ആദിവാസികള്‍ പ്രദര്‍ശന വസ്തുക്കളോ?

ഏറെ വിവാദങ്ങളുയര്‍ത്തിയ കേരളീയം 2023 പരിപാടിക്ക് തിരുവനന്തപുരത്ത് തിരശീല വീഴുകയാണ്. വൃദ്ധജനങ്ങള്‍ക്ക് തുച്ഛമായ സാമൂഹ്യ പെന്‍ഷന്‍ മുതല്‍ കര്‍ഷകരില്‍ നിന്ന് ശേഖരിച്ച നെല്ലിന്റെ വില പോലും കൊടുക്കാതെയാണ് കോടികള്‍ ചിലവഴിച്ച് കേരളീയം മാമാങ്കം നടത്തിയതെന്നതാണ് പ്രധാന വിമര്‍ശനം. ആ വിമര്‍ശനം സ്വാഭാവികവുമാണ്. ഭാവിയിലേക്കുള്ള നിക്ഷേപമാണ് ആ പണം എന്ന സര്‍ക്കാര്‍ വാദം കേട്ടാല്‍ ചിരിക്കാതിരിക്കാനാവുമോ? അങ്ങനെ എത്രയോ നിക്ഷേപങ്ങള്‍ നമ്മള്‍ കണ്ടു. എന്നാല്‍ ആ ഭാവി കേരളം ഉണ്ടായോ എന്നു ചോദിച്ചാല്‍ മറുപടി ഇല്ലെന്നല്ലാതെ മറ്റെന്താണ്?

വേണ്ടത്ര ഗൗരവത്തോടെ പലരും ശ്രദ്ധിക്കാതിരുന്ന മറ്റൊരു വിഷയമാണ് ഈ കുറിപ്പില്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നത്. അത് ആദിമം ലിവിംഗ് മ്യൂസിയം എന്ന പേരില്‍ കനകക്കുന്ന് കൊട്ടാരത്തിലെ ചില പ്രദര്‍ശനങ്ങളാണ്. അക്ഷരാര്‍ത്ഥത്തില്‍ ആദിവാസി വിഭാഗങ്ങളെ പ്രദര്‍ശന വസ്തുക്കളാക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്. കാണി, മന്നാന്‍, ഊരാളികള്‍, മാവിലര്‍, പളിയര്‍, എന്നീ അഞ്ചു ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയുമാണത്രെ ഈ ലിവിങ് മ്യൂസിയത്തില്‍ പുനരാവിഷ്‌കരിച്ചത്. ഗോത്ര സംസ്‌കൃതിയുടെ തനിമയാര്‍ന്ന ജീവിതവും കലകളും ആവിഷ്‌കരിക്കുക എന്നതാണ് ആദിമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം.

വളരെ നിഷ്‌കളങ്കമെന്നുതോന്നുന്ന വിശദീകരണമാണിത്. ഏതു വിഭാഗത്തിന്റേയും കലാരൂപങ്ങള്‍ ആവിഷ്‌കരിക്കുന്നത് മനസ്സിലാക്കാം. അവ തനിമയോടെ സംരക്ഷിക്കുന്നതും. എന്നാല്‍ തനിമയാര്‍ന്ന ആദിവാസി ജീവിതം പ്രദര്‍ശിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്തായിരിക്കും? ഒന്നാമത് അത്തരത്തില്‍ ജീവിക്കുന്നവരല്ല ഇന്നു ഭൂരിഭാഗം ആദിവാസികളും. ഭൂരിഭാഗം പേരും അതാഗ്രഹിക്കുന്നവരുമല്ല. പൊതുസമൂഹത്തിന്റെ ഭാഗമായി ജീവിക്കാനാണ് വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നത്. എന്നാലത് വേണ്ടത്ര സംഭവിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു തന്നെയാണ് മറുപടി. വിദ്യാഭ്യാസമേഖല മുതല്‍ മറ്റെല്ലാ മേഖലകളിലും അവര്‍ക്കായി നടപ്പാക്കുന്നു എന്നു കൊട്ടിഘോഷിക്കപ്പെടുന്ന പദ്ധതികളൊന്നും ഫലം കാണുന്നില്ല. വയനാട് ജില്ലയിലും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കാവശ്യത്തിന് സീറ്റില്ലാതിരിക്കുമ്പോള്‍ മറ്റു പല ജില്ലകളിലും ഒഴിഞ്ഞു കിടക്കുകയാണ്. അവിടങ്ങളില്‍ പഠിക്കാനെത്തുന്നവര്‍ക്കാകട്ടെ പല കാരണങ്ങളാലും അധ്യയനം മുന്നോട്ടുകൊണ്ടുപോകാനാവുന്നില്ല. സ്വാഭാവികമായും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോകുന്നത് ആദിവാസികള്‍ക്കിടയിലാകുന്നത് സ്വാഭാവികം. ഇവിടത്തെ ആദിവാസി വിദ്യാഭ്യാസ നിലവാരം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. അതിന്റെ തുടര്‍ച്ച മറ്റെല്ലാ മേഖലയിലും കാണുമല്ലോ. അവരുടെ സ്വന്തം മണ്ണാകട്ടെ കാലങ്ങളായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

അക്ഷരാര്‍ത്ഥത്തില്‍ ദുരിതമയമാണ് ഇന്നു കേരളത്തിലെ ആദിവാസി ജീവിതം. കേരളം എല്ലാ മേഖലയിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എന്നു കൊട്ടിഘോഷിക്കുന്നവര്‍ പോലും ആദിവാസികള്‍ ഒന്നാം സ്ഥാനത്തെന്ന് നെഞ്ചില്‍ കൈവെച്ചു പറയില്ല. അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങളും മധുവെന്ന ചെറുപ്പക്കാര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടതും മാത്രം മതി അതു ബോധ്യമാകാന്‍.. കേരളം നേടിയെന്നവകാശപ്പെടുന്ന വികസനത്തിന്റെ ന്യായമായ വിഹിതം ലഭിക്കാത്തവരാണ് ആദിവാസികള്‍ എന്നു ധനമന്ത്രിയായിരുന്നപ്പോള്‍ തോമസ്് ഐസക് തന്നെ പറഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അവരുടെ ദുരിത ജീവിതം തനതു ജീവിതമെന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏറ്റവും പ്രസക്തമായ ചോദ്യം മറ്റൊന്നാണ്. എന്തുകൊണ്ട് ആദിവാസി സമൂഹങ്ങളുടെ തനതു ജീവിത ശൈലി മാത്രം, പലതും ഇപ്പോള്‍ കാണാന്‍ പോലുമില്ലാത്തത്, പ്രദര്‍ശിപ്പിക്കുന്നു? എന്തുകൊണ്ട് മറ്റു വിഭാഗങ്ങളുടെ കൂടി പ്രദര്‍ശിപ്പിച്ചുകൂടാ? ഉദാഹരണമായി കേരളത്തിലെ ബ്രാഹ്മണ വിഭാഗങ്ങളുടെ തനതു ജീവിത ശൈലിയും പ്രദര്‍ശിപ്പിക്കാമല്ലോ. എങ്കില്‍ എന്തൊക്കെയായിരിക്കും നാം കാണേണ്ടിവരുക? നായര്‍ വിഭാഗത്തിന്റേയാണെങ്കിലോ? അവര്‍ക്കെല്ലാം അവരുടേതായ രീതിയില്‍ തനതു ജീവിത ശൈലികള്‍ ഉണ്ടായിരുന്നല്ലോ. അവ കുറെയൊക്കെ മാറിയിട്ട് അധികകാലമായിട്ടില്ലല്ലോ. ആദിവാസികളുടെ ഇപ്പോള്‍ നിലവില്ലില്ലാത്തതും നിലവിലുള്ളതുമായ ജീവിതശൈലിയും ആവാസ വ്യവസ്ഥയും പ്രദര്‍ശനത്തിന് വെക്കാമെങ്കില്‍ മറ്റു വിഭാഗങ്ങളുടേയും ആകാമല്ലോ. എന്തുകൊണ്ട് അവരുടേയും ലിംവിംഗ് മ്യൂസിയങ്ങള്‍ ഉണ്ടാക്കികൂടാ? അവിടെയാണ് ആദിവാസികളോടുള്ള നമ്മുടെ യഥാര്‍ത്ഥ സമീപനം വ്യക്തമാകുന്നത്.

ആദിവാസികളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് അവരെ പ്രദര്‍ശന വസ്തുക്കളാക്കുകയല്ല, പകരം അവരുന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുകയാണ്. ഉദാഹരണണായി ആദിവാസി-ദലിത്-പാര്‍ശ്വവല്‍കൃത സമൂഹങ്ങളുടെ രാഷ്ട്രീയ മഹാസഭ എന്ന കൂട്ടായ്മ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ മാത്രം നോക്കാം. അതിലേറ്റവും പ്രധാനം രാജ്യത്തെ പല സംസ്ഥാനങ്ങളും എന്നേ നടപ്പാക്കിയ വനാവകാശനിയമം-പെസ നിയമം നടപ്പാക്കുക എന്നതാണ്. മുത്തങ്ങ സമരത്തിന്റെ പ്രധാന ആവശ്യം പോലും അതായിരുന്നു. എന്നാല്‍ ആദിവാസികളുടെ ഭരണഘടനാവകാശമായ അതിനെ വിഘടനവാദമായാണ് പൊതുവില്‍ കേരളം കണ്ടതും സമരത്തെ ചോരയില്‍ മുക്കി കൊന്നതും. ബഫര്‍ സോണ്‍ റദ്ദാക്കുക, വയനാട് വന്യജീവി സങ്കേതവിജ്ഞാപനം പുനഃപരിശോധിക്കുക,, ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക നിയോജകമണ്ഡലം ഏര്‍പ്പെടുത്തുക, തണ്ണീര്‍ തട ആശ്രിത സമൂഹങ്ങള്‍ക്ക് വനാവകാശം പോലുള്ള നിയമം നടപ്പാക്കുക, തീരദേശമത്സ്യതൊഴിലാളി സമൂഹങ്ങള്‍ക്ക് കടലവകാശനിയമം കൊണ്ടുവരിക,, ആദിവാസി പുനരധിവാസ പാക്കേജ് സമ്പൂര്‍ണ്ണമായി നടപ്പാക്കുക, ആദിവാസികള്‍ക്കും ദലിതര്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം ഭൂമി പതിച്ചുനല്‍കുക, ത്രിതല പഞ്ചായത്ത് രാജിലെ SC/ST ഫണ്ട് വിനിയോഗത്തിന് പുതിയ നയമുണ്ടാക്കുക, ഫണ്ട് വിനിയോഗം ഫലപ്രദമാക്കുക, SC/ST വിഭാഗത്തിലെ അതി പിന്നോക്കം നില്‍ക്കുവര്‍ക്ക് പ്രത്യേക വികസന പാക്കേജും റിക്രൂട്ട്മെന്റും നടപ്പാക്കുക, എയ്ഡഡ് മേഖല നിയമനം PSC ക്ക് വിടുക, EWS റദ്ദാക്കുക, SC/ST വകുപ്പിലെ നിയമനത്തില്‍ 50% SC/ST വിഭാഗങ്ങള്‍ക്ക് നല്‍കുക, തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുക എന്നിങ്ങനെ പോകുന്നു അവരുടെ ആവശ്യങ്ങള്‍

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്ത് നടക്കുന്നത് ആദിവാസികളുടെ വംശീയഹത്യയെന്നു പറയുമ്പോള്‍ പലരും നെറ്റിചുളിക്കാറുണ്ട്. എന്നാല്‍ അട്ടപ്പാടിയടക്കമുള്ള മേഖലകളില്‍ ആദിവാസികള്‍ അരനൂറ്റാണ്ടുകൊണ്ട് ജനസംഖ്യയില്‍ നേര്‍പകുതിയായി താഴെയായതായാണ് കണക്കുകള്‍. ഇതിനു പ്രധാന കാരണം ഭൂമിയില്‍ നിന്നും വനാശ്രിതത്വത്തില്‍ നിന്നുമുള്ള അവര്‍ നിഷ്‌കാസിതരാകുന്നു എന്നതാണ്. ഗോത്രജീവിതത്തെ കാഴ്ചവസ്തുവാക്കുന്ന സര്‍ക്കാര്‍ കാണേണ്ടത് വനാശ്രിതത്വവും പരമ്പരാഗത കാര്‍ഷിക സമ്പദ് വ്യവസ്ഥയുമാണ് ഗോത്രജീവിതത്തിന്റെ നട്ടെല്ല്. അതിന്റെ അടിത്തറയില്‍ മാത്രമാണ് അവര്‍ക്ക് പൊതു സമൂഹത്തിലേക്കിറങ്ങിവരാനും ഐസക് പറഞ്ഞ വികസനത്തിന്റെ വിഹിതം നേടാനും കഴിയൂ. എന്നാല്‍ അതാണ് തകര്‍ന്നു കൊണ്ടിരിക്കുന്നത്. എല്ലാ പരിരക്ഷാ നിയമങ്ങളും ദുര്‍ബ്ബലപ്പെടുത്തികൊണ്ടാണ് ആദിവാസികളെ ഭൂമിയില്‍ നിന്നും ആട്ടിയോടിക്കുന്നത്. അതു പുറത്തുകൊണ്ടുവരുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും വേട്ടയാടുന്നു. ഭൂപരിഷ്‌ക്കരണവും ജന്മിത്വവിരുദ്ധ ആശയങ്ങളും ഏറെ ചര്‍ച്ചചെയ്യപ്പെട്ട സംസ്ഥാനമായിട്ടും ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക് നാം ഒട്ടും പരിഗണന നല്‍കുന്നില്ല. ആദിവാസികളുടെ സ്വയംഭരണം, പട്ടികവര്‍ഗ്ഗ പ്രദേശം, വനാവകാശം തുടങ്ങിയ ഭരണഘടനാവകാശങ്ങളൊനന്ു ഇവിടെ ചര്‍ച്ച ചെയ്തില്ല. മാത്രമല്ല, നിലനിന്ന ഒരേയൊരു ആദിവാസി സംരക്ഷണ നിയമം (KSTA 1975) 1999ല്‍ റദ്ദാക്കുകയും ചെയ്തു. എന്നിട്ടാണ് കേരളീയത്തില്‍ ഈ പ്രദര്‍ശനം നടക്കുന്നത്. അത് അലി അക്ബര്‍ എന്ന രാമസിംഹന്‍ സംവിധാനം ചെയ്ത ബാംബു ബോയ്‌സ് സിനിമയില്‍ നിന്ന് കാര്യമായി വ്യത്യസ്ഥമല്ല എന്നു തന്നെ പറയേണ്ടിവരും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply