സ്ത്രീപ്രാതിനിധ്യം തുല്യപ്രാതിനിധ്യമോ?

സ്ത്രീപ്രാതിനിധ്യം ജനാധിപത്യ സമൂഹത്തിന്റെ ആവശ്യമാണ് എന്നു പറയുമ്പോഴും ഇത് എങ്ങനെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നു ശ്രദ്ധിക്കേണ്ടതുണ്ട്. പാശ്ചാത്യരീതിയില്‍ സ്ത്രീയും പുരുഷനും മാത്രമായി, ഏകശിലാത്മകമായി വിവേചനത്തെ അഭിസംബോധനചെയ്യുമ്പോള്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. സ്ത്രീയും പുരുഷനും എന്ന ബൈനറികളില്‍ മാത്രം ഒതുങ്ങിയല്ല വിവേചനങ്ങള്‍ നില നില്‍ക്കുന്നത്.

ഇന്ത്യയില്‍ ജാതിയുടെ ഘടന എന്നത് പല രീതിയില്‍ അദൃശ്യമാണ്. പലപ്പോഴും അത് പ്രത്യക്ഷത്തില്‍ ജാതിയായി തോന്നാവുന്ന ഒന്നല്ല. അതുപോലെത്തന്നെ അദൃശ്യമാണ് ജാതിയുടെ കര്‍ത്താവായ സവര്‍ണതയും. വിഭവാധികാരങ്ങളില്‍ മുഖ്യപങ്കും കൈവശം വച്ചിരിക്കുന്ന സവര്‍ണവിഭാഗങ്ങള്‍ അവരുടെ മര്‍ദ്ദനത്തിന്റെ ഓരോ തെളിവുകളും മറച്ചുവയ്ക്കാനാണ് ശ്രമിച്ചുകൊണ്ടേയിരിക്കുന്നത്. ഇന്ത്യയുടെ നടത്തിപ്പുകള്‍ എല്ലാം ജാത്യാധിഷ്ഠിതം ആകുമ്പോഴും ഇവിടത്തെ സവര്‍ണകര്‍തൃത്വത്തില്‍ നടക്കുന്ന പുരോഗമന ചര്‍ച്ചകളില്‍ ജാതി ഒഴികെയുള്ള മറ്റെല്ലാം ഉണ്ട്. ജാതിയും അതിന്റെ ഉറവിടമായ ബ്രാഹ്മണ്യവും എല്ലാ തുറകളിലും അദൃശ്യമായി തുടരുന്നു. അതു കൊണ്ടുതന്നെ, പുരോഗമനപരമായ ചര്‍ച്ചകളില്‍ അന്തര്‍ലീനമായ ജാതിയെ, കണ്ടു ശീലിച്ചിട്ടുള്ള ജാതിബ്രാഹ്മണ്യത്തിന്റെ നേര്‍ ആക്രമണങ്ങളേക്കാള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.

അത്തരത്തില്‍ ഒരു പ്രശ്‌നമാണ് സ്ത്രീപ്രാതിനിധ്യമെന്ന വിഷയത്തിലുള്ള ചര്‍ച്ചകളില്‍ പലപ്പോഴും പ്രതിഫലിക്കുന്നത്. സ്ത്രീപ്രാതിനിധ്യം എന്നതിലല്ല പ്രശ്‌നമിരിക്കുന്നത്, ആ വിഷയത്തെ കൈകാര്യം ചെയ്യുന്ന സമീപനങ്ങളിലാണ്. ലിബറല്‍ ഫെമിനിസ്റ്റ് രീതിയിലുള്ള സ്ത്രീ, പുരുഷന്‍ എന്ന മര്‍ദ്ദിത, മര്‍ദ്ദകദ്വന്ദ്വങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ശരിയായ വിശകലനരീതിയല്ല എന്നു കാണാം. സവര്‍ണ അധീശത്വമെന്ന ഇന്ത്യയിലെ എല്ലാത്തിനെയും ബാധിക്കുന്ന മര്‍ദ്ദന കേന്ദ്രത്തെ അദൃശ്യമാക്കിക്കൊണ്ടാണ് എല്ലാ സമത്വ ചര്‍ച്ചകളും വിശകലനങ്ങളും പുരോഗമിക്കുന്നത് എന്നതിനാല്‍ അവയുടെ സാംഗത്യം പരിശോധിക്കേണ്ടതുണ്ട്.

സ്ത്രീപ്രാതിനിധ്യം ജനാധിപത്യ സമൂഹത്തിന്റെ ആവശ്യമാണ് എന്നു പറയുമ്പോഴും ഇത് എങ്ങനെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നു ശ്രദ്ധിക്കേണ്ടതുണ്ട്. പാശ്ചാത്യരീതിയില്‍ സ്ത്രീയും പുരുഷനും മാത്രമായി, ഏകശിലാത്മകമായി വിവേചനത്തെ അഭിസംബോധനചെയ്യുമ്പോള്‍ പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. സ്ത്രീയും പുരുഷനും എന്ന ബൈനറികളില്‍ മാത്രം ഒതുങ്ങിയല്ല വിവേചനങ്ങള്‍ നില നില്‍ക്കുന്നത്. പാശ്ചാത്യ സാഹചര്യത്തിലും, മറ്റ് വിവേചനങ്ങളെ അദൃശ്യമാക്കിയാണ് യൂറോസെന്ററിക് ആയ തത്ത്വശാസ്ത്രം സ്ത്രീപുരുഷ ദ്വന്ദ്വങ്ങളിലേക്ക് വിവേചനത്തെ ചുരുക്കുന്നത്. ആ വിധത്തില്‍ അദൃശ്യമാക്കപ്പെട്ടതില്‍ വംശീയത തന്നെയാണ് മുഖ്യമായത്. ഇവിടെ ജാതിയെന്ന പോലെത്തന്നെ വംശീയാടിസ്ഥാനത്തില്‍ രൂപംകൊണ്ട അമേരിക്കയിലെ ഫെമിനിസ്റ്റ് സമരങ്ങള്‍ കറുത്ത സ്ത്രീകളുടെ അവകാശങ്ങളെ ഉള്‍പ്പെടുത്തിയിരുന്നില്ല. അടിമസ്വത്വത്തില്‍ കറുത്തവരെ തളച്ചിട്ടവര്‍ അവരെ പൂര്‍ണ മനുഷ്യരായി അംഗീകരിച്ചുമില്ല. വെളുത്തവരുടെ തത്ത്വചിന്താ വിശകലനങ്ങളിലും കറുത്തവര്‍ ഭാഗമായിരുന്നില്ല. വോട്ടവകാശം കറുത്ത സ്ത്രീകള്‍ക്കുകൂടി അവകാശപ്പെട്ടത് ആണെന്ന് സഫ്രജെറ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന വെളുത്ത സ്ത്രീകള്‍ പലരും അംഗീകരിച്ചിരുന്നില്ല. ജെന്‍ഡര്‍ മാനദണ്ഡമാക്കിയുള്ള ആ സമരത്തില്‍ കറുത്ത സ്ത്രീകളും ഉണ്ടായിരുന്നുവെങ്കിലും അവര്‍ക്ക് അതിനു ശേഷവും വോട്ടവകാശം ലഭിച്ചിരുന്നില്ല. അവര്‍ അപ്പോഴും വെളുത്ത സ്ത്രീകളുടെ അടിമകളായി വീടുകളിലും, പുറത്തുള്ള മറ്റ് സേവനങ്ങള്‍ക്കുമായി നിയോഗിക്കപ്പെട്ടു. വെളുത്ത സ്ത്രീകള്‍ തങ്ങളുടെ നേതൃത്വത്തിലുള്ള മുന്നേറ്റങ്ങള്‍ പിരിച്ചുവിടാന്‍ തുടങ്ങിയതോടെ കറുത്തസ്ത്രീകള്‍ വോട്ടവകാശത്തിനുള്ള തുടര്‍ സമരങ്ങള്‍ ഒറ്റയ്ക്കായിരുന്നു നയിച്ചത്.

സ്വതന്ത്ര ഇന്ത്യയില്‍ വോട്ടവകാശവും മറ്റ് അവകാശങ്ങളും ഭരണഘടനാപരമായി എല്ലാവര്‍ക്കും നല്‍കപ്പെട്ടുവെങ്കിലും നിലവില്‍ ഇന്ത്യ സവര്‍ണ ഇന്ത്യയായി പരിവര്‍ത്തനപ്പെടുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ദേശരാഷ്ട്ര രൂപീകരണത്തിന്റെ 77 വര്‍ഷത്തിന് ശേഷം സവര്‍ണദേശീയത അതിന്റെ പരകോടിയില്‍ എത്തിനില്‍ക്കുന്നതായിട്ടാണ് നാം കാണുന്നത്. സവര്‍ണമേധാവിത്വം എല്ലാ മേഖലയിലും അതിന്റെ വിഷലിപ്തമായ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുന്നു. വിഷപ്പുക കണക്കെ പരക്കുന്ന അതിന്റെ അധീശത്വം നമ്മളെ ശ്വാസംമുട്ടിച്ചുകൊല്ലുമ്പോള്‍മാത്രം നമ്മള്‍ കാണുന്ന, അറിയുന്ന ഒന്നാണ്. ഹിന്ദു ഭൂരിപക്ഷമെന്ന പേരില്‍, കുറച്ചു പേര്‍ മാത്രം എല്ലാവര്‍ക്കും അവകാശപ്പെട്ട വിഭവാധികാരങ്ങള്‍ കൈവശംവയ്ക്കുകയും, എല്ലാത്തില്‍ നിന്നും മറ്റുള്ളവരെ അകറ്റുകയുമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ തന്നെ ഉപയോഗിച്ച് വര്‍ണാശ്രമധര്‍മ്മം നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന സവര്‍ണതയില്‍ സമത്വത്തിനോ ജനാധിപത്യത്തിനോ ഇടമില്ല. കോടതികളും നിയമസഭകളും മനുവിന്റെ വിവിധ ക്ഷേത്രങ്ങളായി മാറുമ്പോള്‍ അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് ഇവിടത്തെ വലിയ വിഭാഗം മനുഷ്യരാണ്. അധീശത്വ പ്രത്യയശാസ്ത്രത്താല്‍ മനുഷ്യരെ എന്നും ഈ വ്യവസ്ഥയുടെ അടിമകളാക്കി നിര്‍ത്താനും അവര്‍ക്ക് സാധിക്കുന്നു. ഇന്ത്യയില്‍ ഇന്ന് 80 ശതമാനത്തോളം വരുന്ന ഇതര സമുദായങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും കൂടി അവകാശപ്പെട്ട അധികാരസ്ഥാനങ്ങള്‍ സവര്‍ണസമുദായങ്ങള്‍ കൈവശംവച്ചിരിക്കുന്നു എന്നതാണ്. സാമുദായിക പ്രതിനിധ്യം മാത്രമേ അതിനാല്‍ തന്നെ ഇന്ത്യയില്‍ ജനാധിപത്യ പ്രാതിനിധ്യമാകുകയുള്ളൂ. സവര്‍ണേതര വിഭാഗങ്ങള്‍ വിഭവാധികാരങ്ങളില്‍ നിന്ന് പിന്തള്ളപ്പെട്ടു പോയവരാണ്. അവരെ ഔദാര്യ ഭാഷ്യങ്ങളും പലതരത്തിലുള്ള ഹിംസകളും ഉപയോഗിച്ച് അധീശത്വവിഭാഗം മാറ്റി നിര്‍ത്തിയതാണ്. ജുഡീഷ്യറി മുതല്‍ അധികാരത്തിന്റെ എല്ലാ തുറകളിലും, വിദ്യാഭ്യാസത്തിന്റെ സകലമേഖലകളിലും സവര്‍ണമേധാവിത്വമാണ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യയിലെ സവര്‍ണവിഭാഗത്തിലെ മുകള്‍ത്തട്ടില്‍ വരുന്ന 10 ശതമാനത്തിന്റെ കൈയിലാണ് രാജ്യത്തെ സമ്പത്തിന്റെ 60 ശതമാനവും എന്ന് ണീൃഹറ കിലൂൗമഹശ്യേ ഉമമേയമലെ ന്റെ ഒരു പഠനത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഈ അവസ്ഥയിലും സംവരണവും അതിന്റെ മൂല്യങ്ങളും തുടരെത്തുടരെ അട്ടിമറിക്കപ്പെടുന്നതാണ് നമ്മള്‍ കാണുന്നത്. വൈവിധ്യമാര്‍ന്ന ഇന്ത്യയില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അധികാരപ്രാതിനിധ്യം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നിലവിലുള്ള സംവിധാനം അതിന് പ്രാപ്തമായ ഒന്നല്ല. സാമുദായിക പ്രാതിനിധ്യം ആനുപാതികമായി ഉറപ്പുവരുത്താതെ ഇത് പരിഹരിക്കാന്‍ കഴിയില്ല. അപ്പോഴും സുപ്രീംകോടതി നിലവില്‍ ലോക് സഭയിലേക്കുള്ള എസ്‌സി/ എസ്ടി സംവരണം ‘പുനഃപരിശോധിക്കാന്‍’ ശ്രമിക്കുകയാണ്. ജനാധിപത്യ പ്രാതിനിധ്യം പേരിന് പോലും നടപ്പിലായില്ലെങ്കിലും സവര്‍ണമേധാവിത്വം ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും വെട്ടിക്കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭരണഘടനാ പ്രാബല്യം ഇല്ല എന്നതാണ് എസ്‌സി/ എസ്ടി സംവരണത്തിനെതിരേ ഉന്നയിക്കപ്പെടുന്ന വാദം. സവര്‍ണ സംവരണവും അതിനോടൊപ്പം തന്നെ നടപ്പിലാക്കിക്കൊണ്ട് വിദ്യാഭ്യാസമേഖലയിലും ഭരണ സിരാകേന്ദ്രങ്ങളിലും മറ്റു പ്രസക്തമായ ഉദ്യോഗ മേഖലകളിലും സവര്‍ണപ്രാതിനിധ്യം കൂട്ടുകയാണ് എല്ലാ സവര്‍ണ മേധാവിത്വ പാര്‍ട്ടികളും ഒടുവില്‍ ചെയ്തത്. ഇത്തരത്തില്‍ സ്വന്തം അധിക പ്രാതിനിധ്യം മറച്ചുവച്ചുകൊണ്ട് സവര്‍ണേതര സമൂഹങ്ങളുടെ അവകാശങ്ങള്‍ റദ്ദ് ചെയ്യുകയാണ് ഇവിടത്തെ ഭരണകൂടം.

അത്തരത്തിലുള്ള അനീതികള്‍ക്കെതിരേ, സവര്‍ണഘടനയെ പൊളിച്ച്, അഴിച്ചുപണി നടത്താനുള്ള ‘മുന്നുപാധി’യാണ് ജാതി സെന്‍സസ്. അത് പ്രാതിനിധ്യ സെന്‍സസ് ആണ്. ഓരോ വിഭാഗങ്ങള്‍ക്കും ഏതുവിധത്തില്‍ പ്രാതിനിധ്യം ഉണ്ടെന്നറിയാനും എത്രമാത്രം അവര്‍ക്ക് ഘടനാപരമായിത്തന്നെ അത് നിഷേധിക്കപ്പെടുന്നു എന്നും അറിഞ്ഞെങ്കില്‍ മാത്രമേ ഇന്ത്യയെന്ന ജനാധിപത്യ സങ്കല്‍പ്പത്തിലേക്ക് നമുക്ക് മുന്നേറാന്‍ കഴിയുകയുള്ളു. തിരഞ്ഞെടുപ്പ് അത് ഉറപ്പ് വരുത്താനുള്ള ഒരു സന്ദര്‍ഭവുമാകണം. ജനാധിപത്യ സങ്കല്‍പ്പത്തിന് തടസ്സമാകുന്ന ചില ഘടനാപരമായ പ്രതിബന്ധങ്ങളെയാണ് ഇവിടെ പരിശോധിക്കേണ്ടത്.

സ്വതന്ത്രസമുദായങ്ങളായി സവര്‍ണമേധാവിത്വം മറ്റ് ജാതികളെ അംഗീകരിക്കില്ല എന്നുള്ളത് തന്നെയാണ് പ്രധാനം. അത്തരത്തില്‍ സ്വത്വപരമായ കര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിരന്തരം നേരിടുന്ന ആക്രമണങ്ങള്‍ തന്നെ അതിന് ഉദാഹരണമാണ്. ബിഎസ്പിയുടെ ശക്തരായ നേതാക്കളില്‍ ഒരാളായ മായാവതി എത്രയോ പ്രാവശ്യം ലിംഗ പരമായും ജാതീയമായും അതിക്രമങ്ങള്‍ മറ്റ് മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്ന് നേരിട്ടിട്ടുണ്ട്. ലാലു പ്രസാദ് യാദവ് ആണ് സ്ഥിരമായി ബിഹാറിന്റെ പുരോഗമനമില്ലായ്മയ്ക്ക് പഴി കേട്ടുകൊണ്ടിരിക്കുന്നത്. അതുപോലെത്തന്നെയാണ് മുസ്‌ലിം കര്‍തൃത്വത്തിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികളോടുള്ള സമീപനവും. അവര്‍ സ്ഥിരമായി രാജ്യസ്‌നേഹം പ്രകടിപ്പിച്ചു കൊണ്ടേയിരിക്കേണ്ടവര്‍ ആകുന്നു. അവര്‍ക്ക് കര്‍തൃത്വം നിഷേധിക്കുകയും കഴിവില്ലാത്തവരായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. ‘മതേതര’മെന്ന ലേബലില്‍ തങ്ങളുടെ കീഴില്‍ നില്‍ക്കാനാണ് സവര്‍ണ മേധാവിത്വമേന്തുന്ന മുഖ്യധാരാ പാര്‍ട്ടികള്‍ മറ്റുള്ളവരോട് പറയുന്നത്. മതേതരത്വത്തിന്റെയും ദേശീയതയുടെയും മൊത്തകച്ചവടക്കാരായി അവര്‍ സ്വയം അവരോധിക്കുന്നു. ഇങ്ങനെ പല രീതിയില്‍ സാമുദായികമായ രാഷ്ട്രീയക്കുത്തക സവര്‍ണത നിലനിര്‍ത്തിക്കൊണ്ടേയിരിക്കുന്നു.

സവര്‍ണ സാമുദായിക മേധാവിത്വം അവസാനിപ്പിക്കാന്‍ മറ്റ് സാമുദായിക പ്രാതിനിധ്യങ്ങള്‍ കൊണ്ട് മാത്രമേ കഴിയുകയുള്ളു. സവര്‍ണജാതികള്‍ ഭരിക്കുമ്പോള്‍, അവര്‍ അവരെത്തന്നെ സാമാന്യജനങ്ങളായി സ്വയം വ്യാഖ്യാനിക്കുമ്പോള്‍, അതിനെതിരായി സമുദായ രാഷ്ട്രീയം കൊണ്ടുവരുന്നത് അവരെ വിറളി പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ജാതിയെന്നും സമുദായമെന്നും പറഞ്ഞ് സമൂഹത്തെ ഭിന്നിപ്പിക്കുന്നു എന്ന് അവര്‍ അതിനെപ്പറ്റി പറയും. അവരുടെ അദൃശ്യവല്‍ക്കരിച്ച ജാതിപ്രാമുഖ്യം അദൃശ്യമായി തന്നെ നിലനിര്‍ത്തുകയാണ് സാമാന്യവല്‍ക്കരണത്തിലൂടെ ചെയ്യുന്നത്.

ജാതി ഇന്ത്യയെ ജനാധിപത്യത്തിലേക്ക് നയിക്കുവാന്‍ അതിന്റെ സവിശേഷമായ സാഹചര്യത്തെ ഏറ്റവും പ്രധാനമായി കണ്ടുകൊണ്ട് കാര്യങ്ങള്‍ അപഗ്രഥനം ചെയ്യേണ്ടതുണ്ട് എന്നതാണ് മറ്റൊരു വിഷയം. വീണ്ടും അമേരിക്കന്‍ സാഹചര്യത്തിലേക്ക് വരുമ്പോള്‍ സ്ത്രീ/ പുരുഷന്‍ എന്ന മര്‍ദ്ദിത/ മര്‍ദ്ദക ദ്വന്ദ്വത്തില്‍ നടത്തിയ വിശകലനങ്ങളെ കറുത്ത സ്ത്രീകള്‍ ചോദ്യം ചെയ്യുന്നുണ്ട്. വെളുത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം വംശീയതയില്‍ ഊന്നിയ ഘടന അവര്‍ക്ക് പ്രിവിലേജ് നല്‍കുന്ന ഒന്ന് മാത്രമാണ്. കറുത്ത സ്ത്രീകളുടെ നേതൃത്വത്തില്‍ ഉണ്ടായ ഇന്റര്‍സെക്ഷണാലിറ്റി രാഷ്ട്രീയത്തിന്റെ ഉദയത്തോടെയാണ് വംശീയതയെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ലിംഗരാഷ്ട്രീയം ഉണ്ടായിവരുന്നത്. ഇന്ത്യയില്‍ ജാതിഘടനയുടെ മര്‍ദ്ദനം ആണ് പ്രധാനമായും തങ്ങള്‍ നേരിടുന്നത് എന്ന് ദലിത് ഫെമിനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനൊപ്പമുള്ള മാറ്റങ്ങള്‍ ഇവിടത്തെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തില്‍ പോലും വന്നിട്ടില്ല. അതിനാല്‍ തന്നെ സവര്‍ണ ഫെമിനിസത്തിന്റെ വിശകലനങ്ങള്‍ ജനാധിപത്യത്തില്‍ വിലങ്ങുതടിയാവുന്നു. അതിനെ പ്രായോഗികതയിലേക്ക് കൊണ്ടുപോകുമ്പോള്‍ ഭൂരിപക്ഷംവരുന്ന വര്‍ണബാഹ്യരായ സ്ത്രീകള്‍ പുറംതള്ളപ്പെടുകയും ചെയ്യുന്നു.

അതിനാല്‍ തന്നെ, സവര്‍ണാധിപത്യം കൈയാളുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ സ്ത്രീ പ്രാതിനിധ്യമെന്നത് കേവലമൊരു പുരോഗമന നാട്യത്തിന്റെ ഭാഗം മാത്രമേ ആവുന്നുള്ളൂ.
സ്ത്രീകളുടെ പ്രാതിനിധ്യത്തിനായുള്ള സ്ത്രീ സംവരണ ബില്‍ പാസാക്കുന്നത് 21 സപ്തംബര്‍ 2023ലാണ്. പ്രായോഗികമായി നടപ്പാക്കിയിട്ടില്ലെങ്കിലും അതിന്റെ ഇപ്പോഴത്തെ ഗതിയില്‍ നോക്കുമ്പോള്‍ അതിലൂടെ സവര്‍ണാധിപത്യം ശക്തിപ്പെടുകയേ ഉള്ളൂ എന്നു കാണാം. പുരുഷന്‍മാരില്‍ത്തന്നെ അധികാരം കേന്ദ്രീകരിച്ചിരിക്കുന്നതും സവര്‍ണരില്‍ ആണ് എന്നതും ഭൂരിഭാഗം വരുന്ന വര്‍ണബാഹ്യരായ പുരുഷന്മാരില്‍ അധികാരത്തില്‍ ഉള്ളവര്‍ കുറവാണ് എന്നതും ഇവിടെ പ്രസക്തമാണ്. സ്ത്രീ പ്രതിനിധാനങ്ങളില്‍ ഭൂരിഭാഗവും സവര്‍ണതയെ പ്രതിനിധീകരിക്കുന്നവരാണ്. സവര്‍ണ പുരുഷനില്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇവിടത്തെ അധികാര രൂപം പിതൃമേധാവിത്വത്തെക്കാള്‍ സവര്‍ണ മേധാവിത്വമാണെന്നും ബ്രാഹ്മണ്യത്തിന്റെ പുറന്തള്ളലുകളാണ് രാജ്യമെമ്പാടും പ്രതിഫലിക്കുന്നതെന്നുമുള്ള വസ്തുത അദൃശ്യവല്‍ക്കരിക്കുന്നത് വലിയ വിഭാഗം ജനതയെയാണ് ബാധിക്കുന്നത്. ജാതിയെ അദൃശ്യമാക്കുന്ന വിശകലനങ്ങള്‍ സവര്‍ണ അജണ്ടകള്‍ മാത്രമാണ്. സ്ത്രീകളെ മ്ലേച്ഛരായി കരുതുന്ന ബ്രാഹ്മണ്യഘടനയുടെ തകര്‍ക്കലിനെപ്പറ്റി സംസാരിക്കാതെ, അതിനെ പ്രായോഗികതയില്‍ വരുത്താതെ ഇന്ത്യയില്‍ ജനാധിപത്യ പ്രാതിനിധ്യമെന്നത് കേവലം സ്വപ്നമായി അവശേഷിക്കും.

കേവലമായ കൂട്ടിച്ചേര്‍ക്കലുകള്‍ അല്ലാതെ ജനാധിപത്യവല്‍ക്കരണത്തിന് ആവശ്യം മണ്ഡല പുനര്‍നിര്‍ണയങ്ങള്‍ ആണ്. ഇപ്പോഴത്തെ ഘടന ജാതിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ളവയല്ല. കോമണ്‍/ ജനറല്‍ ആയ സീറ്റുകള്‍ എല്ലാം സവര്‍ണര്‍ക്ക് മാത്രമായി സ്ഥിരമായി സംവരണം ചെയ്യപ്പെടുന്ന അവസ്ഥയാണ് എല്ലാ മേഖലകളിലും കാണുന്നത്. നിയമസഭയില്‍ ജനസംഖ്യാ പ്രാതിനിധ്യത്തിന് മുകളിലാണ് മന്ത്രിമാരായിട്ടാണെങ്കിലും അല്ലാത്ത സ്ഥാനങ്ങളില്‍ ആണെങ്കിലും സവര്‍ണരെ കേരളത്തിലും ഇന്ത്യയില്‍ പൊതുവായും കാണുന്നത്. എസ്‌സി/ എസ്ടി സംവരണ സീറ്റുകള്‍ പോലും അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടാണ് സ്ത്രീസംവരണത്തിന് അവര്‍ സീറ്റുകള്‍ കണ്ടെത്തുന്നത് എന്നത് പോലും പുറന്തള്ളല്‍ രാഷ്ട്രീയത്തിന്റെ ബാക്കിപ്പതിപ്പാണ്. സവര്‍ണ പുരുഷന്‍മാര്‍ അടക്കിഭരിക്കുന്ന ഇവിടത്തെ ജാതിഘടനയുടെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കേവലം സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കി കൊണ്ടുള്ളവ മാത്രമല്ല, മറിച്ച് എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടുള്ളവ ആവേണ്ടതുണ്ട്. ബ്രാഹ്മണ്യം പുറന്തള്ളുന്നത് സ്ത്രീകളെ മാത്രമല്ല എന്നുള്ളത് തന്നെയാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്.

അങ്ങനെയുള്ള അവസ്ഥയില്‍, സാമുദായിക പ്രാതിനിധ്യത്തിനുള്ളില്‍ തന്നെ സമാന്തരമായി പ്രാതിനിധ്യം നിര്‍ണയിക്കപ്പെടേണ്ട ഒന്നാണ് ലിംഗ പ്രാതിനിധ്യം. ’33 ശതമാനം പ്രാതിനിധ്യം സ്ത്രീകള്‍ക്ക്’ എന്നു പറയുമ്പോള്‍ തന്നെ അതില്‍ ‘ഏത് സ്ത്രീകള്‍’ എന്ന ചോദ്യം തന്നെയാണ് ആദ്യം വരുന്നത്. സവര്‍ണ സ്ത്രീകള്‍ മാത്രം എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കുകയും മര്‍ദ്ദക സവര്‍ണ ഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ജനാധിപത്യത്തെ തളര്‍ത്തുകയും ചെയ്യുന്നതിലേക്കും ഇപ്പോഴത്തെ ഘടന സഹായകമാവും. അതിനെതിരേ ഇന്റര്‍സെക്ഷണല്‍ ആയി പല വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ നിലകൊണ്ടിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയമായ മുന്നേറ്റം ഒരു വിഭാഗം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടേതാണ്. ഗ്രേസ് ബാനു തുടങ്ങിയ ട്രാന്‍സ് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ അവര്‍ 2018ലെ ട്രാന്‍സ്‌ജെന്‍ഡര്‍ ബില്ലിന് എതിരേ വാദിച്ചു. മറ്റ് കാര്യങ്ങളോടൊപ്പം അവര്‍ ഉയര്‍ത്തിയത് എസ്‌സി/എസ്ടി, ഒബിസി, ട്രാന്‍സ് വ്യക്തികള്‍ക്ക് സമാന്തര സംവരണം വേണമെന്ന ആവശ്യമാണ്.

ജനാധിപത്യ പ്രാതിനിധ്യത്തിന് ഭീഷണിയായ സവര്‍ണ അധീശത്വമാണ് ഇന്ത്യയില്‍ ജനാധിപത്യമെന്ന പേരില്‍ നടക്കുന്നത്. ഇവിടെയുള്ളത് ജനസംഖ്യാ പ്രാതിനിധ്യം മറികടക്കുന്ന സവര്‍ണപ്രാതിനിധ്യവും അതില്‍ നിന്നും പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന വര്‍ണബാഹ്യരായ ജനതയുമാണ്. രാമരാജ്യ സ്ഥാപനത്തിലേക്കും നയിച്ചത് ഇതേ ജനാധിപത്യ ധ്വംസനങ്ങള്‍ തന്നെയാണ്. അടിമുടി സവര്‍ണമായിരിക്കുന്ന രാജ്യത്ത്, സവര്‍ണ അധീശത്വം ഭരിക്കുന്ന രാജ്യത്ത്, സവര്‍ണമേധാവിത്വത്തെ കുറിക്കുന്ന ഒരു ബിംബം രാജ്യത്തെ കുറിക്കുന്ന ബിംബമായി സ്ഥാപിക്കപ്പെട്ടു എന്നത് ഒരു അത്ഭുതവുമല്ല. സ്ത്രീകളുടെ പ്രാതിനിധ്യമില്ലായ്മ ഇവിടത്തെ സവര്‍ണ അധീശത്വത്തിന്റെ തുടര്‍ച്ചയായി പുനര്‍നിര്‍വചിക്കുകയാണ് ജനാധിപത്യ പ്രാതിനിധ്യത്തിലേക്കുള്ള ഒരു പടി. ജാതി സെന്‍സസിലൂടെ അതിലേക്കുള്ള വഴി തുറക്കാമെന്നിരിക്കെ അതിനു വേണ്ടി ശബ്ദിച്ചു കൊണ്ടേയിരിക്കുക എന്നത് പ്രാതിനിധ്യമില്ലാത്തവരുടെ പ്രധാന ആവശ്യവുമാണ്.

(കടപ്പാട് മറുവാക്ക്)

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply