ബോക്‌സോഫീസ് പിടിച്ചടക്കുന്ന മലയാളം സിനിമ

മലയാള സിനിമ പുതുചരിത്രമെഴുതുകയാണോ? തിയറ്ററുകളിലേക്കുള്ള പ്രേക്ഷക പ്രവാഹം കാണുമ്പോള്‍ അങ്ങനെതന്നെയാണ് പറയാനുക. ഈ വര്‍ഷത്തെ കളക്ഷനില്‍ ഹിന്ദി സിനിമക്കു പുറകെ രണ്ടാം സ്ഥാനത്താണ് മലയാളം സിനിമ എന്നാണ് വാര്‍ത്തകള്‍. മറുവശത്ത് ഉള്ളടക്കപരമായും കലാപരമായും മികച്ചുനില്‍ക്കുന്ന പല ചെറുസിനിമകളും തിയറ്ററിലും ഒടിടിയിലുമായി പുറത്തുവരുന്നതും കാണാതിരുന്നു കൂട.

200 കോടിക്കു മുകളില്‍ വാരിക്കൂട്ടിയ മഞ്ഞുമ്മല്‍ ബോയ്‌സ്, 100നും 200നും ഇടക്ക് നേടിയ ആടുജീവിതം, ആവേശം, പ്രേമലൂ, 100നടുത്തെത്തി നില്‍ക്കുന്ന വര്‍ഷങ്ങള്‍ക്കുശേഷം, ഭ്രമയുഗം എന്നിവയാണ് പ്രധാനമായും കമ്മേഴ്‌സ്യല്‍ രംഗത്തെ കുതിച്ചു ചാട്ടത്തിനു കാരണമായത്. എല്ലാ അര്‍ത്ഥത്തിലും വൈവിധ്യമാര്‍ന്ന സിനിമകളാണിവ. ഇവയില്‍ ഏറ്റവും ജനപ്രിയ നായകനായ മോഹന്‍ലാലിന്റെ സിനിമയില്ല. മമ്മുട്ടിയുടെ സിനിമ ആറാം സ്ഥാനത്താണ്. പൃഥിരാജിന്റെയും ഫഹദിന്റേയും ഓരോ സിനിമളുണ്ട്. പ്രേമലു പിള്ളാരുടെ സിനിമയാണ് ഒന്നാം സ്ഥാനത്തുനില്‍ക്കുന്ന മഞ്ഞുമ്മല്‍ ബോയ്‌സാകട്ടെ എല്ലാ അര്‍ത്ഥത്തിലും നവാഗതരുടെ സിനിമ എന്നുതന്നെ പറയാം. ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ടിതു സംഭവിക്കുന്നു എന്നതിനു കൃത്യമായ മറുപടി പറയാനാകാതെ പകച്ചുനില്‍ക്കുകയാണത്രെ സിനിമാ ലോകം.

ഇത് അവധികാലമാണെന്നത് ശരി. സിനിമാ ടിക്കറ്റിന്റെ നിരക്ക് കൂടിയില്ലേ എന്നും ചോദിക്കാം. അതെല്ലാം എല്ലായ്‌പോഴും ഉണ്ടാകുന്നതല്ലേ. അതിനൊന്നും ആനുപാതികമല്ല ഈ സിനിമകളുടെ വിജയം എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല തിയറ്ററുകളുടെ കാലം അവസാനിക്കുന്നു എന്ന ധാരണയെ തകര്‍ക്കുന്നതാണ് ഈ വിജയങ്ങള്‍. ടിവി, സോഷ്യല്‍ മീഡിയ, കൊവിഡ്, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയവയൊക്കെ സജീവമായപ്പോള്‍ തിയറ്ററുകള്‍ക്ക് ഭാവിയില്ല എന്ന ധാരണ വ്യാപകമായി. കുറെ തിയറ്ററുകള്‍ പൂട്ടുകയും കല്ല്യാണ മണ്ഡപങ്ങളായി മാറുകയും ചെയ്തു. കൊവിഡാകട്ടെ സാഹചര്യത്തെ ഏറ്റവും ഗുരുതരമാക്കി. കൊവിഡ് അവസരം ലോകമാകെ ഒ ടി ടി പ്ലാറ്റ്‌ഫോമുകളെ വ്യാപകമാക്കി. മലയാളികളും അവയുടെ സ്ഥിരം കാഴ്ചക്കാരായി. നിരവധി മെച്ചപ്പെട്ട മലയാള സിനിമകളും ഒ ടി ടിയിലെത്തി. അതോടെ തിയറ്റര്‍ വ്യവസായം തകര്‍ന്നെന്നു ധരിച്ചവര്‍ക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

വാസ്തവത്തില്‍ പലരും ധരിച്ച പോലെ ഒടിടി വ്യാപനം തിയറ്ററുകള തകര്‍ക്കുകയല്ല, മറിച്ച് പ്രമുഖ നിര്‍മ്മാതാവ് സന്ദീപ് സേനന്‍ ചൂണ്ടികാണിച്ചപോലെ അവക്ക് ഗുണകരമാകുകയാണ് ചെയ്തത്. ഒടിടിയിലൂടെ ലോകമാകെയുള്ള മലയാളികള്‍ക്ക് പുതിയ സിനിമകള്‍ കാണാനവസരം ലഭിച്ചു. അതോടെ അവര്‍ക്കതില്‍ താല്‍പ്പര്യം ലഭിക്കുന്നത് സ്വാഭാവികം. അതിന്റെ തുടര്‍ച്ചയായി കൊവിഡിനു ശേഷം ലോകമാകെ മലയാള സിനിമ റിലീസ് ചെയ്യാനാരംഭിച്ചു. പതുക്കെയാരംഭിച്ച ഈ പ്രതിഭാസം ഇപ്പോള്‍ വ്യാപകമായി മാറി. ഹിന്ദിയും തമിഴുമൊക്കെ നേരത്തെ എത്തിയ അവസ്ഥയിലേക്ക് നമ്മളും എത്തിയതില്‍ ഒടിടി വലിയ പങ്കുവഹിച്ചു. ഒപ്പം രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങളിലും അതുതന്നെ സംഭവിച്ചു. ഈ മാറ്റമാണ് ഇപ്പോള്‍ മഞ്ഞുമ്മല്‍ ബോയ്‌സിലെത്തി നില്‍ക്കുന്നത്.

ഇതൊടൊപ്പമുണ്ടായ മറ്റൊരു മാറ്റവും ശ്രദ്ധേയമാണ്. മമ്മുട്ടിയും ലാലുമൊക്കെ പല ദക്ഷിണഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും അതൊക്കൈ വല്ലപ്പോഴും മാത്രമായിരുന്നു. മത്രമല്ല കേരളത്തിനു പുറത്ത് കോടികളുടെ ആരാധകാ വൃന്ദത്തെയൊന്നും സൃഷ്ടിക്കാനവര്‍ക്കായിട്ടില്ല. മറിച്ച് പല ദക്ഷിണേന്ത്യന്‍ താരങ്ങളും കേരളത്തിലും താരരാജാക്കന്മാരായിരുന്നു. എന്നാലിപ്പോള്‍ നമ്മുടെ പല താരങ്ങളും ദക്ഷിണേന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളായി മാറിയിരിക്കുകയാണ്. ഫഹദും ദുല്‍ക്കറും പൃഥീരാജുമൊക്കെ ഉദാഹരണം. മാത്രമല്ല സിനിമയുടെ ഉള്ളടക്കത്തിലും മാറ്റം വന്നിരിക്കുന്നു. പ്രേമലുവും ആവേശവും മഞ്ഞുമ്മല്‍ ബോയ്‌സുമൊക്കെ മലയാളം സിനിമകളാണെന്നുപോലും പറയാനാകില്ലല്ലോ. അവയുടെ പ്രമേയവും പ്ലോട്ടുമൊക്കെ ദക്ഷിണേന്ത്യനാണെന്നു തന്നെ പറയാം. ദക്ഷിണേന്ത്യന്‍ സിനിമകള്‍ തമ്മില്‍ ഒരു അലിഞ്ഞുചേരല്‍ നടക്കുകയാണ്. അവ കൊണ്ടും കൊടുത്തും ഒന്നായി മാറുന്നതിന്റെ തുടക്കമാണെന്നു കാണാം. ഇപ്പോഴതിന്റെ ഗുണഫലം കൂടുതല്‍ ലഭിക്കുന്നത് മലയാള സിനിമക്കാണ്താനും. ആടുജീവിതമാകട്ടെ ഒരു ആഗോളസിനിമയുടെ തലത്തിലെത്തുകയും ചെയ്തു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മലയാളസിനിമയുടെ തിയറ്ററുകളുടെ വിജയത്തെ കുറിച്ചാണ് പറഞ്ഞത്. തീര്‍ച്ചയായും ഈ വിജയങ്ങളുമായി ബന്ധപ്പെട്ട് നിഷേധാത്മകമായ പല വശങ്ങളുമുണ്ട്. പല സിനിമകളിലും വയലന്‍സും ലഹിര ഉപയോഗവും വളരെ കൂടുതലാണെന്നു പറയാതിരിക്കാനാകില്ല. അവ കണ്ട് സമൂഹം നശിക്കുമെന്നല്ല പറയുന്നത്. അപ്പോഴും അത് ഗുണാത്മകമായ മാറ്റമാണെന്നു പറയാനാകില്ല. മാത്രമല്ല, ഇത്തരത്തിലുള്ള മിക്ക സിനിമകളും ആണുങ്ങളുടെ മസില്‍ പ്രദര്‍ശനങ്ങളാണു താനും. പലതിലും സ്ത്രീ സാന്നിധ്യം പോലും കാണാനില്ല. മഹാനഗരത്തിന്റെ പശ്ചാത്തലമുള്ളതിനാലാകാം പ്രെമലുവിലും മറ്റും സ്ത്രീ – പുരുഷ ബന്ധങ്ങളെ ജനാധിപത്യപരമായി അവതരിപ്പിക്കാനുള്ള ശ്രമമുണ്ടെങ്കിലും മൊത്തത്തില്‍ പറഞ്ഞാല്‍ മലയള സിനിമയില്‍ ലിംഗനീതി എന്നത് എത്രയോ അകലെയാണ്. പൊതുവായി പറഞ്ഞാല്‍ സമൂഹത്തിലെ പുരുഷാധിപത്യം സിനിമയെ ബാധിക്കുമല്ലോ. തിരിച്ച് സിനിമ സമൂഹത്തേയും സ്വാധീനിക്കും. അതാണ് നാമിപ്പോള്‍ കാണുന്നത്.

അതേസമയം തുടക്കത്തില്‍ സൂചിപ്പിച്ചപോലെ ഇതിനൊരു മറുവശമുണ്ട്. പുതിയ കാലത്തോട് വളരെ പോസറ്റീവ് ആയി പ്രതികരിക്കുന്ന, ലിംഗനീതിയിലടക്കം പൊളിറ്റിക്കലി കറക്ട് ആകാന്‍ ശ്രമിക്കുന്ന നിരവധി മികച്ച സിനിമകള്‍ പുറത്തുവരുന്നുണ്ട്. പുതിയ പ്രമേയങ്ങള്‍ക്കൊപ്പം അവ തയ്യാറാക്കുന്നത് പുതിയ ചെറുപ്പക്കാരാണെന്നത് പറയാതിരിക്കാനാവില്ല. ഏറ്റവും മികച്ച ഒരു ഉദാഹരണം മാത്രം പറയാം. ആട്ടം. മമ്മുട്ടിയെപോലുള്ള അപൂര്‍വ്വം സീനിയേഴ്‌സും ഇത്തരം സിനിമകളുമായി സഹകരിക്കുന്നതും നാം കണ്ടല്ലോ. പുഴുവും നന്‍പകല്‍ മയക്കവും കാതലും ഉദാഹരണങ്ങള്‍. അത്തരം സിനിമകളുടെ വസന്തകാലമായിരുന്നു കൊവിഡ് കാലവും അതിനുശേഷമുള്ള മാസങ്ങളും. അവ കൂടുതലും പുറത്തുവന്നത് ഒടിടിയിലൂടെ തന്നെയാണ്. ഇപ്പോഴുള്ള ആശങ്ക അത്തരം സിനിമകള്‍ക്ക് പുതിയ ട്രെന്റ് വിഘാതമാകുമോ എന്നാണ്. ഇപ്പോള്‍ തിയറ്ററുകളില്‍ വിജയിക്കുന്ന സിനിമകളാണ് ഒ ടി ടിക്കും പ്രിയമെന്നാണ് വാര്‍ത്ത. ചെറുസിനിമകള്‍ക്ക് അവസരം കൊടുക്കുന്നതില്‍ അവ വിമുഖത കാണിച്ചു തുടങ്ങിയതായാണ് പുതിയ സംവിധായകരും മറ്റും പറയുന്നത്. എങ്കില്‍ ഒരു വശത്ത് കമ്മേഴ്‌സ്യല്‍ സിനിമകള്‍ വിജയം നേടുമ്പോഴും മറുവശത്ത് ചെറുസിനിമകളുടെ സാധ്യതകള്‍ക്ക് ഇടിവുവരാം. എന്നാല്‍ സിനിമയിലെ ഒരു ധാരയും ഇല്ലാതാകാന്‍ പോകുന്നില്ല, ഏതു പ്രതിസന്ധിയേയും അതിജീവിച്ച് സിനിമ മുന്നേറുമെന്നുതന്നെയാണ് സമകാലിക സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply