ടിസ്സിലെ യൂണിയന്‍ തെരഞ്ഞെടുപ്പും സമകാലിക ഇന്ത്യയും

ഇന്ത്യയിലെ പ്രശസ്തമായ സോഷ്യല്‍ സയന്‍സ് പഠന കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ASA – Fraternity – NESF – ASF – MSF എന്നിവരുള്‍പ്പെട്ട മുന്നണി വന്‍ വിജയം നേടുകയുണ്ടായി. ഫാസിസ്റ്റ് ഭരണകൂടം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. ആരാണ് വിജയിച്ചത് എന്നതിനൊപ്പം പരാജയപ്പെട്ടവര്‍ ആരാണെന്നത് കൂടിയാണ് ഈ തെരഞ്ഞെടുപ്പിനെ കൂടുതല്‍ പ്രസക്തമാക്കുന്നത്.

ഇന്ത്യയിലെ ഫാസിസ്റ്റ് – വംശീയ ഭരണകൂടത്തിന്റെ കാമ്പസ് പതിപ്പായ എ.ബി.വി.പി യാണ് പരാജയപ്പെട്ടവരില്‍ ഒന്നാമന്‍. രണ്ടാമന്‍, കേരളത്തിലും ഇന്ത്യയിലും നടന്നിട്ടുള്ളതും നടന്നു കൊണ്ടിരിക്കുന്നതുമായ മുഴുവന്‍ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിലും ‘ചേരിചേരാ നയം’ പ്രഖ്യാപിച്ച് സംഘ് പരിവാറിന് കളമൊരുക്കുന്ന സി.പി.എമ്മിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ യാണ്. അതീവ മോശമെന്ന് പറയാവുന്ന ഇന്ത്യയുടെ ഈ സാമൂഹിക സാഹചര്യത്തിലും പ്രതീക്ഷയുള്ള വിജയം നേടിയതാവട്ടെ രണ്ട് കൂട്ടരും കാലങ്ങളായി പുറന്തള്ളി പോരുന്ന അടിച്ചമര്‍ത്തപ്പെട്ടവരും അരികുവത്കരിക്കപ്പെട്ടവരുമായ ദലിത്- മുസ് ലിം – ആദിവാസി- നോര്‍ത് ഈസ്റ്റ് വിദ്യാര്‍ത്ഥി കൂട്ടായ്മയും. നജീബ് അഹ്മദിന്റെ കാണാതാക്കപ്പെടലിനും രോഹിത് വെമുലയുടെ ജീവത്യാഗത്തിനും ആറാണ്ട് പിന്നിടുമ്പോള്‍ രാജ്യത്തിന്റെ കാമ്പസുകളിലും തെരുവുകളിലും ഫാസിസം ഏറെ ചോദ്യം ചെയ്യപ്പെടുകയാണ് എന്നത് സന്തോഷകരമാണ്.

സാഹോദര്യവും സാമൂഹ്യനീതിയും രണ്ട് മഹത്തായ ആശയങ്ങളാണ്. അവ നിഷേധിക്കപ്പെടുന്ന ജനത ഈ രണ്ട് ആശയങ്ങളുടെയും വലുപ്പവും പ്രാധാന്യവും നല്ലവണ്ണം തിരിച്ചറിയുന്നവരുമാണ്. ‘ഒപ്രസ്ഡ്’ എന്ന പേരില്‍ തന്നെ ഫാസിസത്തിനെതിരെ പോരാടാന്‍ ദലിത് – ആദിവാസി – മുസ്ലിം ജനതയെ പ്രാപ്തമാക്കുന്നതും ഈ നിഷേധങ്ങളുടെ നീചമായ ജീവിതാനുഭവങ്ങളാണ്. പിന്നാക്ക ജനതയുടെ ആശയ പ്രതിരോധത്തിനു മുന്നില്‍ ഉലഞ്ഞുപോകുന്നതാണ് ഇന്ത്യന്‍ ഫാസിസത്തിന്റെ അടിത്തറയെന്ന് ടിസ്സ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പൗരത്വ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രചോദനമാവാന്‍ ഈ വിജയത്തിന് കഴിയുമെന്നത് തീര്‍ച്ചയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കാമ്പസിന്റെ നാലതിരുകള്‍ക്കകത്ത് നിലനില്‍ക്കുന്ന സാങ്കേതിക സൗകര്യ വികസന പ്രശ്‌നങ്ങളേക്കാള്‍ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പ്രതിസന്ധികള്‍ തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ മുഴച്ചു നിന്നു എന്നത് ശ്രദ്ധേയമാണ്. ‘ഒപ്രസ്ഡ്’ പോലെയുള്ള പിന്നാക്ക ഉണര്‍വുകളെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പതിവ് ടൂളുകള്‍ ഉപയോഗിച്ച് കൊണ്ട് സംഘ്പരിവാര്‍ ശക്തികള്‍ നേരിടാന്‍ തീരുമാനിക്കുന്നതാണ് ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ ഗോദയെ ഇത്രമേല്‍ സംവാദാത്മകമാക്കുന്നത് എന്നതിലും ശരികളുണ്ട്. കെട്ടിപ്പടുത്ത നുണകള്‍ എളുപ്പത്തില്‍ വേവിക്കുന്ന ഫാസിസ്റ്റ് തീയുടെ ശക്തി ക്ഷയിച്ചിരിക്കുന്നു എന്നത് സംഘികള്‍ക്ക് ഇനിയെങ്കിലും മനസ്സിലാവേണ്ടതാണ്.

ഒത്തൊരുമയും കൂട്ടായ്മകളും രൂപപ്പെടുന്നതും വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വം ശക്തിപ്പെടുന്നതും അവര്‍ ചൂഷകര്‍ക്കെതിരെ പോരാടുന്നതും ഈ രാജ്യത്ത് പുതുമയുള്ള ഒരു കാര്യമല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്രത്തിലും ഇതിന്റെ മികച്ച മാതൃകകളുണ്ട്. ഈ ഐക്യവും പോരാട്ടവുമായിരുന്നല്ലോ ഒരര്‍ഥത്തില്‍ അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജീവിതം തന്നെ സാധ്യമാക്കിയത്. ഫാസിസവും ഫാസിസത്തിന്റെ രൂപം പൂണ്ടവരും ചേര്‍ന്നൊരുക്കുന്ന സ്വത്വ വൈവിധ്യങ്ങളുടെ നിഷേധങ്ങള്‍ ദുര്‍ബലമാക്കിയത് അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ പോരാട്ടങ്ങളെ തന്നെയാണ്. കേരളത്തിലെ അനുഭവവും വ്യത്യസ്തമല്ല. വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വമെന്ന ഇന്ത്യയുടെ പാരമ്പര്യത്തെ തന്നെയാണ് ടിസ്സിലെ വിദ്യാര്‍ഥികള്‍ പുന:സൃഷ്ടിച്ചത്.

ഇന്ത്യയിലെ സംഘ്പരിവാര്‍ ഫാസിസത്തെയും ബ്രാഹ്മണിക് ഹെജിമണിയെയും അവ സൃഷ്ടിക്കുന്ന സാമൂഹിക അസമത്വത്തെയും അതിന്റെ ഭീകരതയെയും കുറിച്ച് ഇനിയും തിരിയാത്തവര്‍ അര്‍ധ ഫാസിസ സിദ്ധാന്തങ്ങളില്‍ അഭിരമിക്കുക സ്വാഭാവികം. ഇന്ത്യയുടെ വൈവിധ്യത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ആശയപരമായി ഒരു സാധ്യതയുമില്ലാത്ത ‘വര്‍ഗ്ഗ സിദ്ധാന്തം’ ഇന്ത്യയില്‍ ഒരു നനഞ്ഞ പടക്കമാണ്. പാര്‍ട്ടി ക്ലാസുകള്‍ക്കപ്പുറം ലോകം കാണാത്തവരും ഇന്ത്യയെ വായിക്കാത്തവരുമായ കിടുക്കാമണികളായ കേരളത്തിലെ സഖാക്കള്‍ക്ക് ഇതൊന്നും തിരിയണമെന്നില്ല. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ അരികുവത്കരിക്കപ്പെട്ടവരുടെ ഒപ്പം ചേരാതെ ‘കഴിവു തെളിയിക്കല്‍’ പ്രക്രിയ അവരിനിയും തുടരും എന്നതിലും സംശയിക്കേണ്ടതില്ല.

കേരളത്തിലെ കാമ്പസുകളില്‍ പരമ്പരാഗത രാഷ്ട്രീയത്തിന് അപ്പുറം നവാഗതരായ സംഘങ്ങള്‍ക്കും ആശയങ്ങള്‍ക്കും ലഭിക്കുന്ന വലിയ സ്വീകാര്യതയില്‍ അസഹിഷ്ണുത പൂണ്ട സഖാക്കള്‍ കാമ്പസുകള്‍ തോറും നടന്ന് പിന്നാക്ക – ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം പ്രസംഗിക്കുകയാണ്. ആവിക്കല്‍ തോട് സമരത്തിലെ തീവ്രവാദ സാന്നിധ്യം കണ്ടെത്തിയ എ.കെ.ജി സെന്റര്‍ ലാബിന്റെ പരമാധികാരി ഗോവിന്ദന്‍ മാസ്റ്ററുടെ ശിഷ്യന്മാരാണല്ലോ അവര്‍. പരീക്ഷണശാലകള്‍ വ്യത്യസ്തമാകുമ്പോഴും കണ്ടെത്തേണ്ടത് എന്താണെന്നതില്‍ ഇവര്‍ക്ക് യാതൊരു സംശയവുമില്ല. ഇസ്ലാമോഫോബിയയും വെറുപ്പും ഉത്പാദിപ്പിക്കുന്നതിലൂടെ മാത്രമേ പിന്നാക്ക ജനതയുടെയും ന്യൂനപക്ഷ സമൂഹങ്ങളുടെയും ഉണര്‍വുകളെ തകര്‍ക്കാന്‍ കഴിയൂ എന്ന ഇന്ത്യയിലെ സംഘ് പരിവാര്‍ പരീക്ഷണങ്ങളെ തന്നെയാണ് എസ്.എഫ്.ഐ യും കാമ്പസുകളില്‍ ഉപയോഗിക്കുന്നത്. ഇത് രാജ്യത്തെയും കാമ്പസുകളെയും അവിടങ്ങളിലെ സഹവര്‍ത്തിത്വത്തെയും അപകടപ്പെടുത്തുക മാത്രമാണ് ചെയ്യുക എന്നതില്‍ എസ് എഫ് ഐ അത്രകണ്ട് അജ്ഞരാണോ?!

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആധിപത്യ മനോഭാവങ്ങള്‍ സൃഷ്ടിച്ചെടുത്തതാണ് കേരളത്തിലെ കാമ്പസുകളിലെ അപരവല്‍കരണങ്ങളും കോട്ട കെട്ടലുകളും. ഏകാധിപത്യത്താല്‍ കെട്ടിപ്പടുത്ത കോട്ടകളില്‍ ജനാധിപത്യ ശബ്ദങ്ങള്‍ വിള്ളലുകളുണ്ടാക്കുമ്പോഴാണ് ആധിപത്യ മനോഭാവത്തിന് ഫാസിസ നിറം കൈവരുന്നത്. അതിനാലാണ് ചുവപ്പില്‍ നിന്നും കാവിയിലേക്കുള്ള സഞ്ചാര വേഗത കൂടുന്നതും. വിദ്യാര്‍ഥികളും വിദ്യാഭ്യാസവും അവരുടെ പ്രശ്‌നങ്ങളും ഒരു പ്രഹേളികയായി തുടരുമ്പോഴും ‘ഓട്ടയടക്കല്‍’ രാഷ്ട്രീയത്തിന് വെറുപ്പും വിദ്വേഷവും ഉപകരണമാക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല.

സാമൂഹ്യ നീതി പുലരുന്ന കാമ്പസുകളിലേക്കുള്ള ജൈത്രയാത്രയിലാണ് ഇന്ത്യയിലെ കാമ്പസുകള്‍. മതേതരമെന്ന് പറയപ്പെടുന്ന കേരളത്തിലെ കാമ്പസുകളിലും സ്ഥിതി വ്യത്യസ്തമല്ല. രോഹിതും നജീബും പുതിയ തലമുറയുടെ ഐക്കണുകളാണ്. ഫാസിസത്തിനെതിരായ പോരാട്ടമാണ് അതിജീവനത്തിന്റെ വഴിയെന്നവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫാസിസ്റ്റ് വിരുദ്ധ പോരിടങ്ങളില്‍ കെട്ടു പോകാത്ത വിളക്കു നാളമായി സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തുപകരാന്‍ ഈ വിജയത്തിനാകുമെന്ന് പ്രതീക്ഷിക്കാം..

(ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള. സംസ്ഥാന പ്രസിഡന്റാണ് ലേഖിക)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply