ഔഷധഗുണം പ്രത്യക്ഷപ്പെടുക പരീക്ഷണശാലയിലല്ല, ജൈവശരീരത്തിലാണ്

റെന്‍സണ്‍ വി എം, വി എം, മിഥുന്‍ കെ മധു എന്നിവര്‍ ദി ക്രിട്ടിക്കില്‍ ഹോമിയോപ്പതിയെ വിമര്‍ശിച്ചുകൊണ്ടെഴുതിയ ലേഖനങ്ങള്‍, ഹോമിയോപ്പതി ചികിത്സക്ക് ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം വൈദ്യരംഗത്ത് മോഡേണ്‍ മെഡിസിനുള്ള അധീശത്വത്തെ ബാധിക്കുമോ എന്ന ആശങ്കയില്‍ നിന്നുള്ളതാണ്. തല്‍ക്കാലം ആ ആശങ്കക്ക് അടിസ്ഥാനമില്ല എന്നാണ് ഈ ലേഖകന്‍ വിശ്വസിക്കുന്നത്. വൈദ്യരംഗത്തെ അധീശത്വം വൈദ്യശാസ്ത്രപരമോ ശാസ്ത്രപരമോ ആയ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതല്ല. നിലവിലുള്ള മൂലധനാധിഷ്ഠിത സാമൂഹ്യഘടനക്ക് ഏറ്റവും അനുയോജ്യവും അതിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും അഭികാമ്യവുമായ വൈദ്യവും എഞ്ചിനിയറിംഗും കൃഷിയും വ്യവസായവും മറ്റുമാണ് ആ സമൂഹത്തില്‍ അധീശത്വം നേടുക. നിലവിലുള്ള സാമൂഹ്യഘടനക്ക് തല്‍ക്കാലം ഒരു ഭീഷണിയില്ല എന്നതുകൊണ്ടുതന്നെ മോഡേണ്‍ മെഡിസിന്റെ അധീശത്വം കുറേകാലം കൂടി നിലനില്‍ക്കും. എന്നാല്‍ ആ ഘടനയാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരും അതില്‍ അസംതൃപ്തരായവരും ബദലുകള്‍ക്കു വേണ്ടിയുള്ള അന്വേഷണങ്ങളില്‍ വ്യാപൃതരായിരിക്കും. അത്തരം അന്വേഷണങ്ങളിലൊന്നെന്ന നിലക്കാണ് ഹോമിയോപ്പതി. പ്രസക്തമാവുന്നത്.

ഹോമിയോപ്പതി ശാസ്ത്രീയമല്ല എന്നാണ് വിമര്‍ശകരുടെ പ്രധാന ആരോപണം. ഇവിടെ ശാസ്ത്രം എന്നതിന് സാമാന്യമായി നാം ധരിച്ചുവെച്ചിരിക്കുന്ന അര്‍ത്ഥമല്ല ഉള്ളത്. യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള നിരന്തരമായ അന്വേഷണം, അതില്‍നിന്ന് ലഭിക്കുന്ന അറിവ് എന്നൊക്കെയാണ് ശാസ്ത്രമെന്നു കേള്‍ക്കുമ്പോള്‍ നമുക്കുണ്ടാവുന്ന ധാരണ. എന്നാല്‍ ഈ വിമര്‍ശകര്‍ ഈ വാക്കുച്ചരിക്കുന്നത് മറ്റൊരര്‍ത്ഥത്തിലാണ്. നിലവിലുള്ള ശാസ്ത്രവ്യവസ്ഥ ക്രോഡീകരിച്ചുവെച്ചിരിക്കുന്ന ചില നിയമങ്ങളും മാനദണ്ഡങ്ങളുമാണ് അവര്‍ ശാസ്ത്രമെന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്. ഈ ശാസ്ത്രവ്യവസ്ഥയാകട്ടെ സാമൂഹ്യവ്യവസ്ഥയുടെ ഒരു ഉപവ്യവസ്ഥ കൂടിയാണ്. അതുകൊണ്ടുതന്നെ ഇവയില്‍ മാറ്റം വരുത്താന്‍ എളുപ്പമല്ല. ഈ വ്യവസ്ഥക്കു പുറത്താണ് ഹോമിയോപ്പതിയുടെ ജാഞാനവ്യവസ്ഥ എന്നതുകൊണ്ടാണ് അത് ശാസ്ത്രീയമല്ല എന്നവര്‍ പറയുന്നത്. ആ അര്‍ത്ഥത്തില്‍ അത് തെറ്റല്ലതാനും. അങ്ങനെ ശാസ്ത്രീയമല്ലാതിരിക്കുന്നതാണ് ഹോമിയോപ്പതിയുടെ അനന്യത. അത് പ്രസക്തമാകുന്നതും അതുകൊണ്ടാണ്. നിലവിലുള്ള ശാസ്ത്രവ്യവസ്ഥക്കകത്താണ് ഹോമിയോപ്പതിയെങ്കില്‍ അതിന് തനതായ നിലനില്‍പ്പില്ല എന്നു മാത്രമല്ല, നിലനില്‍ക്കേണ്ട ആവശ്യമില്ലതാനും.

റെന്‍സണ്‍ പറയുന്നപോലെ അംഗീകൃതമാനദണ്ഡങ്ങളുള്ള മരുന്നു പരീക്ഷണങ്ങളിലൂടെ കടന്നുപോയി പ്രസ്തുത ഔഷധത്തിന്റെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടതു സംബന്ധിച്ചുള്ള പിയര്‍ റവ്യൂഡ് പഠനങ്ങളുടെ പിന്‍ബലത്തില്‍ അംഗീകരിക്കപ്പെട്ട മരുന്ന് ഒരു ഹോമിയോപ്പതി മരുന്നാവില്ല. അതു മറ്റൊരു അലോപ്പതി മരുന്നു മാത്രമായിരിക്കും. കാരണം അലോപ്പതിയുടെ വീക്ഷണത്തില്‍ മരുന്നുകളുടെ ഗുണനിര്‍ണ്ണയം ചെയ്യുന്ന രീതിയാണത്. ഈ പ്രക്രിയയിലൂടെയല്ല ഹോമിയോപ്പതിയുടെ ഔഷധങ്ങള്‍ കണ്ടെത്തുന്നതും പ്രയോഗിക്കുന്നതും. മാനദണ്ഡങ്ങളിലുള്ള വ്യത്യാസമാണ് രണ്ടുവൈദ്യശാസ്ത്രങ്ങളേയും വേര്‍തിരിക്കുന്നത്. മനുഷ്യനില്‍ ഔഷധവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്ന മാറ്റങ്ങള്‍, ശരീരത്തിലും വികാരങ്ങളിലും മാനസികവ്യാപാരങ്ങളിലും പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങളിലൂടെ മനസ്സിലാക്കിയാണ് ഹോമിയോപ്പതിയുടെ ഔഷധഗുണങ്ങള്‍ ക്രോഡീകരിക്കുന്നത്. ഇത് ലാബറട്ടറിയില്‍ ഉല്‍പ്പാദിപ്പിക്കാനാവില്ല. ഒരു വസ്തുവിന്റെ രാസ, ഭൗതിക ഗുണങ്ങള്‍ നമുക്ക് പരീക്ഷണശാലയില്‍ വെച്ച് നിരീക്ഷിക്കാനാവും. എന്നാലതിന്റെ ഔഷധഗുണം (ജൈവമണ്ഡലത്തിലെ അതിന്റെ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും) ജൈവശരീരത്തില്‍ മാത്രമേ പ്രത്യക്ഷമാവൂ. അതിനാല്‍ നിലവിലുള്ള അധീശശാസ്ത്രവ്യവസ്ഥയുടെ മാനദണ്ഡങ്ങളനുസരിച്ചുള്ള ഔഷധഗുണം നിര്‍ണ്ണയിക്കാന്‍ പര്യാപ്തമല്ല.

ഹോമിയോ മരുന്നുകളുടെ പൊട്ടന്റൈസേഷന്‍ അഥവാ ആവര്‍ത്തനമെന്ന ഔഷധനിര്‍മ്മാണ പ്രക്രിയയാണ് ആധുനിക ശാസ്ത്രവ്യവസ്ഥയുടെ വിമര്‍ശനത്തിന് വിധേയമാകുന്ന മറ്റൊന്ന്. അവഗാഡ്രോ നിയമമനുസരിച്ച് ഒരു നിശ്ചിത പരിധിക്കപ്പുറം നേര്‍പ്പിച്ചാല്‍ ലായകത്തിന്റെ ഒരു തന്മാര്‍ത്ഥപോലും ആ ലായനിയില്‍ അവശേഷിക്കില്ല. എന്നാല്‍ ഹോമിയോ മരുന്നുകളില്‍ ചിലത് ഈ പരിധിയെ മറികടക്കുന്നവയാണ്. തീര്‍ച്ചയായും ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. എന്നാലിത് ഹോമിയോപ്പതിയുടെ അടിസ്ഥാനനിയമമല്ല. ആദ്യകാലത്ത് (ചിലര്‍ ഇപ്പോഴും) ഈ പരിധിക്കപ്പുറം നേര്‍പ്പിക്കാത്ത മരുന്നുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ നേര്‍പ്പിച്ചാലും ഫലം ലഭിക്കുന്നു എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേര്‍പ്പിക്കുന്ന പ്രക്രിയ രൂപപ്പെട്ടത്. തികച്ചും അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രായോഗികമാക്കപ്പെട്ട ഈ പ്രക്രിയ ഏതെങ്കിലും അതിഭൗതിക സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായതല്ല. ഇതങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് വിശദീകരിക്കാന്‍ പലരും പല തിയറികളും ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഒന്നുംതന്നെ കുറ്റമറ്റതാണെന്ന് പറയാനാവില്ല. അനുഭവസിദ്ധി പ്രകടമാണ് എന്നതുകൊണ്ടുതന്നെ ഇതിന്റെ പ്രവര്‍ത്തനരീതി വിശദീകരിക്കുക എന്നത് ശാസ്ത്രലോകത്തിന്റെ മുഴുവന്‍ ബാധ്യതയാണ്. നിലവിലുള്ള മാനദണ്ഡങ്ങളോട് യോജിക്കുന്നില്ല എന്നതുകൊണ്ടുമാത്രം ഒരനുഭവത്തെ തള്ളിക്കളയാനാവില്ല.

‘രോഗങ്ങള്‍ ബഹുഭൂരിപക്ഷവും സ്വയം സുഖപ്പെടും എന്നതാണ് വസ്തുത. ഇത് രോഗി പലപ്പോഴും മറക്കും. ചികിത്സകന്റെ മിടുക്കാണ് രോഗം ഭേദമാക്കിയത് എന്ന ചിന്ത അനുഭവത്തിലൂടെ രോഗിയില്‍ ഉറപ്പിക്കപ്പെടും. ഇതിന്റെ ബലത്തിലാണ് പല കപടചികിത്സകളും നിലനില്‍ക്കുന്നത്.’ ഹോമിയോ ചികിത്സയിലൂടെ രോഗം മാറുന്നതായി രോഗി തെറ്റിദ്ധരിപ്പി്ക്കുകയാണ് എന്നു സൂചിപ്പിച്ചുകൊണ്ട് റെന്‍സണ്‍ എഴുതുന്ന ഇക്കാര്യം ഒന്നു പരിശോധി്ക്കാം. രോഗങ്ങള്‍ ഭൂരിപക്ഷവും സ്വയം മാറുന്നവയാണ് എന്നത് വസ്തുത തന്നെയാണ്. എന്നാലിത് സമാന്തരചികിത്സകരുടെ അടുത്തുവരുന്ന രോഗികളുടേത് മാത്രമല്ല. അലോപ്പതി ചികിത്സകരുടെ അടുത്തെത്തുന്ന രോഗികള്‍ക്കും ബാധകമാണ്. ഇതേ മാനദണ്ഡമുപയോഗിച്ചാല്‍ അലോപ്പതിചികിത്സയും കപുടമാണെന്നു പറയേണ്ടിവരും. പലപ്പോഴും സമാന്തരചികിത്സയേക്കാള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നത് അവരാണുതാനും.

വൈദ്യവിദ്യാഭ്യാസം, മരുന്നു പരീക്ഷണങ്ങള്‍, ഔഷധ ഉല്‍പ്പാദനം, ചികിത്സകരുടെ തൊഴില്‍പരമായ ധാര്‍മ്മികത തുടങ്ങിയവ നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങളില്‍ നിന്ന് ആയുഷ് എന്ന സംവിധാനം വഴി സമാന്തരചികിത്സകര്‍ ഒഴിഞ്ഞുമാറുന്നു എന്ന റെന്‍സന്റെ ആരോപണം ഒരുപക്ഷെ, ആയുഷ് എന്ന മന്ത്രാലയം രൂപീകരിച്ച ഇന്ത്യാ ഗവണ്മന്റിനോടുള്ള വെല്ലുവിളിയാണെന്നു പറയാം. നിയമങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള സൗകര്യമൊരുക്കാന്‍ വേണ്ടി ഒരു മന്ത്രാലയം തന്നെ ഇന്ത്യാ ഗവണ്മന്റ് രൂപീകരിച്ചിരിക്കുന്നു എന്നാണ് ആരോപണം. അതിനുള്ള മറുപടി ഇന്ത്യന്‍ സര്‍ക്കാരാണ് നല്‍കേണ്ടത്. ആധുനികശാസ്ത്രത്തിന്റെ ഒരു മുഖമുദ്ര ജനങ്ങളുടെ സുരക്ഷയും സാമ്പത്തിക സുസ്ഥിതിയും ഉറപ്പാക്കുക എന്നതാണെന്നു പറയുന്ന റെന്‍സണ്, ആയുധഗവേഷണത്തിനാണ് ഏറ്റവും കൂടുതല്‍ ഫണ്ടുപയോഗിക്കുന്നത് എന്നറിയുമോ ആവോ?

റെന്‍സണ്‍ മുന്നോട്ടുവെക്കുന്ന ഒരു വാദം ഹോമിയോപ്പതി ഇമ്യൂണോ ബൂസ്റ്ററിന്റെ ശാസ്ത്രീയാടിത്തറ തെളിയിക്കണം എന്നതാണ്. അതിന്റെ മാനദണ്ഡങ്ങള്‍ അദ്ദേഹവും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വരേണ്യ വൈദ്യവിഭാഗവും നിശ്ചയിക്കും. എന്നിട്ടോ, ഹോമിയോപ്പതിക്കാര്‍ കോവിഡ് രോഗികളെ നേരിട്ട് കാണുകയോ ചികിത്സിക്കുകയോ ചെയ്യരുതെന്ന് ഗവണ്മന്റിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി കല്‍പ്പനയിറപ്പിക്കും. രോഗിയെ കാണാതെ, എങ്ങനെ ശാസ്ത്രീയ അടിത്തറ തെളിയിക്കാന്‍? ഒരു സുഹൃത്ത് പറഞ്ഞപോലെ കയ്യും കാലും കെട്ടിയിട്ട് വെള്ളത്തിലിറക്കി വിട്ട് നീന്തികാണിച്ചുതരൂ എന്നു പറയുംപോലെയാണിത്.

മാനവരാശിയുടെ ശാസ്ത്രപുരോഗതി മനസ്സിലാക്കാനുള്ള ഒരുവഴി നോബേല്‍ പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെ ലഭിച്ചു എന്നു പരിശോധിക്കുകയാണെന്ന് റെന്‍സണ്‍ പറയുന്നു. ഈ മാനദണ്ഡം എല്ലാ മേഖലകളിലും ബാധകമാണല്ലോ. സമാധാനത്തിനും സാഹിത്യത്തിനുമെല്ലാം നോബേല്‍ പുരസ്‌കാരം നേടിയവരുടെ ലിസ്റ്റൊന്നു പരിശോധിക്കുന്നത് നന്നായിരിക്കും. എങ്കില്‍ മഹാത്മാഗാന്ധിയും ടോള്‍സ്‌റ്റോയിയും മറ്റും അദ്ദേഹത്തിന് കപടസമാധാനവാദിയും കപടസാഹിത്യകാരനുമാകും. എന്നാല്‍ എല്ലാവരും അങ്ങനെ കണക്കാക്കുന്നില്ല എന്നദ്ദേഹം മനസ്സിലാക്കുന്നത് നന്ന്. നിലവിലെ നോബേല്‍ മാനദണ്ഡങ്ങള്‍ ശരിയല്ല എന്നഭിപ്രായമുള്ളവര്‍ അതിനു ബദലായി മറ്റൊരു പുരസ്‌കാരപദ്ധതി തന്നെ രൂപീകരിച്ചിട്ടുണ്ടല്ലോ. റൈറ്റ് ലൈവ്‌ലി ഹുഡ് പുരസ്‌കാരങ്ങള്‍ എന്നാണവയുടെ പേര്. ബദല്‍ മാര്‍ഗ്ഗങ്ങളാരായുന്നവര്‍ക്കാണ് ഈ സമ്മാനം നല്‍കുന്നത്. ഈ പുരസ്‌കാരം ലഭിച്ച ഒരു സംഘടന റെന്‍സണ്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത്താണെന്നതും അറിയുന്നത് നന്ന്. കൗതുകകരമായ കാര്യം ആ വര്‍ഷം ആ പുരസ്‌കാരം പരിഷത്തുമായി പങ്കിട്ടത് ജോര്‍ജ്ജ് വിതുല്‍കോസ് എന്ന ഹോമിയോ ഡോക്ടറായിരുന്നു.

മിഥുന്‍ കെ മധു എന്ന പി എച്ച് ഡി സ്‌കോളര്‍ ഉന്നയിക്കുന്ന വിചിത്രമായ ഒരു വിമര്‍ശനം ഹോമിയോപ്പതി മരുന്ന് കൂടുതല്‍ കഴിച്ചാലും ഓവര്‍ ഡോസ് ആകുന്നില്ല എന്നതാണ്. അലോപ്പതി മരുന്ന് ഓവര്‍ഡോസ് ആകാതിരിക്കാന്‍ എത്ര നിഷ്‌കര്‍ഷിച്ചിട്ടും സാധിക്കുന്നില്ല. ഇത് വിമര്‍ശനമാണോ അസൂയയാണോ? ഹോമിയോ മരുന്നിന്റെ പ്രഭാവം അതിന്റെ അളവിലല്ല, രോഗിയുടെ ജൈവഘടനയുമായുള്ള സമാനതയിലാണ്. അതിനാലത് മിനിമം ഡോസ് എന്ന് നിഷ്‌കര്‍ഷിക്കുന്നു. അധികമായി കഴിക്കുന്ന ഡോസ് ഉപയോഗശൂന്യമായി പോകുന്നു എന്നതുകൊണ്ടാണത്. ഈ മരുന്നുകള്‍ ഔഷധപ്രഭാവമൊഴിച്ചുള്ള രാസ, ഭൗതിക ഗുണങ്ങളെ പരമാവധി ഒഴിവാക്കി നിര്‍മ്മിക്കപ്പെട്ടവയാണ്. ഔഷധത്തിന്റെ പ്രവര്‍ത്തനം, രാസ – ഭാതിക പ്രവര്‍ത്തനമാണെന്ന്, ബയോളജിയെന്നാല്‍ ഫിസിക്‌സും കെമിസ്ട്രിയുമാണെന്ന് ധരിച്ചു വശായവര്‍ക്ക് മേല്‍പ്പറഞ്ഞ ചോദ്യം ഉന്നയിക്കാനാവില്ല. അവരോട് ഈ ഔഷധങ്ങളുടെ പ്രവര്‍ത്തനം നേരിട്ട് അനുഭവിച്ചറിയൂ എന്നേ പറയാനാവൂ.

ഏതുരോഗത്തിന്റേയും യഥാര്‍ത്ഥകാരണം പത്തോളജിയിലാണെന്നും ഹോമിയോപ്പതിക്കാര്‍ അതു കാണുന്നില്ലെന്നും മധു വിമര്‍ശിക്കുന്നു. ജൈവപ്രക്രിയയുടെ ചലനാത്മകതയെ മനസ്സിലാക്കുന്നവര്‍ക്ക് പത്തോളജിയെ രോഗകാരണണമായി അംഗീകരിക്കാനാവില്ല. ശരീരഘടനയില്‍ രോഗം വരുത്തുന്ന മാറ്റങ്ങളാണ് പത്തോളജിയില്‍ വിശദീകരിക്കുന്നത്. എന്നാല്‍ രോഗം അതല്ല, പത്തോളജി രൂപപ്പെടുന്നതിനുമുമ്പേ രോഗമുത്ഭവിക്കുന്നു. പത്തോളജി മാറ്റിയെടുത്താലും രോഗം നിലനില്‍ക്കും, മറ്റൊരു രൂപത്തില്‍. ഇത് മനസ്സിലാവാത്തവരാണ് പത്തോളജിയെ രോഗമായും അതിനെ മുറിച്ചുമാറ്റുന്നത് രോഗശമനമായും കണക്കാക്കുന്നത്. ഇത് ഉള്‍കകൊള്ളാന്‍ സാകല്യാത്മകമായ (Holistic) കാഴ്ചപ്പാടും ജൈവശരീരത്തിന്റെ ചലമാത്മകതയെ കുറിച്ചുള്ള ധാരണയും അനവിവാര്യമാണ്. അതുകൊണ്ടുതന്നെ, പത്തോളജിക്കല്‍ ലക്ഷണമല്ല, രോഗിയുടെ ലക്ഷണങ്ങളായി ഹോമിയോപ്പതി കണക്കാക്കുന്നത്.

റാന്‍ഡമൈസ്ഡ് കണ്‍ട്രോള്‍ ട്രയലുകളും ഡബിള്‍ ബ്ലൈന്‍ഡ് ടെസ്റ്റുകളും നടത്തിയാണ് മരുന്നുകളുടെ ഫലപ്രാപ്തി ആധുനികശാസ്ത്രം പരിശോധിക്കുന്നത്. ഹോമിയോ മരുന്നുകളും അപ്രകാരം വേണമെന്നാണ് മധുവിന്റെ മറ്റൊരുവാദം. അലോപ്പതിയുടെ തത്വം ജനറലൈസേഷന്‍ ആണ്. ഓരേ രോഗമുള്ള ആളുകളുടെ രണ്ടു ഗ്രൂപ്പുകളുണ്ടാക്കി ഒരു ഗ്രൂപ്പിന് മരുന്നും മറ്റേ ഗ്രൂപ്പിന് പ്ലാസിബോയും നല്‍കി താരതമ്യം ചെയ്ത് മരുന്നിന്റെ ഫലം നിര്‍ണ്ണയിക്കുകയാണ് അവിടെ ചെയ്യുക. ഹോമിയോപ്പതിയുടെ വീക്ഷണം ഇന്‍ഡിവിജുലൈസേഷനാണ്. ഓരോ രോഗിയും വ്യതിരക്ത വ്യക്തിത്വമുള്ളവരാണ്. അവരെ ഗ്രൂപ്പുകളായി തിരിക്കാനോ പൊതുവായ മരുന്ന് നിര്‍ദ്ദേശിക്കാനോ കഴിയില്ല. അതുകൊണ്ടുതന്നെ ഈ മരുന്നു പരീക്ഷണരീതി ഹോമിയോപ്പതിക്ക് സ്വീകരിക്കാനാവില്ല. പ്രായോഗികമല്ലാത്ത രീതിയില്‍ തെളിയിച്ചാലേ അത് ശാസ്ത്രമാവൂ എന്നു പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല.

ഹോമിയോ ചികിത്സകൊണ്ട് രോഗം ഭേദമാവുന്നത് പ്ലാസിബോ പ്രഭാവം കൊണ്ടാണ് എന്നത് ഇവിടെ മാത്രമല്ല, ഹോമിയോപ്പതിയുടെ ആരംഭകാലം മുതല്‍ ഉന്നയിക്കപ്പെടുന്ന ആരോപണമാണ്. മരുന്നു കഴിച്ചു എന്ന വിശ്വാസം മൂലം രോഗം സുഖപ്പെടുന്നതാണെന്നര്‍ത്ഥം. ഇങ്ങനെ വിശ്വാസം കൊണ്ടുമാറുന്ന രോഗങ്ങള്‍ക്കാണ് പലപ്പോഴും ലക്ഷങ്ങളുടെ വിലയുള്ള ടെസ്റ്റുകളും ശസ്ത്രക്രിയകളും അലോപ്പതിയില്‍ നിര്‍ദ്ദേശിക്കപ്പെടാറുള്ളത് എന്നു കൂടി ഓര്‍ത്താല്‍ നന്ന്. ഹോമിയോപ്പതിയുടെ ഫലപ്രാപ്തി ഇത്തരത്തിലുള്ളതാണെങ്കില്‍ മൃഗങ്ങളിലും ശിശുക്കളിലും മറ്റും ഇത് ഫലിക്കുന്നതെങ്ങിനെ എന്ന ചോദ്യം അപ്പോഴും അവശഷിക്കും.

ഡോ ബിജുവിനെ പോലുള്ള ഹോമിയോപ്പതിക്കാരോട് എനിക്കുള്ള വിയോജിപ്പ് അവര്‍ വരേണ്യ വൈദ്യസമൂഹത്തിന്റെ ഗുഡ് ലിസ്റ്റില്‍ കയറിപറ്റാനായി വല്ലാതെ സാഹസപ്പെടുന്നു എന്നതാണ്. ഹോമിയോപ്പതിയുടെ വീക്ഷണമനുസരിച്ച് അസാധ്യവും ്അനാവശ്യവുമായ പരീക്ഷണത്തിലൂടെ ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തി തെളിയിക്കാന്‍ എത്ര ശ്രമിച്ചാലും അവര്‍ അംഗീകരിക്കാന്‍ പോകുന്നില്ല. അതിന്റെ കാരണം തേടേണ്ടത് സാമൂഹ്യഘടനയിലും അതിനെ നിലനിര്‍ത്തുന്ന പൊതുബോധത്തിലുമാണ്.

അരിസ്‌റ്റോട്ടില്‍ ജീവിതാവസാനംവരെ വിശ്വസിച്ചിരുന്നത് സ്ത്രീകളുടെ പല്ലിന്റെ എണ്ണം പുരുഷന്മാരേക്കാള്‍ കുറവാണെന്നാണ്. അതേകുറിച്ച് മറ്റൊരു ചിന്തകന്‍ പറഞ്ഞതിങ്ങനെയാണ്. സ്വന്തം ഭാര്യയുടെ വാ തുറന്ന് ഒന്നെണ്ണിയിരുന്നെങ്കില്‍ ജീവിതാവസാനം വരെ ഒരു തെറ്റിദ്ധാരണയില്‍ അദ്ദേഹത്തിന് കഴിയേണ്ടിവരില്ലായിരുന്നു. ഇതുതന്നെയാണ് ഈ വിമര്‍ശകരോടും നമുക്ക് പറയാനാവുക. ഹോമിയോപ്പതി ചികിത്സ ചെയ്ത് അതിന്റെ ഫലപ്രാപ്തി സ്വയം ബോധ്യപ്പെടുക. ജീവിതാവസാനം വരെ മൂഢ (പ്രത്യയ) ശാസ്ത്രത്തില്‍ കടിച്ചു തൂങ്ങാതെകിടക്കുക.

also read

ഹോമിയോപ്പതി വഴി കോവിഡ് രോഗപ്രതിരോധം : ഡോ.ബിജുവിന്റെ വാദങ്ങള്‍ അപ്രസക്തം

ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ – കൊറോണക്കാലത്തെ അശാസ്ത്രീയത

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ഔഷധഗുണം പ്രത്യക്ഷപ്പെടുക പരീക്ഷണശാലയിലല്ല, ജൈവശരീരത്തിലാണ്

  1. കൃത്യം.

Leave a Reply