സ്ത്രീസംരക്ഷണം മുഖ്യ അജണ്ട… എന്നിട്ടോ?

ബേഠി പഠാവോ; ബേഠി ബചാവോ

(പെണ്‍കുട്ടികളെ പഠിപ്പിക്കൂ, പെണ്‍കുഞ്ഞുങ്ങളെ രക്ഷിക്കൂ)

സ്ത്രീകളുടെ സംരക്ഷണം ബിജെപിയുടെ മുഖ്യ അജണ്ടയാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് മോദി മുന്നോട്ടുവെച്ച മറ്റൊരു മുദ്രാവാക്യമാണിത്. 2015ല്‍ ആരംഭിച്ച ഈ പദ്ധതിയുടെ പ്രധാനലക്ഷ്യമായി സൂചിപ്പിക്കുന്നത് ആണ്‍-പെണ്‍ ലിംഗാനുപാത നിരക്ക് വര്‍ദ്ധിപ്പിച്ചും, ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിലുള്ള ഗര്‍ഭഛിദ്രം കുറച്ചു കൊണ്ടും പെണ്‍കുട്ടികളുടെ സംരക്ഷണം ഉറപ്പു വരുത്തുക എന്നതാണ്.

848 കോടി രൂപ അനുവദിച്ചുകൊണ്ട് രാജ്യത്തെ 405 ജില്ലകളിലാണ് ഇത് ആദ്യം നടപ്പാക്കുവാന്‍ ആരംഭിച്ചത്. പരസ്യങ്ങള്‍ക്കും പദ്ധതി നടപ്പിലാക്കുന്നതിനായും ചെലവഴിക്കേണ്ട തുകയുടെ വ്യക്തമായ വേര്‍തിരിവ് ഉണ്ടായിരുന്നിട്ടും, ഫണ്ടുകളുടെ വിനിയോഗം അങ്ങിനെയല്ല നടന്നിരിക്കുന്നത് എന്ന് കാണാം. 2016-2019 കാലയളവില്‍ 446.72 കോടി രൂപയില്‍ 78.91 ശതമാനവും ചെലവഴിച്ചത് മാധ്യമ പ്രചാരണങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും വേണ്ടി മാത്രമാണെന്ന് 2022-ല്‍ സ്ത്രീ ശാക്തീകരണത്തിനായുള്ള പാര്‍ലമെന്ററി കമ്മിറ്റി ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2014-15 സാമ്പത്തിക വര്‍ഷം മുതല്‍ 2021-22 വരെ ആകെ പദ്ധതി തുകയായ 740.18 കോടിയില്‍ മീഡിയ കാമ്പെയ്‌നിന്റെ ചെലവ് 401.04 കോടി ആണ് .അതായതു മൊത്തം ചെലവിന്റെ ഏകദേശം 54% ചിലവഴിച്ചതും പ്രചരണ പരിപാടികള്‍ക്ക് വേണ്ടി മാത്രമാണ് എന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പ് വെളിപ്പെടുത്തുന്നു.

ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തിന്റെ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ജനനസമയത്തെ ലിംഗാനുപാതം (sex ratio at birth) മെച്ചപ്പെടുന്ന പ്രവണത ദൃശ്യമാണ് എന്ന് സര്‍ക്കാര്‍ പറയുന്നത്. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ (2019-21) ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനന ലിംഗാനുപാതം 929 ആണ്. അതേസമയം ആരോഗ്യ പ്രവര്‍ത്തകരും സ്ഥാപനങ്ങളും നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഹെല്‍ത്ത് മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (എച്ച്എംഐഎസ്) 2020-21 ലെ കണക്കനുസരിച്ച് ഇത് 937 ആയി കണക്കാക്കുന്നു.

2015-17 കാലയളവിലെ മൂന്ന് വര്‍ഷത്തെ സര്‍വേയെ അടിസ്ഥാനമാക്കി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും ഓഫീസ് (സെന്‍സസ് ഓഫ് ഇന്ത്യ) പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഛത്തീസ്ഗഡ്, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ് എന്നിവയൊഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും പെണ്‍ ശിശുക്കളുടെ മരണനിരക്ക് ആണ്‍ ശിശുക്കളേക്കാള്‍ ഉയര്‍ന്നതായി സര്‍വേയില്‍ പറയുന്നു.

അതേ വര്‍ഷം തന്നെ ഹരിയാനയില്‍ ആരംഭിച്ച SelfieWithDaughter എന്ന പേരിലുള്ള ഒരു പ്രചാരണവും ദേശീയ- അന്തര്‍ദേശീയ തലത്തില്‍ വ്യാപകമായ മാധ്യമ കവറേജ് ലഭിച്ച പരിപാടിയായിരുന്നു. പ്രചരണപ്രവര്‍ത്തനങ്ങള്‍ ഇമേജ് ബില്‍ഡിംഗിനും അപ്പുറത്ത് പെണ്‍കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം, ആരോഗ്യ സുരക്ഷ, ജനനനിരക്ക് എന്നിവയിലൊന്നും കാര്യമായ യാതൊരു മാറ്റങ്ങളും വരുത്താന്‍ പദ്ധതികൊണ്ട് സാധിച്ചില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി മാതൃ വന്ദന യോജന

പദ്ധതികളുടെയും ഫണ്ട് വിനിയോഗത്തിന്റെയും കാര്യത്തില്‍ മറ്റു പല സ്‌കീമുകളിലും സമാനമായ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നതെന്ന് കാണാം. 1980 മുതല്‍ രണ്ട് ഗഡുക്കളായി പാവപ്പെട്ട ഗര്‍ഭിണികള്‍ക്ക് 6,000 രൂപ ധനസഹായം നല്‍കിവരുന്ന ഇന്ദിരാഗാന്ധി മാതൃ സഹയോഗ് യോജന എന്ന പദ്ധതിയാണ് പേര് മാറ്റി 2017 ജനുവരി മുതല്‍, പ്രധാനമന്ത്രി മാതൃ വന്ദന യോജന (PMMVY) ആക്കുന്നത്. ഇതിലാകട്ടെ ഗുണഭോക്താവിനുള്ള തുക 5,000 രൂപയായി കുറയ്ക്കുകയും തവണകളുടെ എണ്ണം 3 ആയി വര്‍ധിപ്പിക്കുകയും ചെയ്തു. സാമ്പത്തിക സഹായം ലഭ്യമാവുന്നതിനു ചെയ്യണ്ട നടപടിക്രമങ്ങളുടെ സങ്കീര്‍ണതകള്‍, ഓരോ ഗഡു ലഭ്യമാക്കുന്നതിനും സമര്‍പ്പിക്കേണ്ട രേഖകള്‍, പദ്ധതിയെ കുറിച്ചുള്ള അറിവില്ലായ്മ എന്നിവയെല്ലാം ആവശ്യക്കാരിലേക്കു ഇതിന്റെ ഗുണഫലങ്ങള്‍ എത്തുന്നതിന് തടസ്സമായി മാറി. 2022-ല്‍ PMMVY, മിഷന്‍ ശക്തി എന്ന പേരിലുള്ള സ്ത്രീ ശാക്തീകരണ പദ്ധതിയുടെ കീഴിലേക്ക് ഉള്‍പ്പെടുത്തി. അടിക്കടിയുള്ള പദ്ധതിയുടെ പേര് മാറ്റലും, അതിന്റെ നിബന്ധനനകളില്‍ വരുന്ന മാറ്റങ്ങളും ഉപഭോക്താക്കളെ വീണ്ടും അപേക്ഷിക്കുന്നതില്‍ നിന്നു വിമുഖരാക്കുന്നുണ്ട്. മറ്റു ചില പദ്ധതികളുമായി നിലവിലിരിക്കുന്ന സ്‌കീമുകളെ സംയോജിപ്പിച്ചും, മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തുകയും അതിന്റെ തുടര്‍ച്ചയായി ആ പ്രത്യേക സ്‌കീമിനായുള്ള ബജറ്റ് വകയിരുത്തല്‍ വെട്ടി ചുരുക്കുകയും ചെയ്യുന്നതിലൂടെ പദ്ധതിയുടെ തുടര്‍ന്നുള്ള നടത്തിപ്പ് വേഗം കുറയുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍, ബജറ്റില്‍ PMMVY 2.0 ന് 2,048 കോടി രൂപയാണ് അനുവദിച്ചത്. ഇത് 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച തുകയേക്കാള്‍ ഏകദേശം 5 ശതമാനം കുറവായിരുന്നു. 2023-24 ബജറ്റില്‍ ആകട്ടെ PMMVYയ്ക്കായി പ്രത്യേക വിഹിതങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല.

കുഞ്ഞുങ്ങളുടെ മരണ നിരക്ക് കുറയ്ക്കുന്നതിനും സുരക്ഷിത പ്രസവം ഉറപ്പു വരുത്തുന്നതിനും വേണ്ടി ആശുപത്രികളിലുള്ള പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കപ്പെട്ട പദ്ധതിയാണ് ജനനി സുരക്ഷാ യോജന (JSY). ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ (HMIS) നിന്നുള്ള പുതിയ ഡാറ്റകള്‍ ആശുപത്രികളിലെ ഡെലിവറികളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ കുറഞ്ഞുവരികയാണെന്ന് സൂചിപ്പിക്കുന്നു.

തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കും എന്നത് മോദി സര്‍ക്കാരിന്റെ ഒരു വാഗ്ദാനമായിരുന്നു. എന്നാല്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കില്‍ സമ്മിശ്രങ്ങളായ ചില മാറ്റങ്ങള്‍ മാത്രമാണ് ദൃശ്യമാവുന്നത്. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്കിലുള്ള സമീപകാല വര്‍ദ്ധനവ് ഗ്രാമീണ മേഖലയിലെ തൊഴില്‍ സാദ്ധ്യതകള്‍ കൂടിയത് കൊണ്ടാവാന്‍ സാധ്യതയില്ലെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക് ടാറ്റ അനാലിസിസ് (CEDA) ചൂണ്ടി കാണിക്കുന്നുണ്ട്. കാരണം ഗ്രാമീണ പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്ത നിരക്കില്‍ അനുബന്ധമായ വര്‍ദ്ധനവ് കാണാന്‍ കഴിയുന്നില്ല എന്ന് അവര്‍ നിരീക്ഷിക്കുന്നു. ‘സ്വയം തൊഴില്‍ ചെയ്യുന്നവര്‍’ എന്ന വിശാലമായ വിഭാഗത്തിന് കീഴിലുള്ള ഗ്രാമീണ സ്ത്രീകളുടെ അനുപാതം വര്‍ധിച്ചതാണ് 2017-18ല്‍ 55.9% ആയിരുന്ന സ്ത്രീ തൊഴില്‍ സേന പങ്കാളിത്ത നിരക്ക് 2022-23ല്‍ 70.1% ആയി ഉയരുന്നതിനു കാരണമായതെന്ന് പഠനം വിലയിരുത്തുന്നുണ്ട്. കൂലിയില്ലാതെ ജോലി ചെയ്യുന്നവരും, കൃഷിയിലും അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഉള്ള പങ്കാളിത്തവും സ്വയം തൊഴിലായി കണക്കാക്കുന്നു. പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വ്വേ ഈ സ്വയം തൊഴില്‍ ചെയ്യുന്നവരെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കുന്നുണ്ട്. തൊഴില്‍ ദാതാവ്, സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ (Own-account വര്‍ക്കേഴ്സ്), ശമ്പളമില്ലാത്ത സഹായി എന്നിവയാണവ. Own-account വര്‍ക്കേഴ്സ് ഒരു വ്യക്തി സ്വയം ഏറ്റെടുത്തു ചെയ്യുന്ന സംരംഭങ്ങളാണ്, കൂടാതെ ശമ്പളമില്ലാത്ത സഹായികള്‍ സാധാരണയായി കുടുംബ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികളാണ്, അവരുടെ അധ്വാനത്തിന് പ്രതിഫലം ലഭിക്കുന്നുമില്ല. ഈവിധം സ്വയം തൊഴില്‍ ചെയ്യുന്നവരുടെ വിഭാഗത്തിലേക്കുള്ള സ്ത്രീകളുടെ കൂടുതലായുള്ള കടന്നുവരവാണ് സര്‍ക്കാരിന്റെ കണക്കുകളില്‍ സ്ത്രീ തൊഴില്‍ പങ്കാളിത്ത നിരക്ക് വര്‍ധിക്കാന്‍ കാരണമായിരിക്കുന്നത്. ഈ വിശകലനത്തെ സാധൂകരിക്കുന്ന വിധം രാജ്യത്തിന്റെ പ്രാഥമിക മേഖലയില്‍ (കൃഷി, വനം, മല്‍സ്യബന്ധനം) സ്ത്രീ തൊഴില്‍ പങ്കാളിത്തം കൂടിയതായുള്ള കണക്കുകളും കാണാവുന്നതാണ്. കോവിഡ് മഹാമാരി അനൗദ്യോഗിക മേഖലയെ പൂര്‍ണ്ണമായി തകര്‍ത്തു കളയുകയും പിന്നീട് പഴയതുപോലെ ഈ അസംഘടിത തൊഴില്‍ മേഖലയിലേക്ക് സ്ത്രീ തൊഴിലാളികള്‍ക്ക് കടന്നു വരാന്‍ സാധിച്ചിട്ടില്ല എന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply