കെ കെ ശൈലജയുടെ പ്രതിച്ഛായ യാഥാര്‍ത്ഥ്യമെന്ത്?

ആരോഗ്യം, വനിതാ ശിശുക്ഷേമം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായിരുന്ന കെ കെ ശൈലജയുടെ ഭരണനിര്‍വഹണ ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍, ആ വകുപ്പുകളുടെയെല്ലാം അടിത്തറ തകര്‍ത്ത് പൊതുജനാരോഗ്യരംഗത്തെ വിശ്വാസ്യത നഷ്ടപ്പെടുത്തി മോര്‍ച്ചറിയില്‍ തള്ളിയതായാണ് ഏതൊരാള്‍ക്കും മനസ്സിലാവുക. അങ്ങനെ ഒരാള്‍ വടകരയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ കൃത്യമായി വിലയിരുത്തപ്പെടേണ്ടത് നമ്മുടെ ജനാധിപത്യ കര്‍ത്തവ്യമാണ്.

ആരോഗ്യം വനിതാ ശിശുക്ഷേമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരിക്കെ ആ മേഖലകളിലെല്ലാം വലിയ നേട്ടങ്ങള്‍ കൈവരിച്ചു എന്ന അടിസ്ഥാനരഹിതമായ വ്യാജ പ്രചരണമാണ് കെ കെ ശൈലജയ്ക്ക് വേണ്ടി വടകരയില്‍ നടക്കുന്നത്. പഴയ പി ആര്‍ വര്‍ക്കിന്റെ തുടര്‍ച്ച എന്ന് വേണമെങ്കില്‍ പറയാം. ജീവിതത്തെയും മരണത്തെയും കൊച്ചു കുഞ്ഞുങ്ങള്‍ അനുഭവിച്ച പീഡന യാഥാര്‍ത്ഥ്യങ്ങളെയും മറച്ചുപിടിച്ച് വോട്ടുകള്‍ ആക്കി മാറ്റുന്നതിനുള്ള ജനാധിപത്യത്തിന്റെ കഴുത്തില്‍ പിടിമുറുക്കുന്ന ഫാസിസ്റ്റ് സമാന പ്രചരണങ്ങളാണ് ഇവയെന്ന് കേരളത്തിലെ അനുഭവത്തിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ക്ക് മനസ്സിലാകും.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ കോവിഡ് ബാധയേറ്റ് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ മരണമടഞ്ഞത് കേരളത്തിലാണ്. എന്നാല്‍ അതെല്ലാം ആസൂത്രിതമായി മറച്ചുവയ്ക്കപ്പെടുകയായിരുന്നു. കോവിഡ് മാറാമാരി ഭയാനകമായി പിടിമുറുക്കിയ കാലത്ത് ആരോഗ്യവകുപ്പ് നേരിട്ട അഴിമതി ആരോപണങ്ങളുടെ കാര്യത്തിലും ഒരുപക്ഷേ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നതും കേരളമാണ്. അതില്‍ പല കേസുകളും ഇപ്പോള്‍ ലോകായുക്തയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവിടുകയുണ്ടായി. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

സാമൂഹ്യനീതി – വനിതാ ശിശുക്ഷേമ വകുപ്പും ശൈലജയും

തിരുവല്ല പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സന്യാസിനി വിദ്യാര്‍ത്ഥിനി ദിവ്യ പി ജോണിയുടെ മരണം തിരക്കഥ തയ്യാറാക്കി അന്വേഷിക്കുന്ന പോലീസിന്റെ നിലപാടില്‍ അന്ന് മന്ത്രിയായിരുന്ന ശൈലജ ടീച്ചറില്‍ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. വനിതാ ശിശു ക്ഷേമ വകുപ്പും സാമൂഹ്യനീതി വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി ശൈലജ ടീച്ചര്‍ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ലത്രേ! ആര്‍ക്കുവേണ്ടിയാണ് ലക്ഷങ്ങള്‍ ചിലവഴിക്കുന്ന ഇത്തരം വകുപ്പുകള്‍..?

വാളയാര്‍ ഉള്‍പ്പെടെ രണ്ടായിരത്തിലധികം പീഢന കേസുകളും മറ്റ് പീഢന കൊലകളും നടന്നിട്ടും ഒരു സ്ത്രീ എന്ന നിലയില്‍ പോലും പ്രതികരിക്കാന്‍ കെ കെ ശൈലജ തയ്യാറായിട്ടില്ല.. 27000 ത്തില്‍ പരം പുറമ്പോക്ക് തെരുവു കോളനികളില്‍ പുഴു സമാനമായി ജീവിക്കുന്ന ദളിതരും ആദിവാസികളും പെണ്‍കുട്ടികളും ഉള്‍പ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ സാമൂഹ്യ സുരക്ഷിതത്വ സങ്കീര്‍ണ്ണതകളും പീഢനങ്ങളും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും മന്ത്രി ശൈലജയെ അലട്ടിയീട്ടില്ല.. മധ്യവര്‍ഗത്തിന്റെ കൈയ്യടി കിട്ടാന്‍ അവരുടെ തന്നെ മാമാങ്കങ്ങള്‍ അരങ്ങുതകര്‍ക്കുന്ന ദൃശ്യമാധ്യമങ്ങളില്‍ സാന്ദ്രീകൃത സാന്നിധ്യമാവുകയാണ് ശൈലജ ചെയ്തുകൊണ്ടിരുന്നത്. മധ്യവര്‍ഗത്തിന്റെ ഭാവഗീതാത്മകവും കാല്പനികവുമായ സ്തുതി പാഠങ്ങളൊന്നും ശൈലജ ടീച്ചറോട് നിസ്വരായ, നിരാലംബരായ വര്‍ഗ്ഗത്തിന് തോന്നിയെന്നുവരില്ല.. അരികിലേക്ക് ആട്ടിയോടിക്കപ്പെട്ടവരെ ദൃശ്യ – സാമൂഹ്യ മാധ്യമങ്ങളില്‍ കാണാനും കഴിയില്ല..

സന്ന്യാസിനി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ ജീവിതം 7/05/2020 ന് അതേ മഠത്തിലെ കിണറിന്റെ ആഴങ്ങളില്‍ അവസാനിക്കുകയായിരുന്നു. 21 വയസ് മാത്രമുണ്ടായിരുന്ന ആ വിദ്യാര്‍ത്ഥിനിയുടെ മരണ കാരണം പോലീസിന് ശക്തമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത് നേരായ നിലയില്‍ അന്വേഷിച്ചു് യഥാര്‍ത്ഥ കുറ്റവാളികളെ, അവര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ഉത്തരവാദിത്തപ്പെട്ട ടീച്ചര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ കേസ് അട്ടിമറിക്കുന്ന നിലപാടുകളാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

വാളയാര്‍ ബാലികാ പീഡനം, ബെസേലിയന്‍ മഠത്തിലെ ദിവ്യ പി ജോണ്‍ മരണം, പാലത്തായി പീഡനക്കേസ് ഉള്‍പ്പെടെ ഏറ്റവും ദാരുണമായ പീഡന പരമ്പരകള്‍ നടന്ന കാലത്ത് അന്വേഷണങ്ങള്‍ ഓരോന്നായി അട്ടിമറിക്കപ്പെടുമ്പോള്‍ വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ കെ ശൈലജ ഓരോ വീഴ്ചകളെയും, സദാചാരത്തിന്റെ പി ആര്‍ പ്രവര്‍ത്തനങ്ങള്‍ ഉപയോഗിച്ച് ന്യായീകരിച്ചു കൊണ്ടിരുന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പ് തന്നെ പെണ്‍ പീഡകരുടെ ഇടത്താവളമായി മാറുകയായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നിരന്തരമായി പോക്‌സോ പീഡനക്കേസുകളില്‍ കോടതിയില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകനെ പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ആക്കി ടീച്ചര്‍..! കുഞ്ഞുങ്ങളെ സംരക്ഷിക്കാനുള്ള ചെയര്‍മാന്‍ ആയിരിക്കുമ്പോള്‍ തന്നെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്ന ലോകത്തിലെ ആദ്യത്തെ പീഡനക്കേസാക്കി വാളയാര്‍ കേസിനെ മാറ്റി കെ കെ ശൈലജ!

ഹൈക്കോടതി പോലും കൊലപാതകിയായി വിധിയെഴുതിയ ഒരു കൊടും ക്രിമിനലായ കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ ‘ജനങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞനന്തേട്ടന്‍’ എന്നാണ് ശൈലജ അഭിസംബോധന ചെയ്തത്. ടി പി ചന്ദ്രശേഖരന്റെ അതിദാരുണമായ കൊലപാതകത്തിന് ശേഷം ധീരമായി രാഷ്ട്രീയ പോര്‍ക്കളത്തിലേക്ക് ഇറങ്ങിയ കെ കെ രമയെ ‘ഭര്‍ത്താവ് മരിച്ച് 45 കഴിയാതെ പുറത്തിറങ്ങുന്നവള്‍’ എന്ന് അധിക്ഷേപിച്ചതും കെ കെ ശൈലജയത്രേ…

പലസ്തീന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന, തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടമായ ഹമാസിനെ ഭീകര പ്രവര്‍ത്തകരായി ചിത്രീകരിക്കുകയും, ഹമാസ് കുട്ടികളെയും സ്ത്രീകളെയും വെച്ച് വിലപേശുകയാണ് എന്ന് പറയുകയും ചെയ്ത കെ കെ ശൈലജയുടെ ചരിത്രത്തെ അപനിര്‍മ്മിക്കുന്ന ആശയങ്ങള്‍ സംഘപരിവാറിന്റെ നിലപാടുകളോട് കൂടുതല്‍ അടുത്തുനില്‍ക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ശൈലജ ടീച്ചറുടെ നിരവധി പ്രസ്താവനകള്‍ രാഷ്ട്രീയ സാമൂഹ്യ സദാചാരത്തിന്റെ അപമാനവീകരണമായി നമുക്ക് കാണാന്‍ കഴിയും.

കേരളത്തിന്റെ ആരോഗ്യ മേഖല

കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കേരളത്തിലെ ആരോഗ്യമേഖലയുടെ ഫണ്ടിംഗ് പ്രധാനമായും ഊന്നുന്നത് എന്‍ ആര്‍ എച്ച് എം – NRHM (നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍) പ്രോജക്ടിലാണ്. ആരോഗ്യരംഗത്തെ ആഗോള വില്പനച്ചരക്കാക്കുന്ന ലോകബാങ്ക് വിഭാവനം ചെയ്ത മാസ്റ്റര്‍പ്ലാന്‍ ആണ് NRHM. ലോക ബാങ്കിന്റെ പിടിയിലമര്‍ന്നു കഴിഞ്ഞ കേരളത്തിലെ ആരോഗ്യമേഖലയില്‍ സമ്പൂര്‍ണ്ണ കോര്‍പ്പറേറ്റ് സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ച ആളാണ് കെ കെ ശൈലജ. ആരോഗ്യം ജന്മാവകാശമെന്ന നിലയില്‍ നിന്നും കമ്പോളത്തില്‍ വിലകൊടുത്തു വാങ്ങേണ്ട മറ്റൊരു ഉല്‍പന്നമായും ആതുരസേവനം ചികിത്സാവ്യവസായമായും ഏറ്റവും കൂടുതല്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടത് കെ കെ ശൈലജ മന്ത്രിയായിരിക്കുമ്പോഴാണ്.

2020 ജൂലൈ 12 ന് കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ‘ സ്റ്റേറ്റ് പാര്‍ട്ണറായി ‘ ലോകബാങ്ക് പ്രഖ്യാപിക്കുകയുണ്ടായി. ലോകബാങ്ക് ഇന്ത്യ ഡയറക്ടര്‍ ജുനൈദ് അഹമ്മദ് പിണറായി വിജയനുമൊത്താണ് വിഖ്യാത പ്രഖ്യാപനം നടത്തിയത്. ‘റെസിലിയന്റ് കേരള ഇനിഷ്യേറ്റീവ് ‘ എന്നു വിളിക്കപ്പെടുന്ന ഈ വിനാശകരമായ പങ്കാളിത്തം ഇപ്പോള്‍ അതിന്റെ നിര്‍വഹണഘട്ടത്തിലാണ്. 500 മില്യണ്‍ ഡോളറാണ് വായ്പ ലോകബാങ്ക് അനുവദിച്ചത്. ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ നമ്മുടെ കുഞ്ഞുങ്ങള്‍ വിഭവങ്ങള്‍ നഷ്ടപ്പെട്ട് ഭീകര കടക്കാരാകുന്ന, അവരെ ഭിക്ഷാംദേഹികളാക്കുന്ന പണിയാണ് ഈ സമ്പൂര്‍ണ്ണ കോര്‍പ്പറേറ്റ് വായ്പാ ധിഷ്ഠിത വികസനവും സ്വകാര്യവല്‍ക്കരണവും.. ഇതുതന്നെയാണ് അമേരിക്കയും മറ്റു കോര്‍പ്പറേറ്റ് മാധ്യമങ്ങളും ‘കേരള മോഡലിനെ’ പ്രകീര്‍ത്തിച്ച് പ്രചരിപ്പിക്കുന്നതും അതില്‍ ആരോഗ്യരംഗത്ത് ശൈലജ ടീച്ചര്‍ക്ക് വേണ്ടി വലിയ പ്രചരണങ്ങള്‍ നടത്തിയതും. ആരോഗ്യ ഇന്‍ഷുറന്‍സ് , ആയുഷ്മാന്‍ ഭാരത് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.

സ്വകാര്യവല്‍ക്കരണത്തിന്റെ കാലക്രമങ്ങള്‍

150 വര്‍ഷത്തിലേറെ പഴക്കമുണ്ട് തിരുവനന്തപുരത്തെയും എറണാകുളത്തെയും ജനറല്‍ ആശുപത്രികള്‍ക്ക്. സ്വാതന്ത്ര്യാനന്തരം കേരള സംസ്ഥാന രൂപീകരണത്തിന് മുന്‍പ് തന്നെ 1951 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്ഥാപിതമായി. എല്ലാവര്‍ക്കും പ്രാപ്യമാകുന്ന ഒരു ആരോഗ്യ സംവിധാനം നടപ്പാക്കപ്പെടുന്നതില്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പങ്കു പ്രധാനമായിരുന്നു. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ ശുചിത്വത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ വളര്‍ത്തിയെടുത്തിരുന്നതും ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതാണല്ലോ..

1956 മുതല്‍ 1980 വരെ ശരാശരി 13.04 ശതമാനം ബജറ്റ് വിഹിതം പൊതുജനാരോഗ്യ ത്തിലേക്ക് നല്‍കിയിരുന്നു. 1960-61ല്‍ 20,000 ബെഡ്ഡുകള്‍ പൊതുമേഖലയില്‍ ഉണ്ടായിരുന്ന കേരളത്തില്‍ 1986 ല്‍ അത് 36000 ആയിരുന്നു. എന്നാല്‍ പിന്നീട് മാറി മാറി ഭരിച്ച സര്‍ക്കാരുകളില്‍ മുതലാളിത്ത നവ ലിബറല്‍ നയങ്ങളും കോര്‍പ്പറേറ്റ് വികസനവും ഏറ്റവും കൂടുതല്‍ പ്രയോഗിച്ചത് ഇടതുപക്ഷം എന്ന് നടിക്കുന്ന ഈ തീവ്ര വലതു വിഭാഗമാണ്. ശൈലജ ടീച്ചറുടെ കാലത്താണ് സ്വകാര്യമേഖലയ്ക്ക് ശക്തമായ പിന്തുണ നല്‍കപ്പെട്ടത്. ആരോഗ്യ രംഗത്തെ ആഗോളവല്‍ക്കരണത്തിലേക്കും സ്വകാര്യവല്‍ക്കരണത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ നാളുകളായിരുന്നു ശൈലജ ടീച്ചറുടെ ആ മഹത്തായ മന്ത്രി കാലം. കോര്‍പ്പറേറ്റ് കമ്പനികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കേരളത്തില്‍ പൊതുജനാരോഗ്യ മേഖലയില്‍ ചുവടുറപ്പിക്കുന്നതില്‍ അകമഴിഞ്ഞ സഹായം ഇന്നും തുടരുകയാണ്.

ഏകപക്ഷീയമായ നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് (NMC ACT) പാസാക്കിയത് മറക്കരുത്. ഈ നയങ്ങള്‍ കൂടുതല്‍ മുന്നോട്ടു പോയതിന് ശേഷമാണ് കോവിഡ് 19 സംഭവിച്ചതെങ്കില്‍ കേരളത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നു. അടിച്ചേല്‍പിക്കപ്പെടുന്ന ശക്തമായ വ്യവസ്ഥകളോടെയാണ് ലോകബാങ്ക് വായ്പയുടെ ബലതന്ത്രം പ്രയോഗിക്കുന്നത്.. കൊട്ടിഘോഷിക്കുന്ന ‘കേരള മോഡല്‍ ആരോഗ്യം’ അമേരിക്കന്‍ – ലോകബാങ്ക് താല്‍പര്യങ്ങളാല്‍ ഉദ്ഗ്രഥിക്കപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംവിധാനമാണെന്ന് നാം അറിഞ്ഞിരിക്കണം.. അതു കൊണ്ടാണ് ലോക കോര്‍പറേറ്റ് മാധ്യമങ്ങളും മൂലധനശക്തികേന്ദ്രങ്ങളും കേരള മോഡലിനെയും അതിന്റെ ദല്ലാള്‍ രൂപങ്ങളേയും വാഴ്ത്തിപ്പാടുന്നത്.

അതുകൊണ്ട്, വന്‍ കോര്‍പ്പറേറ്റ് സഹായത്തോടെയും പി ആര്‍ വര്‍ക്കിലൂടെയും നിര്‍മ്മിച്ചെടുത്ത കെ കെ ശൈലജയുടെ പ്രതിച്ഛായ കേരളത്തിലെ ഫാസിസ്റ്റ് വിരുദ്ധ സാമ്പത്തിക – രാഷ്ട്രീയ മൂല്യബോധത്തിന്റെ തകര്‍ച്ചയാകും ജനങ്ങള്‍ക്ക് സമ്മാനിക്കുക..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply