വന നിയമം 2022 ഉം ആദിവാസി ഗോത്ര സമൂഹങ്ങളും

കാര്യമായി യാതൊരു ചര്‍ച്ചയും കൂടാതെ, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി, വനം എന്നിവയുടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് അയച്ചുകൊടുക്കാതെ തികച്ചും ജനാധിപത്യവിരുദ്ധമായി വനസംരക്ഷണ ഭേദഗതി ബില്‍ എന്നു പേരിട്ട വന- ആദിവാസി- ഭരണഘടനാ വിരുദ്ധ ബില്‍ കഴിഞ്ഞ ദിവസം ലോകസഭയില്‍ അവതരിപ്പിക്കുകയും സെലക്ട് കമ്മിറ്റിക്ക് അയയ്ക്കുകയും ചെയ്തിരിക്കുന്നു. 1980ലെ വനസംരക്ഷണ നിയമം സമൂലമായി ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സെലക്ട് കമ്മിറ്റിക്ക് റഫര്‍ ചെയ്യാനുള്ള ഏറ്റവും ദുഷിച്ച ഫാസിസ്റ്റ് നീക്കമാണ് ലോകസഭയില്‍ നടന്നത്.. ഈ ബില്ലിന്റെ അതിനിഷ്ഠൂരമായ ഉള്ളടക്കത്തെ കുറിച്ചും, പ്രത്യേകിച്ച് പുതിയ ഭേദഗതി സൃഷ്ടിക്കാന്‍ പോകുന്ന പീഡാവഹമായ
ആദിവാസി ജീവിതത്തെക്കുറിച്ചും ദ ക്രിട്ടിക് പ്രസിദ്ധീകരിച്ച, പി എ പ്രേംബാബുവിന്റെ ലേഖനം ഈ പശ്ചാത്തലത്തില്‍ പുന:പ്രസിദ്ധീകരിക്കുന്നു…

കോര്‍പ്പറേറ്റ് – വനം മാഫിയ കൊള്ളയ്ക്കുവേണ്ടി വനാവകാശ നിയമം അട്ടിമറിക്കുന്നതിനും ആദിവാസി – ഗോത്ര സമൂഹങ്ങളെ കുടിയിറക്കുന്നതിനും, ആട്ടിയോടിക്കുന്നതിനും പുതിയ നിയമനിര്‍മ്മാണം നടന്നു കഴിഞ്ഞു. 1980ലെ വനസംരക്ഷണ നിയമത്തിനു കീഴില്‍ ഫോറസ്റ്റ് ഡൈവേര്‍ഷനുമായി ബന്ധപ്പെട്ട് നിലവില്‍ വന്ന 2006ലെ വനാവകാശ നിയമം (Forest Rights Act -FRA) വേരോടെ പിഴുതെറിഞ്ഞ് പുതിയ ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ റൂള്‍ (FCR) നടപ്പില്‍ വരുത്താനുള്ള എല്ലാ ആസൂത്രണങ്ങളും കേന്ദ്ര സംഘപരിവാര്‍ ഭരണകൂടം നടത്തിക്കഴിഞ്ഞു.

2003ലെ വന സംരക്ഷണ നിയമവും, 2004, 2014, 2017 വര്‍ഷങ്ങളിലെ ഭേദഗതികളും വേരോടെ കടപുഴക്കുന്നതും പൂര്‍ണമായും പകരം വയ്ക്കുന്നതുമായ ഈ പുതിയ നിയമത്തിലൂടെ വനഭൂമി ഉപരോധിച്ച് നിര്‍ത്തി ആഭ്യന്തര – ബഹുരാഷ്ട്ര കുത്തകള്‍ക്ക് കാഴ്ചവയ്ക്കാന്‍ മോദി ഭരണകൂടത്തിന് അനായാസം സാധിക്കുന്നു.

ആദിവാസികളെയും മറ്റു ഗോത്ര സമൂഹങ്ങളെയും അവരുടെ ആവാസകേന്ദ്രങ്ങളില്‍ നിന്നും അവകാശങ്ങളില്‍ നിന്നും പറിച്ചെടുത്ത് തലങ്ങും വിലങ്ങും വലിച്ചെറിയുന്ന, അവരുടെ ജീവിതവും പരിസ്ഥിതിയും ഗുരുതരമായി അപകടത്തിലാക്കുന്ന ഈ നിയമവിരുദ്ധ നീക്കം പരാജയപ്പെടുത്താന്‍ നമ്മുടെ ജനാധിപത്യത്തിന് പ്രക്ഷോഭത്തിന്റെ ഊര്‍ജ്ജിത ശക്തിയാകാന്‍ കഴിയുമോ എന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

സവിശേഷ ഭരണഘടനാ പരിഗണനകളുള്ള ആദിവാസി ഗോത്ര സമൂഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്ന, ഭരണഘടനയെ വെല്ലുവിളിക്കുന്ന ഈ നവകൊളോണിയല്‍ ധനകാര്യ മുതലാളിത്ത പ്രതിസന്ധിയുടെ നിയമത്തെ ജുഡീഷ്യറിയും മറ്റ് നിയമപാലകരും എങ്ങനെയാണ് സമീപിക്കാന്‍ പോകുന്നത് എന്ന് നാം നിരവധി സമാന വിഷയങ്ങളില്‍ കണ്ടു കഴിഞ്ഞതാണ്.

ജനാധിപത്യത്തിന്റെ ഉറവകള്‍ ഏറെക്കുറെ വറ്റി വരണ്ടു കഴിഞ്ഞ പുതിയ ഇന്ത്യന്‍ സാഹചര്യത്തില്‍, കോര്‍പ്പറേറ്റ് സുസ്ഥിര വികസനത്തിന്റെ ഇത്തരം അധിനിവേശ ദൗത്യനിര്‍വ്വഹണ നിയമങ്ങള്‍ സംഭവിക്കുന്നത് യാദൃച്ഛികമല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പ്രകൃതിയെ ആരാധിക്കുന്ന, സ്വന്തം സൈന്യം രൂപീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ, ആദിവാസി വിഭാഗമായ സാന്താള്‍ വംശത്തില്‍ ജനിച്ച ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതിയാക്കി സാക്ഷി നിര്‍ത്തിയാണ് സവര്‍ണ്ണ മുതലാളിത്ത ഫാസിസ്റ്റ് ഭരണകൂടം ആദിവാസികള്‍ക്കെതിരെ കൊടും വഞ്ചനയുടേയും, വംശവിച്ഛേദനത്തിന്റേയും മൂര്‍ച്ചകൂട്ടിയ നിയമം കൊണ്ട് അവരുടെ ജീവിതം ചൂഴ്‌ന്നെടുക്കുന്നത്.

രാജ്യത്തെ ആദിവാസി ഗോത്ര സമൂഹങ്ങള്‍ നേരിട്ടുവരുന്ന ചരിത്രപരമായ അനീതിയും, പീഡനങ്ങളും അവസാനിപ്പിക്കാന്‍ ആകെ അവശേഷിച്ച വനാവകാശം കൂടി ഇവിടെ ഇല്ലാതാകാന്‍ പോകുന്നു. തരം തിരിക്കാത്ത വനങ്ങള്‍, അതിര്‍ത്തി നിര്‍ണയിക്കാത്ത വനങ്ങള്‍, നിലനില്‍ക്കുന്നതോ കല്‍പിതമോ ആയ വനങ്ങള്‍, സംരക്ഷിത വനങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിങ്ങനെ എല്ലാ വനമേഖലകളിലും, വനഭൂമികളിലും ആദിവാസികള്‍ക്ക് വേട്ടയാടല്‍ ഒഴികെയുള്ള എല്ലാ വനാവകാശങ്ങളും ഉറപ്പുവരുത്തുന്ന നിയമം ഘട്ടം ഘട്ടമായി ദുര്‍ബലപ്പെടുത്തുകയും ഇല്ലാതാക്കുകയും; ഇപ്പോള്‍ 2022 പുതിയ ഭേദഗതിയോടുകൂടി വികസനത്തിന്റെ പേരില്‍ ആദിവാസി ഗോത്ര സമൂഹങ്ങളെ സമ്പൂര്‍ണ്ണമായും വംശീയമായി തന്നെ തുടച്ചുനീക്കാന്‍ ധനകാര്യ അധിനിവേശ ശക്തികള്‍ക്ക് അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു.

2022ലെ പുതിയ ഭേദഗതിയില്‍ ഒരു ഹെക്ടറും അതിനുമുകളിലും വ്യാപ്തിയുള്ള വനഭൂമിയില്‍ മരങ്ങള്‍ എന്നല്ല എല്ലാ പ്രകൃതിദത്ത സസ്യങ്ങളും വെട്ടി വീഴ്ത്തിയും, അരിഞ്ഞെടുത്തും, കത്തിച്ചും, വേരോടെ പിഴുതെടുത്തും നീക്കം ചെയ്യാവുന്നതാണ് എന്ന ഏറ്റവും ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രമാണഭദ്രമായ ഉറപ്പ് സര്‍ക്കാര്‍ കൊടുത്തു കഴിഞ്ഞു.

പകരം മരം നടീല്‍ (surrogate forest) എന്ന ലേബലില്‍ പരിഹാര്യ വനവല്‍ക്കരണം (compensatory aforeststation) എന്ന ‘സങ്കല്‍പ്പവനം’ നിര്‍മ്മിച്ചാല്‍ കാടു കയ്യേറി വിഭവങ്ങള്‍ കൊള്ള ചെയ്യുന്നതിന് പകരമായി എന്ന നിയമ വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളുമാണ് ഇനി നിയമ മേഖലയില്‍ നിന്നും ഉണ്ടാകാന്‍ പോകുന്നത്. കാടുകള്‍ കേവലം മരങ്ങളും മൃഗങ്ങളും സസ്യ – ജീവജാലങ്ങളും മാത്രമല്ല അത് ഭൂമിയുടെ നിലനില്‍പ്പിന് ആധാരമായ ആവാസ വ്യവസ്ഥയാണെന്നും അവയെ സംരക്ഷിച്ചു പോരുന്ന, അതിന്റെ മൂല്യങ്ങളെ കാത്തുസൂക്ഷിക്കുന്ന, ആദിവാസികളുടെ ജീവിതവ്യവസ്ഥയാണ് അതെന്നും, കാടിന്റെ സമ്പൂര്‍ണ്ണ ഭസ്മീകരണം ലക്ഷ്യമാക്കുന്ന ഈ ഹിംസാത്മക നിയമനിര്‍മ്മാണ നിര്‍വചനങ്ങളില്‍ കടന്നുവരുന്നില്ല.

കാടുകളെ ഖനന മാഫിയകളുടെയും, വിഭവ കൊള്ളക്കാരുടെയും വിളനിലമാക്കുന്ന ഈ നിഗൂഢ കര്‍മ്മക്രമങ്ങളെ മൂടിവയ്ക്കാന്‍ വനവല്‍ക്കരണം (സാങ്കല്പികം) എന്ന വ്യാജ പ്രക്രിയയ്ക്ക് വേണ്ടിയുള്ള ചിലവിലേക്കായി കൊള്ളക്കാര്‍ ഒടുക്കേണ്ട കൊലപ്പണത്തിന് (Blood Money) Net Present Value (NPV) എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. 2022 നിയമത്തില്‍ 10.69 മുതല്‍ 15.95 ലക്ഷം മാത്രമാണ് വനനശീകരണത്തിന്റെ ഈ കൊലപ്പണത്തിന് മൂല്യം നിശ്ചയിച്ചിരിക്കുന്നത്. ഈ തുക മൂന്നുവര്‍ഷം കൂടുമ്പോള്‍ പുന:പരിശോധിക്കണമെന്ന് 2008ല്‍ കോടതി ഉത്തരവുണ്ടായിട്ടും 2022ല്‍ മാത്രമാണ് അതുപോലും നടപ്പായത്.

ഇന്ത്യയുടെ വികസനത്തിന്റെ സിഗ്‌നേച്ചര്‍ ട്യൂണ്‍ (signature tune) എന്ന് വിശേഷിപ്പിക്കാവുന്ന ഈസ് ഓഫ് ഡൂയിങ് ബിസിനസി(Ease of doing business)ന് രാസത്വരകമാകാന്‍, കര്‍ശനമായി വിലക്കിയിരുന്ന ഉള്‍ക്കാടുകളില്‍പോലും ഖനനമുള്‍പ്പെടെ എന്തും ചെയ്യാവുന്ന പുതിയ ഭേദഗതിയായ ഈ കോര്‍പ്പറേറ്റ് സംരക്ഷണ നിയമത്തിന് കഴിയുമെന്നാണ് ഭരണകൂടം അവകാശപ്പെടുന്നത്.

ഇത്തരത്തില്‍ 2008 നും 2019 നും ഇടയില്‍ 2,53,179 ഹെക്ടര്‍ വനഭൂമി വനേതരാവശ്യങ്ങള്‍ക്കായി വിഭവകൊള്ളകള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്.വനഭൂമി തരം മാറ്റി വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ വനമന്ത്രാലയത്തിന് നിരന്തരം ലഭിക്കുന്ന അപേക്ഷകള്‍, വനാവകാശ നിയമങ്ങള്‍ പിന്നീട് പരിഗണിക്കുന്നതാണ് എന്ന സബ്മിഷനോടുകൂടിയാണ് സമര്‍പ്പിക്കപ്പെടുന്നത്.

ഇതിനെതിരെ 2009ല്‍ നാഷണല്‍ ഹൈവേ ഉപരോധിച്ചുകൊണ്ടുള്ള ആദിവാസി സംഘടനകളുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് പൂര്‍ണമായും ഫോറസ്റ്റ് ആക്ട് അനുസരിച്ച് ഗ്രാമസഭകളെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങി മാത്രമേ വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന കര്‍ശന നിര്‍ദ്ദേശം നല്‍കാന്‍ വനം മന്ത്രാലയം നിര്‍ബന്ധിതമായത്.

വനാവകാശത്തിന്റെ അവിഘ്‌നമായ അട്ടിമറി

2013 ഫെബ്രുവരിയില്‍ റോഡുകള്‍, കനാലുകള്‍, പൈപ്പ് ലൈനുകള്‍, ഒപ്റ്റിക്കല്‍ ഫൈബേഴ്‌സ്, ട്രാന്‍സ്മിഷന്‍ ലൈന്‍, തുടങ്ങിയവയ്ക്ക് വനഭൂമി ഉപയോഗിക്കുന്നതിന് ഗ്രാമസഭകളുടെ അനുമതി ആവശ്യമില്ലെന്ന് എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചുകൊണ്ട് സ്വന്തം ഉത്തരവ് തന്നെ വനംമന്ത്രാലയം അട്ടിമറിക്കുന്നതാണ് പിന്നീട് കണ്ടത്. Primitive Tribal Groups (PTB), Pre-Agricultural Communities) എന്നീ സാമൂഹ്യ വിഭാഗത്തെ ബാധിക്കാത്ത വിധമായിരിക്കണം എന്ന ഒരു പ്രഹസനവും ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ 2022ലെ പുതിയ ഭേദഗതിയില്‍, വനം പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന വനേതര ആവശ്യങ്ങള്‍ക്കുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ അനുമതിക്കുവേണ്ടി വനാവകാശ നിയമം പാലിക്കേണ്ടതില്ലെന്ന് (റൂള്‍ 6(B)(ii) അസന്ദിഗ്ധമായി പറയുന്നു. ആദിവാസി ഗോത്ര വിഭാഗങ്ങളുടെ അനുമതി തേടാതെ തന്നെ മരങ്ങള്‍ അറുത്തു വീഴ്ത്തി വനം വെട്ടിത്തെളിക്കാന്‍ സ്വകാര്യ ഡെവലപ്പര്‍മാരെ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ച ധനകാര്യ മുതലാളിത്ത സംരക്ഷണ നിയമങ്ങളുടെ ഒരു കൂട്ടമാണ് 2022ലെ വന നിയമങ്ങള്‍. ഈ നിയമം പ്രാവര്‍ത്തികമാകുന്നതോടെ ആദിവാസി ഗോത്ര സമൂഹത്തിനും മറ്റു കാര്‍ഷിക സമൂഹത്തിനും അവരുടെ വനമേഖലയില്‍ യാതൊരു അവകാശവും ഉണ്ടായിരിക്കുന്നതല്ല. കേരളത്തില്‍ ആദിവാസി ഊരുകള്‍ ചരിത്രത്തിലാദ്യമായി വന വില്ലേജുകളായി ലിസ്റ്റ് ചെയ്യപ്പെടാനുണ്ടായ കാരണം 2006ലെ വനാവകാശ നിയമമായിരുന്നു. അതാണിപ്പോള്‍ ഫാസിസ്റ്റ് ഭരണകൂടം ചുട്ടെരിച്ചത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അങ്ങനെ ഫോറസ്റ്റ് റൂള്‍ 2022 വനഭൂമി കൊള്ള ചെയ്യുന്നതിനുള്ള ആപ്തവാക്യമായി മാറുന്നു. ഗ്രാമസഭയുടെ അധികാരഘടനയെ കുറിച്ച് വ്യക്തമായ ഒരു നിര്‍വചനവും ഈ പുതിയ നിയമത്തില്‍ ഇല്ലാത്തതിനാല്‍ ആദിവാസികള്‍ക്കും മറ്റു ഗോത്ര സമൂഹങ്ങള്‍ക്കും ഗ്രാമസഭകളിലേക്കും പഞ്ചായത്തുകളിലേക്കും പ്രവേശനം നിഷേധിക്കപ്പെടും എന്നുള്ളതാണ് ഈ നിയമത്തിന്റെ മറ്റൊരു ഗുരുതരമായ സാമൂഹ്യ പ്രത്യാഘാതം.

സര്‍ക്കാര്‍ രേഖകളില്‍ പത്ത് വര്‍ഷം മുമ്പ് ഒരേക്കര്‍ ഭൂമി ലഭിച്ചിട്ടും ആ ഭൂമി എവിടെയാണെന്നറിയാന്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുന്ന വയനാട് നെന്‍മേനി കുളിപ്പുര കോളനിയിലെ 86 വയസ്സുള്ള ഒണ്ടന്‍ ക്രൂരമായ ആദിവാസി വേട്ടയുടെ പ്രതിനിധിയാണ്.

ആദിവാസി ഗോത്ര സമൂഹത്തിന്റെ പരമ്പരാഗതമായ അതിരുകള്‍ നിര്‍ണ്ണയിക്കാനും, രേഖപ്പെടുത്താനും, അതിനുള്ളില്‍ അവരുടെ സവിശേഷ അധിവാസ വ്യവസ്ഥയും മറ്റ് വിനിയോഗങ്ങളും ഉറപ്പുവരുത്താനും ഉള്ള അവകാശം ആദിവാസി ഗ്രാമസഭകള്‍ക്കുണ്ട്. ആ ഗോത്ര ജനാധിപത്യമാണ് നൃശംസമായ ഈ നിയമം തകര്‍ക്കാന്‍ പോകുന്നത്. ചുരുക്കത്തില്‍ വന ചൂഷണത്തിന്റെ കൊളോണിയല്‍ ബ്രിട്ടീഷ് കാലഘട്ടത്തിന്റെ കാട്ടുതീയിലേക്കാണ് ആദിവാസികളെ ഫാസിസ്റ്റ് ഭരണകൂടം വലിച്ചെറിയുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply