മറ്റൊരു മോഡല്‍ : മുഖ്യമന്ത്രിക്ക് ആയുഷിന്റെ മറുപടി

ആയുഷ് ചികിത്സാ പദ്ധതികള്‍ പ്രതിരോധത്തിലും ചികിത്സയിലും ആധുനിക വൈദ്യത്തോടൊപ്പം തുല്യപ്രാധാന്യത്തോടെ ഉള്‍പ്പെടുത്തണമെന്നാണ് ഫോറം ആവശ്യപ്പെടുന്നത്. കാര്യങ്ങള്‍ രൂക്ഷമാകുകയും മുഖ്യമന്ത്രി തന്നെ ബദലുണ്ടോ എന്നു ചോദിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരീക്ഷിക്കുക തന്നെയാണ് ജനാധിപത്യ ഭരണകൂടം ചെയ്യേണ്ടത്

36 ദിവസത്തിനുശേഷമായിരുന്നു, ഒരു കാലത്തു എന്നും വൈകീട്ട് പത്രസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. കൊവിഡ് പ്രതിരോധം ഭേദപ്പെട്ട നിലയില്‍ നടന്നിരുന്നപ്പോള്‍ അവകാശവാദങ്ങളുമായി വന്നിരുന്ന അദ്ദേഹം പ്രശ്‌നം വഷളായപ്പോള്‍ ഒളിച്ചോടുകയാണെന്ന പ്രതിപക്ഷ ആരോപണം സ്വാഭാവികമായും ഉയര്‍ന്നിരുന്നു. എന്തായാലും ഒരു മണിക്കൂറില്‍ കൂടുതല്‍ മാധ്യമങ്ങളോടും അതുവഴി കേരളത്തോടും സംസാരിച്ച അദ്ദേഹം മുഖ്യമായും സ്ഥാപിക്കാന്‍ ശ്രമിച്ചത് സംസ്ഥാനത്ത് വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല എന്നായിരുന്നു. അതിനായി പല കണക്കുകളും വ്യാഖ്യാനങ്ങളും ഉദ്ധരണികളും താരതമ്യങ്ങളും അദ്ദേഹം കൊണ്ടുവരുകയും ചെയ്തു. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ 70 ശതമാനവും മരണത്തില്‍ ഒന്നാം സ്ഥാനവും കേരളമായ ദിവസമാണ് മുഖ്യമന്ത്രി ഇതെല്ലാം ഉദ്ധരിച്ച് വലിയ പ്രശ്‌നങ്ങളൊന്നുമില്ല എന്നു സ്ഥാപിക്കാന്‍ ശ്രമിച്ചത്.

മുഖ്യമന്ത്രി പറഞ്ഞതിലെ ഒരു ഉദാഹരണം ചൂണ്ടികാട്ടാം. കേരളത്തിലെ കൊവിഡ് പ്രതിരോധം മികച്ചതാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റ് പ്രൊഫസര്‍ ഗഗന്‍ദ്വീപ് ദി വയറിനോട് പറഞ്ഞതിന്റെ വിശദാംശങ്ങള്‍ ഉദ്ധരിക്കാനായിരുന്നു മുഖ്യമന്ത്രി ഏറെ സമയം ചിലവഴിച്ചത്. എന്നാല്‍ അവരത് പറഞ്ഞത് കൃത്യം ഒരുമാസം മുമ്പായിരുന്നു, ജൂലായ് 29ന്. വാര്‍ത്താസമ്മേളനത്തിന്റെ തൊട്ടുതല്ന്ന് ഇന്ത്യാ ടുഡേക്ക് അവര്‍ നല്‍കിയ ഇന്റര്‍വ്യൂവില്‍ പറയുന്നത് കേരളത്തിലെ രോഗവ്യാപനം ആശങ്കപ്പെടുത്തുന്നു എന്നായിരുന്നു. അതിന്റെ കാരണങ്ങളും അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ അതേകുറിച്ച് അദ്ദേഹം മിണ്ടിയില്ല. കേന്ദ്രഭരണപ്രദേശങ്ങളടക്കം 35 സംസ്ഥാനങ്ങളുള്ള രാജ്യത്തെ ഏതാനും ചില പ്രദേശങ്ങള്‍ ചൂണ്ടികാട്ടി കേരളത്തിന്റെ പ്രതിരോധം മഹത്താണെന്നു സ്ഥാപിക്കാനുള്ള മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഉപദേശകരുടേയും ലക്ഷ്യം എന്താണാവോ? കേരളത്തിന്റെ രോഗപ്രതിരോധത്തിന്റെ വിജയമാണ് ഇപ്പോഴത്തെ രോഗവ്യാപനമെന്നുള്ള വിദഗ്ധരുടെ വ്യാഖ്യാനവും കേട്ടു. രോഗപ്രതിരോധം വിജയകരമാണെങ്കില്‍ രോഗവ്യാപനമുണ്ടാകുമോ? രോഗവ്യാപം വൈകിച്ചു എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ വിജയിച്ചു എന്നല്ലല്ലോ വൈകിച്ചു എന്നല്ലേ പറയേണ്ടത്? വിഷയത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു പകരം നിസ്സാരവല്‍ക്കരിക്കുന്ന ഈ രീതി തന്നെയാണ് സംഭവം വഷളാവാന്‍ പ്രധാന കാരണം. അതെങ്കിലും തിരിച്ചറിയാന്‍ എന്നാണാവോ മുഖ്യമന്ത്രിയടക്കമുള്ളവര്‍ തയ്യാറാകുക?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പത്രസമ്മേളനത്തിന്റെ തലേന്ന്, തന്റെ രണ്ടാം സര്‍ക്കാരിന്റെ നൂറാം ദിവസം പ്രമാണിച്ച് ചിന്തയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി ഒരു ചോദ്യം ഉന്നയിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിലെ കേരളമോഡല്‍ തെറ്റാണെങ്കില്‍ എന്തു മോഡലാണ് നിര്‍ദ്ദേശിക്കാനുള്ളത്. ്അതിനോടുള്ള പ്രതികരണമായി സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും പല വ്യക്തികളും സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ശ്രദ്ധേയമായ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്, ഫോറം ഫോര്‍ ഹെല്‍ത്ത് ജസ്റ്റിസ് എന്ന, മുഖ്യമായും ആയുഷ് മേഖലയിലെ ആരോഗ്യപ്രവര്‍ത്തകരടങ്ങിയ സംഘടനയാണ്. കോവിഡ് പ്രതിരോധ – ചികിത്സാ രംഗത്ത് ആയുഷ് വിഭാഗങ്ങളെക്കൂടി ഉള്‍ച്ചേര്‍ക്കണം എന്നാണ് അവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. അത്യന്തം ഫലപ്രദമെന്ന് കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ശാസ്ത്രീയമായി കണ്ടെത്തിയ ആയുഷ് സംവിധാനങ്ങള്‍ കുറെകൂടി കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം. രോഗത്തെ കുറിച്ചുള്ള ഒരുപാട് തിരിച്ചറിവുകള്‍ക്ക് ശേഷവും, രോഗസ്വഭാവത്തെക്കുറിച്ച് അറിവില്ലാതിരുന്ന ആദ്യഘട്ടങ്ങളില്‍ കൊണ്ടുവന്ന കടുത്ത ലോക് ഡൌണ്‍ പോലുള്ള നടപടികള്‍ തൂടരുന്നതിനോട് യോജിക്കാനാകില്ല എന്ന് ഫോറം ചൂണ്ടികാട്ടുന്നു.

പുതിയ വൈറസ് ആയതിനാല്‍ തന്നെ ആധുനികവൈദ്യത്തിന് ഈ രോഗ ചികിത്സയ്ക്ക് ഫലപ്രദമായ മരുന്ന് കണ്ടെത്താനായിട്ടില്ല എന്നതില്‍ അത്ഭുതമില്ലെങ്കിലും രോഗാണു സിദ്ധാന്തം അല്ലാതെ മറ്റു ദര്‍ശനങ്ങളില്‍ അധിഷ്ഠിതമായ ചികിത്സാ പദ്ധതികളെ മാറ്റി നിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ ദുരൂഹം മാത്രമല്ല സമൂഹത്തോട് ചെയ്യുന്ന കടുത്ത അനീതി കൂടിയാണെന്ന് സംഘടന മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു. ആധുനിക വൈദ്യത്തിന് കീഴില്‍ കൂടുതല്‍ നാള്‍ ആശുപത്രികളില്‍ കഴിയേണ്ടി വന്ന പലര്‍ക്കും അനുബന്ധ രോഗങ്ങള്‍ ഉണ്ടാകുന്നതും അത്യാവശ്യമില്ലാത്ത സാഹചര്യത്തില്‍ പോലും സ്റ്റീറോയിഡുകള്‍ പോലുള്ള മരുന്നുകള്‍ നല്‍കുന്നത് കടുത്ത പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നതും ICU വിലും വെന്റിലേറ്ററിലും എത്തുന്ന രോഗികളില്‍ വലിയൊരു ശതമാനം മരണത്തിനു കീഴടങ്ങുന്നതും ഗൗരവത്തോടെ തന്നെ കാണണം. ഇതെല്ലാം കോവിഡ് ചികിത്സയില്‍ തുറന്ന സമീപനത്തോടെയുള്ള പുനരാലോചന ആവശ്യപ്പെടുന്നതാണ്. കോവിഡ് പ്രതിരോധത്തിനു വാക്സിന്‍ മാത്രമാണ് പ്രതിവിധി എന്ന് ലോക ഭരണകൂടങ്ങള്‍ മുഴുവന്‍ നിലപാട് എടുക്കുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. പല രോഗങ്ങളും നിയന്ത്രിക്കുന്നതില്‍ ബന്ധപ്പെട്ട വാക്സിനുകള്‍ ഫലപ്രദമായിട്ടുണ്ട്. എന്നാല്‍ മരുന്ന് പരീക്ഷണത്തിന്റെ പല ഘട്ടങ്ങളും ഒഴിവാക്കി അതിവേഗം emergency use approval നല്‍കിയാണ് കോവിഡ് വാക്സിനുകള്‍ എത്തിയിരിക്കുന്നത്. 8 മാസത്തിലേറെയായി ഉപയോഗത്തിലിരുന്നിട്ടും 450 കോടിയിലധികം ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞിട്ടും ഒരു വാക്സിന് പോലും പൂര്‍ണ്ണ അനുമതി ലഭിച്ചിട്ടില്ല. ചില രാജ്യങ്ങളില്‍ വാക്സിന്‍ വിതരണം പുരോഗമിച്ച ശേഷം രോഗവ്യാപനത്തില്‍ തല്ക്കാലം കുറവ് കാണുന്നുണ്ട്. എന്നാല്‍ നിരവധി രാജ്യങ്ങളില്‍ വാക്സിന്‍ വിതരണം തുടങ്ങിയ ആദ്യഘട്ടങ്ങളില്‍ രോഗവ്യാപനം കുത്തനെ ഉയര്‍ന്നതായി കാണാം. ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍ നടന്ന UAE യില്‍ രോഗവ്യാപനത്തിലോ മരണനിരക്കിലോ കാര്യമായ ഒരു മാറ്റവും കാണാനാകുന്നില്ല. ഒരു ഘട്ടത്തില്‍ രോഗവ്യാപനം നിയന്ത്രിച്ചു എന്ന് അവകാശപ്പെട്ട ഇസ്രായേലില്‍ ഇപ്പോള്‍ വീണ്ടും രോഗവ്യാപനം കുത്തനെ ഉയരുകയാണ്. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം ശരാശരി 12000 നടുത്ത് എത്തിയിരുന്ന US ല്‍ കഴിഞ്ഞ കുറച്ചു നാളുകളായി എണ്ണം ഒരു ലക്ഷത്തിലും മുകളില്‍ ആണ്. വാക്സിന്‍ സ്വീകരിച്ചവരിലും വൈറസ് ബാധ ഉണ്ടാകുന്നു എന്നു മാത്രമല്ല, അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നു. ബ്രിട്ടണിലും പുതിയ പ്രതിദിനകോവിഡ് കേസുകള്‍ 20000 നും 30000 നും ഇടയിലാണ്.

കേരളത്തില്‍, പത്തനംതിട്ട ജില്ലയില്‍ ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച 15000 ഓളം പേര്‍ക്കും രണ്ട് ഡോസ് സ്വീകരിച്ചവരില്‍ 5000 പേര്‍ക്കും കോവിഡ് പോസിറ്റീവ് ആയി എന്ന് കേന്ദ്രസംഘം തന്നെ പറഞ്ഞിരിക്കുന്നു. അവിടെ രണ്ടാം ഡോസ് സ്വീകരിച്ചു 15 ദിവസത്തിന് ശേഷം രോഗബാധ ഉണ്ടായവരില്‍ 4 പേര്‍ മരണമടഞ്ഞു എന്ന് ആരോഗ്യമന്ത്രി പറഞ്ഞിരിക്കുന്നു. ഇത് സംസ്ഥാനത്തെ ശരാശരി മരണനിരക്കിന്റെ രണ്ടര ഇരട്ടിയോളം ആണെന്നത് ആശങ്കയുയര്‍ത്തുന്നു. ഇവര്‍ പ്രായമായവരാണ് എന്ന് മന്ത്രി പറയുമ്പോള്‍, ഏറ്റവുമധികം രോഗഭീഷണി നിലനില്‍ക്കുന്നവരില്‍ പ്രതിരോധശേഷി കൊണ്ടുവരാന്‍ വാക്സിനുകള്‍ക്ക് ആകുന്നില്ല എന്ന സംശയം ആണ് ബലപ്പെടുന്നത്. എറണാകുളം ജില്ലയിലും വാക്സിന്‍ സ്വീകരിച്ചവരില്‍ സമാനരീതിയില്‍ രോഗവ്യാപനം ഉണ്ടായി എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നതിനും തൊഴിലെടുക്കുന്നതിനും അവശ്യവസ്തുക്കള്‍ വാങ്ങുന്നതിന് പോലും വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം എന്ന് നിബന്ധന വയ്ക്കുന്നത് പൗരാവകാശം ലംഘിക്കുന്നതും നിയമവിരുദ്ധവും മാത്രമല്ല തികച്ചും അര്‍ത്ഥശൂന്യവുമാണെന്നും സംഘടന പറയുന്നു. ഇത്ര തന്നെ കടുത്ത അടച്ചിടലുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താതിരുന്ന രാജ്യങ്ങളിലും ഇന്ത്യയിലെതന്നെ ഇതര സംസ്ഥാനങ്ങളിലും ആളുകളില്‍ മെച്ചപ്പെട്ട സ്വാഭാവികപ്രതിരോധം ആര്‍ജ്ജിച്ചിരിക്കുന്നതായി സീറോ-പ്രിവലന്‍സ് പഠന രേഖകള്‍ വെളിപ്പെടുത്തുന്നുമുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ദീര്‍ഷകാലാടിസ്ഥാനത്തിലുള്ള പല നിര്‍ദ്ദേശങ്ങളും ഫോറം മുന്നോട്ടുവെക്കുന്നുണ്ട്. മനുഷ്യരുടെ സ്വാഭാവിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന ഭക്ഷണക്രമം ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്. വിരുദ്ധ ആഹാരങ്ങള്‍ ഒഴിവാക്കുന്നതും ശ്രദ്ധിക്കണം. പ്രായമായവരുടെ കാര്യത്തില്‍ സവിശേഷ ശ്രദ്ധ വേണം. കോവിഡ് പ്രധാനമായും ശ്വാസകോശത്തെ ആണ് ബാധിക്കുക എന്നതിനാല്‍ പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങള്‍ ഏറെ ഗുണം ചെയ്യും. അനുയോജ്യമായ യോഗാസനങ്ങള്‍ ഉള്‍പ്പെടെ മറ്റു വ്യായാമങ്ങളും ശരീരത്തിലെ സ്വാഭാവിക പ്രതിരോധശേഷി വളര്‍ത്തുന്നതില്‍ വളരെ പ്രധാനമാണ്. ഭക്ഷണവും വ്യായാമവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കോവിഡ് േ്രപാട്ടോകോളിന്റെ ഭാഗമാക്കി വ്യാപക പ്രചാരണം നല്‍കണം. കേരളത്തില്‍ അമൃതം പദ്ധതിയുടെ ഭാഗമായി 2020 മെയ് 21 മുതല്‍ ജൂലൈ 8 വരെ സമ്പര്‍ക്കം മൂലമോ യാത്രയെ തുടര്‍ന്നോ ക്വാറന്റൈനില്‍ ഉണ്ടായിരുന്ന ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ നല്‍കിപ്പോള്‍ മികച്ച ഫലമാണ് ലഭിച്ചത്. ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ചവരില്‍ 0.34 ശതമാനം പേര്‍ കോവിഡ് പോസിറ്റീവ് ആയപ്പോള്‍ അത് ഉപയോഗിക്കാത്തവരില്‍ 1.62 ശതമാനം പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. അമൃതം പദ്ധതിയുടെ ഭാഗമായിരുന്നിട്ട് കോവിഡ് പോസിറ്റീവ് ആയവരില്‍ 70 ശതമാനത്തോളം പേര്‍ക്ക് യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല മറ്റുള്ളവര്‍ക്കും ആയുര്‍വേദത്തിലൂടെയുള്ള തുടര്‍ ചികിത്സയില്‍ വളരെ വേഗം തന്നെ പൂര്‍ണമായി സുഖപ്പെട്ടു. ഇവരില്‍ യാതൊരു പാര്‍ശ്വഫലവും ഉണ്ടായിരുന്നില്ല എന്നതും എടുത്തു പറയേണ്ടതാണ്. ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിലെ 27 കണ്ടൈന്റ്‌മെന്റ് സോണുകളില്‍ 30,000-ല്‍ അധികം പേരെ പങ്കെടുപ്പിച്ച് നടത്തിയ പഠനത്തില്‍ (Randomised controlled Trial) ഹോമിയോ പ്രതിരോധ മരുന്ന് ഉപയോഗിച്ചവരില്‍ 0.5 ശതമാനം പേര്‍ക്ക് മാത്രം വൈറസ് ബാധ ഉണ്ടായപ്പോള്‍ ഇത് ഉപയോഗിക്കാത്തവരില്‍ 3.03 ശതമാനം പേര്‍ കോവിഡ് പോസിറ്റീവ് ആയതായി തെളിഞ്ഞു. തമിഴ്‌നാട്ടില്‍ വ്യാപകമായി ഉപയോഗിക്കുന്ന സിദ്ധ പ്രതിരോധ മരുന്നിനെ സംബന്ധിച്ച പഠനവും പ്രതീക്ഷ നല്‍കുന്ന ഫലമാണ് പ്രദാനം ചെയ്തത്. വിവിധ വിഭാഗങ്ങളുടെ പ്രതിരോധ ഔഷധങ്ങള്‍ ഉപയോഗിക്കുന്നവരിലും യോഗ പ്രകൃതിജീവന രീതികള്‍ പിന്തുടരുന്നവരിലും വൈറസ് ബാധയുണ്ടായാലും അപൂര്‍വ്വം ആളുകളില്‍ ഒഴികെ അത് ഗൗരവം ആകുന്നില്ല എന്നതും ഏറെ ആശാവഹമാണ്.

വൈറസ് ബാധിതരെ ചികിത്സിക്കുന്നതിലും വിവിധ ആയുഷ് വിഭാഗങ്ങള്‍ വളരെ ഫലപ്രദമാണ് എന്ന് അന്താരാഷ്ട്ര ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി പഠനങ്ങള്‍ വ്യക്തമാക്കുന്നതായും സംഘടന ചൂണ്ടികാട്ടുന്നു. നാഷണല്‍ സിദ്ധ ഇന്‍സ്റ്റിയൂട്ട് 4000 രോഗികളെ ചികിത്സിച്ചപ്പോള്‍ അതില്‍ ഒരാള്‍ പോലും മരണപ്പെടാതെ പൂര്‍ണമായി സുഖപ്പെടുത്താനായി എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 27000 അധികം പേരെ വിവിധ ആയുഷ് സംവിധാനങ്ങളില്‍ ചികിത്സിച്ച് അതില്‍ ഒരാള്‍ പോലും മരണപ്പെട്ടില്ല എന്ന് അവിടത്തെ ആരോഗ്യമന്ത്രി ഈയിടെ പ്രസ്താവിക്കുകയുണ്ടായി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയില്‍ നിന്നും കോവിഡ് ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വളരെ ഉയര്‍ന്ന ഫലപ്രാപ്തി ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ ലഘുവായ രോഗലക്ഷണം ഉള്ളവര്‍ ‘ഭേഷജം’ പദ്ധതിയുടെ കീഴില്‍ ചികിത്സയ്ക്ക് വിധേയമായപ്പോള്‍ വളരെ മികച്ച ഫലമാണ് ലഭിച്ചതെന്ന് നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടിയില്‍ നിന്ന് വ്യക്തമാണ്. ഡല്‍ഹി ഭോപ്പാല്‍ പൂനെ തുടങ്ങിയ സ്ഥലങ്ങളിലെ കോവിഡ് ആശുപത്രികളില്‍ സാധാരണ ചികിത്സയ്‌ക്കൊപ്പം ഹോമിയോ മരുന്നുകള്‍ നല്‍കിയപ്പോള്‍ വേഗത്തില്‍ രോഗമുക്തി കൈവന്നതായി തെളിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയില്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ ആയിരക്കണക്കിന് കോവിഡ് രോഗികളെ ചികിത്സിച്ചു രോഗമുക്തരാക്കിയ വാര്‍ത്ത മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇത്തരം രീതികള്‍ സ്വീകരിച്ചവരില്‍ കോവിഡാനന്തര രോഗങ്ങള്‍ തീരെ കാണപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ആയുഷ് ചികിത്സാ പദ്ധതികള്‍ പ്രതിരോധത്തിലും ചികിത്സയിലും ആധുനിക വൈദ്യത്തോടൊപ്പം തുല്യപ്രാധാന്യത്തോടെ ഉള്‍പ്പെടുത്തണമെന്നാണ് ഫോറം ആവശ്യപ്പെടുന്നത്. കാര്യങ്ങള്‍ രൂക്ഷമാകുകയും മുഖ്യമന്ത്രി തന്നെ ബദലുണ്ടോ എന്നു ചോദിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ നിര്‍ദ്ദേശങ്ങള്‍ പരീക്ഷിക്കുക തന്നെയാണ് ജനാധിപത്യ ഭരണകൂടം ചെയ്യേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply