സിദ്ധാര്‍ത്ഥന്‍, ക്യാമ്പസ്, മദ്യം, മയക്കുമരുന്ന്, അക്രമം, രാഷ്ട്രീയം

സ്റ്റാലിന്റെയും മാവോയുടെയും ചെ ഗുവേരയുടെയും അക്രമ മാര്‍ഗ്ഗം വിഗ്രവത്കരിച്ച എസ്.എഫ്.ഐ. മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ മേലും സംഘടനയ്ക്ക് അകത്തെ ഗ്രൂപ്പ് താല്പര്യങ്ങള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോഴും അക്രമം മാര്‍ഗ്ഗമായി സ്വീകരിച്ചത് സ്വഭാവികം. കെ.എസ്.യു. പ്രതിനിധാനം ചെയ്ത മൂല്യച്യുതിയുടെ രാഷ്ട്രീയത്തെ വന്‍തോതില്‍ പ്രചരണമാക്കിയ എസ്.എഫ്.ഐ.യുടെ അക്രമത്തിന്റെ പാത വിദ്യാര്‍ത്ഥികള്‍ കണ്ടില്ലെന്ന് നടിച്ചു. അതിനവരെ സമാധാനപരമായ മാര്‍ഗ്ഗത്തെക്കുറിച്ച് ബോധമുണര്‍ത്തുവാന്‍ ആരുമുണ്ടായിരുന്നില്ല. അടിയന്തരാവസ്ഥ, ഇന്ദിരാ വധത്തിലുണ്ടായ സിഖ് കൂട്ടക്കൊല തുടങ്ങിയ അതിക്രമങ്ങള്‍ ന്യായീകരണമാക്കിയവര്‍ സമാധാനപരമായ മാര്‍ഗ്ഗത്തെക്കുറിച്ച് പറയുവാന്‍ ധാര്‍മ്മിക ബലം ഇല്ലാത്തവരായി തീര്‍ന്നു.

ഏറ്റവും ദുഖകരമായി വീണ്ടും അട്ടിമറിയുടെ രാഷ്ട്രീയം പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. കിരാതന്മാര്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥന്റെ കൊലയില്‍ കുറ്റവാളികളെന്ന് ആന്റി റാഗിംഗ് കമ്മറ്റി കണ്ടെത്തിയ 33 വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവസമയത്തെ വൈസ് ചാന്‍സലറെ മാറ്റി പകരം മറ്റൊരാളെ വൈസ് ചാന്‍സലര്‍ ആക്കിയപ്പോള്‍ അയാള്‍ 33 വിദ്യാര്‍ത്ഥികളെയും തിരിച്ചെടുത്ത് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. 51 വെട്ടിന് ഓര്‍മ്മിപ്പിക്കുന്ന ഒരു ക്രൂരമായ നീചകൃത്യം ആയിരുന്നു അത്. ചന്ദ്രശേഖരന്‍ വധത്തില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതുപോലെ സിദ്ധാര്‍ത്ഥനെ കൊലപ്പെടുത്തിയവരെ രക്ഷപ്പെടുത്താന്‍ വിഫലശ്രമം നടത്തി വരികയായിരുന്നു ബന്ധപ്പെട്ടവര്‍. വയനാട്, പൂക്കോട് വെറ്റിനറി ക്യാമ്പസില്‍ പഠിച്ചു കൊണ്ടിരുന്ന സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയെ വീട്ടിലേക്ക് പോകും വഴി എറണാകുളത്തു നിന്നും വിളിച്ചു വരുത്തി പിഡീപ്പിച്ച് കൊലപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തെ ഞെട്ടിച്ചതാണ്. റാഗിംഗ്, സഹപാഠി വിദ്യാര്‍ത്ഥിനിയുടെ പരാതി എന്നിങ്ങനെ അനവധിയായ വിശദീകരണങ്ങള്‍ കൊലയ്ക്കു പിന്നില്‍ നിരത്തുന്നുണ്ട്. അതല്ല ആത്മഹത്യയാണെന്നും വാദിക്കുന്നവരുണ്ട്. എന്തായാലും ഒരു മിടുക്കനായ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് തീരാ വേദനയും വിദ്യാര്‍ത്ഥികളെ ധൈര്യമായി ക്യാമ്പസുകളില്‍ അയ്ക്കാന്‍ സാധിക്കുമോ എന്ന മാതാപിതാക്കളുടെ ആശങ്കയും ദൂരീകരിക്കാന്‍ അധികാരികള്‍ക്ക് മുന്‍ കൈ എടുക്കുവാന്‍ എന്തുമാത്രം കഴിയും? രാജ്യമൊട്ടാകെ ഇടപതുപക്ഷങ്ങള്‍ വിദ്യാഭ്യാസമേഖലയിലെ കച്ചവടവല്ക്കരണത്തിനെതിരെ വിദ്യാഭ്യാസമേഖലയില്‍ ഉരുത്തിരിഞ്ഞിട്ടുള്ള വലിയ സമരങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ ജനാധിപത്യ മുന്നണിയുടെ പിണറായി സര്‍ക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാനത്ത് ഒറ്റപ്പെട്ടതെങ്കിലും ആവര്‍ത്തിച്ചുണ്ടാകുന്ന ക്യാമ്പസ് ആത്മഹത്യയും കൊലപാതകവും വളരെ വലിയ ആശയക്കുഴപ്പം തന്നെയാണ് ഉണ്ടാക്കുന്നത്.

സര്‍വ്വകലാശാലയുടെ ഉത്തരവാദപ്പെട്ട വൈചാന്‍സലര്‍, ഡീന്‍, ഫാക്കല്‍റ്റി മെമ്പേഴ്‌സ് തുടങ്ങിയവരെല്ലാം ധാര്‍മികമായ ഉത്തരം പറയണ്ടേ ഒരു സംഭവമാണ്. അതില്‍ വൈസ് ചാന്‍സലറും ഹോസ്റ്റലിന്റെ ചുമതലയുള്ള ഡീനും നിയമപരമായി തന്നെ ഉത്തരം പറയണം. തനിക്ക് ഹോസ്റ്റലിലെ ദൈനംദിന കാര്യങ്ങളില്‍ ഉത്തരവാദിത്വമില്ലെന്നും അത് തന്റെ ചുമതലയല്ലെന്നുമാണ് ധിക്കാരപരമായി ഡീന്‍ പൊതുജനങ്ങളോട് പറഞ്ഞത്. എസ്.എഫ്.ഐ. ക്കാരുടെ റാഗിംഗ് ആണെന്നും അതല്ല ആള്‍ക്കൂട്ട കൊലപാതകമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി ഉള്‍പ്പെട്ടവരാണ് എസ്.എഫ്.ഐ. പ്രതിനിധികളായ പ്രതികള്‍ എന്നുവരുന്നത് ഏറ്റവും ഗൗരവമായ ഒരു പ്രശ്‌നമാണ്. വേലി തന്നെ വിളവ് തിന്നുക എന്നു പറയുന്നത് പറയുന്നതുപോലെയാണ് സംഭവങ്ങളുടെ ഗതി. ആന്റി റാഗിംഗ് കമ്മറ്റിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ ആദ്യഘട്ടത്തില്‍ തെളിവ് നല്‍കാന്‍ വിസമ്മതിച്ചുവെങ്കിലും പിന്നീട് കോളേജ് അധികാരികളുടെ സാന്നിദ്ധ്യത്തില്‍ അല്ലാതെ നല്‍കിയ തെളിവുകള്‍ ഏറ്റവും കിരാതമായ രീതിയിലാണ് സിദ്ധാര്‍ത്ഥന്റെ പീഡനവും തുടര്‍ന്നുള്ള കൊലപാതകത്തിലും കലാശിച്ചത് കേരള സമൂഹത്തിന്റെ മൂല്യങ്ങളെക്കുറിച്ച് വിചാരാണാര്‍ഹമാണ്.

അനവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സിദ്ധാര്‍ത്ഥന്റെ വിചാരണയിലും പിന്നീടുള്ള കൊലപാതകത്തിലും കേവലം അഞ്ച് എസ്.എഫ്.ഐ.കാര്‍ മാത്രമേ പങ്കാളികളായിട്ടുള്ളൂവെന്നും അവരെ ഇതിനകം സംഘടന നടപടി സ്വീകരിച്ച് സംഘടനയ്ക്ക് വെളിയിലാക്കിയെന്നുമുള്ള എസ്.എഫ്.ഐക്കാരുടെ അവകാശവാദം സംഘടനാപരമായ പിഴവിനെ ലഘൂകരിക്കാനുള്ള ശ്രമമാണ്. എന്നാല്‍ ക്യാമ്പസ് എസ്.എഫ്.ഐ.യുടെ മേല്‍ക്കോയ്മയിലും നിയന്ത്രണത്തിലുമായിരിക്കുകയും മറ്റു സംഘടനകള്‍ക്ക് അവിടെ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്നും ഉത്തരവാദിത്വം മുഴുവന്‍ എസ്.എഫ്.ഐ.ക്കാണെന്നും എതിരാളികള്‍ ഒന്നടങ്കം ആരോപിക്കുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ കാണിക്കുന്നത് മാസങ്ങളോളം നീണ്ട ഒരു വിചാരണയായ സിദ്ധാര്‍ത്ഥന്‍ നേരിടേണ്ടി വന്നത് എന്ന വസ്തുതയാണ്.

സിദ്ധാര്‍ത്ഥന്റെ കേസില്‍ ഏതാണ്ട് മൂന്നു ദിവസം തുടര്‍ച്ചയായി നീണ്ട വിചാരണയാണ് കാണുന്നത്. ഹോസ്റ്റലിന്റെ നടുത്തളത്തില്‍ നഗ്നനാക്കി പീഡിപ്പിച്ചതും സിദ്ധാര്‍ത്ഥന്റെ മുറിയിലും ഹോസ്റ്റലിന്റെ വെളിയില്‍ കുന്നുംപുറത്തും കൊണ്ടുപോയി പീഡിപ്പിച്ചതായി തെളിവുകള്‍ വന്നു കഴിഞ്ഞു.

റാഗിംഗ് എന്ന കിരാതമായ അക്രമം

റാഗിംഗ് ലോകത്തോര സര്‍വ്വകാലശാലകളില്‍ നിലനില്‍ക്കുന്നതാണെന്നും സാധാരണ വിദ്യാര്‍ത്ഥികളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും വ്യക്തി വികാസത്തിനും ഉപകരിക്കുന്നതാണെന്നും ഒരു വാദമുണ്ട്. എന്നാല്‍ സമൂഹത്തില്‍ ലിംഗഭേദം, വര്‍ണഭേദം, ജാതിഭേദം, സാമ്പത്തിക വ്യത്യാസം തുടങ്ങിയ അസമത്വങ്ങളും പ്രാദേശിക, ഭാഷ, മത ഭേദങ്ങളും വിദ്യാര്‍ത്ഥികളെ ഏകതാനമായി കാണുന്ന സമീപനം തെറ്റാണെന്ന് തെളിയിക്കുന്നു. റാഗിംഗ് എന്ന പരിപാടിയില്‍ ഒത്തുകൂടുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളില്‍ ആര് , ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ ആണോ നേതൃത്വം നല്‍കുന്നത് , ആര് ഏത് വിഭാഗത്തില്‍പ്പെട്ടവരാണോ ഇരയാകുന്നത് എന്നിവയ്ക്കനുസരിച്ച് റാഗിംഗിന്റെ സ്വഭാവം നിര്‍ണയിക്കപ്പെടുന്നു. മദ്യം, മയക്കുമരുന്ന്, പുകവലി തുടങ്ങിയ മനോവൈകതൃങ്ങളും രോഗങ്ങളും ബാധിച്ചവര്‍ റാഗിംഗില്‍ ഏര്‍പ്പെട്ടാല്‍ അത് വലിയ കുഴപ്പങ്ങള്‍ക്ക് ഇടയാക്കാം. അത് പൊട്ടിച്ചിരികള്‍ ഉണ്ടാക്കുന്നതിനും തമാശകള്‍ ആകുന്നതിനും പഠനത്തിലും ഇതര സംഗതികളിലും കഴിവുള്ളവരോട് അസൂയാ ജഡിലമായ മത്സരബുദ്ധിയോടെയുള്ള പെരുമാറ്റത്തിനും പക തീര്‍ക്കുന്നതിനും ഇടയാക്കുന്നതാണ്. ‘പരിശുദ്ധന്മാരെ’ മദ്യം നിര്‍ബന്ധിച്ചുകൊടുത്തും പുകവലിപ്പിച്ചും ആനന്ദം കണ്ടെത്തുന്നവര്‍ ഉണ്ടാകാം. ആത്യന്തികമായി ഒരു വ്യക്തിയുടെ സ്വയം ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യബോധത്തെ തടയുന്നതാണ്. ഒരു തരം ഫാഷിസത്തിന്റെ രീതി ശാസ്ത്രമനുസരിച്ചാണ് റാഗിംഗ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ഒരു സംഘം റാഗിംഗ് നടത്തുമ്പോള്‍ അത് ഒരു ആള്‍ക്കൂട്ട വിചാരണയായും വരുന്നവരെല്ലാം അവര്‍ക്ക് തോന്നിയ പാടെ വിചാരണയിലും ശിക്ഷാ വിധിയിലും ശിക്ഷാനടപ്പാക്കുന്നതിലും ഇടപെടുവാന്‍ അത് സാഹചര്യമുണ്ടാക്കുന്നു. ആരും ആരെയും നിയന്ത്രിക്കാനാവാത്ത ഒരു അവ്യവസ്ഥയാണത്. ഏത് വിധേനയും റാഗിംഗ് ഒഴിവാക്കുവാന്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ മുന്‍കൈ എടുക്കേണ്ടതുണ്ട്. എസ്.എഫ്.ഐ. മുന്‍കാലങ്ങളില്‍ ചിലപ്പോഴൊക്കെ റാഗിംഗിനെതിരെ നിലപാടു സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ റാഗിംഗ് അരാഷ്ട്രീയതയുടെ ഒരു പ്രക്രിയയാണെങ്കില്‍ അരാഷ്ട്രീയ വല്കരിക്കപ്പെടുന്ന സംഘടനകള്‍ക്ക് അത് ഏറ്റവും പ്രിയമുള്ളതായിരിക്കും. ഇടുതപക്ഷമെന്ന് പറയുന്നവര്‍ അരാഷ്ട്രീയതയുടെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോയെന്ന് അടയാളപ്പെടുത്തിയ കാലത്തല്ലേ നാം ജീവിക്കുന്നത്. കേരളത്തില്‍ അനവധി വിദ്യാര്‍ത്ഥികളുടെ ജീവനാശത്തിനും വ്യക്തി തകര്‍ച്ചയ്ക്കും ഇടയാക്കിക്കഴിഞ്ഞ റാഗിംഗ് എന്ന ദുര്‍ഭൂതം ഒഴിവാക്കുവാന്‍ എല്ലാ വിഭാഗം വിദ്യാര്‍ത്ഥികളുടെയും നന്മയും വികാസവും സുരക്ഷിതത്തവും കാംഷിക്കുന്നവര്‍ റാഗിംഗിനെതിരായ നിലപാട് സ്വീകരിക്കണം. റാഗിംഗിന്റെ അംശങ്ങള്‍ ചേര്‍ത്തവയാണെങ്കിലും സിദ്ദാര്‍ത്ഥന്റെ കേസ് റാഗിംഗ് ആണെന്ന് പറഞ്ഞ് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചാല്‍ അതില്‍പരം പിഴവ് പറ്റാനില്ല.

ക്യാമ്പസില്‍ അക്രമം

സ്വാതന്ത്ര്യാനന്തരം ക്യാമ്പസുകളില്‍ എതിര്‍സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതിന് യാതൊരു തടസവും ഉണ്ടായിരുന്നില്ല. ജനാധിപത്യ സമൂഹത്തിലേക്കുള്ള വളര്‍ച്ചയുടെ തുടര്‍ച്ച എന്ന നിലയിലാണ് ക്യാമ്പസുകളില്‍ അത്തരം പ്രവര്‍ത്തന ശൈലി സ്വീകരിച്ചത്. പിന്നീട് ക്യാമ്പസുകളില്‍ മേല്‍ക്കോയ്മയുള്ള സംഘടനകള്‍ മറ്റുസംഘടനകളെ അമര്‍ച്ച ചെയ്യുവാനും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കാതെയുമായി. സ്വാതന്ത്ര്യ സമരപ്രസ്ഥാനം ഉണര്‍ത്തിയ ജനാധിപത്യ ബോധമാണ് ആദ്യകാലത്ത് വിദ്യാര്‍ത്ഥികളുടെ മനസിനെ ഭരിച്ചതെങ്കില്‍ പിന്നീട് ഓരോ കക്ഷികളും തങ്ങളുടെ ആധിപത്യം നിലനിര്‍ത്തുവാനും സ്ഥാപിക്കുവാനുമാണ് കൈയൂക്കിലൂടെ ശ്രമിച്ചത്. ആദ്യകാലത്ത് ജനഭിലാഷ മുന്നേറ്റത്തിന്റെ 1959- ലെ വിമോചന സമരം നയിച്ച കോണ്‍ഗ്രസ്സ് വിദ്യാര്‍ത്ഥി സംഘടന കലാലയങ്ങളിലും വിദ്യാലയങ്ങളിലും പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തി. ആ ജനാധിപത്യ മുന്നേറ്റത്തില്‍ കടന്നു കൂടിയ പ്രതിലോമകരമായ ആശയങ്ങള്‍ കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി സംഘടനയിലും സ്വഭാവികമായി കടന്നു കൂടിയപ്പോള്‍ അത് മറ്റു സംഘടനകളെ അടിച്ചൊതുക്കുവാനുമാണ് അവരെ പ്രേരിപ്പിച്ചത്. വിമോചന സമരത്തെപ്പോലും കമ്യൂനിസ്റ്റ്, കമ്യൂനിസ്റ്റ് വിരുദ്ധത എന്നിങ്ങനെ രണ്ട് കള്ളികളില്‍ നിന്ന് വിലയിരുത്തുവാനാണ് നാളിതുവരെ കേരള സമൂഹം ശ്രമിച്ചത്. മറ്റൊരു വിലയിരുത്തല്‍ അത്യാവശ്യമായും ഉണ്ടാകേണ്ട സമയം കടന്നു പോയിരിക്കുകയാണ്. ആ കാലഘട്ടം ജനാധിപത്യം കോണ്‍ഗ്രസ്സില്‍ ചോര്‍ന്നു തുടങ്ങിയ ഒരു മൂല്യമായി തീര്‍ന്നത് സാമന്തരമായ സംഭവമാണ്. സോഷ്യലിസ്റ്റ്, കമ്യൂനിസ്റ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ നിലനില്‍ക്കുവാനും പ്രവര്‍ത്തിക്കുവാനും കെ.എസ്.യൂ.വിന്റെ ഗുണ്ടായിസത്തില്‍ അക്കാലത്ത് പ്രയാസം അനുഭവിച്ചു. അത് ഏതാണ്ട് 1970 കള്‍ വരെ കലാലയങ്ങളില്‍ അത് തുടര്‍ന്നു.

1977 – ലെ അടിയാന്തിരാവസ്ഥാനന്തര ജനതാ പാര്‍ട്ടി മുന്നേറ്റം കലാലയങ്ങളിലും പ്രതിഫലിച്ചു. ആ തെരഞ്ഞെടുപ്പില്‍ അതുവരെയുണ്ടായിരുന്ന കേരള, കാലിക്കട്ട് സര്‍വ്വകലാശാലകളില്‍ കെ.എസ്.യൂ. അടക്കി വാണിരുന്നത് അന്ത്യം കുറിച്ചു. എന്നാല്‍ ജനത പാര്‍ട്ടിയുടെ ആള്‍ക്കൂട്ട പ്രസ്ഥാനവുമായി സി.പി.ഐ.എം.ന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐ. സംഖ്യം ചേര്‍ന്നതിലൂടെയാണ് ആ മാറ്റം സാദ്ധ്യമായത്. ജനതാ ആള്‍ക്കൂട്ട പ്രസ്ഥാനം സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഐ.എസ്.ഒ. യും സംഘടന കോണ്‍ഗ്രസിന്റെ എന്‍.എസ്.യു.വും കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിന്റെ കെ.എസ്.സി. യും ആര്‍.എസ്.എസ്. ന്റെ എ.ബി.വി.പി.യും ചേര്‍ന്ന മുന്നണി പോലെ ഒരു സംഘടനയായിരുന്നു കേരള വിദ്യാര്‍ത്ഥിജനത. അവരുടെ സംഘടനാ സമ്മേളനങ്ങള്‍ വലിയ കൂട്ടയടിക്കാണ് നിമിത്തമായത്. അടിയന്തിരാവസ്ഥ ഉണര്‍ത്തിയ സ്വാതന്ത്ര്യമുന്നേറ്റവും മനുഷ്യാവകാശ ബോധവും വിദ്യാര്‍ത്ഥികളെ പുതിയ ഒരു കാഴ്ചപ്പാടിലേക്കും പ്രവര്‍ത്തന പന്ഥാവിലേക്കും ആണ് നയിച്ചത്. എന്നാല്‍ അപ്പോഴേയ്ക്കും ഉണ്ടായ സാമൂഹിക സാഹചര്യം പട്ടികജാതി, പട്ടിക വര്‍ഗ്ഗ ദലിത വിദ്യാര്‍ത്ഥികള്‍ സംവരണാവസരങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതലായി കലാലയങ്ങളില്‍ ഇടംപിടച്ചതായിരുന്നു. ജനത പ്രസ്ഥാനത്തിന്റെ അരാഷ്ട്രീയവും കുത്തഴിഞ്ഞ സംഘടന സംവിധാനവും ആ സാഹചര്യത്തില്‍ അതിലേക്കു വന്ന ആള്‍ക്കൂട്ടത്തെ നിരാശപ്പെടുത്തുകയും മറ്റൊരു പ്രസ്ഥാനത്തിലേക്ക് ചുറ്റുപാടും തിരിയുന്നതിനും അതിടയാക്കി.

മറ്റൊന്നും കാണപ്പെടാതെയിരുന്നപ്പോള്‍ അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നതായി ഭാവിക്കുകയും എന്നാല്‍ ജെ.പി. നേതൃത്വം നല്‍കിയ ജനകിയ മുന്നേറ്റത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്ത പരിവര്‍ത്തനോന്മുഖമാണെന്ന അന്തര്‍ദേശീയ പരിവേഷം പുലര്‍ത്തിയ എസ്.എഫ്.ഐ. സ്വഭാവികമായും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു തെരഞ്ഞെടുപ്പായിരുന്നു. അത് പിന്നീട് കേരളാ കോണ്‍ഗ്രസ്സും ആന്റണി കോണ്‍ഗ്രസ്സു പോലുള്ള മറ്റ് വിദ്യാര്‍ത്ഥി സംഘടനാ വിഭാഗങ്ങളുമായി സംഖ്യം ചേരുന്നതിനും എസ്.എഫ്.ഐ. അവരുടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സംഘടനാ ബലം ഉപയോഗിക്കുവാനും കെ.എസ്.യൂ.വിന്റെ ഗുണ്ടായിസം തങ്ങളുടേതാക്കാനും മുതിര്‍ന്നതിലൂടെ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളും അവര്‍ കുത്തകയായി കൈവശപ്പെടുത്തുന്നതിന് വഴിയൊരുക്കി. വിദ്യാര്‍ത്ഥി ജനത കുത്തഴിഞ്ഞ സംഘടനയും ആശയ ദാരിദ്ര്യവും അതിന്റെ അണികള്‍ ചോര്‍ച്ചയുണ്ടാകുന്നതിന് കാരണമായപ്പോള്‍ അതെല്ലാം വിലയം പ്രാപിച്ചത് എസ്.എഫ്.ഐ.യിലാണ്.

അതിനവര്‍ അന്തര്‍ദ്ദേശീയ മനുഷ്യാവകാശ പോരാട്ടങ്ങളെയും സാഹിത്യത്തെയും ഇന്ത്യയിലെ ദരിദ്ര്യത്തിന്റെ ദയനീയ സ്ഥിതികളെയും അടിച്ചമര്‍ത്തലുകളെയും പറ്റിയുള്ള പ്രചാരണങ്ങളും ആയുധമാക്കി. എന്നാല്‍ 1980 – ല്‍ ഇന്ദിരാഗാന്ധി വീണ്ടും അധികാരം തിരികെ പിടച്ചപ്പോള്‍ ഭരണം തികഞ്ഞ പരാജയമായിരുന്നു. ജനകീയാവകാശ പോരാട്ടങ്ങള്‍ക്കെതിരെ ജനവികാരം തന്നിലേക്ക് അടുപ്പിക്കാന്‍ ആര്‍.എസ്.എസ്. മായും ഹിന്ദുത്വ ധാരയില്‍ ഉരുത്തിരിഞ്ഞ വിശ്വഹിന്ദു പരിഷത്ത് പോലുള്ളവയെയും കൂട്ടുപിടിക്കുകയുണ്ടായി. ബാബറി മസ്ജിദ് പ്രശ്‌നം ഉന്നയിച്ച് പ്രചാരണത്തില്‍ ഏര്‍പ്പെടുവാന്‍ ഇന്ദിരയുടെ ഉപദേശമാണ് അത്തരം സന്യാസിമാരെ പ്രേരിപ്പിച്ചത്. തങ്ങളുടെ അടിത്തറ അത് തകര്‍ക്കുമെന്ന് ബോധ്യപ്പെട്ട ഘട്ടത്തിലാണ്് അത് വരെ ഒരു പ്രമേയം പോലും രാമക്ഷേത്രത്തിന് ബാബറി മസ്ജിദ് പ്രശ്‌നത്തില്‍ പാസ്സാക്കിയിട്ടില്ലാത്ത ബി.ജെ.പി. അവ ഏറ്റെടുക്കുന്നത്. അത് രാജ്യത്തൊട്ടാകെ ഒരു ന്യൂനപക്ഷ പ്രീണനം എന്ന ന്യൂനപക്ഷ വിരുദ്ധമനോഭാവവും ഭൂരിപക്ഷ ഹിന്ദു വര്‍ഗ്ഗീതയെ ഉത്തേജിപ്പിക്കുന്നതിനും കാരണമായി. എന്നാല്‍ കേരളത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി മുസ്ലീംലീഗ്, വിഭിന്നങ്ങളായ കേരളാ കോണ്‍ഗ്രസ്സുകള്‍, അക്കാലത്തെ എന്‍.ഡി.പി., എസ്.ആര്‍.പി. തുടങ്ങിയ സമുദായ കക്ഷികളെ ചേര്‍ത്തുനിര്‍ത്തുവാനും ശ്രമിച്ചു. ആ മുന്നണിക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി നയിച്ച സി.പി.ഐ.എം. ജാതി,മത കൂട്ടുകെട്ടിനെതിരെയെന്ന പരിവേഷം എടുത്തണിയാനാണ് ശ്രമിച്ചത്. അത് വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവല്‍ക്കരണത്തിനും കച്ചവടത്തിനുമെതിരെ ഒരു വശത്ത് എസ്.എഫ്.ഐ.യുടെയും പി.എസ്.സി.യുടെ നിയമനനിരോധം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളില്‍ മറുവശത്ത് ഡി.വൈ.എഫ്.ഐ.യുടെയും പൊതുമുതല്‍ നശിപ്പിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമായ ( ഇന്ന് നോക്കുമ്പോള്‍ ലക്ഷ്യബോധമില്ലാത്ത) സമരങ്ങള്‍ സി.പി.ഐ.എം. ഹിന്ദുത്വ വര്‍ഗീതയോട് ഒട്ടിനില്‍ക്കുന്ന രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുകയാണ് ഉണ്ടായത്. മുസ്ലീം ലീഗ് , കേരള കോണ്‍ഗ്രസ്സ് സമുദായ രാഷ്ട്രീയത്തെ എതിര്‍ക്കുന്നതിലൂടെ ന്യൂനപക്ഷവിഭാഗങ്ങളെ ഒന്നടങ്കം വര്‍ഗ്ഗീതയുടെ മൂലകാരണമായി ചിത്രീകരിച്ച് സി.പി.ഐ.എം. മതേതര വാദികളുടെ കപട പരിവേഷമാണ് ലക്ഷ്യമിട്ടത്. അതിലവര്‍ വന്‍വിജയം തന്നെ കൊയ്‌തെടുത്തു. ക്യാമ്പസുകളില്‍ ഏക ശബ്ദം എന്ന നിലയില്‍ എസ്.എഫ്.ഐ. ആധിപത്യം നേടുകയും ഉറയ്ക്കുകയും ചെയ്തു.

സ്റ്റാലിന്റെയും മാവോയുടെയും ചെ ഗുവേരയുടെയും അക്രമ മാര്‍ഗ്ഗം വിഗ്രവത്കരിച്ച എസ്.എഫ്.ഐ. മറ്റു വിദ്യാര്‍ത്ഥി സംഘടനകളുടെ മേലും സംഘടനയ്ക്ക് അകത്തെ ഗ്രൂപ്പ് താല്പര്യങ്ങള്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുമ്പോഴും അക്രമം മാര്‍ഗ്ഗമായി സ്വീകരിച്ചത് സ്വഭാവികം. കെ.എസ്.യു. പ്രതിനിധാനം ചെയ്ത മൂല്യച്യുതിയുടെ രാഷ്ട്രീയത്തെ വന്‍തോതില്‍ പ്രചരണമാക്കിയ എസ്.എഫ്.ഐ.യുടെ അക്രമത്തിന്റെ പാത വിദ്യാര്‍ത്ഥികള്‍ കണ്ടില്ലെന്ന് നടിച്ചു. അതിനവരെ സമാധാനപരമായ മാര്‍ഗ്ഗത്തെക്കുറിച്ച് ബോധമുണര്‍ത്തുവാന്‍ ആരുമുണ്ടായിരുന്നില്ല. അടിയാന്തരാവസ്ഥ, ഇന്ദിരാ വധത്തിലുണ്ടായ സിഖ് കൂട്ടക്കൊല തുടങ്ങിയ അതിക്രമങ്ങള്‍ ന്യായീകരണമാക്കിയവര്‍ സമാധാനപരമായ മാര്‍ഗ്ഗത്തെക്കുറിച്ച് പറയുവാന്‍ ധാര്‍മ്മിക ബലം ഇല്ലാത്തവരായി തീര്‍ന്നു.

ജാതിയാലും സാമ്പത്തികമായും പീഡിതരായവരുടെ മുന്നേറ്റവും മനുഷ്യാവകാശങ്ങളും സമാധാനപരമായ മാര്‍ഗ്ഗവും ഉയര്‍ത്തിപിടിച്ച് പുതിയ ഒരു കാഴ്ചപ്പാട് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുവാന്‍ ബാധ്യതപ്പെട്ട ജെ.പി., ലോഹ്യ അനുനായികള്‍ എന്നുപറയുന്നവര്‍ക്ക് അതിനോട് യാതൊരു വിശ്വസ്തതയും കാണിക്കുവാന്‍ കഴിഞ്ഞില്ല. മുന്നണിയില്‍ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന നക്കാപിച്ച ആനുകൂല്യങ്ങള്‍ അവരുടെ ജീവവായു ആയി തീര്‍ന്നതുപോലെ വിദ്യാര്‍ത്ഥി ലോകത്തും വല്ലേട്ടന്റെ ഔദാര്യങ്ങളെ തികഞ്ഞ വിശ്വസ്തതയോടെ താണുവണങ്ങി സ്വീകരിക്കുവാനാല്ലാതെ അവര്‍ക്ക് ഒന്നിനും സാധിച്ചില്ല. കമ്യൂനിസ്റ്റ് രാഷ്ട്രങ്ങളായ സോവ്യറ്റ് യൂണിനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും അടിച്ചമര്‍ത്തലിനെതിരെയും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപിടിക്കാനും ഒരു വന്‍കൊടുങ്കാറ്റ് ആഞ്ഞടിച്ച വേളയിലെങ്കിലും അത്തരം ശക്തികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അതിന്റെ ഫലം കാണുമായിരുന്നു. പിന്നീട് താമസിയാതെ ചൈനയില്‍ തിയാന്‍മെന്‍ വിദ്യാര്‍ത്ഥി കൂട്ടക്കൊല ജനാധിപത്യവകാശവും മനുഷ്യാവകശവും ആവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ ചവിട്ടി മെതിച്ച് അവരുടെ മേല്‍ ടാങ്കുകള്‍ ഉരുട്ടി കൂട്ടക്കൊല ചെയ്തപ്പോള്‍ പോലും ഇന്ത്യയില്‍ ഇക്കൂട്ടര്‍ അനങ്ങിയില്ല. അവയെല്ലാം മാറ്റത്തിന്റെ പുതിയ ശബ്ദങ്ങള്‍ കടവന്നു വരുന്നതിനുള്ള അവസരങ്ങളായിരുന്നു. എന്നാല്‍ നമ്മുടെ ക്യാമ്പസുകളെ ഇത്തരത്തില്‍ ചിന്തകളില്‍ വന്ധ്യമാക്കിയതിന് ഉത്തരവാദികള്‍ ആരാണെന്ന് കൃത്യമായി മനസിലാക്കാണം.

അക്രമത്തിന്റെ രാഷ്ട്രീയവും സംവേദനശേഷിയും

33 വിദ്യാര്‍ത്ഥികളെയും യാതൊരു മാനദണ്ഡവും പാലിക്കാതെ സസ്‌പെന്‍ഷന്‍ ഏകപക്ഷീയമായി പിന്‍വലിച്ച നടപടി ചാന്‍സലറുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ റദ്ദാക്കുകയും ചെയ്തു. അതുപോലെ സിദ്ധാര്‍ത്ഥന്റെ പിതാവ് മുഖ്യമന്ത്രിയെ കണ്ട് കുറ്റാന്വേഷണം സി.ബി.ഐ.യ്ക്ക് വിടണമെന്ന് ഒരു നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. അത് അനുവദിച്ച് സി.ബി.ഐ.യ്ക്ക് അന്വേഷണം വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 17 ദിവസം എടുത്തുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കുട്ടികളുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതും സി.ബി.ഐ. അന്വേഷണം ഉത്തരവ് ഇട്ടശേഷവും നടപടി ക്രമം വൈകിപ്പിച്ചതും പരസ്പരം ബന്ധപ്പെട്ടതും തെളിവ് നശിപ്പിക്കാനുളള ഒടുവിലത്തെ ശ്രമവുമായി കാണുവാന്‍ കേരള ജനതയ്ക്ക് കഴിയും. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ ശക്തികളെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. കുറ്റവാളികളെ ഏത് വിധേനയും സംരക്ഷിക്കുവാനുള്ള ശ്രമമല്ല അവരെ വ്യത്യസ്തരാക്കുന്നത്.

വിദ്യാര്‍ത്ഥികളെ നിയമവിരുദ്ധമായി തിരിച്ചെടുത്തപ്പോള്‍ കുറ്റവാളികളെ സംഘനടയില്‍ നിന്ന് പുറത്താക്കിയെന്ന് വീമ്പിളക്കിയ എസ്.എഫ്.ഐ. അക്കാര്യത്തില്‍ സമരം ചെയ്യാന്‍ കണ്ടില്ലായെന്നത് അവരുടെ പങ്കാണ് വ്യക്തമാക്കുന്നത്. ഈ ദിവസങ്ങളില്‍ തന്നെയാണ് കയ്യൂരിലെ സമര സേനായി എലിച്ചി കണ്ണന്റെ പൗത്രി നേരിടേണ്ടി വന്ന സി.പി.ഐ.എം. പീഡനത്തിന്റെ കഥ പത്രങ്ങളില്‍ വന്നതും. പാര്‍ട്ടിയോടൊപ്പം സഞ്ചരിക്കാത്തതല്ല അവരുടെ കുറ്റം. മറിച്ച് ഏത് വിധേനയുമുള്ള ഊറ്റിയെടുക്കലിനും വഴങ്ങിയില്ല എന്നുള്ളതാണ് അവരുടെ കുറ്റം. സ്വാതന്ത്ര്യസമര സേനാനി പോലീസ് മര്‍ദ്ദനത്തിന് ഇരയായ ആളുമാണെങ്കിലും സ്വാതന്ത്ര്യസമര പെന്‍ഷന്‍ വാങ്ങാത്ത പി.പി.കുമാരന്റെ മകളും സി.പി.ഐ.എം., അദ്ധ്യാപക സംഘടനയായ കെ.എസ്.റ്റി. എ.യുടെ നേതാവുമായിരുന്ന രാഘവന്റെ ഭാര്യയുമായ എം. കെ.രാധയെയും അവരുടെ മകള്‍ എം.കെ.ബീന മകള്‍ റ്റി.അനന്യ എന്നിവരാണ് ശാരീരിക മര്‍ദ്ദനം ഏല്‍ക്കുന്നള്‍പ്പെടെയുള്ള ദുസഹമായ പീഡനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ഇരയാകുന്നത്. പറമ്പിലെ തേങ്ങയിടുന്നതിനോ കാര്‍ഷിക ആദായങ്ങള്‍ എടുക്കുന്നതിനോ പോലും അവകാശമില്ലാത്ത ഒരു കുടുംബം. പാര്‍ട്ടി ഗ്രാമത്തില്‍ നിയമവും കോടതിയും പോലീസും എല്ലാമാകുന്ന സി.പി.ഐ.എം. മനുഷ്യാവകാശങ്ങളെക്കുറിച്ച് പറയാന്‍ എന്താണ് അവകാശം. നിയമവാഴ്ച അവരുടെ സങ്കല്പത്തില്‍ ഉള്ളതല്ല. എല്ലാത്തിലും അടിച്ചമര്‍ത്തലുകള്‍ ആകുമ്പോള്‍ ഒടുവില്‍ അതേ പാര്‍ട്ടികളിലെ ആളുകളായിരിക്കും അതിന്റെ ഇരകളായി തീരുന്നത്. ”വിപ്ലവം അതിന്റെ സന്തതികളെ തന്നെ തിന്നൊടുക്കി” എന്ന മുന്‍ കമ്യൂനിസ്റ്റ് നേതാവിന്റെ വിലാപം അന്വര്‍ത്ഥമാണെങ്കിലും വിപ്ലവം നടക്കാത്ത രാജ്യങ്ങളിലെ ജനാധിപത്യ സമൂഹത്തില്‍ ബംഗാളിലും കേരളത്തിലും സന്തതികളെ വിപ്ലവം തിന്നൊടുക്കാന്‍ കാത്തിരിക്കാതെ വിപ്ലവത്തിന് മുമ്പേ കമ്യൂനിസ്റ്റ് പാര്‍ട്ടി അതിന്റെ സന്തതികളെ തിന്നൊടുക്കുന്നു എന്ന് പറയേണ്ടി വരും.

ഏറ്റവും അടിസ്ഥാനപ്രശ്‌നം കമ്യൂനിസ്റ്റ് ആശയം അപ്പവും സ്വാതന്ത്ര്യവും അവിഭാജ്യമാണെന്ന ഡോ.ലോഹ്യയുടെ ആശയത്തെ സ്വീകരിക്കാത്ത കാലത്തോളം കമ്യൂനിസത്തിന്റെ പേരില്‍ സ്വാതന്ത്ര്യം നിഷേധിക്കാന്‍ എപ്പോഴും മുന്നില്‍ തന്നെയുണ്ടാകും. സമത്വവും സ്വാതന്ത്ര്യവും നേടണമെങ്കില്‍ ഒന്നിനെ നിഷേധിച്ചു കൊണ്ട് മറ്റൊന്നും നേടാന്‍ സാധ്യമല്ല. ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ സമത്വവും കൂടിയേ തീരൂ. അവരുടെ സങ്കല്പത്തില്‍ ഇന്ന് സമത്വം അസാധ്യമായ ഒരു ലക്ഷ്യം ആയി തീര്‍ന്ന സ്ഥിതിയില്‍ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നത് എന്തിനുവേണ്ടിയെന്ന ചോദ്യവും അവശേഷിപ്പിക്കുന്നു. തുറന്ന ജനാധിപത്യസമൂഹത്തെ ബൂര്‍ഷ്വാ ജനാധിപത്യമെന്ന് പരിഹാസത്തോടെയാണ് അവര്‍ കണ്ടത്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന വിദ്യാര്‍ത്ഥി സംഘടനയുടെ മുദ്രവാക്യം അര്‍ത്ഥമില്ലാത്തതാണ്. വിനയപൂര്‍വ്വം മാറിയകാലത്ത് അക്കാര്യം തുറന്ന് സമ്മതിക്കാന്‍ അവര്‍ തയ്യാറാകുകയാണ് വേണ്ടത്.

കമ്യൂനിസ്റ്റ് നേതാവ് വ്‌ലാദിമര്‍ ഇല്യച്ച് ലെനിന്‍ കമ്യൂനിസ്റ്റുകളുടെ പാര്‍ട്ടി സംബന്ധമായ സിദ്ധാന്തം ഉണ്ടാക്കിയത്. എന്നാല്‍ ലെനിന്റെ സമകാലികയും വിപ്ലവകാരിയും രക്തസാക്ഷിയും ആയിരുന്ന കമ്യൂനിസ്റ്റ് നേതാവ് റോസ ലംക്‌സബര്‍ഗ് ആ സിദ്ധാന്തത്തോടെ വിയോജിച്ചുകൊണ്ട് പറഞ്ഞു, ‘ സ്വാതന്ത്ര്യം അനുകൂലിക്കുവാനില്ല. എതിര്‍ക്കുവാനാണ്. ‘ ആ പാഠം ലോകത്തിലെ കമ്യൂനിസ്റ്റുകള്‍ ഒരിക്കലും ഉള്‍ക്കൊള്ളുകയുണ്ടായില്ല. അപ്പോള്‍ മാത്രമേ കമ്യൂനിസ്റ്റുകള്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയാന്‍ യോഗ്യത നേടൂ.

കമ്യൂനിസ്റ്റുകളുടെ സ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ചും ജനാധിപത്യമില്ലായ്മക്കുറിച്ചും വാചാലാരാകുന്ന കോണ്‍ഗ്രസ്സ് പൂര്‍വ്വകാലവും ഹിന്ദുത്വ ഫാഷിസത്തിന്റെ വര്‍ത്തമാനകാലവും കേവലം കമ്യൂനിസത്തെക്കുറിച്ച് മാത്രം വിലാപമെടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ക്യാമ്പസുകളിലും സമൂഹത്തിലും ജനാധിപത്യവും സ്വാതന്ത്ര്യവും വീണ്ടെടുക്കണമെങ്കില്‍ ജനാധിപത്യബോധം ഉയര്‍ത്തിപ്പിടിച്ച് വലിയ പോരാട്ടങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നു.

സംവേദനം നഷ്ടപ്പെടുന്ന ജനത

ഫാഷിസത്തിന്റെ ആള്‍ക്കൂട്ട പ്രയോഗം ജനങ്ങളുടെ സംവേദനക്ഷമത നഷ്ടപ്പെടുത്തുന്ന വലിയൊരു പ്രശ്‌നമാണ്. ജര്‍മ്മനിയില്‍ ഹിറ്റ്‌ലര്‍, ഗീബല്‍സിലൂടെ നടത്തിയ കുപ്രചാരണങ്ങള്‍ ഫലപ്രദമായി വിശ്വസിപ്പിക്കുവാന്‍ കഴിഞ്ഞത് അവരുടെ ആള്‍ക്കൂട്ട പ്രയോഗമാണ്. ശത്രു ജനതയെ കൃത്രിമമായി സൃഷ്ടിച്ച് ജനങ്ങള്‍ പ്രതികാര നിര്‍വ്വഹണത്തില്‍ പങ്കാളികളെന്നവണ്ണം പെരുമാറുന്നു. ജനങ്ങളെ ആര്‍പ്പുവിളികളിലൂടെയും നേതാവിനോടുള്ള അന്ധതയിലൂടെയും യുക്തി നഷ്ടപ്പെടുന്ന പ്രവര്‍ത്തനങ്ങളിലൂടെയും വെറും ആള്‍ക്കൂട്ടങ്ങളാക്കി മാറ്റുന്നു. അത് ഫാഷിസത്തിന്റേതായ ഒരു ആധുനിക പ്രയോഗമാണ്. എന്നാല്‍ അതിന്റെ പൂര്‍വ്വ രൂപങ്ങള്‍ സ്വേച്ഛാധികാര പ്രയോഗത്തിലും കാണാവുന്നതാണ്. റോമന്‍ സാമ്രജ്യത്തില്‍ അപ്പവും സര്‍ക്കസും ജനങ്ങളെ ആള്‍ക്കൂട്ടമാക്കി നല്‍കുന്നതിലൂടെ അധികാരത്തിന്റെ ഇച്ഛ അടിച്ചേല്‍പ്പിക്കാന്‍ ചക്രവര്‍ത്തിക്ക് കഴിയുന്നു. ഇന്ത്യയില്‍ ഇന്ന് ഹിന്ദുത്വ ഫാഷിസത്തിന്റെ ആള്‍ക്കൂട്ടപ്രയോഗം ജനങ്ങളുടെ സംവേദനക്ഷമതയാണ് നശിപ്പിക്കുന്നത്. എന്ത് സത്യം പറഞ്ഞാലും അവയെല്ലാം ബി.ജെ.പി.യുടെ ആള്‍ക്കൂട്ട പ്രയോഗത്തില്‍ നിഷ്പ്രഭമായി പോകുന്നു. അടിയന്തിരാവസ്ഥയില്‍ ഇന്ദിരാഗാന്ധി ആള്‍ക്കൂട്ടപ്രയോഗങ്ങളുടെ ചില ഘടകങ്ങളെ ദുരുപയോഗിച്ചത് സ്വേച്ഛാധികാരം നടത്തിയ ഒരു ദൃഷ്ടാന്തമാണ്. പ്രചണ്ഡമായ കുപ്രചാരണങ്ങളെ അതിജീവിക്കുവാന്‍ ഇന്ത്യയുടെ ശക്തമായ ജനാധിപത്യ അഭിലാഷത്തിന് കഴിഞ്ഞത് മഹാത്മഗാന്ധിയും ദേശീയ പ്രസ്ഥാനവും അനവധിയായ ദേശീയ നേതാക്കളുടെ ജനാധിപത്യബോധവും നിമിത്തമാണ്. ആള്‍ക്കൂട്ട പ്രയോഗത്തിന്റെ കമ്യൂനിസ്റ്റ് വ്യവസ്ഥയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഫാഷിസിറ്റ് ഘടകം അതിന് പ്രേരിപ്പിക്കുന്നുണ്ട്. അതാണ് ക്യാമ്പസുകളില്‍ ഇപ്പോള്‍ എസ്.എഫ്.ഐ.യും നടത്തുന്നത്. സത്യം അല്ലെങ്കില്‍ വസ്തുതകള്‍ എത്രമാത്രം നഗ്നമാണെങ്കിലും അവയെ കവച്ചു വയ്ക്കുന്ന കുപ്രചാരണങ്ങള്‍ അവയെ നിലംപരിശാക്കുന്നു. ഈ കാഴ്ച തന്നെയാണ് ഇവിടെ സി.പി.ഐ.എം. അണികള്‍ക്കും സംഭവിക്കുന്നത്. ബി.ജെ.പി.അതിന്റെ വിപുലമായ പ്രയോഗം പ്രാവര്‍ത്തികമാക്കുന്നു. സാമ്പത്തിക ഞെരുക്കം, ജീവിക്കുവാന്‍ കഴിയാത്ത വിധം ഉണ്ടാകുന്ന തൊഴില്‍ നഷ്ടവും തൊഴിലില്ലായ്മയും, ജാതിപരമായ അസമത്വത്തിന്റെ രൂക്ഷത, ലിംഗപരമായ സമത്വ ബോധത്തിന്റെ അഭിലാഷങ്ങളെ ഞെരുക്കുന്ന അതിക്രമങ്ങള്‍ തുടങ്ങിയ ഈ രാജ്യത്ത് ജനങ്ങളുടെ സ്ഥിതി ഏറ്റവും ദയനീയമായി തുടരുമ്പോഴും അവരെല്ലാം വികസനമെന്ന കുപ്രചാരണത്തിലൂടെ സംവേദന ക്ഷമത നഷ്ടപ്പെടുത്തുന്ന കാഴ്ചയാണ്. ഉത്തരപ്രദേശിലെ ഹാത്രാസിലും മണിപൂരിലും രാജ്യത്തെ എണ്ണമറ്റ സംഭവങ്ങളിലും സ്ത്രീകള്‍ക്ക് നേരെ ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ അതിനീചവും ഭയനാകവുമാണ്. സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യയുടെ ജാതി സമൂഹത്തില്‍ ഒട്ടും അന്യമല്ല. എന്നാല്‍ ഹിന്ദുത്വ ഫാഷിസത്തിന്റെ അധികാരത്തിന് കീഴില്‍ അതിനുണ്ടാകുന്ന രൂപഭാവമാറ്റങ്ങള്‍ വിഭിന്നമാണ്. ഏതൊരു ഫാഷിസത്തിനും സംഭവിക്കാവുന്ന രൂപമാറ്റങ്ങളാണവ. അധികാരം അക്രമങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് ഓച്ഛാനിച്ച് നില്‍ക്കുന്ന പ്രതിഭാസമാണത്. അതുകൊണ്ടാണ് തൃശൂരില്‍ പ്രധാനമന്ത്രിയുടെ സ്ത്രീശാക്തീകരണ പരിപാടിക്ക് വളരെയധികം പ്രചാരണം കിട്ടിയത്. അല്ലെങ്കില്‍ മണിപ്പൂരും ഹാത്രാസും മറ്റൊരനവധി സംഭവങ്ങളും ജനങ്ങളുടെ സംവേദനക്ഷമതയില്‍ ഓര്‍മ്മിക്കുവാനും തൃശൂരിലെ പരിപാടിയെ ചാണകവെള്ളം തളിച്ച ശുദ്ധികലശം ചെയ്യുവാനും രാജ്യത്തെ ജനങ്ങള്‍ പ്രത്യേകിച്ചും സ്ത്രീകള്‍ മുന്നോട്ടു വരുമായിരുന്നു. സിദ്ധാര്‍ത്ഥന്റെ കൊലപാതകം കേട്ടിട്ടില്ലാത്തവിധം നീചമായിട്ടും വിദ്യാര്‍ത്ഥികളുടെ സംവദേനക്ഷമതയില്‍ മറയ്ക്കപ്പെട്ട ഒരു സംഭവമായി തീരുന്നു. ആധുനിക വികസത്തിന്റെ എല്ലാതരത്തിലുമുള്ള അധികാരപ്രയോഗങ്ങള്‍ ഫാഷിസത്തിന്റെ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്ന് തിരച്ചിറിയുവാനും കഴിയേണ്ടതാണ്. ബി.ജെ.പി. ആര്‍.എസ്.എസ്. ശക്തികള്‍ ഇന്ന് മുന്നോട്ട് വയ്ക്കുന്ന വികസന ഫാഷിസം പ്രയോഗത്തിലാക്കുവാന്‍ പാര്‍ട്ടികള്‍ മാറിയാലും ആധിക്യം കുറയാമെന്നല്ലാതെ അടിസ്ഥാനപരമായ മാറ്റത്തിന് സാധ്യതകള്‍ കുറവാണ്. ജനവിരുദ്ധമായ വികസനത്തെ നേരിട്ടു കൊണ്ടല്ലാതെ ഫാഷിസിത്തെ അടിസ്ഥാനപരമായും ഫലപ്രദമായും നേരിടുവാന്‍ സാധിക്കുയില്ല.

സമൂഹത്തിന്റെ പ്രതിഫലനമാകുന്ന വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍

സ്വാതന്ത്ര്യ സമര കാലഘട്ടം മുതല്‍ കലാലയങ്ങള്‍ സമൂഹത്തിലെ പ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കുകയും അതനുസരിച്ചുള്ള ആശയങ്ങള്‍ രൂപപ്പെടുത്തുകയും ആശയസംവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. തിരുവിതാംകൂറിലെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്‍നിര പോരാളികളായിരുന്നു അന്നത്തെ വിദ്യാര്‍ത്ഥി സമരത്തിലൂടെ കടന്നു വന്ന വിദ്യാര്‍ത്ഥി ലോകം. ഇന്ന് എസ്.എഫ്.ഐ.യുടെ സമ്പൂര്‍ണ്ണ ആധിപത്യത്തില്‍ ശ്വാസം മുട്ടുന്ന തലശ്ശേരി ബ്രണ്ണന്‍ കോളേജ് ഒരു കാലത്ത് സോഷ്യലിസ്റ്റ്, കോണ്‍ഗ്രസ്സ്, കമ്യൂനിസ്റ്റ് കോണ്‍ഗ്രസ്സ് ആശയങ്ങള്‍ ഏറ്റുമുട്ടിയ സംവാദങ്ങള്‍ നടന്ന ഒരിടമാണ്. അത്തരം സംവാദങ്ങളുടെ വിദ്യാര്‍ത്ഥി ലോകത്തെ സ്വാധീനവും ശക്തിയും സോഷ്യലിസ്റ്റ് എഴുത്തുകാരനായ കെ.വി.എന്‍.പണിക്കര്‍ അനുസ്മരിച്ചിട്ടുണ്ട്. അത് കേവലം കലാലയങ്ങളിലെ അന്തരീഷം മാത്രമായിരുന്നില്ല. അക്കാലത്ത് മലബാറില്‍ ആ മൂന്ന് ശക്തികളുടെയും വക്താക്കള്‍ ഒന്നിച്ച് ഒരു പൊതുയോഗ വേദിയില്‍ പങ്കെടുത്തുകൊണ്ട് അത്തരം സംവാദങ്ങള്‍ സമൂഹത്തിലും ഉണ്ടായിരുന്നു. അവിടെ കായബലത്തിന് പ്രാധാന്യമുണ്ടാവില്ല, ആശയ ബലത്തിനേ അവിടെ സാംഗത്യമുള്ളൂ. സമൂഹത്തിലെ അത്തരം രാഷ്ട്രീയ സംവാദങ്ങള്‍ക്ക് പകരം കൊലപാതകത്തിന്റെയും ഗുണ്ടായിസത്തിന്റെയും രാഷ്ട്രീയം മേല്‍ക്കൈ നേടിയപ്പോള്‍ വിദ്യാര്‍ത്ഥി ലോകത്തും അതിന്റെ പ്രതിഫലനം ഉണ്ടായി. ഇന്ന് അത്തരം സംവാദങ്ങളെ സങ്കല്പിക്കുവാന്‍ കൂടി കഴിയുമോ?.

എത്രയേറെ ചെറതും സൂക്ഷ്മവുമാണെങ്കിലും ഞങ്ങള്‍ തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ നടത്തിയ പരീക്ഷണങ്ങള്‍ ഈ ചര്‍ച്ചാ വേളയില്‍ ഏറ്റവും പ്രസക്തമായി തോന്നുന്നു. സമത വിദ്യാര്‍ത്ഥി സംഘടന അക്കാലത്ത് ഏറ്റവും സംഘര്‍ഷാത്മകവും വിവാദവുമായി തീര്‍ന്ന പെരിങ്ങോമിലെ ആണവ നിലയ സ്ഥാപന വിഷയത്തില്‍ ഡോ.ആര്‍.വി.ജി.മോനോനെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സംവാദം ഒരുദാഹരണമാണ്. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ ഇന്ത്യയില്‍ ശ്രദ്ധേയമായി പ്രധാനമായും നെഹ്രു മാതൃക വികസന രീതിക്കെതിരെ ഉയര്‍ന്നുവന്ന ജനകീയ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ വന്‍കിട വ്യവസായ മോഡലിനെ ചോദ്യം ചെയ്ത് നടത്തിയ സംവാദം അതുപോലെ ഒന്നാണ്. ഇറാക്ക് യുദ്ധം, തിയാന്‍മെന്‍ പോരാട്ടം , മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, ബാബറി മസ്ജിദ് , ഡബ്ലിയു.റ്റി.ഒ. തുടങ്ങിയ വിഷയങ്ങളിലും അന്ന് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സംവാദമുയര്‍ത്താന്‍ ആവുന്നത്ര ശ്രമിച്ചു. രാജ്യത്ത് ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടന ലോകവ്യാപര സംഘടനയ്ക്ക് പശ്ചാത്തലമായ ഗാട്ട് ഉടമ്പടിയ്ക്ക് ആധാരമായ ഡങ്കല്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി സംസ്ഥാനതലത്തില്‍ ഒരു വാഹനജാഥ നടത്തിയെങ്കില്‍ അത് സമത വിദ്യാര്‍ത്ഥി സംഘടന മാത്രമാണ്. രാഷ്ട്രീയവല്‍ക്കരണത്തെക്കുറിച്ച് ഏറെ കൊട്ടിഘോഷിക്കുന്ന എസ്.എഫ്.ഐ. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ചോ ജാതിപരമായ അസമത്വത്തെക്കുറിച്ചോ അക്കാലത്ത് മിണ്ടാതെ നടന്നത് നിരക്ഷതയായി കൂട്ടാമെങ്കിലും സാമ്പത്തികം ആണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്ന് പറയുന്ന കമ്യൂനിസ്റ്റുകള്‍ ഡങ്കല്‍ നിര്‍ദ്ദേശത്തെക്കുറിച്ച് നിശ്ശബ്ദമായിരുന്നത് അരാഷ്ട്രീയ സമീപനമല്ലാതെ മറ്റെന്താണ് ?

ഇനിയും കേരളത്തില്‍ അത്തരം ജാതിപരവും സാമ്പത്തികവുമായ അസമത്വങ്ങളെ പുനര്‍നിര്‍വചിക്കുന്നതും ഹിന്ദുത്വ ഫാഷിസ്റ്റ് വര്‍ഗ്ഗീതയെ എതിര്‍ക്കുന്നതും അമേരിക്കന്‍ മേധാവിത്വത്തിലുള്ള സാമ്രജ്യത്ത മേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നതുമായ സമാധാനപരമായ സമരങ്ങളും വിദ്യാര്‍ത്ഥികളുടെ സംവാദവും ഉയര്‍ത്താന്‍ ക്യാമ്പസുകള്‍ക്ക് കഴിയേണ്ടതാണ്. എന്നാല്‍ പരമ്പരാഗത യാഥാസ്ഥിതിക ആശയങ്ങള്‍ ചുമക്കുന്ന കമ്യൂനിസ്റ്റ്, കോണ്‍ഗ്രസ്സ്, വലതുപക്ഷ, ഫാഷിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് അതിന് ശേഷിയുണ്ടെന്ന് തോന്നുന്നില്ല. സമാധാപരമായ സമരം എന്ന ഓമനപ്പേരില്‍ കേരളത്തില്‍ അറിയപ്പെടുന്നത് വിധ്വംസഹമായ മാര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ ചട്ടപടിയുള്ള അനുഷ്ഠാന സമരങ്ങള്‍ എന്ന് തന്നെയാണ്. പകരം ചലനാത്മകമായ ത്യാഗത്തിന്റെ അറസ്റ്റു വരിക്കല്‍ സമര രീതി ഇനിയും ഉരുത്തിരിയേണ്ടതായിരിക്കുന്നു. തങ്ങള്‍ ഒരു കാരണവശാലും നടപ്പാക്കില്ലാത്തതും നിലപാടില്ലാത്തതുമായ പ്രശ്‌നങ്ങളില്‍ നാട്യങ്ങളിറക്കിയാണ് എന്നും കമ്യൂനിസ്റ്റ് പ്രസ്ഥാനം അവര്‍ നേരിടുന്ന പ്രതിസന്ധികളെ അതിജീവിച്ചിട്ടുള്ളത്. ജെ.പി. മുന്നേറ്റത്തില്‍ പങ്കാളികളാകാത്ത സി.പി.എം.ന്റെ അടിയാന്താരവസ്ഥാനന്തര നാട്യങ്ങള്‍, കമ്യൂനിസ്റ്റ് രാജ്യങ്ങളിലെ പ്രതിസന്ധി മറികടക്കാന്‍ നിലപാടു എടുക്കാത്ത മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നിവ ഉദാഹരണമാണ്. അവയെല്ലാം എസ്.എഫ്.ഐ. യ്ക്കും ക്യാമ്പസുകളില്‍ ഗുണമുണ്ടാക്കിയതാണ്.

സാമൂഹിക സമത്വം – സംവരണത്തിന്റെ നീതി ശാസ്ത്രം, അംബേഡ്കറുടെയും ലോഹ്യയുടെയും പ്രസക്തി, മഹാത്മഗാന്ധിയുടെ പുനര്‍വായന, മനുഷ്യാവകാശ മുന്നേറ്റങ്ങള്‍, ലിംഗപരമായ അസമത്വം, അധികാരം – ജനാധിപത്യം – സുതാര്യത – അറിയാനുള്ള അവകാശം, പരിസ്ഥിതി സംരക്ഷണം, പുത്തന്‍ രാഷ്ട്രീയ ചിന്ത തുടങ്ങിയവയാണ് അതിനുദാഹരണം. വിദ്യാര്‍ത്ഥികളില്‍ പുതിയ പ്രകാശം പരത്തിയും രാഷ്ട്രീയത്തെ സംവാദത്മകമാക്കിയും ക്യാമ്പസുകളുടെ ചലനാത്മകതകള്‍ വീണ്ടെടുക്കുകയാണ് ഏറ്റവും അത്യാവശ്യമായത്.

”ഞാന്‍ അന്ധകാരത്തിലായിരുന്നു, എനിക്ക് ഈ വിദ്യാര്‍ത്ഥികളാണ് പ്രകാശം നല്‍കിയത്” എന്ന് ജയപ്രകാശ് നാരയണന്‍ 1974 ലെ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭണത്തിന് നേതൃത്വം നല്‍കി കൊണ്ട് അവരെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. ഇന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പ്രകാശം നഷ്ടപ്പെടുന്ന രാഷ്ട്രീയം പടര്‍ന്നുകയറിയിരിക്കുകയാണ്. അവര്‍ക്ക് പ്രകാശം നല്‍കാനും അവരില്‍ പ്രകാശം പകരാനും സമൂഹത്തില്‍ ഇന്ന് നേതൃത്വങ്ങളില്ല. ആശയങ്ങളും തഥൈവ. ആശയങ്ങളെ കണ്ടെത്താനും അതിന്റെ പ്രകാശം സ്വീകരിക്കാനും രാഷ്ട്രീയത്തെ നവീകരിക്കാനും പുതിയ തലമുറ ഉണ്ടാകുമോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

അവശ്യം സ്വീകരിക്കേണ്ട നടപടികള്‍

1. ക്യാമ്പസുകളുടെ ജനാധിപത്യം വീണ്ടെടുക്കുവാനും അക്രമവാഴ്ച ഉണ്ടാകാതെയിരിക്കുവാനും സര്‍ക്കാര്‍ തലത്തിലും സര്‍വ്വകലാശാല, കലാലയങ്ങള്‍ തുടങ്ങിയ തലങ്ങളില്‍ അടിയന്തരമായി നടപടി സ്വീകരിക്കണം.

2. അതിന് എല്ലാ കലാലയങ്ങളിലും ഒരു വ്യക്തി മാത്രമാണെങ്കിലും പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണം.

3. പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ കലാലയ ജനാധിപത്യ വേദികളായി നിയമപരമായി രൂപീകരിക്കണം. പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടികള്‍ അത്തരം വേദികളില്‍ ഉന്നയിക്കാന്‍ അവസരമുണ്ടാകണം. യോഗങ്ങളുടെ മിനിറ്റ്‌സ്, നടപടി ക്രമം എന്നിവ വ്യക്തമായി രൂപം കൊടുക്കേണ്ടതാണ്.

4. വിവിധ വിഷയങ്ങളെക്കുറിച്ച് സംവാദം സംഘടിപ്പിക്കുന്നതിന് ക്യാമ്പസുകള്‍ അവസരമുണ്ടാക്കേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply