മേക് ഇന്‍ ഇന്ത്യയും ആത്മനിര്‍ഭര ഭാരതും

വ്യക്തമായ നയ രൂപീകരണങ്ങളോടെ ചെറുവ്യവസായങ്ങള്‍ക്ക് വളരാനാവശ്യമായ അന്തരീക്ഷം സൃഷ്ടിച്ചും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ തൊഴിലെടുക്കുന്ന കാര്‍ഷിക മേഖലയില്‍ അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചും രാജ്യത്തിന്റെ ഉത്പാദന മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കേണ്ടുന്നതിന് പകരം മുദ്രാവാക്യങ്ങളിലും പ്രചരണങ്ങളിലും അഭിരമിച്ചു കഴിയാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുപോന്നിട്ടുള്ളത്.

2014ല്‍ മോദി അധികാരത്തില്‍ എത്തിയ ഉടന്‍ മുന്നോട്ടുവെച്ച മുദ്രാവാക്യങ്ങളിലൊന്നാണ് ‘മേക് ഇന്‍ ഇന്ത്യ’ എന്നത്. ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്രുവിന്റെ കാലത്തുതന്നെ ഇന്ത്യയുടെ നിര്‍മ്മാണ മേഖല സ്വാശ്രയത്വത്തിലൂന്നിയതാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെങ്കിലും നരേന്ദ്ര മോദിയെപ്പോലെ മുദ്രാവാക്യങ്ങളിലും പ്രചരണങ്ങളിലും അഭിരമിച്ചുകഴിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം.

മേക് ഇന്‍ ഇന്ത്യ സംബന്ധിച്ച വലിയ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നപ്പോള്‍ തന്നെ പദ്ധതിയുടെ ലോഗോ നിര്‍മ്മിച്ചത് ഒരു വിദേശ കമ്പനിയായ ഒറിഗോണ്‍ ആസ്ഥാനമായ വിഡെന്‍ കെന്നഡിയുടെ ഇന്ത്യന്‍ സബ്സിഡിയറിയാണെന്നത് രസകരമായ അറിവാണ്. മേക് ഇന്‍ ഇന്ത്യ പദ്ധതി എത്രമാത്രം ഫലപ്രദമായി നടന്നുവെന്നറിയാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഇക്കാലയളവിലെ ഉപഭോക്തൃ സാധനങ്ങളുടെ ഇറക്കുമതി സംബന്ധിച്ച സ്ഥിതി വിവരക്കണക്കുകളിലേക്ക് വെറുതെയൊന്ന് കണ്ണോടിച്ചാല്‍ മതിയാകും.

മോദി മേക് ഇന്‍ ഇന്ത്യാ പദ്ധതി പ്രഖ്യാപിച്ച 2014ന് തൊട്ടടുത്ത വര്‍ഷം ചൈനയില്‍ നിന്നുള്ള ഇറക്കുമതി 63 ബില്യണ്‍ ഡോളറിന്റേതായിരുന്നുവെങ്കില്‍ 2022 ആയപ്പോഴേക്കും അത് 118.7 ബില്യണ്‍ ഡോളറിന്റേതായി ഉയരുകയായിരുന്നു. അതേ സമയം ഇക്കാലയളവില്‍ കയറ്റുമതിയില്‍ കാര്യമായ വര്‍ധനവ് കാണാനും സാധിക്കില്ലെന്ന് മനസ്സിലാക്കേണ്ടതുണ്ട്.

മേക് ഇന്‍ ഇന്ത്യ പദ്ധതി കാര്യക്ഷമമായി മുന്നോട്ടുപോകുന്നില്ലെന്ന് കണ്ടെത്തിയതോടെ ‘ആത്മനിര്‍ഭര ഭാരത്’ എന്ന പുതിയ മുദ്രാവാക്യവുമായി മോദി സര്‍ക്കാര്‍ രംഗത്തിറങ്ങി. 2021ലെ ബജറ്റ് അവതരണ വേളയിലാണ് ആത്മനിര്‍ഭര ഭാരത് പദ്ധതി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പ്രഖ്യാപിക്കുന്നത്.

കൗതുകകരമായ ഒരു മുദ്രാവാക്യം എന്നതിനപ്പുറത്തേക്ക് ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന മോദി മന്ത്രത്തിന് വികസിക്കാന്‍ സാധിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണ് തടസ്സമായി നില്‍ക്കുന്നത്. ലോകത്തിലെ തന്നെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കണമെങ്കില്‍ രാജ്യത്തിന്റെ ആഭ്യന്തര ആവശ്യം (domestic demand) വന്‍തേതില്‍ ഉയര്‍ത്തേണ്ടതുണ്ട്. ആഭ്യന്തര വിപണിയിലെ ഡിമാന്റ് വര്‍ദ്ധനവ് തുടര്‍ച്ചയായി നിലനിര്‍ത്തണമെങ്കില്‍ ജനസംഖ്യയില്‍ ആനുപാതികമായ രീതിയില്‍ സമ്പത്തിന്റെ വിതരണം നടക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ രാജ്യത്തിന്റെ സമ്പത്തിന്റെ മൂക്കാല്‍ പങ്കും ജനസംഖ്യയുടെ ഒരു ശതമാനത്തോളം വരുന്ന വ്യക്തികളുടെ കയ്യില്‍ കുമിഞ്ഞു കൂടിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര വിപണിയില്‍ സക്രിയമായിരിക്കാന്‍ സാധിക്കുന്ന ഏകവിഭാഗം ഇവിടുത്തെ മധ്യവര്‍ഗ്ഗങ്ങളാണ്. അവരുടെ ഇടപെടല്‍ രാജ്യത്തിന്റെ ആഭ്യന്തര മൊത്തോല്‍പാദനത്തിന്റെ 15-40% വരെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തുടരുന്ന സാമ്പത്തിക മാന്ദ്യം ഈ വിഭാഗത്തിന്റെ വാങ്ങല്‍ശേഷിയിലും മനോഭാവത്തിലും വലിയ മാറ്റങ്ങള്‍ വരുത്തിയതായി സൂചിപ്പിക്കുന്നു. മുന്‍കാലങ്ങളില്‍ നിന്ന് ഭിന്നമായി ചെലവഴിക്കുന്നതില്‍ spending)നിന്നും മിച്ചം വെക്കുന്നതിലേക്ക് (savings) സാമ്പത്തിക ക്രയവിക്രയങ്ങള്‍ മാറ്റുന്നതിലേക്ക് സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം മധ്യവര്‍ഗ്ഗ വിഭാഗങ്ങളെ നിര്‍ബന്ധിതരാക്കിയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മേക് ഇന്‍ ഇന്ത്യ അല്ലെങ്കില്‍ ആത്മനിര്‍ഭര ഭാരത് പദ്ധതികള്‍ കാര്യക്ഷമമായി നടക്കണമെങ്കില്‍ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ചെറു സംരംഭങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം ലഭ്യമാക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ രാജ്യത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങളില്‍ 72%വും തകര്‍ച്ചയെ നേരിടുകയാണെന്ന് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍-സിഐഎ- സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 5 വര്‍ഷക്കാലയളവില്‍ അടച്ചുപൂട്ടപ്പെട്ട ചെറുകിട – ഇടത്തരം വ്യവസായങ്ങളുടെ എണ്ണം പതിനായിരത്തിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു. ഒരു ലക്ഷത്തി എണ്ണായിരത്തി അഞ്ഞൂറോളം വരുന്ന അണുകിട-ചെറുകിട-ഇടത്തരം MSME) വ്യവസായ സംരംഭങ്ങളുടെ അസോസിയേഷന്‍ ആണ് സിഐഎ.

2022 ഏപ്രില്‍ 1 മുതല്‍ 2022 ജൂലൈ 22 വരെയുള്ള കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള UDAYAM പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത 2,870 MSMEകള്‍ പൂട്ടിപ്പോയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി ഭാനുപ്രതാപ് വര്‍മ്മ രാജ്യസഭയിലെ ചോദ്യത്തിനുള്ള മറുപടിയില്‍ സൂചിപ്പിക്കുകയുണ്ടായി.

ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ നടത്തിക്കൊണ്ടുപോകാനാവശ്യമായ ബിസിനസ്സ് സൗഹൃദ സാഹചര്യങ്ങളല്ല നിലവിലുള്ളതെന്ന് 45% കമ്പനി ഉടമകളും പരാതിപ്പെടുന്നുവെന്ന് സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. അസംസ്‌കൃത വിഭവങ്ങളുടെ ലഭ്യതക്കുറവ്, അവയുടെ വില വര്‍ദ്ധനവ്, നിയമപരമായ നൂലാമാലകള്‍, ജിഎസ്ടി നിയമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ MSMEകളുടെ പ്രവര്‍ത്തനങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നതായി സര്‍വ്വേ ഫലം വ്യക്തമാക്കുന്നു.

വ്യക്തമായ നയ രൂപീകരണങ്ങളോടെ ചെറുവ്യവസായങ്ങള്‍ക്ക് വളരാനാവശ്യമായ അന്തരീക്ഷം സൃഷ്ടിച്ചും ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങള്‍ തൊഴിലെടുക്കുന്ന കാര്‍ഷിക മേഖലയില്‍ അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചും രാജ്യത്തിന്റെ ഉത്പാദന മേഖലയില്‍ സ്വാശ്രയത്വം കൈവരിക്കേണ്ടുന്നതിന് പകരം മുദ്രാവാക്യങ്ങളിലും പ്രചരണങ്ങളിലും അഭിരമിച്ചു കഴിയാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചുപോന്നിട്ടുള്ളത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply