ഫര്‍ഹ കണ്ട കാഴ്ചകള്‍

ഇസ്രായേല്‍ പട്ടാളം ഒരു നവജാതശിശുവടക്കമുള്ള അഞ്ചംഗകുടുംബത്തോടുചെയ്ത ക്രൂരതകളും കൂട്ടക്കൊലകളും നേരില്‍ കണ്ടതോടെ ഫര്‍ഹ പൂര്‍ണ്ണമായി തകരുന്നു. പിതാവിനെ പിന്നീടവള്‍ കണ്ടിട്ടില്ല. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ട അവള്‍ പിന്നീട് സിറിയയില്‍ അഭയം നേടിയെന്നാണ് സംവിധായകന്‍ പറയുന്നത്. ഫര്‍ഹയെ കാണുമ്പോള്‍ ആരും ഓര്‍ക്കുക ആന്‍ഫ്രാങ്കിനെയായിരിക്കും എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

ഗാസയില്‍ ആശുപത്രിക്കുനേരെപോലും അക്രമണം നടത്തി അഞ്ഞൂറോളം പേരെ കൂട്ടക്കുരുതി ചെയ്ത ക്രൂരതയുടെ പശ്ചാത്തലത്തിലാണ് 2021ല്‍ പുറത്തുവന്ന ഫര്‍ഹ എന്ന അറബിക് ചലചിത്രത്തെ കുറിച്ചൊരു കുറിപ്പെഴുതുന്നത്. 1948ല്‍ ഇസ്രായേല്‍ രൂപീകരണകാലത്ത് പാലസ്തീന്‍ ജനതക്കെതിരെ അവരുടെ പട്ടാളം, ബ്രിട്ടീഷ് ഒത്താശയോടെ നടത്തിയ ക്രൂരതകളുടെ നേര്‍കാഴ്ചയാണ് ഈ ചിത്രം. ഈ കാഴ്ചയാകട്ടെ ഒരു മുറിയിലടക്കപ്പെടുന്ന പതിനാലുകാരിയായ ഒരു പെണ്‍കുട്ടിയുടെ വാതിലിന്റെയും ചുമരിന്റേയും ഇടയിലുള്ള ദ്വാരങ്ങളിലൂടെ കാണുന്ന ദൃശ്യങ്ങളിലൂടെയാണ് ചിത്രീകരിക്കുന്നത്.. യഥാര്‍ത്ഥ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്‌ പാലസ്തീന്‍ വംശജയായ ജോര്‍ദാനിയന്‍ സംവിധായിക ഡോറീന്‍ ജെ സല്ലാം 92 മിനിട്ടുള്ള, ആരുടേയും ഹൃദയത്തെ തകര്‍ക്കുന്ന ഈ ചിത്രം തയ്യാറാക്കിയിട്ടുള്ളത്.

റോമാക്കാരുടെയുടെയും ഹിറ്റ്‌ലറുടെ നാസി ഭരണകൂടത്തിന്റെയും മറ്റു സ്വേച്ഛാധിപതികളുടെയും ക്രൂരപീഡനങ്ങളും കൂട്ടക്കൊലകളും അതിജീവിച്ച് നൂറ്റാണ്ടുകളായുള്ള ജൂതന്മാരുടെ സഹനജീവിതത്തിനിടയ്ക്കാണ് 1940-കളില്‍ ‘വാഗ്ദത്ത ഭൂമിയിലേക്ക് മടങ്ങുക’ എന്ന ആഹ്വാനം കേട്ട് ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള ജൂതന്മാര്‍ അവര്‍ക്ക് സ്വന്തമായൊരു രാജ്യം സ്ഥാപിക്കുക എന്ന ലക്ഷ്യവുമായി പലസ്തീനിന്റെ മണ്ണിലേക്ക് ഒഴുകുന്നത്. പക്ഷേ, പീഡനങ്ങളും യാതനകളും ഒരുപാട് അനുഭവിച്ച ഒരു സമൂഹത്തിന്റെ അതിജീവനം, നിരപരാധികളായ മറ്റൊരു സമൂഹത്തിന്റെ നെഞ്ചത്ത് ചവിട്ടിയാകുന്നതിനും, പീഡിതര്‍ പീഡകരും കൂട്ടക്കൊലകള്‍ നടത്തുന്ന ക്രൂരന്മാരും ആയി മാറുന്ന ഒരു ഭീകര ചരിത്രത്തിനാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. ഹിറ്റ്ലറുടെ ക്രൂരതകള്‍ നേരിട്ട ഇസ്രായേലികള്‍ ഹിറ്റ്ലറെക്കാര്‍ വലിയ കൊലയാളികളും അധിനിവേശകരും ആയി മാറുന്ന കാഴ്ച്ച കണ്ട് ലോകം നിസ്സഹായരായി നോക്കിനിന്നു. സമാധാനവും സന്തോഷകരവുമായിരുന്ന ഒരു സമൂഹത്തിന്റെ ജീവിതം എങ്ങനെയാണ് ഇന്ന് കാണുന്ന നിലയിലായത് എന്നുള്ളതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഈ ചിത്രം.

അന്നത്തെ ക്രൂരതകള്‍ക്ക് ദൃക്‌സാക്ഷിയായ റാദിഹ് എന്ന പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ കാഴ്ചകളാണ് ഈ സിനിമ. ഫര്‍ഹ എന്നാണ് സിനിമയില്‍ കുട്ടിക്ക് പേരു നല്‍കിയിരിക്കുന്നത്. ഫര്‍ഹ സാധാരണ പെണ്‍കുട്ടികളേക്കാള്‍ വളരെ പുരോഗമനപരമായി ചിന്തിക്കുന്ന പെണ്‍കുട്ടിയാണ്. നാട്ടുനടപ്പനുസരിച്ച് മതവിദ്യാഭ്യാസം മാത്രം നേടി വളരെ ചെറുപ്പത്തിലെ വിവാഹിതയാകാന്‍ അവളൊരുക്കമായിരുന്നില്ല. നഗരത്തില്‍ പോയി സ്‌കൂള്‍ വിദ്യാഭ്യാസം നേടുക, അധ്യാപികയായി തിരിച്ചുവന്ന് സ്വന്തം നാട്ടില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ ആരംഭിക്കുക എന്നതായിരുന്നു അവളുടെ ഏക ആഗ്രഹം. ആദ്യം അനുകൂലമല്ലാതിരുന്ന പിതാവിനെ കൊണ്ട് അതു സമ്മതിപ്പിച്ച് പോകാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴായിരുന്നു അവളുടെ ജീവിതം തകര്‍ത്ത ദുരന്തങ്ങള്‍ സംഭവിക്കുന്നത്.

ഇസ്രായാല്‍ സേന ഫര്‍ഹയുടെ ഗ്രാമവും വളയുകയും ജനങ്ങളെ കൊന്നൊടുക്കുകയും ആരംഭിച്ചതോടെയാണ് ഫര്‍ഹയുടെ സ്വപ്‌നങ്ങള്‍ തകരുന്നത്. കൂട്ടുകാരിയുടെ കുടുംബത്തോടൊപ്പം പോയി രക്ഷപ്പെടാന്‍ പിതാവ് നിര്‍ബന്ധിച്ചിട്ടും അവള്‍ തയ്യാറായില്ല. മറ്റുമാര്‍ഗ്ഗമില്ലാതെ പിതാവ് അവളെ വീടിന്റെ ഒരു മുറിയിലിട്ടുപൂട്ടി, വീടും പൂട്ടി പോരാട്ടത്തിനു പോകുകയായിരുന്നു. ദിവസങ്ങളോളം ആ മുറിയിലെ ഏകാന്തതയിലും ഇരുട്ടിലുമായിരുന്നു അവളുടെ ജീവിതം. മുറിയുടെ വാതിലിന്റെ ചെറിയ വിടവിലൂടെയാണ് പുറത്തുനടക്കുന്ന ക്രൂരതകള്‍ അവള്‍ കാണുന്നത്. ഒപ്പം വെടിയൊച്ചകളും സ്‌ഫോടനശബ്ദങ്ങളും കേള്‍ക്കുകയും ചെയ്യുന്നു. ഇസ്രായേല്‍ പട്ടാളം ഒരു നവജാതശിശുവടക്കമുള്ള അഞ്ചംഗകുടുംബത്തോടുചെയ്ത ക്രൂരതകളും കൂട്ടക്കൊലകളും നേരില്‍ കണ്ടതോടെ അവള്‍ പൂര്‍ണ്ണമായി തകരുന്നു. പിതാവിനെ പിന്നീടവള്‍ കണ്ടിട്ടില്ല. അവിടെ നിന്ന് ഒരുവിധം രക്ഷപ്പെട്ട അവള്‍ പിന്നീട് സിറിയയില്‍ അഭയം നേടിയെന്നാണ് സംവിധായകന്‍ പറയുന്നത്. ഫര്‍ഹയെ കാണുമ്പോള്‍ ആരും ഓര്‍ക്കുക ആന്‍ഫ്രാങ്കിനെയായിരിക്കും എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.

ഒരു പെണ്‍കുട്ടിയുടെ കാഴ്ചയിലൂടെ പ്രധാനമായും ഒരു കുടുംബത്തോട് പട്ടാളം ചെയ്യുന്ന ക്രൂരതള്‍ ചിത്രീകരിച്ച ഈ ചിത്രം ഇന്നും തുടരുന്ന അധിനിവേശത്തിന്റെ നേര്‍കാഴ്ചയായി തന്നെ മാറുകയാണ്. ചിത്രം പുറത്തുവന്ന് ഈ രണ്ടാം വര്‍ഷത്തിലിതാ പതിന്മടങ്ങ് ക്രൂരതകളാണ് ഇസ്രായേല്‍ പട്ടാളം പിലസ്തീന്‍ ജനതക്കുനേരെ നടത്തുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് ആശുപത്രി അക്രമണം. യു എന്‍ അടക്കമള്ള ലോകം പതിവുപോലെ നോക്കുകുത്തികളായി മാറിയിരിക്കുന്നു. ഹമാസ് നടത്തിയ അക്രമണത്തിന്റെ പേരില്‍ ഹമാസിനെ മാത്രമല്ല, പാലസ്തീന്‍ എന്ന സ്വപ്‌നത്തേയും ഗാസ നഗരത്തേയുെമാക്കെ പൂര്‍ണ്ണമായി തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ ഏതൊരു മനസ്സിനേയും മദിക്കുന്ന, നിര്‍ബന്ധമായും കാണേണ്ട ഒന്നാണ് ഫര്‍ഹയുടെ കാഴ്ചകള്‍. സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരില്‍ ഇസ്രായേല്‍ നെറ്റ്ഫ്‌ളിക്‌സ് ബഹിഷ്‌കരിച്ചിരിക്കുകയാണ് എന്നതില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണല്ലോ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply