പരിഷത്തും കേരളസമൂഹവും

പരിസ്ഥിതി, ആരോഗ്യം വിദ്യാഭ്യാസം, ഊര്‍ജം, ഉപഭോക്തൃ പ്രസ്ഥാനം, വികേന്ദ്രീ താസൂത്രണം, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളില്‍ പഠനവും ബോധവത്കരണ പ്രവര്‍ത്തനവും നടത്തിയ KSSP യുടെ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ അറുപതാം വാര്‍ഷികമാഘോഷിക്കുന്ന ഈ വേളയില്‍ വിമര്‍ശനാത്മകമായി വിലയിരുത്താനുള്ള ഒരു ശ്രമമാണ് ഈ ലേഖനം.

കേരളത്തിലെ അറിയപ്പെടുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന് 60 തികയുകയാണ്. 1962 ല്‍ ഒരു കൂട്ടം ശാസ്ത്ര എഴുത്തുകാര്‍ ചേര്‍ന്ന് ഡോ.കെ. ഭാസ്‌കരന്‍ നായരുടെ നേതൃത്വത്തില്‍ കോഴിക്കോട് ആരംഭിച്ച ശാസ്ത്ര സാഹിത്യ പരിഷദ് 1967 ല്‍ സ്വന്തമായി ഒരു ഭരണഘടന അംഗീകരിക്കുകയും 69 ല്‍ സൊസൈറ്റി ആക്ട് പ്രകാരം റജിസ്ടര്‍ ചെയ്യുകയും ചെയ്തു. പുസ്തകപ്രസാധനമായിരുന്നു ആദ്യകാല പ്രവര്‍ത്തനം .69-70 കാലത്ത് യുറീക്കാ , ശാസ്ത്രകേരളം പ്രസിദ്ധീകരണങ്ങള്‍ വിദ്യാര്‍ഥികള്‍ക്കായി ആരംഭിച്ചു. 1974 വരെ നഗരകേന്ദ്രീകൃതമായ ചെറുസംഘങ്ങളായിട്ടായിരുന്നു പ്രവര്‍ത്തനം .74 ല്‍ ഗ്രാമ ശാസ്ത്ര സമിതികള്‍ ആരംഭിച്ചതിനു ശേഷമാണ് കേരള വ്യാപകമായി ഗ്രാമങ്ങളിലും പേരുകളുള്ള ഒരു സംഘടനയായി അത് മാറുന്നത്. ഇന്ന് 60000ത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജനകീയ ശാസ്ത്ര പ്രസ്ഥാനമായി അത് അറിയപ്പെടുന്നു. 70 കളുടെ മധ്യം വരെ ശാസ്ത്ര സാഹിത്യ പ്രചാരകര്‍ മാത്രമായി ഒതുങ്ങിയ അവര്‍ സൈലന്റ് വാലി പ്രക്ഷോഭം, മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് മലിനീകരണ പ്രശ്‌നം എന്നിവയിലുള്ള പങ്കാളിത്തത്തിലൂടെ ജനശ്രദ്ധ നേടി. പരിസ്ഥിതി, ആരോഗ്യം വിദ്യാഭ്യാസം, ഊര്‍ജം, ഉപഭോക്തൃ പ്രസ്ഥാനം, വികേന്ദ്രീ താസൂത്രണം, സാങ്കേതികവിദ്യ തുടങ്ങി നിരവധി മേഖലകളില്‍ പഠനവും ബോധവത്കരണ പ്രവര്‍ത്തനവും നടത്തിയ KSSP യുടെ പ്രവര്‍ത്തനങ്ങള്‍ കേരള സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ അറുപതാം വാര്‍ഷികമാഘോഷിക്കുന്ന ഈ വേളയില്‍ വിമര്‍ശനാത്മകമായി വിലയിരുത്താനുള്ള ഒരു ശ്രമമാണ് ഈ ലേഖനം. This article is an attempt to critically evaluate the activities of KSSP which has done studies and awareness work in many fields like environment, health, education, energy, consumer movement, decentralized planning and technology and the changes brought about in the society of Kerala as it celebrates its 60th anniversary.

പുസ്തകപ്രസാധകരും മാസികാ പ്രസാധകരുമെന്ന നിലയില്‍ ഒരു വലിയ വിഭാഗം വായനക്കാരെയും വിദ്യാര്‍ഥികളെയും ആകര്‍ഷിക്കാന്‍ പരിഷത്തിന് കഴിഞ്ഞുവെന്നത് വാസ്തവമാണ്. ശാസ്ത്ര – സാമൂഹ്യ ശാസ്ത്ര ഗ്രന്ഥങ്ങള്‍, ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍, ആരോഗ്യ പഠനങ്ങള്‍, സാമൂഹ്യ ശാസ്ത്ര പഠനങ്ങള്‍ എന്നിവ ചിന്തിക്കുന്ന വലിയ ഒരു വിഭാഗത്തെ പരിഷത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കി. എന്നാല്‍ ശാസ്ത്രീയമായ ഒരു ലോകവീക്ഷണമോ സയന്റിഫിക് ടെമ്പറോ അനാചാര – അന്ധ വിശ്വാസ മോചനമോ സൃഷ്ടിക്കുന്നതിന് അത് എത്രമാത്രം സഹായകരമായി എന്നത് ഒരു ചോദ്യചിഹ്നമാണ്. കേരളത്തിന്റെ സമ്പത്ത് തുടങ്ങിയ പുസ്തകങ്ങള്‍ കേരളത്തിന് അനുയോജ്യമായ വ്യവസായ വികസനത്തെക്കുറിച്ചുള്ള പുതുചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുവെങ്കിലും ദേശീയവും സ്വാശ്രിതവുമായ ഒരു വികസന സങ്കല്‍പ്പം സൃഷ്ടിച്ചെടുക്കുന്നതില്‍ അത് വിജയിച്ചില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വികേന്ദ്രീകൃത ആസൂത്രണത്തിനും പങ്കാളിത്തവികസനത്തിനും വേണ്ടിയുള്ള പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. CPM ലെ തന്നെ ഉള്‍പാര്‍ട്ടി സമരങ്ങളില്‍ അത് പ്രതിഫലിച്ചു. അന്താരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സികളുടെ ധനസഹായത്തോടെ നിയോ ലിബറല്‍ ഭരണപരിഷ്‌കാരങ്ങള്‍ക്ക് ആശയ പരിസരമൊരുക്കുന്ന ഒരു എന്‍.ജി.ഒ ആയി പരിഷത്ത് പരിണമിച്ചു എന്ന എം.എന്‍ വിജയന്‍ മാസ്റ്റുടെ വിമര്‍ശനം പരിഷത്തിന് കേരളീയ സമൂഹത്തിലുണ്ടായിരുന്ന സര്‍വ്വസ്വീകാര്യതക്ക് വലിയ മങ്ങലാണ് ഏല്‍പ്പിച്ചത്. പുസ്തക – മാസികാ പ്രസിദ്ധീകരണങ്ങളിലൂടെ സ്വന്തം പ്രവര്‍ത്തനത്തിനുള്ള ഫണ്ട് കണ്ടെത്തി പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹിക സംഘടന എന്ന നിലയില്‍ നിന്ന് വിദേശ ഏജന്‍സികളില്‍ നിന്നടക്കം ഫണ്ട് കൈപ്പറ്റുന്ന ഒരു നവസാമൂഹികസംഘടന എന്ന നിലയിലേക്ക് പരിഷത്ത് മാറിയെന്നും, പോസ്റ്റ് മോഡേണ്‍ സൈദ്ധാന്തികതയിലൂന്നിക്കൊണ്ട് ലോകബാങ്ക് അടക്കമുള്ള ഏജന്‍സികള്‍ മുന്നോട്ടു വെച്ച വിദ്യാഭ്യാസദര്‍ശനങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ കരിക്കുലവും സിലബസും പാഠപുസ്തകങ്ങളും പരിഷ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പരിഷത്ത് നേതൃത്വം കൊടുത്തത് എന്ന വിമര്‍ശനവും ഉയര്‍ന്നുവന്നു. നവലിബറല്‍ നയങ്ങളുടെ ഭാഗമായ Governenss പരിഷ്‌കരണങ്ങളുടെ ഭാഗമായി ദേശീയ ഗവര്‍മെന്റുകളെയടക്കം പുറത്ത് നിന്ന് നിയന്ത്രിക്കാന്‍ ശേഷിയുള്ള അന്താരാഷ്ട്ര ഏജന്‍സികളുടെ ഘടനാപരമായ പരിഷ്‌കരണങ്ങള്‍ക്കുള്ള അന്തരീക്ഷമൊരുക്കുന്നതിനുള്ള ഉപകരണമായി പരിഷത്ത് പരിവര്‍ത്തിക്കപ്പെട്ടു എന്ന ആരോപണവും ഉയര്‍ന്നു വന്നു.

കേരളത്തിന്റെ ഊര്‍ജ്ജ രംഗത്ത് നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ പരിഷത്തിനു കഴിഞ്ഞിട്ടുണ്ട്. IRTC വഴിയുള്ള ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, LED ബള്‍ബ് വ്യാപകമാക്കി വൈദ്യുതി സംരക്ഷണം സാധ്യമാക്കല്‍, ചൂടാറാപ്പെട്ടിയുടെ വിതരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആശാസ്യമായ ഫലങ്ങള്‍ ഉളവാക്കി. എന്നാല്‍ കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് ജലവൈദ്യുതനിലയങ്ങള്‍ മാത്രം മതിയാവില്ലെന്നും താപനിലയങ്ങള്‍ ആവശ്യമാണെന്നുമുള്ള വാദം വലിയ വിവാദങ്ങളാണ് ക്ഷണിച്ചു വരുത്തിയത്. കേരളത്തിന്റെ പരിസ്ഥിതിക്കോ വിഭവലഭ്യതക്കോ ഒട്ടും അനുയോജ്യമല്ലാത്തതും , കേരളത്തില്‍ ഉല്പാദനച്ചെലവ് ഏറെയാകുന്നതും , വന്‍തോതിലുള്ള മലിനീകരണ സാധ്യതയുള്ളതും, കേരളത്തിന്റെ ജനസാന്ദ്രതക്ക് ഒട്ടും അനുയോജ്യമല്ലാത്തതുമായ താപനിലയങ്ങള്‍ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ടത് അങ്ങേയറ്റം അശാസ്ത്രീയമായ ഒരു നിലപാടായിരുന്നു. തുടര്‍ന്ന് സ്ഥാപിക്കപ്പെട്ട മൈലാട്ടി, നല്ലളം, ബ്രഹ്മപുരം , പാച്ചാളം, കായംകുളം തുടങ്ങിയ 5 താപനിലയങ്ങളിലൊന്നു പോലും പ്രവര്‍ത്തിക്കാതെ ഇപ്പോള്‍ അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കാറ്റ്, സൗരോര്‍ജം തുടങ്ങിയ പുനരുപയോഗ സാധ്യതയുള്ളതും താരതമ്യേന പരിസ്ഥിതി സൗഹൃദപരവുമായ സാധ്യതകള്‍ ഊര്‍ജ്ജരംഗത്ത് ഉപയോഗപ്പെടുത്താനാവശ്യമായ മുന്‍കൈ പരിഷത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതുമില്ല.

വികേന്ദീകൃതാസൂത്രണവും പങ്കാളിത്ത ജനാധിപത്യവും മോഹിപ്പിക്കുന്ന ആശയമാണെങ്കിലും ഏത് ചരിത്ര സന്ദര്‍ഭങ്ങളില്‍ ആരുടെ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടാണ് അതിന്റെ പ്രത്യക്ഷീകരണമെന്നത് പരിഷത്ത് വേണ്ടരീതിയില്‍ കണക്കിലെടുത്തില്ല. ഇന്ന് കേരളത്തിലെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാറിന്റെയും കേന്ദ്ര സര്‍ക്കാറിന്റെയും ഏജന്‍സിയുടെ നിലവാരത്തിലേക്ക് പ്രായോഗികമായി അധപതിച്ചിരിക്കുന്നുവെന്ന യാഥാര്‍ഥ്യം പരിഷത്തിന്റെ ഇക്കാര്യത്തിലുണ്ടായിരുന്ന മുന്‍കയ്യിന് കേരളത്തില്‍ ഏറെ സദ്ഫലങ്ങളൊന്നുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതിന് തെളിവാണ്. വന്‍കിടവ്യവസായങ്ങള്‍ക്കും വന്‍വ്യാപാര സ്ഥാപനങ്ങള്‍ക്കും അവിഹിതമായ സാജന്യങ്ങളും ഇളവുകളും നിയന്ത്രണമുക്തിയും നല്‍കുമ്പോള്‍ തന്നെ സാധാരണ ജനങ്ങള്‍ക്കുമേല്‍ പലരീതിയിലുള്ള ഫീസ് വര്‍ധനവുകളും ടാക്‌സ് വര്‍ധനവുകളും കാണാ നികുതികളും അടിച്ചേല്‍പ്പിക്കുന്ന തരത്തിലേക്ക് തദ്ദേശഭരണ സ്ഥാപനങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. വിജയന്‍മാഷിനെപ്പോലുള്ളവര്‍ പരിഷത്തിനെതിരെ ഉയര്‍ത്തിയ രാഷ്ട്രീയവിമര്‍ശനങ്ങളില്‍ കഴമ്പുണ്ട് എന്നാണ് ഇത് തെളിയിക്കുന്നത് ‘

താഴെ തട്ടിലുള്ള ആസൂത്രണത്തിലൂടെയും വികസന പദ്ധതികളിലൂടെയും പ്രാദേശിക വിഭവങ്ങള്‍ക്കുമേല്‍ സമൂഹത്തിന് കൂടുതല്‍ കൂടുതല്‍ നിയന്ത്രണാധികാരം ലഭിക്കുമെന്നും ആ വിഭവങ്ങളുടെ ഉപയോഗത്തിന് ജനകീയമായ planning ലൂടെ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ ആകുമെന്നുമുള്ള ജനകീയാസൂത്രണ കാലത്തെ പരിഷത്ത് വാദങ്ങളല്ല പില്‍ക്കാല കേരളത്തില്‍ പ്രയോഗക്ഷമമായത്. ഏകജാലക സംവിധാനം വഴിയുള്ള സംരഭാനുമതികള്‍ പഞ്ചയത്തിന്റെ അധികാരത്തെ പരിമിതപ്പെടുത്തിയിരിക്കുന്നു. നിയമങ്ങളെ നോക്കുകുത്തിയാക്കി കുന്നുകള്‍ ഇടിച്ചു നിരപ്പാക്കപ്പെടുന്നു. പാടങ്ങള്‍ നികത്തപ്പെടുന്നു. ജനകീയേച്ഛയെയും ജനകീയ സമരങ്ങളെയും അവഗണിച്ചുകൊണ്ട് വന്‍കിട ക്വാറികള്‍ക്ക് നിര്‍ബാധം അനുമതി നല്‍കപ്പെടുന്നു. വിഭവങ്ങള്‍ക്കുമേല്‍ നേരത്തേയുണ്ടായിരുന്ന നിയന്ത്രണാധികാരങ്ങള്‍ പോലും പ്രായോഗികമായി നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഇന്ന് തദ്ദേശഭരണസ്ഥാപനങ്ങള്‍.

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന ആശയം പ്രയുക്തമാക്കാന്‍ ശ്രമിക്കുന്ന ഒരു സംഘടന കേരളത്തിലെ ദളിത് – ആദിവാസി സംഘടനകള്‍ വിഭവാവകാശത്തിനും ഭൂമിക്കും വേണ്ടി നടത്തിയ പ്രക്ഷോഭങ്ങളോട് വേണ്ടരീതിയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മുന്നോട്ടു വന്നില്ല എന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ ഭൂപരിഷ്‌കരണം 28 ലക്ഷത്തോളം കുടിയാന്‍ മാര്‍ക്ക് കൃഷിഭൂമിയും കുടികിടപ്പകാശവുമൊക്കെ നല്‍കിയ ഒരു സംരംഭമെന്ന നിലയില്‍ മഹത്തായതായിരിക്കുമ്പോഴും കേരളത്തിലെ ജന്മിത്തത്തില്‍ കര്‍ഷകത്തൊഴിലാളികളായിരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതില്‍ അത് ദയനീയ പരാജയമായിരുന്നുവെന്ന ദളിത് വിമര്‍ശനത്തെ അഭിമുഖീകരിക്കാനോ അക്കാര്യങ്ങളില്‍ ശ്രദ്ധേയമായ പഠനങ്ങള്‍ മുന്നോട്ടു വെക്കാനോ പരിഷത്ത് തയ്യാറായില്ല എന്നത് യാദൃച്ഛികമല്ല.  കൂടിയായ്മ പോലും സാധ്യമാകാതെ പോയ ജാതീയ അസ്പൃശ്യതയാണ് ഇതിന് ഇടയാക്കിയത്. പരിഷത്ത് പ്രവര്‍ത്തകര്‍ ഉയര്‍ന്നുവന്ന സാമൂഹ്യ പശ്ചാത്തലവും പിന്നീടുണ്ടായ നേതാക്കളുടെ സവര്‍ണ origin ഉം ഒക്കെ പരിഷത്തിന്റെ ശാസ്ത്ര- സാമൂഹികനിലപാടുകളെ രൂപീകരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

കേരളത്തിലെ ജനാധിപത്യവത്കരണ പരിശ്രമങ്ങള്‍ക്ക് പൊതുവില്‍ രണ്ട് ധാരകള്‍ ഉണ്ടായിരുന്നു. സവര്‍ണ അവര്‍ണ ധാരകള്‍ എന്ന് പൊതുവില്‍ നമുക്ക് അതിനെ വിഭാഗീകരിക്കാം. അവര്‍ണ ആധുനീകരന്ന ധാരക്ക് സവര്‍ണ ആധുനീകരണ ധാരയെക്കാള്‍ നീണ്ട ചരിത്രമുണ്ടെങ്കിലും ചരിത്രത്തില്‍ അത് ദീര്‍ഘകാലം അദൃശ്യവത്കരിക്കപ്പെട്ട് കിടക്കുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ സവര്‍ണ ആധുനീകരണ – ജനാധിപത്യവത്കരണ പരിശ്രമങ്ങളുടെ ചരിത്രപരമായ ഒരു ധാരയെ പിന്‍പറ്റി പില്‍ക്കാലത്ത് രൂപം കൊണ്ടതും ജനാധിപത്യവത്കരണ പ്രക്രിയക്ക് ഏറെ സംഭാവന നല്‍കിയതുമായ ഒന്നായി പരിഷത്തിനെ അടയാളപ്പെടുത്തുന്നതായിരിക്കും കൂടുതല്‍ യാഥാര്‍ഥ്യ പൂര്‍ണ്ണം

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരിഷത്ത് കേരളത്തിലെ താഴ്ത്തപ്പെട്ട ജനതയുടെ ജനാധിപത്യവത്കരണ പ്രസ്ഥാനത്തിന്റെ പില്‍ക്കാല പ്രാതിനിധ്യം വഹിക്കുന്ന ഒരു പ്രസ്ഥാനമല്ലാത്തതുകൊണ്ടു തന്നെ, കീഴാളജനതയുടെ വിഭവാധികാര പ്രശ്‌നങ്ങളെയോ സാമൂഹികാധികാര പ്രശ്‌നങ്ങളെയോ വേണ്ട രീതിയില്‍ അഭിമുഖീകരിക്കാന്‍ അതിന് കഴിയാതെ പോയിട്ടുണ്ട്. കൊളോണിയല്‍ ആധുനികതയുടെ വ്യാപനത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തിലടക്കം മുന്നാക്കം ലഭിച്ച സാമൂഹിക വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു സവര്‍ണ ധാര തന്നെയാണ് ശാസ്ത്രസാഹിത്യ പരിഷത്തിന് തുടക്കമിട്ടത്. തുടര്‍ന്നും ആ ധാരയുടെ ആധിപത്യം തന്നെയാണ് അതിനെ മുന്നോട്ടു നയിച്ചതും. സവര്‍ണ ലിബറല്‍ ആധുനികതയും ആധുനിക ശാസ്ത്രത്തിനും സാങ്കേതിക വിദ്യകള്‍ക്കും സാമൂഹ്യമാറ്റത്തിലുള്ള ധനാത്മകമായ പങ്കിനെക്കുറിച്ചുള്ള ദൃഢവിശ്വാസവും തന്നെയാണ് അതിനെ നയിക്കുന്നത്. ആധുനിക പൂര്‍വ്വജ്ഞാനാനുഭവങ്ങളെ അപരിഷ്‌കൃതമോ അന്ധവിശ്വാസമോ ആയി കാണുന്ന സമീപനത്തിന് ഇന്നും KSSP യില്‍ ആധിപത്യമുണ്ട്.

ലിബറല്‍ ആധുനികതയുടെ പരിധിക്കകത്തുനിന്നു കൊണ്ട് അടിസ്ഥാനതല വികസനത്തിലും ഗ്രാമീണ ജനാധിപത്യത്തിലും ഊന്നുന്നതും Productivist സോഷ്യലിസത്തെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നതുമായ ഒരു ധാര പരിഷത്തില്‍ ഇപ്പോഴുമുണ്ട്. നിയോ ലിബറല്‍ വികസനപാതക്കെതിരായ ശക്തമായ നിലപാടുകള്‍ അടുത്ത കാലത്തും അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. കേരളത്തിന്റെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കെ റെയില്‍ പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ അതിനെതിരായ സമഗ്രമായ ഒരു വിമര്‍ശനം മുന്നോട്ടു വെക്കാന്‍ പരിഷത്തിനു സാധിച്ചത്. അതുകൊണ്ടാണ്. എന്നാല്‍ സംഘടനക്കകത്തു തന്നെ അതിശക്തമായ ഒരു വികസനവാദ ധാര പ്രബലമായതിനാല്‍ തുടര്‍നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പ്രാഥമിക പഠനങ്ങള്‍ക്കുശേഷം ആ വിഷയത്തില്‍ സമഗ്രമായ ഒരു പഠനത്തിന് പരിഷത്ത് തയ്യാറായെങ്കിലും അതിന്റെ പഠനഫലങ്ങള്‍ പരസ്യപ്പെടുത്താനാകാത്ത വിധം ബാഹ്യവും ആന്തരികവുമായ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരാണ് അവര്‍.

കേരളത്തില്‍ നിയോ ലിബറല്‍ വികസനനയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഗതിവേഗം വര്‍ധിക്കുന്ന സാഹചര്യത്തിലും ആഗോളാധികാരത്തിന്റെ പല്‍ച്ചക്രങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട ഗവര്‍മെന്റുകള്‍ തന്നെ മാറ്റപ്പെടുന്ന സന്ദര്‍ഭത്തിലും , നിയോ ലിബറല്‍ വികസന വാദം മനുഷ്യ സ്പീഷീസിന്റെ നിലനില്‍പ്പിനുതന്നെ ആവശ്യമായ പരിസ്ഥിതികളെ നശിപ്പിക്കുന്ന സാഹചര്യത്തിലും സാമൂഹിക വിപ്ലവത്തെക്കുറിച്ചും ആധുനിക ശാസ്ത്രത്തെക്കുറിച്ചുമുള്ള ഇന്നത്തെ നിലപാടുകള്‍ ദാര്‍ശനിക തലത്തിലും പ്രത്യയശാസ്ത്രതലത്തിലും രാഷ്ട്രീയ തലത്തിലും സമഗ്രമായ പുനപ്പരിശോധനക്കുവിധേയമാക്കേണ്ട വെല്ലുവിളിയാണ് KSSP ക്ക് മുന്നില്‍ സംഘടനയുടെ 60-ാം വയസ്സില്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരക്കുറവുമൂലം വിദ്യാര്‍ഥികള്‍ മറ്റിടങ്ങള്‍ തേടിപ്പോകുന്ന സാഹചര്യവും ഇന്റലിജന്‍ഷ്യയുടെ തൊഴില്‍ കുടിയേറ്റവും പരിഷത്തിന്റെ സംഘടനാ അടിത്തറയെയും ദുര്‍ബലപ്പെടുത്തുന്ന ഒരു സാഹചര്യവും കേരളത്തില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply