തിരുത്താന്‍ തയ്യാറാകാത്ത സിപിഎമ്മും കോണ്‍ഗ്രസും

ലോകസഭാ തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാനും ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യാനുമുള്ള തിരക്കിലാണ് സംസ്ഥാനത്തെ പ്രധാന മുന്നണികള്‍. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് നടക്കുന്നത് ഉപരിതലവും ഹ്രസ്വകാലാധിഷ്ഠിതവുമായ പരിശോധനകള്‍ മാത്രമാണ്. തെരഞ്ഞെടുപ്പുഫലത്തിന്റെ ആന്തരാര്‍ത്ഥങ്ങളിലേക്ക് ഇറങ്ങിചെല്ലാനോ അതനുസരിച്ചുള്ള നയപരിപാടികളും തെറ്റു തിരുത്തലുകളും ആവിഷ്‌കരിക്കാനോ അവ ജനങ്ങളോട് തുറന്നു പറയാനോ ഇരുമുന്നണികളും തയ്യാറാകുന്നില്ല. ഒരുപക്ഷെ പ്രതിക്ഷിക്കാത്ത മുന്നേറ്റം നേടിയ ബിജെപി വരുംകാലത്തേക്ക് കൂടുതല്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ടാകാം.

ഈ തെരഞ്ഞെടുപ്പുഫലവുമായി ബന്ധപ്പെട്ട വിശകലനങ്ങളില്‍ ജനങ്ങള്‍ക്കറിയാന്‍ ഏറ്റവും താല്‍പ്പര്യമുണ്ടാകുക സ്വാഭാവികമായും സിപിഎമ്മിന്റേയും എല്‍ഡിഎഫിന്റേയുമാകുമല്ലോ. 2019ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുണ്ടായ പരാജയത്തിനു കാരണമായി അവര്‍ പറഞ്ഞ പ്രധാന രണ്ടു കാരണങ്ങളും ഇക്കുറി ഉണ്ടായിരുന്നു എന്നു പറയാനാകില്ലല്ലോ. ഒന്ന് ശബരിമല കലാപ അന്തരീക്ഷം. രണ്ട് രാഹുല്‍ ഗാന്ധിയുടെ വരവ്. രാഹുല്‍ ഗാന്ധി ഇക്കുറിയും ഉണ്ടായിരുന്നെങ്കിലും ഭാവി പ്രധാനമന്ത്രി എന്ന ഇമേജൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഈ സാഹചര്യത്തില്‍ അവസ്ഥ മെച്ചപ്പെടുമെന്നുതന്നെയാണ് എല്‍ഡിഎഫ് മാത്രമല്ല, സംസ്ഥാനത്തെ രാഷ്ട്രീയ നിരീക്ഷകരും എന്തിന്, യുഡിഎഫ് നേതാക്കള്‍ പോലും കരുതിയത്. എന്നാല്‍ സ്ഥിതി അതിനേക്കാള്‍ മോശമാകുകയാണുണ്ടായത്.

ഈ സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യാനായി അഞ്ചുദീവസം നീണ്ട സിപിഎം നേതൃയോഗങ്ങളുണ്ടായത്. അതിനുശേഷം മാധ്യമങ്ങളെ കണ്ട എം വി ഗോവിന്ദന്‍ പറഞ്ഞത് ചില പൊതുവായ കാര്യങ്ങള്‍ മാത്രം. അല്ലാതെ കാര്യമായ തെറ്റുതിരുത്തല്‍ പ്രക്രിയയെ കുറിച്ചൊന്നും പറഞ്ഞില്ല. തീരുമാനമെടുത്ത് ജനങ്ങളോട് പറയാതിരിക്കുന്നതാണോ എന്നറിയില്ല. ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ ജനങ്ങളോട് ഒന്നും മറച്ചുവെക്കരുതെന്ന അടിസ്ഥാന രാഷ്ട്രീയം അല്ലെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കില്ലല്ലോ.

പ്രധാനമായും ഏഴുകാരണങ്ങളാണ് സിപിഎം തങ്ങളുടെ പരാജയത്തിനായി കണ്ടെത്തിയിരിക്കുന്നത്. അവയില്‍ പലതും ഭാഗികമായി ശരിയാണ്. എന്നാല്‍ പൂര്‍ണ്ണമല്ല. കേരളത്തില്‍ ഏറ്റുമുട്ടുന്നത് ഇടതുപക്ഷവും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫും തമ്മിലാണ്. സ്വാഭാവികമായിട്ടും ദേശീയതലത്തില്‍ ഒരു ഗവണ്‍മെന്റ് രൂപീകരിക്കുക അതിന് നേതൃത്വം നല്‍കുക എന്നതിനുള്ള സാധ്യത കോണ്‍ഗ്രസിനാണ് എന്ന പൊതുബോധം. മതനിരപേക്ഷ ഉള്ളടക്കമുള്ള ജനങ്ങളില്‍ പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉണ്ടായിട്ടുണ്ട്. അതാണ് ഒരു കാരണം. ജമായത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ എന്നിവ യുഡിഎഫിനൊപ്പം ഒരു മുന്നണിയെപോലെ നിന്നു, വ്യത്യസ്ഥ ജാതിവിഭാഗങ്ങളും സ്വത്വ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘപരിവാറിനൊപ്പം നിന്നു, എസ് എന്‍ ഡി പിയിലേയും ക്രൈസ്തവരിലേയും ചില വിഭാഗങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ടുചെയ്തു, കേന്ദ്രസര്‍ക്കാരിന്റെ നിസഹകരണം മൂലം പല ക്ഷേമപദ്ധതികളും മുടങ്ങി, മാധ്യമങ്ങള്‍ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ പ്രചാരണം നടത്തി എന്നിവയാണ് പ്രധാനമായും ഗോവിന്ദന്‍ മാഷ് വിശദീകരിച്ചത്.

മുകളില്‍ പറഞ്ഞപോലെ ഈ വിശദീകരണങ്ങളില്‍ ഭാഗികമായി ശരിയുണ്ട്. ഉദാഹരണമായി പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ പൊതുവില്‍ യുഡിഎഫിന് അനുകൂലമായാണ് വിധി വരാറ്. എന്നാല്‍ ഇത്രമാത്രം വലിയ തോല്‍വിയൊന്നും പതിവില്ലല്ലോ. തോല്‍വിയുടെ ആക്കം കൂടാന്‍ പ്രധാന കാരണം ഭരണവിരുദ്ധവാകാരമാണ്. അതേകുറിച്ച് സെക്രട്ടരി മൗനമാണ്. കേന്ദ്രം പണം തരാത്തതാണ് പ്രശ്‌നമെന്നുമാത്രം അദ്ദേഹം പറയുന്നു. ശ്രദ്ധേയമായ മറ്റൊന്ന് എസ് എന്‍ ഡി പിയിലൂടെ ഈഴവവോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകിയതാണ്. അതില്‍ ശരിയുണ്ട്. എന്നാല്‍ അതിനു നേതൃത്വം നല്‍കിയ വെള്ളാപ്പള്ളിയെ നവോത്ഥാന സമിതിയുടെ തലപ്പത്തിരുത്തി ഇതു പറയുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ആ തെറ്റല്ലേ ആദ്യം തിരുത്തേണ്ടത്? മുസ്ലിം ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വോട്ടുകള്‍ യുഡിഎഫിനു പോകുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ അതിലേക്ക് ജമായത്തിനേയും എസ്ഡിപിയേയുമൊക്കെ കൂട്ടികെട്ടുന്നതിനു കാരണം ഇക്കുറി അവര്‍ എല്‍ഡിഎഫിനനുകൂലമായ നിലപാട് സ്വീകരിക്കാത്തത് മാത്രമല്ലേ? നേരത്തെ അവരുടെയെല്ലാം വോട്ടുകള്‍ വാങ്ങിയ ചരിത്രമല്ലേ എല്‍ഡിഎഫിനുള്ളത്? ജാതിയും സ്വത്വബോധവുമായി ബന്ധപ്പെട്ട വിഷയങ്ങളെ ഇപ്പോഴും ആഴത്തില്‍ വിലയിരുത്താന്‍ പാര്‍ട്ടി തയ്യാറാകാത്തുകൊണ്ടല്ലേ ആ വിഷയത്തേയും ഇതുമായി കൂട്ടികെട്ടുന്നത്്? അപ്പോഴും അവസരം കിട്ടിയപ്പോള്‍ ദേവസ്വം വകുപ്പ് എടുത്തുമാറ്റിയതും നാം കണ്ടല്ലോ. ക്ഷേമപെന്‍ഷന്റെ കാര്യം സെക്രട്ടരി എടുത്തുപറയുന്നു. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു. കേന്ദ്രം എന്നും കേരളത്തെ തഴഞ്ഞിട്ടുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ ക്ഷേമപെന്‍ഷനായി പിരിക്കുന്ന സെസ് എവിടെ പോകുന്നു എന്ന നിരന്തരമായ ചോദ്യത്തിന് ഒരിക്കലും സര്‍ക്കാര്‍ മറുപടി പറയുന്നില്ല. പിന്നെ മാധ്യമങ്ങള്‍ക്കെതിരായ ആരോപണം. മാധ്യമങ്ങളുടെ പ്രാഥമികവും പ്രധാനവുമായ കടമ അധികാരികള്‍ക്കെതിരെ എപ്പോഴും ജാഗ്രത പുലര്‍ത്തലും ജനങ്ങളോട് വിളിച്ചുപറയുകയുമാണെന്ന സാമാന്യ തത്വം പോലും പാര്‍ട്ടിക്കറിയില്ലേ? മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയെ മാധ്യമങ്ങള്‍ വെറുതെ വിട്ടിട്ടുണ്ടോ?

തെരഞ്ഞെടുപ്പുഫലം അതര്‍ഹിക്കുന്ന ഗൗരവത്തോടെ സിപിഎം വിശകലനം ചെയ്തില്ല എന്നതുതന്നെ സത്യം. ഉണ്ടെങ്കില്‍ തന്നെ ജനങ്ങളോട് പറയുന്നില്ല. ഒരിക്കലും പതിവില്ലാത്തപോലെ തെരഞ്ഞെടുപ്പുഫലത്തെ സാമുദായികമായി വിശകലനം ചെയ്യേണ്ട ഒരവസ്ഥയിലേക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എത്തിയെന്നത് ചെറിയകാലമല്ല. സമൂഹത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും കമ്യൂണിസ്റ്റായാല്‍ ജാതിയും മതവുമില്ലാതായി എന്ന യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ഒന്ന് അന്ധമായി വിശ്വസിക്കുകയും ചെയ്തതിന്റെ അനന്തരഫലമാണിത്. എന്നിട്ടും ജാതിയേയും മതത്തേയുമൊന്നും ചരിത്രപരമായി വിലയിരുത്തുന്നില്ല എന്നതും വ്യക്തം. അല്ലെങ്കില്‍ ജാതി സെന്‍സസ് നടത്താന്‍ മടിക്കില്ലല്ലോ. സവര്‍ണ സംവരണം നടപ്പാക്കില്ലല്ലോ.

സിപിഎമ്മിന്റെ പ്രധാന ശക്തിയായ ഈഴവ വിഭാഗങ്ങള്‍ ബിജെപിയിലേക്ക് ഒഴുകുകയാണെന്നതില്‍ സംശയമില്ല. ഈ തെരഞ്ഞെടുപ്പിലെ പല മണ്ഡലങ്ങളും അതിന് ഉദാഹരണമാണ്. അതിനായി കടുത്ത മുസ്ലിം വിരുദ്ധ പ്രചാരണമാണ് സംഘപരിവാറും എസ് എന്‍ ഡി പിയും ബിഡിജെഎസുമൊക്കെ നടത്തുന്നത്. അതിനെ ഫലപ്രദമായി തടയാന്‍ സിപിഎമ്മിനാകുന്നില്ല എന്നു മാത്രമല്ല, പലപ്പോഴും അതിനു സഹായകരമായ നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്. വടകരയിലും മറ്റും അതു നമ്മള്‍ കണ്ടതാണല്ലോ. കൃസ്ത്യന്‍ വിഭാഗങ്ങളഉം ബിജെപിയിലേക്ക് നീങ്ങുന്നത് ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെ ഭാഗമായാണ്. അതിനേയും പ്രതിരോധിക്കാന്‍ സിപിഎമ്മിനോ കോണ്‍ഗ്രസിനോ കഴിയുന്നില്ല. തികച്ചും അപകടകരമായ ഒരവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തെ ഇത്രയെങ്കിലും പ്രതിരോധിക്കുന്നത് ലീഗും മുസ്ലിം ന്യൂനപക്ഷവുമാണ്. അവര്‍ യുഡിഎഫിനോടൊപ്പം നില്‍ക്കുന്നതു തന്നെയാണ് അതിനുള്ള പ്രധാന കാരണം. സിപിഎമ്മിന്റെ പ്രലോഭനത്തില്‍ പെട്ട് അവര്‍ ഇടത്തോട്ടു പോയാല്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കുള്ള ഹിന്ദുവിഭാഗങ്ങളുടെ ഒഴുക്ക് പൂര്‍ത്തിയാകും. കുറെ കൃസ്ത്യന്‍ വിഭാഗങ്ങളുടേയും. ഇക്കാര്യം മനസിലാക്കുക എന്നത് കോണ്‍ഗ്രസിന്റേയും ഉത്തരവാദിത്തമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സിപിഎം പറയാന്‍ മടിക്കുന്ന, എന്നാല്‍ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും അംഗീകരിക്കുന്ന മറ്റൊരു പ്രധാന കാരണം ഭരണവിരുദ്ധവികാരവും സിപിഎം വിരുദ്ധ വികാരവും തന്നെയാണ്. നിരന്തരമായി ചര്‍ച്ച ചെയ്യുന്ന വിഷയമായതിനാല്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല. അക്കാര്യം പരിശോധിച്ച് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ സിപിഎമ്മിന്റെ തകര്‍ച്ചയും യുഡിഎഫിലേക്കുള്ള ഭരണമാറ്റവും മാത്രമല്ല ഉണ്ടാകുക, ബിജെപി സംസ്ഥാന നിയമസഭയില്‍ വലിയ ശക്തിയാകുക കൂടിയായിരിക്കും. എന്നാല്‍ അക്കാര്യത്തില്‍ പാര്‍ട്ടിയെടുക്കേണ്ട ആദ്യ തീരുമാനം ഭരണനേതൃത്വത്തെ മാറ്റുക എന്നതാണ്. എന്നാലതുണ്ടാകില്ല എന്ന പ്രഖ്യാപനം തന്നെയാണ് മുഖ്യമന്ത്രിയുടെ ഏതു ശൈലിയാണ് മാറേണ്ടത്, എല്ലാം മാധ്യമസൃഷ്ടിയാണെന്ന ഗോവിന്ദന്റെ വാക്കുകള്‍. അതിനാല്‍ തന്നെ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ടതല്ല. സിപിഐ അടക്കമുള്ളവര്‍ക്ക് തേങ്ങി കൊണ്ടിരിക്കാം.

കോണ്‍ഗ്രസും യുഡിഎഫും തെരഞ്ഞെടുപ്പുഫലത്തെ കാര്യമായി വിശകലനം ചെയ്യുന്നതായി കാണുന്നില്ല. പ്രധാനമായും തൃശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ പരാജയം മാത്രമാണ് അവരന്വേഷിക്കുന്നത്. വന്‍വിജയത്തിന്റെ ലഹരിയിലാണവര്‍. ഒപ്പം ഗ്രൂപ്പിസവും തമ്മിലടിയും ശക്തമാകുന്നുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് മിക്ക നേതാക്കളുടേയും കണ്ണ്. അതിനാല്‍ തന്നെ വരും ദിനങ്ങളില്‍ ഭിന്നതകളും ഗ്രൂപ്പിസവും രൂക്ഷമാകുമെന്നുറപ്പ്. ആരെയൊക്കെയോ മാറ്റുമെന്നു പറയുന്നുണ്ട്. എന്നാല്‍ കെ സുധാകരനെ മാറ്റാതെയുള്ള ഏതു നടപടിയും തൊലിപുറത്തെ ചികിത്സ മാത്രമാകുമെന്നുറപ്പ്.

ബിജെപിയെ സംബന്ധിച്ചിടത്തോളം വരുന്ന പാലക്കാട് അസംബ്ലി തെരഞ്ഞെടുപ്പ് വിജയിക്കാനും നിയമസഭയില്‍ രണ്ടക്കസംഖ്യ കെണ്ടെത്താനുമുള്ള ശ്രമത്തിലാണ്. സുരേഷ് ഗോപിയുടെ വിജയം മാനസികമായി മിക്ക നേതാക്കള്‍ക്കും ദഹിച്ചിട്ടില്ലെങ്കിലും നിശബ്ദരായിരിക്കുകയാണ്. ബിജെപി പ്രതിനിധി എന്നൊക്കെ പറയാമെങ്കിലും അദ്ദേഹം തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കില്ല എന്നവര്‍ക്കറിയാം. അധികാരമില്ലെങ്കിലും ഗ്രൂപ്പിസം ശക്തമായ കേരള ഘടകത്തെ ഒരു പാഠം പഠിപ്പിക്കുകയാണ് കേന്ദ്രനേതൃത്വം ചെയ്തത്. അതു മനസ്സിലാക്കി, പരമാവവധി ഐക്യത്തോടെ മുന്നോട്ടുപോകാനാകും അവരുടെ ശ്രമം. സവര്‍ണ്ണ വിഭാഗങ്ങളില്‍ വലിയൊരു ഭാഗം ഇപ്പോള്‍ തന്നെ അവരുടെ കൂടെയാണ്. ഈ തെരഞ്ഞെടുപ്പില്‍ തുടങ്ങിവെച്ച, ഈഴവരുടേയും കൃസ്ത്യന്‍ വിഭാഗങ്ങളുടേയും പാര്‍ട്ടിയിലേക്കുള്ള ഒഴുക്കിന്റെ തോത് വര്‍ദ്ധിപ്പിക്കാനായിരിക്കും അവരുടെ നീക്കം. അതിനായി ഉപയോഗിക്കുക ഇസ്ലാമോഫോബിയ തന്നെ. അതിനാല്‍ തന്നെ ജാഗരൂകരായിരിക്കുകയും ശക്തമായി, എന്നാല്‍ സ്‌പോട്‌സ്മാന്‍ സ്പിരിട്ടോടെ, വര്‍ഗ്ഗീയ കാര്‍ഡുകള്‍ ഇറക്കാതെ, പരസ്പരം പോരാടി മുന്നോട്ടുപോകുകയാണ് യുഡിഎഫും എല്‍ഡിഎഫും ചെയ്യേണ്ടത്. അല്ലെങ്കില്‍ യുപിയും മറ്റും ബിജെപിയെ ഉപേക്ഷിക്കുമ്പോള്‍ കേരളം സ്വീകരിക്കുന്ന കാഴ്ച കാണേണ്ടിവരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply