യുപിയിലെ ഇന്ത്യ

കബീറിന്റെ, ഗാന്ധിയുടെ രാമനല്ല തുളസീദാസിന്റെ രാമനെയാണ് ഇന്നത്തെ യുപി ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. ശംബൂകനെ കൊന്ന സീതയെ തള്ളപ്പറഞ്ഞ അതേ നിയമനിഷ്ഠ; ഭയഭക്തി ബഹുമാനങ്ങള്‍ക്ക് ആചാരാദികള്‍ക്കും പാരമ്പര്യത്തിനും കാരുണ്യത്തേക്കാള്‍ മുന്‍തൂക്കം നല്‍കുന്ന വസിഷ്ഠ നീതി. അതു ചോദ്യം ചെയ്യാന്‍ ഇന്ന് യുപിയില്‍ വാത്മീകിമാരില്ല.

പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തിരഞ്ഞെടുപ്പ് കാലത്താണ് അതീഖ് അഹമ്മദ് എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്.നഗരത്തിലെ പുതിയ മാഫിയാത്തലവന്മാരെക്കുറിച്ചായിരുന്നു ഞങ്ങളുടെ സംഭാഷണം. അലഹാബാദ് ഹൈക്കോടതി എടുപ്പുകള്‍ക്ക് എതിരെ സ്ഥിതിചെയ്തിരുന്ന ഒരു വീട്ടില്‍ ഗൃഹനാഥനുമായി സംസാരിച്ചിരിക്കവേ അയാള്‍ അതീഖിനെക്കുറിച്ച് പറഞ്ഞു. ഏതൊരു നഗരത്തിന്റെ സ്പന്ദനം അറിയണമെങ്കിലും അവിടുത്തെ ക്രൈം സീനെക്കുറിച്ച് നമുക്കൊരു ധാരണ വേണം. നഗരത്തിന്റെ പൊളിറ്റിക്കല്‍ ഇക്കോണമി നിയന്ത്രിക്കുന്നത് അവിടുത്തെ മാഫിയകളും അവരുടെ സാമ്പത്തിക ഇടപാടുകളെ പരോക്ഷമായി നിയന്ത്രിക്കുകയും അവരാല്‍ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയക്കാരുമാണ്. ഗോഡ്ഫാദറില്‍ മാരിയോ പുസോ എഴുതുന്നുണ്ട്: ”Behind every successful fortune there is a crime.” രാഷ്ട്രീയത്തിലും ഈ വാക്യം പ്രസക്തമാണ്.

ഫിറോസ് ഗാന്ധിയുടെ ബന്ധുക്കളായിരുന്നു ഞാന്‍ പരിചയപ്പെട്ട ആ പാഴ്‌സി കുടുംബം. അലഹാബാദില്‍ ജനിച്ചുവളര്‍ന്ന എന്റെ സുഹൃത്തിന്റെ സഹപാഠിയുടേതായിരുന്നു ബ്രിട്ടീഷ് ബംഗ്ലാവിന്റെ മാതൃകയില്‍ പണികഴിപ്പിച്ച ആ വീട്. ബോംബെയില്‍ പല്ലുഡോക്ടറായ അയാളുടെ അച്ഛനുമമ്മയുമായിരുന്നു ആ വീട്ടില്‍ താമസിച്ചിരുന്നത്. വീടിന്റെ ഔട്ട്ഹൗസില്‍ പണ്ട് ഭക്ഷണവും ലോഡ്ജിംഗ് സൗകര്യങ്ങളും ഹൈക്കോടതി സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കായി ഒരുക്കിയിരുന്നു. അതൊക്കെ നിന്നുപോയിരിക്കുന്നു. ചക്കയില്‍ ഈച്ച എന്നതുപോലെ ഭൂമി കുറ്റവാളികളെ ആകര്‍ഷിക്കുന്നു എന്ന് ആ ഗൃഹനാഥന്‍ പറഞ്ഞു: ”വീട്ടില്‍ ആളെത്തും. അവര്‍ പറയും, ആപ്കാ മക്കാന്‍ ഭായി കൊ പസന്ത് ഹെ (താങ്കളുടെ ഗൃഹം ഭായിക്ക് ഇഷ്ടപ്പെട്ടിരിക്കുന്നു.” ഭായി ഇടുന്ന വിലയ്ക്ക് നിങ്ങള്‍ വസ്തു കച്ചവടം നടത്തി സ്ഥലം വിടണം.) അതീഖ് ആയിരുന്നു ഗൃഹനാഥന്‍ സൂചിപ്പിച്ച ‘ഭായി’.

ഭായി തികച്ചും മതേതരനായിരുന്നു. ഹിന്ദു-മുസ്‌ലിം വകഭേദമൊന്നും വസ്തു ഇടപാടുകളില്‍ കാണിച്ചിരുന്നില്ല. അന്നേ തന്നെ അലഹാബാദില്‍ നിന്നും സാമാജികനായിക്കഴിഞ്ഞിരുന്നു. ആ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ താരങ്ങളിലൊന്ന് ‘ഭായി’ ആയിരുന്നു. രണ്ട് കൊല്ലം മുമ്പ് അതീഖും സംഘവും തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ ബിഎസ്പിയുടെ രാജുപാലിനെ വെടിവെച്ചുകൊന്നിരുന്നു. അപ്പോഴേക്കും സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടപ്പെട്ടയാളായിക്കഴിഞ്ഞിരുന്നു അതീഖ്. അന്ന് തുടങ്ങിയ പോരാണ് കഴിഞ്ഞമാസം നാടകീയമായി അവസാനിച്ചത്. ടിവി ക്യാമറകള്‍ക്ക് മുമ്പില്‍വെച്ചാണ് പരസ്പരം പരിചയമില്ലാത്ത മൂന്നു ചെറുപ്പക്കാര്‍ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയിലേക്ക് നടന്നുപോവുകയായിരുന്ന അതീഖിനെയും സഹോദരനേയും വെടിവെച്ചുകൊന്നത്. പോയിന്റ്ബ്ലാങ്കില്‍ വെടിയുതിര്‍ത്തശേഷം അവര്‍ ജയ് ശ്രീറാം എന്ന് മുദ്രാവാക്യം മുഴക്കി പോലീസിന് കീഴടങ്ങി.

ഒരുപാട് ചോദ്യങ്ങള്‍ ആ കൊലപാതകം ബാക്കിനിര്‍ത്തി. ആരാണീ ചെറുപ്പക്കാര്‍? ഇവര്‍ എങ്ങനെയാണ് പോലീസ് വലയം ഭേദിച്ച് പോലീസ് കസ്റ്റഡിയിലുള്ള രണ്ട് കൊടും കുറ്റവാളികളെ കൊന്നത്? തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് സുപ്രീം കോടതി സമക്ഷം അതീഖ് ഹര്‍ജി സമര്‍പ്പിക്കുകയും യുപി സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിച്ചുകൊള്ളുമെന്ന് കോടതി ഉറപ്പു നല്‍കുകയും ചെയ്തിട്ട് ദിവസങ്ങള്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. കൊലപാതകത്തിന് കുറച്ച് ദിവസങ്ങള്‍ മുമ്പ് ഒരു സംഘമാളുകള്‍-അതീഖിന്റെ മകന്‍ അസദ് അതില്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് പോലീസ് ഭാഷ്യം -രാജുപാല്‍ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ്പാല്‍ എന്ന വക്കീലിനെ വെടിവെച്ചുകൊന്നിരുന്നു. അതിനെതുടര്‍ന്ന് ഒരു യുപി പോലീസ് സംഘം അസദുള്‍പ്പെടെ ഉമേഷ്പാലിനെ വധിച്ചു എന്ന് ആരോപിക്കപ്പെട്ടവരെ എന്‍കൗണ്ടറില്‍ വെടിവെച്ചുകൊന്നിരുന്നു.

അതീഖിന്റെ കൊലപാതകത്തെ പ്രപഞ്ചനീതിയെന്ന് ഒരു യുപി മന്ത്രി അപ്പോള്‍തന്നെ ന്യായീകരിച്ചു. കര്‍മ്മസിദ്ധാന്തത്തിന് ഉദാഹരണമായി പിന്നീട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അതീഖിന്റെ കൊലപാതകത്തെ എടുത്തുകാണിക്കുകയും ചെയ്തു.എണ്ണായിരത്തോളം എന്‍കൗണ്ടറുകള്‍ നടത്തിയത് നേട്ടപ്പട്ടികയില്‍ അവതരിപ്പിച്ചിരുന്നു ആദിത്യനാഥ് സര്‍ക്കാര്‍. നൂറ്റമ്പതില്‍പരം ആളുകള്‍ എന്‍കൗണ്ടറുകളില്‍ കൊല്ലപ്പെട്ടിരുന്നു. അതീഖിന്റെ മരണമാകട്ടെ ഉത്തര്‍പ്രദേശില്‍ വലിയ ആഘോഷമായിത്തന്നെ ബിജെപി അനുഭാവികള്‍ കൊണ്ടാടുകയും ചെയ്തു. The Adityanath government had presented about eight thousand encounters in the list of achievements. A hundred and fifty people were killed in the encounters. On the other hand, Ateeq’s death was celebrated in Uttar Pradesh by BJP supporters.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതീഖിന്റെ കുറ്റകൃത്യങ്ങളുടെ സെക്കുലര്‍ സ്വഭാവം കൊണ്ടുതന്നെ അതിന് മതപരമായ മാനം പ്രത്യക്ഷത്തില്‍ ആരും നല്‍കിയിരുന്നില്ല. എങ്കിലും രാജുപാല്‍ എന്ന ഒബിസി നേതാവും അതീഖ് എന്ന മുസ്‌ലിം ക്രിമിനലും തമ്മിലുള്ള വൈരം എന്നൊരു സമവാക്യം അടിയൊഴുക്കായി ചര്‍ച്ചയില്‍ പടര്‍ന്നുകഴിഞ്ഞിരിക്കുന്നു. എന്നും ജാതിയുടേയും മതത്തിന്റേയും ചട്ടക്കൂട്ടില്‍ മാത്രം ചര്‍ച്ചചെയ്യപ്പെട്ടുപോരുന്ന യുപിയില്‍ അതീഖിന്റെ മുസ്‌ലിം സ്വത്വത്തിന് ക്രിമിനല്‍ എന്ന സ്വത്വത്തേക്കാള്‍ പ്രാധാന്യം കല്‍പ്പിച്ചുകൊടുക്കപ്പെട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. അതേ കാരണത്താല്‍ സമുദായപ്രമാണിയായി അയാള്‍ ചിത്രീകരിക്കപ്പെട്ടു കൂടെന്നുമില്ല.

അതീഖ് അഹമ്മദിനെ ഒരു പ്രതീകമായാണ് യുപി സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. അയാള്‍ ഒറ്റപ്പെട്ട ഒരു കുറ്റവാളിയൊന്നുമല്ല. അതുപോലെ പോലീസ് എന്‍കൗണ്ടറുകളും യുപിയില്‍ പുതിയതൊന്നുമല്ല. 1980 കളിലാണ് പോലീസ് എന്‍കൗണ്ടറുകള്‍ യുപിയില്‍ പ്രത്യക്ഷപ്പെട്ടത്. അന്നും അതിന് ജാതിയുണ്ടായിരുന്നു. വി.പി. സിംഗായിരുന്നു മുഖ്യമന്ത്രി. ചമ്പല്‍ കൊള്ളക്കാര്‍ക്കെതിരെ തുടങ്ങിയതായിരുന്നു എന്‍കൗണ്ടറുകള്‍. നൂറുകണക്കിനു മനുഷ്യര്‍- കൊള്ളക്കാരും സാധാരണക്കാരും- അന്നത്തെ പോലീസ്-കൊള്ളക്കാര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മായാത്യാഗി സംഭവം മുതല്‍ ഫൂലന്‍ദേവി വരെ വാര്‍ത്തയില്‍ നിറഞ്ഞുനിന്ന കാലമാണത്. ആ ഘട്ടം അവസാനിക്കുന്നത് വി.പി. സിംഗിന്റെ ജ്യേഷ്ഠനെ-ജഡ്ജിയായിരുന്നു അദ്ദേഹം-കൊള്ളക്കാര്‍ വെടിവെച്ചു കൊല്ലുന്നതോടെയാണ്. അതിനെ തുടര്‍ന്ന് സിംഗ് രാജിവെച്ചു. യുപി അതിന്റെ കുത്തഴിഞ്ഞ വഴികളില്‍ സഞ്ചാരം തുടരുകയും ചെയ്തു.

അതിനുശേഷം ഓരോ ജാതിക്കും അവരുടേതായ മാഫിയത്തലവന്മാര്‍ ഉണ്ടായിവന്നു. ഹരിശങ്കര്‍ തിവാരിയും ശ്രീപ്രകാശ് ശുക്ലയും വികാസ് മുബേയും ബ്രാഹ്മണ മാഫിയയുടെ പ്രതിനിധികളായിരുന്നു. അതീഖ് അഹമ്മദിന് പുറമേ മുക്തര്‍ അന്‍സാരിയും കിഴക്കന്‍ യു.പി.യില്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. 80 കളില്‍ എപ്പോഴോ ആണ് ഗുണ്ടകള്‍-ബാഹുബലികള്‍ എന്നാണ് വിളിപ്പേര്-തങ്ങളുടെ രാഷ്ട്രീയ മുതലാളന്മാരെ കൈവിട്ട് തിരഞ്ഞെടുപ്പുകളില്‍ നേരിട്ട് ഇടപെട്ടുതുടങ്ങുന്നത്. ഒട്ടുമേതന്നെ പ്രവര്‍ത്തിക്കാത്ത ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റേയും ജനാധികാരത്തിന്റേയും ഫ്യൂഡല്‍ സാമ്പത്തിക ബന്ധങ്ങളുടേയും കെട്ടുപാടുകളില്‍ കുടുങ്ങിക്കിടന്നിരുന്ന ഒരു പൊളിറ്റിക്കല്‍ ഇക്കോണമിക്ക് ബാഹുബലികളെ ആവശ്യമുണ്ടായിരുന്നു. അതിന്നും തുടരുന്നു. അതുകൊണ്ടുതന്നെ ഇവരെ ക്രിമിനലുകള്‍ എന്നുവിളിച്ച് ഇല്ലായ്മ ചെയ്യുന്നതുകൊണ്ട് ബാഹുബലി രാഷ്ട്രീയം ഇല്ലാതാകുന്നില്ല. ഇവരെ ആവശ്യമുള്ള ഇവര്‍ സംരക്ഷിക്കുന്ന ഒരു സമ്പദ്‌രാഷ്ട്രീയ ഘടന യുപിയില്‍ തുടരുന്നുണ്ട്.

കോണ്‍ഗ്രസ്സും സാമൂഹ്യനീതി രാഷ്ട്രീയവുമൊന്നും ബാഹുബലികളെ ഇല്ലായ്മ ചെയ്യാനല്ല ശ്രമിച്ചത്, അവരെ തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടെ നിര്‍ത്തുകയാണ് ചെയ്തത്. പരാജയപ്പെട്ട ഒരു കോടതി-രാഷ്ട്രീയ-സര്‍ക്കാര്‍ സംവിധാനത്തിന്റെ, ഈ കൂട്ടുകെട്ടിന്റെ കുടക്കീഴില്‍ പൊന്തിവന്ന ഒരു സമ്പദ്ഘടനയുടെ കൈയ്യാളുകളും കാവലാളുകളുമായി ഇവര്‍ തുടരുന്നു.

തൊണ്ണൂറുകള്‍ കഴിഞ്ഞപ്പോഴേക്കും യുപിയിലെ വ്യവസായന്തരീക്ഷം താറുമാറായിക്കഴിഞ്ഞിരുന്നു. പടിഞ്ഞാറന്‍ യുപി ടൗണുകള്‍-അലിഗഢ്, മൊറാദാബാദ്, മഥുര, ആഗ്ര, ബുലന്ദ്ഷഹര്‍-മുതല്‍ പഴയ പ്രൗഢി ഇല്ലാതായ കാണ്‍പൂരും അലഹാബാദുമൊക്കെ പതിനെട്ടാം നൂറ്റാണ്ടിലെ-1848 മുമ്പുള്ള18-ാം നൂറ്റാണ്ട്-പട്ടിണിയും രോഗവും അഴുക്കുചാലുകളും നിരന്തരമായ വര്‍ഗ്ഗീയലഹളകളുമായി കഴിഞ്ഞുപോന്ന യൂറോപ്യന്‍ വ്യവസായ നഗരങ്ങളെ ഓര്‍മ്മിപ്പിച്ചുപോന്നിരുന്നു.

രാംമന്ദിറും മണ്ഡലും അരങ്ങുതകര്‍ത്ത തൊണ്ണൂറുകള്‍ മുതല്‍ക്കുള്ള രണ്ടുമൂന്നു പതിറ്റാണ്ടുകളില്‍ കൃഷിയും വ്യവസായവുമൊന്നും ശ്രദ്ധിക്കാന്‍ യുപി ഭരണാധികാരികള്‍ ശ്രമിച്ചിരുന്നില്ല. സാമൂഹികാധികാരം പിടിച്ചെടുക്കാനുള്ള ബദ്ധപ്പാടില്‍-മുടങ്ങിനിന്നിരുന്ന ജനാധിപത്യ പ്രക്രിയതന്നെയായിരുന്നു അതെന്നിരിക്കിലും-അവര്‍ കൃഷിയും വ്യവസായവുമടക്കമുള്ള സാമ്പത്തികമേഖലയെ ശ്രദ്ധിച്ചതേയില്ല. പെറ്റികച്ചവടവും ചെറുകിട കൃഷിയുമായി യുപി ഒതുങ്ങി-പടിഞ്ഞാറന്‍ യുപി 60 കളുടെ കുതിപ്പില്‍ വലിയ കരിമ്പ്്-പഞ്ചസാര സാമ്പത്തികമേഖലയായി മാറിക്കഴിഞ്ഞിരുന്നുവെങ്കിലും (ഇന്ത്യയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഞ്ചസാരയുടെ 70 ശതമാനം യുപിയില്‍ നിന്നാണ്). സാമ്പത്തിക ഉദാരവല്‍ക്കരണത്തിനുശേഷം പണം ഊഹക്കച്ചവടത്തിന്റെ മൂലധനമായി മാറി. നഗരങ്ങളില്‍ കുമിഞ്ഞുകൂടിയ കോഴപ്പണവും കള്ളപ്പണവും കെട്ടിടങ്ങളായി രൂപാന്തരം പ്രാപിച്ചുപോന്നു.

2007 ലെ തിരഞ്ഞെടുപ്പ് വീണ്ടും ഓര്‍മ്മവരുന്നു. അലഹാബാദില്‍ ഗംഗാനദിക്കപ്പുറത്ത് ഝുസി എന്ന വ്യവസായമേഖലയുണ്ടായിരുന്നു. 12-14 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പവര്‍ക്കട്ടില്‍ വ്യവസായങ്ങളുടെ അടിത്തറ ഇളകിക്കഴിഞ്ഞിരുന്നു. സിവില്‍ ലൈന്‍സ് ഉള്‍പ്പെടെയുള്ള നഗരഹൃദയത്തില്‍ മാളുകളും മറ്റും പൊന്തിവന്നിരുന്നു. അതിന്റെ സാമ്പത്തിക ലോജിക് എന്താണ് എന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഒരു ഉല്പാദനവും നടക്കാത്ത കൃഷിയിലോ സര്‍വ്വീസ് മേഖലയിലോ അനക്കമില്ലാതിരുന്ന ഒരു നഗരത്തില്‍ കച്ചവട എടുപ്പുകള്‍ എങ്ങനെ എന്തിനായി ഉയരുന്നു? 22% മാത്രം നഗരവല്‍ക്കരിക്കപ്പെട്ട ഒരു സംസ്ഥാനത്തില്‍ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക്-ദില്ലിയും ബോംബെയും മുതല്‍ സംസ്ഥാനത്തിനകത്തെ നഗരങ്ങള്‍ വരെ-തൊഴിലന്വേഷകരായി ലക്ഷക്കണക്കിന് മനുഷ്യര്‍ പലായനം ചെയ്തിരുന്നു. (200 മില്യണ്‍ ആണ് ഉത്തര്‍പ്രദേന്റെ ജനസംഖ്യ. ഒരു താരതമ്യത്തിന് പറയുകയാണെങ്കില്‍ കേരളത്തിന്റേത് 33 മില്യണ്‍ മാത്രം 2011 സെന്‍സസ് പ്രകാരം) ഇവര്‍ക്കായി നഗരങ്ങള്‍ പരന്നൊഴുകി.

ഒരറ്റത്ത് യമുനയും വടക്കനതിര്‍ത്തിയായി ഗംഗയുമുള്ള അലഹാബാദ് അതിജീവനം മാത്രം ലക്ഷ്യമിട്ട് ജീവിക്കുന്ന അനേകലക്ഷം മനുഷ്യരുടെ നഗരമായി മാറി. അവരുടെ ഇടയില്‍ നിന്നുമാണ് അതീഖ് അഹമ്മദ് പൊന്തിവന്നത്, അവരില്‍നിന്നും പണാധികാരത്തിന്റെ ഉയര്‍ നിലകളിലേക്ക് രക്ഷപ്പെട്ട അപൂര്‍വ്വം പേരില്‍ ഒരാള്‍.

അരാജകത്വം നിറഞ്ഞ ദശകങ്ങള്‍ക്ക് അറുതിവരുത്തുന്നു എന്ന കാഴ്ചപ്പാടാണ് ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി അവതരിപ്പിച്ചിരിക്കുന്നത്. രാമമന്ദിരത്തെ മുന്‍നിര്‍ത്തിക്കൊണ്ട് അതി ഹൈന്ദവതയിലൂന്നിയ ഒരു ‘സാംസ്‌കാരിക വിപ്ലവം’ യുപിയില്‍ ഇന്ന് അരങ്ങേറുന്നുണ്ട്. ഇരുപത് ശതമാനം വരുന്ന മുസ്‌ലിം സമുദായത്തെ അപരവല്‍ക്കരിച്ചുകൊണ്ടാണ് ഈ സ്‌റ്റേറ്റിന്റെ ഹൈന്ദവവല്‍ക്കരണം പുരോഗമിക്കുന്നത്. അവധ് പ്രദേശം (മധ്യ യു.പി.) എക്കാലത്തും പ്രതിനിധാനം ചെയ്തിരുന്ന ഹിന്ദു-മുസ്‌ലിം സങ്കരസംസ്‌കാരത്തിന് പകരം-ഭക്ഷണവും ഭാഷയും സംഗീതവും സാഹിത്യവും പെരുമാറ്റ മര്യാദകളും വരെ ഇതിന്റെ അടരുകളില്‍പ്പെടും- മിലിറ്റന്റായ ഹിന്ദുദേശീയത പ്രതിഷ്ഠിക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. അത്തരമൊരു ചുവടുമാറ്റത്തിന് വേണ്ട ആദ്യപടി അച്ചടക്കത്തില്‍ ജീവിക്കുന്ന ഒരു സമൂഹമാണ്. സാമൂഹ്യ-സാംസ്‌കാരിക വൈവിധ്യങ്ങള്‍ സൃഷ്ടിക്കുന്ന ‘അരാജകത്വത്തെ’ ഒഴിവാക്കിക്കൊണ്ട് സര്‍ക്കാരിന്റെ ചൊല്‍പ്പടിയില്‍ ജീവിക്കുന്ന ഒരു ജനത ആദിത്യനാഥിന്റെ ബിജെപി സ്വപ്‌നം കാണുന്നു.

കാഷായവേഷധാരിയും ബ്രഹ്മചാരിയും കുടുംബം തുടങ്ങിയ ലൗകികബന്ധങ്ങള്‍ക്ക് ഉപരിയായി ജീവിക്കുന്നയാളുമായ ആദിത്യനാഥ് ബിജെപിയുടെ രാഷ്ട്രീയത്തിന് നല്‍കുന്ന സാധുത (legitimacy) വളരെ വലുതാണ്. താന്‍ സമൂഹത്തിനൊരു ശുദ്ധീകരണം നല്‍കാന്‍ ശ്രമിക്കുകയാണ് എന്ന് ആദിത്യനാഥ് അടുത്തയിടെ പറയുകയുണ്ടായി. ബാബാ എന്ന് എല്ലാവരും വിളിക്കുന്ന ആദിത്യനാഥ് ശുദ്ധീകരണ പ്രക്രിയയുടെ ചട്ടക്കൂടിലാണ് പോലീസ് എന്‍കൗണ്ടറുകളെക്കുറിച്ചും ‘ചട്ടവിരുദ്ധമായി’ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളുടെ പൊളിച്ചുനീക്കലുകളേയുമൊക്കെ ന്യായീകരിക്കുന്നത്. പതിറ്റാണ്ടുകളായി കണ്ടുപോന്ന അരാജകത്വത്തില്‍നിന്നും മുന്നോട്ട് പോകാന്‍ ഈ അനുശാസനപര്‍വ്വം ആവശ്യമാണെന്ന് ഒരു വലിയ വിഭാഗം ജനങ്ങള്‍ കരുതുന്നു.

കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചക്കുശേഷം വന്ന ഭരണാധികാരികള്‍ -മുലായം സിംഗ് യാദവും മായാവതിയും കല്യാണ്‍സിംഗും അഖിലേഷ് യാദവും-ഒക്കെ ഭരണത്തെ തങ്ങളുടെ സ്വകാര്യ സമ്പാദ്യമായി കാണുകയും ജാതി-കുടുംബ നെറ്റ്‌വര്‍ക്കിന് അടിയറവെക്കുകയും ചെയ്തിരുന്നു. മായാവതിയുടെയും മുലായത്തിന്റെയും കാലത്തു നടന്ന ജനാധിപത്യവിപ്ലവത്തെ ജനമനസ്സുകളില്‍ റദ്ദുചെയ്തുകളയുന്ന തരത്തിലാണ് അഴിമതിയും മറ്റ് കെടുകാര്യസ്ഥതകളും യുപിയില്‍ അവരുടെ ഭരണകാലത്ത് അരങ്ങേറിയത്. അതിന്റെ നൈതിക ബദല്‍ എന്നുതന്നെയാണ് ആദിത്യനാഥിന്റെ ഭരണം അവതരിക്കപ്പെടുന്നത്. തെരുവിലെ അരാജകത്വത്തിന് ബദല്‍ സര്‍ക്കാര്‍വക ഗുണ്ടായിസം!

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വലിയ സംസ്ഥാനമാണ് യുപി. സ്വതന്ത്രരാജ്യമാവുകയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ പത്ത് രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കും. എണ്‍പത് ലോക്‌സഭാ സീറ്റുകളുടെ സാന്നിധ്യം രാഷ്ട്രീയ-അധികാര രാഷ്ട്രീയത്തില്‍ യുപിയുടെ പ്രാധാന്യം കൂട്ടുന്നു. ജനസാന്ദ്രതയില്‍ ഏതാണ്ട് കേരളത്തിനോളം വരും. ഇന്ന് വിലകുറഞ്ഞ തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന ഒരു പ്രദേശം മാത്രമാണ് യുപി. എങ്ങും ഏത് കുറ്റകൃത്യത്തിനും ആദ്യം പഴികേള്‍ക്കുന്നത് ഈ തൊഴിലാളികളാണ്. അവരോടാണ് ആദിത്യനാഥ് പ്രതീക്ഷയുടെ രാഷ്ട്രീയം സംസാരിക്കുന്നത്. ഉത്തര്‍പ്രദേശുകാരന്റെ ആത്മാഭിമാനത്തെക്കുറിച്ച് സംസാരിക്കുന്നത്. ഇന്നത്തെ അവസ്ഥയ്ക്ക് കാരണക്കാരില്‍ പ്രധാനി ബിജെപിയാണെന്ന വസ്തുത ആദിത്യനാഥ് എന്ന ഗോരഖ്പൂര്‍ മഠാധിപതി സൃഷ്ടിക്കുന്ന പരിവേഷത്തില്‍ മറയ്ക്കപ്പെടുന്നു.

ബാബാ ഉദ്ധരിക്കുന്നത് ഭരണഘടനയുടെ നീതിശാസ്ത്രമല്ല. മറിച്ച് മതപരമായ കാലാതീതമെന്ന് തോന്നിപ്പിക്കുന്ന ഒരു നൈതികതയുടെ ഏടുകളാണ്. അബോധത്തില്‍ രാജഋഷിമാരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്ന ഒരു ഹൈന്ദവ ബോധത്തെയാണ് മതത്തിന്റെ ഭാഷയില്‍ സംസാരിച്ചുകൊണ്ടിരിക്കുന്ന യുപി സര്‍ക്കാര്‍ അഭിസംബോധന ചെയ്യുന്നത്. കബീറിന്റെ, ഗാന്ധിയുടെ രാമനല്ല തുളസീദാസിന്റെ രാമനെയാണ് ഇന്നത്തെ യുപി ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. ശംബൂകനെ കൊന്ന സീതയെ തള്ളപ്പറഞ്ഞ അതേ നിയമനിഷ്ഠ; ഭയഭക്തി ബഹുമാനങ്ങള്‍ക്ക് ആചാരാദികള്‍ക്കും പാരമ്പര്യത്തിനും കാരുണ്യത്തേക്കാള്‍ മുന്‍തൂക്കം നല്‍കുന്ന വസിഷ്ഠ നീതി. അതു ചോദ്യം ചെയ്യാന്‍ ഇന്ന് യുപിയില്‍ വാത്മീകിമാരില്ല.

ഹൈന്ദവരാഷ്ട്രത്തിന്റെ ഒരു ബ്ലൂപ്രിന്റാണ് ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ്. ഉത്തമപ്രദേശമാക്കുന്നു ഉത്തര്‍പ്രദേശിനെ താന്‍ എന്ന ആദിത്യനാഥ് പറയുമ്പോള്‍ അതില്‍ പ്രതീക്ഷയുടെ രാഷ്ട്രീയം ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ട്. ആദിത്യനാഥിന്റെ അനുശാസനാപര്‍വ്വത്തില്‍ മെച്ചപ്പെട്ട വിഭവവിതരണവും സമാഹരണവും നടന്നേക്കാം. ക്രിമിനലുകള്‍ ഇല്ലായ്മ ചെയ്യപ്പെട്ടേക്കാം. ഉത്തര്‍പ്രദേശില്‍ കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെട്ടേക്കാം-പണ്ട് രാജാക്കന്മാരുടെ കാലത്ത് എന്നപോലെ. എങ്കിലും കാരുണ്യരഹിതമായ ഭരണാധികാരികള്‍ ഒരിടത്തും സിംഹാസനങ്ങളില്‍ എക്കാലവും വാണ ചരിത്രവുമില്ല. ഒട്ടും പ്രതീക്ഷാനിര്‍ഭരമായിരുന്നില്ലല്ലോ സാകേതം വാണ രാമന്റെ ജീവിതം.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply