രാമനുമുമ്പെ ദൈവമായിരുന്നു രാവണന്‍

രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിടുന്നതിലൂടെയും വിദ്യാഭ്യാസ മേഖലയെ പൊളിച്ചെഴുതുന്നതിലൂടെയും സംഘി ഭരണം ഒരേ സന്ദേശമാണ് ജനങ്ങള്‍ക്ക് കൊടുക്കുന്നത്. സംഘപരിവാരം ചരിത്രം പറയും , പക്ഷേ അതൊരിക്കലും ശ്രേണീ ബദ്ധമായ ജാതി വ്യവസ്ഥ ഏറ്റവും നീചമായ അധികാര പ്രയോഗം നടത്തിയ കാലത്തോളം കടന്നു ചെല്ലില്ല … കൂടിപ്പോയാല്‍ മുഗളാധിപത്യത്തിന്റെയും മറാഠാ ദേശീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും കാലം വരെയേ അത് കടന്നു ചെല്ലൂ … ഇന്ത്യയുടെ ബൗദ്ധിക രംഗത്തെ അവഗണിക്കാനാവാത്ത സംഭാവനകളായ ചാര്‍വാക ദര്‍ശനത്തെയോ സാംഖ്യ – ബൗദ്ധ ദര്‍ശനങ്ങളിലേക്കോ സംഘികളുടെ ചരിത്രാന്വേഷണം നീളില്ല . പകരം വെട്ടിമുറിച്ച ഭാരത ചരിത്രം അവര്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ രാമനെന്ന പ്രതീകത്തെ പ്രതിഷ്ഠിക്കും പോലെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയും ചെയ്യും .

ആഗസ്ത് 5 ന് അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതിന് സമാന്തരമായി ഇന്ത്യയിലെ വിദ്യാഭ്യാസ രംഗത്തെ സമൂലമായി പരിവര്‍ത്തിപ്പിക്കാനുള്ള നീക്കം സംഘപരിവാര്‍ ഭരണത്തിനു കീഴിലെ യാദൃശ്ചികതയായി തള്ളിക്കളയരുത്. മുപ്പതു വര്‍ഷത്തിനു ശേഷം വിദ്യാഭ്യാസ മേഖലയില്‍ പ്രഖ്യാപിക്കപ്പെട്ട പരിവര്‍ത്തനങ്ങളില്‍ ഘടനാപരമായ മാറ്റങ്ങളില്‍ പലതും കാലോചിതമായ പരിഷ്‌കാരങ്ങളാണെങ്കിലും ബോധന തലത്തിലെ പരിഷ്‌കാരങ്ങള്‍ വരും തലമുറകളെ സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തിനു കീഴില്‍ അടച്ചിടാനുള്ള ഏകപക്ഷീയമായ ഇടപെടല്‍ തന്നെയാണ് ..

രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിടുന്നതിലൂടെയും വിദ്യാഭ്യാസ മേഖലയെ പൊളിച്ചെഴുതുന്നതിലൂടെയും സംഘി ഭരണം ഒരേ സന്ദേശമാണ് ജനങ്ങള്‍ക്ക് കൊടുക്കുന്നത്. സംഘപരിവാരം ചരിത്രം പറയും , പക്ഷേ അതൊരിക്കലും ശ്രേണീ ബദ്ധമായ ജാതി വ്യവസ്ഥ ഏറ്റവും നീചമായ അധികാര പ്രയോഗം നടത്തിയ കാലത്തോളം കടന്നു ചെല്ലില്ല … കൂടിപ്പോയാല്‍ മുഗളാധിപത്യത്തിന്റെയും മറാഠാ ദേശീയ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെയും കാലം വരെയേ അത് കടന്നു ചെല്ലൂ …  ഇന്ത്യയുടെ ബൗദ്ധിക രംഗത്തെ അവഗണിക്കാനാവാത്ത സംഭാവനകളായ ചാര്‍വാക ദര്‍ശനത്തെയോ സാംഖ്യ – ബൗദ്ധ ദര്‍ശനങ്ങളിലേക്കോ സംഘികളുടെ ചരിത്രാന്വേഷണം നീളില്ല . പകരം വെട്ടിമുറിച്ച ഭാരത ചരിത്രം അവര്‍ ഇന്ത്യന്‍ ജനതയുടെ മേല്‍ രാമനെന്ന പ്രതീകത്തെ പ്രതിഷ്ഠിക്കും പോലെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുകയും ചെയ്യും …

19-ാം നൂറ്റാണ്ടുവരെ ഇന്ത്യയില്‍ മര്യാദാ പുരുഷനായോ ദൈവമായോ ജനത പരിഗണിച്ചിട്ടില്ലായിരുന്ന രാമനെ വളരെ കൃത്യമായ ഒരജണ്ടയുടെ ഭാഗമായി ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികള്‍ക്കുമേല്‍ പ്രതിഷ്ഠിക്കാന്‍ ആര്യ- ബ്രാഹ്മണ ശക്തികള്‍ക്ക് ഏറെക്കുറേ കഴിഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ് ഈ ആഗസ്ത് 5 ന് തറക്കല്ലിടുന്ന അയോധ്യയിലെ രാമക്ഷേത്രം.

ഒരു പക്ഷേ 9-ാം നൂറ്റാണ്ടിലും 14-ാം നൂറ്റാണ്ടിലും മധ്യപ്രദേശില്‍ നിര്‍മിച്ച് പണി പൂര്‍ത്തിയാക്കിയ രാവണന്റെ പ്രതിഷ്ഠയുള്ള രാവണ്‍ഗ്രാം രാവണ ക്ഷേത്രത്തിന്റെ നാലയലത്തെത്തില്ല ഇന്ത്യക്കാര്‍ രാമനെ ആരാധിച്ചു തുടങ്ങിയ ചരിത്രം .. മധ്യപ്രദേശില്‍ മാത്രമല്ല രാജസ്ഥാനിലെ ജോധ്പൂര്‍ രാവണക്ഷേത്രം, ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ബിസ്‌റാഖ് ക്ഷേത്രം, കാണ്‍പൂരിലെ ദശാനന്‍ രാവണ ക്ഷേത്രം (ആര്യ- ബ്രാഹ്മണ പ്രത്യയശാസ്ത്രത്തിന്റെ ഇടപെടല്‍ കൊണ്ട് ഈ ക്ഷേത്രം ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു തവണയേ തുറക്കാറുള്ളൂ ), മധ്യപ്രദേശിലെ രാവണ റുണ്ടി , ആന്ധ്രപ്രദേശിലെ കൈകണ്ഠ രാവണക്ഷേത്രം, ഹിമാചല്‍ പ്രദേശിലെ ബൈദ്യനാഥ ക്ഷേത്രം, ഗുജറാത്തിലെ കോടേശ്വര്‍ ക്ഷേത്രം, മുരുടേശ്വര ക്ഷേത്രം, വിദിഷ രാവണ ക്ഷേത്രം തുടങ്ങി അനേകമിടങ്ങളില്‍ ഇന്ത്യക്കാര്‍ അമ്പലങ്ങളുണ്ടാക്കി ആരാധിച്ചിരുന്നത് രാമനെയല്ല മറിച്ച് രാവണനെയായിരുന്നു എന്ന ചരിത്രത്തെ കീഴ്‌മേല്‍ മറിക്കാന്‍ സംഘപരിവാറിന് കഴിയുന്നു എന്നിടത്താണ് നമ്മള്‍ കുറച്ചു കൂടി ജാഗ്രത കാട്ടേണ്ടത്. ഒരു ജനതയുടെ ചരിത്രത്തെ റദ്ദുചെയ്തു കൊണ്ട് സംഘിചരിത്രം രാമനെ ദേശത്തിനും മുകളില്‍ പ്രതിഷ്ഠിക്കുന്നത് ഒരു സെമിറ്റിക് മത സമാനമായ അവസ്ഥ ഇന്ത്യക്കുള്ളിലും സൃഷ്ടിച്ചെടുക്കാന്‍ തന്നെയാണ് …

ചരിത്രം തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് മാറ്റിത്തീര്‍ക്കാനും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്ന കഥകളിലൂടെ യഥാര്‍ത്ഥ ചരിത്രത്തെ വിസ്മൃതിയിലാക്കി സ്വന്തം രാഷ്ട്രീയ താല്‍പ്പര്യത്തെ സേവിക്കുന്ന കഥകള്‍ ചരിത്രമാക്കി മാറ്റിയെടുക്കാനും സംഘപരിവാറിനും ബ്രാഹ്മണ പ്രത്യയശാസത്രത്തിനും കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകള്‍ക്കിടയില്‍ എങ്ങിനെ സാധിച്ചു എന്നതിന്റെ ഉദാഹരണം തന്നെയാണ് കന്യാകുമാരി മുതല്‍ നോയിഡ വരെ ജനങ്ങള്‍ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച് ആരാധിച്ചിരുന്ന രാവണനെ വില്ലനാക്കാനും ശംഭൂക വധവും ബാലിവധവും സീതാ പരിത്യാഗമടക്കം നടത്തിയ രാമനെ നായകനാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ അവര്‍ നേടിയ വിജയവും. ഒരു പക്ഷേ ,ആയുര്‍വേദത്തിന് മഹത്തായ സംഭാവനകള്‍ അക്കാലത്ത് നല്‍കിയ ‘നാഡി പരീക്ഷ’, ‘നാഡി വിജ്ഞാന’ ജ്യോതിശാസ്ത്രത്തിലെ അക്കാലത്തെ അറിവുകള്‍ സമാഹരിച്ച് രാവണന്‍ എഴുതിയ ‘രാവണ സംഹിത’യടക്കം രാവണന്റെ പ്രാഗല്‍ഭ്യത്തിന് തെളിവായി ലോകത്തിനു മുമ്പിലുണ്ട് …

സംഗീതത്തില്‍ അസാമാന്യ പ്രാവീണ്യമുണ്ടായിരുന്ന രാവണന്‍ ചില രാഗങ്ങള്‍ ചിട്ടപ്പെടുത്തിയതായി വിശ്വസിക്കപ്പെടുന്നുണ്ട് എന്നു മാത്രമല്ല , ‘രാവണ ഹത’ എന്ന ഒരു വീണ സ്വന്തമായി വികസിപ്പിക്കുകയും ചെയ്ത അസാമാന്യ പ്രതിഭയുള്ള രാജാവായിരുന്നു. അന്നത്തെ ശാസ്ത്ര – സാങ്കേതിക രംഗത്ത് അതുല്യമായി ലങ്കയെ മാറ്റിത്തീര്‍ക്കാന്‍ രാവണനെന്ന രാജാവിന് കഴിഞ്ഞതിന്റെ തെളിവാണ് പുഷ്പകവിമാനം എന്ന സങ്കല്‍പ്പവും ഇന്ത്യയെമ്പാടും ആരാധിക്കപ്പെടുന്ന വ്യക്തിത്വമായി രാവണന്‍ മാറിത്തീര്‍ന്നതും. ശ്രീലങ്ക അവരുടെ ഉപഗ്രഹത്തിന് ‘രാവണന്‍’ എന്ന പേരു കൊടുത്ത് ആദരിക്കുന്നത്ര ഉയരത്തിലുള്ള ഭരണാധികാരിയെയാണ് സവര്‍ണ ഹിന്ദുത്വവും സംഘപരിവാര ശക്തികളും ചേര്‍ന്ന് തലകീഴായി നിര്‍ത്തിയിരിക്കുന്നത്. മാത്രമല്ല ഒരാദരവും സ്വന്തം ജീവിതം കൊണ്ടര്‍ഹിക്കാത്ത രാമനെ ദൈവമാക്കുന്നതില്‍ അവര്‍ നേടിയ വിജയവും.

രാവണന്‍ ശൈവഭക്തനായ രാജാവായിരുന്നു എന്നും വൈഷണവമതത്തിന്റെ ആക്രമോത്സുകതക്കെതിരെ പിന്നീട് ബുദ്ധദര്‍ശനത്തിന്റെ ശക്തനായ പ്രയോക്താവായി മാറുകയായിരുന്നു എന്ന ചരിത്രവായനയും തള്ളിക്കളയാനാവില്ല. ദക്ഷിണേന്ത്യയിലൊക്കെത്തന്നെ ആധിപത്യത്തിലുണ്ടായിരുന്ന ബൗദ്ധ – ജൈന സ്വാധീനത്തെ കൊല്ലൂരും കൊടുങ്ങല്ലൂരും (കൊടും കൊല്ലൂര്‍) അടക്കം ബൗദ്ധരെ വേട്ടയാടിത്തകര്‍ക്കാന്‍ ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ ബ്രാഹ്മണമതത്തിനു സാധിച്ചിട്ടുണ്ടെങ്കില്‍ കരുത്തനായ രാവണന്റെ നേതൃത്വം ശ്രീലങ്കയിലെ ബൗദ്ധസ്വാധീനത്തെ ഇല്ലാതാക്കാന്‍ രാമനു പോലും കഴിഞ്ഞിരുന്നില്ല എന്നത് ഇന്നും ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന ബുദ്ധിസ്റ്റ് സ്വാധീനം നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. രാമ – രാവണ യുദ്ധത്തില്‍ രാവണന്‍ പരാജയപ്പെട്ടിരുന്നില്ല എന്നും ബ്രാഹ്മണമതം അതിന്റെ ആത്മനിര്‍വൃതിക്ക് വിജയദശമി ദിവസം രാവണന്റെ കോലമുണ്ടാക്കി കത്തിക്കുന്നതും അതുകൊണ്ടാണെന്ന വായനയും നിലനില്‍ക്കുന്നുണ്ട്.

മൂന്നു നാലു വര്‍ഷങ്ങള്‍ക്കിടയില്‍ ലങ്കയില്‍ കണ്ടെത്തിയ ലിഖിതത്തില്‍ ശ്രീബുദ്ധന്റെ പ്രധാന ശിഷ്യന്‍ ബുദ്ധതത്വങ്ങള്‍ പ്രചരിപ്പിക്കാന്‍ ലങ്കയിലെത്തിയതിന്റെയും രാവണനും സഹോദരിയും ഈ ബുദ്ധ ഭിക്ഷുക്കള്‍ക്ക് നല്‍കിയ ഉദാരമായ സഹായങ്ങളും ഒരു ധാന്യപ്പുരയടക്കം ദാനം ചെയ്ത വിവരവും ലോകത്തിന് മുമ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട് … അതുകൊണ്ടൊക്കെത്തന്നെയാണ് ഇന്ത്യയുടെ പലയിടങ്ങളിലും അക്രമോത്സുകമായ രാമഭക്തിയുടെ വര്‍ത്തമാനകാലത്തും പരസ്യമായിത്തന്നെ ജനങ്ങള്‍ രാവണനെ ഉയര്‍ത്തിപ്പിടിച്ച് രംഗത്തു വരുന്നത്. കാണ്‍പൂരിലെ പുഖ്‌റ്യാന്‍ പോലുള്ള പ്രദേശങ്ങളില്‍ എല്ലാ വര്‍ഷവും രാവണമേള സംഘടിപ്പിച്ച് ജനങ്ങള്‍ തങ്ങളുടെ ദുരിതമകറ്റിയിരുന്ന ലങ്കാധിപന്‍ നീണാള്‍ വാഴട്ടെ എന്നാ ചരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വിജയദശമി നാളുകളില്‍ ഈ ഇന്ത്യയിലെ പല ഗ്രാമങ്ങളിലും രാവണന്റെ കോലം കത്തിച്ച് ബ്രാഹ്മണമതം ആഘോഷിക്കുമ്പോള്‍ ‘മത് ഫുങ്കോ .. മത് ഫുങ്കോ … യേ രാക്ഷസ് നഹീ , തഥാഗതാ ഹൈ ‘ ( കത്തിക്കരുത്, കത്തിക്കരുത്, ഇത് രാക്ഷസനല്ല, ബുദ്ധിസ്റ്റാണ് ) എന്ന് പിന്തുണച്ചു കൊണ്ട് ജനങ്ങള്‍ തെരുവിലിറങ്ങുന്നത് .. ഭാവിയില്‍ രാവണനെ ഉയര്‍ത്തിപ്പിടിക്കുന്നത് രാജ്യദ്രോഹക്കുറ്റമായേക്കാവുന്ന വര്‍ത്തമാന ഇന്ത്യയിലും ചരിത്രത്തെ തല കീഴാക്കി നിര്‍ത്താത്ത ഇത്തരം ജനക്കൂട്ടങ്ങള്‍ ഒരാശ്വാസം തന്നെയാണ് .

പുതിയ കാലത്ത് സംഘപരിവാര്‍ ഫാക്ടറികള്‍ മാവേലിക്കെതിരെ വാമനനെ ഉയര്‍ത്തിക്കെട്ടുന്ന ദാര്‍ശനിക ഇടപെടലുകളുമായി ഇറങ്ങിത്തിരിക്കുന്നതിന്റെ ചരിത്രം കൂടി ഓര്‍മ്മിക്കുമ്പോള്‍ ഇവരെത്ര മാത്രം സാമൂഹ്യ വിരുദ്ധ പ്രത്യയശാസത്രത്തിന്റെ വക്താക്കളാണെന്ന് നമുക്കു മനസ്സിലാവും …

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply