10 ബിഎക്കാരെയാണ് അയ്യന്‍കാളി കാണാനാഗ്രഹിച്ചത്, കലാപകാരികളെയല്ല

അന്ന് വില്ലുവണ്ടി അന്തസ്സിന്റെ ചിഹ്നമായിരുന്നെങ്കില്‍ ഇന്ന് എന്താണ് അത്തരം ചിഹ്നങ്ങള്‍ എന്ന ചോദ്യമാണ് പ്രസക്തം. ഇവിടത്തെ ഉന്നതരെ പോലെതന്നെ സ്വന്തം ജീവിതം അന്തസ്സോടെ പരിഷ്‌കരിച്ച് ആഘോഷിക്കുകയാണ് വേണ്ടത്. അയ്യന്‍കാളിയെ കലാപകാരിയായി കണ്ടാല്‍ നമ്മളും അങ്ങനെയാകും. അതല്ല വേണ്ടത്. സ്വയം പുതുക്കി പണിയാനും സമൂഹത്തെ നവീകരിക്കാനുമാണ് നാം തയ്യാറാകേണ്ടത്. അങ്ങനെയാണ് ഓരോരുത്തരും അയ്യന്‍കാളിമാരാകേണ്ടത്. അല്ലാതെ കലാപകാരികളായല്ല.

മഹാത്മാ അയ്യന്‍കാളിയുടെ ജീവിതത്തെ പ്രമേയമാക്കിയ നിരവധി പ്രഭാഷണങ്ങളും കൃതികളും ലേഖനങ്ങളുമൊക്കെ ഇന്ന് ലഭ്യമാണ്. അതേകുറിച്ചല്ല ഇവിടെ പറയാനുദ്ദേശിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നു ഇന്നത്തെ തലമുറ എന്താണ് ഉള്‍ക്കേണ്ടത് എന്നതിനെ കുറിച്ചാണ്. അയ്യന്‍കാളിയെ കേരളീയ പൊതുസമൂഹം ഭാഗികമായെങ്കിലും അംഗീകരിച്ച് അധികകാലമായിട്ടില്ല. അതിനുമുമ്പ് ചരിത്രകാരന്മാരും രാഷ്ട്രീയനേതാക്കളുമൊക്കെ അദ്ദേഹത്തേയും അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തേയും അവഗണിക്കുകയായിരുന്നു. എന്നാല്‍ അതേകുറിച്ചൊന്നും ഇനി പരാതിരൂപത്തില്‍ ഉന്നയിക്കുന്നതില്‍ അര്‍ത്ഥമില്ല. കഴിഞ്ഞ തലമുറയുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ നമ്മുടെ പൊതുമണ്ഡലത്തില്‍ അയ്യന്‍കാളി അനശ്വരനായി കഴിഞ്ഞിരിക്കുന്നു. നാമിപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് തന്റെ ജീവിതത്തിലൂടെ സമുദായത്തിനും കേരളത്തിനും മാനവസമൂഹത്തിനും അദ്ദേഹം നല്‍കിയ സന്ദേശത്തെ കുറിച്ചാണ്, അതെങ്ങിനെ മുന്നോട്ടുകൊണ്ടുപോകാമെന്നാണ്. അതാകട്ടെ ആരേയും വെല്ലുവിളിച്ചാകുകയുമരുത്.

19-ാം നൂറ്റാണ്ടില്‍ കേരളത്തില്‍, പ്രത്യേകിച്ച് തിരുവിതാംകൂറില്‍ നിലനി്ന്നിരുന്ന ജാതീയ അടിച്ചമര്‍ത്തലും അടിമജാതിക്കാരുടെ ദുരിതജീവിതവും വിശദീകരിക്കേണ്ടതില്ലല്ലോ. ആ സാഹചര്യത്തിലാണ് അന്തസ്സോടെ ജീവിക്കുക, തുല്ല്യരായി പരിഗണിക്കപ്പെടുക എന്ന പ്രഖ്യാപനത്തോടെ അയ്യന്‍കാളിയുടെ സാമൂഹ്യജീവിതത്തിലെ ഇടപെടലുകള്‍ സജീവമാകുന്നത്. ജാതീയവിലക്കുകള്‍ ലംഘിച്ചുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല സംഘര്‍ഷഭരിതം തന്നെയായിരുന്നു. എന്നാലദ്ദേഹത്തെ കലാപകാരിയെന്നു വിശേഷിപ്പിക്കുന്നത് ശരിയല്ല. അയ്യന്‍കാളി ഒരാളേയും അക്രമിക്കാനോ കലാപമുണ്ടാക്കാനോ പോയിട്ടില്ല. അദ്ദേഹം അടിമജാതികളുടെ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കാനാണ് ശ്രമിച്ചത്. മനുഷ്യജീവിതത്തെ ആധുനികരീതിയില്‍ പുതുക്കി പണിയാനാണ് ശ്രമിച്ചത്. അതിനെതിരെ രംഗത്തുവന്നവരാണ് കലാപകാരികള്‍. അതിനുപകരം അയ്യന്‍കാളിയെ കലാപകാരിയാക്കി ചിത്രീകരിക്കുന്നവര്‍ അദ്ദേഹം മുന്നോട്ടുവെച്ച മൂല്യങ്ങളെ തമസ്‌കരിക്കുകയാണ്.

വാസ്തവത്തില്‍ നിലവിലില്ലാത്ത ഒന്നിനുവേണ്ടിപോലുമായിരുന്നില്ല അദ്ദേഹം രംഗത്തിറങ്ങിയത്. തിരുവിതാംകൂറില്‍ പൊതുവഴിയില്‍ ആര്‍ക്കും സഞ്ചരിക്കാമെന്ന ഉത്തരവ് 1885ല്‍ തന്നെ പുറത്തിറങ്ങിയിരുന്നു. എന്നാലത് നടപ്പാക്കാന്‍ സവര്‍ണ്ണ പ്രമാണിമാര്‍ സമ്മതിച്ചിരുന്നില്ല. നിലവിലെ അവകാശം നേടിയെടുക്കാനായിരുന്നു അയ്യന്‍കാളി രംഗത്തിറങ്ങിയത്. കലാപം ചെയ്യാനായിരുന്നില്ല. എല്ലാവരും തുല്ല്യരാണെന്ന ആധുനികകാലസങ്കല്‍പ്പം നടപ്പാക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതുകൊണ്ടായിരുന്നു പ്രമാണിമാരെപോലെതന്നെ ശുഭ്രവസ്ത്രം ധരിച്ച്, വില്ലുവണ്ടിയില്‍ തന്നെ അദ്ദേഹം വിലക്കപ്പെട്ട വീഥികളിലൂടെ സഞ്ചരിച്ചത്. പൊതുവഴി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന മാനവികതയുടെ ആദ്യപാഠം കേരളീയസമൂഹത്തെ പഠിപ്പിക്കാനുള്ള ശ്രമമായിരുന്നു ആ യാത്ര. അതിനെ കലാപമായി ചിത്രീകരിക്കുന്നത് തെറ്റാണ്. ആ യാത്രയെ തടയാന്‍ ശ്രമിച്ച നായര്‍ – ഈഴവ പ്രമാണിമാരായിരുന്നു കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചത്. കേരളീയസമൂഹത്തെ നവീകരിക്കാനുള്ള ആഘോഷപൂര്‍വ്വമായ ഇടപെടലായിരുന്നു വില്ലുവണ്ടിയാത്ര. അവകാശങ്ങള്‍ എങ്ങനെയെങ്കിലും നേടിയാല്‍പോര, അന്തസ്സോടെ നേടണമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു. അതാകട്ടെ അയ്യന്‍കാളി നിര്‍വ്വഹിച്ചത് അടിമജാതികളുടെ മാത്രം നേതാവെന്ന നിലയിലല്ല, ആധുനികകാല മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട മലയാളി എന്ന നിലയിലാണ്.

അന്ന് വില്ലുവണ്ടി അന്തസ്സിന്റെ ചിഹ്നമായിരുന്നെങ്കില്‍ ഇന്ന് എന്താണ് അത്തരം ചിഹ്നങ്ങള്‍ എന്ന ചോദ്യമാണ് പ്രസക്തം. ഇവിടത്തെ ഉന്നതരെ പോലെതന്നെ സ്വന്തം ജീവിതം അന്തസ്സോടെ പരിഷ്‌കരിച്ച് ആഘോഷിക്കുകയാണ് വേണ്ടത്. അയ്യന്‍കാളിയെ കലാപകാരിയായി കണ്ടാല്‍ നമ്മളും അങ്ങനെയാകും. സ്വയം പുതുക്കി പണിയാനും സമൂഹത്തെ നവീകരിക്കാനുമാണ് നാം തയ്യാറാകേണ്ടത്. അങ്ങനെയാണ് ഓരോരുത്തരും അയ്യന്‍കാളിമാരാകേണ്ടത്. അല്ലാതെ കലാപകാരികളായല്ല. വിദ്യാഭ്യാസത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. വിദ്യാഭ്യാസത്തിലൂടെയാണ് ഒരു വ്യക്തി വിവേകശാലിയാകുന്നതും ജീവിതം അന്തസ്സുള്ളതാകുന്നതും സമൂഹത്തിന്റെ ആദരവ് നേടുന്നതും. സ്വന്തം സമൂഹത്തില്‍ നിന്ന് 10 ബിഎക്കാരെ കണ്ടുമരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കലാപകാരികളേയോ വിപ്ലവകാരികളേയോ എന്നല്ല.

വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കുട്ടികളെ പഠിപ്പിക്കാന്‍ അയ്യന്‍കാളി സ്വന്തമായി വിദ്യാലയം തുടങ്ങിയിരുന്നല്ലോ. അന്നുരാത്രിതന്നെ അത് കത്തിക്കപ്പെട്ടു. എന്നാല്‍ ്അതു കത്തിച്ചവരെ കണ്ടെത്തി പകരം വീട്ടാനായിരുന്നില്ല അദ്ദേഹം ശ്രമിച്ചത്. കത്തിച്ചത് വീണ്ടും കെട്ടുകയായിരുന്നു. വിദ്യാഭ്യാസം എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കലാപമായിരുന്നില്ല. കുട്ടികളെ പഠിപ്പിക്കാനായി അദ്ദേഹം അധ്യാപകനെ തേടിനടന്നു. ഒരു നായര്‍പ്രമാണിയെ അതിനായി കണ്ടെത്തി. ഇരട്ടിവേതനവും സുരക്ഷിതത്വമായിരുന്നു അയാളാവശ്യപ്പെട്ടത്. രണ്ടും അയ്യന്‍കാളി അംഗീകരിച്ചു. എല്ലാവര്‍ക്കും അവകാശമുള്ള വിദ്യാഭ്യാസം തങ്ങളുടെ കുട്ടികള്‍ക്കു ലഭിക്കാന്‍ ഇരട്ടി വേതനവും സെക്യൂരിറ്റിയും കൊടുക്കേണ്ട അവസ്ഥയെയാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അത്തരത്തില്‍ വന്‍വിലകൊടുത്താണ് നമ്മുടെ മുന്‍തലമുറ വിദ്യാഭ്യാസം നേടിയതെന്ന കാര്യമാണ് നാമെന്നും ഓര്‍ക്കേണ്ടത്.

അക്കാലത്തും അയ്യന്‍കാളി ആണ്‍കുട്ടിയെയല്ല, ഒരു പെണ്‍കുട്ടിയെയാണ് കൈപിടിച്ച് വിദ്യാലയത്തില്‍ കയറിയത് എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാലവിടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടപ്പോഴാണ് ഞങ്ങളുടെ കുട്ടികളെ പഠിപ്പിച്ചില്ലെങ്കില്‍ നിങ്ങളുടെ വയലുകളില്‍ പണിയെടുക്കില്ല എന്ന് പ്രഖ്യാപിച്ചത്. അതിനെ ആദ്യത്തെ കര്‍ഷകത്തൊഴിലാലി സമരമായി വ്യാഖ്യാനിക്കുന്നത് അര്‍ത്ഥരഹിതമാണ്. മറിച്ച് അത് വിദ്യാഭ്യാസാവകാശത്തിനുള്ള പ്രക്ഷോഭമായിരുന്നു.

കല്ലുമാല ബഹിഷ്‌കണ സമരത്തിലേക്കു വരുമ്പോഴും സമാനമാണ് കാര്യങ്ങള്‍. ഡ്രസ്സ് കോഡിലൂടേയും ആഭരണങ്ങളിലൂടേയുമെല്ലാം ജാതീയനിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കുകയായിരുന്നു. അവിടേയും ആര്‍ക്കും ഏതു വസ്ത്രവും ധരിക്കാമെന്ന ആധുനിക ആശയത്തിനായിരുന്നു അയ്യന്‍കളി രംഗത്തിറങ്ങിയത്. ഒപ്പം സ്ത്രീകളുടെ മാറുമറക്കാനുള്ള അവകാശത്തിനും. കൊല്ലത്ത് ഈ സമരത്തിനു നേതൃത്വം നല്‍കിയ ഗോപാലദാസന്‍ എന്നയാളെ വധിക്കാന്‍ നായര്‍ പ്രമാണികള്‍ ഗുണ്ടകളെ ഏര്‍പ്പെടുത്തി എന്നതില്‍ നിന്ന് സമരത്തിന്റെ ഗൗരവം ബോധ്യമാണല്ലോ. ആയിരത്തോളം കുടിലുകള്‍ കത്തിച്ചു. ഗോപാലദാസന്റെ ക്ഷണമനുസരിച്ച്് അയ്യന്‍കാളി അങ്ങോട്ടു യാത്രതിരിച്ചു. എന്നാലത് കലാപം ആളികത്തിക്കാനായിരുന്നില്ല. മറിച്ച് കേരള ചരിത്രത്തിലെ ആദ്യസമാധാന സമ്മേളനം നടത്താനായിരുന്നു. നായര്‍ സമുദായത്തിലെ അനാചാരങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയിരുന്ന ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ളയായിരുന്നു അധ്യക്ഷന്‍. യോഗത്തില്‍ ദീര്‍ഘമായ പ്രഭാഷണമാണ് അയ്യന്‍കാളി നടത്തിയത്. അതുകഴിഞ്ഞയുടന്‍ ആര്‍ക്കും കല്ലുംമാലയും ഉപേക്ഷിക്കാമെന്ന് അധ്യക്ഷന്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇത്തരത്തില്‍ ഓരോ ഇടപെടലുകളിലൂടേയും സമൂഹത്തെ നവീകരിക്കുകയാണ് അയ്യന്‍കാളി ചെയ്തത്.

സ്വന്തം സഹോദരങ്ങളോടുള്ള അയ്യന്‍കാളിയുടെ മനോഭാവം വ്യക്തമാക്കാന്‍ ഒരുദാഹരണം കൂട പറയാം. ഒരിക്കല്‍ ചായക്കടയില്‍ കയറിയപ്പോള്‍ ചിരട്ടയില്‍ ചായ നല്‍കിയതായി കുറച്ചുപേര്‍ അയ്യന്‍കാളിയോട് പരാതി പറഞ്ഞു. അദ്ദേഹം ഉടനവിടെയെത്തി പ്രശ്‌നമാക്കുമെന്നാണ് അവര്‍ പ്രതീക്ഷിച്ചത്. എന്നാലദ്ദേഹം അവരോട് പറഞ്ഞത് നാളെമുതല്‍ അങ്ങോട്ടുപോകേണ്ട, സ്വന്തം വീട്ടില്‍ കാപ്പിയുണ്ടാക്കി കുടിക്കാനായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ അപമാനം ഇരന്നുവാങ്ങാതെ, കൈനീട്ടാതെ സ്വാശ്രയത്വം നേടുക, അന്തസ്സായി ജീവിക്കുക എന്നായിരുന്നു അദ്ദേഹം അവരോട് പറഞ്ഞത്. ആധുനികവിദ്യാഭ്യാസവും തൊഴിലും നേടി, അന്തസ്സായ ജീവിതം നയിക്കാനാണ് നാം തയ്യാറാകേണ്ടത്. അതാണ് അയ്യന്‍കാളി സ്മരിക്കുമ്പോള്‍ നമുക്കെടുക്കാവുന്ന തീരുമാനം.

(CSDS ഫേസ് ബുക്ക് പേജില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply