മോദിയെ നേരിടാന്‍ ഇന്ത്യാ സഖ്യത്തിനാവുമോ?

”ഭൂമി കുലുങ്ങാറുണ്ട്, ചുഴലിക്കാറ്റുകള്‍ ഉയരാറുണ്ട്
ജനങ്ങള്‍ രോഷാകുലരായി പുരികമുയര്‍ത്തുമ്പോള്‍
വഴിമാറുക, കാലത്തിന്റെ തേരുരുള്‍ ഒച്ചയ്ക്ക് ചെവിയോര്‍ക്കുക
സിംഹാസനം ഒഴിയുക, കാരണം ജനങ്ങള്‍ വരികയാണ്.

”ഏതാണ്ട് അരനൂറ്റാണ്ട് കാലം മുന്‍പ് വേനലിന്റെ മൂര്‍ദ്ധന്യത്തിലാണ് ദില്ലിയിലെ രാംലീലാ മൈതാനത്തിലൊരുക്കിയ വേദിയില്‍ നിന്നു ക്വിറ്റ് ഇന്ത്യാ സമരനായകന്‍ ജയപ്രകാശ് നാരായണന്‍ ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി രാംധരി സിംഗ് ദിന്‍കരെ ഉദ്ധരിച്ചുകൊണ്ട് ഇന്ദിരാഗാന്ധിയോട് ‘സിന്‍ഹാസന്‍ ഖാലി കരോ, ജനതാ ആതി ഹെ’ എന്ന് പറഞ്ഞത്.

അന്ന് രാത്രി നഗരത്തിലെ പത്രമാപ്പീസുകളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടു. പാതിരാത്രി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. പ്രതിപക്ഷരാഷ്ട്രീയനേതാക്കളെല്ലാം അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യ ഒരു ഇരുണ്ട രാത്രിയിലേക്ക് പ്രവേശിച്ചു. ഇക്കഥയൊക്കെ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആളുകള്‍ വീണ്ടുമോര്‍ത്തുവെങ്കില്‍ അതിലത്ഭുതപ്പെടേണ്ടതില്ല. പൊതുതെരഞ്ഞെടുപ്പ് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ദില്ലി കള്ള് കുംഭകോണം എന്നറിയപ്പെടുന്ന കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതേ കേസില്‍ പതിമൂന്നുമാസമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ തടവിലാണ്. മന്ത്രിസഭയിലുണ്ടായിരുന്ന സത്യേന്ദ്ര ജെയ്‌നും ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിംഗും ഈ കേസിലാണ് തടവിലാക്കപ്പെട്ടത്. സിംഗിന് കോടതി അടുത്തിടെ ജാമ്യം അനുവദിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ജനാധിപത്യം സംരക്ഷിക്കുക എന്ന ബാനറില്‍ ഇന്ത്യാസഖ്യം രാംലീലാ മൈതാനത്ത് വമ്പനൊരു പ്രതിഷേധ റാലി ഒരുക്കിയത്. ആപ്പ് മുതല്‍ കോണ്‍ഗ്രസ്സ്, ഡിഎംകെ, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി, കമ്മ്യൂണിസ്റ്റ്പാര്‍ട്ടികള്‍ എന്നിങ്ങനെ ഇരുപതോളം പാര്‍ട്ടികളുടെ സമുന്നത നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. ഇന്ത്യ മുന്നണിയില്‍ നിന്നും വിട്ടുനിന്നിരുന്ന തൃണമൂല്‍ പ്രതിനിധി പ്രതിപക്ഷ ഐക്യത്തിനൊപ്പമെന്ന് റാലിയില്‍ പങ്കെടുത്തു പറഞ്ഞു. രണ്ട് മുഖ്യമന്ത്രിമാരും അഞ്ചോളം മുന്‍മുഖ്യമന്ത്രിമാരും ജനങ്ങളെ അഭിസംബോധന ചെയ്തു. യോഗം അഞ്ചംഗ ആവശ്യങ്ങള്‍ ഉയര്‍ത്തി. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരേ നിയമങ്ങളായിരിക്കണം തിരഞ്ഞെടുപ്പ് കളിക്കളത്തിലെന്ന് ഉറപ്പാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷനോട് അവര്‍ ആവശ്യപ്പെട്ടു; കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷത്തെ പീഡിപ്പിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നുവെന്ന ആരോപണം അവര്‍ ആവര്‍ത്തിച്ചു; സുപ്രീം കോടതിയുടെ കീഴില്‍ ബിജെപിയുടെ പണമുപയോഗം അന്വേഷിക്കണമെന്നും റാലി ആവശ്യപ്പെടുകയുണ്ടായി. പ്രതിപക്ഷ ഐക്യനിരയ്ക്ക് വലിയ ആവേശം നല്‍കുന്നതായിരുന്നു റാലിയിലെ പാര്‍ട്ടി, ജനപങ്കാളിത്തം.

കേജ്‌രിവാളിന്റെയും അതിനുമുന്‍പ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറേന്റെയും അറസ്റ്റുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം റാലി സംഘടിപ്പിച്ചത്. രണ്ടുപേരുടെയും ഭാര്യമാര്‍ റാലിയില്‍ പ്രസംഗിക്കുകയുണ്ടായി. അതുപോലെതന്നെ സുപ്രീം കോടതി നിര്‍ബന്ധമാക്കിയതുകൊണ്ടുമാത്രം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട ഇലക്ടറല്‍ ബോണ്ടിന്റെ കണക്കുകളുണ്ട്. മിക്ക പാര്‍ട്ടികള്‍ക്കും കോര്‍പ്പറേറ്റുകള്‍ സംഭാവന നല്‍കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മാത്രമാണ് ബോണ്ടുകള്‍ വഴി സംഭാവന സ്വീകരിക്കില്ല എന്ന നിലപാട് എടുത്തത്. അധികാരത്തില്‍ ഇരിക്കുന്ന കക്ഷി എന്നതുകൊണ്ട് സ്വാഭാവികമായും ഏറ്റവുമധികം പണം ലഭിച്ചത് ബിജെപിക്കാണ്. ബംഗാളിലും തെലുങ്കാനയിലും ഭരണകക്ഷികളായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിനും ഭാരത് രാഷ്ട്രസമിതിക്കും കോടികള്‍ ലഭിച്ചിരുന്നു. പ്രശ്‌നം ഇവിടെയല്ല. ബിജെപിക്ക് പണം സംഭാവന ചെയ്ത പല കമ്പനികളും കേന്ദ്ര ഏജന്‍സികളാല്‍ റെയ്ഡ് ചെയ്യപ്പെട്ടിരുന്നു. സംഭാവന നല്‍കിയ കമ്പനികള്‍ പലതും കണക്കു പുസ്തകത്തില്‍ നഷ്ടം രേഖപ്പെടുത്തിയവയായിരുന്നു. ഇന്ന സേവനത്തിന് ഇത്ര പണം എന്ന അര്‍ത്ഥത്തില്‍ ഒരു ബന്ധം സ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും സംഭാവനയുടെ നാള്‍വഴികള്‍ അധികാരദുര്‍വ്വിനിയോഗത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അരുണ്‍ ജെയ്റ്റ്‌ലിയുടെ മസ്തിഷ്‌ക്കത്തില്‍ ഉടലെടുത്ത ഈ പരിപാടിയുടെ പ്രത്യേകത സംഭാവനയുടെ കോണ്‍ഫിഡന്‍ഷ്യാലിറ്റിയായിരുന്നു. അധികാരത്തിലിരിക്കുന്ന കക്ഷിക്കുമാത്രം അതേ കാരണത്താല്‍ ആര് ആര്‍ക്ക് എത്ര നല്‍കി എന്നറിയാന്‍ സാധിക്കുകയുമായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് സംഭാവന കുറഞ്ഞുപോയതിന്റെ ഒരു കാരണം സുതാര്യതാ ക്ലോസ്സിലെ (രഹമൗലെ)ഇരട്ടത്താപ്പ് തന്നെയായിരിക്കണം. തിരഞ്ഞെടുപ്പ് ഫണ്ടിംഗ് സുതാര്യമാക്കാന്‍ എന്ന ന്യായീകരണവുമായി ഇറക്കിയ ഈ ബോണ്ട് പദ്ധതി രണ്ടുതരത്തില്‍ ജനാധിപത്യ വിരുദ്ധമായി മാറി. ഒന്ന് ഭരണകക്ഷിക്ക് ധനസമാഹരണം കൂതുല്‍ എളുപ്പമായി. രണ്ട്, പ്രതിപക്ഷത്തിന് പണം ലഭിക്കുന്നത് തടയുന്നതും ബോണ്ട് സംവിധാനം എളുപ്പമാക്കി. തിരഞ്ഞെടുപ്പ് ഫണ്ട് ബോണ്ടുകള്‍ വഴി മാത്രമാണ് എന്ന് നമ്മളാരും വിചാരിക്കരുത്. തിരഞ്ഞെടുപ്പ് ഫണ്ടിംഗിലെ ളീൃാമഹ ലരീിീാ്യ മാത്രമാണ് ബോണ്ടുകള്‍. എത്രയോ പണം മറ്റ് വിധത്തില്‍ പാര്‍ട്ടികള്‍ സമാഹരിക്കുന്നുണ്ട്. ഇതിനിടയിലാണ് രാഷ്ട്രീയനേതാക്കളുടെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണവുമായി ബന്ധപ്പെടുത്തിക്കൊണ്ട് വാര്‍ത്തകള്‍ വന്നത്. കോണ്‍ഗ്രസ്സില്‍ നിന്നും മറ്റ് പാര്‍ട്ടികളില്‍ നിന്നും പലരും ബിജെപിയിലേക്ക് കൂറുമാറിയതിന് പിന്നില്‍ ഏജന്‍സി കേസുകളും അന്വേഷണവുമാണ് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. അന്വേഷണത്തിന്റെയും കൂറുമാറ്റത്തിന്റെയും നാള്‍വഴികള്‍ പരിശോധിച്ചാല്‍ ആരോപണത്തില്‍ വസ്തുതയുണ്ട് എന്ന് കാണാം. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ ബംഗാളിലെ ചിറ്റ് ഫണ്ട് തട്ടിപ്പില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. പാര്‍ട്ടി മാറിയതോടെ കേസ് ഏതോ വഴിക്ക് പോയി. ഇത്തരം അസംഖ്യം ഉദാഹരണങ്ങളുണ്ട്. ഇക്കാരണത്താലാണ് അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിംഗ് മെഷീനാണ് ബിജെപി എന്ന് പ്രതിപക്ഷം ആരോപിക്കുന്നത്. മായാവതിയുടേയും മറ്റ് പ്രതിപക്ഷവിരുദ്ധ നിലപാടിന് പിന്നില്‍ ഈഡിപ്പേടിയാണ് എന്ന് പറയുന്നവര്‍ ധാരാളം. ഇത്തരം നിരവധി സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും തിരഞ്ഞെടുപ്പ് വേദിയില്‍ ഒരേ നിയമങ്ങളല്ല എന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ജനാധിപത്യം യാഥാര്‍ത്ഥ്യമാവുന്നത് കൃത്യമായ ഇടവേളകളില്‍ തിരഞ്ഞെടുപ്പുകള്‍ നടത്തപ്പെടുന്നതുകൊണ്ടല്ല, മറിച്ച് രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ അനുവദിച്ചു നല്‍കുന്ന ഒരു സംവിധാനം നിലനില്‍ക്കുമ്പോഴാണ്. ഭരണയന്ത്രത്തിലെ പല സ്ഥാപനങ്ങള്‍, കോടതി സംവിധാനം, സ്വതന്ത്ര മാധ്യമങ്ങള്‍, നീതിന്യായ വ്യവസ്ഥ എന്നിവ നിഷ്പക്ഷമായ നൈതിക ലക്ഷ്യങ്ങളെ മാത്രം മുന്‍നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ജനാധിപത്യം നിലവില്‍ വരുന്നത്. ജനാധിപത്യം ഒരു മൂല്യവ്യവസ്ഥയാണ്; അതിലെ ഒരു ഘടകം മാത്രമാണ് തിരഞ്ഞെടുപ്പ്. ആ അര്‍ത്ഥത്തിലാണ് പ്രതിപക്ഷം ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണ് എന്ന് അലമുറയിടുന്നത്. ഇതേ കാരണത്താലാണ് പല പടിഞ്ഞാറന്‍ രാജ്യങ്ങളും മാധ്യമങ്ങളും സംഘടനകളും ഇന്ത്യയില്‍ ജനാധിപത്യം പിന്‍വാങ്ങുകയാണ് എന്ന് കരുതുന്നത്. വിമര്‍ശകരെ ദേശീയതയുടെ ചുവന്ന കൊടികാട്ടി വിലക്കിയതുകൊണ്ട് വസ്തുതകള്‍ ഇല്ലാതാവുകയില്ല.

ഈ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നുവരുന്ന ചോദ്യം ജനാധിപത്യം അപകടത്തിലാണ് എന്ന മുദ്രാവാക്യം ജനതയെ ഇളക്കാന്‍ ശക്തിയുള്ളതാണോ എന്നതാണ്. ഇതിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കിമാറ്റിക്കൊണ്ടിരിക്കുകയാണ് ഭരണകക്ഷി എന്ന വേവലാതി ജനതയുടെ വേവലാതിയാക്കി മാറ്റാനുള്ള കെല്‍പ്പ് പ്രതിപക്ഷത്തിനുണ്ടോ എന്നും ആലോചിക്കേണ്ടതുണ്ട്. രാഷ്ട്രീയ പ്രചാരണത്തിന് അത്യാവശ്യമായ പ്രവര്‍ത്തകര്‍, ആശയസ്ഥൈര്യം, പണം, ടെക്‌നോളജി ഇതൊന്നും വേണ്ടത്ര പ്രതിപക്ഷത്തിന്റെ കൈവശമില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് അരനൂറ്റാണ്ടാകുന്ന കാലത്തും കോണ്‍ഗ്രസ്സിന് അതിന്റെ നിഴല്‍ ഒഴിവാക്കി നടക്കാന്‍ കഴിയാറില്ല. ബിപന്‍ ചന്ദ്രയുടെ കി വേല ിമാല ീള റലാീരൃമര്യ: ഖജ ങീ്‌ലാലി േമിറ വേല ഋാലൃഴലിര്യ എന്ന ചില ഒറ്റപ്പെട്ട പുസ്തകങ്ങള്‍ അടിയന്തിരാവസ്ഥയിലേക്ക് നയിച്ച സംഭവങ്ങളെ വേറിട്ട രീതിയില്‍ വായിച്ചിട്ടുണ്ട്. ആഗോളരാഷ്ട്രീയ സന്ദര്‍ഭവും മറ്റും ചേര്‍ത്തുവായിച്ചുകൊണ്ട് ഇന്ത്യന്‍ വലതുപക്ഷത്തിന് പുതുജീവന്‍ നല്‍കുകയാണ് അടിയന്തിരാവസ്ഥ നല്‍കിയത്. ജയപ്രകാശ് നാരായണനെ മുന്‍നിര്‍ത്തിക്കൊണ്ട് പാര്‍ലമെന്റില്‍ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ്സിന്റെ ശ്രമമാണ് നവനിര്‍മ്മാണ്‍ പ്രസ്ഥാനമെന്ന് ഇന്ദിരാഗാന്ധി വിമര്‍ശിച്ചിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക വഴി ആര്‍എസ്എസ്സിന് രാഷ്ട്രീയാധികാരികത നല്‍കുകയാണ് ഇന്ദിരാഗാന്ധി ഫലത്തില്‍ ചെയ്തത്. 1972-75 കാലത്തെ ഇന്ത്യന്‍ വലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ട രീതിയില്‍ പഠിക്കപ്പെട്ടിട്ടില്ല; പകരം 75-77 കാലത്തെ ചെറുത്തുനില്‍പ്പിന്റെ ചരിത്രം പറഞ്ഞുകൊണ്ട് ജനാധിപത്യവാദികളെന്ന ലേബല്‍ കൈവശപ്പെടുത്തുകയാണ് ജനസംഘവും ആര്‍എസ്എസ്സും ചെയ്തുപോന്നിട്ടുള്ളത്. ഈ ധാരണയിലെ അപകടം മനസ്സിലാക്കിക്കൊണ്ടാണ് മധുലിമായെപ്പോലെയുള്ളവര്‍ ജനതാപാര്‍ട്ടിക്കുള്ളില്‍ ആര്‍എസ്എസ് വിരുദ്ധ നിലപാട് കൈക്കൊണ്ടത്. ജനാധിപത്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ 70 കളിലെ രാഷ്ട്രീയത്തിന് പ്രത്യേക പ്രസക്തിയുണ്ട്.

എന്നാല്‍ ഇത്തരത്തിലൊരു പൊതുസംവാദം ആര്‍ജ്ജവത്തോടെ നടത്താന്‍ ഇന്ന് പ്രതിപക്ഷത്തിന് കഴിയുമോ? ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അനവധിയാണ്. ഓരോ പാര്‍ട്ടിക്കും തങ്ങളുടെ ചെറുസാമ്രാജ്യങ്ങള്‍ നിലനിര്‍ത്തണം എന്നതിലുപരി രാഷ്ട്രീയ പ്രമേയങ്ങളുള്ളതായി നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ? മുഖ്യ കക്ഷിയായ കോണ്‍ഗ്രസ്സ് ഭാരത് ജോഡോ യാത്രകളില്‍ കൂടി വലിയ സന്ദേശം നല്‍കാന്‍ ശ്രമിച്ചിരുന്നു. അത് രാഹുല്‍ഗാന്ധിയുടെ മാത്രം സന്ദേശമായി ഒതുങ്ങിപ്പോയില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പാര്‍ട്ടിയുടെ, പ്രസ്ഥാനത്തിന്റെ സന്ദേശമായി തന്റെ യാത്രയെ മാറ്റാനുള്ള നേതൃത്വപാടവം രാഹുല്‍ഗാന്ധിക്കുണ്ടെന്ന് തോന്നുന്നില്ല. യാത്രയുടെ സന്ദേശത്തെ നെഞ്ചേറ്റിയത് ഇന്ത്യയിലെ ഇടത് സിവില്‍ സമൂഹമാണ്, കോണ്‍ഗ്രസ്സ് പാര്‍ട്ടിയല്ല. ജനാധിപത്യം അപകടത്തില്‍ എന്ന മുദ്രാവാക്യത്തെ തെളിവുകള്‍ നിരത്തി മുമ്പോട്ടു കൊണ്ടുപോകുന്നതും സിവില്‍സൊസൈറ്റി എന്നു വിളിക്കപ്പെടുന്ന പൊളിറ്റിക്കല്‍ സൊസൈറ്റിയാണ്.(ഇവ തമ്മില്‍ പറയാറുള്ള വേര്‍തിരിവ് ഇന്ത്യന്‍ സാഹചര്യത്തില്‍ പുനഃപരിശോധിക്കേണ്ടതാണ്.) ഇത്തരം സിവില്‍ സമൂഹ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അതിന്റെ അനുയായികള്‍/ അനുഭാവികള്‍ക്കപ്പുറത്തേക്ക് തങ്ങളുടെ സന്ദേശം എത്തിക്കാന്‍ പരിമിതിയുണ്ട്. സമാനമായ മറ്റൊരു പ്രചാരണ സംവിധാനം നരേന്ദ്രമോദിക്ക് അനുകൂലമായി സ്റ്റേറ്റിന്റെ പരിരക്ഷയോടെ ധനാഢ്യരുടെ പിന്തുണയോടെ പ്രത്യയശാസ്ത്ര ദാര്‍ഢ്യമുള്ള പാര്‍ട്ടി അണികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് നമ്മള്‍ മറന്നുകൂടാ.

പ്രശ്‌നം വിശ്വാസ്യതയുടേതാണ്. നരേറ്റീവ് (ആഖ്യാനം) നിര്‍മ്മാണത്തിലെ ചേരുവകള്‍, സംഘടനാരീതികള്‍ നമുക്കറിയാം. പക്ഷേ ഏത് ആഖ്യാനത്തിനാണ് വിശ്വാസ്യത ലഭിക്കുക എന്നതിനെ അനുസരിച്ചിരിക്കും തിരഞ്ഞെടുപ്പ് സ്ഥലം. ബിജെപിയുടെ ആഖ്യായികാകാരന്‍ നരേന്ദ്രമോദിയാണ്. ‘അവതാര’ സാന്നിധ്യമെന്ന രീതിയിലാണ് ഈ ആഖ്യാതാവിനെ സംഘപരിവാര്‍ സംവിധാനം ജനമധ്യേ അവതരിപ്പിക്കുന്നത്. ഒരു ബൃഹദ് ആഖ്യാനം ബിജെപിയുടെ പക്കലുണ്ട്. അത് ഹിന്ദുരാഷ്ട്രം എന്ന സങ്കല്പമാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ കെട്ടിപ്പടുത്ത ഹിന്ദുരാഷ്ട്രം ലോകശക്തിയും വിശ്വഗുരുവും ആകുന്ന കാലം വിദൂരത്തല്ല എന്നവര്‍ പറയുന്നു. 2024 ല്‍ വിക്‌സിത് ഭാരത് (വികസിത ഭാരതം) എന്ന മുദ്രാവാക്യം മോദി ഉയര്‍ത്തുമ്പോള്‍ അത് ഹിന്ദുരാഷ്ട്രത്തിന്റെ തുടര്‍ച്ച തന്നെയാണ്. ആ ബൃഹദ് ആഖ്യാനത്തിനെ സാധൂകരിക്കുന്ന നടപടികളാണ് ഭരണസംവിധാനത്തില്‍ ദേശീയതയുടെ ആലേഖനങ്ങളില്‍ കടന്നുവന്നുകൊണ്ടിരിക്കുന്ന ഹിന്ദുധാരകളുടെ സ്വാധീനം.

പാര്‍ലമെന്റ് മന്ദിരത്തിലെ ചെങ്കോല്‍ പരിപാടിയും രാമക്ഷേത്രനിര്‍മ്മാണവും വാരണാസിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇടവിട്ട് ഉത്തരാഖണ്ഡിലും മറ്റുമുള്ള ക്ഷേത്ര സന്ദര്‍ശനങ്ങളും ഒരു പൊതുബോധനിര്‍മ്മാണത്തിന്റേയും പ്രതിച്ഛായാ സൃഷ്ടിയുടേയും ഭാഗമാണ്. പ്രധാനമന്ത്രിയുടെ വിദേശസന്ദര്‍ശനങ്ങളും ജി 20 പോലുള്ള സമ്മേളന നടത്തിപ്പുമൊക്കെ ഈ രാഷ്ട്ര പുനഃനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമായിട്ടുവേണം കാണാന്‍. ഒരേ ബൃഹദ് ആഖ്യാനത്തിന്റെ പല ഖണ്ഡങ്ങള്‍ മാത്രമാണിവയെല്ലാം. ചേര്‍ത്തുവെക്കുമ്പോള്‍-പത്തുവര്‍ഷക്കാലത്തെ ഭരണനടപടികളും ആഘോഷങ്ങളും-ലഭിക്കുന്ന ഒരു ആഖ്യാനമുണ്ട്. അത് വലിയ ആഴത്തില്‍ ഇന്ത്യക്കാരെ-അബോധത്തിലെങ്കിലും-സ്വാധീനിച്ചിട്ടുണ്ട്. മോദിയുടെ വിശ്വാസ്യത എന്നത് ഈ ഹിന്ദുഹൃദയസമ്രാട്ട് പ്രതിച്ഛായയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ആര്യാവര്‍ത്തത്തിന്റെ കീഴ്‌വഴക്കങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാകുന്ന-വാത്മീകി മുതല്‍ സിഎന്‍ ശ്രീകണ്ഠന്‍ നായര്‍ വരെ വിമര്‍ശിച്ചിട്ടുള്ള രാമബിംബം-ഒരു ഭരണാധികാരിയെ, രാജാവിനെയാണ് പിതൃബിംബമായി മോദി സ്വീകരിച്ചിരിക്കുന്നത്. അവകാശങ്ങള്‍ ചോദിക്കുന്ന ജനതയെ ഇഷ്ടപ്പെടാത്ത കര്‍മ്മങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ ബിംബത്തില്‍ ഒരുപാട് പേര്‍ വിശ്വസിക്കുന്നുണ്ട്. ഇതൊരു ലേളഹീി രീമലേറ ബിംബമാണ്. ഒരാരോപണവും ഒരു പ്രവൃത്തി പരാജയവും ആ ബിംബത്തിന് കോട്ടമുണ്ടാക്കുകയില്ല. ബിംബത്തിന് പുറകിലുള്ള ചെറിയ മനുഷ്യനെ തിരിച്ചറിയാന്‍ ബിംബസൃഷ്ടിയില്‍ ഏര്‍പ്പെടുന്നവര്‍ ഒരിക്കലും സമ്മതിക്കില്ല. രൗൃമലേറ ചിത്രങ്ങളിലൂടെ, വീഡിയോ ക്ലിപ്പുകളിലൂടെ, പ്രസംഗശകലങ്ങളിലൂടെ ഈ ബിംബം ജനമനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. കഥകളെ വസ്തുതകളെക്കാള്‍ ഒരു പാട് ജനങ്ങള്‍ ഇഷ്ടപ്പെടുന്നു.
പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിക്കവേ ബിജെപിക്ക് ഇത്തവണ ഒരു വൈകാരിക വിഷയം ആവനാഴിയിലില്ല എന്ന് കഥാകൃത്ത് ഹരീഷ് പറയുകയുണ്ടായി. പാക്കിസ്ഥാനും ഇന്ത്യന്‍ മുസ്‌ലിം അപരനായി ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ പ്രത്യക്ഷപ്പെടാനിടയില്ല. ബാലാക്കോട്ട് ഇനി ആവര്‍ത്തിക്കുമോ? ഹരീഷ് പറഞ്ഞത് ശരിയാണ്. കച്ചത്തീവ് എന്ന കച്ചിത്തുരുമ്പില്‍ ദേശീയതയുടെ കൊടികെട്ടാന്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ശ്രമിച്ചു. തമിഴ്‌നാട്ടില്‍ അത് ഓടില്ല. വെള്ളമില്ലാത്ത ആ ചെറുദ്വീപ് വലിയൊരു വൈകാരിക പ്രശ്‌നമല്ല തമിഴന്. എന്നാല്‍ ശ്രീലങ്കയെ ശത്രുപക്ഷത്ത് തള്ളിവിടാന്‍ ഒരുപക്ഷേ കച്ചത്തീവ് വിവാദം സഹായിച്ചേക്കും.

വൈകാരികമല്ലെങ്കില്‍ എന്തായിരിക്കും മോദിയുടെ പ്രചാരണത്തിന്റെ ആധാരശ്രുതി. അത് വിശ്വാസ്യത-മോദിയിലുള്ള വിശ്വാസ്യത മോദിയുടെ ഗ്യാരണ്ടി-ആകാനാണ് സാധ്യത. മോദി സൃഷ്ടിച്ചെടുത്ത ുീഹശശേര െീള ൃtuേെ (വിശ്വാസ്യതയുടെ രാഷ്ട്രീയം) നെക്കുറിച്ച് വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളെ മുന്‍നിര്‍ത്തി നിലാഞ്ജന്‍ സര്‍ക്കാര്‍ എന്ന രാഷ്ട്രമീമാംസകന്‍ പണ്ട് എഴുതുകയുണ്ടായി. അത് ഇന്ന് പ്രചാരണത്തില്‍ കാണാം. റേഷന്‍ കടകളില്‍ 800 മില്യണ്‍ പേര്‍ക്ക് ലഭ്യമാകുന്ന അരി മുതല്‍ പെന്‍ഷനും വീടും ഗ്യാസും വെള്ളവുമെല്ലാം ഇന്ന് മോദിയുടെ ഗ്യാരണ്ടികളാണ്. രാമക്ഷേത്രവും കാഷ്മീരുമൊക്കെ മോദിയുടെ ഗ്യാരണ്ടികളായിരുന്നു. പറഞ്ഞാല്‍ ചെയ്യുന്നയാള്‍ എന്നാണ് പുതിയ പരിവേഷം; അതാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് ആഖ്യാനം.

2014 ല്‍ വിഷയം അഴിമതിയായിരുന്നുവെങ്കില്‍ 2019 ല്‍ അത് മോദിയുണ്ടെങ്കില്‍ എന്തും സാധ്യം (മോദി ഹെ തോ മുംകിന്‍ ഹെ) എന്ന നിലപാടായി. 2024 അതിന്റെ അടുത്ത പടിയായി മോദി കി ഗ്യാരണ്ടി (മോദിയുടെ വാഗ്ദാനം) എന്ന തട്ടില്‍ എത്തി നില്‍ക്കുന്ന പ്രചരണം. കണക്കും കാര്യങ്ങളുമൊക്കെ തോന്നുംപടി ഉദ്ധരിച്ചു കൊണ്ട് മോദിയുടെ ‘വിശ്വാസ്യത’യെക്കുറിച്ച് പറയുകയാണ് ബിജെപിയുടെ പ്രചരണതന്ത്ര യന്ത്രങ്ങള്‍.

ഇതിനെതിരെയാണ് ഈ വൈകിയ വേളയില്‍ ജനാധിപത്യ സംരക്ഷണം എന്ന നരേറ്റീവുമായി പ്രതിപക്ഷം എത്തിനില്‍ക്കുന്നത്. അത്തരമൊരു ആഖ്യാനം-ഭരണപക്ഷം പറയുന്നതെല്ലാം നുണകളാണ് എന്ന വാദം ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു-വിശ്വസനീയമാക്കാനുള്ള കഴിവും നേതൃത്വവും വിശ്വാസ്യതയും പ്രതിപക്ഷത്തിനുണ്ടോ? വിലക്കയറ്റവും തൊഴിലില്ലായ്മയും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ? ഈ നിത്യജീവിത പ്രശ്‌നങ്ങളെ അപ്രസക്തമാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുരാഷ്ട്രം എന്ന മായികലോകം അന്തരീക്ഷത്തിലുണ്ട് എന്ന കാര്യം മറക്കണ്ട. വടക്കേയിന്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ക്കപ്പുറത്ത് ഹിന്ദുരാഷ്ട്രം എന്ന കാഴ്ചപ്പാട് ഏതാണ്ട് നോര്‍മലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഈ കാഴ്ചപ്പാടിന് വേരോട്ടം കുറവുള്ളത് തെക്കേയിന്ത്യയിലാണ്. അഞ്ചു സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലുമായി 130 ലോക്‌സഭാ മണ്ഡലങ്ങളില്‍ മോദി മെഷീനിന്റെ സ്വാധീനം കുറവാണ്-അങ്ങനെയല്ല, രാമക്ഷേത്രവും മറ്റും തെക്കെയിന്ത്യയിലെ മധ്യവര്‍ഗ്ഗത്തെ ഏറെ സ്വാധീനിച്ചിരിക്കുന്നു എന്നു പറയുന്നവര്‍ ധാരാളമുണ്ട്. കര്‍ണ്ണാടകത്തിലും തെലുങ്കാനയിലും തെലുഗു ദേശവുമായി സഖ്യമുള്ള ആന്ധ്രയിലും ബിജെപി എങ്ങനെ സ്വീകരിക്കപ്പെടും എന്നത് 2024 തിരഞ്ഞെടുപ്പിനെ മാത്രമല്ല വരും വര്‍ഷങ്ങളിലെ രാഷ്ട്രീയത്തേയും ഗണ്യമായി സ്വാധീനിക്കും. സമാനമാണ് കിഴക്കേയിന്ത്യയിലെ കാലാവസ്ഥ. ബീഹാറും ബംഗാളും ഒഡീസയും ശക്തരായ പ്രാദേശിക കക്ഷികളെ കൈവെടിഞ്ഞ് മോദി-ബിജെപിയെ പിന്തുണയ്ക്കുമോ? വടക്കുകിഴക്കന്‍ ഇന്ത്യയിലെ 25 സീറ്റുകള്‍ നിര്‍ണ്ണയിക്കപ്പെടുന്നത് ഒരു ൃേമിമെരശേീിമഹ അടിസ്ഥാനത്തിലാണ്. ഇംഫാല്‍ താഴ്‌വരയിലെ മെയ്തി ഭൂരിപക്ഷ സീറ്റ് ബിജെപി ജയിക്കും-അസമിലെ 14 മണ്ഡലങ്ങളിലും ബിജെപിക്ക് സംഘടനാ സ്വാധീനമുണ്ട്. മുസ്‌ലിം സ്വാധീനമുള്ള 3-4 മണ്ഡലങ്ങള്‍ ഒഴിച്ചാല്‍ മുസ്‌ലിം വിരോധം തിരഞ്ഞെടുപ്പില്‍ മുതല്‍ക്കൂട്ടായേക്കാം. വലിയ സംസ്ഥാനമായ മഹാരാഷ്ട്ര (48 സീറ്റുകള്‍) യില്‍ ചിത്രം ഇപ്പോഴും തെളിഞ്ഞിട്ടില്ല.
കഴിഞ്ഞ തവണയെന്ന പോലെ ഉത്തരേന്ത്യ തൂത്തുവാരുന്നത് ബിജെപിക്ക് എളുപ്പമല്ല. അതു കൊണ്ട് പ്രതിപക്ഷം ഒത്തു പിടിച്ചാല്‍ ബിജെപിയുടെ സീറ്റെണ്ണം കേവല ഭൂരിപക്ഷത്തിന് താഴേക്ക് വരാവുന്നതേയുള്ളൂ.

വലിയ ചേരിതിരിവുള്ള ഒരു തിരഞ്ഞെടുപ്പാണ് 2024 ലിലേത്. നിങ്ങള്‍ മോദിക്കൊപ്പമോ എതിര്‍ ചേരിയിലോ എന്നതാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയം. മറ്റെല്ലാ വിഷയങ്ങളും അപ്രസക്തമാകുന്ന രീതിയില്‍ ഒരു രാഷ്ട്രീയ ബിംബം അത് കഥകളില്‍ കൂടി സൃഷ്ടിച്ചെടുത്ത വിശ്വാസ്യതയും ആധികാരികതയും മുന്നോട്ടുവെച്ച് പിന്തുണ ആവശ്യപ്പെടുകയാണ്. ഇവിടെ നിഷ്പക്ഷത ഒരു ചോയ്‌സ് അല്ല.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply