നിയോ ഫാസിസത്തെ ജാതിസ്വത്വവാദ രാഷ്ട്രീയം കൊണ്ട് നേരിടാനാവില്ല

തൃശൂരില്‍ ഏതാനും ദിവസം മുമ്പ് നടന്ന കെ വേണുവും കാലവും എന്ന പരിപാടിയില്‍ ഹിന്ദുത്വ ഫാസിസവും ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് ശ്രീ. സണ്ണി എം കപീക്കട് നടത്തിയ ചില പരാമര്‍ശങ്ങളോടുള്ള വിയോജി പ്പ് ചര്‍ച്ച ചെയ്യുന്ന ലേഖനമാണിത്.

ഇന്ത്യന്‍ സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഫാസിസ്റ്റ് ഘടനയിലാണെന്നും, അതിന്റെ അടിസ്ഥാനം മനുസ്മൃതിയിലധിഷ്ടിതമായ ജാതിവ്യവസ്ഥയാണെന്നും, ഹിന്ദുത്വരാഷ്ട്രം നിലവില്‍ വന്നാല്‍ അതിന്റെ പ്രധാന ഇരകള്‍ ദലിതരായിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. തീര്‍ച്ചയായും, ഹിന്ദുത്വത്തിന്റെ പ്രധാന ഇരകള്‍ ദലിതരായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, മൂലധന കേന്ദ്രീകരണ ശക്തിക്കും ഭരണകൂടങ്ങളും ചേര്‍ന്നുള്ള സ്വേഛാധികാരഭരണസംവിധാനത്തെ ജാതി വ്യവസ്ഥ പോലെ സ്വയം ജാതകമായതും, പൗരാണിക കാലം തൊട്ട് നിലനില്ക്കുന്നതുമായ സാമൂഹ്യ വ്യവസ്ഥയോട് താരതമ്യപ്പെടുത്തുക വഴി കോര്‍പ്പറേറ്റ് ഫാസിസത്തെ സംബന്ധിച്ച എല്ലാ ചരിത്ര വിശകലനങ്ങളെയും അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹം നിരാകരിക്കുകയാണ്.

ബ്രാഹ്മണ പൗരോഹിത്യത്തിലധിഷ്ഠിത വര്‍ണ്ണ – ജാതി വ്യവസ്ഥയുടെ അടിസ്ഥാന ഘടന സോഷ്യല്‍ ഫാസിസമാണെന്ന കാര്യത്തില്‍ സംശയമില്ല. ഏതെങ്കിലും വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ നേതൃപരമായ ഇടപെടലുകളില്ലാതെ ആചാരാനുഷ്ഠാനങ്ങളിലുടെ ജീവിതക്രമമായി സഹസ്രാബ്ദങ്ങളായി അത് തുടര്‍ന്ന് പോരുന്നു. ഈ സോഷ്യല്‍ ഫാസിസവും ആധുനിക കോര്‍പ്പറേറ്റ് ഫാസിസവും കൂടി ചേര്‍ന്ന് സംയോജിച്ചുണ്ടായ നിയോ ഫാസിസമാണ് ഇന്ന് ഇന്ത്യയില്‍ ആധിപത്യത്തിലുള്ളത്.

നിയോ ഫാസിസം പ്രധാനമായും ന്യൂനപക്ഷങ്ങളെ അപരവത്ക്കരിക്കുകയും പൗരന്മാരായി പോലും കണക്കാക്കാതിരിക്കുകയും ചെയ്യുന്ന വര്‍ത്തമാനകാലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതിനെ സൗകര്യപൂര്‍വ്വം വിസ്മരിച്ച്, സമകാലീന ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വംശീയഭീഷണിയെ കുറച്ചു കാണുക എന്ന രാഷ്ട്രീയ ഭൗത്യം അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് മുകളിലാണ് ജാതിവിവേചനത്തിന്റെ പ്രശ്‌നമെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുക വഴി തന്റെ ജാതിസ്വത്വവാദ രാഷ്ട്രീയത്തിന് ഊന്നല്‍ നല്‍കുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തെ വിലയിരുത്തുന്ന ഹിന്ദുത്വ ഫാസിസം എന്ന രാഷ്ട്രീയ സംജ്ഞയെ ഇത്തരത്തില്‍ വ്യാഖ്യാനിക്കുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഇരകള്‍ നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങളെ വേണ്ട വിധം അഡ്രസ്സ് ചെയ്യുന്നതില്‍ നിന്നും സമൂഹത്തെയും വ്യക്തികളെയും തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ടീയ പ്രവര്‍ത്തനമാണ് അദ്ദേഹം നിര്‍വ്വഹിക്കുന്നത്.

ശ്രീ. സണ്ണി എം കപീക്കാടിന്റെ ജാതിസ്വത്വവാദ രാഷ്ട്രീയത്തെയല്ല, മറിച്ച്, ഇന്ത്യന്‍ ഫാസിസത്തെ കുറിച്ചുള്ള നിലപാടുകളെയാണ് ഇവിടെ വിമര്‍ശന വിധേയമാക്കുന്നത്. ഹിന്ദുത്വ ഫാസിസത്തെ സനാതന ഹിന്ദുത്വമെന്നും പൊളിറ്റിക്കല്‍ ഹിന്ദുത്വമെന്നും രണ്ടായി തരംതിരിക്കാം. അതില്‍ പൊളിറ്റിക്കല്‍ ഹിന്ദുത്വം ദളിതരെയും ആദിവാസികളെയും പിന്നോക്കക്കാരും ചേര്‍ത്ത് നിറുത്തുവാനാണ് ശ്രമിക്കുന്നത്. അതില്‍ ഏറെ കുറെ വിജയിക്കുവാനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പൊളിറ്റിക്കല്‍ ഹിന്ദുത്വത്തിന്റെ കാര്‍മ്മികത്തില്‍ നടത്തപ്പെടുന്ന ഹൈന്ദവീകരണത്തില്‍ ജാതി വൈജാത്യങ്ങള്‍ നിലനില്ക്കുമ്പോഴും വൈരുദ്ധ്യങ്ങള്‍ കുറഞ്ഞുവരുന്നതായി കാണാം. ദലിതരെ സംബന്ധിച്ച് സനാതന ഹിന്ദുത്വമെന്നത് സാമൂഹ്യ നീതിയുടെ പ്രശ്‌നം മാത്രമാണ്. അല്ലാതെ ദലിതരെ വംശീയമായി അപരവത്ക്കരിക്കാനോ ഇല്ലായ്മ ചെയ്യുവാനോ അല്ല അവര്‍ ശ്രമിക്കുന്നത്.

മറിച്ച്, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംബന്ധിച്ച് ഹിന്ദുത്വമെന്നത് അവരുടെ സ്വത്വപരമായ നിലനില്പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ആജന്മവൈരുദ്ധ്യമായി നിലനില്ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . സമീപകാല ഇന്ത്യന്‍ സാഹചര്യങ്ങള്‍ പരിശോധിച്ചാല്‍ ന്യൂനപക്ഷപീഡനത്തിന്റെ തീവ്രത കിരാതമായ ഫാസിസ്റ്റ് ഉന്മാദത്തിന്റെ പാരമ്യത്തിലെത്തിയതായി കാണാം. ശ്രീരാമന്റെ പേരില്‍ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ കലാപങ്ങളിലും, ആള്‍ക്കൂട്ട കൊലപാതകങ്ങളിലും പിന്നോക്ക – ദലിത് സമൂദായങ്ങളുടെ പങ്ക് നിഷേധിക്കാനാവില്ല. ന്യൂനപക്ഷങ്ങളും ദലിത് – പിന്നോക്ക വിഭാഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെ ഹിന്ദുത്വം ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ്. വരും നാളുകളില്‍ ഈ വൈരുദ്ധ്യങ്ങള്‍ മൂര്‍ഛിക്കുവാനാണ് സാധ്യത.

ഇത്തരമൊരു സാമൂഹ്യ സാഹചര്യത്തില്‍ വേണം ജാതിവ്യവസ്ഥയെ നിയോ ഫാസിസവുമായി കൂട്ടി കുഴയ്ക്കുന്ന രാഷ്ട്രീയ ഔചത്യമില്ലായ്മയെ നോക്കി കാണുവാന്‍ . ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല. ഇതിനു പിന്നില്‍ ന്യൂനപക്ഷ വിരുദ്ധമായ വര്‍ത്തമാന ഹൈന്ദവീകരണത്തിന്റെ സനാതന ലക്ഷ്യങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലേയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. പിന്നോക്ക – ദലിത് വിഭാഗങ്ങളില്‍ അതിവേഗം വളര്‍ന്നു വരുന്ന ഇസ്ലാമോഫോബിയയെ ആ അര്‍ത്ഥത്തില്‍ വേണം മനസ്സിലാക്കുവാന്‍ ‘

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വര്‍ത്തമാന സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന വംശീയഭീഷണിയെ കൃത്യമായി അടയാളപ്പെടുത്തുന്നതിന് പകരം വിദൂരഭാവിയില്‍ പോലും യാഥാര്‍ത്ഥ്യമാകുവാനിടയില്ലാത്ത ബ്രാഹ്മണ രാഷ്ട്രത്തിന്റെ ഇരകള്‍ ഭലിതരായിരിക്കുമെന്ന് ആകുലപ്പെടുന്ന ശ്രീ സണ്ണി എം കപീക്കാട് നിലവില്‍ വംശീയഭീഷണി നേരിടുന്ന ന്യൂനപക്ഷങ്ങളുടെ ആശങ്കളെ അവഗണിക്കുകയാണ്. ഒപ്പം കമ്മ്യൂണിസ്റ്റ് സോഷ്യല്‍ ഫാസിസത്തെ കുറിച്ച് നിശബ്ദത പാലിക്കുന്നു. ഒരു ജനത എന്ന നിലയില്‍ സൂമൂഹത്തെ ഒന്നിക്കുവാന്‍ അനുവദിക്കാതെ വിഭജിച്ച് ആശ്രീതസാമൂഹ്യവിഭാഗങ്ങളെ സൃഷ്ടിച്ചു കൊണ്ടാണ് സോഷ്യല്‍ ഫാസിസം നിലനില്ക്കുന്നത്. ദലിത് വിഭാഗത്തെ തങ്ങളുടെ ആശ്രിത സമൂഹമായിട്ട് കണക്കാക്കുന്ന CPIM ജാതി സ്വത്വ രാഷ്ട്രീയത്തിന്റെ ഒളിസങ്കേതമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്ന് സണ്ണി എം കപീക്കാടിനെ പോലുള്ള ദലിത് ആക്ടിവിസ്റ്റുകള്‍ കാണുന്നില്ല. ദലിതരെ അവരുടെ രാഷ്ട്രീയ അടിമത്വത്തില്‍ തുടരുവാന്‍ പ്രേരിപ്പിക്കുക എന്ന അക്ഷന്തവ്യമായ കുറ്റമാണ് ഇതിലൂടെ ചെയ്യുന്നത്

എല്ലാത്തരം സമഗ്രാധിപത്യ ദര്‍ശനങ്ങളും ഫാസിസമാണ്. അധികാരവുമായി ബന്ധപ്പെട്ടാണ് ഫാസിസം പ്രവര്‍ത്തനക്ഷമമാകുന്നത്. ഹിന്ദുത്വ ഫാസിസം പോലെ തന്നെ കമ്മ്യൂണിസ്റ്റ് സോഷ്യല്‍ ഫാസിസവും ജനാധിപത്യത്തിനും മാനവികതയ്ക്കുമെതിരായാണ് പ്രവര്‍ത്തിക്കുന്നത്. ബ്രാഹ്മണ്യത്തിന്റെ സൃഷ്ടിയായ ജാതിവ്യവസ്ഥ നൂറ്റാണ്ടുകളോളം ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ തടസ്സപ്പെടുത്തിയതുപോലെ കമ്മ്യൂണിസവും ജനാധിപത്യ വികാസത്തെ തടഞ്ഞുനിറുത്തിയതായി മനസ്സിലാക്കാം. എന്നാല്‍ ആധുനിക ജനാധിപത്യ സൂഹമായി പരിവര്‍ത്തനപ്പെടുവാനുള്ള എല്ലാ ഭൗതീക സാഹചര്യങ്ങളുണ്ടായിട്ടും ഒരു ഫാസിസ്റ്റ് സമൂഹമായി നാം പരിണമിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനു പകരം ഇന്ത്യന്‍ സൊസൈറ്റി ചരിത്രാതീത കാലം തൊട്ടെ ഫാസിസ്റ്റ് ഘടനയില്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന ചരിത്ര വിശകലനമാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

സനാതന ഹിന്ദുത്വത്തിന്റെ സാംസ്‌ക്കാരിക പരിസരങ്ങളെ ഉത്തേജ്ജിപ്പിച്ചും പരിപോഷിപ്പിച്ചും കേരളത്തില്‍ സംഘപരിവാറിന്റെ വളര്‍ച്ചയെ സഹായിക്കുന്ന CPIM നെ പ്രതിസ്ഥാനത്ത് പ്രതിഷ്ടിക്കാതെ ഫാസിസ്റ്റു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുവാന്‍ പോകുന്നില്ല. ആചാരാനുഷ്ഠനങ്ങള്‍ വിശ്വാസം, രാഷ്ട്രീയം തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും വ്യവഹാരങ്ങളിലും ഹിന്ദുത്വ ഫാസിസം എത്രത്തോളം സ്വാധീനം ചെലുത്തുന്നുവോ അത്രതന്നെ കമ്മ്യൂണിസ്റ്റ് സോഷ്യല്‍ ഫാസിസവും പ്രവര്‍ത്തനക്ഷമമാണ്. ഈ ഇരു ഫാസിസങ്ങളും തമ്മിലുള്ള ഏകാത്മകതയും, പാരസ്പര്യവും ഭാവിയില്‍ പുത്തന്‍ രാഷ്ട്രീയ സഖ്യത്തിന്റ പരിവേഷണ ലക്ഷ്യമായി അവതരിക്കപ്പെടുവാന്‍ സാധ്യതയുണ്ട്.

ഈ ഫാസിസ്റ്റ് ഭരണ സംവിധാനം അനുവദിക്കുന്ന ഔപചാരിക ജനാധിപത്യത്തില്‍ സമ്പൂര്‍ണ്ണസംതൃപ്തിയും അനുസരണയുമുള്ള പൗരന്മാരായി അച്ചടക്കത്തോടെ ജീവിക്കുവാന്‍ അത് നമ്മെ പരിശീലിപ്പിച്ചു കഴിഞ്ഞു. കേരളം അക്ഷരാര്‍ത്ഥത്തില്‍ നിയോ ഫാസിസത്തിന്റെ പരീക്ഷണശാലയാക്കപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടു വേണം അതിനെ ബാലന്‍സ് ചെയ്യുന്ന സണ്ണി എം കപീക്കാടിന്റെ ഇന്ത്യന്‍ സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് ഫാസിസ്റ്റ് ഘടനയിലാണെന്നും അതിന്റെ അടിസ്ഥാനം മനുസ്മൃതിയാണെന്നുമുള്ള പ്രസ്താവനയെ നോക്കി കാണുവാന്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply