ലാ ടൊമാറ്റിനോ : ഭരണകൂടഭീകരതയുടെ നേര്‍സാക്ഷ്യം

ഈ സിനിമ പൊളിറ്റിക്കലാണ്. മനുഷ്യന്റെ ആത്യന്തികമായ സത്യത്തെ, മനുഷ്യാവകാശത്തിന്റെ അതിരുകളെ ഭേദിക്കുന്ന രാഷ്ട്രീയ സിനിമയാണിത്. റൊമാന്റിക് മൂഡിലോ ത്രില്ലര്‍, ആക്ഷന്‍ സിനിമകളുടെ ദൃശ്യഭംഗിയിലോ ഇത് നിങ്ങള്‍ക്ക് കണ്ടിരിക്കാനാവില്ല.

നിരന്തരം ഭയപ്പാടോടെ സഞ്ചരിക്കേണ്ടിവരുന്ന കാലത്ത് ചുറ്റും കേള്‍ക്കുന്നതും കാണുന്നതുമെല്ലാം ഭീകരമായ വേട്ടയുടെ കാഴ്ചകളും ശബ്ദങ്ങളുമാണ്.

ഒരു സ്വകാര്യമുറിയും നിങ്ങള്‍ക്ക് സുരക്ഷിതമല്ല. അവിടെയെല്ലാം നിങ്ങളെ നിരീക്ഷിക്കുന്ന കണ്ണുകള്‍ ഉണ്ട്. സ്വാതന്ത്ര്യമെന്നത് ഭരണകൂടം തരുന്ന ഔദാര്യമാണ്. ഒരു പൗരനെന്ന നിലയില്‍ നിങ്ങള്‍ എല്ലാ സിസ്റ്റവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അതില്‍നിന്ന് മോചിക്കപ്പെടുക ഈ കാലത്ത് സാധ്യമല്ലെന്ന് ഇന്ത്യയുടെ സമീപകാല ഭരണകൂടവേട്ടകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ശബ്ദം എത്ര സത്യമാണെങ്കിലും അത് ആരുടെയൊക്കെ സിംഹാസനങ്ങള്‍ ഇല്ലാതാക്കിയാലും ഭരണകൂട ഭീകരതയെന്ന യാഥാര്‍ത്ഥ്യം അധികാരത്തിന്റെ ഹിംസാത്മകായ അമ്പുകളുമായി നിങ്ങളെ തളച്ചുകൊണ്ടിരിക്കും.

ലാ ടൊമാറ്റിനോ സിനിമ ഭയത്തോടെയല്ലാതെ നിങ്ങള്‍ക്ക് കണ്ടിരിക്കാനാവില്ല. അത്രമാത്രം നിന്ദ്യവും ക്രൂരവുമായ കാഴ്ചകളാണ് നിങ്ങളുടെ മുന്നിലേക്ക് വരുന്ന സിനിമയുടെ ദൃശ്യങ്ങള്‍. നിരന്തരമായി ഭരണകൂടത്തിന് തലവേദനയായി മാറിയ ഒരു മാധ്യമപ്രവര്‍ത്തകന്റെ തിരോധാനം മാധ്യമങ്ങളില്‍ വാര്‍ത്തയായിട്ടും കോടതി അന്വേഷിക്കാന്‍ ഉത്തരവിറക്കിയിട്ടും അദ്ദേഹത്തെ കണ്ടെത്താന്‍ നമ്മുടെ നിയമസംവിധാനം തയ്യാറാകാത്തത് അദ്ദേഹം ഇനി തലവേദനയുണ്ടാക്കുന്ന, ഭരണകൂടത്തിന് ഭീഷണിയാകുന്നതൊന്നും ചെയ്യരുത് എന്ന സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒരു രഹസ്യാന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിന്റെ ചരടുകള്‍ ഈ യൂട്യൂബറിലേക്ക് എത്തുന്നത് അങ്ങനെയാണ്. ഇതൊരു രഹസ്യാത്മകമായ നടപടിക്രമമാണ്. ഇത് നടപ്പാക്കുന്നതും അതിന്റെ പ്രവര്‍ത്തനരീതികളും അണ്‍ഓഡിറ്റബിളാണ്. ആരോടും കണക്ക് പറയാതെ ആരെയും ബോധിപ്പിക്കാതെ അന്വേഷണ ഏജന്‍സി തലവന്റെ സ്വയം തീരുമാനങ്ങള്‍ സ്റ്റേറ്റിന്റെ സുരക്ഷ കാത്തുകൊള്ളുമെന്ന് ഭരണകൂടം വിശ്വസിക്കുന്നു. അതിനായവര്‍ എത്ര നീചവും ക്രൂരവുമായ വഴികളിലൂടെ സഞ്ചരിക്കാന്‍ തയ്യാറാവും. അവരുടെ ട്രെയിനികള്‍ മനുഷ്യത്വം, നീതി, കരുണ ഇത് നിങ്ങളില്‍ നിന്ന് ചോര്‍ത്തിക്കളയുന്ന വിധമാണ്.

സജീവന്‍ അന്തിക്കാട്

ലാ ടൊമാറ്റിനോ സിനിമ ഈ കാലത്തെ കൃത്യമായി അടയാളപ്പെടുത്തുന്നു. സമീപകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ രാജ്യസുരക്ഷയുടെ പേരില്‍ അറസ്റ്റു ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ട്. സിദ്ദിക്ക് കാപ്പന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ അറസ്റ്റ്, ഗൗരി ലങ്കേഷിന്റെ കൊലപാതകം, കൊലചെയ്യപ്പെടുന്ന വിവരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി മാവോയിസ്്്റ്റു വേട്ടയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍, വ്യാജ ഏറ്റുമുട്ടലില്‍ കൊലചെയ്യപ്പെട്ടവര്‍, ഗ്രോ വാസുവിന്റെ ജയില്‍വാസം, മറുനാടന്‍ മലയാളി ഷാജന്‍ സ്‌കറിയക്കെതിരെയുള്ള കേസ്, ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് തുടങ്ങി നിരവധി സംഭവചിത്രങ്ങള്‍ ഈ സിനിമ കാണുമ്പോള്‍ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകും. അപ്പോഴെല്ലാം എന്താണ് സത്യം എന്ന് രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ സഹപ്രവര്‍ത്തകരോട് ചോദിക്കുന്ന ചോദ്യം നിങ്ങളുടെ ചോദ്യങ്ങളായി മാറുന്ന വൈരുദ്ധ്യവും നമ്മുടെ മുമ്പില്‍ തെളിയുന്നു.

ഈ സിനിമ പൊളിറ്റിക്കലാണ്. മനുഷ്യന്റെ ആത്യന്തികമായ സത്യത്തെ, മനുഷ്യാവകാശത്തിന്റെ അതിരുകളെ ഭേദിക്കുന്ന രാഷ്ട്രീയ സിനിമയാണിത്. റൊമാന്റിക് മൂഡിലോ ത്രില്ലര്‍, ആക്ഷന്‍ സിനിമകളുടെ ദൃശ്യഭംഗിയിലോ ഇത് നിങ്ങള്‍ക്ക് കണ്ടിരിക്കാനാവില്ല. ജോയ് മാത്യു എന്ന നടന്റെ അഭിനയപ്രതിഭയുടെ തെളിച്ചം ഇതിനെ മിഴിവുറ്റതാക്കുന്നു. അതുപോലെ തന്നെയാണ് കോട്ടയം നസീര്‍, ശ്രീജിത്ത് രവി, രമേശ് തുടങ്ങിയ നടന്മാരുടെ പ്രകടനങ്ങളും. നമ്മുടെ വര്‍ത്തമാനകാലത്തെ അടയാളപ്പെടുത്തുന്ന മുഴു രാഷ്ട്രീയസിനിമയാണ് ലാ ടൊമാറ്റിനോ.

സത്യത്തിന്റെ നിറം ചുവപ്പാണ്. ചുവപ്പ് നിങ്ങളുടെ രക്തമാണ്. ആ രക്തത്തിന്റെ ശക്തി ചോര്‍ന്നുപോകുന്നതോടെ നിങ്ങള്‍ മരിക്കുന്നു. മരണമെന്നത് നിറംകെടലാണ്. സത്യത്തെ മൂടുന്നതാണ്. അതാണ് ഈ സിനിമ പറയുന്നത്. സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഈ സിനിമയുടെ തിരക്കഥ ടി. അരുണ്‍കുമാറിന്റേതാണ്. അതിമനോഹരമായ ഇതിന്റെ ദൃശ്യാവിഷ്‌കാരം നിര്‍വ്വഹിച്ചത് ക്യാമറ മഞ്ജുലാലാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply