പുതിയ ഇന്ത്യ, പുതിയ ബിജെപി ആരു പിടിച്ചുകെട്ടുമീ യാഗാശ്വത്തെ?

ഹിന്ദുത്വ രാഷ്ട്രീയത്തിനെ പ്രതിരോധിക്കുന്ന ലിബറല്‍ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട സംരക്ഷകര്‍ കോണ്‍ഗ്രസ്സാണെന്ന് ബിജെപി കരുതുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഘടനാ ശോഷണം സംഭവിച്ചതോടു കൂടി ശ്രദ്ധ കോണ്‍ഗ്രസ്സിലേക്ക് മാറിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കൂടുതല്‍ ഇടത് ലിബറല്‍ ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നതും ഒരു കാരണമാണ്. ഇന്ത്യയിലെ ഇടതുകാലാവസ്ഥയുടെ ഏറ്റവും വലിയ വക്താവായി ബിജെപി കാണുന്നത് രാഹുലിനെയാണ് എന്നു പറയാം.

ബകജന്മമാണ് ബിജെപിയുടേത്. എത്ര തിന്നാലും അതിന് മതിവരുന്നില്ല. 2019 ലെ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകള്‍ നേടി ലോക്‌സഭയില്‍ കേവല ഭൂരിപക്ഷം കൈവരിച്ച പാര്‍ട്ടി 2024 ല്‍ ലക്ഷ്യമിട്ടിരിക്കുന്നത് 370 സീറ്റുകളാണ്. 370 ന്റെ പ്രത്യേകത എന്തായിരിക്കും? 370 വകുപ്പ് മാറ്റി ജമ്മുകശ്മീരിന്റെ മേലുള്ള രാഷ്ട്രീയ-ഭരണ അധീശത്വം സമ്പൂര്‍ണ്ണമാക്കി എന്നതാവും! ബിജെപിയുടെ മൂന്ന് പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നുവല്ലോ ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കല്‍.

മറ്റൊന്ന് അയോധ്യയില്‍ രാമക്ഷേത്രം. പണിതീരാത്ത ഒരു മന്ദിരത്തിന്റെ ഉദ്ഘാടനം ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷിനിര്‍ത്തി പ്രധാനമന്ത്രി നിര്‍വ്വഹിക്കുകയുണ്ടായി. ബാക്കിയുള്ളത് ഏകീകൃത സിവില്‍ കോഡാണ്. അപ്പേരിലൊന്ന് ഉത്തരാഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്.

സ്ത്രീപുരുഷ ബന്ധങ്ങള്‍ നിര്‍വ്വചിക്കുന്നതിലും അതിനെ ബ്യൂറോക്രസി വഴി ക്രിമിനലൈസ് ചെയ്യുന്നതിലുമുള്ള ഔത്സുക്യം അതിന്റെ സിവിലിറ്റി കളയുന്നുണ്ട്. ചില ഹിന്ദുവിഭാഗങ്ങളും അതിന്റെ പരിധിക്ക് പുറത്താണ്-ചുരുക്കത്തില്‍ അതൊരു ഏകീകൃത സിവില്‍ കോഡുപോലുമല്ല.

എന്നിരിക്കിലും ഈ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് ബിജെപി പറയും. കാരണം അത് പാര്‍ട്ടിയുടെ ഗ്യാരന്റികളായിരുന്നു. പറഞ്ഞത് ചെയ്യുന്ന പാര്‍ട്ടി എന്ന ലേബല്‍ ബിജെപിക്ക് സ്വാധീനമേഖലകളില്‍ വിശ്വാസ്യത കൂട്ടാന്‍ ആവശ്യമാണ്. പുതിയ പിന്തുണക്കാരെ തേടി തെക്കെയിന്ത്യയില്‍ എത്തുമ്പോള്‍ ഇത് സഹായകരമാണ്.

ഒരു ചെറിയ വ്യത്യാസം മാത്രം. ഇനി മുതല്‍ ബിജെപി ഗ്യാരന്റിയില്ല മോദിയുടെ ഗ്യാരന്റികളേയുള്ളൂ. ഒരു പതിറ്റാണ്ടുകാലത്തെ ഭരണം ബിജെപിയെ മോദിയാക്കി മാറ്റിയിരിക്കുന്നു, പാര്‍ട്ടിയെ വ്യക്തിയിലേക്ക് ചുരുക്കിയിരിക്കുന്നു, പ്രത്യയശാസ്ത്രത്തെ വ്യക്തിപ്രഭാവത്തിന് കീഴ്‌പ്പെടുത്തിയിരിക്കുന്നു. പാര്‍ട്ടി, പ്രത്യയശാസ്ത്രം, ദേശം – എല്ലാം ഒരാളില്‍ സാക്ഷാത്ക്കരിക്കപ്പെടുന്നു. ഇത് ജനാധിപത്യവിരുദ്ധമാണെന്നന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

ബകജന്മം എന്നാണല്ലോ പറഞ്ഞത്. 303 ല്‍ നിന്നും 370 ലേക്കുള്ളത് ഒരു നേര്‍രേഖയല്ല. അക്കങ്ങളില്‍ കാര്യമില്ല എന്നുമല്ല. കാര്യമുണ്ട്. എന്നാല്‍ അക്കശാസ്ത്രം മാത്രമല്ലല്ലോ രാഷ്ട്രീയം. 2014-2024 കാലം ബിജെപിക്ക് സഭ ഭൂരിപക്ഷത്തിന്റേതായിരുന്നുവെങ്കില്‍ ഇനി അത് അധീശത്വത്തിന്റെ യുഗമാണ്. ഗ്രാംഷി വലഴലാീി്യ എന്ന രാഷ്ട്രീയ സങ്കല്പത്തില്‍ കൂടി വിശദമാക്കിയ തരത്തിലുള്ള അധീശത്വം ബിജെപി ലക്ഷ്യമിടുന്നുണ്ട്. പാര്‍ലമെന്റിലും നിയമസഭയിലുമുള്ള കേവല ഭൂരിപക്ഷങ്ങള്‍ക്കപ്പുറം സാമൂഹ്യമായ അധീശത്വമാണ് ഹിന്ദുത്വ രാഷ്ട്രീയം കാംക്ഷിക്കുന്നത്.

വല്ലാത്തൊരു രാഷ്ട്രീയ വിശപ്പാണ് അത്. എല്ലാറ്റിനേയും വിഴുങ്ങാന്‍ തോന്നുന്ന എല്ലാം ദഹിപ്പിക്കാന്‍ കഴിയുന്ന വിശപ്പ്.

അതുകൊണ്ടാണ് ഗുജറാത്ത് തിരഞ്ഞെടുപ്പ് തൂത്തുവാരിയശേഷവും അവിടുത്തെ കോണ്‍ഗ്രസ്സ് സാമാജികരെ ബിജെപി പാര്‍ട്ടിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നത്. വടക്കേയിന്ത്യ ഏതാണ്ട് മുഴുവനും കൈപ്പിടിയിലാണെങ്കിലും കോണ്‍ഗ്രസ്സിന് ഭരണമുള്ള ഏക സംസ്ഥാനമായ ഹിമാചല്‍പ്രദേശില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. എന്തിന് ചണ്ഡീഗഡ് എന്ന ചെറുനഗരത്തിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ തിരിമിറി കാണിക്കുന്നത്. സുപ്രീം കോടതി ശരിക്കും കുടഞ്ഞുവെങ്കിലും ഒരു കൂസലും ആ പാര്‍ട്ടിയുടെ നേതൃത്വനിരയ്ക്കില്ല.

പറ്റ്‌നയില്‍ നിതീഷ്‌കുമാറിനെ കോമാളി ജന്മമാക്കിക്കൊണ്ട് വീണ്ടും ഭരണത്തില്‍ കയറിപ്പറ്റുന്നത്. ഇരിപ്പുറയ്ക്കാതെ പ്രധാനമന്ത്രി നാടെമ്പാടും-പ്രത്യേകിച്ചും തെക്കെയിന്ത്യയില്‍-ക്ഷേത്രപ്രദര്‍ശനങ്ങള്‍ നടത്തുന്നത്. മധ്യപ്രദേശില്‍ എക്കാലവും കോണ്‍ഗ്രസ്സിനൊപ്പം നിന്നുപോന്ന ചിണ്ട്‌വാര ലോക്‌സഭാ മണ്ഡലം പിടിക്കാന്‍ ഇന്ദിരാഗാന്ധിയുടെ മാനസപുത്രന്‍ എന്നറിയപ്പെടുന്ന സിഖ് കലാപത്തില്‍ പങ്കുണ്ടെന്ന ആരോപണം നേരിടുന്ന കമല്‍നാഥിന്റെ പിറകെ നടക്കുന്നത്. മഹാരാഷ്ട്രത്തില്‍ ശിവസേനയേയും നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയേയും പിളര്‍ത്തി സര്‍ക്കാരുണ്ടാക്കിയത്. ധനമന്ത്രി പാര്‍ലമെന്റില്‍ ആദര്‍ശ് കുംഭകോണത്തെപ്പറ്റി പറഞ്ഞതിന് പിന്നാലെ അതിന്റെ രാഷട്രീയ മുഖമായ മാഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനെ പാര്‍ട്ടിയില്‍ ചേര്‍ത്ത് രാജ്യസഭയിലേക്ക് അയക്കുന്നത്. സാക്ഷാല്‍ കെ.കരുണാകരന്റെ മകളെ ദില്ലിയിലെത്തിച്ച് പാര്‍ട്ടിയില്‍ ചേര്‍ത്തത്.

ബിജെപിയുടെ പുതിയ നേതാക്കള്‍/അംഗങ്ങളില്‍ പലരും മുന്‍ കോണ്‍ഗ്രസ്സുകാരായിരിക്കുന്നത് യാദൃച്ഛികമല്ല. അതിന് കൃത്യമായ കാരണവും ലക്ഷ്യവുമുണ്ട്. ബിജെപിയുടെ സംഘടനാവളര്‍ച്ചയ്ക്ക് അത് ആവശ്യമുണ്ട് എന്നതിനേക്കാള്‍ നേരത്തേ സൂചിപ്പിച്ച ആശയ അധീശത്വത്തിന് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച ആവശ്യമാണ്. എല്ലായിടത്തുനിന്നും കോണ്‍ഗ്രസ്സിന്റേയും മറ്റ് പ്രാദേശിക പാര്‍ട്ടികളുടെയും നേതാക്കളെ ബിജെപിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശമുണ്ട് എന്ന് പേര് പരാമര്‍ശിക്കാതെ പാര്‍ട്ടിക്കാരെ ഉദ്ധരിച്ചുകൊണ്ട് അടുത്തയിടെ വാര്‍ത്തകള്‍ വരികയുണ്ടായി. ശ്രദ്ധിച്ചു പഠിക്കേണ്ടതാണ് ബിജെപിയുടെ ഈ പരിണതി.

ഹിന്ദുമഹാസഭയും ഭാരതീയ ജനസംഘവും വഴി ജനതയിലെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍/അനുയായികള്‍ക്കായി ഭാരതീയ ജനതാപാര്‍ട്ടി രൂപം കൊള്ളുന്നത് 1980 ലാണ്. അറുപതുകളില്‍ രാംമനോഹര്‍ ലോഹ്യ മുന്നോട്ടുവെച്ച കോണ്‍ഗ്രസ്സിതര രാഷട്രീയവും (ആന്റി-കോണ്‍ഗ്രസ്സിസം) അടിയന്തിരാവസ്ഥയും ജെപി മൂവ്‌മെന്റും സൃഷ്ടിച്ച അന്തരീക്ഷത്തിലാണ് വലത് ഹിന്ദു രാഷ്ട്രീയത്തിന് സ്വതന്ത്ര ഇന്ത്യയില്‍, ഗാന്ധി വധത്തിന് ശേഷമുള്ള ഇന്ത്യയില്‍ സ്വീകാര്യത കൈവരുന്നത്. 1962 ലെ പൊതു തിരഞ്ഞെടുപ്പില്‍ രണ്ടാമത്തെ വലിയ കക്ഷി 9.97% വോട്ടുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നുവെങ്കില്‍ 1967 ല്‍ 9.40% വോട്ടുമായി അത് ജനസംഘമായിരുന്നു. ആന്റി കോണ്‍ഗ്രസ്സിസത്തിന്റെ രാഷ്ട്രീയലാഭം കൊയ്തത് ജനസംഘമായിരുന്നു എന്ന് ചുരുക്കം. കോണ്‍ഗ്രസ്സ് ഇതര രാഷ്ട്രീയത്തിലെ മധ്യജാതി പിന്നോക്ക ജാതി വിഭാഗങ്ങള്‍ ചരണ്‍സിംഗിനും സോഷ്യലിസ്റ്റുകള്‍ക്കുമൊപ്പം നിന്നപ്പോള്‍ മേല്‍ ജാതി മധ്യവര്‍ഗ്ഗ ധനിക വോട്ടര്‍മാര്‍ ജനസംഘത്തിലേക്ക് നീങ്ങി.

വലിയ വായനയും ചിന്താശീലവും പ്രവര്‍ത്തന പാരമ്പര്യവും ജനതാല്പര്യവും മുന്‍നിര്‍ത്തി ജീവിച്ച സ്വപ്നജീവികള്‍ കൂടിയായ ഒരു പ്രബുദ്ധ രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രഭയില്‍ വലിയ യാഥാസ്ഥിതിക സമൂഹമാണ് ഇന്ത്യയെന്നത് നമ്മള്‍ മറന്നുപോകാറുണ്ട്. രാഷ്ട്രീയ കണക്കുകൂട്ടലുകള്‍, തന്ത്രങ്ങള്‍ പാളിപ്പോകുന്നതും അതുകൊണ്ടാണ്.

ജന്മശതാബ്ദിയില്‍ എത്തിനില്‍ക്കുന്ന മധു ലിമായേയുടെ Birth of Non – Congressism: Opposition Politics (1947-1975) എന്ന പുസ്തകത്തില്‍ പ്രതിപക്ഷ രാഷ്ട്രീയതന്ത്രങ്ങളുടെ പാളിച്ചകളെക്കുറിച്ച് വലിയ ഉള്‍ക്കാഴ്ചകളുണ്ട്. ലോഹ്യയുടെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരിലൊരാളായ ലിമാെ യ ഉപയോഗിച്ചിരിക്കുന്നത് നോണ്‍-കോണ്‍ഗ്രസ്സിസം എന്ന പദമാണ്, ആന്റി കോണ്‍ഗ്രസ്സിസം എന്നല്ല എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സ് സിസ്റ്റം എന്നോ കോണ്‍ഗ്രസ്സ് കണ്‍ഡന്‍സെസ് (സമന്വയം) എന്നോ വിളിക്കാവുന്ന ഒരു രാഷ്ട്രീയ കാലാവസ്ഥ എങ്ങനെയാണ് ആ പാര്‍ട്ടിയുടെ ഭരണപാളിച്ചകള്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ നിന്നും immunity ലഭിച്ചുപോന്നത് എന്ന് ലിമായേയുടെ എഴുത്തില്‍നിന്നും വ്യക്തമാണ്.

ജവഹര്‍ലാല്‍ നെഹ്‌റു എന്ന ഭരണാധികാരിയിലുള്ള വിശ്വാസം, അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം, ജനങ്ങളോട് നേരിട്ട് ആശയവിനിമയം ചെയ്യാനുള്ള പ്രാഗത്ഭ്യം, എതിരാളികളെ നിര്‍വീര്യമാക്കാനുള്ള കഴിവ്- ഇതൊക്കെ പ്രതിഭാശാലികളുടെ ഒരു നിര സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുണ്ടായിരുന്നിട്ടും കോണ്‍ഗ്രസ്സിന്റെ അധീശത്വം നിലനിര്‍ത്തിപ്പോരാന്‍ സഹായിച്ചു. ആശയപരമായിട്ടെങ്കിലും ഈ അധീശത്വം അടിയന്തിരാവസ്ഥയുയുടെ ഇടവേളയുണ്ടായിട്ടുപോലും 1980 കള്‍ വരെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടുണ്ട്.

ലോഹ്യയുടെ കോണ്‍ഗ്രസ് വിരുദ്ധതയെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ രാഷ്ട്രീയ ഇടങ്ങള്‍ കൂടുതല്‍ ജനാധിപത്യപരവും പ്രാതിനിധ്യപരവുമാക്കി തീര്‍ക്കാനുള്ള സമരത്തിന്റെ ഭാഗമായി കാണേണ്ടതുണ്ട്. ഇന്നാണെങ്കില്‍ ആന്റിബിജെപിയിസം ആയിരുന്നേനെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നയം.

1990-2014 വരെയുള്ള കാലം ഒരു അന്തരാള ഘട്ടമായിരുന്നുവോ എന്ന് ആലോചിക്കാവുന്നതാണ്. മണ്ടല്‍-മന്ദിര്‍ രാഷ്ട്രീയധാരകള്‍ കോണ്‍ഗ്രസ്സിന്റെ ആശയലോകത്തെ – വടക്കേയിന്ത്യയില്‍ പ്രത്യേകിച്ച് – നിഷ്പ്രഭമാക്കുന്നത് നമ്മള്‍ അക്കാലത്ത് കണ്ടു. കാല്‍നൂറ്റാണ്ടില്‍ 15 വര്‍ഷം ഭരിച്ചത് കോണ്‍ഗ്രസ്സാണെങ്കിലും നെഹ്‌റുവിന്റേയോ ഇന്ദിരാഗാന്ധിയുടേയോ എന്തിന് രാജീവ് ഗാന്ധിയുടേയോ കാലത്തുണ്ടായിരുന്നത് പോലെയുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയോ ഭരണമോ ആയിരുന്നില്ല ’90-2014 കാലഘട്ടത്തില്‍ നമ്മള്‍ കണ്ടത്. ഈ അന്തരാള കാലഘട്ടത്തെ സംഘടനാപരമായി ഏറ്റവുമധികം പ്രയോജനപ്പെടുത്തിയത് ബിജെപിയാണ്.

1980-84 കാലഘട്ടത്തില്‍ പാര്‍ട്ടിയെ നയിച്ച അടല്‍ബിഹാരി വാജ്‌പേയി മുന്നോട്ടുവെച്ചത് ഗാന്ധിയന്‍ സോഷ്യലിസമെന്ന സങ്കല്പമായിരുന്നു. ദീന്‍ദയാല്‍ ഉപാദ്ധ്യായയും ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും കൂടിച്ചേര്‍ന്ന ഈ ആശയസംഹിതയില്‍ ഗാന്ധിയും സോഷ്യലിസവും ഉണ്ടായിരുന്നില്ല.

’86ല്‍ പ്രസിഡന്റ് പദവിയിലേക്ക് വന്ന ലാല്‍കൃഷ്ണ അദ്വാനിയാണ് ഇന്നത്തെ ബിജെപിക്ക് അടിത്തറയിട്ടത്. വിശ്വഹിന്ദു പരിഷത്ത് നേതൃത്വം നല്‍കിയിരുന്ന രാമക്ഷേത്രപരിപാടിയില്‍ പങ്കുചേര്‍ന്നും പില്‍ക്കാലത്ത് അതിന്റെ നേതൃത്വം ഏറ്റെടുത്ത് രഥയാത്ര നടത്തിയും അദ്വാനി ബിജെപിയെ ഹിന്ദുപാര്‍ട്ടിയായി അടയാളപ്പെടുത്തി. ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ അന്ത്യോദയ രാഷ്ട്രീയത്തില്‍ നിന്നും സവര്‍ക്കറുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ബിജെപിയെ വഴി തിരിച്ചുവിടുന്നത് അദ്വാനിയാണ്. (ഹിന്ദുമഹാസഭയുടെ നേതാവായിരുന്നു സവര്‍ക്കര്‍. ജനസംഘ രാഷ്ട്രീയത്തില്‍ സവര്‍ക്കര്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല.)

ഹിന്ദു ദേശീയതയുടെ പാര്‍ട്ടിയായി ബിജെപിയെ അദ്വാനി പുനഃസൃഷ്ടിച്ചു. ആര്‍എസ്എസ്സിനുമപ്പുറത്ത് ബിജെപി കാഡര്‍മാരെ അദ്വാനി രൂപപ്പെടുത്തി. ഒരു കാഡര്‍ പാര്‍ട്ടിയായി ബിജെപി വളരുമ്പോഴും മുന്നണി സംവിധാനത്തില്‍ ഇടപെട്ടും നേതൃത്വം നല്‍കിയും അടവുനയനിര്‍മ്മാണത്തില്‍ മെയ്‌വഴക്കം കാട്ടിയും ബിജെപി സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ഇടതുധാര പ്രതിനിധാനം ചെയ്തുപോന്ന പ്രതിപക്ഷ രാഷ്ട്രീയ ഇടം കൈവശപ്പെടുത്തി. ജനതാ ദളങ്ങളും പ്രാദേശിക പാര്‍ട്ടികളും പ്രതിനിധീകരിച്ച മൂന്നാമത്തെ ഇടം യുപിഎ എന്‍ഡിഎ എന്നീ മുന്നണികള്‍ക്കുള്ളില്‍ മറഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പില്‍ പ്രസക്തമായ രണ്ടു ധ്രുവങ്ങള്‍ ഹിന്ദുത്വ രാഷ്ട്രീയവും കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സെക്കുലര്‍ രാഷട്രീയവുമായി മാറി.

ഈ ഇരുധ്രുവരാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് ഒരു ഏകധ്രുവരാഷ്ട്രീയം സൃഷ്ടിക്കാനാണ് 2014 മുതല്‍ പുതിയ ബിജെപി നേതൃത്വം ചെയ്തുപോരുന്നത്. 2014 ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് പിന്നാലെ ഗുജറാത്തില്‍ മോദിയുടെ ഗൃഹമന്ത്രിയായിരുന്ന അമിത്ഷാ പാര്‍ട്ടി അധ്യക്ഷനായി നിയമിതനായി. ഗുജറാത്ത് മോഡലിന്റെ ഭരണ-സംഘടനാ രൂപം ഇന്ത്യയിലെമ്പാടും വ്യാപിപ്പിക്കുക എന്നതായി മോദി-ഷാ ദ്വന്ദ്വത്തിന്റെ ലക്ഷ്യം.

കേന്ദ്രീകൃത നേതൃത്വം എന്ന സങ്കല്പത്തില്‍ ഊന്നിക്കൊണ്ടായിരുന്നു അവര്‍ ബിജെപിയെ അദ്വാനിയുടെ കാഡര്‍ സംഘടനയില്‍ നിന്നും വലിയ ബഹുജനസംഘടനയാക്കി മാറ്റാനുള്ള ശ്രമം തുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു മാതൃക – സംഘടനാപരമായും നേതൃത്വപരമായും ആശയപരമായും ദേശീയതയോടും ദേശരാഷ്ട്രത്തോടുമുള്ള സമീപനങ്ങളിലും. ചൈനീസ് കമ്മ്യൂണിസത്തിന് സമാനമായ രീതിയിലാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രവര്‍ത്തിച്ചുപോന്നത്. കേന്ദ്രീകൃത ജനാധിപത്യ മോഡലില്‍ ഷീ ജിന്‍പിംഗ് എങ്ങനെ സര്‍ക്കാര്‍-പാര്‍ട്ടി സംഘടനയെ നിയന്ത്രിക്കുന്നുവോ അതേ മാതൃകയില്‍ തന്നെയാണ് മോദി-ഷാ ദ്വന്ദം ബിജെപിയെ നിയന്ത്രിക്കുന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുമ്പോട്ട് വെക്കുന്ന സിവിലൈസേഷണല്‍ സ്റ്റേറ്റ് എന്ന സങ്കല്പത്തിന് സമാനമാണ് ബിജെപിയുടെ ഇന്ത്യ സിവിലൈസേഷണല്‍ സ്റ്റേറ്റാണ് എന്ന വാദവും.

പാശ്ചാത്യ ജനാധിപത്യ മാതൃകകളുടെ നിയമാവലികളും അഭിപ്രായ സ്വാതന്ത്ര്യം പോലുള്ള കല്പനകളും തങ്ങള്‍ക്ക് ബാധകമല്ല എന്ന് രണ്ടു കൂട്ടരും വാദിക്കുന്നു. രണ്ടും ഏകമത വിശ്വാസികളാണ് – ഒന്ന് ഷീ/ചൈനീസ് കമ്മ്യൂണിസമെങ്കില്‍ മറ്റേത് ഹിന്ദുത്വം. ഹിന്ദുത്വത്തിന് ഹിന്ദുമതത്തോടുള്ള ബന്ധം ഷീ കമ്മ്യൂണിസത്തിന് മാര്‍ക്‌സിസത്തോടുള്ള കടപ്പാടിനേക്കാള്‍ കുറവെന്നു മാത്രം.

ഷാ പാര്‍ട്ടി അദ്ധ്യക്ഷ പദവിയിലെത്തുമ്പോള്‍ ബിജെപിയുടെ പാര്‍ട്ടി അംഗസംഖ്യ 35 മില്യണ്‍ (മൂന്നര കോടി. ഒരു കൊല്ലത്തിനുള്ളില്‍ ഷാ അത് 100 മില്യണ്‍ ആക്കി മാറ്റി(പത്ത് കോടി). ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് 2012 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചത് 11.3 മില്യണ്‍ (1.13 കോടി) വോട്ടുകളാണെങ്കില്‍ 2017 ല്‍ പാര്‍ട്ടി സംസ്ഥാനത്ത് ജയിച്ചത് 34.4 മില്യണ്‍ (മൂന്നര കോടി) വോട്ടുകള്‍ നേടിക്കൊണ്ടാണ്. പാര്‍ട്ടിയുടെ പഴയ യാഥാസ്ഥിതിക മത-ജാതി സമവാക്യങ്ങള്‍ക്ക് ഉപരിയായി പിന്നോക്കവിഭാഗങ്ങളില്‍ നിന്നും ദളിത് – ആദിവാസി ജാതികളില്‍ നിന്നും സ്ത്രീകളില്‍ നിന്നും സര്‍വ്വോപരി ക്ഷയിച്ചുതുടങ്ങിയ കോണ്‍ഗ്രസ്സ് ബിഎസ്പി പാര്‍ട്ടികളില്‍ നിന്നും നേതാക്കളേയും അനുയായികളേയും ആകര്‍ഷിച്ചുകൊണ്ടാണ് ബിജെപി സംഘടന വലുതാക്കിയത്.

സോഷ്യല്‍ മീഡിയ ആശയ പ്രചാരണത്തിനുള്ള മുഖ്യ ഉപാധിയാക്കി മാറ്റി ആ പാര്‍ട്ടി. പ്രധാനമന്ത്രിയുടെ തന്നെ നേതൃത്വത്തിലുള്ള മെസ്സേജിംഗില്‍ വസ്തുതകളേക്കാള്‍ പ്രാധാന്യം പ്രതീതി നിര്‍മ്മാണത്തിനായിരുന്നു. ഒരേസമയം സംഘടനയുടെ വ്യാപനവും സന്ദേശത്തിന്റെ പ്രചാരവും പാര്‍ട്ടി ഈ ഘട്ടത്തില്‍ നടത്തുന്നുണ്ട്.

ഒരു മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണ് ഇന്ന് ബിജെപി. ഭരണത്തിന്റെ സംഘടാനാ ശക്തിയും ഭരണകൂടം നല്‍കുന്ന അപ്രമാദിത്തവും ലോകമെമ്പാടും വലതുപക്ഷ ദേശീയതാവാദികള്‍ക്ക് ലഭിച്ചിരിക്കുന്ന ബഹുജനപിന്തുണയും മുതലെടുത്തുകൊണ്ട് ഒരു ഏകധ്രുവരാഷ്ട്രീയം നിര്‍മ്മിക്കാന്‍ ഒരുമ്പെടുകയാണ് ബിജെപി. 370 സീറ്റുകള്‍ എന്ന സന്ദേശത്തിന്റെ കാതല്‍ ഈ രാഷ്ട്രീയലക്ഷ്യമാണ്.

ഈ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ രണ്ട് ലക്ഷ്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒന്ന്, ആശയപരമായി പ്രതിരോധം ഇല്ലാതാക്കുക; രണ്ട്, സംഘടനാപരമായി പാര്‍ലമെന്റിലോ പുറത്തോ ബദല്‍ രാഷ്ട്രീയ വേദികള്‍ ഇല്ലാതാക്കല്‍. കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന ബിജെപി മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ കാതലും ഇതുതന്നെയാണ്.

കോണ്‍ഗ്രസ്സ് ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമല്ല. ഒരു രാഷ്ട്രീയ കാലാവസ്ഥ കൂടിയാണ്. ഒരു ലിബറല്‍ വേദി എന്ന നിലയില്‍ പലതരം രാഷ്ട്രീയഭിമുഖ്യമുള്ളവരെ ജാതി-ഭാഷാ-മത വൈരുദ്ധ്യങ്ങളെ അവയുടെ വ്യതിരിക്തത അനുവദിച്ചുകൊണ്ടുതന്നെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇക്കോസിസ്റ്റത്തിന് കഴിഞ്ഞിട്ടുണ്ട് (കാലാവസ്ഥ/പരിസ്ഥിതി).

ഏതാണ്ട് ഹിന്ദുമതത്തിന്റെ അയഞ്ഞ ഘടനയെ കോണ്‍ഗ്രസ്സ് ഓര്‍മ്മപ്പെടുത്തുന്നു-ഒരേസമയം അഹം ബ്രഹ്മാസ്മിയും അയിത്തവും പറഞ്ഞുകൊണ്ട് നില്‍ക്കുന്ന മട്ട്. നെഹ്‌റുവിനും പട്ടേലിനും ഒരുമിച്ചിരിക്കാം; നരസിംഹറാവുവിനും മണിശങ്കര്‍ അയ്യര്‍ക്കും സംവാദമാകാം. കെ.എം.മുന്‍ഷിയേയും ബാബാ സാഹബ് അംബേദ്ക്കറേയും മന്ത്രിമാരാക്കാം; ഗാന്ധിജിയുടെ ഓര്‍മ്മ പുതുക്കുമ്പോള്‍ സവര്‍ക്കരുടെ ചിത്രം പാര്‍ലമെന്റില്‍ സ്ഥാപിക്കുകയും സ്റ്റാമ്പ് പുറത്ത് ഇറക്കുകയും ചെയ്യാം. ചില അടിസ്ഥാന ലിബറല്‍ മൂല്യങ്ങള്‍ ആ കാലാവസ്ഥയെ നിയന്ത്രിച്ചുപോന്നു-സര്‍വ്വധര്‍മ്മ സമഭാവനയെന്നോ സെക്കുലറിസമെന്നോ ഒക്കെ വിളിക്കാവുന്ന ആശയം ഭരണഘടനയില്‍ പ്രതിഫലിക്കുന്ന ജനാധിപത്യ മൂല്യങ്ങള്‍, ചിലതരം ഇഗാലിറ്റേറിയന്‍ കാഴ്ചപ്പാടുകള്‍. ഈ കോണ്‍ഗ്രസ്സ് കാലാവസ്ഥയില്‍-ഗാന്ധി-നെഹ്‌റു അന്തരീക്ഷമെന്നും വിളിക്കാം-തന്നെയാണ് ഇന്ത്യയിലെ ഇടതു രാഷ്ട്രീയധാരയും നിലനിന്ന് പോന്നത്. (60 കള്‍ മുതല്‍ കോണ്‍ഗ്രസ്സിന്റെ ബൗദ്ധിക നിലപാടുകളെ പലതും സ്വാധീനിച്ചിരുന്നത് മാര്‍ക്‌സിസ്റ്റുകളും സോഷ്യലിസ്റ്റുകളുമാണല്ലോ).

ഈ ലിബറല്‍ അന്തരീക്ഷമാണ് അര്‍ബന്‍ നക്‌സലൈറ്റ് എന്നും മറ്റുമുള്ള പേരുകളില്‍ ഭരണകൂടത്തിന്റെ ആക്രമണത്തിന് വിധേയമായിരിക്കുന്നത്. തിസ്ത സെതല്‍വാദും ഒമര്‍ ഖാലിദും ഹഷ്മന്ദറും മേധാ പട്കറും മറ്റനേകം ഇടതു ജനാധിപത്യ പ്രസ്ഥാനങ്ങളും സമര കൂട്ടായ്മകളും നിലനില്‍ക്കുന്ന ലിബറല്‍ ഇടത്തെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേതായി തെറ്റിദ്ധരിക്കുകയല്ല മറിച്ച് ആ പാര്‍ട്ടി ഭരിച്ച നീണ്ട വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ആ പാര്‍ട്ടിയോടുകൂടി പോരാടിക്കൊണ്ട് നേടിയെടുത്ത ഒരു സിവില്‍ രാഷ്ട്രീയ ഇടവുമായി ബന്ധപ്പെടുത്തുകയാണ്. രാഷ്ട്രീയമായ ആത്മ പ്രകാശനം തര്‍ക്കിക്കാനും എതിര്‍ക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം സാധ്യമാവുന്ന ഒരു കാലാവസ്ഥയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഈ രാഷ്ട്രീയ ഇടം ഇന്ന് അപകടത്തിലാണ്. അധികാരത്തില്‍ ഈ ഇടത്തിന് സ്വാധീനം ലഭിക്കുന്നത് കോണ്‍ഗ്രസ്സ് ദില്ലി ഭരിക്കുമ്പോഴാണ് എന്നത് പ്രധാനമാണ്.

ഹിന്ദുത്വ രാഷ്ട്രീയത്തിനെ പ്രതിരോധിക്കുന്ന ലിബറല്‍ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട സംരക്ഷകര്‍ കോണ്‍ഗ്രസ്സാണെന്ന് ബിജെപി കരുതുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് സംഘടനാ ശോഷണം സംഭവിച്ചതോടു കൂടി ശ്രദ്ധ കോണ്‍ഗ്രസ്സിലേക്ക് മാറിയിരിക്കുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം കൂടുതല്‍ ഇടത് ലിബറല്‍ ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നതും ഒരു കാരണമാണ്. ഇന്ത്യയിലെ ഇടതുകാലാവസ്ഥയുടെ ഏറ്റവും വലിയ വക്താവായി ബിജെപി കാണുന്നത് രാഹുലിനെയാണ് എന്നു പറയാം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇനി ബദല്‍ സംഘടനകളെ ബിജെപി നേരിടുന്നതിനെക്കുറിച്ച് ആലോചിക്കാം. ബിജെപിയുടെ ദേശീയ ബദല്‍ കോണ്‍ഗ്രസ്സ് ആയിരിക്കുന്നിടത്തോളം-ഇന്ത്യയിലെ എല്ലാ ജില്ലകളിലും സംഘടനയുള്ള ബിജെപി ഇതര പാര്‍ട്ടി ഇന്ന് കോണ്‍ഗ്രസ് മാത്രമാണ്-ആ പാര്‍ട്ടിയെ തകര്‍ക്കേണ്ടതുണ്ട്. അത് തിരഞ്ഞെടുപ്പുകളില്‍ തോല്‍പ്പിച്ചുകൊണ്ടു മാത്രമല്ല ആ സംഘടനയെത്തന്നെ ഇല്ലായ്മ ചെയ്തുകൊണ്ടാണ്. കോണ്‍ഗ്രസ്സില്‍ നിന്നും ഒരു പദ്മജാ വേണുഗോപാലിനെയും അനില്‍ ആന്റണിയേയും ബിജെപിയില്‍ എടുക്കുന്നത് അവര്‍ ബഹുജന നേതാക്കളായതുകൊണ്ടല്ല. മറിച്ച് അവരുടെ ചുവടുമാറ്റം സൃഷ്ടിക്കുന്ന പ്രതീതിയെ മുതെലടുക്കാനാണ്. തിരഞ്ഞെടുപ്പ് ഏതു വിധേനയും വിജയിക്കുക എന്നതിന് പുറകിലുള്ള ലക്ഷ്യവും അതുതന്നെ. തങ്ങള്‍ക്ക് പ്രതിരോധമില്ല; അഥവാ പ്രതിപക്ഷം എന്ന വിഭാഗം പ്രതിരോധശേഷിയില്ലാത്ത ഒരുകൂട്ടം രാഷ്ട്രീയക്കാരാണ് എന്ന പ്രതീതി സൃഷ്ടിക്കാനാണ്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉന്മൂലനമാണ് ലക്ഷ്യമെങ്കില്‍ സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളെ നിര്‍വ്വീര്യമാക്കിക്കൊണ്ടാണ്. ഇവിടെയും കോണ്‍ഗ്രസ്സ് വിരുദ്ധ വികാരത്തെ മുതലെടുത്തുകൊണ്ട് പ്രാദേശിക പാര്‍ട്ടികളുമായി തുടക്കത്തില്‍ സഖ്യമുണ്ടാക്കിക്കൊണ്ടും പിന്നെ അവയെ പിളര്‍ന്നും ഭാവിയില്‍ അവരെ വിഴുങ്ങിയുമായിരിക്കും ഒരു ഏകധ്രുവരാഷ്ട്രീയം ബിജെപി കരുപ്പിടിപ്പിക്കുക.

മഹാരാഷ്ട്ര ഈ രാഷ്ട്രീയത്തിന്റെ പ്രകടമായ ഉദാഹരണമാണ്. ശിവസേനയും എന്‍സിപിയും അവരുടെ അവസാന ദിവസങ്ങളിലല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നേതാക്കള്‍ പലരും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ബിജെപിയില്‍ ചേരാനാണിട. സമാനമായ ഒരു നീക്കം ബീഹാറിലും ഒഡീസയിലും കാണാം. നിതീഷിന്റെ ജനതാദളവും നവീന്‍ പട്‌നായ്ക്കിന്റെ ബിജു ജനതാ ദളവും സൂക്ഷിക്കേണ്ടിയിരിക്കുന്നു. തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ യുടെ രാഷ്ട്രീയ ഇടവും കര്‍ണ്ണാടകത്തില്‍ ദേവഗൗഡ ദളവും ആന്ധ്രയില്‍ പവന്‍ കല്യാണുമൊക്കെ ബിജെപിയുടെ രാഷ്ട്രീയ വിശപ്പ് എങ്ങനെ നേരിടുമെന്ന് കണ്ടറിയണം.

പുതിയ ബിജെപി പറയുന്നത് 2014 തുടങ്ങിയത് പുതിയ ഇന്ത്യയാണ് എന്നാണ്. രാമക്ഷേത്ര ഉദ്ഘാടനസമയത്ത് പുതിയ യുഗപ്പിറവിയെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ചെങ്കോലും പ്രാണപ്രതിഷ്ഠയുമായി അശ്വമേധത്തിന് ഒരുങ്ങുന്ന യുഗസൃഷ്ടാവിന്റെ ജനാധിപത്യ സങ്കല്പമെന്താണെന്നത് ചിന്തനീയമാണ്. ലാഭാര്‍ത്ഥികള്‍ (വെല്‍ഫെയര്‍ സ്‌കീമുകളുടെ ഗുണഭോക്താക്കള്‍) എന്ന പുതിയൊരു വോട്ടര്‍മാര്‍ ഈ തിരഞ്ഞെടുപ്പിലുണ്ട്. മോദിയുടെ ഗാരണ്ടികള്‍ അവര്‍ക്കാണ് എന്ന് സര്‍ക്കാര്‍ അഭിമതം. ധാന്യം മാത്രം ലഭിക്കുന്നവര്‍ 800 മില്യണ്‍ വരുന്നുണ്ട്. വീട്, പാചകവാതകം, കാര്‍ഷികസഹായം, എന്തിന് വാക്‌സിന്‍ വരെ ഈ നായകന്റെ ഇച്ഛാശക്തിമൂലം പ്രജകള്‍ക്ക് (ചിത്രസമേതം) ലഭ്യമാകുന്ന സമ്മാനങ്ങള്‍ മാത്രം.

വികസിത ഭാരതത്തിന്റെ തേരോട്ടമാണിത്. ആരു പിടിച്ചുകെട്ടുമീ യാഗാശ്വത്തെ?

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , , , , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “പുതിയ ഇന്ത്യ, പുതിയ ബിജെപി ആരു പിടിച്ചുകെട്ടുമീ യാഗാശ്വത്തെ?

  1. അൽപം പോലും ജനാധിപത്യ ബൊധമോ ബൗദ്ധിക നിലവാരമോ ഇല്ലാത്ത എന്തിനെയും വിഴുങ്ങാൻ വാ പിളർത്തി നിൽക്കുന്ന ഭീകര ജീവിയുടെ പ്രതീതി സൃഷ്ടിക്കാൻ ഭജപക്ക് കഴിഞ്ഞിട്ടുണ്ട്. അതിനെ നേരിടാൻ ബഹുജന സംഘബലം കൊണ്ടല്ലാതെ കഴിയില്ല. ഭാവുകങ്ങൾ

  2. നല്ല വിശകലനം. പുതിയ തിരഞ്ഞെടുപ്പ് സാധ്യതകൾ പറയാമായിരുന്നു.

Leave a Reply