ധാരാവിയുടെ മാതൃക കേരളത്തിനും ഇന്ത്യക്കും നല്കുന്ന പാഠം

ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ചേരിസമുച്ചയമെന്നതു പോലെ തന്നെ ആയിര കണക്കിന് കുടില്‍ വ്യവസായങ്ങളും ധാരാവിയുടെ മാത്രം സവിശേഷതയാണ്. പതിനായിരങ്ങള്‍ ഈ ഉല്പാദന പ്രക്രിയയില്‍ സജീവമായി ഇടപെട്ട് ജീവിക്കുകയുമാണ്. തുകല്‍ മേഖലയിലെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്ക് ധാരാവി ലോകത്തു തന്നെ അറിയപ്പെട്ട കേന്ദ്രമാണ്. നിരവധി പ്രമുഖ കയറ്റുമതി സ്ഥാപനങ്ങളുടെ കരാര്‍ പണിയാണ് ഈ സ്ഥാപനങ്ങളില്‍ മിക്കവയും ഏറ്റെടുത്തു ചെയ്യുന്നത്. അതേ പോലെ റെഡിമേഡ് ഗാര്‍മന്റ്, എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പുകള്‍, ആക്രി കടകള്‍, പ്ലാസ്റ്റിക് വ്യവസായങ്ങള്‍ ഇവയൊക്കെയാണ് കൂടുതല്‍ ആളുകള്‍ പണിയെടുത്തു ജീവിക്കുന്ന മേഖലകള്‍. തുച്ഛമായ വരുമാനവും ദരിദ്രമായ ജീവിത സാഹചര്യവും വൃത്തിഹീനമായ പരിസരവും ധാരാവിയുടെ മുഖമുദ്രയാണ്. ഇടുങ്ങിയ ഇടവഴികളും ചേര്‍ന്നു ചേര്‍ത്തും സംയോജിക്കപ്പെട്ടിട്ടുള്ള നിരനിര്‍മ്മിതികളുമാണ് ഇതര ചേരി സമുച്ചയങ്ങളെപ്പോലെ ധാരാവിയുടെയും ആര്‍ക്കിടെക്ചര്‍.

ധാരാവിയില്‍ ആശ്വാസത്തിന്റെ ഭാവമാണ് കഴിഞ്ഞ കുറെ ആഴ്ചകളായി പ്രകടിപ്പിക്കപ്പെടുന്നത്. ജൂണ്‍ മാസം മുതല്‍ രോഗബാധയെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. ജൂലൈ അവസാനമെത്തിയപ്പോള്‍ ഒറ്റസംഖ്യയില്‍ ഒതുക്കി നിര്‍ത്താനായ രോഗവ്യാപനം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രാദേശിക – സംസ്ഥാനഭരണകൂടങ്ങള്‍ക്കും വലിയ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് പകര്‍ന്നു നല്കിയിരിക്കുന്നത്.മരണ സംഖ്യ നൂറില്‍ താഴെയും രോഗികള്‍ 2600 ല്‍ താഴെയും മാത്രമാണെന്ന് ഭരണകൂടം അവകാശപ്പെടുന്നു. മഹാരാഷ്ട്രയില്‍ രോഗികള്‍ നാലു ലക്ഷവും മരണം പതിനയ്യായിരവും കടന്നു. ധാരാവിയുടെ സമീപ പ്രദേശങ്ങളായ ദാദര്‍, മാഹിം, മാട്ടുംഗ, സയണ്‍, കുര്‍ള, വഡാല തുടങ്ങിയ പ്രദേശങ്ങളൊക്കെ രോഗവ്യാപനത്തിന്റെ ദുരിതമനുഭവിക്കുകയുമാണ്.

ധാരാവിയുടെ മാതൃകയെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് തന്നെ പ്രത്യേകം പ്രകീര്‍ത്തിച്ചിരിക്കുകയാണ്. മുംബൈ മഹാനഗരവും ഇതര ഉപഗ്രഹ നഗരങ്ങളുംമഹാരാഷ്ട്രയിലെ വിവിധ പട്ടണങ്ങളും നഗരങ്ങളും മഹാമാരിയുടെ തീവ്ര സാമൂഹ്യ വ്യാപനത്തിലകപ്പെട്ട് വിറങ്ങലിച്ചു നില്ക്കുകയാണ്. മഹാനഗരത്തില്‍ നൂറില്‍ അറുപതു പേര്‍ക്ക് ചേരികളിലും പതിനഞ്ചിലധികം പേര്‍ ഇതര പ്രദേശങ്ങളിലും രോഗബാധിതരാണെന്ന് ഈയടുത്ത ദിവസങ്ങളില്‍ നടത്തിയ ആന്റിജന്‍ – RT PCR പരിശോധനകള്‍ തെളിയിച്ചിരിക്കുന്നു. ഥാനെ, നവി മുംബൈ, വസായ് വിരാര്‍, കല്യാണ്‍ – ഡോംബിവലി, ഭിവണ്ടി, ഉല്ലാസ് നഗര്‍, അംബര്‍നാഥ്, പന്‍വേല്‍ തുടങ്ങിയ സമീപസ്ഥങ്ങളായ നഗരങ്ങളും സമാനമായ അപകടാവസ്ഥയിലാണെന്ന് അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് രോഗബാധിതരുടെയും മരണത്തിന്റെയും ദൈനം ദിനാടിസ്ഥാനത്തിലുള്ള സംഖ്യകള്‍ വെളിപ്പെടുത്തുന്നു. രോഗവ്യാപനം അതിശീഘ്രമാണെന്ന തിരിച്ചറിവാണ് ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടാന്‍ നിര്‍ബന്ധിതമായത്. സമ്പര്‍ക്ക സാധ്യത കുറക്കുന്നതിനു വേണ്ടിയാണ് ഇളവുകളോട് അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. വരും ദിവസങ്ങളില്‍ ഈ നടപടികളിലൂടെ എത്രമാത്രം ഫലം കാണാനായെന്ന് വിലയിരുത്തപ്പെടും.

എന്താണ് ധാരാവി മോഡല്‍?

ധാരാവിയില്‍ ഏകദേശം പത്തു ലക്ഷത്തോളം ജനങ്ങള്‍ രണ്ടര ചതുരശ്ര കി.മീറ്റര്‍ പ്രദേശത്ത് തിങ്ങിക്കൂടിയാണ് ജീവിക്കുന്നത്. ഒരു ചതുരശ്ര കി.മീറ്ററില്‍ നാലു ലക്ഷം ആളുകള്‍ എന്ന നിലക്ക് ജനസാന്ദ്രത. ദേശീയ തലത്തില്‍ സാന്ദ്രത 400 ഉം കേരളത്തില്‍ 860 ഉം ആണെന്നു കണക്കാക്കപ്പെടുന്നു. ഉയര്‍ന്ന ജനസാന്ദ്രത സമ്പര്‍ക്കത്തിന്റെ കണ്ണികള്‍ക്ക് കരുത്തേകുമല്ലോ? കണ്ണികള്‍ മുറിക്കുക ഏറെ ശ്രമകരവും അതേ സമയം അപ്രായോഗികമെന്നും പറയാം. ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന ചേരിസമുച്ചയമെന്നതു പോലെ തന്നെ ആയിര കണക്കിന് കുടില്‍ വ്യവസായങ്ങളും ധാരാവിയുടെ മാത്രം സവിശേഷതയാണ്. പതിനായിരങ്ങള്‍ ഈ ഉല്പാദന പ്രക്രിയയില്‍ സജീവമായി ഇടപെട്ട് ജീവിക്കുകയുമാണ്. തുകല്‍ മേഖലയിലെ മൂല്യവര്‍ധിത ഉല്പന്നങ്ങള്‍ക്ക് ധാരാവി ലോകത്തു തന്നെ അറിയപ്പെട്ട കേന്ദ്രമാണ്. നിരവധി പ്രമുഖ കയറ്റുമതി സ്ഥാപനങ്ങളുടെ കരാര്‍ പണിയാണ് ഈ സ്ഥാപനങ്ങളില്‍ മിക്കവയും ഏറ്റെടുത്തു ചെയ്യുന്നത്. അതേ പോലെ റെഡിമേഡ് ഗാര്‍മന്റ്, എന്‍ജിനീയറിംഗ് വര്‍ക്ക്‌ഷോപ്പുകള്‍, ആക്രി കടകള്‍, പ്ലാസ്റ്റിക് വ്യവസായങ്ങള്‍ ഇവയൊക്കെയാണ് കൂടുതല്‍ ആളുകള്‍ പണിയെടുത്തു ജീവിക്കുന്ന മേഖലകള്‍. തുച്ഛമായ വരുമാനവും ദരിദ്രമായ ജീവിത സാഹചര്യവും വൃത്തിഹീനമായ പരിസരവും ധാരാവിയുടെ മുഖമുദ്രയാണ്. ഇടുങ്ങിയ ഇടവഴികളും ചേര്‍ന്നു ചേര്‍ത്തും സംയോജിക്കപ്പെട്ടിട്ടുള്ള നിരനിര്‍മ്മിതികളുമാണ് ഇതര ചേരി സമുച്ചയങ്ങളെപ്പോലെ ധാരാവിയുടെയും ആര്‍ക്കിടെക്ചര്‍. ശുദ്ധജലമോ ശുദ്ധവായുവോ അടിസ്ഥാന പൊതുജനാരോഗ്യ സംവിധാനങ്ങളോ ലഭ്യമല്ലാത്ത പശ്ചാത്തല സൗകര്യങ്ങള്‍ മാത്രമേ ധാരാവിയോടൊപ്പം കാണാന്‍ കഴിയുള്ളു. വൈറസ് വ്യാപനം അതിവേഗം സാധ്യമാകുന്ന ഭൗതിക സാഹചര്യം നിലനില്കുമ്പോള്‍ മാത്രമാണ് ഏപ്രില്‍ – മേയ് മാസങ്ങളില്‍ നഗരത്തിന്റെ ഇതര പ്രാന്തങ്ങളിലെന്നപോലെ ധാരാവിയിലും കോവിഡ് 19 പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക – സംസ്ഥാന ഭരണ സംവിധാനങ്ങള്‍ തുടക്കത്തില്‍ ജാഗ്രത പുലര്‍ത്താതിരുന്നത് ആദ്യത്തെ രണ്ടു മാസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിപ്പിച്ചു. മരണസംഖ്യയും കുതിച്ചുയര്‍ന്നു. ജൂണ്‍ മാസം കോവിഡ് ചികിത്സയുടെ പ്രാഥമിക ഘട്ടമായ നിരീക്ഷണത്തിന് വേണ്ടി 300 കിടക്കകളുള്ള ആരോഗ്യ കേന്ദ്രം സ്ഥാപിച്ചു. ആരോഗ്യ പ്രവര്‍ത്തകരും പോലീസ് സേനയും ഏറെ കരുതലോടുകൂടി ജാഗ്രത്തായ ഇടപെടല്‍ നടത്തിയത് സുപ്രധാനമായ ഫലം കാണാനിടയാക്കി. വീടുവീടാന്തരം കയറിയിറങ്ങി ബോധവത്ക്കരണം നടത്തുകയും പരിസര ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും അണുനശീകരണവും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയതും ജൂണ്‍ മാസം മുതല്‍ ഫലം കണ്ടുവെന്ന് കാണാന്‍ കഴിയും. ധാരാവിയെ സമീപ പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി വിച്ഛേദിച്ച് സമ്പര്‍ക്കത്തിന്റെ കണ്ണിയെ നിര്‍ബന്ധിതമായി അകറ്റി നിര്‍ത്തി. ബഹുജന സഞ്ചാരത്തിന് വിലക്കുകള്‍ അടിച്ചേല്പിച്ചത് സമ്പര്‍ക്ക സാധ്യത ഇല്ലാതാക്കി. രോഗ പ്രതിരോധത്തിന് ചില ഔഷധങ്ങള്‍ വിതരണം ചെയ്തതും എടുത്തു പറയേണ്ടിയിരിക്കുന്നു. എന്‍.ജി.ഒ കളും ഇടതു ട്രേഡ് യൂണിയന്‍ യുവജന സംഘടന പ്രവര്‍ത്തകരും കോവിഡ് കാല ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടത് പ്രത്യേകം സൂചിപ്പിക്കുക തന്നെ ചെയ്യണ്ടതാണ്.
വൈകി വന്ന വിവേകവും പ്രായോഗികമായ ഇടപെടലും മെച്ചപ്പെട്ട ഏകോപനവും കോവിഡ് ഗ്രാഫിനെ ആത്യന്തികമായി നിവര്‍ത്തിയെടുത്തു. ഈ നില തുടര്‍ന്നു പോകാന്‍ കഴിയുന്ന ഭൗതികസ്ഥിതി നിലനിര്‍ത്തുക അസാധ്യമായാല്‍ ഒരു രണ്ടാം കോവിഡ് തിരമാലയുണ്ടാകുക സ്വാഭാവികമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാകുകയും ജാഗ്രത നിലനിര്‍ത്താന്‍ കഴിയുന്ന ആത്മനിഷ്ട ശക്തി ആരോഗ്യമേഖലയില്‍ സ്ഥായിയായി തങ്ങളടെ സാന്നിദ്ധ്യം ഉറപ്പിക്കാതിരുന്നാലും മഹാമാരിയുടെ തുടര്‍ ആക്രമണ സാധ്യത ഏറെ ദുരന്തഫലങ്ങള്‍ സൃഷ്ടിക്കുമെന്നു തന്നെ പറയാം.

മുംബൈ അഗ്‌നിപര്‍വത സമാനം

ധാരാവിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ട ഔദ്യോഗിക സംവിധാനങ്ങള്‍ ഇതര പ്രാന്തപ്രദേശങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന കരുതലുകളെ ദുര്‍ബലപ്പെടുത്തി. അതു കൊണ്ട് തന്നെ ദൈനംദിന രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കൂടുതല്‍ ഭീതിജനകമായ അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്നു.മുംബൈയിലും പ്രാന്തനഗരങ്ങളിലുമായി ദിവേസേന3000 ലധികം കോവിഡ് കേസുകളും ശരാശരി 100 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മഹാനഗരത്തില്‍ മാത്രമായി ആകെ മരണം ഏഴായിരത്തോട് അടുക്കുന്നു. മഹാരാഷ്ടയില്‍ ദൈനം ദിനം 10000 ലധികം പോസിറ്റീവ് കേസകളും ശരാശരി 300 മരണങ്ങളും സംഭവിക്കുന്നു. ചെറുകിട വ്യാപാര – വ്യവസായ സ്ഥാപനങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, കച്ചവട സ്ഥാപനങ്ങള്‍, കടകള്‍, ഭക്ഷണശാലകള്‍ ഇവ മാര്‍ച്ച് അവസാനം മുതല്‍ അടഞ്ഞു കിടക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടമായി. വേതനമില്ലാതായി. ഉപജീവനം ഏറെ കഷ്ടകരമായി തീര്‍ന്നു. റേഷന്‍ വിതരണ സമ്പ്രദായം ദുര്‍ബലമായതു കാരണം ജനങ്ങള്‍ക്ക് സൗജന്യ റേഷനും ലഭ്യമല്ല. സാമ്പത്തികമായ സഹായ വാഗ്ദാനങ്ങള്‍ പാഴ് വേലയായി ഫലത്തില്‍. ജനങ്ങളോട് ഇത്രയേറെ ദ്രോഹപരമായി പെരുമാറിയിട്ടുള്ള ഒരു സംവിധാനമുണ്ടാവില്ല ചരിത്രത്തില്‍. കേന്ദ്രത്തിന്റെ നിഷേധാത്മക സമീപനവും സംസ്ഥാന – പ്രദേശീക ഭരണകൂടങ്ങളുടെ കാര്യക്ഷമതയില്ലായ്മയും കെടുകാര്യസ്തതയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്തഫലങ്ങള്‍ സമ്മാനിക്കുക മാത്രം ചെയ്തു കൊണ്ടിരിക്കുകയാണ്.

ജനസാന്ദ്രതയെ കുറക്കുന്ന തരത്തിലുളള ഒരു പലായനം ഏപ്രില്‍ – മേയ് മാസങ്ങളില്‍ ധാരാവിയില്‍ സംഭവിച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി. യു.പി., ബീഹാര്‍, രാജസ്ഥാന്‍, തമിഴ്‌നാട്, ഒറീസ്, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഏകദേശം മൂന്നു ലക്ഷം ജനങ്ങള്‍ തിരിച്ചു പോയതായി കണക്കാക്കപ്പെടുന്നു.

കേരളത്തിന്റെ വസ്തുനിഷ്ടതയും പഠിക്കേണ്ട പാഠവും

ആസൂത്രിവും ചിട്ടയോടു കൂടിയകുറ്റമറ്റ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ കേരളം കാഴ്ചവച്ചതിന്റെ ഫലം കോവിഡ് രോഗ നിര്‍വ്യാപനത്തിലൂടെ വ്യക്തമാക്കപ്പെട്ടതാണ്. ക്രമേണ ജാഗ്രത കൈവിട്ടപ്പോള്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ജൂലൈ മാസം കുത്തനെയുയരുന്നതായി ബോധ്യപ്പെടുന്നു. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാകുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം മതിയായ അനുപാതത്തില്‍ നിലനിര്‍ത്താനായില്ലെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിയും. ഹോം ക്വാറന്‍ടൈന്‍, റിവേഴ്‌സ് ക്വാറന്‍ടൈന്‍ തുടങ്ങിയ സര്‍ക്കാര്‍ ഇതര മാര്‍ഗങ്ങള്‍ വലിയ തോതില്‍ സഹായകരമായി തീരുന്നു എന്നു കാണാന്‍ കഴിയും. സ്വകാര്യ ചികിത്സയുടെ ചെലവ് നിജപ്പെടുത്തി പരിമിതപ്പെടുത്തുന്നത് കേരളത്തിന്റെ സവിശേഷമായ ഇടപെടല്‍ മാത്രമാണ്. സൗജന്യ കോവിഡ് ചികിത്സയും കേരളത്തിന്റെ വേറിട്ട സവിശേഷതയായി വിലയിരുത്താം. മഹാരാഷ്ടയില്‍ കോവിഡ് ചികിത്സാ ചെലവ് 3 മുതല്‍ 30 ലക്ഷം വരെയാണ്.

കേരളത്തില്‍ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പി.യും നിരുത്തരവാദപാരമായി പ്രകോപനങ്ങള്‍ സൃഷ്ടിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങളെ തെരുവിലിറക്കിയ സംഭവം പരാമര്‍ശിക്കാതെ വയ്യ. കോടതി ഇടപെട്ടതു കൊണ്ട് ഒരു പരിധി വരെ സമരാഭാസങ്ങള്‍ ഒഴിവാക്കപ്പെട്ടു. മഹാമാരിയെ ഒറ്റക്കെട്ടായി നേരിടേണ്ട ഘട്ടത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന കക്ഷി രാഷ്ട്രീയ പ്രയോഗങ്ങളില്‍ നിന്നും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിയേണ്ടതാണ്. ജനങ്ങള്‍ മരിച്ചു വീഴുമ്പോള്‍ മഹാമാരിയും വൈറസും വിഷയമല്ലെന്ന് ആക്രോശിക്കുന്ന നേതൃത്വം ജനങ്ങളാട് ഉത്തരവാദിത്തപൂര്‍ണ്ണമായ രീതിയിലില്ല പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നതില്‍ തെറ്റില്ല. ജീവന്‍ നിലനിന്നെങ്കില്‍ മാത്രമല്ലേ രാഷ്ട്രവും രാഷ്ട്രസേവയും രാഷ്ട്രീയവും നിലനില്ക്കൂ. ഈ അടിസ്ഥാന ബോധം കൈവെടിഞ്ഞുള്ള നിഷേധാത്മക നിലപാടുകള്‍ സങ്കുചിതവും ജനവിരുദ്ധവുമെന്ന്പറയാം. കേരളത്തിന്റെ വിജയം പോലും ആഗോള കണക്കുകളില്‍ ഇന്ത്യയുടെ മാതൃകയോടൊപ്പം എഴുതി ചേര്‍ക്കുമെന്ന് കേരളത്തിലെ BJP മറന്നു പോകന്നു. മഹാരാഷ്ട്രയിലും ഇതേ നിലപാടാണ് തുടക്കത്തില്‍ BJP സ്വീകരിച്ചതെങ്കിലും പിന്നിട്ട് തിരുത്തി തടിതപ്പുകയുണ്ടായി.

സമ്പര്‍ക്കത്തിന്റൈ കണ്ണികള്‍ കര്‍ശനമായി വിടര്‍ത്താതിരുന്നതിലൂടെ വൈറസ് പ്രസരണത്തെ ഫലപ്രദമായി തടയാനാകാതെ പോയ മുംബൈ മോഡല്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കേരളം പ്രത്യേക ശ്രദ്ധ കൊടുത്താല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയത്തോടടുക്കുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.പ്രസ്തുത കണ്ടെത്തല്‍ ഒരു പാഠമായി തിരിച്ചറിഞ്ഞ് സാമൂഹ്യ പാഠമെന്ന നിലക്ക് ഉള്‍ക്കൊണ്ടു കൊണ്ട് കര്‍ശനമായി കണ്ണികള്‍ മുറിച്ചു വിട്ടാല്‍ ഈ ഘട്ടത്തില്‍ രോഗവ്യാപനത്തിന്റൈ സാധ്യതകളെ പരിമിതപ്പെടുത്താനാകും. പുറത്തിറങ്ങുന്നവര്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരണമായി മുഖാവരണവും മാസ്‌കും ധരിക്കുന്നത് മുംബൈ നഗരത്തില്‍ സാധാരണമായി തീര്‍ന്നിരിക്കുന്നു. ഇതാകട്ടെ ആലങ്കാരികമായി കഴുത്തില്‍ ചുറ്റുകയല്ല, മറിച്ച് വായയും മൂക്കും മൂടിവയ്ക്കാനും ഉപയോഗിക്കുമ്പോള്‍ മാത്രമാണ് സമ്പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ സുരക്ഷാ സാമഗ്രിയായി കണക്കാക്കപ്പെടുന്നത്. ഇളവുകള്‍ നിര്‍ദ്ദേശിച്ച് ലോക്ക് ഡൗണ്‍ ആഗസ്റ്റ് 31 വരെ മഹാരാഷ്ട്രയില്‍നീട്ടിയ നടപടി കേരളത്തിനു കൂടി പകര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ വൈറസ് വ്യാപനത്തിന്റെ വലയെ പരിമിതപ്പെടുത്തി ക്രമേണ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ കഴിയുമായിരുന്നു. കണ്ടെയിന്‍മെന്റ് സോണുകളില്‍ കര്‍ശന നിയന്ത്രണവും ഇതര പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് മുംബൈയിലും മഹാരാഷ്ട്രയിലും ലോക്ക് ഡൗണ്‍ ചട്ടങ്ങളില്‍ പരിഷ്‌ക്കാരങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതും കര്‍ശനമായി പാലിക്കുന്നതിന് കേരളം ശ്രമിച്ചാല്‍ രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കാവുന്നതാണ്. കേരളത്തിന് വൈറസ് നിര്‍വ്യാപനത്തെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയകരമായി പ്രയോഗിക്കുന്നതിന് നന്നേ പാടുപെടേണ്ടി വരും. ജനങ്ങളുടെ സഹകരണവും സാമൂഹ്യമായ ഇച്ഛാശക്തിയും മറ്റെല്ലാ സാധാരണ നടപടികള്‍ക്കൊപ്പം ഉറപ്പാക്കിയാല്‍ ഈ മഹാമാരിയെ പരാജയപ്പെടുത്തി കേരളീയ സമൂഹത്തിനു മുമ്പോട്ടു പോകാനാകും. രോഗ പ്രതിരോധ ശക്തി താരതമ്യേന കുറഞ്ഞ ആളുകള്‍ക്ക് വളരെ വേഗം രോഗബാധയേല്‍ക്കുന്നതുകൊണ്ടാണ് ജീവിത ശൈലി രോഗങ്ങള്‍ ഉള്ളവരും ക്യാന്‍സര്‍, കരള്‍ – ശ്വാസകോശ – ഹൃദയ സംബന്ധ രോഗമുള്ളവരും ആരോഗ്യമുള്ളവരില്‍ നിന്നും പ്രതിരോധ ശക്തിയുമുള്ളവരില്‍ നിന്നും വ്യത്യസ്തമായി പെട്ടെന്ന് മരണപ്പെടുന്നത്. ജീവനു തുല്യമായ ജാഗ്രത മാത്രമാണ് ഈ മഹാമാരിയില്‍ നിന്നും മനുഷ്യവംശത്തെ രക്ഷിക്കാനുള്ളഒറ്റമൂലി.

ഇന്ത്യ എങ്ങോട്ട്?

നിരാശാജനകമായ ഒരു ഭാവിയാണ് കോവിഡ് രോഗ വ്യാപനത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ ദ്യോദിപ്പിക്കുന്നത്. രോഗബാധിതരുടെ എണ്ണം പതിനെട്ടു ലക്ഷത്തിലെത്തുമ്പോള്‍ മരണസംഖ്യ മുപ്പത്തിയാറായിരം കവിഞ്ഞു. അമേരിക്കക്കും ബ്രസീലിനും തൊട്ടുപിന്നില്‍ മൂന്നാം സ്ഥാനത്തെത്തുന്നതിന് ഇന്ത്യക്ക് രണ്ടു മാസമേ വേണ്ടിവന്നുള്ളു. കോവിഡ് പ്രതിരോധത്തെ ഗൗരവതരമായി കണക്കാക്കുന്നതില്‍ മോദി സര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്ന വിമര്‍ശനം വസ്തുതാപരമാണെന്ന് തോന്നുന്നതില്‍ തെറ്റില്ല. സംസ്ഥാനങ്ങളോട് വിവേചനാതീതമായി സഹകരിക്കാന്‍ BJP സര്‍ക്കാരിനു കഴിഞ്ഞില്ല. പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളും ഒഴിച്ചാല്‍ അടിസ്ഥാനപരമായി കേന്ദ്ര സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നു കാണാന്‍ കഴിയും. അശാസ്ത്രീയമായ ചെപ്പടിവിദ്യകള്‍ക്കപ്പുറം പുരോഗമനപരമായ ഒരു നടപടിയും ആലോചിച്ചു നടപ്പാക്കാന്‍ മോദിക്ക് കഴിഞ്ഞില്ല. വൈറസിനെ പുറത്താക്കാന്‍ പാത്രം കൊട്ടിശബ്ദമുണ്ടാക്കാന്‍ പറഞ്ഞവര്‍ അതിനു ശേഷം ദീപം തെളിയിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. പുഷ്പവൃഷ്ടി നടത്തി കോവിഡ് പോരാളികള്‍ക്ക് ആദരം നല്കി കൈയടി വാങ്ങി. ഗോമൂത്രസേവയും രാംദേവിന്റെ കോവിഡ്‌നില്‍ എന്ന പ്രതിവിധിയും സര്‍ക്കാര്‍ പ്രതിനിധികള്‍ തന്നെ വിളംബരം ചെയ്ത് ജനങ്ങളെ അറിയിച്ചു. അവസാനമായി രാമക്ഷേത്രം നിര്‍മ്മാണം ആരംഭിക്കുന്നതോടുകൂടി നോവല്‍ കൊറോണ വൈറസ് ഇന്ത്യയില്‍ നിന്ന് വിട പറയുമെന്നും മന്ത്രി മഹോദയന്മാര്‍ തന്നെ മുന്‍ പന്തിയില്‍ നിന്ന് പ്രചരിപ്പിക്കുന്നു. ഒരു ജനതയെ ധ്രുവീകരിക്കുന്നതിനും വഴിതെറ്റിക്കുന്നതിനും ഇതിലേറെനീചവും നികൃഷ്ടവുമായ രീതിയില്‍ ഒരു ഭരണകൂടവും ചരിത്രത്തില്‍ ഇടപെട്ടിട്ടുണ്ടാകില്ല.

ശാസ്ത്ര ഗവേഷണങ്ങളിലൂടെ രോഗ പ്രതിരോധത്തിനാവശ്യമായ മരുന്ന് സൗജന്യവും സാര്‍വത്രികവുമായി ജനങ്ങള്‍ക്കെത്തിച്ചു കൊടുക്കാനാണ് ഒരു ആധുനിക സമൂഹത്തിലെ ഭരണകൂടം തയ്യാറാവേണ്ടത്. കോവിഡിനെ പൊലും മറയാക്കി കുംഭകോണങ്ങള്‍ നടത്തിസര്‍ക്കാര്‍ വിജയിച്ചിട്ടുണ്ടെങ്കില്‍ അശാസ്ത്രീയവും അന്ധവിശ്വാസത്തിലുമധിഷ്ടിതമായ ആശയങ്ങള്‍ എന്തിനു പ്രചരിപ്പിച്ചു എന്ന ചോദ്യത്തിന് ഉത്തരമാകും.ബാങ്കുകളുടെ ലയനം, നിഷ്‌ക്രിയ ആസ്തി എഴുതിത്തള്ളല്‍, പി.എം.കെയേഴ്‌സ് എന്ന സ്വകാര്യ ട്രസ്റ്റ്, തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയ നടപടി, പൊതു ഉടമസ്തയിലുള്ള സ്ഥാപനങ്ങളടെ സ്വകാര്യവത്ക്കരണം, സ്വയം പര്യാപ്ത ഭാരത പ്രഖ്യാപനത്തിന്റെ ഭാഗമായ 20 ലക്ഷം കോടി പാക്കേജ്, പുത്തന്‍ വിദ്യാഭ്യാസ നയം തുടങ്ങിയ എല്ലാ വിഷയങ്ങളും സൂക്ഷ്മപരിശോധനയില്‍ ഒരു സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. നിലനില്ക്കുന്ന ബൂര്‍ഷ്വാ ജനാധിപത്യ സ്ഥാപനങ്ങളെ തന്നെ അസ്ഥിരപ്പെടുത്തി രാജ്യം ഒരു സര്‍വാധിപത്യത്തിന്റെ ദിശയിലേക്ക് അതിശീഘ്രം നീങ്ങുകയാണ്. അവിടെ കോവിഡ് 19 രോഗം പിടിപെട്ട് ജനങ്ങള്‍ മരിച്ചു തീരുന്നത് പരിഗണനയര്‍ഹിക്കുന്ന വിഷയമല്ലാതാകും.
ജനങ്ങള്‍ സ്വയം സുരക്ഷിതത്വം തേടുകയും നേടുകയും വേണം. ഭരണ സംവിധാനവും ജനങ്ങളും തമ്മിലുള്ള അന്തരം വലിയ തോതില്‍ വര്‍ധിക്കുക തന്നെയെന്നത് സവര്‍ണ്ണ – സമ്പന്ന കോയ്മയിലധിഷ്ടിതമായ നീതിയാണെന്നുള്ള തിരിച്ചറിവ് പുതിയ പരിഹാരത്തിന് വഴിതുറക്കട്ടെ എന്നാശിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply