍പോലും തെറിവാക്കുകളായി ഉപയോഗിക്കുന്നത് എഷ്യാക്കാരേയും അറബികളേയും തുര്‍ക്കിക്കാരേയും മംഗോളിയക്കാരേയുമാണ്. ശൂദ്രലഹളകാലത്ത് കേരള മുഖ്യമന്ത്രിയെ ഒരു സ്ത്രീ തെരുവില്‍ ജാതീയമായി ആക്ഷേപിച്ചതുപോലെ തന്നെ. പണ്ടു സി കേശവനും ഇതു കേട്ടിരുന്നു. ശൂദ്രലഹളക്കുശേഷം ഇതേ കേരളത്തില്‍ സാമ്പത്തിക സംവരണം അംഗീകരിച്ചതും നാം കണ്ടു.

ഇരുട്ടിന്റെ ഭൂഖണ്ഡം, അപരദേശം എന്നൊക്കെയായിരുന്നല്ലോ 20-ാം നൂറ്ാണ്ടിന്റെ തുടക്കത്തില്‍പോലും ഏഷ്യന്‍, ആഫ്രിക്കന്‍, അറബ് രാജ്യങ്ങള്‍ വിശേഷിക്കപ്പെട്ടിരുന്നത്. പല സാഹിത്യകൃതികളില്‍പോലും അങ്ങനെയായിരുന്നു പ്രതിപാദിച്ചിരുന്നത്. അപരവല്‍ക്കരണത്തിന്റെ സാംസ്‌കാരിക അജണ്ടതന്നെ നിലവിലുണ്ടായിരുന്നു. ആധുനികലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് വംശീയതയും ജാതിയതയും ലിംഗവിവേചനവും. സ്ത്രീകളാകട്ടെ എവിടേയും വിവേചനം നേരിടുന്നു. ശൂദ്രര്‍ക്ക് തുല്യമായാണല്ലോ ഇന്ത്യന്‍ പാരമ്പര്യം അവരെ കാണുന്നത്. കറുത്തവര്‍ക്ക് വന്‍ സാസ്‌കാരികപ്രാതിനിധ്യമുണ്ടായിട്ടും ഫ്‌ളോയിഡിനുണ്ടായ പോലുള്ള അനുഭവമുണ്ടാകുന്നു. ഇന്ത്യയില്‍ ഇപ്പോഴും നടക്കുന്ന ജാതിക്കൊലകള്‍ പോലെതന്നെയാണത്. അവിടത്തെ സാംസ്‌കാരിക വരേണ്യവാദം ഇവിടുത്തെ മനുസ്മൃതിയെ പോലെതന്നെയാണ്. നിറം മാത്രമല്ല, ശരീരഘടനയും മുടിയും മുഖഘടനയും മൂക്കിന്റെ അളവുമെല്ലാം പീഡനത്തിനു കാരണമാകുന്നു. നാസികളുടെ ആര്യവംശമേന്മാവാദവും ഇതുതന്നെയായിരുന്നു. ഈ പുറന്തള്ളലിന്റെ രാഷ്ട്രീയമെന്നത് മാനവരാശിയോടുള്ള ഏറ്റവും വലിയ കുറ്റകൃത്യമാണ്. എന്തുവില കൊടുത്തും അതിനെ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രമല്ല, എഴുത്തുകാരുടേയും സാംസ്‌കാരിക പ്രവര്‍ത്തകരുടേയും ഉത്തരവാദിത്തമാണിന്ന്.

തീര്‍ച്ചയായും അധിനിവേശാനന്തര സമൂഹങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന പുതിയ എഴുത്തുകള്‍ ഇതു തിരിച്ചറിയുന്നു. ഏഷ്യ, ആഫ്രിക്ക, അമേരിക്ക, കരീബിയ, ആസ്‌ത്രേലിയ, ന്യൂസിലന്റ്, കനജഡ തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നു വരുന്ന പുതിയ എഴുത്തുകാരുടെ പ്രമേയം മറ്റൊന്നല്ല. കൊളംബസിനുശേഷമുള്ള സാമൂഹ്യയാഥാര്‍ത്ഥ്യം സൃഷ്ടിച്ച അനീതിയുടേയും വംശീയതയുടേയും അപരത്വത്തിന്റേയും ലോകത്തെ അപനിര്‍മ്മിച്ച്, അവയെതന്നെ വിമോചക സൂചകമാക്കി പുതിയ മാനവിക ലോകക്രമം നിര്‍മ്മിക്കുകയാണവര്‍. കവിതയിലും നോവലിലും സിനിമയിലുമെല്ലാം അതിന്റെ പ്രതിനിധാനം ശക്തമാണ്. അധിനിവേശാനന്തരസാഹിത്യം എന്നാണവ വിശേഷിക്കപ്പെടുന്നത്. ആഫ്രിക്കയിലും കരീബിയയിലും ഓസ്‌ട്രേലിയയിലുമൊക്കെ ഈ ധാര വളരെ ശക്തമാണ്. ആഫ്രിക്കന്‍ സാഹിത്യത്തില്‍ അറബിക് സ്വാധീനം വ്യക്തമാണ്. അമേരിക്കയില്‍ കറുത്തവരുടെ സാഹിത്യം ധീരമായി തന്നെ രംഗത്തുണ്ട്. വെള്ളക്കാര്‍ പോലും ഇതിനോട് ഐക്യപ്പെടുന്നു. നിരവധി തദ്ദേശീയഭാഷകളില്‍ ഈ ധാര നേരത്തെ തന്നെ ഉടലെടുത്തിരുന്നെങ്കിലും യൂറോപ്പിലും മറ്റും ദൃശ്യമായത് അധിനിവേശാനന്തരകാലത്താണ്. സാമ്രാജ്യത്വം സൃഷ്ടിച്ച യൂറോപ്യന്‍ മേല്‍ക്കോയ്മയിലധിഷ്ടിതമായ വംശീയതയെന്ന വൈറസിനെ ചെറുത്ത് ലോകത്തെ മാനവീകരിക്കാനുള്ള ശ്രമത്തിലാണവര്‍.

ഇനി ഇന്ത്യയിലേക്കുവരാം. ലോകക്രമത്തെ മാറ്റിമറിച്ച് യൂറോപ്യന്‍ അധിനിവേശം നിലനിന്നത് 500 വര്‍ഷമായിരുന്നു. അതിനെ അപനിര്‍മ്മിച്ചാണ് ഇത്രമാത്രം സൃഷ്ടികള്‍ പുറത്തുവരുന്നത്. എങ്കില്‍ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്ന മനുസമ്ൃതിയുടേയും ജാതീയ അതിക്രമങ്ങളുടേയും ആന്തരിക ചരിത്രത്തെ തകര്‍ത്തറിയുന്നതും അപനിര്‍മ്മിക്കുന്നതുമായ എത്രയോ കൃതികള്‍ ഇവിടെ വരാനിരിക്കുന്നു. അത്തരം സൃഷ്ടികളുടെ വസന്തകാലം വരാനിരിക്കുന്നതേയുള്ളു.

(മലബാര്‍ വൈബ്‌സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഭാഷണത്തിന്റെ ഒരു ഭാഗത്തിന്റെ ലിഖിതരൂപം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply