നേട്ടങ്ങളല്ല, കോട്ടങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടത്…..

വികസനത്തിന്റെ കേരള മാതൃകയെ ആഗോള ശ്രദ്ധയിലേക്കെത്തിച്ച് മികവുറ്റ നവകേരളം കെട്ടിപ്പടുക്കുന്നതിന് ജനപങ്കാളിത്തത്തോടു കൂടി നടപ്പിലാക്കുന്ന നൂതന ചുവടുവെപ്പെന്നവകാശപ്പെട്ടാണ് കേരളപിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ കോടികള്‍ ചിലവഴിച്ച് കേരളീയമെന്നപേരില്‍ തിരുവനന്തപുരത്ത് ഒരു വലിയ മാമങ്കം നടത്തുന്നത്. സംസ്ഥാനത്തിന്റെ വികസന ഏടുകളില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക രംഗങ്ങളുടെ വികസന നേര്‍കാഴ്ചയാകുമതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

കേരളീയത്തിന്റെ ഭാഗമായി കിഴക്കേകോട്ട മുതല്‍ കവടിയാര്‍ വരെയുള്ള മേഖലയില്‍ 34 പ്രദര്‍ശന നഗരികള്‍ തയ്യാറാക്കും. അതില്‍ കല, സാംസ്‌കാരികം, വ്യവസായം, കാര്‍ഷികം മുതലായ വ്യത്യസ്ത മേഖലകളിലെ മേളകളുണ്ടാകും. കേരള വികസനത്തെ സംബന്ധിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമുള്ള സെമിനാറുകളും നടക്കും. കൃഷി, ഫിഷറീസ്, ക്ഷീരം, ഭൂപരിഷ്‌കരണം, സഹകരണ, വ്യവസായം, വിവര സാങ്കേതികവിദ്യ, ടൂറിസം, തൊഴില്‍, കുടിയേറ്റം, പട്ടികജാതി- പട്ടികവര്‍ഗം, ഉന്നത-പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, ജനസൗഹൃദ പൊതുസേവനം, അധികാര വികേന്ദ്രീകരണവും പ്രാദേശിക സര്‍ക്കാരുകളും, കേരളത്തിന്റെ സമ്പദ്ഘടന എന്നീ മേഖലകളെപ്പറ്റിയായിരിക്കും സെമിനാറുകള്‍. ഉരുത്തിരിയുന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് നവകേരളത്തിനായുള്ള പരിപ്രേക്ഷ്യം അവതരിപ്പിക്കും. പുസ്തകമേള, ചലച്ചിത്രമേള, എന്നിവയുള്‍പ്പെടെയുള്ള സാഹിത്യ, സാംസ്‌കാരിക, മാധ്യമ പരിപാടികളും കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. വൈകുന്നേരങ്ങളില്‍ പ്രധാന നിരത്തുകളില്‍ കലാപരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കും.

ഓരോ വിഭാഗത്തെ കേന്ദ്രീകരിച്ചും പ്രത്യേക ട്രേഡ് ഫെയറുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ട്രേഡ് ഫെയര്‍, ട്രൈബല്‍ മേഖലയില്‍ നിന്നുള്ള ഉത്പന്നങ്ങളും സേവനങ്ങളും പരിചയപ്പെടുത്തുന്ന ട്രൈബല്‍ ട്രേഡ് ഫെയര്‍, വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള വനിതാ ട്രേഡ് ഫെയര്‍, പരമ്പരാഗത, സഹകരണ മേഖലകള്‍ക്കായുള്ള പ്രത്യേക ട്രേഡ് ഫെയറുകള്‍ എന്നിവ ഈ ഉത്സവത്തിന്റെ ഭാഗമായിരിക്കും. കൂടാതെ കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും അതിലടങ്ങിയിരിക്കുന്ന ക്ലാസിക്കല്‍ കലാരൂപങ്ങളെയും പ്രാക്തന കലാരൂപങ്ങളെയും ലോകം മനസ്സിലാക്കുമെന്നുമൊക്കെയാണ് സര്‍ക്കാരിന്റെ അവകാശവാദം. രാജ്യത്തും ലോകത്തും ഏറെ പ്രത്യേകതകള്‍ ഉള്ള സംസ്ഥാനമാണു കേരളമെന്നും ആ പ്രത്യേകതകള്‍ എന്താണെന്നും ഇനി എങ്ങനെയാണ് മുന്നോട്ടുപോകേണ്ടതെന്നുമാണ് കേരളീയം 2023 പരിപാടിയിലൂടെ അവതരിപ്പിക്കപ്പെടുന്നത് എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കുകയും ചെയ്തു. ആഗോളതലത്തില്‍ തന്നെ വിവിധ മേഖലകളിലെ വിദഗ്ധര്‍ കേരളീയത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളീയം പോലുള്ള പരിപാടികള്‍ ആവശ്യമായിരിക്കാം. ധൂര്‍ത്ത് എന്ന പേരില്‍ മാത്രം അവയെ തള്ളിക്കളയേണ്ടതില്ല. എന്നാല്‍ അതുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെടുന്ന അവകാശവാദങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്. പൊതുഭരണം, വികസനം, ആരോഗ്യസംരക്ഷണം, കാര്‍ഷിക സമൃദ്ധി, സ്ത്രീസംരക്ഷണം, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങി എല്ലാ രംഗങ്ങളിലും അഭിമാനകരമായ രീതിയില്‍ മുന്നേറുന്ന കേരളത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നു പറയുമ്പോള്‍ ഇവയിലെന്തെങ്കിലും സത്യമാണോ എന്നു പരിശോധിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. സെക്രട്ടറിയേറ്റടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടികിടക്കുന്ന ഫയലുകളും നിസ്സാരകാര്യങ്ങള്‍ക്കുപോലും ഇപ്പോഴും ഓഫീസുകളില്‍ പല തവണ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥയും വന്‍തോതിലുള്ള കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവുമൊക്കെ പൊതുഭരണത്തിന്റെ യാഥാര്‍ത്ഥ്യമെന്തെന്നു വ്യക്തമാക്കിതരുന്നുണ്ട്. മുഖ്യമന്ത്രിതന്നെ പലപ്പോഴും ഇക്കാര്യം പറയുന്നതും കേട്ടിട്ടുണ്ട്. പക്ഷെ സംഘടിതശക്തിയായ ഉദ്യോഗസ്ഥര്‍ക്കുനേരെ ചെറുവിരലനക്കാന്‍പോലും ആകില്ല എന്നതാണ് വസ്തുത. അടിസ്ഥാന ജനവിഭാഗങ്ങളായ ആദിവാസികള്‍, ദലിതര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കൊന്നും ഒരു പങ്കുമില്ലാത്തതാണ് നമ്മുടെ കൊട്ടിഘോഷിക്കുന്ന വികസനം. അവ  പ്രധാനമായും ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനം മാത്രമാണ്. അതിനുപിന്നാലെ വികസനം വരുമെന്നാണ് അവകാശവാദം. റോഡുകളും പാലങ്ങളുമുണ്ടാക്കാന്‍ പണം കടമെടുത്ത് കടക്കെണിയിലുമാണ് നമ്മള്‍.

കൊട്ടിഘോഷിക്കുന്ന ആരോഗ്യമേഖലയുടെ അവസ്ഥയെന്താണ്? പ്രാഥമിക ആരോഗ്യമേഖലയില്‍ മാത്രമാണ് നമുക്ക് നേട്ടങ്ങളുള്ളത്. ഗൗരവമായ രോഗങ്ങളുടെ ചികിത്സക്ക് ഈ അവകാശവാദം ഉന്നയിക്കുന്നവര്‍ പോലും വിദേശത്തും ബാംഗ്ലൂര്‍ക്കും ചെന്നൈക്കും മറ്റും പോകുന്ന കാഴ്ചയും കാണുന്നു. കൊവി്ഡ് മരണങ്ങളില്‍ നാം നേടിയ സ്ഥാനം മറക്കാറായിട്ടില്ലല്ലോ. ഇന്നാകട്ടെ ജീവിതചര്യരോഗങ്ങളില്‍ തകരുകയാണ് നാം. ശരാശരി ആയുസ് കൂടിയെന്നു പറയുമ്പോള്‍ നമ്മുടെ വാര്‍ദ്ധക്യം തികച്ചും അരക്ഷിതാവസ്ഥയിലാണ്. അവര്‍ക്ക് തുച്ഛം പെന്‍ഷന്‍ നല്‍കി കൈകഴുകുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആരോഗ്യ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ജനങ്ങളെ വന്‍തോതില്‍ കൊള്ളയടിക്കുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. സമാനമാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും. പ്രാഥമികമേഖലയിലും സാക്ഷരതയിലുമൊക്കെ നമ്മള്‍ മുന്നിലാണ്. എന്നാല്‍ ഉന്നതവിദ്യാഭ്യാസരംഗത്തോ? പ്ലസ് ടു കഴിയുമ്പോഴേക്കും വിദ്യാര്‍ത്ഥികല്‍ വന്‍തോതില്‍ പുറത്തുപോകുകയാണല്ലോ. അവരില്‍ മിക്കവരും തിരിച്ചുവരാന്‍പോലും ഇടയില്ല. ഉന്നത വിദ്യാഭ്യാസമേഖലയുടെ തകര്‍ച്ചക്കുള്ള പ്രധാനകാരണം അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണമാണ്.

കാര്‍ഷിക സമൃദ്ധിയേയും സ്ത്രീസുരക്ഷയേയും ട്രാന്‍സ്‌ജെന്ററുകളുടെ ജീവിതത്തേയും ക്രമസമാധാനത്തേയുമൊക്കെ കുറിച്ചുള്ള വാചാടോപം കാണുമ്പോള്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ? അവയെല്ലാം പച്ചക്കള്ളമാണെന്ന് എത്രയോ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നു. അയല്‍സംസ്ഥാനങ്ങളില്‍ ലോറി പണിമുടക്കുണ്ടായാല്‍ പട്ടിണി കിടക്കുന്ന അവസ്ഥയില്‍ നിന്ന് കേരളത്തിനു മോചനമുണ്ടോ? പതിറ്റാണ്ടുകള്‍ക്കിടയിലെ വികസനത്തിലൂടെ നമ്മുടെ കൃഷിയിടങ്ങളും ഉല്‍പ്പാദനവും എത്രത്തോളമായി ചുരുങ്ങി എന്ന് സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ലഭ്യമാണല്ലോ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കടന്നാക്രമണങ്ങളും നിരന്തരമായി വര്‍ദ്ധിക്കുന്നതായാണ് സര്‍ക്കരിന്റെ തന്നെ കണക്കുകള്‍. പോക്‌സോ കേസുകളിലാകട്ടെ ഞെട്ടിക്കുന്ന വര്‍ദ്ധനയാണ്. പ്രതികള്‍ മിക്കവാറും ബന്ധുക്കളും അയല്‍ക്കാരും അധ്യാപകരും മറ്റും മറ്റും. ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ നയമൊക്കെ പ്രഖ്യാപിച്ചു എങ്കിലും അവരുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതില്‍ നാമിപ്പോഴും വളരെ പുറകിലാണ്. ക്രമസമാധാനരംഗത്തെ നമ്മുടെ അവസ്ഥ മനസ്സിലാക്കാന്‍ മധ്യമങ്ങള്‍ മാത്രം കണ്ടാല്‍ മതി. അല്ലെങ്കില്‍ വര്‍ദ്ധിക്കുന്ന പോലീസ് അതിക്രമങ്ങളുടെ കണക്കുമാത്രം എടുത്താല്‍ മതി. ആഭ്യന്തരത്തിന് ഒരു സ്വതന്ത്രമന്ത്രിപോലും ഇല്ലാത്ത അവസ്ഥയിലാണ് ഇന്നു കേരളം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞില്ല സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍. അധികാര വികേന്ദ്രീകരണം, ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണവും നിര്‍വഹണവും, പൊതു ജീവിതനിലവാരം, ശാസ്ത്രബോധം, എന്നിങ്ങനെ നിരവധി മേഖലകളില്‍ വികസിത രാജ്യങ്ങളോടുപോലും കിടപിടിക്കാവുന്ന നേട്ടങ്ങളാണ് ഇക്കാലയളവിനിടയില്‍ കേരളം സ്വായത്തമാക്കിയത്രെ. അധികാരവികേന്ദ്രീകരണവും ജനപങ്കാളിത്തവുമൊക്കെ ഫലത്തില്‍ പാര്‍ട്ടി പങ്കാളിത്തമായി മാറുന്നു എന്ന് ആര്‍ക്കാണറിയാത്തത്. മന്ത്രിപോലും ജാതിവിവേചനം നേരിടുന്ന, ആള്‍ദൈവങ്ങള്‍ വളരുന്ന, ജാത്യാഭിമാന കൊലകള്‍ പോലും അരങ്ങേറുന്ന നാട്ടില്‍ ശാസത്രബോധം വളരുന്നു എന്നു കേള്‍ക്കുമ്പോള്‍ ചിരിക്കാതെന്തു ചെയ്യും? കഴിഞ്ഞില്ല, വികസന നേട്ടങ്ങള്‍ എല്ലാ വിഭാഗങ്ങളിലും എത്തിക്കുന്നതിനായി മാലിന്യ സംസ്‌ക്കരണം, ജലസമൃദ്ധി, കാര്‍ഷികവികസനം എന്നിവ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഹരിതകേരളം മിഷന്‍, ആരോഗ്യരംഗത്ത് മുന്നേറ്റം ലക്ഷ്യമിട്ടുള്ള ആര്‍ദ്രം മിഷന്‍, സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍, സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട ആറ് മേഖലകളിലായി പ്രവര്‍ത്തിക്കുന്ന നാല് മിഷനുകള്‍ പുരോഗതിയുടെ വേഗം കൂട്ടുന്നു എന്നും സര്‍ക്കാര്‍ പറയുന്നു. ഇവയൊക്കെ എന്തു നേട്ടമാണുണ്ടാക്കിയതെന്ന് ദൈനംദിനം പുറത്തുവരുന്ന വാര്‍ത്തകള്‍ മാത്രം നോക്കിയാല്‍ വ്യക്തമാകും. മാലിന്യസംസ്‌കരണത്തിന്റെ കാര്യമൊക്കെ പ്രത്യേകം പറയണോ? സാമൂഹികാവബോധം, സമഭാവന, മതനിരപേക്ഷത എന്നിവയിലൂടെ ഭൗതികവും മാനസികവുമായ പുരോഗതിയും ആര്‍ജിച്ച സമൂഹമാണ് നമ്മുടേതെന്നും സാമൂഹിക വികാസത്തിലും വ്യാവസായിക മുന്നേറ്റത്തിലും നൂതനവിദ്യാ രംഗത്തുമെല്ലാം സംസ്ഥാനം കൈവരിച്ച ഈ നേട്ടങ്ങളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാണ് കേരളീയമെന്നുമാണ് മറ്റൊരു അവകാശവാദം. മതനിരപേക്ഷതയിലൊക്കെ ഇന്നു നാം എവിടെയെത്തിയാണ് നില്‍ക്കുന്നത്? എന്തിനേറെ, കേരളീയം പരിപാടിയുടെ പരസ്യത്തില്‍ മോഹന്‍ലാല്‍ പറയുന്നത് മലയാള സിനിമ ലോകത്തില്‍ തന്നെ ഒന്നാം നിരയിലാണെന്നാണ് !!

ഇനിമുതല്‍ എല്ലാവര്‍ഷവും കേരളീയം പരിപാടി നടത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ എന്താണ് കേരളത്തിന്റെ സമകാലീന യാഥാര്‍ത്ഥ്യം എന്നു തുറന്നു പറഞ്ഞുകൊണ്ടായിരിക്കണം അത്. എന്തെങ്കിലും നേട്ടമുണ്ടെങ്കില്‍ ഊറ്റം കൊള്ളുകയല്ല, കോട്ടങ്ങളും കുറവുകളും ചൂണ്ടികാട്ടി, അവയുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച്, എങ്ങനെയാണ് അവയെ മറികടന്ന് മുന്നോട്ടുപോകാനാവുക എന്ന ചര്‍ച്ചകളാണ് കേരളീയത്തില്‍ നടക്കേണ്ടത്. അതിനുപകരമായി ഈ വര്‍ഷം നടത്തുമെന്നു അവകാശപ്പെടുന്നപോലെ ഇല്ലാത്ത അവകാശവാദങ്ങള്‍ പറഞ്ഞ് ഊറ്റം കൊള്ളാനുള്ള വേദിയാക്കിയല്ല കേരളീയത്തെ മാറ്റേണ്ടത്. അതിനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാര്‍ കാണിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply