ഹോമിയോപ്പതി വഴി കോവിഡ് രോഗപ്രതിരോധം : ഡോ.ബിജുവിന്റെ വാദങ്ങള്‍ അപ്രസക്തം

വൈദ്യശാസ്ത്ര മേഖലയില്‍ നടന്ന എല്ലാ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളും രോഗികളുടെ താല്‍പര്യങ്ങള്‍ക്കാണു മുന്‍ഗണന നല്കിയത് എന്നു തിരിച്ചറിയണം. അലോപ്പതി ചികിത്സയിലെ മനുഷ്യത്വരഹിതമായ വശങ്ങളാണു ഹോമിയോപ്പതി ചികിത്സ കണ്ടുപിടിക്കുന്നതിലേയ്ക്കു ഹാനിമാനെ എത്തിച്ചത്. ആയുര്‍വ്വേദ സിദ്ധാന്തങ്ങളും പ്രകൃതി ചികിത്സയും ഒക്കെ രോഗിയുടെ സുസ്ഥിതി തന്നെയാണ് ലക്ഷ്യം വെച്ചത്. ആധുനിക ശാസ്ത്ര സത്യങ്ങള്‍ കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടു ചികിത്സാരീതി പരിഷ്‌കരിച്ചപ്പോഴാണ് ആധുനിക വൈദ്യം പിറവിയെടുത്തത്. നിരന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ടിരുന്ന അറിവുകളുടെ പിന്‍ബലത്തില്‍ ആധുനിക വൈദ്യം അനുനിമിഷം പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ സൈദ്ധാന്തികമായ കെട്ടുപാടുകളെയും അതിഭൗതിക ചിന്തകളെയും മുറുകെപ്പിടിച്ചുകൊണ്ടു തങ്ങളുടെ സ്വന്തം ചികിത്സാരീതി സ്ഥാപിച്ചവര്‍ പിന്തുടര്‍ന്ന മാനവികതയും അന്വേഷണത്വരയും വഴിയിലുപേക്ഷിച്ചതുമൂലം വന്നുചേര്‍ന്ന പ്രതിസന്ധിയാണു ഹോമിയോയും ആയുര്‍വ്വേദവും ഒക്കെ ഇന്ന് നേരിടുന്നത്-