തുടരണം ആവിഷാകര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം

സംഘടിത ശക്തികള്‍ക്കുമുന്നില്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ കേരളീയ പൊതുസമൂഹമോ സര്‍ക്കാരുകളോ ഇനിയും വളരേണ്ടിയിരിക്കുന്നു

സ്വാതന്ത്ര്യത്തെ കുറിച്ച്, പ്രത്യകിച്ച് കലാകാരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം സംസാരിക്കുന്നവരാണ് പൊതുവില്‍ മലയാളികള്‍. എന്നാല്‍ കാലാകാലങ്ങളില്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരെ കടന്നാക്രമണങ്ങള്‍ നടക്കുന്നതില്‍ കേരളം ഒട്ടും പുറകിലല്ലതാനും. അത്തരം സന്ദര്‍ഭങ്ങളിലാകട്ടെ പൊതുവില്‍ സമൂഹം നിശബ്ദമാകുന്നതാണ് കാണാറുള്ളത്. സമൂഹം മാത്രമല്ല, സര്‍ക്കാരുകളും മിക്കപ്പോഴും അങ്ങനെതന്നെ. അതിനുള്ള കാരണം വളരെ വ്യക്തമാണ്. മിക്കപ്പോഴും അത്തരം കടന്നാക്രമണങ്ങള്‍ നടക്കുന്നത് സംഘടിതവിഭാഗങ്ങളില്‍ നിന്നാണ് എന്നതുതന്നെ. പലപ്പോഴും മതവിഭാഗങ്ങളില്‍ നിന്ന്. അല്ലെങ്കില്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്ന്.

കുറച്ചുദിവസങ്ങളായി കേരളം കടന്നുപോകുന്നത് അത്തരമൊരു കടന്നാക്രമണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെയാണ്. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തന്നെയാണുദ്ദേശിക്കുന്നത്. സിനിമയുടെ പേര് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ശക്തമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും നടക്കുകയുണ്ടായി. ഇപ്പോഴിതാ വിവാദം പുതിയൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. ഒരു സിനിമക്ക് ഈശോ എന്നു പേരു കൊടുത്താല്‍ തകരുന്നതാണോ മതവിശ്വാസം എന്നു ചോദിച്ച് ഒരു യുവപുരോഹിതന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രസക്തമായ അദ്ദേഹത്തിന്റെ ചോദ്യത്തിനു മറുപടി പറയാതെ ഫോണിലൂടേയും സോഷ്യല്‍ മീഡിയയിലൂടേയും വളരെ മോശമായ രീതിയില്‍ കടന്നാക്രമിക്കുകയാണ് ഒരു വിഭാഗം വിശ്വാസികള്‍.

അങ്കമാലി രൂപതയുടെ മുഖപത്രമായ ‘സത്യദീപ’ത്തിന്റെ ഇംഗ്ലീഷ് എഡിഷന്റെ അസോസിയേറ്റ് എഡിറ്ററായ ഫാ. ജെയിംസ് പനവേലിലാണ് വിശ്വാസികളില്‍ നിന്ന് സൈബര്‍ അക്രമണം നേരിടുന്നത്. അക്രമണത്തിന് കാരണമായ അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. ”സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം പിന്നിടുമ്പോള്‍ നമുക്ക് സൗകര്യങ്ങളും നേട്ടങ്ങളുമുണ്ട്. പക്ഷെ നമ്മുടെ കൂടെ ജീവിക്കുന്ന മനുഷ്യനെ അവന്റെ നിറം നോക്കി, മതം നോക്കി, ജാതി നോക്കി, കുടുംബമഹിമ നോക്കി വകഞ്ഞു മാറ്റുന്ന മനോഭാവം ഉണ്ടെങ്കില്‍ ക്രിസ്തു ഇല്ല, ജീവിതത്തില്‍ സത്യമില്ല. രണ്ടാഴ്ച്ച മുമ്പാണ് നാദിര്‍ഷയുടെ ഇറങ്ങാനിരിക്കുന്ന സിനിമക്ക് ഈശോ എന്ന പേരു വീണത്. ഉടന്‍ തന്നെ വാളും വടിയുമായി കത്തിക്കാന്‍ ഇറങ്ങിത്തിരിച്ച ഒരു ക്രൈസ്തവ സമൂഹം ഇവിടെയുണ്ട്. ഇതിനു മുമ്പും സിനിമകള്‍ക്ക് പേര് വന്നിട്ടുണ്ട്, ഈ.മ.യൗ, ആമേന്‍, ഹല്ലേലൂയ്യ എന്നിങ്ങനെ എന്തെല്ലാം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ സംയമനം പാലിച്ച ക്രിസ്ത്യാനി ഇന്ന് വാളെടുത്തിറങ്ങിയിരിക്കുകയാണ്. അങ്ങനെ സമൂഹമാധ്യമങ്ങളില്‍ നമുക്ക് ക്രിസംഘി എന്ന പേര് വീണു. അത് നമ്മുടെ സ്വഭാവം കൊണ്ട് നമുക്ക് കിട്ടിയ പേരാണ്. പണ്ടൊന്നും നമ്മള്‍ ഇങ്ങനെയായിരുന്നില്ല. മറ്റുള്ളവരേക്കാളും തീവ്രമായ വര്‍ഗീയത എങ്ങനെയാണ് നമ്മളിലേക്ക് വന്നത്. ഈശോ എന്ന പേരില്‍ ഒരു സിനിമ ഇറക്കിയാല്‍ പഴുത്ത് പൊട്ടാറായി നില്‍ക്കുന്ന വ്രണമാണോ നിങ്ങളുടെ മതവികാരം? ഇതിനപ്പുറമാണ് ക്രിസ്തു എന്ന് മനസിലാക്കുന്ന ഒരു വിശ്വാസിക്ക് ഇതൊന്നും ഒന്നുമല്ല. ക്രിസ്തുവിനെ ശരിയായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ വരുമ്പോഴാണ് കൊത്തി കീറാനും മാന്തി കീറാനും തീ കത്തിക്കാനും ഇറങ്ങുന്ന വര്‍ഗീയവാദി ക്രിസ്ത്യാനികളാകുന്നത്. ഇത് സമുദായവാദമാണ്, മതാത്മകതയാണ്. നമുക്ക് വേണ്ടത് സമുദായവാദമോ മതാത്മകതയോ അല്ല. നമുക്ക് വേണ്ടത് ആത്മീയതയാണ്. അത് മനുഷ്യനെ സ്‌നേഹിക്കലാണ്, ചുറ്റുമുള്ള മനുഷ്യനെ തിരിച്ചറിയലാണ്.’

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഒരു സിനിമയുടെ പേരുകൊണ്ടു തകര്‍ന്നു വീഴുന്നതാണോ വിശ്വാസം എന്ന ഫാദറിന്റെ ചോദ്യമാണ് ഇവിടെ ഏറ്റവും പ്രസക്തം. വര്‍ഷങ്ങള്‍ക്കുമുമ്പ് ബിഷപ്പ് പൗലോസ് മാര്‍ പൗലോസും ഇക്കാര്യം ഉറക്കെ വിളിച്ചു പറഞ്ഞത് പലരും മറന്നിട്ടുണ്ടാകില്ല. സിനിമക്കെതിരേയും ഫാദറിനെതിരേയും രംഗത്തിറങ്ങുന്നവര്‍ക്ക് സ്വന്തം വിശ്വാസത്തില്‍ പോലും വിശ്വാസമില്ല എന്നതാണ് സത്യം. തീര്‍ച്ചയായും ഇത് പുതിയ വിഷയമോ ആദ്യത്തെ വിവാദമോ അല്ല. സമാനമായ എത്രയോ സംഭവങ്ങള്‍ അടുത്തകാലത്തുപോലും നടന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ജനകീയ സാംസ്‌കാരിക വേദി അവ തരിപ്പിച്ച നാട്ടുഗദ്ദിക എന്ന ആദിവാസി നാടകത്തിനെതിരെ കേരളത്തില ങ്ങോളമിങ്ങോളം അക്രമങ്ങള്‍ നടത്തിയത് പ്രധാനമായും സിപിഎം അനു ഭാവികളായിരുന്നു. സാര്‍വ്വദേശീയഗാനം പാടിയതിന് സച്ചിദാനന്ദനടക്കമു ള്ളവരെ അറസ്റ്റ് ചെയ്ത സംഭവവും അന്നുണ്ടായി. വര്‍ഷങ്ങള്‍ക്കുശേഷം സിവിക് ചന്ദ്രന്റെ നിങ്ങളാരെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിനുനേരേയും ഇടതുപക്ഷത്തുനിന്ന് ഭീഷണികളുണ്ടായി. സമീപകാലത്ത് ടി പി ചന്ദ്രശേഖരന്‍ വധത്തെ പ്രമേയമാക്കിയ 541ാൈാ വെട്ട് എന്ന സിനിമക്കുനേരേയും അക്രമങ്ങളുണ്ടായി. കെ പി എ സിയുടെ ഭഗവാന്‍ കാലുമാറുന്നു നാടകത്തിനെതിരെ രംഗത്ത് വന്നത് ഹിന്ദുത്വവാദികളായിരുന്നു. പലപ്പോഴും ആനുകാലികങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമെതിരെ അക്രമങ്ങള്‍ നടന്നു. എസ് ഹരീഷിന്റെ മീശ എന്ന നോവലിന്റെ പ്രസിദ്ധീകരണം ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി നിര്‍ത്തുകയും തുടര്‍ന്ന് എഡിറ്റര്‍ കമല്‍ റാം സജീവ് രാജിവെക്കുകയും ചെയ്തു. പവിത്രന്റെ പര്‍ദ്ദ എന്ന കവിതക്കെതിരേയും ചിലര്‍ രംഗത്തുവന്നു. സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ, സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍, ജയന്‍ ചെറിയാന്റെ ‘കാ ബോഡി സ്‌കേപ്‌സ്’, ടി ദീപേഷിന്റെ പിതാവും പുത്രനും തുടങ്ങിയവ സമീപകാല ഉദാഹരണങ്ങള്‍ മാത്രം. സംഘപരിവാര്‍ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പ്രതികരിച്ച് സംവിധായകരായ അടൂര്‍ ഗോപാല കൃഷ്ണനും കമലിനും നേരെ ഭീഷണികളുണ്ടായി. സുപ്രിം കോടതി വിധി പ്രകാരം ശബരിമല കയറിയ ബിന്ദുവിനേയും കനക ദുര്‍ഗയേയും ആധുനിക കാലത്തെ നവോത്ഥാന നായികമാരായി ചിത്രികരിച്ച കോതമംഗലം എഞ്ചിനിയറിംഗ് കോളേജിലെ മാഗസിന്‍ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചത് ഈ പരമ്പരയില്‍ തന്നെ വരുന്നത്. എറണാകുളത്ത് നിയമാനുസൃതമായി മതപ്രബോധനം നടത്തിയവരെ സംഘപരിവാര്‍ പരാതിയനുസരിച്ച് അറസ്റ്റ് ചെയ്ത് കേസെടുത്തതും ആവിഷ്്കാര സ്വാതന്ത്ര്യത്തിനെതിരായ. കടന്നാക്രമണം തന്നെ.

അടുത്ത കാലത്ത് രാജ്യത്തെങ്ങും സംഘപരിവാര്‍ ശക്തികളില്‍ നിന്ന് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നടന്ന കടന്നാക്രമങ്ങള്‍ക്കെതിരേയും ശക്തമായ മുന്നേറ്റങ്ങള്‍ കേരളത്തില്‍ നടന്നു. ബീഫ് ഭക്ഷിച്ചു എന്നാരോപിച്ച് രാജ്യത്തിന്റെ പല ഭാഗത്തും നടന്ന കൊലകള്‍ക്കെതിരെ ബീഫ് ഫെസ്റ്റിവലുകള്‍ സംഘടിപ്പിച്ചാണ് സംസ്ഥാനത്തെ പല ഭാഗത്തും പ്രതി ഷേധങ്ങള്‍ അരങ്ങേറിയത്. ഫാസിസത്തിനെതിരെ ശബ്ദിച്ച കല്‍ബുര്‍ഗിയും നരേന്ദ്ര ദഭോല്‍ക്കറും ഗോവിന്ദ് പന്‍സാരെയും ഗൗരി ലങ്കേഷും പെരുമാള്‍ മുരുകനും എം എഫ് ഹുസ്സൈനും കെ എസ് ഭഗവാനും ദിവ്യാഭാരതിയു മെല്ലാം ആക്രമിക്കപ്പെടുകയോ കൊല ചെയ്യപ്പെടുകയോ ചെയ്തപ്പോഴും ശക്തമായ പ്രതിഷേധങ്ങള്‍ക്ക് കേരളത്തിലെ തെരുവുകള്‍ സാക്ഷ്യം വഹിച്ചു. അക്കാദമി പുരസ്‌കാര ജേതാക്കളായ പല സാഹിത്യകാരന്മാരും തങ്ങളുടെ പുരസ്‌കാരം തിരിച്ചുനല്‍കി പ്രതിഷേധിച്ചു. അതേസമയം കേരളത്തില്‍ അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇവരില്‍ നിന്ന് കാര്യമായ പ്രതിഷേധമില്ല എന്നും കക്ഷി രാഷ്ട്രീയതാല്‍പ്പര്യത്തിനനുസരിച്ചാണ് പ്രതികരണം എന്നും ആരോപണം ശക്തമാണ്. കവികളായ ഉമേഷ് ബാബു, കുരീപ്പുഴ ശ്രീകുമാര്‍, സാഹിത്യകാരന്‍ സക്കറിയ തുടങ്ങിയവരൊക്കെ അക്രമിക്കപ്പെട്ടപ്പോള്‍ ഇതു പ്രകടമായി. ബിഷപ്പ് ഫ്രാങ്കോവിനെ ചിത്രീകരിച്ച 2019ലെ ലളിത കലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ സഭ രംഗത്തിറങ്ങിയപ്പോള്‍ പ്രതിഷേധിച്ചവരും വിരലിലെണ്ണാവുന്നവരായിരുന്നു. അമൃതാനന്ദമയി ആശ്രമവുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള പല സംഭവങ്ങളും അരങ്ങേറിയിരുന്നു. അവിടത്തെ അന്തേവാസിയായിരുന്ന ഗെയ്ല്‍ ട്രെഡ്വെല്ലിന്റെ ‘വിശുദ്ധ നരകം – ആത്മസര്‍പ്പണത്തിന്റെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പ്’ എന്ന പുസ്തകത്തിനെതിരെയായിരുന്നു നീക്കങ്ങള്‍. അതേകുറിച്ച് സംസാരിച്ച സ്വാമി സന്ദീപാനന്ദഗിരിക്കെതിരേയും ആക്രമം നടന്നു. കൂടാതെ അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം നിരോധിക്കുകയും അത് പ്രസിദ്ധീ കരിച്ച ഡി.സി. ബുക്‌സകിനെതിരെ അക്രമം നടക്കുകയും ചെയ്തു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നിരന്തരമായി ആവര്‍ത്തിക്കപ്പെടുന്ന പ്രദേശമായി പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളം മാറിയിരിക്കുന്നു എന്നതാണ് വൈരുദ്ധ്യം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതേകുറിച്ച് സൂചിപ്പിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് അനൗചിത്യമായിരിക്കും. പി എം ആന്റണി സംവിധാനം ചെയ്ത ‘കൃസ്തുവി ന്റെ ആറാം തിരുമുറിവ്’ എന്ന നാടകത്തിനെതിരെ കേരളത്തിലെ തെരുവുക ളില്‍ വിശ്വാസികള്‍ നടത്തിയ പ്രതിഷധങ്ങളും അതിനെതിരെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായി നടന്ന പോരാട്ടങ്ങളുമാണ് ഉദ്ദേശിക്കുന്നത്. 1986ലായിരുന്നു സംഭവം. കസാന്‍ സാക്കീസിന്റെ ‘ലാസ്റ്റ് ടെംപ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ്’ എന്ന പ്രശസ്തനോവലായിരുന്നു നാടകത്തിന്റെ പ്രമേയം. നാടകം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു വിശ്വാസികള്‍ രംഗത്തിറങ്ങിയത്. സംസ്ഥാനത്താകെ പ്രതിഷേധങ്ങള്‍ അലയടിച്ചു. പള്ളികളെ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധങ്ങള്‍ രൂപം കൊണ്ടത്. നവംബര്‍ 3ന് ബിഷപ്പ് കുണ്ടുകുളത്തിന്റെ നേതൃത്വത്തില്‍ തൃശൂരില്‍ വന്‍ റാലിയും ഉപവാസവും നടന്നു. തുടര്‍ന്നത് സംസ്ഥാനമാകെ ആളി പടര്‍ന്നു. ശക്തമായ പ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ സര്‍ക്കാര്‍ നാടകാവതരണം നിരോധിച്ചു. ആന്റണിയെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങള്‍ ആരംഭിച്ചത്. തുടക്കം നിയമ പോരാട്ട മായിരുന്നു. അതിന്റെ ഫലമായി തൃശൂരില്‍ രണ്ടിടത്തും ആലപ്പുഴയിലും കൊല്ലത്തും തലശ്ശേരിയിലും മറ്റും നാടകാവതരണം നടക്കുകയും ചെയ്തു. എന്നാല്‍ നാടകാവതരണത്തിനെതിരായ പ്രതിഷേധം ആളിപടര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും നിരോധിച്ചു. തുടര്‍ന്നാണ് നിരോധനത്തിനെതിരായ പ്രതി ഷേധം തെരുവിലേക്ക് പടര്‍ന്നത്. പ്രമുഖ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാത്രമല്ല, ഇപ്പോള്‍ ഫാദര്‍ പനവേലില്‍ രംഗത്തുവന്നപോലെ അന്ന് ബിഷപ്പ് പൗലോസ് മാര്‍ പൗലോസ് പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. മുംബൈയില്‍ നാടകമരങ്ങേറിയപ്പോള്‍ ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. അവിടെ നാടകത്തിന് അനുകൂലമായും എതിര്‍ത്തും പ്രകടനങ്ങള്‍ നടന്നു. എന്നാല്‍ പിന്നീട് സുപ്രിംകോടതി തന്നെ നാടകാവതരണം തടഞ്ഞു. പിന്നീട് മുഖ്യന്ത്രി ആയിരുന്ന കരുണാകരന്‍ മാറി നായനാര്‍ വന്ന പ്പോഴും കേരള സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമുണ്ടായില്ല എന്നതുവേറെ കാര്യം. തുടക്കത്തില്‍ പറഞ്ഞപോലെ സംഘടിത ശക്തികള്‍ക്കുമുന്നില്‍ നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ കേരളീയ പൊതുസമൂഹമോ സര്‍ക്കാരുകളോ ഇനിയും വളരേണ്ടിയിരിക്കുന്നു എന്നര്‍ത്ഥം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുകയും വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply