അയ്യങ്കാളിയുടെ ബി.എക്കാര്‍ രോഹിത് വെമുലക്ക് ശേഷം..

ജന്മത്തോടെ ജാതി നിശ്ചയിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഏതെങ്കിലും ഒരാള്‍ കലാപകാരിയാകണം എന്നുറച്ച് ജന്മം എടുക്കുന്നവരല്ല. നിലവിലെ സാമൂഹ്യ സാഹചര്യവും അടിച്ചമര്‍ത്തലുമാണ് ഒരാളെ കലാപകാരിയായി രൂപീകരിക്കുന്നത്. അയ്യന്‍കാളിയും മറ്റും ആ കാലഘട്ടത്തില്‍ നടത്തിയ ഓരോ പ്രവര്‍ത്തിയും ആ കാലഘട്ടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കലാപങ്ങളാണ് . അതുകൊണ്ടാണല്ലോ പുത്തന്‍സേനയെന്ന ഭീകരസംഘത്തെ സംഘടിപ്പിച്ചു കൊണ്ട് ആ സമയത്ത് നടന്ന ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്താന്‍ നായര്‍ പ്രമാണിമാര്‍ രംഗത്തിറങ്ങിയത്. എന്നാല്‍ ആ കാലത്തിന്റെ പോരാട്ടങ്ങളുടെ സ്വഭാവത്തെ മറച്ചു പിടിച്ച് കലാപകാരി എന്ന വാക്കിന് വഴക്കാളി എന്ന അര്‍ത്ഥത്തില്‍ മനസ്സിലാക്കി സണ്ണി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ജീവിതാഘോഷം എപ്രകാരമായിരിക്കും എന്ന ചിന്തയും പ്രസക്തമാണ്.

പോയ കാലത്തിന്റെ സമരനായകരേയും ജനകീയസമരങ്ങളേയും സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കാനും സ്വന്തമാക്കാനും വിത്യസ്ത രാഷട്രീയ ശക്തികള്‍ എന്നും ശ്രമിച്ചുപോന്നിട്ടുണ്ട്. അത് സ്വാഭാവികമാണ്. കാരണം ജനമനസ്സുകളില്‍ സ്പന്ദിക്കുന്ന ഈ വ്യക്തികളും സമരങ്ങളും ജനങ്ങളെ അണിനിരത്താന്‍ അനിവാര്യവുമാണ്. നാരായണഗുരു മുതല്‍ അംബേദ്ക്കറെ വരെ സംഘിയാക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്ത് ഈ കാര്യം എളുപ്പത്തില്‍ മനസ്സിലാക്കാനാവും.

അതുകൊണ്ടുതന്നെ ചരിത്രപരമായ കടമകളുമായി ബന്ധിപ്പിച്ച് പുനര്‍നിര്‍വ്വചിക്കുക എന്നത് മുന്നോട്ടുള്ള പോക്കിന് ഒഴിച്ച് കൂടാനാവാത്തതാണ്. ആ നിലക്ക് കഴിഞ്ഞ ആഗസ്ത് 28 മഹാനായ അയ്യന്‍കാളിയുടെ ജന്മദിനവുമായി ബന്ധപ്പെട്ടു ദി ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട, അറിയപ്പെടുന്ന ചിന്തകനായ സണ്ണി എം കപിക്കാടിന്റെ, പത്ത് ബിഎകാരെയാണ് കലാപകാരികളെയല്ല അയ്യന്‍കാളി കാണാന്‍ ആഗ്രഹിച്ചതെന്ന ലേഖനം പ്രസക്തവുമാണ്. അയ്യന്‍കാളിയെ കുറിച്ച് സണ്ണി എം കപിക്കാട് സംസാരിക്കുന്നതിന്റെ താല്പര്യം വ്യക്തമാണ് . അയ്യന്‍കാളിയെ പുനര്‍ നിര്‍വ്വചിക്കുക എന്നതാണതിന്റെ ഉദ്ദേശം . ചിന്തകളും പ്രയോഗങ്ങളും വ്യക്തികളും ഒക്കെ വ്യത്യസ്ഥ ചരിത്ര സന്ദര്‍ഭങ്ങളില്‍ പുനര്‍നിര്‍വ്വചനത്തിന് വിധേയമാകുക സ്വാഭാവികമാണല്ലോ ? എന്നാല്‍ ആ പ്രക്രിയയുടെ സ്വഭാവം എന്ത് എന്നത് പ്രധാനമാണ്. അഥവാ എന്തിനെ, എന്ത് താല്പര്യത്തെ മുന്‍നിര്‍ത്തിയാണ് ഈ പുതുക്കല്‍ എന്നത് വളരെ പ്രധാനമാണ്. അയ്യന്‍കാളിയുടെ ജീവിതത്തില്‍ നിന്നു ഇന്നത്തെ തലമുറ എന്താണ് ഉള്‍ക്കേണ്ടത് എന്ന മൗലിക ചോദ്യം ഉയര്‍ത്തിയ സണ്ണി പക്ഷെ കലാപകാരിയല്ലാത്ത, പരിഷ്‌ക്കരണവാദിയായ ഒരു അയ്യങ്കാളിയെ ഉള്‍കൊള്ളാനാണ് തലമുറയോട് ആവശ്യപ്പെടുന്നത്. ആ ഊന്നലാണ് ഈ പുതുക്കലിനെ തള്ളികളയേണ്ട ഒന്നാക്കി മാറ്റുന്നത്.

കേരളീയ പൊതുസമൂഹത്തിലും മര്‍ദ്ദിതര്‍ക്കിടയിലുമൊക്കെ ആവേശമായി നിലനില്‍ക്കുന്ന കലാപകാരിയായ അയ്യന്‍കാളിയെ കയ്യൊഴിഞ്ഞ്, പരിഷ്‌ക്കരണവാദിയായ അയ്യന്‍കാളിയെ ഉറപ്പിക്കുക. ഇതാണ് ലക്ഷ്യം. കിന്നരി തലപ്പാവ് വെച്ച്, ജാതി ജന്മിത്വത്തിന്റെ നിയന്ത്രിതസഭയില്‍ അംഗമായി, സമാധാനപൂര്‍വ്വമായ പരിഷ്‌ക്കാരങ്ങള്‍ക്ക് വേണ്ടി വാദിച്ച ഒരു അയ്യന്‍കാളിയെ സ്ഥാപിക്കാനുള്ള ശ്രമം ഇവിടെ മുമ്പ് തന്നെ സജീവമാണ്. ഇതിന്റെ ഭാഗം ചേരുകയാണിവിടെ സണ്ണി. എന്നാല്‍ വിദ്യാഭ്യാസ നിഷേധത്തിനെതിരെ കാര്‍ഷിക പണിമുടക്ക് സംഘടിപ്പിച്ച് വിജയിപ്പിച്ച, ജാതി വിലക്കുകളെ വെല്ലുവിളിച്ച് വില്ലുവണ്ടിയുമായി യാത്ര ചെയ്ത, സവര്‍ണ്ണ ആക്രമങ്ങളെ സായുധമായി ചെറുത്ത് നിന്ന അയ്യന്‍കാളിയെ തമസ്‌ക്കരിക്കാനാണ് ശ്രമം. ഇത് പക്ഷെ അത്ര എളുപ്പമല്ല കാരണം പ്രജാസഭയിലെ പ്രസംഗങ്ങളല്ല, സവര്‍ണ്ണമേധാവിത്വത്തെ വെല്ലുവിളിച്ച തെരുവിലെ പോരാട്ടങ്ങളാണ് ജനമസ്സുകളില്‍ അയ്യന്‍കാളിയെ മഹാനാക്കിയത്. ഒരു ജനതയെ തന്നെ പിന്നോട്ട് നടത്താനുള്ള ശ്രമമാണ് സണ്ണിയുടേത് . ഇതില്‍ നിന്നും ഭിന്നമായി വര്‍ത്തമാന കാലത്തെ മര്‍ദ്ദിതരുടെ വിമോചന പോരാട്ടത്തില്‍ അയ്യന്‍കാളിയുടെ സ്ഥാനമെന്തെന്നു കണ്ടെത്താനുള്ള ഒരു ശ്രമം അനിവാര്യമാണ്.

”അന്ന് വില്ലുവണ്ടി അന്തസ്സിന്റെ ചിഹ്നമായിരുന്നെങ്കില്‍ ഇന്ന് അത്തരം ചിഹ്നങ്ങള്‍ എന്താണ് എന്ന ചോദ്യമുയര്‍ത്തുന്ന സണ്ണി ഇവിടത്തെ ഉന്നതരെ പോലെതന്നെ സ്വന്തം ജീവിതം അന്തസ്സോടെ പരിഷ്‌കരിച്ച് ആഘോഷിക്കുകയാണ് വേണ്ടത് എന്ന് തീര്‍ച്ചപ്പെടുത്തുന്നു.
അതിന് അയ്യന്‍കാളിയെ കലാപകാരിയായി കണ്ടാല്‍ നമ്മളും അങ്ങനെയാകും. അതല്ല വേണ്ടത്. സ്വയം പുതുക്കി പണിയാനും സമൂഹത്തെ നവീകരിക്കാനുമാണ് നാം തയ്യാറാകേണ്ടത് എന്നും, അങ്ങനെയുള്ള അയ്യന്‍കാളിമാരായി ഓരോരുത്തരും മാറണം എന്നുമാണ് പറഞ്ഞ് വെയ്ക്കുന്നത്.”

തീര്‍ച്ചയായും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും നിലവാരവും എല്ലാവര്‍ക്കും ആവശ്യമാണ്. ജീവിതം പരിഷ്‌ക്കരിച്ച് ആഘോഷിക്കുമ്പോള്‍ അത് എപ്രകാരമായിരിക്കും. തീര്‍ച്ചയായും ചൂഷകവര്‍ഗ്ഗങ്ങളുടെ ജീര്‍ണ്ണിച്ച ജീവിത ആഘോഷമല്ല മര്‍ദ്ദിതരുടേത് എന്നത് ഉറപ്പാണ്. പുതിയ ലോകത്തിന്റെ ആനന്ദങ്ങളെ രൂപപ്പെടുത്തുക കൂടി വേണമല്ലോ ? . ആ നിലക്ക് വില്ലുവണ്ടി എന്ന ചിഹ്നം എനിക്കും സ്വകാര്യ വാഹനം എന്ന അര്‍ത്ഥത്തില്‍ ഈ കാര്‍ബണ്‍ പാത മുദ്രയുടെ കാലത്ത് ഒരു ജനാധിപത്യ വാദിക്ക് കാണാനാവില്ല. മറിച്ചത് വിലക്കിയ വഴികളിലേക്ക് ഓടി കയറിയ ധീരതയുടെ ചിഹ്നമായാണ് കാണാനാവുക. വില്ലുവണ്ടി എന്നത് പ്രൗഢിയുടേയും മറ്റും സൂചകമായി കണ്ട് ഇന്ന് അതിനു സമാനമായി നമുക്കും ബെന്‍സ് എന്ന് പറയാനാവുമോ ? അല്ലെങ്കില്‍ പുത്തന്‍ വിലക്കുകളിലേക്ക് ഓടിച്ചുകയറ്റാത്ത ബെന്‍സുകൊണ്ട് ഒരു പ്രയോജനവുമില്ല എന്ന് ചുരുക്കം. മാത്രമല്ല കലാപകാരി ആയാല്‍ ജീവിതത്തെ പുതുക്കാന്‍ കഴിയില്ല എന്ന് എങ്ങനെ ആണ് പറയാനാവുക. അല്ലെങ്കില്‍ എന്ത് പുതുക്കലാണ് ഇദ്ദേഹം ഉദ്ദേശിക്കുന്നത്.

ജാതീയവിലക്കുകള്‍ ലംഘിച്ചുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല സംഘര്‍ഷഭരിതം തന്നെയായിരുന്നു എന്ന് സമ്മതിക്കുന്ന സണ്ണി അതിന്റെ പേരില്‍ അദ്ദേഹത്തെ കലാപകാരിയെന്നു വിശേഷിപ്പിക്കുന്നത് ശരിയല്ല എന്നാണ് പറയുന്നത്. അയ്യന്‍കാളി ഒരാളേയും അക്രമിക്കാനോ കലാപമുണ്ടാക്കാനോ പോയിട്ടില്ല. എന്നും പറയുന്നു. മറിച്ച് അദ്ദേഹം അടിമജാതികളുടെ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാനാണ് ശ്രമിച്ചത്. മനുഷ്യജീവിതത്തെ ആധുനികരീതിയില്‍ പുതുക്കി പണിയാനാണ് ശ്രമിച്ചത്. അതിനെതിരെ രംഗത്തുവന്നവരാണ് കലാപകാരികള്‍. അതിനുപകരം അയ്യന്‍കാളിയെ കലാപകാരിയാക്കി ചിത്രീകരിക്കുന്നവര്‍ അദ്ദേഹം മുന്നോട്ടുവെച്ച മൂല്യങ്ങളെ തമസ്‌കരിക്കുകയാണ് എന്ന ഈ വാദം വിചിത്രമാണ് . തത്വശാസ്ത്രത്തില്‍ റാങ്കോടെ ബിരുദം നേടിയ സണ്ണി കലാപകാരി എന്ന വാക്കിന് അതിന്റെ ചരിത്രപരമായ അര്‍ത്ഥതലം നിഷേധിക്കുകയും വഴക്ക്, ശണ്ഠ തുടങ്ങിയ വാക്കര്‍ത്ഥം അഥവ ശബ്ദതാരാവലിയിലെ അര്‍ത്ഥം അടിച്ചേല്‍പ്പിക്കുകയും ചെയ്യുകയാണ്. ജാതിവിലക്കുകള്‍ ലംഘിച്ച് നിലവിലുള്ള ജാതിക്രമത്തെ വെല്ലുവിളിക്കുക വഴി സംഘര്‍ഷത്തിന് തുടക്കമിടുക കൂടിയാണ് അയ്യന്‍കാളി ചെയ്യുന്നത്. നിവേദനമായിരുന്നില്ല അവിടെ അദ്ദേഹം സ്വീകരിച്ച മാര്‍ഗ്ഗം. നിലവിലുള്ള രീതി ഇനി തുടരാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന വെല്ലുവിളിയാണ് അയ്യന്‍കാളി ഇവിടെ ഉയര്‍ത്തുന്നത്. നവോഥാന മുന്നേറ്റങ്ങള്‍ക്ക് മൊത്തത്തിലുള്ള ചരിത്രപരമായ പരിമിതികള്‍ കൊണ്ടുതന്നെ ജാതി നശീകരണത്തിന് വ്യക്തമായ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ അയ്യന്‍കാളിക്കും സാധിച്ചിരുന്നില്ലെങ്കിലും അദ്ദേഹം ജാതിവിലക്കിനെ ആഴത്തില്‍ വെല്ലുവിളിക്കുകയും മാറ്റങ്ങള്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും ഇത്തരം വിലക്കുകള്‍ ലംഘിച്ചതിനെ നേരിടാന്‍ വന്നവരെ സായുധമായി പ്രതിരോധിച്ചിട്ടുണ്ട് എന്നതാണ് ചരിത്രവസ്തുത. ഇതിനെ മൂടിവെച്ച് അയ്യന്‍കാളിയെ കലാപകാരിയാക്കുന്നവര്‍ അദ്ദേഹം മുന്നോട്ടുവെച്ച മൂല്യങ്ങളെ തമസ്‌ക്കരിക്കുകയാണ് ചെയ്യുന്നത് എന്ന് പറയുമ്പോള്‍ അത് എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാക്കുന്നില്ല. ജീവനുള്ള ഒരു അയ്യന്‍കാളിയെ, അദ്ദേഹത്തിന്റെ മൂല്ല്യങ്ങളെ , യഥാര്‍ത്ഥത്തില്‍ വീണ്ടെടുക്കുകയാണ് കലാപകാരിയായി അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ സംഭവിക്കുന്നത്.

ജന്മത്തോടെ ജാതി നിശ്ചയിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ ഏതെങ്കിലും ഒരാള്‍ കലാപകാരിയാകണം എന്നുറച്ച് ജന്മം എടുക്കുന്നവരല്ല. നിലവിലെ സാമൂഹ്യ സാഹചര്യവും അടിച്ചമര്‍ത്തലുമാണ് ഒരാളെ കലാപകാരിയായി രൂപീകരിക്കുന്നത്. അയ്യന്‍കാളിയും മറ്റും ആ കാലഘട്ടത്തില്‍ നടത്തിയ ഓരോ പ്രവര്‍ത്തിയും ആ കാലഘട്ടത്തെ സംബന്ധിച്ച് ഏറ്റവും വലിയ കലാപങ്ങളാണ് . അതുകൊണ്ടാണല്ലോ പുത്തന്‍സേനയെന്ന ഭീകരസംഘത്തെ സംഘടിപ്പിച്ചു കൊണ്ട് ആ സമയത്ത് നടന്ന ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്താന്‍ നായര്‍ പ്രമാണിമാര്‍ രംഗത്തിറങ്ങിയത്. എന്നാല്‍ ആ കാലത്തിന്റെ പോരാട്ടങ്ങളുടെ സ്വഭാവത്തെ മറച്ചു പിടിച്ച് കലാപകാരി എന്ന വാക്കിന് വഴക്കാളി എന്ന അര്‍ത്ഥത്തില്‍ മനസ്സിലാക്കി സണ്ണി നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ജീവിതാഘോഷം എപ്രകാരമായിരിക്കും എന്ന ചിന്തയും പ്രസക്തമാണ്. ഇന്നും ദളിതരടക്കമുള്ള മുഴുവന്‍ മര്‍ദ്ദിതരുടേയും ഈ ബ്രാഹ്മണ്യ ആധിപത്യത്തില്‍ നിന്നുള്ള മോചനം തെരുവില്‍ തന്നെ പൊരുതി നേടേണ്ടതായ സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഏട്ടുപതിറ്റാണ്ടു പിന്നിടുന്ന കപട ജനാധിപത്യവും ബ്രാഹ്മണ്യ അഹിംസയും ഒരു ജനതയെ എങ്ങനെയാണ് ബാധിച്ചതെന്നു മനസ്സിലാക്കുക പ്രധാനമാണ്. എത്രതന്നെ ജീവിതം പരിഷ്‌ക്കരിക്കപ്പെട്ടാലും, ഹിന്ദുത്വരാഷ്ട്രത്തില്‍ രാഷ്ട്രപതിയായി ദളിത് വിഭാഗത്തില്‍ നിന്നൊരാള്‍ വന്നാല്‍ പോലും ബ്രാഹ്മണ്യ ആധിപത്യത്തിന് കീഴ്‌പ്പെട്ടല്ലാതെ ജീവിക്കാന്‍ കഴിയില്ല എന്നുള്ളത് നമ്മുടെ വര്‍ത്തമാനകാല അനുഭവമാണ്. ഇവിടെ വെറും പരിഷ്‌കരണത്തില്‍ മാത്രം ഊന്നുന്നതിന്റെ നിഷ്ഫലത വ്യക്തമാണ്. സ്വന്തം സമൂഹം അനുഭവിക്കുന്ന എല്ലാ ചൂഷണങ്ങളും മര്‍ദ്ദനങ്ങളേയും മൂടിവെച്ച് ജഡ്ജിയും കലക്ടറും ഒക്കെ ഉണ്ടായതില്‍ ഊറ്റം കൊള്ളുന്നതില്‍ വലിയ കാര്യമൊന്നുമില്ല എന്ന് വര്‍ത്തമാനജീവിതം തന്നെ വ്യക്തമാക്കി തരുന്നുണ്ട്. ജസ്റ്റിസ് കര്‍ണ്ണന്റെയും മറ്റും അനുഭവങ്ങള്‍ നമ്മുക്ക് മുന്നിലുണ്ടല്ലോ?

ഹിംസയെയും അഹിംസയെയും നിര്‍വ്വചിക്കുന്നത് എന്താണ്? ‘ബ്രാഹ്മണനു ദളിതനെ കൊല്ലാം, ദളിതന്‍ ബ്രാഹ്മണനെ കൊല്ലുന്നത് പാപമാണ് ; ഒരു മുഖത്തടിച്ചാല്‍ മറുമുഖവും കാണിച്ചുകൊടുക്കണം. ‘ ഇതു വളരെ കാലമായി ഇവിടെ നിലനില്‍ക്കുന്ന ബ്രാഹ്മണ്യവാദത്തിന്റെ യുക്തിയാണ്. ആരാണ് മറുമുഖവും കാണിച്ചുകൊടുക്കാന്‍ ബാധ്യസ്ഥനായവന്‍ എന്നയിടത്ത് ഈ അഹിംസാ മാര്‍ഗ്ഗവും ബ്രാഹ്മണ്യത്തിന്റെ ഹിംസയും ഒന്നാകുന്നത് കാണാം. ഇന്ന് ഇന്ത്യയില്‍ ജനാധിപത്യമെന്ന കാപട്യം അതിന്റെ പൂര്‍ണമായ വികാസത്തിലേക്ക് – ഫാസിസത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുമ്പോള്‍ ഏത് സമാധന പ്രസംഗങ്ങളും വഞ്ചന മാത്രമാണ്.

കലാപകാരിയുടെ ബോധ്യത്തില്‍ ഒരിക്കലും കലാപം എന്നത് ഒരു തെറ്റായ പ്രയോഗമാകുന്നില്ല. നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള ആസൂത്രിതവും സംഘടിതവുമായ പ്രതിഷേധമാണ് കലാപമെന്നു പൊതുവില്‍ നമുക്ക് അര്‍ഥം നല്‍കാം. ആര്‍ക്കാണ് കലാപം ഒരു തെറ്റായ പ്രയോഗമായി തീരുന്നത് എന്ന് പരിശോധിച്ചാല്‍ അത് ഭരണവര്‍ഗ്ഗത്തിന്റെ വീക്ഷണത്തില്‍ ആണെന്നുകാണാന്‍ ബുദ്ധിമുട്ടുണ്ടാകില്ല. അനീതിയോട് കലാപം ചെയ്തു എന്നുള്ളതാണ് അയ്യന്‍കാളിയുടെ പ്രസക്തി. ആ കലാപത്തിന്റെ ബൗദ്ധികവും ഭൗതികവുമായ അടിത്തറയ്ക്കുമേല്‍ കയറി നിന്നിട്ടാണ് ചിലര്‍ കലാപത്തെ തള്ളിപ്പറയുന്നതെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. കലാപമെന്നാല്‍ നിലനില്‍പ്പിനു വേണ്ടിയുള്ള പ്രതിരോധമാണ് ഒപ്പം തന്നെ പുതിയൊന്നിലേക്കുള്ള പ്രയാണവുമാണ്. പരിവര്‍ത്തനത്തിനുവേണ്ടിയുള്ള പോരാട്ടത്തെയാണ് കലാപം വിവക്ഷിക്കുന്നത്.

അഞ്ചു വര്‍ഷം മുമ്പ് ഇതേ വിഷയത്തില്‍ സണ്ണി എം കപിക്കാട് നടത്തിയ ഒരു പ്രഭാഷണത്തില്‍ പറയുന്നത് ‘ അയ്യന്‍കാളിയെ ലഹളക്കാരന്‍ ‘ എന്ന് വിളിക്കരുത് എന്നാണ്. ഈ വാദത്തെ നമുക്ക് വാക്ക് പ്രയോഗത്തിലെ തെറ്റായ പ്രയോഗമെന്നു കണ്ടു അംഗീകരിക്കാം. കാരണം ലഹള അര്‍ത്ഥമാക്കുന്നത് കൂട്ടം കൂടിയുള്ള വലിയ വഴക്കിനെയാണ്. അതിനു കൃത്യമായ ലക്ഷ്യമോ ആസൂത്രണമോ ഉണ്ടാകണമെന്നില്ല. പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ടതുമാകാം. എന്നാല്‍ അയ്യന്‍കാളിയുടെ സമരങ്ങള്‍ ഇത്തരത്തില്‍ ആയിരുന്നില്ലെന്ന് നമുക്കറിയാം. ഇപ്പോള്‍ അഞ്ചു വര്‍ഷത്തിന് ശേഷം കപിക്കാട് വീണ്ടും പറയുന്നത് അയ്യന്‍കാളിയെ കലാപകാരിയെന്നു വിശേഷിപ്പിക്കരുത് എന്നതാണ്. ഇത് നിഷ്‌ക്കളങ്കമോ ഒരു തരത്തിലും ആത്മാഭിമാനമുള്ള ഒരു കേരളീയനും അംഗീകരിച്ചുകൊടുക്കാന്‍ സാധിക്കുന്നതോ അല്ല. കലാപകാരി സമം വഴക്കാളി എന്നോ, മോശം പ്രയോഗത്തിന്റെ ഉടമ എന്നോ, ഒക്കെ തോന്നുന്നത് വെറുതെയല്ല. ആധുനിക കലാപത്തെ കലാപകാരിയെ അയാള്‍ എതിര്‍ക്കുന്നു . ഈ വ്യവസ്ഥയെക്കതിരായ ബലപ്രയോഗത്തെ എതിര്‍ക്കുന്നു. ആ നിലയ്ക്ക് സണ്ണി എം കപിക്കാട്ടിന്റെ രാഷ്ട്രീയത്തെ മര്‍ദ്ദിതര്‍ പരിശോധനാ വിധേയമാക്കണം. അയ്യന്‍കാളിയുടെ കാലത്ത് ദളിത് ജനതയുടെ ആത്മാഭിമാനബോധത്തെ സൃഷ്ടിച്ച വഴിയെ കയ്യൊഴിയാനാണ് പരിഷ്‌കരണത്തെ ഉയര്‍ത്തിപ്പിടിക്കുന്ന കപിക്കാട് യഥാര്‍ത്ഥത്തില്‍ ആഹ്വാനം ചെയ്യുന്നത്. നിലനില്‍ക്കുന്ന നിയമത്തിലെ അവകാശങ്ങള്‍ നടപ്പിലാക്കാനുള്ള സമരമായിരുന്നു അയ്യന്‍കാളി നടത്തിയത് എന്നു പറയുമ്പോള്‍ അതിനുവേണ്ടി നടത്തിയ ബലപ്രയോഗവും അതില്‍ അയ്യന്‍കാളിയുടെ ബോധപൂര്‍വ്വമായ ഇടപെടലുമാണ് സണ്ണി കാണാതെ പോവുന്നത്. ഇത് ചരിത്രത്തെ വക്രീകരിക്കലാണ്.

സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നത് പാരീസ് കമ്യുണിന്റെ ലക്ഷ്യമായിരുന്നു. ഇന്നും മനുഷ്യര്‍ ഇതേ ലക്ഷ്യത്തിനായി പോരാടുന്നു. ജനാധിപത്യം അംഗീകരിക്കുന്ന ഭരണഘടനകളെല്ലാം തന്നെ സോഷ്യലിസം അടക്കമുള്ള വാക്കുകളെ അംഗീകരിക്കുന്നു. എന്നാല്‍ ജനങ്ങള്‍ അതിനായി ഇന്നും പോരാടിക്കൊണ്ടിരിക്കുകയാണ്. ഇവര്‍ പോരാടുന്നതും ആധുനീകതയ്ക്കു വേണ്ടിയാണ്. അയ്യന്‍കാളി അന്ന് നടത്തിയതും സമൂഹത്തിന്റെ മുന്നോട്ടു പോക്കിനുള്ള കലാപങ്ങളാണ്. പാരീസ് കമ്യൂണിന്റെ പോരാളികളെ മാര്‍ക്‌സ് വിശേഷിപ്പിക്കുന്നത് സ്വര്‍ഗ്ഗത്തെ കടന്നാക്രമിച്ച കലാപകാരികള്‍ എന്നാണ്. കലാപത്തെ എതു ബോധത്തില്‍ നിന്ന് നോക്കിക്കാണുന്നു എന്നുള്ളിടത്താണ് പ്രശ്‌നം എന്ന് ചുരുക്കം.

അയ്യന്‍കാളിയുടെ പ്രവര്‍ത്തനങ്ങളെ പരിശോധിച്ചാല്‍ സമൂഹത്തിലെ അനീതികളോട് കലഹിക്കുന്ന ഒരു വിപ്ലവകാരിയെയും നിവേദനങ്ങളുമായി ശ്രീമൂലം സഭയില്‍ നില്‍ക്കുന്ന ഒരു പരിഷ്‌ക്കരണവാദിയേയും കാണാവുന്നതാണ്. തെരുവിലെ ജനകീയ പോരാട്ടങ്ങളാണ് അദ്ദേഹത്തെ അവിടേക്ക് എത്തിച്ചത് എന്ന വസ്തുതയും നാം മറക്കരുത്. ശ്രീമൂലം പ്രജാസഭയില്‍ അംഗമാകുന്നതുവരെ ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് രണോത്സുകമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അയ്യന്‍കാളി 1920 കള്‍ക്ക് ശേഷം നിവേദനം നല്‍കല്‍ മുതലായ നടപടികളുമായി മുന്നോട്ട് പോയി. എന്നാല്‍ അയ്യന്‍കാളി പ്രജാസഭയില്‍ അംഗമായി നിവേദന സമരങ്ങള്‍ നടത്തിയപ്പോഴും പുറത്ത് ദളിത് ജനത കുറുവടി സംഘങ്ങളുടെ പിന്‍ബലത്തില്‍ സായുധമായ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. 1924 ല്‍ വൈക്കം തലയോലപ്പറമ്പിലും 39 ല്‍ കപിക്കാടിനടുത്തെ നീണ്ടുരുമായി നടന്ന വഴി നടപ്പു സമരങ്ങള്‍ ഉദാഹരണങ്ങളാണ്. 250 ഓളം കുറുവടി സേനക്കാരുടെ അകമ്പടിയോടെയാണ് ഈ വഴിനടപ്പവകാശത്തിനായുള്ള പ്രകടനങ്ങള്‍ നടന്നിട്ടുള്ളത്. ആയുധമേന്തി നടത്തിയ ആ നീക്കങ്ങള്‍ എല്ലാം ബലപ്രയോഗത്തെ മുന്‍നിര്‍ത്തിയ നീക്കമായിരുന്നു.

അയ്യന്‍കാളിക്കും മുമ്പുതന്നെ മര്‍ദ്ദിതജനത ജന്മിത്വ ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിച്ചു തുടങ്ങിയിരുന്നു. അയ്യന്‍കാളിക്ക് ശേഷവും അത് ഉണ്ടായിട്ടുണ്ട്. അയ്യന്‍കാളിക്കു മുമ്പ് കോട്ടയം കാണക്കാരി പ്രദേശത്ത് നായരുടെ തലയറുത്ത പുലയരുടെ കഥ പ്രദേശവാസികള്‍ ഇപ്പോഴും പറയുന്നുണ്ട്. ചരിത്രത്തില്‍ അവഗണിക്കപ്പെട്ട പല ദളിത് മുന്നേറ്റങ്ങളും പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂറില്‍ നടന്നതായി പ്രാദേശിക വിവരശേഖരണത്തില്‍ മനസ്സിലാക്കാവുന്നതാണ്. ഇത്തരത്തില്‍ നിരവധി സമരങ്ങളുടെ മണ്ണില്‍ നിന്നാണ് അയ്യന്‍കാളി എന്ന വിപ്ലവകാരി ജന്മം കൊള്ളുന്നത്. പല വഴികളിലൂടെ സമൂഹത്തിന്റെ വിമോചനത്തിന് അയ്യന്‍കാളി മാര്‍ഗ്ഗം തേടുന്നുണ്ട്. 1830 കളോടെ കേരളത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ അധികാരികള്‍ ആരംഭിച്ചിരുന്നു. കൊളോണിയലിസം കൊണ്ട് വന്ന വിദ്യാഭ്യാസ നയങ്ങള്‍ രാജാവിനെ സാര്‍വത്രിക വിദ്യാഭ്യാസ നിയമങ്ങള്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനാക്കിയിരുന്നു. 1860 കളില്‍ കൃസ്ത്യന്‍ മിഷനറിമാര്‍ അധസ്ഥിതര്‍ക്കായുള്ള ‘പുലയ ചാരിറ്റി സ്‌കൂളുകളും’ ആരംഭിച്ചിരുന്നു. അതിനുശേഷം രാജാവും നിരവധി സ്‌കൂളുകള്‍ ആരംഭിച്ചതായി കാണാം. 1875 ലെ സെന്‍സസ് പ്രകാരം 1000 – ത്തില്‍ ഒരാള്‍ക്ക് മാത്രം എഴുതാനും വായിക്കാനും അറിയാമായിരുന്ന ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയാണ് അയ്യങ്കാളി കലാപങ്ങള്‍ നടത്തിയത്.

ആധുനിക വിദ്യാഭ്യാസം നടപ്പിലാക്കപ്പെടുമ്പോഴും ജാതി നിലനില്‍ക്കുകയും ചെയ്യുന്നത് അന്നും ഇന്നും തുടരുന്നു. രാജവാഴ്ചയും ജാതിവ്യവസ്ഥയും തമ്മിലെ ബന്ധത്തെ ശരിയായി മനസ്സിലാക്കാത്ത അയ്യാളിയുടെ ജാതിവിരുദ്ധ പോരാട്ടങ്ങള്‍ ചരിത്രപരമായി ഭാഗികമായിരുന്നു എന്ന് ഇന്ന് നമുക്ക് തിരിച്ചറിയാനാവും. അന്ന് ഒരു പക്ഷെ അത്തരമൊരു വിചാരത്തിന് ചരിത്രപരമായ പരിമിതിയുടെ ഒരു ന്യായീകരണമെങ്കിലുമുണ്ട്. എന്നാലിന്നോ?. രോഹിത് വെമുലയടക്കം എത്ര പേര്‍ ആത്മഹത്യക്ക് വിധേയമായി. അങ്കണവാടി മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുള്ള ദളിത് വിദ്യാഭ്യാസ ജീവിതം തന്നെ ഒരു പോരാട്ടമായ കാലത്ത് കലാപം കയ്യൊഴിഞ്ഞ ബി.എക്കാര്‍ എന്ന ചിന്ത അത്ര നല്ലതല്ല എന്ന് നിസംശയം പറയാനാവും.

1893 ല്‍ അയ്യങ്കാളി വില്ലുവണ്ടി സമരം സംഘടിപ്പിക്കുന്നു. തുടര്‍ന്നുണ്ടായ നായര്‍പ്പടയുടെ ആക്രമണങ്ങളെ തുടര്‍ന്ന് തമിഴ് നാട്ടില്‍ നിന്നും ആശാന്മാരെ വരുത്തി തനിക്കൊപ്പം ഉള്ളവര്‍ക്ക് പരിശീലനം നല്‍കുകയും 1898 നായന്മാരെ വെല്ലുവിളിച്ചുകൊണ്ട് ബാലരാമപുരം പദയാത്ര നടത്തുകയും ചെയ്യുന്നു. തുടക്കത്തില്‍ വഴി നടപ്പു അവകാശത്തിനായി കുറുവടി സംഘങ്ങളുടെ പിന്‍ബലത്തോടെ സമരം സംഘടിപ്പിച്ച അയ്യങ്കാളി 1904 ല്‍ ബ്രഹ്മനിഷ്ഠ മഠം സ്ഥാപിക്കുകയും ആത്മീയവഴിയില്‍ ജാതീയമായ ഐക്യം സ്ഥാപിക്കാന്‍ സാധിക്കുമോ എന്ന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വഴിയില്‍ അധികകാലം തുടരാതെ 1905 ഓടുകൂടി സാധുജന പരിപാലന സംഘം രൂപീകരിച്ച് സമുദായത്തെ സംഘടിതരാക്കുവാനാണ് പിന്നീട് അയ്യന്‍കാളി ശ്രമിച്ചത്. നാരായണ ഗുരു പുലയ ഈഴവ ഐക്യത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിച്ചുകൊണ്ടിരുന്നത്. എന്നാല്‍ നായന്മാര്‍ക്കൊപ്പം ദലിതര്‍ക്കെതിരെ ഈഴവരും ശക്തമായി നിലയുറപ്പിച്ചിരുന്നു. അടിച്ചാല്‍ തിരിച്ചടിക്കുമെന്ന പ്രഖ്യാപനത്തോടെ കടന്നുവന്ന അയ്യന്‍കാളിയാണ് ദളിത് സമൂഹത്തിനു ആത്മാഭിമാനമുണ്ടാക്കികൊടുക്കുന്നത്. സാധുജന പരിപാല സംഘത്തിന്റെയും കുറുവടി സംഘത്തിന്റെയും അന്നത്തെ അയ്യങ്കാളിയുടെ പടയുടെ പിന്‍ ബലത്തില്‍ നടന്ന ബഹുജന സമരങ്ങളെ മാറ്റിനിര്‍ത്തി വെറും പ്രജാസഭയിലെ അംഗമായി അയ്യന്‍കാളിയെ കാണുന്ന ഒരാള്‍ക്ക് മാത്രമെ അയ്യന്‍കാളി കലാപകാരി അല്ലാതാവൂ.

അയ്യന്‍കാളി ആദ്യമായി ‘സ്വന്തം സ്‌കൂള്‍ സ്ഥാപിക്കുന്നത് വെങ്ങാനൂരില്‍ 1904 ല്‍ ആണ് . സവര്‍ണ്ണരെ ചെറുക്കുന്നതിന് ദളിത് യുവാക്കളെ ചേര്‍ത്തുകൊണ്ട് ”അയ്യന്‍കാളിപട” എന്ന യുവജന സംഘടന ഉണ്ടാക്കിയാണ് സ്‌കൂളിന്റെ പണികള്‍ നടത്തുന്നത്. സവര്‍ണ്ണര്‍ ഈ സ്‌കൂളിന് തീയിടുകയും അടുത്ത ദിവസം രാവിലെ തന്നെ അയ്യന്‍കാളിയും പടയും സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുകയും രണ്ടുപേരെ കാവല്‍ക്കാരായി നിര്‍ത്തുകയും ചെയ്യുന്നുണ്ട്. ഇവിടെ സണ്ണി പറയുന്നത് പോലെ സ്‌കൂള്‍ കത്തിച്ചവരെ തിരിച്ച് കത്തിച്ചില്ല എന്നത് ശരിയാണ്. അയ്യന്‍കാളിയെ നയിച്ചത് കേവലം അസഹിഷ്ണുവിന്റെ പകയല്ല. മറിച്ച് മുന്നോട്ടുള്ള വഴിയില്‍ കുതിക്കാന്‍ വെമ്പുന്ന കലാപകാരിയുടെ ഉള്‍കാഴ്ചയാണ്. അതുകൊണ്ട് തന്നെ അദ്ദേഹം വിദ്യാലയം പുതുക്കി പണിയുക മാത്രമല്ല അതിന് കാവലും ഏര്‍പ്പെടുത്തി. എന്തിനാണ് കാവല്‍ എന്ന് വ്യക്തം. വീണ്ടും വന്നാല്‍ മുട്ടിന് താഴെ വെട്ടിവീഴ്ത്താന്‍ തന്നെ എന്ന് ചരിത്രം സാക്ഷി.

അയ്യന്‍കാളി 1914 ലാണ് ഊരൂട്ടമ്പലത്ത് പഞ്ചമിയേയും കൂട്ടി സര്‍ക്കാര്‍ പെണ്‍പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ പോകുന്നത്. ഹെഡ്മാസ്റ്റര്‍ പുലയകുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. നായന്മാര്‍ അയ്യന്‍കാളിയെയും കുട്ടിയേയും പുറത്താക്കി . അയ്യന്‍കാളിക്കു ഒപ്പം വന്നവരും നായന്മാരും തമ്മില്‍ സ്‌കൂള്‍ പരിസരത്ത് ഉഗ്രസംഘട്ടനം നടക്കുന്നു. ഇതില്‍ കലിപൂണ്ട നായന്മാര്‍ അന്ന് രാത്രി തന്നെ സ്‌കൂളിന് തീയിടുന്നു. ഇതിനു പകരം തീയിട്ടവരെ തീയിടാന്‍ അയ്യങ്കാളി തയ്യാറായില്ല അതുകൊണ്ടു അയ്യന്‍കാളി ഒരു കലാപകാരിയല്ല എന്ന് പ്രഖ്യാപിക്കുന്നതു ബാലിശമാണ്. നായര്‍ പ്രമാണിമാര്‍ രൂപീകരിച്ച പുത്തന്‍പട്ടാളത്താല്‍ സ്‌കൂളുകള്‍ നശിപ്പിക്കപ്പെടുന്നതിനെ ചെറുക്കുന്നതിനായി സ്വാശ്രയമായി സ്‌കൂളുകള്‍ സ്ഥാപിക്കുക എന്നതായിരിക്കണം പിന്നീട് അദ്ദേഹം കാണുന്ന മാര്‍ഗ്ഗം.
അതോടൊപ്പം ഈ സമയത്ത് തന്നെ പലയിടത്തും കുറുവടി സംഘങ്ങള്‍ ഈ നായര്‍, ഈഴവ പുത്തന്‍പട്ടാളത്തെ സംഘടിതമായി ചെറുക്കുന്നുമുണ്ട്. വൈക്കത്തും നെയ്യാറ്റിന്‍കരയിലും കന്യാകുമാരിയിലും ഇത്തരം ചെറുത്തുനില്‍പ്പുകള്‍ ഉണ്ടായിരുന്നതായി അഭിമന്യു രേഖപ്പെടുത്തുന്നുണ്ട്.

കലാപകാരിയുടെ ആസൂത്രണ മികവിനെ ആശ്രയിച്ചാണ് ഒരു സമരം വിജയിക്കുക. സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ആണ് കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം നടക്കുന്നത്. വിദ്യാഭ്യാസാവകാശത്തിനു വേണ്ടി നടത്തിയ ആദ്യത്തെ കര്‍ഷ സമരമാണത്. വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ സഹകരണത്തോടെയാണ് സമരം മുന്നേറിയത്. അവരാണ് സമരക്കാര്‍ക്കുള്ള ഭക്ഷണത്തിനു സൗകര്യം ഒരുക്കിയത്. തുടര്‍ന്ന് പുത്തന്‍പട സമരക്കാരുടെ വീടുകള്‍ക്ക് തീയിടുന്നുണ്ട്. അതിനെ നേരിട്ട് കൊണ്ട് അയ്യന്‍കാളിപട നായര്‍പ്രമാണിമാരുടെ വീടുകള്‍ക്കും തീയിടുന്നുണ്ട് . കൊല്ലരുത് മുട്ടിനു താഴെ വെട്ടിയാല്‍ മതി എന്ന് പ്രഖ്യാപിക്കുന്ന അയ്യന്‍കാളിിയെയും നമുക്ക് ആ സമയത്ത് കാണാന്‍ സാധിക്കുന്നുണ്ട്. ഒടുവില്‍ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കാനും ദളിത് കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാനും ഉള്ള തീരുമാനത്തിലാണ് സമരം ഒത്തുതീര്‍പ്പാകുന്നത്. മാറുമറയ്ക്കാനായുള്ള സമരത്തിലായാലും വിദ്യാഭ്യാസ അവകാശ സമരത്തിലായാലും വഴിനടക്കാനുള്ള അവകാശ സമരത്തിലായാലും സായുധമായ ഒരു വശം നമുക്ക് കാണാവുന്നതാണ്. ചുരുക്കത്തില്‍ ഈ കലാപകാരിയായ അയ്യന്‍കാളിയെ പരിഷ്‌ക്കരണവാദിയായി മാത്രം കാണുന്നത് എങ്ങനെ ചരിത്രപരമാവും. തന്റെ മുന്‍ കാല ജീവിതം അദ്ദേഹം തള്ളികളയാത്ത സ്ഥിതിക്കും ഇന്നും അതിന്റെ പ്രസക്തി മങ്ങാത്ത സ്ഥിതിക്കും .

ജന്മിത്വ വ്യവസ്ഥയെ ചോദ്യം ചെയ്യുകയും രാജാധികാരത്തെ ചോദ്യം ചെയ്യാതിരിക്കുകയും ചെയ്തു എന്നതാണ് അയ്യന്‍കാളിയുടെ സമരങ്ങളുടെ പോരായ്മ എന്ന് മേല്‍ ചൂണ്ടി കാട്ടുകയുണ്ടായി സത്യത്തില്‍ ഈ പോരായ്മയെ ആണ് കപിക്കാടിനെ പോലുള്ളവര്‍ തുടരുന്നത്. ജാതിയെ ചോദ്യം ചെയ്യുക, അതിനെ സംരക്ഷിക്കുന്ന ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാതിരിക്കുക . ഇതൊരു പരാജയപ്പെട്ട പരിഷ്‌ക്കരണവാദ തന്ത്രമാണ് . രാഷ്ട്രീയാധികാരത്തിന്റെ അടിത്തറ ഉടച്ച് പുതുക്കിപ്പണിയാതെയുള്ള ഏതൊരു പരിഷ്‌ക്കരണവും നിലനില്‍ക്കുന്ന ബ്രാഹ്മണ്യ വാദത്തെ, സാമ്രാജ്യത്വ ചൂഷണത്തെ സ്ഥാപനവല്‍ക്കരിക്കുക മാത്രമേ ചെയ്യുള്ളു എന്നത് ഇന്ത്യയിലെ മര്‍ദ്ദിതരുടെ ചരിത്രാനുഭവമാണ്.

ഇന്ത്യന്‍ സാമൂഹ്യാവസ്ഥയിലെ ജനാധിപത്യ വികാസത്തിന്റെ മുഖ്യതടസം ജാതിയാണെന്നു തിരിച്ചറിഞ്ഞപ്പോഴും ഭരണകൂടത്തെയും അതിന്റെ ഭരണവര്‍ഗ്ഗ താല്പര്യങ്ങളെയും വര്‍ഗ്ഗരാഷ്ട്രീയത്തെയും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കാതെ ജനാധിപത്യത്തെ അമിതാദര്‍ശവല്‍ക്കരിക്കുകയും മര്‍ദ്ദിതരുടെ വിമോചനപോരാട്ട വീര്യത്തെ നിയമ പരിഷ്‌ക്കരണത്തിന്റെ വ്യാമോഹത്തിലും ബ്രാഹ്മണ്യ അഹിംസയിലും ഒടുവില്‍ കൊണ്ടുചെന്നു കെട്ടിയ ചരിത്രത്തിലെ പരാജയത്തെ നമുക്ക് മറികടക്കാന്‍ സാധിക്കണം. ജാതിയെ കുറിച്ചു നിരന്തരം വാചാലനാകുന്ന സണ്ണി ജാതിനശീകരണത്തിന്റെ ഉപാധിയായി മുന്നോട്ടുവെക്കുന്നത് സമ്പൂര്‍ണ്ണമായ ഭരണഘടനാ വാദത്തെയാണ്. കേരള നവോഥാനത്തിന്റെ ജ്വലിക്കുന്ന ഏടായ അയ്യന്‍കാളിയോ നവോത്ഥനമോ മുന്നോട്ടുവെച്ച മൂല്യങ്ങളില്‍ അല്ല ഭരണഘടനയിലാണ് എല്ലാ ചൂഷണത്തില്‍ നിന്നുമുള്ള അഭയം കണ്ടെത്തുന്നത്. ജനാധിപത്യം സ്വതന്ത്രമായ ഒരു വ്യവസ്ഥയല്ലെന്നും അതിന്റെ ഭരണകൂടത്തിന് കൃത്യമായ വര്‍ഗതാല്പര്യം ഉണ്ടെന്നുമുള്ളത് ഇവിടെ കാണാതെ പോകുന്നു. അംബേദ്ക്കറെ യാന്ത്രികമായി പിന്തുടരുന്ന അംബേദ്ക്കറൈറ്റ് ബുദ്ധിജീവികളുടെ അവസ്ഥയെ കുറിച്ച് തെല്‍തുംദെയെ പോലുള്ളവര്‍ നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ ഓര്‍ക്കാവുന്നതാണ്. സുധീര്‍ ധവാലെയും ആനന്ദ് തെല്‍ത്തുംതെയെയും പോലുള്ളവര്‍ ഫാസിസത്തിന്റെ കണ്ണിലെ കരടാവുകയും അതില്‍ പലരും ജയിലില്‍ അടക്കപ്പെട്ടു കൊണ്ടിരിക്കുകയും ചെയ്തത് വെറുതെ അല്ല.

ചുരുക്കത്തില്‍ പത്ത് ബിഎകാര്‍ എന്നത് ഏതര്‍ത്ഥത്തിലാണ് അയ്യന്‍കാളി പ്രയോഗിച്ചിരിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ നിന്നും വേണം പരിശോധിക്കാന്‍ . ഇപ്പോള്‍ നമ്മള്‍ സംസാരിക്കുമ്പോള്‍ പോലും ഇന്ത്യന്‍ പ്രസിഡന്റ് ഒരു ദളിതനാണ്.  കെ ആര്‍ നാരായണനെപോലെയുള്ള പ്രസിഡന്റുമാരും ബാലകൃഷ്ണനെ പോലുള്ള സുപ്രീം കോടതി ജഡ്ജുമാരും ജയലക്ഷ്മിയെ പോലെ മന്ത്രിമാരും മര്‍ദ്ദിതജാതിയില്‍ നിന്നും അധികാരത്തിന്റെ ഭാഗമായിട്ടുണ്ട്. പലമേഖലയിലും ഉന്നത ജോലിയില്‍ ദളിതര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നും പാലക്കാട് മുതലമടയില്‍ ദളിതരുടെ മുടി മുറിക്കാന്‍ കടകളില്ല, പേരാമ്പ്രയില്‍ പറയ സമുദായത്തിലെ കുട്ടികളുടെ കൂടെ സവര്‍ണ്ണകുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ തയ്യാറാകുന്നില്ല. ഇടതും വലതും ഭരിച്ചുണ്ടാക്കിയ 24000 ഓളം ജാതി’കോളനി’കളിലാണ് കേരളത്തില്‍ ഇപ്പോഴും ദളിതര്‍ ജീവിക്കുന്നത്.

രോഹിത് വെമുലയുടെ കാര്യം മുമ്പേ സൂചിപ്പിച്ചു. ഇനി അത്തരമൊരവസ്ഥ കേരളത്തിലില്ലെന്നാണോ? നമ്മുടെ നാട്ടില്‍ തന്നെയാണ് സമീപകാലത്ത് ജാതീയ അവഹേളനം നിമിത്തം ഒരു അദ്ധ്യാപിക തന്റെ ജോലി ഉപേക്ഷിച്ചത് ഇവിടെ അത് ഒരു വാര്‍ത്ത പോലുമായില്ല. വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്കിന്റെ ജാതീയമായ കണക്കുകള്‍ എന്താണ് നമ്മളോട് പറയുന്നത് . ഇന്ന് ഓണ്‍ലൈന്‍ പഠന കാലത്തെ ദളിത്, ആദിവാസി വിദ്യാര്‍ഥികളെ പുറത്തള്ളിയതും ഏറെ ചര്‍ച്ചയായതാണല്ലോ ? പഠിക്കാന്‍ തന്നെ കലാപം ചെയ്യേണ്ട അവസ്ഥയില്‍ കലാപമില്ലാതെ എന്ത് ബിഎക്കാര്‍ എന്ന ചോദ്യം വെറും കോമഡിയായി ഒരാള്‍ക്ക് തോന്നുന്നുവെങ്കില്‍ അയാള്‍ മര്‍ദ്ദിത ജീവിതത്തിന്റെ യഥാര്‍ത്ഥ സാഹചര്യത്തില്‍ നിന്ന് ഒരു പാട് ദൂരെയാണ്.

അതെ സമയം ദളിത് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ചിലര്‍ ഇതിനെ ചോദ്യം ചെയ്യുകയുണ്ടായി. അയ്യന്‍കാളി കലാപകാരിയാണെന്ന് അവര്‍ക്ക് പറയാന്‍ കഴിയുന്നത് മര്‍ദ്ദിത ജീവിത സാഹചര്യങ്ങളില്‍ സ്വയം അന്യവത്ക്കരിക്കാത്തത് കൊണ്ട് കൂടിയാണ്. മറ്റൊരു വശത്ത് വിളക്ക് വെച്ച് പൂജിക്കുന്ന വിഗ്രഹമായി അയ്യന്‍കാളിയെ മാറ്റാനുള്ള ശ്രമങ്ങളെ കുറിച്ച് സണ്ണി ഒന്നും പറയുന്നില്ല എന്നതും ഏറെ ശ്രദ്ധേയമാണ്. പൂജാവിഗ്രഹമായാലും വേണ്ടില്ല കലാപകാരി ആക്കരുത് എന്നാണ് ചിന്ത. ബ്രാഹ്മണ്യ വാദ ഹിന്ദു ഫാസിസം ഏറ്റവും അക്രമഭാവം പൂണ്ട ഈ കാലത്ത് അയ്യന്‍കാളിയുടെ പടയെ തിരിച്ചു പിടിക്കുക എന്നതാണ് നമുക്ക് അയ്യന്‍കാളിയോടും ചരിത്രത്തോടും ചെയ്യാവുന്ന നീതി.

(പുരോഗമന യുവജന പ്രസ്ഥാനം പ്രസിഡന്റാണ് ലേഖകന്‍)

also read

10 ബിഎക്കാരെയാണ് അയ്യന്‍കാളി കാണാനാഗ്രഹിച്ചത്, കലാപകാരികളെയല്ല

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply