വിപ്ലവ പാര്‍ട്ടി ഹിന്ദു പാര്‍ട്ടി ആവുകയാണോ?

കേരളത്തിലെ ഇടതു തോല്‍വി പിണറായി വിജയനും കൂട്ടരും നടപ്പിലാക്കാന്‍ ശ്രമിച്ച ‘കമ്യൂണിസ്റ്റ്’ മാതൃകയുടെ മൊത്തം തോല്‍വിയാണ്. അത് മാറ്റി വെച്ച് ഒരു ഇല്ലാക്കഥ സൃഷ്ടിച്ചെടുക്കുകയാണ് പാര്‍ട്ടി. ഭരണ വിരുദ്ധ വികാരം എന്ന ലളിതവല്‍കൃത സംജ്ഞയിലേക്ക് ഈ തോല്‍വിയെ ചുരുക്കിക്കൂടാ. മാര്‍ക്‌സിസത്തിന്റെ കേരള മോഡലിനെ ജനം നിരാകരിക്കുന്നു.

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്കൊഴുകി എന്ന് ലളിതമായി സാമാന്യവല്‍ക്കരിച്ച് ന്യായീകരിക്കാവുന്ന ഒന്നല്ല തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം. തൃശൂരിലെ നിയമസഭാ മണ്ഡലങ്ങളില്‍ മിക്കവയിലും ഇടതിന്റെ വോട്ടുകള്‍ കുത്തനെ ഇടിയുകയും അവ എന്‍ഡിഎയിലേക്കൊഴുകുകയും ചെയ്തു. കേരളത്തില്‍ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് സംഘപരിവാര്‍ രാഷ്ട്രീയത്തിന്നാണ് മേല്‍ക്കൈ. സംസ്ഥാനത്തുടനീളം ബിജെപി ഗണ്യമായ തോതില്‍ സ്വാധീനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കുറേക്കൂടി സൂക്ഷ്മമായി അപഗ്രഥിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്കായ ഈഴവ സമുദായം ഹിന്ദുത്വരാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്. തുഷാര്‍ വെള്ളാപ്പള്ളിയുടെ ബിഡി ജെഎസിന്റെ സ്വാധീനമല്ല അതിന്ന് നിമിത്തമായത്. അതിലേറെ ഇടതുമുന്നണി കുറേ കാലങ്ങള്‍കൊണ്ടു സൃഷ്ടിച്ച മുസ്ലിം അപരത്വ ചിന്തയാണ്. പ്രതൃക്ഷത്തില്‍ രക്ഷക വേഷമണിയുമ്പോഴും പരോക്ഷമായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഷയാണ് സിപിഎം സംസാരിച്ചത്. അത് തിരിച്ചറിഞ്ഞ മുസ്ലിം സമുദായം ഒന്നടങ്കം യുഡിഎഫിനെ പിന്തുണച്ചതിന്റെ പ്രതിഫലനം കൂടിയാണ് മലബാറിലെ തെരഞ്ഞെടുപ്പ് ഫലങ്ങളിലുള്ളത്. രണ്ട് ഹിന്ദുപ്പാര്‍ട്ടികളില്‍ ഏതിനെ തെരഞ്ഞെടുക്കണം എന്നായിരിക്കും ഇനിമേല്‍ ശരാശരി ഹിന്ദുക്കള്‍ തീരുമാനിക്കേണ്ടി വരിക. അത്രക്കുമുള്ള വിഭജനത്തിന്റെ ചാലു കീറിക്കഴിഞ്ഞിരിക്കുന്നു കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം കുറച്ചു കാലത്തിന്നകം. അതിന്റെ ഗുണഭോക്താക്കള്‍ സംഘപരിവാര്‍ ആയിരിക്കും, പശ്ചിമ ബംഗാളിലേതുപോലെ തന്നെ. ബംഗാളിലെ പാര്‍ട്ടി തങ്ങളുടെ ചെങ്കൊടി അടിസ്ഥാന വര്‍ഗത്തിന്റെ കൈകളില്‍ നിന്നു പിടിച്ചു വാങ്ങി ഭദ്രലോകിന്റെ കൈകളിലേല്പിച്ചു കൊടുത്തു. ബാബുമാര്‍ ബിജെപിയിലേക്കൊഴുകിയപ്പോള്‍ ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ മാറ്റം അവിടെ സംഭവിച്ചു. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് കാവിരാഷ്ട്രീയത്തെ പ്രതിരോധിക്കാനുള്ളതാണ് ബംഗാളിന്റെ ഭാഗ്യം. അതിന്ന് വംഗ സ്വത്വബോധത്തിന്റെ പിന്തുണയുമുണ്ട്. കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം ഉണ്ടാക്കിയ ഡിവൈഡിനെ പ്രതിരോധിക്കാന്‍ ഭാവിയില്‍ കോണ്‍ഗ്രസ്സിന്ന് എത്രത്തോളം സാധിക്കുമെന്ന് ഇപ്പോഴത്തെ പെര്‍ഫോമന്‍സ് വെച്ചു പറഞ്ഞുകൂടാ..

പിണറായി വിജയന്റെ ഭരണത്തിന്നെതിരായുള്ള ജനവികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. പിണറായി വിരുദ്ധ വോട്ടുകളില്‍ ഒരു പങ്ക് ബിജെപിക്കു പോയി. പ്രത്യക്ഷത്തില്‍ യുഡിഎഫാണ് ജയിച്ചതെങ്കിലും പരോക്ഷമായി ബിജെപിക്കാണ് കേരളത്തില്‍ നേട്ടമുണ്ടായത്. പിണറായി വിരുദ്ധ വികാരവും കേരള രാഷ്ട്രീയത്തിലെ സാമുദായിക സമവാക്യങ്ങളും തുണച്ചത് കൊണ്ട് മാത്രമാണ് യു.ഡി.എഫ് വിജയിച്ചത്. മലബാറിലും ഒരു പരിധി വരെ മദ്ധ്യ തെക്കന്‍ തിരുവിതാംകൂറിലും യുഡിഎഫിന്നു ലഭിച്ച വലിയ ജനപിന്തുണ അതാണ് തെളിയിക്കുന്നത്. തിരുവനന്തപുരത്ത് ശശിതരൂര്‍ ജയിച്ചത് ഈ പിന്തുണ കൊണ്ടാണ്. വയനാട്ടിലും എറണാകുളത്തും യുഡിഎഫിന്നു ലഭിച്ച വന്‍ ഭൂരിപക്ഷത്തിന്റെ രഹസ്യവും അതാണ്. അതേസമയം സമൂഹത്തില്‍ സംഭവിച്ച ഈ ഡിവൈഡിനെ തങ്ങള്‍ക്കനുകൂലമാക്കാന്‍ പരസ്പര വിരുദ്ധമായ തന്ത്രങ്ങളാണ് ഇടതുമുന്നണി പ്രയോഗിച്ചത് (കോഴിക്കോട്ട് കരീംക്ക, വടകരയില്‍ കാഫര്‍). ഈ തന്ത്രം പക്ഷേ പാളി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

തൃശൂരിലും തിരുവനന്തപുരത്തുമാണ് ബിജെപിയ്ക്ക് മികച്ച നേട്ടമുണ്ടായത്. അവിടെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ കടുത്ത ഹിന്ദുത്വ പ്രാതിനിധ്യമുള്ളവരല്ല. ഇടതുപക്ഷ മതേതര മനസ്സിന്നു കൂടി ഉള്‍ക്കൊള്ളാനാവുന്ന ലിബറല്‍ പ്രതിഛായ അവകാശപ്പെടാനാവുന്നവരാണ് സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും. തലസ്ഥാനത്തേയും സാംസ്‌ക്കാരിക തലസ്ഥാനത്തേയും പൊതു സമൂഹത്തിന്ന് മനസ്സാക്ഷിക്കുത്തില്ലാതെ വോട്ട് ചെയ്യാനാവുന്നവരാണ് രണ്ടുപേരും. അതുപയോഗപ്പെടുത്തി കേരളത്തിലെ ഇടതു ലിബറല്‍ പൊതുമണ്ഡലത്തെ വലിയൊരളവോളം വലത്തോട്ട് ചായ്ക്കാന്‍ ഹിന്ദുത്വരാഷ്ട്രീയത്തിന്ന് സാധിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ അതൊരു വലിയ അപകടമല്ല. എന്നാല്‍ കേരളത്തിന്റെ പ്രബുദ്ധ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ അതൊരു ദുരന്ത സൂചനയാണ്. ഹിന്ദുത്വത്തിന്റെ മൂര്‍ച്ച കുറഞ്ഞ രൂപങ്ങള്‍ നഗരവല്‍കൃത മധ്യവര്‍ഗ ഹിന്ദുക്കള്‍ക്ക് സ്വീകാര്യരാവുന്നു. പൊതു സ്വീകാര്യതയുള്ള ഒ.രാജഗോപാലിന്നോ സുരേഷ് ഗോപിക്കോ ലഭിക്കുന്ന സമ്മതി കടുത്ത ഹിന്ദുത്വത്തിന്റെ കാവിവേഷ്ടിയണിഞ്ഞ നേതാക്കള്‍ക്ക് ഇപ്പോള്‍ സാധിക്കുന്നില്ലെങ്കിലും പില്‍ക്കാലത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന്ന് ലഭിച്ചേക്കാവുന്ന സ്വീകാര്യതയുടെ അലോട്രോപിക് രൂപങ്ങളാണ് തൃശൂരിലും തിരുവനന്തപുരത്തും കണ്ടത്. മലയാളിയുടെ രാഷ്ട്രീയം ഇക്കണ്ട കാലം കൊണ്ട് സൃഷ്ടിച്ചെടുത്ത പൊതുബോധത്തിന്റെ പ്രബുദ്ധ പതാക കാവിരാഷ്ട്രീയത്തിന്ന് നാം കൈമാറിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ മൂന്നാമത്തെ രാഷ്ട്രീയ ശക്തിയായ ബിജെപി ഒരു എം.പി.യെ പാര്‍ലമെന്റിലേക്കയക്കുന്നതിന്ന് ന്യായീകരണമുണ്ടെന്നും ആ പ്രാതിനിധ്യമാണ് സുരേഷ് ഗോപിയിലൂടെ സാധ്യമാകുന്നതെന്നുമുള്ള യുക്തിക്ക് കേരളത്തിന്റെ പ്രബുദ്ധ പാരമ്പര്യത്തിന്റെ പശ്ചാത്തലത്തില്‍ നിലനില്‍പ്പില്ല. കേരളത്തിന്റെ പൊതു സമൂഹം സംഘപരിവാര്‍ രാഷ്ട്രീയത്തിലേക്കുള്ള മെറ്റമോര്‍ഫോസിസിന്റെ വഴിയിലാണ്. ഈ രൂപാന്തരപ്രാപ്തിയ്ക്ക് വേഗം കൂട്ടി എന്നതാണ് കേരളത്തിന്റെ സകലമാന ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ക്യാപ്റ്റന്റെ സംഭാവന. സുരേഷ് ഗോപിയുടെ മുക്കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷം ഒരു ദുരന്ത സൂചനയാകുന്നത് അങ്ങനെയാണ്. ബംഗാളില്‍ ഇടതുപക്ഷം ചെയ്ത അബദ്ധത്തിന്റെ തുടര്‍ഫലങ്ങള്‍ക്ക് സമാനമായ ചരിത്രഗതി കേരളത്തിലും ആവര്‍ത്തിക്കുകയാണോ?ഹിന്ദുത്വ രാഷ്ട്രീയത്തിന്ന് കേരളത്തിലെ പൊതുമണ്ഡലത്തെ വിട്ടു കൊടുക്കുകയാണ് തുടര്‍ച്ചയായി ഇടതുപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര മോദിയായിരുന്നില്ല രാഹുല്‍ ഗാന്ധിയായിരുന്നു അവരുടെ ശത്രു. ഇടതും സംഘ്പരിവാറും ഒരു പൊതുശത്രുവിന്നെതിരില്‍ ദ്വിമുഖ ആക്രമണം നടത്തി. അതിന്റെ അന്തസ്സാര ശൂന്യതയും അപകടസാധ്യതയും തിരിച്ചറിഞ്ഞ ശരാശരി മലയാളികള്‍ കോണ്‍ഗ്രസ്സിന്നും യുഡിഎഫിന്നും വേണ്ടി വിരലമര്‍ത്തി എന്നതാണ് ഇപ്പോഴത്തെ കേരള സ്‌റ്റോറി. ഇനിയും അസ്തമിച്ചു കഴിഞ്ഞിട്ടില്ലാത്ത ഏതൊക്കെയോ ചില ജനാധിപത്യബോധങ്ങളും ലിബറല്‍ മൂല്യങ്ങളുമാണ് കേരളത്തെ പിണറായിയും ടീമും വരുത്തി വെച്ച രാഷ്ട്രീയ ജീര്‍ണ്ണതയില്‍ നിന്ന് രക്ഷിച്ചെടുത്തത്. ഈ ദൗത്യപൂര്‍ത്തീകരണ പ്രക്രിയയില്‍ അഞ്ചടി അഞ്ചിഞ്ചിലും താഴെമാത്രം പൊക്കമുള്ള സുധാകരന്മാരേയും സതീശന്മാരേയും കേരളം ചേര്‍ത്തുപിടിച്ചു എന്നു വേണം പറയാന്‍. അതെ, കേരളത്തിലെ ജനവിധി നിഷേധാത്മകതയുടേതാണ്. അത് യു.ഡി.എഫിനെ നെഞ്ചോട് ചേര്‍ക്കുകയല്ല ചെയ്യുന്നത്, ഇടതുഭരണ തോന്നിവാസത്തെ ചവിട്ടിപ്പുറത്താക്കുകയാണ്. അതിന്റെ നിര്‍വൃതിയില്‍ തൃശൂരില്‍ താമര വിരിഞ്ഞുവല്ലോ, ഒറ്റ പെണ്‍തരിയെപ്പോലും തെരഞ്ഞെടുത്തില്ലല്ലോ എന്നൊക്കെയുള്ള ഖേദങ്ങള്‍ തല്‍ക്കാലം മറക്കുക.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply