അര്‍ബന്‍ ഇടതു രാഷ്ട്രീയ ഭാഷയുടെ ചരിത്ര നിരാസം

‘ഹിറ്റ്ലര്‍ സ്ഥാപിച്ച നാസി രാഷ്ട്രം പോലെ ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.’

വി ഡി ഗോള്‍വാള്‍ക്കര്‍

‘ഇടതുപക്ഷ’ ഭാഷയുടെ ചരിത്രപരമായ പങ്ക് പരിശോധിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തെ, പ്രത്യേകിച്ച് മഹാത്മാഗാന്ധിയെ കമ്മ്യൂണിസ്റ്റുകള്‍ ആക്ഷേപിക്കുന്നത് തുടര്‍ന്നു കൊണ്ടിരുന്ന കാലം. 1930 മാര്‍ച്ചില്‍ കോണ്‍ഗ്രസ് ഒരു ബഹുജന പ്രസ്ഥാനം ആരംഭിച്ചപ്പോള്‍, കമ്മ്യൂണിസ്റ്റുകള്‍ വിട്ടുനില്‍ക്കുകയും കോണ്‍ഗ്രസിനെ ‘അധ്വാനിക്കുന്ന ജനങ്ങളുടെ മൗലിക താല്‍പ്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മുതലാളിമാരുടെ വര്‍ഗ്ഗ സംഘടന’ എന്ന് മുദ്ര ചാര്‍ത്തുകയും ചെയ്തു. സോവിയറ്റ് യൂണിയനില്‍ നിന്ന് ഒഴുകുന്ന സാമ്പത്തിക സഹായത്തോടെ ട്രെയ്ഡ് യൂണിയന്‍ പ്രസ്ഥാനങ്ങളിലും, സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളിലും പിന്നീട് എന്തുണ്ടായി എന്ന് നമുക്ക് അറിയാവുന്നതാണ്.

1935-ല്‍ സാഹചര്യങ്ങള്‍ പെട്ടെന്ന് മാറുന്നു. നാസി ജര്‍മ്മനിയുടെ സൈനികവല്‍ക്കരണവും ഉയര്‍ന്നുവരുന്ന ബോള്‍ഷെവിക് വിരുദ്ധ സ്വരവും സോവിയറ്റ് യൂണിയനെ ഭയപ്പെടുത്തി. ഫ്രാന്‍സിലെയും ബ്രിട്ടനിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളോട് ‘എല്ലാ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടേയും വിശാല ദേശീയ മുന്നണി’ക്കായി തങ്ങളുടെ സര്‍ക്കാരുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കോമിന്റേണ്‍ (കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍) അഭ്യര്‍ത്ഥിച്ചു. ഈ ചരിത്രമെല്ലാം നാം കൈവിട്ടു കളയേണ്ടതോ ശീതീകരിച്ചു വെക്കേണ്ടതോ ആയ ചിന്തകളല്ല.

അതുകൊണ്ട് ഇപ്പോള്‍ ഇന്ത്യ നേരിടുന്ന ഹിന്ദുത്വ ഫാസിസ്റ്റ് വെല്ലുവിളികളെ, എങ്ങനെ നേരിടണമെന്ന് കൃത്യമായ പദ്ധതികള്‍ ഉണ്ടാകണം. അധിവാസവും ജീവന്‍ തന്നെയും വെല്ലുവിളി നേരിടുന്ന മുസ്ലിങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയും ഭീതിതമായ ആകുലതകളെ അഭിസംബോധന ചെയ്യണം. ആര്‍എസ്എസ് രൂപംകൊണ്ട കാലത്തൊന്നും പൊതു രാഷ്ട്രീയ ജീവിതത്തില്‍ അതിനെ നേരിടാതിരുന്ന നമ്മുടെ രാഷ്ട്രീയ പരാജയം ഈ വൈകിയ വേളയിലെങ്കിലും അംഗീകരിക്കുകയാണ് നാനാതരത്തിലുള്ള ഇടതുപക്ഷങ്ങള്‍ ഇപ്പോള്‍ ചെയ്യേണ്ടത്.

ഭയാനകമായ ഇത്തരം ഒരു പ്രതിപ്രയാണത്തെ നേരിടേണ്ടതിനെക്കുറിച്ച് ആപേക്ഷിക രാഷ്ട്രീയത്തിന്റെയും, താരതമ്യ വിശകലനങ്ങളുടെയും കാല്പനിക ലോകത്തിരുന്ന് ചരിത്ര വിരുദ്ധമായി പറഞ്ഞു പുളകം കൊള്ളാന്‍ നമുക്ക് കഴിയില്ല.

ജര്‍മ്മനിയിലെ ഏറ്റവും വലിയ മാധ്യമ മുതലാളി- രണ്ട് വലിയ ദേശീയ പത്രങ്ങളുടെ ഉടമയും റേഡിയോയുടെ മേല്‍ വന്‍ നിയന്ത്രണം നിര്‍വഹിച്ച ആളുമായ ആല്‍ഫ്രഡ് ഹംഗന്‍ബര്‍ഗിന്റെ ഇന്ത്യന്‍ പതിപ്പാണ് ഗൗതം അദാനി എന്നു പോലും ഫാസിസ്റ്റ് വിരുദ്ധ ചര്‍ച്ചകളിലും പ്രസംഗങ്ങളിലും നാം മനസ്സിലാക്കാതെ പോകുന്നു.

മുസ്ലീങ്ങള്‍ മതപരമായ ശത്രുക്കളായ ബ്രാഹ്മണ ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഹിന്ദു രാഷ്ട്രമായ ഒരു ഇന്ത്യന്‍ രാഷ്ട്രം എന്ന ആശയം അവര്‍ സ്ഥാപിക്കുമ്പോള്‍, അതിനെ കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുന്ന, ഹിന്ദുത്വ ഫാസിസം ഇന്ന് അതിന്റെ പരകോടിയിലെത്താന്‍ സ്വീകരിച്ച ചരിത്രപരമായ പാത ഏതെന്ന് മനസ്സിലാക്കാത്ത അഭിപ്രായ പ്രകടനങ്ങളാണ് പലപ്പോഴും കേള്‍ക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇറ്റാലിയന്‍ – ജര്‍മ്മന്‍ ഫാസിസത്തേക്കാളും അടിയുറപ്പും ചരിത്ര പാരമ്പര്യവുമുള്ള പ്രത്യയശാസ്ത്രമാണ് ഹിന്ദുത്വം. അതുകൊണ്ടാണ് മനുവിനേക്കാള്‍ എത്രയോ പാവമാണ് ഹിറ്റ്‌ലര്‍ എന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞത്. സോഷ്യലിസ്റ്റുകള്‍ക്ക് ദേശീയത പോരെന്ന ആശയം പ്രചരിപ്പിച്ചാണ് മുസോളിനി രംഗം കീഴടക്കിയത്. ഗ്രാമങ്ങളില്‍ തൊഴിലാളിവര്‍ഗ രാഷ്ട്രീയം ശക്തിപ്പെട്ടതിനോടുള്ള കാര്‍ഷികമുതലാളിത്തത്തിന്റെയും ഭൂവുടമകളുടെയും പ്രതികരണം എന്ന നിലയിലായിരുന്നു ഇറ്റലിയില്‍ ഫാസിസം ശക്തി പ്രാപിച്ചത് എന്ന് ഗ്രാംഷി പറയുന്നുണ്ട്.

എന്നാല്‍ ഇത്തരത്തിലുള്ള ലളിതമായ വിശകലനത്തിന് വഴങ്ങുന്നതല്ല ഹിന്ദുത്വ ഫാഷിസത്തിന്റെ ആവിര്‍ഭാവ ചരിത്രം എന്നു മനസ്സിലാക്കാത്ത അവസ്ഥ രാഷ്ട്രീയ ദൈന്യതയുടെ സൂചനയാണ് . ഇതിനെക്കാള്‍ സങ്കീര്‍ണമായ ഒരു രാഷ്ട്രീയമാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഘടന. പ്രത്യേകിച്ച് 1857നു ശേഷമുള്ള ദേശീയബോധ നിര്‍മ്മിതിയുടെ പ്രത്യയശാസ്ത്ര അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുമ്പോള്‍ അത് കൂടുതല്‍ ബോധ്യമാകും.

ഇന്ത്യന്‍ രാഷ്ട്രീയ സാംസ്‌കാരിക ദേശീയത അതിരുകളിലേക്ക് തള്ളി മാറ്റിയ ദളിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയാസ്തിത്വത്തെയും സ്വത്വപരമായ പ്രാതിനിധ്യത്തേയും, രാഷ്ട്രീയ കര്‍തൃത്വത്തേയും സംരക്ഷിക്കുന്ന ഒരു ഭരണഘടനക്ക് അംബേദ്കറും കോണ്‍ഗ്രസും പല വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ രൂപംകൊടുത്തു എന്നതില്‍ നിന്നാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ അതിന്റെ പ്രത്യയശാസ്ത്ര പ്രാധാന്യം വ്യാഖ്യാനിക്കുന്നതും, രാഷ്ട്രീയ പ്രയോഗം നിര്‍വ്വചിക്കുന്നതും

ചുരുക്കത്തില്‍ ഹിന്ദുത്വ – സോഷ്യല്‍ ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെ ഐക്യമുന്നണി എന്ന ചരിത്രപരമായ ദൗത്യം പോലും തടസ്സപ്പെടുത്തുന്ന, ചരിത്രത്തെ പഠിക്കാതിരിക്കുകയും വിസ്മരിക്കുകയും ചെയ്യുന്ന കാല്പനികവും വൈകാരികവുമായ പ്രസ്താവനകള്‍ അപകടകരമായ പ്രതിലോമ രാഷ്ട്രീയ അന്തരീക്ഷമാണ് സൃഷ്ടിക്കുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply