എം എസ് പിയുടെ ശതാബ്ദി ആഘോഷങ്ങള്‍ നിര്‍ത്തിവെക്കാന്‍ എം ബി രാജേഷ് ആവശ്യപ്പെടുമോ?

ഒളിയുദ്ധങ്ങളായിരുന്നു കലാപകാരികള്‍ കൂടുതലും നടത്തിയിരുന്നത് എന്നതിനാല്‍ അവരെ നേരിടല്‍ ബ്രിട്ടീഷ് പട്ടാളത്തിന് എളുപ്പമായിരുന്നില്ല. അതിനാലാണ് എം എസ് പി എന്ന പേരിട്ട് നാട്ടുപട്ടാളം കൂടി രൂപീകരിച്ചത്. അതില്‍ മുസ്ലിമുകളും നിരവധിയുണ്ടായിരുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ദുരിതങ്ങള്‍ കലാപകാരികള്‍ക്ക് വരുത്തിക്കൊണ്ടായിരുന്നു എം.എസ്.പിയുടെ തേര്‍വാഴ്ച. പുരുഷന്മാര്‍ ഏറെക്കുറെ കൊല്ലപ്പെട്ടു, അല്ലാത്തവര്‍ പിടിക്കപ്പെടുകയോ ഒളിവില്‍ പോവുകയോ ചെയ്തു, കുറേപ്പേര്‍ അന്തമാനിലേക്ക് നാടുകടത്തപ്പെട്ടു. സ്ത്രീകളും കുട്ടികളും മാത്രമായ വീടുകളില്‍ കൊള്ളയും ബലാത്സംഗവും നിത്യസംഭവമായി.

മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണോ, അതിലെ രക്തസാക്ഷികള്‍ സ്വാതന്ത്ര്യസമരപോരാളികളാണോ എന്നതാണല്ലോ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. ചര്‍ച്ചയിലിടപെട്ട് ഏറ്റവും ശക്തമായ അഭിപ്രായം പറഞ്ഞ രാഷ്ട്രീയനേതാവ് സ്പീക്കര്‍ എം ബി രാജേഷാണ്. സമരനായകന്‍ വാരിയം കുന്നനെ ഭഗത്സിംഗിനോടാണ് അദ്ദേഹം ഉപമിച്ചതത്. വിരുദ്ധ അഭിപ്രായമുള്ളവരെ സ്വാഭാവികമായും പ്രകോപിപ്പിക്കുന്ന അഭിപ്രായം. തുടര്‍ന്ന് ലീഗുപോലും അവരുടെ പരിപാടിയുടെ ഉദ്ഘാടകനായി രാജേഷിനെ വിളിച്ചു. അതെല്ലാം സ്വാഗതാര്‍ഹം. എന്നാല്‍ ഇതെല്ലാം നടക്കുമ്പോള്‍ മറ്റൊരു സംഭവം അധികാമാരും ശ്രദ്ധ്ിക്കാതെ കേരളത്തില്‍ നടക്കുന്നുണ്ട്. മലബാര്‍ കലാപത്തെ അതിക്രൂരമായി അടിച്ചമര്‍ത്താന്‍ രൂപീകരിച്ച എം എസ് പി എന്ന മലബാര്‍ സ്പംഷല്‍ പോലീസിന്റെ ശതാബ്ദി ആഘോഷവും ഈ സമയത്ത് നടക്കുന്നതായി വാര്‍ത്ത കണ്ടു. പ്രസ്തുത ആഘോഷം നിര്‍ത്തിവെക്കാന്‍ കൂടി ആവശ്യപ്പെടുമ്പോഴാണ് രാജേഷിന്റെ പോരാട്ടം ലക്ഷ്യം നേടുക.

മലബാര്‍ കലാപത്തെ സ്വാതന്ത്ര്യസമരമായി കാണാനാകുമോ എന്ന ചര്‍ച്ച പുതിയതല്ല. എത്രയോ കാലമായി നടക്കുന്ന ചര്‍ച്ചയാണത്. മലബാര്‍ കലാപത്തെ കേന്ദ്രീകരിച്ച് പുറത്തുവന്ന പുസ്തകങ്ങളിലെല്ലാം ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുമുണ്ട്. സംസ്ഥാനത്തെ മാത്രമല്ല, രാജ്യത്തെ തന്നെ പ്രമുഖ ചരിത്രകാരന്മാരെല്ലാം അതില്‍ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. തികച്ചും ഏകപക്ഷീയമായ ചില അഭിപ്രായങ്ങള്‍ മാറ്റിവെച്ചാല്‍ പൊതുവിലുള്ള നിരീക്ഷണങ്ങള്‍ ഇങ്ങനെയാണെന്നു പറയാം. മലബാര്‍ കലാപത്തിന് നിരവധി കാരണങ്ങളും ധാരകളുമുണ്ട്. അതില്‍ പ്രധാനം ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപം എന്നതു തന്നെയാണ്. ഒപ്പം തന്നെ അത് ജന്മിത്വത്തിനെതിരായ കര്‍ഷകകലാപമായിരുന്നു. എന്നാലതൊടൊപ്പം പലയിടത്തും അത് വഴിതെറ്റിപോകുകയും ഹിന്ദുക്കള്‍ക്കെതിരായി തിരിയുകയും ചെയ്തിട്ടുണ്ട്. ചിലയിടങ്ങളില്‍ നിര്‍ബന്ധിത മതം മാറ്റങ്ങളും നടന്നിട്ടുണ്ട്.

ഇത്തരം വ്യത്യസ്ഥ അഭിപ്രായങ്ങളെല്ലാം വിശദമായി പരിശോധിച്ചശേഷമാണ് കലാപത്തെ സ്വാതന്ത്ര്യസമരമായി രാജ്യം അംഗീകരിച്ചത്. കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളായും അംഗീകരിച്ചു. എന്നാല്‍ അവസരം കിട്ടുമ്പോഴൊക്കെ ഈ തീരുമാനത്തിനെതിരെ വര്‍ഗ്ഗീയവാദികള്‍, പ്രത്യേകിച്ച് സംഘപരിവാര്‍ ശക്തികള്‍ രംഗത്തുവരാറുണ്ട്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം ചരിത്രം തന്നെ തങ്ങളുടെ താല്‍പ്പര്യത്തിനനുസൃതമായി തിരുത്തി എഴുതുകയാണല്ലോ. അതിന്റെ ഭാഗമാണ് മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ല എന്ന പുതിയ കണ്ടെത്തല്‍ എന്ന് പ്രകടം. അതിനായി തങ്ങളുടെ ചട്ടുകമായ ഐ സി എച്ച് ആറിനെ ഉപയോഗിക്കുന്നു എന്നുമാത്രം. അതും കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍. ഭാവിയില്‍ ഗാന്ധിയെ വധിച്ചത് ഗോഡ്‌സെയല്ല, അംബേദ്കറോ നെഹ്‌റുവോ ആണെന്നുപോലും ഇവര്‍ തിരുത്തിക്കൂടാ എന്നില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

”…പരമകാരുണ്യവാനായ ബ്രിട്ടീഷ് സര്‍ക്കാര്‍ എന്നെ മോചിപ്പിക്കുകയാണെങ്കില്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ബ്രിട്ടീഷ് ഭരണഘടനയുടെ ഏറ്റവും ഉറച്ച വക്താവായും ബ്രിട്ടീഷ് സര്‍ക്കാറിനോട് കൂറു പുലര്‍ത്തിയും….” ജീവിക്കുമെന്നും ‘….മാത്രമല്ല, ഭരണഘടനാ രേഖ അംഗീകരിച്ചു കൊണ്ടുള്ള എന്റെ പരിവര്‍ത്തനം ഒരുകാലത്ത് വഴിതെറ്റിപ്പോയ, ഇന്ത്യയിലും വിദേശത്തും ഉള്ള എന്റെ മാര്‍ഗ്ഗദര്‍ശി ത്വം അംഗീകരിക്കുന്ന യുവാക്കളെയും തിരികെ കൊണ്ടുവരും. സര്‍ക്കാര്‍ പറയുന്ന ഏത് പദവിയിലും സര്‍ക്കാരിനെ സേവിക്കാന്‍ ഞാന്‍ തയ്യാറാണ്, കാരണം എന്റെ മനഃസ്സാക്ഷി പരിവര്‍ത്തനം എന്റെ ഭാവിയിലുള്ള സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നതായിരിക്കും…” എന്നും ബ്രിട്ടീഷ് സര്‍ക്കാരിനു മാപ്പപേക്ഷ നല്‍കിയ സാക്ഷാല്‍ സവര്‍ക്കറുടെ പിന്മാഗിമകളാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നത് എന്നതാണ് കൗതുകകരം. മറുവശത്ത് വാരിയം കുന്നന്‍ ചെയ്തതോ? മാപ്പുനല്‍കി പുണ്യഭൂമിയായ മെക്കയിലേക്ക് വിടാമെന്ന ബ്രിട്ടീഷുകാരുടെ വാഗ്ദാനത്തെ തള്ളുകയും തന്നെ മുന്നില്‍ നിന്നു വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെടുകയുമാണ് ചെയ്തത്. സമാനമാണല്ലോ ഭഗത്‌സിംഗിന്റേയും ചരിത്രം. ബ്രിട്ടീഷ് ഭരണത്തിനെതിരെ സായുധകലാപം നടത്തിയ അദ്ദേഹത്തിനും മാപ്പുചോദിച്ചാല്‍ രക്ഷപ്പെടാമായിരുന്നല്ലോ. വാരിയം കുന്നന്റേയും ഭഗത്‌സിംഗിന്റേയും ഈ സമാനതകള്‍ ചൂണ്ടികാട്ടിയതിനാണ് യുവമോര്‍ച്ചക്കാര്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയത്.

തീര്‍ച്ചയായും ആലിമുസ്ലിയാരെയും വാരിയം കുന്നനെയും മതവിശ്വാസം സ്വാധീനിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ വകഭേദം തന്നെയായാണ് ആലിമുസ്ലിയാരുടെ പോരാട്ടം. മഹാത്മാഗാന്ധിയക്കമുള്ളവര്‍ മലബാറിലെത്തി സ്വാതന്ത്ര്യസമരത്തിനും ഖിലാഫത്തിനും ഊര്‍ജ്ജം നല്‍കിയതിന് ശേഷമാണ് വാസ്തവത്തില്‍ പോരാട്ടം ശക്തമായത്. 1894 ല്‍ ജ്യേഷ്ഠന്‍ ബ്രിട്ടീഷുകാരാല്‍ വധിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞാണ് അതുവരെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന കവരത്തിയില്‍ നിന്ന ജന്മനാടായ ഏറനാട്ടിലേക്ക് ആലിമുസ്ലിയാര്‍ എത്തിയത്. കോണ്‍ഗ്രസ്സിനോട് ഐക്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. മഹാത്മാഗാന്ധിയില്‍ നിന്നു ലഭിച്ച ഊര്‍ജ്ജമാണ് അദ്ദേഹത്തെ ഖിലാഫത്തിന്റെ നേതൃത്വമേറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയാകട്ടെ പതിറ്റാണ്ടുകളായി ബ്രീട്ടീഷ് സര്‍ക്കാരിനെതിരെ സമരം നയിച്ച കുടുംബത്തിലെ അംഗമായിരുന്നു. ഇതൊക്കെയാണ് ചരിത്രം തിരുത്തുന്നവര്‍ മറച്ചുവെക്കുന്നത്.

ഇവരുടെ നേതൃത്വത്തില്‍ കുറച്ചുകാലമെങ്കിലും സ്വതന്ത്രരാജ്യം സ്ഥാപിച്ചു എന്നത് സ്വാതന്ത്ര്യസമരചരിത്രത്തിലെ വീറുറ്റ അധ്യായമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിതന്നത് മഹാത്മാഗാന്ധിയാണെന്നും അത് നേടിയത് അഹിംസയിലൂടെയാണെന്നും പൊതുവില്‍ പറയുമെങ്കിലും സ്വാതന്ത്ര്യസമത്തിന് എത്രയോ ശാഖകളുണ്ടായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരം തന്നെ രക്തരൂക്ഷിതകലാപമായിരുന്നല്ലോ. ഭഗത്‌സിംഗിനേയും സുഭാഷ് ചന്ദ്രബോസിനേയും ഒഴിച്ചുനിര്‍ത്തിയൊരു സ്വാതന്ത്ര്യസമരചരിത്രം സാധ്യമാണോ? മലബാര്‍ കലാപവും അതിന്റെ ഭാഗമായി സ്ഥാപിച്ച സ്വതന്ത്രരാജ്യവുമൊക്കെ സ്വാതന്ത്ര്യസമരത്തിലെ ഉശിരന്‍ അധ്യായങ്ങളാണ്. ആലിമുസ്ലിയാരെ അറസ്റ്റ് ചെയ്യാനുള്ള പട്ടാളത്തിന്റെ നീക്കമാണ് സ്വതന്ത്ര രാജ്യം സ്ഥാപിക്കുന്ന പ്രക്ഷോഭത്തിലേക്കെത്തിയത്. രാജ്യത്തിന്റെ പേര് മാപ്പിളരാജ്യമെന്നായിരുന്നില്ല, മലയാളരാജ്യം എന്നായിരുന്നു. സമാന്തര സര്‍ക്കാര്‍, കോടതികള്‍, നികുതി കേന്ദ്രങ്ങള്‍, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, സൈന്യം, നിയമ പോലീസ്, പാസ്‌പോര്‍ട്ട് സംവിധാനം എന്നിവയെല്ലാം സ്ഥാപിച്ചു. മൂഴികുളത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് ഈ പോരാട്ടത്തില്‍ വാരിയം കുന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ വലംകയ്യായിരുന്നു.

ഇക്കാലഘട്ടത്തിലായിരുന്നു പല ഹൈന്ദവ തറവാടുകളും അക്രമിക്കപ്പെട്ടത്. അവയില്‍ മഹാഭൂരിപക്ഷവും കലാപത്തെ അമര്‍ച്ച ചെയ്യാനായി ബ്രിട്ടീഷുകാരെ സഹായിച്ചവരുടേതാണ്. അത്തരത്തിലുള്ള മുസ്ലിം ജന്മികളുടെ തറവാടുകളും അക്രമിച്ചിട്ടുണ്ട്. കലാപത്തോടൊപ്പം നിന്ന ഹിന്ദുക്കളെ സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അക്രമിക്കാനുംം സംരക്ഷിക്കപ്പെടാനുമുള്ള മാനദണ്ഡം ജാതീയതയോ മതവിശ്വാസമോ ആയിരുന്നില്ല സാമ്രാജ്യത്വ വിരുദ്ധതയും സാമ്രാജ്യത്വ അനുഭാവവുമായിരുന്നു. ഹിന്ദുക്കളോട് വിവേചനം പാടില്ല എന്ന് മലയാള രാജ്യം പ്രഖ്യാപിച്ചിരുന്നു. അതുതെറ്റിച്ചവരെ ശിക്ഷിച്ചിരുന്നു. കുറെ പേര്‍ കിട്ടിയ അവസരം മുതലെടുത്ത് നിര്‍ബന്ധിത മതംമാറ്റം നടത്താനിറങ്ങി. അത്തരത്തിലുള്ള നാലുപേരെ തൂക്കിലേറ്റുകപോലും ചെയ്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം ജന്മി – കുടിയാന്‍ ബന്ധങ്ങളിലെ മതപരമായ ഘടകങ്ങള്‍ കലാപത്തില്‍ ചെറിയതോതില്‍ പ്രതിഫലിച്ചിരുന്നു എന്നത് വിസ്മരിക്കാനുമാകില്ല. ഭൂ ഉടമകള്‍ ഭൂരിഭാഗവും സവര്‍ണ്ണ ഹിന്ദുക്കളും കുടിയാന്മാര്‍ മുസ്ലിമുകളുമായിരുന്നു. ജാതീയവിവേചനത്തില്‍ നിന്നു രക്ഷപ്പെടാന്‍ നേരത്തെ തന്നെ മുസ്ലിംമതത്തിലേക്കു മാറിയ ദളിതരും പിന്നോക്കക്കാരുമായിരുന്നു കുടിയാന്മാരില്‍ കൂടുതലും. ജന്മി – കുടിയാന്‍ സംഘര്‍ഷങ്ങള്‍ പലപ്പോഴും രക്തരൂക്ഷിതമായിരുന്നു. അപ്പോഴൊക്കെ ബ്രിട്ടീഷ് പട്ടാളം ജന്മിമാര്‍ക്കൊപ്പം നിന്നിരുന്നു. കലാപകാലത്തുടനീളം പല തവണ പട്ടാളം കലാപകാരികള്‍ക്കുനേരെ വെടിവെച്ചിരുന്നു. അക്കാലത്താണ് കലാപത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മലബാര്‍ സ്‌പെഷല്‍ പോലീസ് രൂപീകരിക്കപ്പെട്ടത്. പൂക്കോട്ടൂര്‍ യുദ്ധത്തിലും മറ്റും നൂറുകണക്കിനുപേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പലയിടത്തും തിരിച്ചുള്ള അക്രമണത്തില്‍ പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. കലാപത്തിന്റെ തുടര്‍ച്ചയായുണ്ടായ വാഗണ്‍ ട്രാജഡി കൂട്ടക്കൊല, ചരിത്രത്തിന്റെ കണ്ണീരായി ഇപ്പോഴും നിലനില്‍ക്കുന്നു.

ഈ ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കാര്‍ക്കിച്ചു തുപ്പിയാണ് ചരിത്രം തിരുത്താനുള്ള ഇപ്പോഴത്തെ നീക്കം. അതൊടൊപ്പമാണ് എം സ് പിയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നത്. ഒളിയുദ്ധങ്ങളായിരുന്നു കലാപകാരികള്‍ കൂടുതലും നടത്തിയിരുന്നത് എന്നതിനാല്‍ അവരെ നേരിടല്‍ ബ്രിട്ടീഷ് പട്ടാളത്തിന് എളുപ്പമായിരുന്നില്ല. അതിനാലാണ് എം എസ് പി എന്ന പേരിട്ട് നാട്ടുപട്ടാളം കൂടി രൂപീകരിച്ചത്. അതില്‍ മുസ്ലിമുകളും നിരവധിയുണ്ടായിരുന്നു. ചരിത്രത്തില്‍ തുല്യതയില്ലാത്ത ദുരിതങ്ങള്‍ കലാപകാരികള്‍ക്ക് വരുത്തിക്കൊണ്ടായിരുന്നു എം.എസ്.പിയുടെ തേര്‍വാഴ്ച. പുരുഷന്മാര്‍ ഏറെക്കുറെ കൊല്ലപ്പെട്ടു, അല്ലാത്തവര്‍ പിടിക്കപ്പെടുകയോ ഒളിവില്‍ പോവുകയോ ചെയ്തു, കുറേപ്പേര്‍ അന്തമാനിലേക്ക് നാടുകടത്തപ്പെട്ടു. സ്ത്രീകളും കുട്ടികളും മാത്രമായ വീടുകളില്‍ കൊള്ളയും ബലാത്സംഗവും നിത്യസംഭവമായി. കലാപത്തില്‍ പങ്കെടുക്കുകയോ കലാപത്തോടനുഭാവം പുലര്‍ത്തുകയോ ചെയ്യാത്ത ഹിന്ദുക്കളുടെ വീടുകളില്‍ പോലും എം.എസ്.പിയുടെ അതിക്രമങ്ങള്‍ നടന്നതായി കെ. മാധവന്‍ നായരടക്കം നിരവധി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗംതന്നെയാണെന്ന് സിപിഎം അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കില്‍ ഉടനടി എം എസ് പിയുടെ ശതാബ്ദി ആഘഷങ്ങള്‍ നിര്‍ത്തിവെക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അതിനായി പാര്‍ട്ടിക്കകത്തും പുറത്തും ശബ്ദമുയര്‍ത്താന്‍ രാജേഷ് തയ്യാറാകണം. മറ്റൊന്നു കൂടി സര്‍ക്കാരും കമ്യൂണിസ്റ്റുകാരും മുഴുവന്‍ കേരളീയരും മനസ്സിലാക്കിയാല്‍ നന്ന്. അടുത്തതായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെടാന്‍ പോകുന്നത് പുന്നപ്ര വയലാര്‍ സമരമായിരിക്കും എന്നതാണത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply