പുസ്തകം കത്തിക്കുന്നത് ഫാസിസത്തിന്റെ സംസ്‌കാരം….

എല്ലാ മേഖലയിലുമുള്ള ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളാണ് ജനാധിപത്യത്തില്‍ ഏതു വിഷയത്തിലും അവസാന തീരുമാനമെടുക്കുക. അതേസമയം ഏതുവിഷയത്തിലും അഭിപ്രായം പറയാനും സമരം ചെയ്യാനും കഥയോ കവിതയോ എഴുതാനുമൊക്കെ ആര്‍ക്കും അവകാശമുണ്ട്. അവരെ വിമര്‍ശിക്കാന്‍ മറ്റാര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സൈലന്‍വാലി മുതല്‍ തന്നെ കാണുന്നത് മറ്റൊരു പ്രവണതയാണ്. അധികാരവ്യവസ്ഥയില്‍ ഒരു പങ്കുമില്ലാത്ത കവികള്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ നടക്കുന്ന സംഘടിതമായ അക്രമണമാണത്. അവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെപോലും വെല്ലുവിളിക്കുന്ന രീതിയില്‍ പലപ്പോഴും അതു മാറുന്നുണ്ട്.

സംസ്‌കാരമുള്ള ഒരു ജനതക്ക് ഒരിക്കലും യോജിച്ച പ്രവര്‍ത്തിയല്ല പുസ്തകങ്ങള്‍ കത്തിക്കല്‍ എന്നതില്‍ കാര്യമായ അഭിപ്രായ ഭിന്നതയുണ്ടാകുമെന്നു തോന്നുന്നില്ല. എന്നാല്‍ ലോകമെങ്ങും അത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കാറുണ്ട്. പുസ്തകങ്ങള്‍ മാത്രമല്ല, വലിയ ലൈബ്രറികള്‍ പോലും കത്തിയെരിയിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്വാഭാവികമായും അതിനെയൊക്കെ ന്യായീകരിക്കാനും ആളുണ്ടാകും. കഴിഞ്ഞ ദിവസം കേരളത്തിലും അത്തരമൊരു സംഭവം നടന്നു. പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട സംവാദത്തില്‍ വളരെ മാന്യമായി അഭിപ്രായം പറയുകയും ഒരു കവിത രചിക്കുകയും ചെയ്ത കവി വീരാന്‍ കുട്ടിയുടെ പുസ്തകം കത്തിച്ച്, കത്തിക്കുന്ന ചിത്രം തന്റെ പ്രൊഫൈല്‍ ആയിട്ട ഒരാളെയാണ് കണ്ടത്. അതാഘോഷിക്കാനും കുറെ പേര്‍ രംഗത്തുണ്ട്. ഒരു ജനതയെ നൂറ്റാണ്ടുകളോളം അടിമകളാക്കിയ തത്വശാസ്ത്രം മനുസ്മൃതി അംബേദ്കര്‍ കത്തിച്ചില്ലേ എന്ന ന്യായീകരണവും പ്രത്യക്ഷപ്പെട്ടു.

പരിസ്ഥിതി, വികസനം എന്ന ദ്വന്ദവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ലോകമെങ്ങും നടക്കുന്നുണ്ട്. എത്രയോ കാലം മുമ്പാരംഭിച്ച ആ സംവാദം ഇപ്പോഴും തുടരുന്നുണ്ട്. നമ്മുടെ തെറ്റായ വികസനനയമാണ് ആഗോളതാപനം പോലുള്ള പ്രതിഭാസത്തിനു പ്രധാന കാരണം എന്നതില്‍ ഇന്നാര്‍ക്കും സംശയമില്ല. അതുതിരിച്ചറിയപ്പെടുന്നതോടെ ഈ സംവാദം കൂടുതല്‍ ശക്തമായിട്ടുമുണ്ട്. സ്വാഭാവികമായും കേരളത്തിലും അതിന്റെ അലയൊലികളുണ്ട്. സൈലന്റ് വാലി പ്രക്ഷോഭ കാലം മുതലെ കേരളത്തില്‍ ഈ സംവാദം ശക്തമാണ്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ സൈലന്റ് വാലിയടക്കം പല പദ്ധതികളും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. പല സമരങ്ങളും പരാജയപ്പെട്ടിട്ടുമുണ്ട്. ഏതൊരു മൗലികവാദവും അപകടകരം തന്നെയാണ്. കേരളത്തില്‍ പരിസ്ഥിതി മൗലിക വാദവും വികസന മൗലിക വാദവുമുണ്ടെന്നതില്‍ സംശയമില്ല. പൊതുവില്‍ പറഞ്ഞാല്‍ പരിസ്ഥിതിയും വികസനവും പരസ്പരബന്ധിതമാണ്. രണ്ടും നമുക്കാവശ്യമാണ്. അതേസമയം ഇത്തരം സംവാദങ്ങളുമായി ബന്ധപ്പെട്ട് പുസ്തകങ്ങള്‍ കത്തിക്കാനാണ് പോകുന്നതെങ്കില്‍ ആദ്യം കത്തിക്കേണ്ടത് മാര്‍ക്‌സിന്റേയും എംഗല്‍സിന്‍രേയും ഗാന്ധിയുടേയും മറ്റും പുസ്തകങ്ങളായിരിക്കും. കാരണം അവര്‍ എത്രയോ കാലം മുമ്പ് ഇത്തരമൊരവസ്ഥ ചൂണ്ടികാട്ടിയിരിക്കുന്നു.

എല്ലാ മേഖലയിലുമുള്ള ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളാണ് ജനാധിപത്യത്തില്‍ ഏതു വിഷയത്തിലും അവസാന തീരുമാനമെടുക്കുക. അതേസമയം ഏതുവിഷയത്തിലും അഭിപ്രായം പറയാനും സമരം ചെയ്യാനും കഥയോ കവിതയോ എഴുതാനുമൊക്കെ ആര്‍ക്കും അവകാശമുണ്ട്. അവരെ വിമര്‍ശിക്കാന്‍ മറ്റാര്‍ക്കും അവകാശമുണ്ട്. എന്നാല്‍ സൈലന്‍വാലി മുതല്‍ തന്നെ കാണുന്നത് മറ്റൊരു പ്രവണതയാണ്. അധികാരവ്യവസ്ഥയില്‍ ഒരു പങ്കുമില്ലാത്ത കവികള്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ നടക്കുന്ന സംഘടിതമായ അക്രമണമാണത്. അവരുടെ ആവിഷ്‌കാരസ്വാതന്ത്ര്യത്തെപോലും വെല്ലുവിളിക്കുന്ന രീതിയില്‍ പലപ്പോഴും അതു മാറുന്നുണ്ട്. അത്തരത്തില്‍ രൂക്ഷമായി അക്രമിക്കപ്പെട്ട ഒരാളായിരുന്നു അന്തരിച്ച സുഗതകുമാരി. അവരുടെ പല അഭിപ്രായങ്ങളും വിമര്‍ശിക്കപ്പെടേണ്ടതാണ്. പക്ഷെ നടന്നിരുന്നത് വിമര്‍ശനത്തേക്കാള്‍ അധിക്ഷേപമായിരുന്നു. കെ റെയില്‍ വിഷയത്തില്‍ പ്രതികരിച്ച കവി റഫീക് ്അഹമ്മദിനെതിരേയും ഇപ്പോഴിതാ വനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച വീരാന്‍ കുട്ടിക്കെതിരേയും നടക്കുന്ന അധിക്ഷേപങ്ങള്‍ വിമര്‍ശനമെന്ന പദത്തില്‍ ഒതുക്കാവുന്നതല്ല. അതുകൊണ്ടായിരിക്കണം ഏകപക്ഷീയമായി സംവാദത്തില്‍ നിന്നു പിന്മാറുന്നതായി വീരാന്‍ കുട്ടി പ്രഖ്യാപിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളത്തിന്റെ വികസനത്തെ കവികളും എഴുത്തുകാരുമാണ് തടയുന്നത്, എറണാകുളത്തെ എ സി ഫ്‌ളാറ്റുകളിലാണ് പരിസ്ഥിതിവാദികള്‍ ജീവിക്കുന്നത്. ആഡംബരകാറുകളിലാണ് യാത്ര തുടങ്ങിയ നിരവധി ആരോപണങ്ങളാണ് സത്യമെന്നു തോന്നുന്ന രീതിയില്‍ ഒരു വിഭാഗം എപ്പോഴും പ്രചരിപ്പിക്കുന്നത്. ഏതുവികസനമാണ് കവികള്‍ തടഞ്ഞിട്ടുള്ളതാവോ? പദ്ധതികള്‍ നടപ്പാക്കുന്നതും ഉപേക്ഷിക്കുന്നതും മാറി മാറി വരുന്ന സര്‍ക്കാരുകളാണ്. ജനകീയ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ സൈലന്റ് വാലി, ആറന്മുള വിമാനത്താവളം, ആതിരപ്പിള്ളി പോലുള്ള പല പദ്ധതികളും ഉപേക്ഷിച്ചിട്ടുണ്ട്. പ്ലാച്ചിമട, മാവൂര്‍ പോലുള്ള കമ്പനികള്‍ അടച്ചുപൂട്ടിയിട്ടുണ്ട്. കെ റെയില്‍ ഉപേക്ഷിച്ചോ എന്നറിയില്ല. പ്രക്ഷോഭങ്ങളെ മറികടന്ന് ഗെയില്‍, ദേശീയപാതാ വികസനം, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ തുടങ്ങി എത്രയോ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. എന്തു പ്രക്ഷോഭമുണ്ടായാലും വിഴിഞ്ഞം നടപ്പാക്കുമെന്നു പറയുന്നു. ഇതിന്റെയെല്ലാം അന്തിമതീരുമാനം സര്‍ക്കാരിന്റേതാണ്. ആവശ്യങ്ങള്‍ ഉന്നയിക്കേണ്ടതും പോരാടേണ്ടതും അവിടെയാണ്. എന്നാല്‍ അതൊരിക്കലും കാണാറില്ല. മറിച്ച് ജനാധിപത്യത്തിലെ അവകാശം ഉപയോഗിച്ച് സമരം ചെയ്യുന്നവരാണ് എപ്പോഴും ഇവരുടെ ടാര്‍ജറ്റ്. അവരില്‍ കവികളുണ്ടെങ്കില്‍ പറയുകയും വേണ്ട. മറുവശത്ത് കെ റെയിലിനായി കവികളെയും എഴുത്തുകാരേയും മറ്റും പൗരമുഖ്യന്മാരാക്കുന്ന സര്‍ക്കാര്‍ നടപടിയും നമ്മള്‍ കണ്ടു. വിഴിഞ്ഞത്തും കുറെ പേരെ മത്സ്യത്തൊഴിലാളികള്‍്‌ക്കെതിരെ അണിനിരത്തി.

ബഫര്‍ സോണുമായും മൃഗങ്ങള്‍ കാടിറങ്ങുന്നതുമായി ബന്ധപ്പെട്ടുമുള്ള ആശങ്കകളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണം. അതു രണ്ടിനേയും ന്യായീകരിക്കുന്ന ഒരാളും കേരളത്തിലുണ്ടെന്നു തോന്നുന്നില്ല. ബഫര്‍ സോണില്‍ സമയത്ത് ഇടപെടാതിരുന്ന സര്‍ക്കാരിനെ വിമര്‍ശിക്കാത്തവരാണ് എന്തിനോ വേണ്ടി പരിസ്ഥിതി പ്രവര്‍ത്തകരേയും കവികളേയും വിമര്‍ശിക്കുന്നത്. അവരാരും ബഫര്‍ സോണ്‍ കേരളത്തില്‍ നടപ്പാക്കണമെന്ന നിലപാട് എടുത്തിട്ടില്ല. വന്യമൃഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ക്കും കൃഷിക്കും സംരക്ഷണം നല്‍കരുതെന്ന് പറഞ്ഞിട്ടില്ല. വീരാന്‍കുട്ടിയെ പോലുള്ളവര്‍ ഉന്നയിക്കുന്നത് ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായതിന്റെ കാരണങ്ങള്‍ കൂടിയാണെന്നുമാത്രം. അവയും ഈയവസരത്തില്‍ ത്‌ന്നെ ചര്‍ച്ച ചേയ്യണ്ടതാണ്. എങ്കില്‍ മാത്രമേ ഇത്തരത്തിലുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ദീര്‍ഘകാല പദ്ധതികളും ആവിഷ്‌കരിക്കാനാവൂ. പതിറ്റാണ്ടുകള്‍ക്കുമുമ്പ് വനപ്രദേശങ്ങളിലേക്കു നടന്ന കര്‍ഷക കുടിയേറ്റം ചരിത്രത്തിന്റെ ഭാഗമാണ്. അന്നത്തെ സര്‍ക്കാരുകളുടെയും ജനങ്ങളുടേയുമൊക്കെ പിന്തുണ അതിനുണ്ടായിരുന്നു. കാടുവെട്ടിതെളിയിച്ചു കൃഷിയാരംഭിച്ച കുടിയേറ്റ ജനതയുടെ അദ്ധ്വാനം ഏറെ പ്രശംസിക്കപ്പെട്ടു. പിന്നീട് കേരളത്തിനു ബോധ്യമായ ആദിവാസി ഭൂപ്രശ്‌നമൊന്നും അന്നാര്‍ക്കും ഗൗരവത്തില്‍ അറിയാമായിരുന്നുമില്ല. ഈ കര്‍ഷകജനതയുടെ ജീവിതവും കൃഷിയുമെല്ലാം സംരക്ഷിക്കാന്‍ കേരളം ബാധ്യസ്ഥമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം ഇതൊടൊപ്പം പറയേണ്ട മറ്റനവധി വിഷയങ്ങളുമുണ്ട്. ഈ മാനുഷിക പ്രശ്‌നത്തിന്റെ പേരില്‍ അവയെ കുറിച്ച് നിശബ്ദരായിരിക്കണം എന്നു പറയുന്നതില്‍ എന്തു ന്യായം? അനധികൃതമായും നിയമങ്ങളുടെ സാങ്കേതികമായ പഴുതുകള്‍ ഉപയോഗിച്ചും വനഭൂമി കയ്യടക്കിയ വന്‍കിടക്കാരെ കുറിച്ച് മിണ്ടാതിരിക്കാനാവുമോ? അനധികൃതമായി വനംഭൂമി കൈവശം വെച്ചിരിക്കുന്ന കോര്‍പ്പറേറ്റുകളുടെ ചൂഷണത്തെ കുറിച്ചോ ക്വാറി മാഫിയകള്‍ വന്‍തോതില്‍ നടത്തുന്ന ഖനനത്തെ കുറിച്ചോ അതിരു കടക്കുന്ന രീതിയിലുള്ള ടൂറിസം വികസനത്തെ കുറിച്ചോ ആദിവാസി ജനതയുടെ പ്രശ്‌നങ്ങളെ കുറിച്ചോ പറയാതിരിക്കാനാവുമോ? അവക്കും പരിഹാരം കാണേണ്ടതല്ലേ? ഈ പ്രശ്‌നങ്ങളാണ് വീരാന്‍കുട്ടി ചൂണ്ടികാട്ടിയത്. തീര്‍ച്ചയായും നിരവധി പോരാട്ടങ്ങളുടേയും നിയമനടപടികളുടേയും ഫലമായി സമീപകാലത്ത് വനവിസ്തൃതിയും വന്യമൃഗങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. അതുപക്ഷെ മുന്‍കാലത്തു വന്‍കിടക്കാര്‍ നടത്തിയ വനനശീകരണത്തിനു ന്യായീകരണമല്ല. വന്യമൃഗങ്ങളുടെ എണ്ണം കൂടിയത് അവ ജനവാസ സ്ഥലങ്ങളിലേക്ക് വരാന്‍ ഒരു കാരണവുമാണ്. ഇത്തരത്തില്‍ പ്രശ്‌നങ്ങളെ വേര്‍തിരിച്ച് പഠിച്ച് ചെറുകിടകര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും അനുകൂലമായും വനം കയ്യേറ്റക്കാര്‍ക്കെതിരായും നടപടിയെടുക്കേണ്ടതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. കയ്യേറ്റക്കാരേയും കുടിയേറ്റക്കാരേയും വേര്‍തിരിച്ചുതന്നെ കാണണം. അക്കാര്യത്തില്‍ കര്‍ഷകരും പരിസ്ഥിതിവാദികളും കൈകോര്‍ക്കുകയാണ് വേണ്ടത്. പക്ഷെ നടക്കുന്നത് മറ്റൊന്നാണ്.

പരിസ്ഥിതിവാദികളും കവികളിലൊരു വിഭാഗവുമൊക്കെ കര്‍ഷകശത്രുക്കളാണെന്ന പ്രചാരണം തന്നെ തെറ്റാണ്. പശ്ചിമഘട്ടവിഷയത്തിലും വനസംരക്ഷണത്തിലും മാത്രമല്ല, സമതലങ്ങളിലെ പാടം നികത്തലുകളിലും തീരദേശത്തെ പ്രശ്‌നങ്ങളിലുമൊക്കെ അവര്‍ ഐക്യപ്പെടാറുണ്ട്. സമരങ്ങളില്‍ ഭാഗഭാക്കാകാറുണ്ട്. അതൊക്കെ ഒരു ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമാണ്. ഇവരെല്ലാം വികസനത്തിനെതിരാണെന്ന പ്രചാരണം തെറ്റാണ്. കേരളത്തിലെ റെയില്‍വേ വികസനത്തിനു ബദല്‍ സംവിധാനം നിര്‍ദ്ദേശിച്ചാണ് സാമ്പത്തികവും പാരിസ്ഥിതികവുമായി വന്‍പ്രത്യാഘാതം സൃഷ്ടിക്കുന്ന കെ റെയിലിനെ അവരെതിര്‍ത്തത്. വാസ്തവത്തില്‍ റെയില്‍വേ വികസനത്തെ തടയുന്നത് കെ റെയില്‍ വക്താക്കളാണ്. തീര്‍ച്ചയായും സമകാലിക കാലത്ത് മറ്റെതുവിഷയവുമെന്നപോലെ പാരിസ്ഥിതിക വിഷയങ്ങളും ആഗോളസംഭവവികാസങ്ങളുമായും ബന്ധപ്പെട്ടു കിടക്കുന്നു. ആഗോളതാപനത്തിനു പ്രധാന കാരണം വികസിത രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ. അതിനര്‍ത്ഥം ലോകത്തിനു തെറ്റെന്നു ബോധ്യമായ വികസന മൗലികവാദം അവികസിത – വികസ്വര രാഷ്ട്രങ്ങള്‍ നടപ്പാക്കണമെന്നല്ല. പരിസ്ഥിതിയും വികസനവുമായുള്ള വൈരുദ്ധ്യാധിഷ്ഠിത ബന്ധം വളരര്‍ത്തിയെടുക്കുകയാണ് വേണ്ടത്. എന്നാല്‍ പുസ്തകം കത്തിക്കുന്നതുപോലുള്ള സംസ്‌കാര രഹിത നടപടികള്‍ സൃഷ്ടിക്കുന്നത് വിപരീത ഫലങ്ങളാകുമെന്നുമാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply