കോണ്‍ഗ്രസിനെ ഇപ്പോള്‍ വിശ്വാസത്തിലെടുത്തേ പറ്റൂ

സകല മോദി വിരുദ്ധരും, ഇപ്പോഴും, കോണ്‍ഗ്രസ്സിനെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സര്‍വപ്രശ്‌നങ്ങളുടെയും ഉത്തരവാദികളായാണ് കാണുന്നത്. അത് ഏതാണ്ട് സത്യവുമാണ്. പക്ഷേ, ഇന്ത്യയെന്ന മഹാരാജ്യത്തെ, സമ്പൂര്‍ണമായൊരു ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള പ്രക്രിയയിലൂടെ നയിച്ചുകൊണ്ടുപോകുന്ന ബിജെപിയെന്ന കൂറ്റന്‍ ബൂര്‍ഷ്വാവലതുപക്ഷ പാര്‍ട്ടിയെ, ഒരു ജീവന്‍മരണപ്രശ്‌നമായി നേരിടാന്‍ ആഗ്രഹിക്കുന്നവര്‍, ദീര്‍ഘചരിത്രമുള്ള ഒരു ലിബറല്‍ സെക്കുലര്‍ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഇപ്പോള്‍ വിശ്വാസത്തിലെടുക്കുക എന്നത് നിര്‍ബന്ധമായുമുള്ള ഒരു രാഷ്ട്രീയപ്രത്യയശാസ്ത്ര ആവശ്യമാണ്.

2014ല്‍ ബിജെപി അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യയില്‍ 55 ശതകോടീശ്വരന്‍മാരാണ് ഉണ്ടായിരുന്നത്. പത്തുവര്‍ഷത്തെ ബിജെപി ഭരണത്തിനൊടുവില്‍ ഈ വര്‍ഷം അവരുടെ എണ്ണം 200 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. അതായത,് പത്തുവര്‍ഷത്തെ മോദിഭരണംകൊണ്ട് ശതകോടീശ്വരന്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന 364 ശതമാനമാണ്. രാജ്യത്തിന്റെ മൊത്തം ദേശീയവരുമാനത്തിന്റെ മുഖ്യപങ്കും കോര്‍പറേറ്റ് മുതലാളി കുടുംബങ്ങളുടെ കീശയിലെത്തിരിക്കുന്ന, ഒരു സാമ്പത്തിക വികസന പദ്ധതിക്ക്, എങ്ങനെയാണ് പത്തുവര്‍ഷമായി ബിജെപി ഭരണം ചുക്കാന്‍പിടിക്കുന്നതെന്നും, അതുണ്ടാക്കിത്തീര്‍ത്തിരിക്കുന്ന സാമ്പത്തികാസമത്വം എങ്ങനെയാണ് ഇന്ത്യയെ ആധുനികമാനദണ്ഡങ്ങളനുസരിച്ച് നോക്കുമ്പോള്‍, വളരെ പ്രാകൃതമായൊരു മുതലാളിത്തവ്യവസ്ഥയാക്കിത്തീര്‍ക്കുന്നതെന്നും സംബന്ധിച്ച് പല പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്. എന്നുവച്ചാല്‍, ഇത്തവണത്തെ തിരഞ്ഞെടുപ്പിലും പരാജയപ്പെടുത്തുക അസാധ്യമാണെന്ന് തോന്നിപ്പിക്കുന്ന നരേന്ദ്രമോദി രാഷ്ട്രീയപ്രതിഭാസത്തിനകത്ത്, ഇങ്ങനെ വളരെ സരളമായൊരു വര്‍ഗ്ഗാധീശത്വസമസ്യയുണ്ട്. എത്രയോകാലമായി വിമര്‍ശകരെല്ലാവരും പറയുന്നതുപോലെ, മോദിയെയും ബിജെപിയെയും, ബ്രാഹ്മണിക്കല്‍ സവര്‍ണതയുടെയും, ഹിന്ദുത്വമതതീവ്രവാദത്തിന്റെയും, ന്യൂനപക്ഷ മതവിരോധത്തിന്റെയും സാംസ്‌കാരിക രാഷ്ട്രീയ ഉള്ളടക്കത്തില്‍ മാത്രമായി നിബന്ധിച്ചുകൊണ്ട്, ഈ സമസ്യയുടെ നിര്‍ദ്ധാരണം സാധ്യമല്ല. എന്നുമാത്രമല്ല, അതൊരുപക്ഷേ, സംഘപരിവാരംതന്നെ ആഗ്രഹിക്കുന്നതും, അവരുടെ രാഷ്ട്രീയ മുന്നേറ്റത്തിന് സഹായകരമാവുകയും ചെയ്യുന്നതാണെന്നതിന് സമീപദശകങ്ങളിലെ ഇന്ത്യന്‍ രാഷ്ട്രീയചിത്രത്തിന്റെ വ്യത്യസ്തമായ ഗതിവിഗതികള്‍ തെളിവ് നല്‍കുന്നുമുണ്ട്. ഉദാഹരണമായി ബിഎസ്പി രാഷ്ട്രീയത്തിന് എന്തുപറ്റിയെന്ന് നോക്കുക.

അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയിലും അതോടനുബന്ധിച്ച് നടന്ന ഭീകരമായ ഹിന്ദു-മുസ്‌ലിം കലാപത്തിലുമാണുള്ളത്. മുസ്‌ലിം പാകിസ്താന്റെ രൂപീകരണത്തിനുശേഷം നിലവില്‍വന്ന ഇന്ത്യ, ഒരു ഹിന്ദുഇന്ത്യയാണെന്ന തോന്നല്‍ 1947നു ശേഷം ഉത്തരേന്ത്യയുടെ സാമൂഹികമനസ്സില്‍ എപ്പോഴും പ്രബലമായിരുന്നുവെന്നതാണ് കഠിനമായ വാസ്തവം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും രാഷ്ട്രീയാധികാര നേതൃത്വം അതിന്റെ സ്ഥാപനവല്‍ക്കരണത്തെ ധീരമായി തടയുകയും, സമ്പൂര്‍ണമായും സെക്കുലറായ ഒരു ഭരണഘടനയും, അതിന്റെ ഇതരഭരണകൂട സ്ഥാപനങ്ങളും സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയെ ഒരു മതേതരജനാധിപത്യ റിപബ്ലിക്കായി മാറ്റിത്തീര്‍ക്കുകയും ചെയ്തുവെന്നതാണ് ചരിത്രസത്യം. ഭരണഘടനാ നിര്‍മാണസഭയുടെ രേഖകള്‍ നോക്കിയാല്‍ അത് കാണാനാവും. തന്റെയും കോണ്‍ഗ്രസിന്റെയും കഠിന രാഷ്ട്രീയശത്രുവായിരുന്ന സാക്ഷാല്‍ അംബേദ്കറെപോലും കൂടെനിര്‍ത്തിക്കൊണ്ടാണ് നെഹ്‌റു ഇത് സാധിച്ചത്. നാലുവര്‍ഷത്തെ മാത്രം ഐക്യമാണ് ഇരുവര്‍ക്കുമിടയില്‍ അന്നുണ്ടായത് എന്നുള്ളത് പ്രത്യേകം ഓര്‍ക്കണം. അതായത്, 1947നു ശേഷം ഇന്ത്യന്‍സാമൂഹിക മനസ്സില്‍ പൊതുവെ നിലനിന്നിരുന്ന ഹിന്ദുഇന്ത്യ എന്ന ബോധത്തെ, നമ്മുടെ രാജ്യം, ഒരു മതേതരഭരണഘടനകൊണ്ട് സാഹസികമായി മറികടന്നതാണ്. എന്നാല്‍, ആ അബോധം ഇന്ത്യന്‍മനസ്സില്‍ നിന്ന് ഒരിക്കലും വിട്ടുപോയതേയില്ല. നെഹ്‌റുവിനുശേഷം, പ്രത്യേകിച്ചും ഇന്ത്യയില്‍ തുടര്‍ച്ചയായി നടന്നുവന്ന ഘോരമായ വര്‍ഗീയകലാപങ്ങളും, അതിലെപ്പോഴും കണ്ടെത്താനാവുന്ന ഭരണകൂടത്തിന്റെ പ്രത്യക്ഷമായ ന്യൂനപക്ഷമതവിരുദ്ധനിലപാടും ഇതിന്റെ കൃത്യമായ തെളിവുകളാണ്. അതില്‍ സംഘപരിവാരങ്ങള്‍ എപ്പോഴും കൃത്യവും ആസൂത്രിതവുമായ പങ്കുവഹിച്ചിരുന്നു എന്നതുകൂടി ഇതിന്റെ തെളിവാണ്.

ഹിന്ദുഇന്ത്യയെ ഇങ്ങനെ സാഹസികമായി ഒരു മതേതരഇന്ത്യയാക്കി നിലനിര്‍ത്തുന്നതില്‍ ഭരണഘടനയ്‌ക്കൊപ്പം ഏറ്റവും നിര്‍ണായകമായ പങ്കുവഹിച്ചത് നെഹ്‌റുവിയന്‍ സാമ്പത്തിക വികസന നയങ്ങളായിരുന്നു. സോഷ്യലിസ്റ്റ് എന്ന, ശത്രുക്കളും മിത്രങ്ങളും വിളിച്ച, മിശ്രസാമ്പത്തിക വ്യവസ്ഥ രാജ്യത്തിന്റെ സെക്കുലര്‍ നട്ടെല്ലായിരുന്നുവെന്ന വാസ്തവം തിരിച്ചറിയപ്പെട്ടിട്ടില്ല. പൊതുമേഖലയുടേയും സാമ്പത്തികാസൂത്രണത്തിന്റേയും മേല്‍ക്കോയ്മയില്‍, സ്വകാര്യമേഖലാ മല്‍സരംകൂടി അനുവദിക്കപ്പെട്ട ഈ സാമ്പത്തിക പ്രക്രിയ, സ്വകാര്യമേഖലയുടെ അനിയന്ത്രിതവും, സാമൂഹികമായി വിധ്വംസകവുമായ കിടമല്‍സരങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്തി. മതവ്യക്തിത്വ പ്രാമാണ്യമുള്ള നവജനാധിപത്യസമൂഹത്തില്‍ ഈ സ്വകാര്യമൂലധന മല്‍സരത്തിലെ മിതത്വം അനിവാര്യമാണ്. കഴുത്തറപ്പനായ സ്വകാര്യമൂലധനമല്‍സരങ്ങള്‍, അതോടൊപ്പം, സമൂഹത്തിലെ സകലവിഭാഗീയപ്രവണതകളേയും ജനാധിപത്യേതരമായ സര്‍വ്വവാസനകളേയുംകൂടി ഒപ്പം വളര്‍ത്തുന്നതായാണ് പിന്നാക്കരാജ്യങ്ങളിലെല്ലാം കണ്ടുവന്നിട്ടുള്ളത്. അതായത്, സ്വകാര്യ മുതലാളിത്ത കിടമല്‍സരത്തിന്റെ കഴുത്തറപ്പന്‍ വിന്യാസം, സമൂഹത്തെ നവയാഥാസ്ഥിതികവല്‍ക്കരണത്തിലേക്ക് നയിക്കുന്നതിനുകൂടി ഇടവരുത്തുന്നു. അങ്ങനെയുള്ള നവയാഥാസ്ഥിതികവല്‍ക്കരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തീവ്രദേശീയവാദവുമാണ്. റഷ്യയിലും, ചൈനയിലും തുര്‍ക്കിയിലുമെന്നല്ല, ലോകത്തെ അനേകം രാജ്യങ്ങളില്‍ തീവ്രദേശീയവാദവും അതിന്റെ രാഷ്ട്രീയ നേതൃത്വവും പതിറ്റാണ്ടുകളായി വാണരുളുന്നതിന്റെ പശ്ചാത്തലമതാണ്.

1991ലെ സാമ്പത്തികഉദാരണീകരണവും നെഹ്‌റുവിയന്‍ സാമ്പത്തിക നയങ്ങളുടെ പൊളിച്ചടുക്കലും ഇന്ത്യയെ കൃത്യമായും ഈ വഴിയിലേക്കാണ് നയിച്ചത്. അതോടെ ഇവിടത്തെ സര്‍വ്വകാര്യങ്ങളും, രാഷ്ട്രീയമുള്‍പ്പടെ എല്ലാം സ്വകാര്യമൂലധനശക്തികള്‍ നിശ്ചയിക്കുന്ന നിലവന്നു. സര്‍ക്കാരുകളുടെ ചുമലില്‍ കയറിയിരുന്ന് കുത്തകകള്‍ ഭരിക്കാന്‍ തുടങ്ങി. രാഷ്ട്രീയനേതൃത്വങ്ങള്‍ മുതലാളിത്തത്തിന്റെ ഔദാര്യങ്ങള്‍ക്ക് കാത്തുകിടക്കാന്‍ ആരംഭിച്ചു. ചങ്ങാത്തമുതലാളിത്ത തേര്‍വാഴ്ച്ചയ്ക്ക് ഉതകുന്നതായിത്തീര്‍ന്നു എല്ലാ സര്‍ക്കാര്‍ നയങ്ങളും. ഇന്ത്യന്‍ സമൂഹത്തിന്റെ നവയാഥാസ്ഥിതികവല്‍ക്കരണവും ഇതോടൊപ്പം ത്വരിതഗതിയില്‍ പച്ചപിടിച്ചു. മുകളില്‍ പരിശോധിച്ച ചരിത്രപശ്ചാത്തലംകൂടി ഉള്ളതുകൊണ്ട്, ഈ നവയാഥാസ്ഥിതികവല്‍ക്കരണം നമ്മുടെ രാജ്യത്ത് ഹിന്ദുവല്‍ക്കരണമായേ നിലവില്‍വരൂ. കൃത്യമായും അതുതന്നെ ഇവിടെയുണ്ടായി. നാട് വളരെ വേഗത്തില്‍ കാവിയില്‍ മുങ്ങി. 1925 മുതല്‍ ഇന്ത്യയെ ഹിന്ദുവല്‍ക്കരിക്കാന്‍ മാത്രമായി പ്രവര്‍ത്തിച്ചുപോന്ന സംഘപരിവാര ശക്തികളുടെ രാജ്യമെങ്ങുമുള്ള സംഘടനാശൃംഖലകളുടെ കരുത്തും, ചങ്ങാത്ത മുതലാളിത്തത്തിന്റെ പുത്തന്‍ പിന്തുണയും ഒത്തുചേര്‍ന്നതോടെ, ഈ യാഥാസ്ഥിതികവല്‍ക്കരണത്തിന് ലോകത്ത് മറ്റൊരിടത്തും കണ്ടിട്ടില്ലാത്ത അത്രയും ഗതിവേഗവും ഇവിടെ ലഭിക്കുകയുണ്ടായി.

അത്യന്തം ചടുലമായിരുന്നു ഈ അതിപ്രതിലോമശക്തികളുടെ നീക്കങ്ങള്‍. ഈ പഴയ ഗതിക്രമങ്ങള്‍ ഒന്നുകൂടി ഓര്‍ത്തെടുത്താല്‍ കാര്യങ്ങള്‍ വ്യക്തമാകും. 1992ല്‍ തന്നെ അവര്‍ ബാബരി മസ്ജിദ് തകര്‍ത്തു. രാജ്യമെങ്ങും വര്‍ഗീയ ലഹളകളുടെ വേലിയേറ്റമുണ്ടാക്കി. 1996ല്‍ അവര്‍ക്ക് ആദ്യത്തെ പ്രധാനമന്ത്രിയുണ്ടായി, പതിമൂന്ന് നാളത്തേക്ക്. 1998-99ല്‍ 13 മാസത്തേക്ക് അവര്‍ കേന്ദ്രം ഭരിച്ചു. 1999 മുതല്‍ 2004 വരെ അഞ്ച് വര്‍ഷം സംഘപരിവാരം വീണ്ടും ഇന്ത്യ ഭരിച്ചു. ഇതിനിടയില്‍ 2001ല്‍, തീവ്ര ആര്‍എസ്എസ് പ്രചാരകരിലൊരാളായ നരേന്ദ്രമോദിയെ, ഇന്ത്യയിലെ ഏറ്റവും യാഥാസ്ഥിതിക, ഒപ്പം വ്യവസായവല്‍കൃത സംസ്ഥാനമായ ഗുജറാത്തില്‍ അവര്‍ അധികാരത്തിലെത്തിച്ചു. 2002കാലത്ത് നടന്ന മുസ്‌ലിംകൂട്ടക്കൊലയിലൂടെ, നാം മുകളില്‍ പരിശോധിച്ച തരത്തിലുള്ള ഒരു ചങ്ങാത്ത മുതലാളിത്ത നവയാഥാസ്ഥിതിക ഹിന്ദുഇന്ത്യയുടെ, ടെംപ്ലേറ്റ്, അവര്‍ ഗുജറാത്തില്‍ രൂപപ്പെടുത്തി. 2024ലും ഗുജറാത്തില്‍ അതേ അധികാരഘടന അതിശക്തമായി നിലനില്‍ക്കുന്നു. 2014ല്‍ ഇതേ ശ്രീമാന്‍ നരേന്ദ്രമോദിതന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാവുകയും നീണ്ട പത്തുവര്‍ഷം അധികാരത്തിലിരിക്കുകയും ചെയ്തതിനിടയില്‍, ഈ രാജ്യത്തിന് സംഭവിച്ച, മറയില്ലാത്ത കുത്തക മുതലാളിത്തവല്‍ക്കരണത്തിന്റെയും, നവയാഥാസ്ഥിതിക തീവ്രഹിന്ദുവല്‍ക്കരണത്തിന്റെയും ചരിത്രം ഇതിനകം നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞതാണ്. ഇങ്ങനെ ഇന്ത്യാ മഹാരാജ്യം, 2002നുശേഷമുള്ള ഗുജറാത്ത് മാതൃകയില്‍ അതിദ്രുതം മാറ്റിത്തീര്‍ക്കപ്പെടുന്നതിന്റെ, സംഭവബഹുലവും നിരാശാജനകവുമായ ഒരു വമ്പന്‍ പ്രക്രിയയ്ക്കിടയിലാണ് 2024ലെ പൊതു തിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്.

1996 മുതല്‍ എപ്പോഴുമെന്നപോലെ, ഈ തിരഞ്ഞെടുപ്പിലും, കോണ്‍ഗ്രസ് മുക്ത നെഹ്‌റു മുക്ത ഇന്ത്യയാണ് ബിജെപി പരസ്യമായി ലക്ഷ്യം വയ്ക്കുന്നത്. ഏതാണ്ട് എല്ലാവരും കരുതുന്നപോലെ, ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയെ നശിപ്പിക്കുക എന്ന തെരഞ്ഞെടുപ്പുമാത്ര ലക്ഷ്യമാണ് അതിനു പിന്നിലുള്ളതെന്ന് ഈ ലേഖകന്‍ വിചാരിക്കുന്നില്ല. 1947ല്‍ ഹിന്ദുത്വവാദ ശക്തികള്‍ പ്രതീക്ഷിച്ചതുപോലെ, സ്വാഭാവികമെന്നോണം ഒരു ഹിന്ദുഇന്ത്യ രൂപം കൊള്ളുന്നതിനെ, സെക്കുലറിസ്റ്റ് ദേശീയവാദപ്രത്യയശാസ്ത്രമുപയോഗിച്ച് തടഞ്ഞ, കോണ്‍ഗ്രസ് എന്ന ലിബറല്‍ ജനാധിപത്യ പാര്‍ട്ടിയെയും, ഒരു മഹാമേരുവിനെപ്പോലെ അതിന് ഭരണപരമായ നേതൃത്വം കൊടുത്ത ജവഹര്‍ലാല്‍ നെഹ്‌റുവിനെയും നശിപ്പിക്കാതെ, ഗുജറാത്ത് മാതൃകയിലുള്ള ഒരു ഹിന്ദുഇന്ത്യ രൂപപ്പെടുത്താനാവില്ലെന്ന ചരിത്രപരവും പ്രത്യയശാസ്ത്രപരവുമായ ബോധമാണ് ബിജെപിയെ ഇതിന് പ്രേരിപ്പിക്കുന്നത്. കുടുംബവാഴ്ചയെന്നത് ഇന്ത്യന്‍ ബൂര്‍ഷ്വാ പാര്‍ട്ടികളിലെ ഒരു ദീര്‍ഘകാല യാഥാര്‍ത്ഥ്യമാണെന്നിരിക്കെ, നെഹ്‌റു കുടുംബത്തെ മാത്രമായി പരിവാര്‍ വാഴ്ചയെന്ന് എല്ലാ നേരവും ആക്ഷേപിക്കുന്നതിനു പിന്നിലും ഇതേ ലക്ഷ്യമാണുള്ളത്. നെഹ്‌റു മ്യൂസിയം പ്രധാനമന്ത്രിമാരുടെ പൊതു മ്യൂസിയമാക്കി മാറ്റിയതു മാത്രമല്ല, 370ാം വകുപ്പ്, മുത്തലാക്ക്, സിഎഎ, കച്ചത്തീവ് ദ്വീപ് എന്നു തുടങ്ങി ബിജെപി, നിയമനിര്‍മാണങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കുന്ന, സര്‍വപ്രശ്‌നങ്ങളിലും, അവര്‍ നെഹ്‌റുവിനെ കുറ്റവാളി സ്ഥാനത്ത് നിര്‍ത്തുന്നതിനു പിന്നിലും മറ്റൊരു ലക്ഷ്യമല്ല ഉള്ളത്. എന്നാല്‍ ഈ സരളമായ വാസ്തവം, പ്രത്യയശാസ്ത്രപരമായ ഈ മഹാപ്രശ്‌നം, സമചിത്തതയോടെ തിരിച്ചറിയുന്നതില്‍ ഇന്ത്യയിലെ സര്‍വ സംഘപരിവാര വിരുദ്ധരും പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പ്കാലത്തേയും പ്രതീക്ഷാശൂന്യമാക്കിത്തീര്‍ക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സകല മോദി വിരുദ്ധരും, ഇപ്പോഴും, കോണ്‍ഗ്രസ്സിനെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സര്‍വപ്രശ്‌നങ്ങളുടെയും ഉത്തരവാദികളായാണ് കാണുന്നത്. അത് ഏതാണ്ട് സത്യവുമാണ്. പക്ഷേ, ഇന്ത്യയെന്ന മഹാരാജ്യത്തെ, സമ്പൂര്‍ണമായൊരു ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള പ്രക്രിയയിലൂടെ നയിച്ചുകൊണ്ടുപോകുന്ന ബിജെപിയെന്ന കൂറ്റന്‍ ബൂര്‍ഷ്വാവലതുപക്ഷ പാര്‍ട്ടിയെ, ഒരു ജീവന്‍മരണപ്രശ്‌നമായി നേരിടാന്‍ ആഗ്രഹിക്കുന്നവര്‍, ദീര്‍ഘചരിത്രമുള്ള ഒരു ലിബറല്‍ സെക്കുലര്‍ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഇപ്പോള്‍ വിശ്വാസത്തിലെടുക്കുക എന്നത് നിര്‍ബന്ധമായുമുള്ള ഒരു രാഷ്ട്രീയപ്രത്യയശാസ്ത്ര ആവശ്യമാണ്.

എന്തുകൊണ്ടെന്നാല്‍, ഒരു കോര്‍പറേറ്റ്‌വല്‍കൃത, ചങ്ങാത്തമുതലാളിത്ത, നവയാഥാസ്ഥിതികവല്‍ക്കണ ആവേഗം, ഭരണപരമായി സൃഷ്ടിച്ചുകൊണ്ടാണ് ഇന്ത്യയെ ബിജെപിയെന്ന തീവ്രവലതുപാര്‍ട്ടി ഹിന്ദുത്വയിലേക്ക് കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്. പ്രക്രിയാപരമായി ഇങ്ങനെയൊരു ഉള്ളടക്കത്തിലല്ലാതെ അവര്‍ക്ക് അത് സാധ്യവുമല്ല. ബോണ്ട് വിവാദം പോലെ ഇതിന്റെ തെളിവുകളും സുലഭമാണ്. എന്നാല്‍, തങ്ങള്‍ ഈ നയങ്ങള്‍ക്കെല്ലാം പൂര്‍ണമായും എതിരാണെന്നും, സാര്‍വത്രിക അടിസ്ഥാന വരുമാനം(യുബിഐ) പോലുള്ള ക്ഷേമനടപടികളാണ് ഇക്കാലത്ത് ആവശ്യമെന്നും 2019 മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടെടുത്തിട്ടുണ്ട്. അതുകൊണ്ട്, ഇന്നത്തെ കോണ്‍ഗ്രസ് ഒരു പുരോഗമനബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന് നിസ്സംശയം പറയാം. അവരുടെ പല സംസ്ഥാന സര്‍ക്കാരുകളും ഈ നിലയില്‍ ചുവടുവയ്ക്കുന്നുണ്ടെന്ന് മാത്രമല്ല, രാജസ്ഥാനിലെ കഴിഞ്ഞ കോണ്‍ഗ്രസ് ഗവണ്‍മെന്റ്, ഇന്ത്യയില്‍ ദശലക്ഷങ്ങളുടെ തൊഴില്‍ മേഖലയായ ഗിഗ്(ഏകഏ)വര്‍ക്കേഴ്‌സ് സംരക്ഷണ നിയമം പാസ്സാക്കിയതുപോലുള്ള വലിയപുരോഗമന നടപടികളും അവരുടെ ഭാഗത്തുനിന്ന് വരുന്നുണ്ട്. കേരളത്തിലെ സിപിഎം വഞ്ചകന്മാരുടെ പ്രചാരണയന്ത്രങ്ങള്‍ വിളിച്ചുകൂവുന്നതുപോലെയല്ല, ഈ വാസ്തവം ഒരു വലിയ വാസ്തവമാണ്.

അതുകൊണ്ട്, ആരൊക്കെയാണ് അമ്പലത്തില്‍ പോകുന്നത്, ഏതൊക്കെ പാര്‍ട്ടിയിലാണ് രാമഭക്തന്മാര്‍ ഉള്ളത് എന്നതല്ല, ഏതൊക്കെ പാര്‍ട്ടികളാണ് രാമഭക്തനും, അള്ളാ ഭക്തനും, യേശു ഭക്തനും മറ്റും ഒന്നിച്ച് ഒരുപോലെ ജീവിക്കേണ്ട നാടാണ് ഇന്ത്യ എന്ന നിലപാട് സ്വീകരിക്കുന്നതെന്നും, ഒരു ക്ഷേമരാഷ്ട്രസാമ്പത്തിക നയനിലപാട് അതിനുള്ള മുന്നുപാധിയാണെന്ന് വ്യക്തമാക്കുന്നതെന്നും നോക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഇപ്പോള്‍ നാം നിര്‍വഹിക്കേണ്ടതായ കര്‍ത്തവ്യം. അങ്ങനെയൊരു കാര്യം കൃത്യതയോടെ ചെയ്യുന്നില്ലെങ്കില്‍ ഭാവിയില്‍ നമുക്ക് ചരിത്രത്തില്‍നിന്നും മാപ്പ് കിട്ടുകയില്ല.

(കടപ്പാട് മറുവാക്ക്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply