ഇന്ത്യാമുന്നണിയല്ല, കോണ്‍ഗ്രസ്സ് തന്നെ

ഇന്ത്യാ സഖ്യത്തെ പിന്തുണയ്ക്കുക, ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന് പറയുമ്പോള്‍ കേരളത്തില്‍ ഏത് മുന്നണിയെ പിന്തുണയ്ക്കുന്നു എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ തങ്ങള്‍ ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കുന്നു വെന്നും അതിന്റെ ആന്തരികാര്‍ത്ഥം കോണ്‍ഗ്രസിനെ വിജയിപ്പിക്കുക എന്നതാണെന്നുമുള്ള നിലപാടാണ് പലരും സ്വീകരിക്കുന്നത്.

2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി രാജ്യത്തെമ്പാടും സ്വതന്ത്ര പൗര സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഹിന്ദുത്വ ഫാസിസത്തെ ചെറുക്കുക എന്ന ഒറ്റപോയിന്റില്‍നിന്നുകൊണ്ട് സഹകരിച്ചും, അല്ലാതെയും പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഏദുളു കര്‍ണ്ണാടക മോഡല്‍ സാമൂഹ്യ ഇടപെടലാണ് ഇത്തരം സ്വതന്ത്ര പൗര സംഘടനകള്‍ ലക്ഷ്യമിടുന്നത് എന്നത് ആശാവഹമായ കാര്യമാണെങ്കിലും പ്രതീക്ഷാ നിര്‍ഭരമായ ഒരു മുന്നേറ്റമായി ഇനിയും ഇത് വികസിച്ചു വന്നിട്ടില്ല.

ബി.ജെ.പിക്ക് എതിരെ ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കേരളത്തിലും കണ്‍വെന്‍ഷനുകള്‍ നടക്കുന്നുണ്ട്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി എന്‍.ജി.ഒ സംഘടനകളുടെ വിപുലമായ സാന്നിദ്ധ്യമുള്ള കേരളത്തില്‍ താരതമ്യേന നനഞ്ഞ പ്രതികരണമാണ് ഈ നീക്കത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊതുവില്‍ കേരളത്തിലെ കക്ഷി രാഷ്ട്രീയാധിക്യവും ഇടതുപക്ഷ രാഷ്ട്രീയ സ്വാധീനവും സിവില്‍ സൊസൈറ്റി മൂവ്‌മെന്റിനെ ദുര്‍ബലപ്പെടുത്തുന്ന ഘടകങ്ങളാണ്.

ഇന്ത്യാ സഖ്യത്തെ പിന്തുണയ്ക്കുക, ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന് പറയുമ്പോള്‍ കേരളത്തില്‍ ഏത് മുന്നണിയെ പിന്തുണയ്ക്കുന്നു എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാതെ തങ്ങള്‍ ഇന്ത്യ സഖ്യത്തെ പിന്തുണയ്ക്കുന്നു വെന്നും അതിന്റെ ആന്തരികാര്‍ത്ഥം കോണ്‍ഗ്രസിനെ വിജയിപ്പിക്കുക എന്നതാണെന്നുമുള്ള നിലപാടാണ് പലരും സ്വീകരിക്കുന്നത്. ഇടതുപക്ഷത്തിനെതിരെ പരസ്യമായ നിലപാടുകളെടുക്കുവാനുള്ള വൈമുഖ്യമാണ് ഇതിന് കാരണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബി.ജെ.പി വെല്ലുവിളിയാകുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബലമാണെങ്കില്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുകയാണ് വേണ്ടതെന്ന വാദം ശക്തമാണ്. ഈ വാദം ഒറ്റ നോട്ടത്തില്‍ ശരിയാണെന്ന് തോന്നാമെങ്കിലും കേരളത്തിലെ ഇരുപത് നിയോജക മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ വിജയിപ്പിക്കേണ്ടതും അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതും സിവില്‍ സൊസൈറ്റിയുടെ ബാദ്ധ്യതയാണ്. 2024 ലെ പൊതു തെരഞ്ഞെടുപ്പ് ആ അര്‍ത്ഥത്തില്‍ നിര്‍ണ്ണായകമാകുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒരു വട്ടം കൂടി ബി.ജെ.പി. അധികാരത്തില്‍ വന്നാല്‍ അത് ഇന്ത്യയെന്ന രാജ്യത്തിനും അതിന്റെ ഭരണഘടനയ്ക്കും, ജനാധിപത്യത്തിനും കടുത്ത വെല്ലുവിളിയാകുമെന്ന് സ്വതന്ത്ര പൗര സമൂഹ സംഘടനകള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇന്ത്യാ സഖ്യത്തിന് വെളിയില്‍ ബി.ജെ.പി. അനുകൂല നിലപാട് തുടരുന്ന ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നത് ഹിന്ദുത്വ ഫാസിസത്തെ ശക്തിപ്പെടുത്താനെ ഉപകരിക്കൂ. അതുകൊണ്ട് തന്നെ ഹിന്ദുത്വ ഫാസിസത്തോടൊപ്പം കമ്മ്യൂണിസ്റ്റ് ഫാസിസത്തെയും പ്രതിസ്ഥാനത്ത് നിറുത്തുന്ന ഒരു മുന്നേറ്റമായിരിക്കും കേരളത്തിന് അഭികാമ്യമായിട്ടുള്ളത്. ഇത്തരത്തില്‍ നിലപാട് സ്വീകരിക്കാതെ ഇടതുപക്ഷത്തെ കൂടി ബി.ജെ.പി. വിരുദ്ധ മുന്നേറ്റത്തില്‍ സഹകരിപ്പിക്കണമെന്ന് പറയുന്നവര്‍ ലിബറല്‍ ലെഫ്റ്റിസ്റ്റുകളുടെ സ്വാധീനത്തില്‍ ചിന്തിക്കുന്നവരാണ്. കേരളത്തില്‍ വളര്‍ന്നു വരുന്ന സിവില്‍ സൊസൈറ്റി മൂവ്‌മെന്റിനെ വഴിതെറ്റിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് ഇക്കൂട്ടര്‍.

സിവില്‍ സമൂഹ സംഘടനകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അവ്യക്തതയും, അനൈക്യവും സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ഫാസിസത്തെ അത് അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇവര്‍ കാണുന്നില്ലായെന്നതാണ്. സംഘ പരിപാറിനെയും അവരുടെ സാംസ്‌ക്കാരിക ഹിന്ദുത്വത്തെയും വേണ്ടവിധം വിലയിരുത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ഒറ്റകാര്യത്തില്‍ മാത്രമാണ് അഭിപ്രായ ഐക്യം ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ ഫാസിസത്തിന്റെ വിവിധ രൂപങ്ങളെ കൃത്യമായി വിലിയിരുത്തുന്ന കാര്യത്തില്‍ ഇനിയും യോജിപ്പ് ഉണ്ടായിട്ടില്ല.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഒരു സിവില്‍ സമൂഹ പ്രസ്ഥാനം ശക്തിപ്പെടുത്തുക എന്നത് വളരെ ദുഷ്‌ക്കരമായ കാര്യമാണ്. പ്രത്യേകിച്ച് ഇവിടത്തെ ഇടതു പൊതുബോധം സ്വതന്ത്ര പൗരസമൂഹത്തിന് അനുകൂലമല്ല. അത് ജനാധിപത്യ വിരുദ്ധവും കമ്മ്യൂണിസ്റ്റ് ഫാസിസത്തോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. ഈ കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യ ചിന്താഗതി കേരളത്തെ ഒരു അടഞ്ഞ സമൂഹമാക്കി മാറ്റി തീര്‍ത്തിരിക്കുന്നു. കേരളത്തിന്റെ എല്ലാ രാഷ്ട്രീയ-സാംസ്‌ക്കാരിക മണ്ഡലങ്ങളിലും ജാതി-മത-വര്‍ഗ്ഗ സംഘടനകളെയും ഈ സമഗ്രാധിപത്യ പ്രവണതകള്‍ ആഴത്തില്‍ സ്വാധീനിച്ചിരിക്കുന്നു. ജനാധിപത്യമെന്നു കരുതി ഇവിടെ അനുഷ്ഠിക്കപ്പെടുന്നതും, ആചരിക്കപ്പെടുന്നതും സോഷ്യല്‍ ഫാസിസത്തിന്റെ അലിഖിത നിയമങ്ങളെയാണ് എന്നതാണ് വസ്തുത.

അതുപോലെ, കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഹിന്ദുത്വ ഫാസിസത്തോട് സമരസപ്പെടുന്നതും നിയോ ഹിന്ദുത്വത്തിന്റെ സാംസ്‌ക്കാരിക പരിസരങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. സി.പി.ഐ (എം) നേതൃത്വം സംഘപരിവാര്‍ ഹിന്ദുത്വത്തെ ഇപ്പോഴും ഫാസിസമായി വിലയിരുത്തുന്നില്ലായെന്നതാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം. മാത്രമല്ല, ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ബദലായി കോണ്‍ഗ്രസിനെയോ കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യാ സഖ്യത്തെയോ?. തുറന്ന മനസ്സോടെ പിന്തുണയ്ക്കുന്നുമില്ല.

ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ കേരളാ വെര്‍ഷന്‍ നടപ്പാക്കിയെടുക്കുവാനാണ് ഇടതുപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ഹിന്ദുത്വ ഫാസിസവും കമ്മ്യൂണിസ്റ്റ് ഫാസിസവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ സൈദ്ധ്യാന്തിക അടിത്തറ സമഗ്രാധിപത്യംതന്നെയാണ്. ഒരേ ആശയ ഗതിയുള്ളവര്‍ ഒന്നിച്ച് സഹകരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.

സംഘപരിവാറിന്റെ രാഷ്ട്രീയ സനാതനത്വത്തെ അതേ നിലയില്‍ അംഗീകരിക്കുന്നില്ലായെങ്കിലും സാംസ്‌ക്കാരിക സനാതനത്വത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സാംശീകരിക്കുന്നുണ്ട്. അമ്പല കമ്മറ്റികളും ഉത്സവ കമ്മിറ്റികളും അധീനതയിലാക്കുവാനുള്ള കിട മത്സരങ്ങള്‍ ഇവര്‍ക്കിടയില്‍ ശക്തമാണെങ്കിലും സഹകരണത്തിന്റെ മേഖലകള്‍ സജീവമാണ്. എസ്.എന്‍.ഡി.പി, കെ.പി.എം.എസ്, കെ.വി.എം.എസ് പോലുള്ള സാമുദായിക സംഘടനകളിലൂടെയാണ് ഈ ഹിന്ദുത്വ സാസ്‌ക്കാരികതയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആവാഹിച്ചെടുക്കുന്നത്. ഇതില്‍ ബി.ജെ.പി.ക്ക് വേണ്ടത്ര മുന്നോട്ട് പോകുവാന്‍ കഴിഞ്ഞിട്ടില്ലായെന്നതാണ് കേരളത്തില്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മിക്കവാറും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളിലും ഹിന്ദുത്വ സംസ്‌ക്കാരിക സനാതനത്വത്തിന്റെയും, കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെയും സ്വാധീനങ്ങള്‍ കാണുവാനാകും. . ഫാസിസത്തിനെതിരെയുള്ള ജനാധിപത്യ മുന്നേറ്റങ്ങള്‍ വഴിമുട്ടുന്നത് യഥാര്‍ത്ഥത്തില്‍ ഇവിടെയാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ സിവില്‍ സൊസൈറ്റി മൂവ്‌മെന്റിന് ഹിന്ദുത്വ ഫാസിസത്തോടും കമ്മ്യൂണിസ്റ്റ് ഫാസിസത്തോടും അകലം പാലിച്ചു മാത്രമേ മുന്നോട്ടു പോകുവാനാകൂ.

സമൂഹ ജനാധിപത്യം വികാസം പ്രാപിക്കാത്ത നമ്മുടേതുപോലുള്ള സമൂഹത്തില്‍ സിവില്‍ സമൂഹ സംഘടനകള്‍ ഇത്തരത്തിലുള്ള ദൗര്‍ബല്യങ്ങള്‍ പ്രകടിപ്പിക്കുന്നതും, പിന്നോട്ടടിക്കുന്നതും സ്വാഭാവികമാണ്. സ്വതന്ത്ര പൗരന്‍മാരുടെ രാഷ്ട്രീയ ഇച്ഛാശക്തിയിലാണ് സാമൂഹിക ജനാധിപത്യം വളര്‍ച്ച നേടുന്നത്. അത്തരത്തിലുളള ഒരു സ്വതന്ത്ര പൗര സമൂഹത്തിന്റെ അഭാവമെന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

2019 ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് സിവില്‍സമൂഹ സംഘടനകള്‍ക്ക് വലിയ തോതില്‍ ബി.ജെ.പി. വിരുദ്ധ വികാരം സൃഷ്ടിക്കുവാന്‍ കഴിഞ്ഞുവെങ്കിലും ഇലക്ഷന്‍ റിസള്‍ട്ട് ബി.ജെ.പിക്ക് അനുകൂലമായതോടെ സിവില്‍ സമൂഹ സംഘടനകള്‍ തിരശീലയ്ക്ക് പിന്നിലേക്ക് വലിയുന്ന കാഴ്ചയാണ് ഉണ്ടായത്. ഇപ്പോള്‍ വീണ്ടും 2024 ഇലക്ഷനെ മുന്നില്‍കണ്ട് പൂര്‍വ്വാധികം ശക്തിയോടെ ഫാസിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, തെരഞ്ഞെടുപ്പ് ഫലം വിപരീതമാണെങ്കില്‍ അത് ഇന്ത്യയിലെ സിവില്‍സമൂഹ സംഘടനകളുടെ മുനയൊടിക്കുമെന്നു മാത്രമല്ല, വലിയൊരു ഇടവേളയിലേക്ക് നിശബ്ദമാക്കപ്പടുവാനും, വേട്ടയാടപ്പെടുവാനും സാദ്ധ്യതയുണ്ട്.

ശക്തവും, വ്യക്തവുമായ രാഷ്ട്രീയ സൈദ്ധാന്തിക അടിത്തറ രൂപപ്പെടുത്തിക്കൊണ്ട് മാത്രമേ ഇത്തരമൊരു സാഹചര്യത്തെ മറികടക്കാനാകൂ. അതിന് അധികാര രാഷ്ട്രീയത്തിന് പുറത്ത് സാമൂഹ്യ പ്രതിപക്ഷമെന്ന ആശയത്തെ വികസിപ്പിച്ചെടുത്ത് അധികാര രാഷ്ട്രീയത്തെയും സാമൂഹ്യ ജനാധിപത്യത്തെയും ഒരേ പോലെ തിരുത്തുവാന്‍ കഴിയുന്ന സാമൂഹ്യ ശക്തിയായി സിവില്‍ സൊസൈറ്റി മൂവ്‌മെന്റ് മാറേണ്ടതുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply