നാമെല്ലാവരും സത്യഭാമമാര്‍ തന്നെ

സത്യഭാമയുടെ വാക്കുകളെ കാര്യമായി ആരും പിന്തുണച്ചില്ല എന്നത് നല്ല കാര്യം തന്നെ. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനാല്‍ അതിലേക്ക് കടക്കുന്നില്ല. മറിച്ച് ഇക്കാര്യത്തില്‍ അവര്‍ ഒറ്റക്കാണോ എന്നതാണ് പരിശോധിക്കേണ്ടത്. അതിനുത്തരം ഒറ്റക്കല്ല എന്നു തന്നെയാണ്.

R L V രാമകൃഷ്ണനെതിരെ സത്യഭാമ ഉന്നയിച്ച വംശീയ അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. അവസാനം പതിവുപോലെ അവര്‍ ബി ജെ പിയാണോ സി പി എം ആണോ എന്ന തര്‍ക്കമാണ് കേരളം കേട്ടത്. ഇതാണ് പൊതുവില്‍ ഇവിടെ നടക്കുന്ന വിവാദങ്ങളുടെ പര്യവസാനം മറിച്ച് അവര്‍ ഉന്നയിച്ച വിഷയത്തെ ആഴത്തില്‍ പരിശോധിക്കാന്‍ തയാറാകുന്നത് അപൂര്‍വ്വം പേര്‍ മാത്രമാണ്. അത്തരം പരിശോധനയില്‍ തെളിഞ്ഞു വരുന്നത് നാമെല്ലാം ഏറെക്കുറെ സത്യഭാമമാര്‍ തന്നെയാണ് എന്നാണ്. എന്നാലത് തുറന്നു പറയാന്‍ നാം ഉണ്ടാക്കി വെച്ചിട്ടുള്ള കപട പുരോഗമന മുഖം അനുവദിക്കുന്നില്ല എന്നു മാത്രം.

സത്യഭാമയുടെ വാക്കുകളെ കാര്യമായി ആരും പിന്തുണച്ചില്ല എന്നത് നല്ല കാര്യം തന്നെ. ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനാല്‍ അതിലേക്ക് കടക്കുന്നില്ല. മറിച്ച് ഇക്കാര്യത്തില്‍ അവര്‍ ഒറ്റക്കാണോ എന്നതാണ് പരിശോധിക്കേണ്ടത്. അതിനുത്തരം ഒറ്റക്കല്ല എന്നു തന്നെയാണ്. നൃത്തത്തിന്റെ വിഷയം തന്നെ എടുക്കാം. വെളുത്ത് സുന്ദരികള്‍ എന്നു വിശേഷിക്കപ്പെടുന്നവരുടെ കുത്തക തന്നെയല്ലേ ഈ മേഖല ? അവിടെ കറുത്തവര്‍ക്ക് എന്തു സ്ഥാനമാണുള്ളത് ? അതില്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്തമില്ലേ? മത്സരങ്ങള്‍ക്ക് മാര്‍ക്കിടുന്നതില്‍ ആകാര സൂക്ഷ്മത എന്നൊരു കോളമുണ്ടല്ലോ. അത് സൗന്ദര്യമല്ലാതെ എന്താണ്? സൗന്ദര്യത്തിലാകട്ടെ ഏറ്റവും പ്രധാനം നിറം തന്നെയല്ലേ? കറുത്തു പോയതിന്റെ പേരില്‍ എത്രയോ നര്‍ത്തകരുകരുടെ കണ്ണീര്‍ വീണ ഭൂമിയാണിത്. ഇതൊക്കെ നമ്മുടെ ഓരോരുത്തരുടെയും കണ്‍മുന്നില്‍ നടന്നിട്ടുണ്ടാകും. എന്നാല്‍ നാമാരും ഒരു തരത്തിലും അതില്‍ പ്രതികരിച്ചിട്ടില്ല. അപൂര്‍വം അപവാദങ്ങള്‍ ഉണ്ടാകാം. ഇത്തരം സാഹചര്യത്തില്‍ അക്കാര്യം തുറന്നു പറയുകയാണ് സത്യഭാമ ചെയ്തത്. അപ്പോഴിതാ ഇതെല്ലാം അറിഞ്ഞിട്ടും ഇന്നോളം പ്രതികരിക്കാത്ത നാമെല്ലാം ചാടി വീഴുന്നു. ഇതിന്റ പേര് കാപട്യം എന്നല്ലാതെ മറ്റെന്താണ്?

മാധ്യമപരവര്‍ത്തകനായ എം റിജു ഇതുമായി ബന്ധപ്പെട്ടെഴുിയത് നോക്കൂ. ‘വര്‍ഷങ്ങളാതയി സ്‌കുള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്തിട്ടും,ഒരു കറുത്ത നര്‍ത്തകിയെപ്പോലും ഞാന്‍ കണ്ടിരുന്നില്ല. നാടോടി നൃത്തത്തിലെ കുറത്തിയായിപ്പോലും പലപ്പോഴും വെളുത്ത കുട്ടികളെ ബ്ലാക്ക് അടിപ്പിക്കയാണ്. എന്നാല്‍ വിദേശ നൃത്ത വേദികളില്‍ ധാരാളം കറുത്തവര്‍ ഉണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, ഒരു നൃത്താധ്യാപിക വെട്ടിത്തുറന്ന് പറഞ്ഞത്, നൃത്തത്തില്‍ ഭംഗി പ്രധാനമായതുകൊണ്ടാണെന്നാണ്. ഇക്കാര്യം വെച്ച് ഞാന്‍, ‘കലോത്സവത്തില്‍ അപ്രഖ്യാപിത വര്‍ണ്ണവിവേചനം’ എന്ന ഒരു വാര്‍ത്തയും ചെയ്തിരുന്നു. മാധ്യമം അത് ഒന്നാംപേജില്‍ പ്രധാന്യത്തോടെ കൊടുക്കുകയും ചെയ്തു. സംഘ നൃത്തത്തില്‍പോലും കറുത്ത കുട്ടികളെ പറ്റില്ലെന്ന് പറഞ്ഞ് അധ്യാപകര്‍ ഒഴിവാക്കിയ സംഭവവും വാര്‍ത്തക്കൊപ്പം ഉണ്ടായിരുന്നു. ഏതാണ്ട് 15 വര്‍ഷംമുമ്പാണ് ഈ വാര്‍ത്ത ചെയ്തത്. അതിനുശേഷവും കാര്യങ്ങള്‍ ഒട്ടും മാറിയിട്ടില്ല.’ ഇതാണ് യാഥാര്‍ത്ഥ്യം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇനി കറുപ്പിനോടുള്ള നമ്മുടെ വംശീയ മനോഭാവം നൃത്തത്തിന്റെ മേഖലയില്‍ ഒതുങ്ങുന്നതാണോ? അല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും അത് നിലവിലുണ്ട്. മറ്റൊരാളുടെ ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിക്കട്ടെ. നിശാന്ത് പരിയാരത്തിന്റെ

കള്ളം പറയരുത്
സത്യഭാമയെ അറിയില്ലെന്ന്,
ഹരിശ്രീ അശോകനെ
കലാഭവന്‍ മണിയെ
ഇന്ദ്രന്‍സിനെ
സലിംകുമാറിനെ
നിറവും രൂപവും
പറഞ്ഞ് പരിഹസിച്ചപ്പോള്‍
സത്യഭാമ അരികില്‍
നില്‍പുണ്ടായിരുന്നില്ലേ..

ട്വന്റി- ട്വന്റിയില്‍ സലിം കുമാറിനെ
നീഗ്രോയെ പോലെയുളള ഒരാളെന്ന്
വിശേഷിപ്പിച്ചപ്പോള്‍,
ഞങ്ങള്‍ ബാര്‍ബര്‍മാരല്ല
നായരാണെന്ന്
മഴവില്‍ക്കാവടിയില്‍
ഉര്‍വശി പറഞ്ഞപ്പോള്‍,
നായരെന്നു കേട്ടയുടന്‍
വിഷമുള്ള ജാതിയല്ലെന്ന്
കാക്കക്കുയിലില്‍ ഇന്നസെന്റ്
വിധിച്ചപ്പോള്‍..
ഒലോങ്കയെ പോലുള്ള ഇവനൊക്ക
ആരാ ശ്രീശാന്തെന്നു പേരിട്ടതെന്ന്
ഹരീഷ് കണാരന്‍ ചോദിച്ചപ്പോള്‍,
കറുത്ത പല്ലുന്തിയ ഒരു
യുവതിയെ കാണിച്ച്
വെളുത്ത നായിക
മമ്മൂട്ടിയെ കളിയാക്കിയപ്പോള്‍
അപ്പൊഴൊക്കെ സത്യഭാമ
അരികില്‍ തന്നെയുണ്ടായിരുന്നില്ലേ..

വെളുത്ത ആങ്കര്‍മാര്‍
മാത്രം വാര്‍ത്ത വായിക്കുന്ന
ചാനല്‍ മുറികളില്‍
റിയാലിറ്റി ഷോകളില്‍
ബോഡി ഷെയിമിംഗ് കൊണ്ടു
മാത്രം ചിരിയുല്‍പ്പാദിപ്പിക്കുന്ന
കോമഡി ഷോകളില്‍
സവര്‍ണത കൊണ്ടാടപ്പെടുന്ന
കണ്ണീര്‍ പരമ്പരകളില്‍
പട്ടികജാതിസംവരണത്തെ
പറ്റാവുന്നിടത്തെല്ലാം കളിയാക്കിയപ്പോള്‍,
അവിടെയെല്ലാം സത്യഭാമയുണ്ടായിരുന്നില്ലേ..

ഉണ്ടായിരുന്നു എന്നല്ലേ ഈ ചോദ്യങ്ങള്‍ക്കുള്ള സത്യസന്ധമായ ഉത്തരം ? പിന്നെങ്ങിനെ സത്യഭാമ മാത്രം കുറ്റവാളികും?

ഏതു തൊഴില്‍ മേഖലയിലാണ് ഈ വിവേചനം നില നില്‍ക്കാത്തത്? എയര്‍ ഹോസ്റ്റസ്റ്റ്. മോഡലുകള്‍ തുടങ്ങി സെയില്‍സ് ഗേള്‍സും നഴ്‌സുമാരും വരെ അത് നീളുന്നില്ലേ? സത്യഭാമയോട് രൂക്ഷമായ ഭാഷയില്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമ ജീവനക്കാര്‍ സ്വന്തം ഓഫീസില്‍ പോയി മുതലാളിയോട് എന്താണ് വാര്‍ത്താവതാരകരെല്ലാം വെളുത്തിരിക്കുന്നത് എന്ന് ചോദിക്കുമോ?

തീര്‍ച്ചയായും ഇതൊന്നും തൊഴില്‍ ദായകരുടെ മാത്രം പ്രശ്‌നമല്ല. ജനങ്ങള്‍ തന്നെയാണ് ആദ്യ ഉത്തരവാദി. ഒരു ചാനലില്‍ കറുത്ത കുട്ടിയും മറ്റൊന്നില്‍ വെളുത്ത കുട്ടിയുമാണ് വാര്‍ത്ത അവതരിപ്പിക്കുന്നതെങ്കില്‍ ബഹുഭൂരിപക്ഷവും കാണുക ഏതു ചാനലായിരിക്കും? മറ്റേതു മേഖല എടുത്താലും ഇതു തന്നെയല്ലേ അവസ്ഥ? ഇനി വ്യക്തിപരമായ വിഷയങ്ങളിലേക്ക് വന്നാലോ? വിവാഹാലോചനകളില്‍ പെണ്ണിനെയും ചെക്ക നേയും കറിച്ച് അന്വേഷിക്കുമ്പോള്‍ മിക്കവാറും പേരുടെ ആദ്യ ചോദ്യവും ഉത്തരവും എന്തായിരിക്കും എന്ന് പ്രത്യേകിച്ച് പറയണോ? ഇനി പറയൂ സത്യഭാമ ഒറ്റക്കാണോ? എന്തിനേറേ, ഇടതുപക്ഷം നിയന്ത്രിക്കുന്ന സംഗീത നാടക അക്കാദമിയില്‍ രാമകൃഷ്ണന് അവസരം നിഷേധിച്ച വിവാദം കഴിഞ്ഞ് അധികമായിട്ടില്ലല്ലോ

ഇതോടൊപ്പം പറയേണ്ട മറ്റൊന്നുണ്ട്. മലയാളി പൊതുവില്‍ പറയാതെ ഒളിച്ചു വെക്കുന്ന ഒന്ന്. ജാതി തന്നെ. കറുപ്പിനോടുള്ള വിവേചനം പൂര്‍ണ്ണമായും ഒറ്റപ്പെട്ട ഒന്നല്ല, അത് ജാതിയുമായി ഇഴ കലര്‍ന്ന് കിടക്കുന്നു. കറുപ്പിന്റെ പേരില്‍ കുമ്മനം രാജശേഖരന് കാര്യമായ വിവേചനം നേരിടാന്‍ സാധ്യതയുണ്ടോ? എന്നാല്‍ മറു വശമോ? പൊതു പണത്തില്‍ നിന്ന് വേതനം കൊടുക്കുമ്പോഴും പ്രധാന ക്ഷേത്രങ്ങളില്‍ പൂജക്ക് മാത്രമല്ല ഭക്ഷണം പാകം ചെയ്യാനും ബ്രാഹ്മണന്‍ വേണം എന്ന് നമുക്ക് നിര്‍ബന്ധമല്ലേ? യുവജനോത്സവത്തിന് ഭക്ഷണം പാചകം ചെയാനും അങ്ങനെ തന്നെ. എന്തിനേറെ നമ്മുടെ പ്രബുദ്ധമെന്നൊക്കെ കൊട്ടിഘോഷിക്കുന്ന പല എയ്ഡഡ് കലാലയങ്ങളുടേയും സ്റ്റാഫ് റൂമുകള്‍ സവര്‍ണ ജാതി കോളനികളല്ലേ? മന്ത്രിമാര്‍ പോലും ജാതീയ അധിക്ഷേപം നേരിടുന്ന നാടല്ലേ നമ്മുടേത്? ദളിത് തോക്കള്‍ക്ക് ജനറല്‍ സീറ്റുകളില്‍ അയിത്തം നില നില്‍ക്കുന്നതോ? ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിക്കാന്‍ 4 ലക്ഷം നല്‍കുമ്പോള്‍ അഗ്രഹാരം നന്നാക്കാന്‍ 10 ലക്ഷം വീതം അനുവദിച്ചതും വേറെ എവിടേയുമല്ലല്ലോ. ജാതിയുടെ പേരില്‍ സ്‌കൂളില്‍ ചേരാന്‍ കുട്ടികളില്ലാത്ത നാടും കേരളത്തിലല്ലേ? തന്നെ കാണികള്‍ വംശീയമായി അധിക്ഷേപിച്ചു എന്ന് ഒരു വിദേശ പന്തുകളിക്കാരന്‍ പോലീസില്‍ പരാതി നല്‍കി അധിക ദിവസമായോ? വിവാഹ കമ്പോളത്തില്‍ എല്ലാ ജാതി വിരുദ്ധ പ്രഘോഷണങ്ങളും തകര്‍ന്നു വീഴുന്നതും നമ്മള്‍ കാണുന്നു. ഒരുപക്ഷെ ദളിതര്‍ക്കൊഴികെ ബാക്കിയെല്ലാവര്‍ക്കും സ്വജാതി വിവാഹബ്യൂറേകളും അവയുടെ പരസ്യങ്ങളുമുള്ള നാട്. ജാത്യാഭിമാന കൊലകള്‍ക്കൊപ്പം ആത്മഹത്യക്കും കേരളം സാക്ഷ്യം വഹിച്ചല്ലോ. ജാതിവാലാണല്ലോ നമ്മുടെ അന്തസിന്റെ പ്രതീകം.

ഈ പട്ടികക്ക് അവസാനമുണ്ടാകില്ല. സത്യഭാമ വിമര്‍ശിക്കപ്പെടണം. എന്നാല്‍ എവിടെയിരുന്നാണ് നമ്മള്‍ ഈ വിമര്‍ശനം ഉന്നയിക്കുന്നത് എന്നോര്‍ക്കുന്നതും നല്ലതാണ്. അതിനാലാണ് സത്യഭാമമാരല്ലാത്തവര്‍ ഇവിടെ കമോണ്‍ എന്ന് പറയേണ്ടി വരുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

2 thoughts on “നാമെല്ലാവരും സത്യഭാമമാര്‍ തന്നെ

  1. Avatar for സ്വന്തം ലേഖകന്‍

    It is a very good write up. A well balanced but self critical view from different angles of the social spectrum is presented without a pride or prejudice.
    Congratulations to the CritiC.

  2. ഓരോ വീട്ടിലും ഇതുണ്ട്. ഞാൻ പട്ടികവിഭാഗത്തിൽപ്പെട്ട ഒരാളാണ്. എൻ്റെ ചേച്ചി ഇത്തിരി വെളുത്തതാണ് ഒരു 10 വയസ്സായപ്പോൾ മുതൽ എൻ്റെ ബന്ധുക്കളിൽ നിന്ന് തന്നെ ഞാൻ കേട്ടു കൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ഞാൻ സംസാരിക്കുന്നത് വളരെ കുറവാണ് എന്തു സംശയം എൻ്റെ മനസ്സിലിട്ട് അതിൻ്റെ ഉത്തരം കണ്ടുപിടിക്കും അല്ലെങ്കിൽ മറക്കാൻ ശ്രമിക്കും അത്യാവശ്യ കാരങ്ങൾ തേടുന്നതിന് വേണ്ടി സംസാരിക്കുന്നു. വീടുകളിലെ വിവേചനം വളരുന്ന പ്രായത്തിൽ തന്നെ ബാധിക്കുന്നു . നിനക്ക് ബുദ്ധിയില്ല നിനക്ക് ഒരു കഴിവുമില്ല. Positive attitude ഓടെ വളർത്തണം. സ്കൂളിൽ എല്ലാ കുട്ടികളെ പ്പോലെ നമ്മൾക്ക് പല പരിമിതിയിൽ നിന്നും വരുന്ന കുട്ടികൾക്ക് അതി ലേക്ക് എത്താൻ പറ്റില്ല എന്ന ബോധം അവരിൽ ആദ്യം നിറയും വീട്ടിൽ നല്ല support ഉം parents അറിഞ്ഞില്ലെങ്കിൽ ആരോടു പറയും . തമ്മിൽ മനസ്സിലാക്കാതെയാണ് ഭാര്യാ ഭർത്താക്കന്മാരും ജീവിക്കുന്നത്. ഇങ്ങനെ പോകുന്നു.

Leave a Reply