സിപിഎം വര്‍ത്തമാനകാല രാഷ്ട്രിയകടമ നിര്‍വ്വഹിക്കുമോ?

ജനാധിപത്യ സംവധാനത്തില്‍ ഒരു പാര്‍ട്ടിക്കും ആഭ്യന്തര വിഷയങ്ങളില്ല, അഥവാ ഉണ്ടാകരുത്. ജനങ്ങള്‍ക്കു വേണ്ടിയുള്ള ജനങ്ങളുടെ ഭരണമാണല്ലോ ജനാധിപത്യം. ജനങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി ഭരണം നടത്താനാവില്ല. അതിനാല്‍ ആ കടമ നിര്‍വ്വഹിക്കുന്ന ജനങ്ങളുടെ പ്രതിനിധികള്‍ മാത്രമാണ് രാഷ്ട്രീയപാര്‍ട്ടികളും അവയില്‍ നിന്നു അധികാരത്തിലെത്തുന്നവരും. അതിനാല്‍ തന്നെ അധികാരികള്‍ക്കൊപ്പം രാഷ്ട്രീയപ്രസ്ഥാനങ്ങളേയും ഓഡിറ്റ് ചെയാനും അഭിപ്രായം പറയാനുമുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആ അധികാരമുപയോഗിച്ച് ഇന്നു കേരളത്തിന്റെ ഭരണത്തിനു നേതൃത്വം കൊടുക്കുന്ന സിപിഎമ്മിനെ കുറിച്ചുള്ള ചില അഭിപ്രായങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്.

സിപിഎം വാര്‍ത്തകളില്‍ നിറയാത്ത ദിവസങ്ങള്‍ കാര്യമായി ഇല്ലാതായിരിക്കുകയാണ്. ഈ വാര്‍ത്തകളാകട്ടെ ആ പാര്‍ട്ടിയെ കുറിച്ച്ു സമ്മാനിക്കുന്നത് തികച്ചും നിരാശാജനകമായ ചിത്രങ്ങളാണ്. തുടര്ഭരണം പാര്‍ട്ടിയെ ജീര്‍ണ്ണതയിലെത്തിക്കുന്നതായി പാര്‍ട്ടിക്കകത്തുനിന്നുതന്നെ വിമര്‍ശനമുയരുന്നതായി വാര്‍ത്തകള്‍ അടിത്തിടെ വന്നിരുന്നല്ലോ. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തു തന്നെ തുടര്‍ഭരണത്തിനായുള്ള അമിതമായ പ്രചാരണം കണ്ടപ്പോള്‍ പലരും ഇക്കാര്യം ചൂണ്ടികാട്ടിയതാണ്. അന്നവര്‍ നേരിട്ട അധിക്ഷേപങ്ങള്‍ക്ക് കണക്കില്ല. ഇപ്പോഴിതാ അവിടേക്കുതന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഉന്നതനേതാക്കള്‍ക്കെതിരെ ഉന്നത നേതാക്കള്‍ തന്നെ അഴിമതി ആരോപണം ഉന്നയിക്കുന്നതുവരെയെത്തിയിരിക്കുന്നു കാര്യങ്ങള്‍. പതിവുപോലെ മാധ്യമസൃഷ്ടിയന്നാരോപിച്ച് രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇപ്പോഴിതാ നേതാക്കളും പ്രവര്‍ത്തകരും വീടുകളിലേക്ക് ചെന്ന് കാര്യ്ങള്‍ ബോധ്യപ്പെടുത്താന്‍ പോകുകയത്രെ. അതെന്തായാലും നല്ലതാണ്. എന്നാല്‍ നേതാക്കളെയോ പ്രവര്‍കരേയോ ചോദ്യം ചെയുകയോ നേരിട്ട് സംവാദങ്ങള്‍ നടത്തുകയോ ചെയുന്ന ഒരു രീതി കേരളത്തിലില്ലാത്തതിനാല്‍ അതുകൊണ്ടൊരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല എന്നുമാത്രം. മാത്രവുമല്ല, പ്രധാനമായും പറയുന്നത് തങ്ങള്‍ മതത്തിനെതിരല്ല, വിശ്വാസങ്ങള്‍ മാനിക്കുമെന്നാണ്. മതവിരുദ്ധപാര്‍ട്ടിയല്ല എന്നത് മനസ്സിലാക്കാം. എന്നാല്‍ വിശ്വാസങ്ങളെല്ലാം സംരക്ഷിക്കുമെന്നു പറയുന്നത് ശരിയാണോ? കാലത്തിനനുസരിച്ച് വിശ്വാസങ്ങളിലും മാറ്റം വരില്ലേ…? കുറെ പേരുടെ വിശ്വാസം ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ ലംഘിക്കുന്നതാണെങ്കില്‍ അവയെ സംരക്ഷിക്കുകയാണോ മാറ്റുകയാണോ വേണ്ടത്? തീര്‍ച്ചയായും വിശ്വാസമല്ല, അവകാശമാണ് പ്രധാനം. അങ്ങനെയാണ് സമൂഹം മുന്നോട്ട് പോയിട്ടുള്ളത് – ഇപ്പോഴത്തെ ഉദാഹരണം ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള അയിത്തം തന്നെ. അത് എന്നേ മാറേണ്ട വിശ്വാസമാണ്, അഥവാ അനാചാരമാണ്. മിക്ക ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്കെതിരെ നിലനില്‍ക്കുന്ന വിവേചനം…. വസ്ത്രസ്വാതന്ത്ര്യത്തെ ഹനിക്കല്‍… സ്വത്തവകാശത്തില്‍ തുല്യതയില്ലായ്മ…. സര്‍ക്കാര്‍ വേതനം നല്‍കുന്ന ശാന്തി ജോലിയില്‍ ബ്രാഹ്മണര്‍ തന്നെ വേണമെന്ന ചട്ടം.. ഇത്തരത്തില്‍ ഈ പട്ടിക നീളുന്നു. കാലഹരണപ്പെട്ട വിശ്വാസങ്ങള്‍ അഥവാ അനാചാരങ്ങള്‍ മാറ്റഉമെന്നാണ് ഒരു പുരോഗമന പ്രസ്ഥാനം പറയേണ്ടത്. എന്നാല്‍ കേരളത്തിലെ പാര്‍ട്ടികള്‍ മറിച്ചാണ് പറയുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കമ്യൂണിസ്റ്റുകാര്‍ നിരന്തരം ആവര്‍ത്തിക്കുന്ന പദങ്ങളാണല്ലോ ബൂര്‍ഷ്വാ പാര്‍ട്ടി, പെറ്റിബൂര്‍ഷ്വാ പാര്‍ട്ടി, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തുടങ്ങിയവ. ഈ പാര്‍ട്ടികളെല്ലാം ആത്യന്തികമായി അഴിമതിക്കാരാണ് എന്നാണവരുടെ പക്ഷം. ജനാധിപത്യവും അവര്‍ക്ക് ബൂര്‍ഷ്വാജനാധിപത്യമാണ്. എന്നാല്‍ ഈ പാര്‍ട്ടികളെയെല്ലാം മറികടക്കുന്ന അഴിമതി വാര്‍ത്തകളാണ് സിപിഎമ്മുമായി ബന്ധപ്പെട്ട് ഏറെകാലമായി കേരളത്തില്‍ നിറയുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അഴിമതിരഹിതമാണെന്ന സങ്കല്‍പ്പം എത്രമാത്രം വാസ്തവവിരുദ്ധമാണെന്ന് എന്നേ ലോകം കണ്ടതാണ്. അതുതന്നെയാണ് കേരളത്തില്‍ നടക്കുന്നതും. തീര്‍ച്ചയായും ജനാധിപത്യപ്രക്രിയയിലൂടെ തന്നെയാണ് സിപിഎമ്മും എല്‍ഡിഎഫും അധികാരത്തിലെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ജനാധിപത്യപ്രക്രിയയില്‍ ഇത്രയും കാലം പങ്കെടുത്തിട്ടും ഒരു ജനാധിപത്യപാര്‍ട്ടിയാകാന്‍ അതിനായിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ആശയപരമായും പ്രായോഗികമായും ആയിട്ടില്ല എന്നു തന്നെയാണ് മറുപടി. ഉദാഹരണത്തിനു പാര്‍ട്ടിയുടെ ഭരണഘടന തന്നെ പരിശോധിക്കൂ. ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് പാര്‍ട്ടിയെന്നും തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് ലക്ഷ്യമെന്നും അത് കൃത്യമായി പ്രഖ്യാപിക്കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം വളരെ വ്യക്തമാണല്ലോ.

കഴിഞ്ഞ നൂറ്റാണ്ടില്‍ ലോകത്ത് വലിയൊരു ഭാഗത്തു അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെല്ലാം ജനാധിപത്യവിരുദ്ധമായിരുന്നു. ഒരിടത്തും ജനാധിപത്യപ്രക്രിയയുണ്ടായിരുന്നില്ല. പലയിടത്തും കുടുംബവാഴ്ചപോലുമായിരുന്നു. എതിരാളികളെ മാത്രമല്ല, പാര്‍ട്ടിയിലെ തന്നെ വ്യത്യസ്ഥ അഭിപ്രായം പറഞ്ഞിരുന്ന ഉന്നതരെ പോലും ശാരീരികമായി ഉന്മൂലനം ചെയ്തു. അതുകൊണ്ടൊക്കെ തന്നെയായിരുന്നു കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ഈ രാഷ്ട്രങ്ങളിലെല്ലാം നടന്നത് ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളായത്. അവയെ എത്ര ഭയാനകമായിട്ടായിരുന്നു ഭരണകൂടങ്ങള്‍ നേരിട്ടതെന്നതിന് ടിയനന്‍മെന്‍ സ്‌ക്വയര്‍ സാക്ഷി. എന്നിട്ടും ആ പോരാട്ടങ്ങള്‍ക്കു മുന്നില്‍ കമ്യൂണിസ്റ്റ് സമഗ്രാധിപത്യ ഭരണകൂടങ്ങളെല്ലാം തകര്‍ന്നു വീഴുകയായിരുന്നു. ലോകം ഇന്നോളം സാക്ഷ്യം വഹിച്ച രാജഭരണം, ഫ്യൂഡലിസം, മതരാഷ്ട്രം, ജനാധിപത്യം, കമ്യൂണിസം എന്നിവയിലെല്ലാം താരതമ്യേന പുരോഗമനപരം ജനാധിപത്യമാണെന്നും അതിനെ കൂടുതല്‍ കരുത്തുള്ളതാക്കുക എന്നതാണ് മാനവരാശിയുടെ സമകാലിക കടമയെന്നുമുള്ള സന്ദേശമാണ് ആ പോരാട്ടങ്ങള്‍ നല്‍കിയത്. ലോകത്തെ പല രാഷ്ട്രങ്ങളിലുമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആ സന്ദേശം മനസ്സിലാക്കി സ്വയം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളായി മാറാന്‍ തയ്യാറായി. എന്നാല്‍ മനുഷ്യനു കുരങ്ങനാകാനാകില്ല എന്ന ഇ എം എസ് തിയറിയുടെ പിന്‍ബലത്തില്‍ ഇന്ത്യയിലെ പാര്‍ട്ടികള്‍ ഇത്തരമൊരു മാറ്റത്തിനു തയ്യാറായില്ല. അതേസമയം ഇന്ത്യ ഒരു കമ്യൂണിസ്റ്റ് രാഷ്ട്രമല്ലാത്തതിനാലും രണ്ടോമൂന്നോ സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുള്ളതിനാലും അതൊന്നും കാര്യമായി ബാധിച്ചില്ല എന്നു മാത്രം. ജനാധിപത്യകേന്ദ്രീകരണം എന്ന കേള്‍ക്കാന്‍ രസമുള്ള സംഘടനാ സംവിധാനത്തിലൂടെ അധികാരം ഒന്നടങ്കം ഒരു നേതാവിലേക്കെത്തുന്ന ചരിത്രമാണ് ലോകമെങ്ങും പാര്‍ട്ടിക്കുള്ളത്. കേരളത്തില്‍ ഇപ്പോഴത് കൂടുതല്‍ പ്രകടമാണ്. പാര്‍ട്ടിവിട്ടതിനു മുന്‍പ്രവര്‍ത്തകനെ വധിച്ചതും വര്‍ദ്ധിക്കുന്ന വ്യക്തിപൂജയും ക്യാപ്റ്റന്‍ വിളിയും നേതാക്കള്‍ക്കുവേണ്ടി എന്ത് അനീതിയേയും ന്യായീകരിക്കുന്ന അണികളും അതിന്റെ ലക്ഷണങ്ങളാണ്.

ഇപ്പോഴിതാ ഇവര്‍ കുറ്റപ്പെടുത്തുന്ന ബൂര്‍ഷ്വാപാര്‍ട്ടികളേക്കാള്‍ എത്രയോ മോശമായ അവസ്ഥയിലാണ് പാര്‍ട്ടി എത്തിയിരിക്കുന്നത്. ചുരുങ്ങിയപക്ഷം തങ്ങള്‍ സര്‍വ്വാധിപത്യത്തിലല്ല, ജനാധിപത്യത്തിലാണ് വിശ്വസിക്കുന്നതെന്ന് പ്രഖ്യാപിക്കാന്‍ ഇനിയെങ്കിലും പാര്‍ട്ടി തയ്യാറാകണം. അതിനെ അടവായോ തന്ത്രമായോ കാണുന്ന സമീപനം മാറ്റണം. പാര്‍ട്ടിക്കകത്തും ജനാധിപത്യം വളര്‍ത്തിയെടുക്കണം. പ്രതിപക്ഷ ബഹുമാനം അതിന്റെ ജീവവായുവാക്കണം. ഓരോ തീരുമാനമെടുക്കുമ്പോഴും ജനങ്ങളുടെ അഭിപ്രായമറിയാന്‍ പരമാവധി ശ്രമിക്കണം. വിവരാവകാശനിയമത്തിന് കീഴ്പെടണം. ജനാധിപത്യത്തിന്റെ അടിത്തറയാണ് സുതാര്യത എന്നംഗീകരിക്കണം. ജനാധിപത്യസംവിധാനത്തില്‍ ജനങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ഒരു രഹസ്യവും പാര്‍ട്ടിക്കാവശ്യമില്ല എന്നു പ്രഖ്യാപിക്കണം. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം.

സിപിഎം ഗൗരവമായി പരിഗണിക്കേണ്ട മറ്റൊന്നുകൂടി സൂചിപ്പിക്കട്ടെ. സി.പി.എം. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളാ അല്ലെന്ന് ഒരിക്കല്‍ സീതാറാം യെച്ചൂരി പറയുകയുണ്ടായി. എന്നാല്‍ യാഥാര്‍ത്ഥ്യം അതുതന്നെയാണ്. അതംഗീകരിക്കാനും പാര്‍ട്ടി ശരിക്കും ഒരു കേരളപാര്‍ട്ടിയായി മാറുകയുമാണ് വേണ്ടത്.. ഒരൊറ്റ ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം അതിശക്തമാകുന്ന കാലമാണിത്. ഈ സാഹചര്യത്തില്‍ കേരളത്തിനാവശ്യം ശക്തമായ ഒരു പ്രാദേശിക പ്രസ്ഥാനമാണ്. പല സംസ്ഥാനങ്ങളിലും അത്തരം പ്രസ്ഥാനങ്ങള്‍ നിലവിലുണ്ട്. ഇന്ത്യ ഒരു ദേശീയതയല്ലെന്നും വിവിധ ദേശീയതകളുടെ സമുച്ചയമാണെന്നുമുള്ള ശരിയായ നിലപാട് ഒരു കാലത്ത് സ്വീകരിച്ചിരുന്നവരാണ് കമ്യൂണിസ്റ്റുകാര്‍. ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ തന്നെ അഖിലേന്ത്യാപാര്‍ട്ടികളേക്കാള്‍ പ്രസക്തം പ്രാദേശികപാര്‍ട്ടികളാണെന്നത് വ്യക്തം. മാറിയ സാഹചര്യത്തിലെങ്കിലും ആ നിലപാടിലേക്ക് തിരിച്ചുപോകുന്ന കാര്യം ആലോചിക്കാവുന്നതാണ്. കേരളത്തില്‍ ഇന്ന് അത്തരമൊരു പാര്‍ട്ടിയുടെ ആവശ്യകതയുണ്ട്. കേരളത്തിനുവേണ്ടി വാദിക്കുന്ന ഒരു പ്രസ്ഥാനം. അത്തരമൊരു പ്രതീക്ഷയോടെ രൂപം കൊണ്ട കേരളകോണ്‍ഗ്രസ്സ് പിന്നിട് മതപാര്ട്ടിയെന്നു തന്നെ വിളിക്കാവുന്ന അവസ്ഥയില്‍ മാറുകയാണല്ലോ ഉണ്ടായത്. കേരളത്തിലുടനീളം വേരുകളുള്ള സിപിഎമ്മിനാണ് ആ വിടവു നികത്താന്‍ സാധ്യതയുള്ളത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന്റേയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മാറിമാറി അധികാരത്തില്‍ വരുന്നത് കേരളത്തിലെ ജനാധിപത്യസംവിധാനത്തിന്റെ വലിയൊരു നേട്ടമാണ്. ഏകപാര്‍ട്ടി അധികാരത്തിലിരുന്നാല്‍ സംഭവിക്കുന്ന ജീര്‍ണ്ണതയും ഫാസിസവല്‍ക്കരണവും ആ അളവില്‍ കേരളത്തിലില്ലാത്തിനു കാരണം ഇതാണ്. മാത്രമല്ല, ചില സമയങ്ങളിലെങ്കിലും ഈ മുന്നണികള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുന്നത് നിരവധി ജനക്ഷേമ നടപടികള്‍ നടപ്പാകാന്‍ കാരണമാകുന്നുണ്ട്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റേയും തകര്‍ച്ച ഈ സംവിധാനത്തെയും തകര്‍ക്കുകയും സംഘപരിവാറിന്റെ പ്രവേശനത്തെ അനായാസമാക്കുകയും ചെയ്യും. അതിനാല്‍ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന, സിപിഎം വിരുദ്ധര്‍ പോലും അതിന്റെ തകര്‍ച്ചയെ ആഗ്രഹിക്കുന്നില്ല.

അതേസമയം ഇരുമുന്നണികളുടേയും മാറിമാറിയുള്ള ഭരണത്തിനപ്പുറം കാര്യമായ രാഷ്ട്രീയ ചലനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല. മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥ വ്യത്യസ്ഥമാണ്. പല രീതയിലുള്ള രാഷട്രീയ ചലനങ്ങള്‍ അവിടങ്ങളില്‍ നടക്കുന്നു. അടിയന്തരാവസ്ഥയെ തുടര്‍ന്ന് രൂപീകൃതമായ ജനതാപാര്‍ട്ടിയും ഒപ്പം പല സോഷ്യലിസ്റ്റ് – ലോഹ്യയിസ്റ്റ് ശക്തികളും പലയിടത്തും ശക്തമായി. തങ്ങളുടെ പ്രാദശിക വികാരങ്ങളും ആവശ്യങ്ങളുമെല്ലാം ഉന്നയിച്ച് പ്രാദേശികപാര്‍ട്ടികള്‍. പിന്നീട് മണ്ഡല്‍ – മസ്ജിദ് കാലത്തോടെ ദളിത് – പിന്നോക്ക – മുസ്ലിം മുന്നേറ്റങ്ങള്‍. അടുത്ത കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കിയ ഈ മുന്നേറ്റങ്ങളൊന്നും പക്ഷെ കേരളത്തെ ബാധിച്ചില്ല. അടിയന്തരാവസ്ഥക്കുശേഷം പോലും നാം കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ചു. ഇപ്പോഴാകട്ടെ ഓരോ സംസ്ഥാനത്തിനുവേണ്ടിയും പ്രാദേശികപാര്‍ട്ടികള്‍ ശബ്ദമുയര്‍ത്തുകയും പോരാടുകയും അധികാരത്തിലെത്തുകയും ചെയ്യുമ്പോള്‍ ഇവിടെ പൊതുവെ കേന്ദ്രത്തോട് പിച്ച ചോദിക്കുന്ന അവസ്ഥയാണ്. അതുമാറണം. ആ മാറ്റത്തിനു നേതൃത്വം നല്‍കാനാകുക സിപിഎമ്മിനു തന്നെയാണ്. അതിനായി കാലത്തിനനുസൃതമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകണം ഒപ്പം അക്രമരാഷ്ട്രീയം പൂര്‍ണ്ണമായും ഉപേക്ഷിക്കാനും ജനകീയ പ്രക്ഷോഭങ്ങളെ അധിക്ഷേപിക്കാതിരിക്കാനും തയ്യാറാകുകയും വേണം. അല്ലാത്തപക്ഷം പുതിയ ,സംഭവവികാസങ്ങള്‍ പാര്‍ട്ടിയെ നയിക്കുക പൂര്‍ണ്ണമായ ജീര്‍ണ്ണതയിലേക്കായിരിക്കും.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply