വടകരയില്‍ വീശിയത് മുസ്ലിം വിരുദ്ധതയും സ്ത്രീവിരുദ്ധതയും

ഏറെ ദിവസങ്ങളായി കേരളത്തിലെ രാഷ്ട്രീയ മേഖലയിലെ പ്രധാന ചര്‍ച്ചാ വിഷയം വടകരയാണ്. അതാകട്ടെ ഗുണാത്മകമായ രീതിയിലല്ല, തികച്ചും നിഷേധാത്മകവും പ്രതിലോമകരവുമായ രീതിയിലാണുതാനും. ചര്‍ച്ചകളില്‍ നിന്ന് അവസാനം സ്‌ഫോടകവസ്തു എറിയുന്നതുവരെ എത്തിനില്‍ക്കുകയാണ് കാര്യങ്ങള്‍. ഈ സാഹചര്യത്തിലാണ് വോട്ടെണ്ണലിനു മുമ്പ് സര്‍വ്വകക്ഷിയോഗം ചേരണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു വന്നിരിക്കുന്നത്.

തികച്ചും സ്വാഗതാര്‍ഹമായ നിര്‍ദ്ദേശമാണത്. അത്തരത്തിലൊരു നീക്കമൊന്നും ഉണ്ടായില്ലെങ്കില്‍ വോട്ടെണ്ണലിനുശേഷം എന്തും സംഭവിക്കാവുന്ന അന്തരീക്ഷമാണ് അവിടെ നിലനില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും ഭയമുണ്ട്. അത്തരമൊരു പൂര്‍വ്വചരിത്രം ഈ പ്രദേശത്തിനുണ്ടെന്നതും മറക്കാനാകില്ലല്ലോ. മണ്ഡലത്തില്‍ അടുത്തുണ്ടായ സംഭവവികാസങ്ങളുടെ അടിയൊഴുക്ക് മുസ്ലിം വിരുദ്ധതയും സ്ത്രീവിരുദ്ധതയുമാണെന്നത് വ്യക്തം. അതാകട്ടെ പൊതുവില്‍ പറഞ്ഞാല്‍ മലയാളികളുടെയെല്ലാം ഉള്ളില്‍ എപ്പോള്‍ വേണമെങ്കിലും പുറത്തുവരാവുന്ന അവസ്ഥയില്‍ നിറഞ്ഞുനില്‍ക്കുകയാണ. അതാണ് വടകരയില്‍ ഉണ്ടായത്. തീര്‍ച്ചയായും അതിന്റെ ആരംഭം കോണ്‍ഗ്രസ് കെ മുരളീധരനുപകരം ഷാഫി പറമ്പിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ്. ഷാഫിയെന്ന പേരില്‍ ഒരാള്‍ വരുന്നുണ്ട് എന്ന ഒരു ഇടതുപ്രൊഫൈലിലെ സ്വാഗത വചനമാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് പറയപ്പെടുന്നത്. പിന്നീട് അത് പലരും ഏറ്റടുക്കുകയും തങ്ങളാലാവുന്ന രീതിയില്‍ വികസിപ്പിക്കുകയും ചെയ്തു. ഇതെന്താ പാക്കിസ്ഥാനോ എന്ന ബിജെപിയുടെ പ്രചാരണത്തെപോലും കടത്തിവെട്ടുന്ന മുസ്്‌ലിം വിരുദ്ധത പല ഇടതുപ്രൊഫൈലുകളിലും പ്രത്യക്ഷപ്പെട്ടു. കെ എന്‍ ഗണേഷിനെ പോലുള്ള ചരിത്രകാരന്മാര്‍ പോലും അത്തരത്തില്‍ പ്രതികരിച്ചു. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനു പകരം പല യുഡിഎഫ് പ്രൊഫൈലുകളും ചെയ്തത് കെ കെ ഷൈലജയെ സ്ത്രീയെന്ന രീതിയില്‍ അധിക്ഷേപിക്കുകയായിരുന്നു. അതാകട്ടെ പലതും ലൈംഗികാധിക്ഷേപങ്ങളായിരുന്നു. അവസാനമത് കെ എസ് ഹരിഹരനെപോലുള്ള ഒരാള്‍ നടത്തിയ ലൈംഗികാധിക്ഷേപം വരെയെത്തി. തുടര്‍ന്നാണ് ഹരിഹരന്റെ വസതിയിലേക്ക് സ്‌ഫോടകവസ്തുവേറ് നടന്നത്. ഇപ്പോഴാണെന്നു തോന്നുന്നു നേതാക്കള്‍ കാര്യങ്ങളുടെ ഗൗരവം ബോധ്യമായത്. അതാണ് ഇപ്പോള്‍ സര്‍വ്വകക്ഷിയോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമെന്നുവേണം കരുതാന്‍.

സംഘപരിവാറിനെ പിന്തുടര്‍ന്ന് വയനാട്ടിലെ പ്രചാരണത്തില്‍ യുഡുഎഫ് ലീഗിന്റെ കൊടി ഉപയോഗിക്കാതിരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച ഇടതുനേതാക്കള്‍ക്ക് വടകരയില്‍ ലീഗിന്റെ സാന്നിധ്യമാണ് പ്രശ്‌നമായത്. കേരളത്തിലെ എല്ലാ സീറ്റിലും യുഡിഎഫ് മത്സരിക്കുന്നു, എല്ലായിടത്തും ലീഗ് ഘടകകക്ഷിയാണ്, വടകരയില്‍ മുരളീധരനടക്കം ഹിന്ദവിഭാഗത്തില്‍ പെട്ട എല്ലാ മുന്‍ എംപിമാരുടടേയും പ്രചാരണത്തില്‍ ലീഗ് മുന്‍നിരയിലുണ്ടായിരുന്നു എന്നറിയാത്തവര്‍ ആരെങ്കിലുമുണ്ടോ? എന്നിട്ടും വടകരയില്‍ ലീഗ്, ഷാഫിക്കായി പ്രവര്‍ത്തിക്കുന്നതിനെയാണ് ഇസ്ലാമോഫോബിയ പടര്‍ത്തി അധിക്ഷേപിക്കാനുള്ള ശ്രമം നടന്നത്. അതുപോലെ തന്നെയാണ് സംസ്ഥാനത്തെ എ്ല്ലാ സീറ്റിലും വേല്‍ഫെയര്‍ പാര്‍ട്ടി, എസ് ഡി പി ഐ പോലുള്ള പാര്‍ട്ടികല്‍ യുഡിഎഫിനെ പിന്തുണക്കുമ്പോഴും വടകരയില്‍ മാത്രം അതിനെതിരെ രംഗത്തെത്തിയത്. ഈ പാര്‍ട്ടികള്‍ പലപ്പോഴും എല്‍ഡിഎഫിനേയും പിന്തുണച്ചവയാണെന്ന് ആര്‍ക്കാണറിയാത്തത്? ലീഗിനായി എപ്പോഴും വാതില്‍ തുറന്നു വെച്ചാണ്, അതിലൂടെ കേറിവരാത്തതിനാലാണ് അവരുടെ കൊടിയെ പാക്കിസ്ഥാന്‍ കൊടിയായി അധിക്ഷേപിക്കുന്നതുവരെ കാര്യങ്ങളെത്തുന്നതെന്നതാണ് ഏറ്റവും ഖേദകരം. വളരെ ആഴത്തിലുള്ള മുറിവാണ് ഇതു വടകരയിലെ സാമൂഹ്യജീവിതത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍വ്വകക്ഷിയോഗത്തെ കുറിച്ച് സിപിഎമ്മും ലീഗും ചര്‍ച്ച നടത്തി എന്ന വാര്‍ത്ത ആശ്വാസകരമാണ്.

ഇതിന്റെ മറുവശമാണ് പല യുഡിഎഫ് ഫയലുകളില്‍ നിന്ന് ഷൈലജക്കെതിരെ വന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ആദ്യമത് കൊവിഡ് കള്ളി എന്നൊക്കെയായിരുന്നു. കള്ളി എന്ന വാക്ക് മാറ്റി നിര്‍ത്തിയാല്‍ ആ ആരോപണം നമ്മുടെ പൊതുമണ്ഡലത്തില്‍ നിലനില്‍ക്കുന്നതാണെന്നു വാദിക്കാം. എന്നാല്‍ തുടര്‍ന്നാണത് ലൈംഗികാധിക്ഷേപത്തിലേക്ക് മാറിയത്. അവയില്‍ ചിലതെങ്കിലും വ്യാജ പ്രൊഫൈലുകളാകാം. അപ്പോഴും ഇത്തരം പ്രചാരണങ്ങള്‍ അരുതെന്ന് ഷാഫിയടക്കമുള്ളവര്‍ പറയേണ്ട സമയത്ത് പറഞ്ഞില്ല എന്ന വിമര്‍ശനമുണ്ട്. ഇതെല്ലാം ചേര്‍ന്ന് തെരഞ്ഞെടുപ്പു പ്രചാരണരംഗത്തെ വളരെ മോശപ്പെട്ട് അവസ്ഥയിലെത്തിച്ചു. കഴിഞ്ഞില്ല. തെരഞ്ഞെടുപ്പിനു ശേഷവും അതു തുടര്‍ന്നു. തങ്ങളുടെ പക്ഷം വിശദീകരിക്കാന്‍ ഇരുവിഭാഗങ്ങളും നടത്തിയ യോഗങ്ങള്‍ പ്രശ്‌നത്തെ കൂടുതല്‍ രൂക്ഷമാക്കി. ഷാഫിക്കെതിരെ രൂക്ഷമായ അധിക്ഷേപങ്ങള്‍ എ എ റഹിം നടത്തിയത് കേരളം കേട്ടു. അതിനു ബദലായി യുഡിഎഫ് നടത്തിയ യോഗത്തിലാണ് ഷൈലജക്കെതിരെ വളരെ മോശം പരാമര്‍ങ്ങളുമായി ഹരിഹരന്‍ രംഗത്തെത്തിയത്. ഒപ്പം ഒരു കാര്യവുമില്ലാതെ നടി മഞ്ജുവാര്യരേയും വലിച്ചിഴച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഹരിഹരന്‍ പറഞ്ഞതുപോലേയോ അതിനേക്കാള്‍ രൂക്ഷമായ രീതിയിലോ പൊതുരംഗത്തുള്ള സ്ത്രീകളെ അധിക്ഷേപിച്ച നിരവധി നേതാക്കള്‍ കേരളത്തിലുണ്ട്. അവരില്‍ മിക്കവരും തെറ്റു പറ്റിയെന്നു പറയാന്‍ തയ്യാറായിട്ടില്ല. അവരുടെ പാര്‍ട്ടികള്‍ തള്ളിപ്പറഞ്ഞിട്ടില്ല. അണികള്‍ ന്യായീകരിച്ചിട്ടേ ഉള്ളു. അതില്‍ നിന്നു വ്യത്യസ്ഥമായി തെറ്റു തുറന്നു സമ്മതിക്കാന്‍ ഹരിഹരനും തള്ളിപ്പറയാന്‍ പാര്‍ട്ടിയും തയ്യാറായത് സ്വാഗതാര്‍ഹമാണ്. അപ്പോഴും സംസ്ഥാനത്ത് ഏറ്റവുമധികം അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുള്ള കെ കെ രമ നയിക്കുന്ന പാര്‍ട്ടിയുടെ നേതാവാണ് ഹരിഹരന്‍. കേരളത്തിലെ പുരോഗമന മേഖലകളിലെല്ലാം അദ്ദേഹം സാന്നിധ്യമുണ്ട്. എന്നിട്ടുപോലും ഇത്തരമൊരു സംഭവമുണ്ടായത് ലിംഗനീതി വിഷയത്തില്‍ നമ്മളെവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ പ്രഖ്യാപനമാണ്. മറുവശത്ത് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുന്നു എന്ന സ്ത്രീവിരുദ്ധമായ വ്യാജപ്രചാരണം നടത്തിയത് ഇടതുപക്ഷമാണെന്നതും മറക്കരുത്. ഒരു പാര്‍ട്ടിയുടേയും ജില്ലാതല നേതാവായിപോലും സ്ത്രീകളില്ല, ജനപ്രതിനിധികളില്‍ സ്ത്രീകളുടെ എണ്ണം തുലോം തുച്ഛമാണ്, പല സംസ്ഥാനത്തും വനിതാ മുഖ്യമന്ത്രിമാരുണ്ടായിട്ടും ഇവിടെയതില്ല എന്നതൊക്കെ ഇതിന്റെ മറുവശമാണ്.

അടിസ്ഥാനപ്രശ്‌നം തുടക്കത്തില്‍ പറഞ്ഞതുതന്നെ. എത്ര പുരോഗമനം, പ്രബുദ്ധം, മതേതരം എന്നൊക്കെ അവകാശപ്പെട്ടാലും അടിമുടി ഇസ്ലാമോഫോബിക്കും സ്ത്രീവിരുദ്ധവുമായ സമൂഹമാണ് നമ്മുടേത്. അവിടെയാണ് ചികിത്സ വേണ്ടത്. അതിന്റെ തുടക്കമായി വടകരയിലെ സര്‍വ്വകക്ഷിയോഗം മാറുകയാണെങ്കില്‍ വളരെ നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply