2024 – ഹിന്ദുത്വരാഷ്ട്രത്തെ എങ്ങനെ പ്രതിരോധിക്കാം?

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യമാണ് 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരുടേയും ശ്രദ്ധ പതിയാന്‍ പ്രധാന കാരണം.

2024 ഇന്ത്യയില്‍ ചരിത്രപ്രാധാന്യമുള്ള വര്‍ഷമായിരിക്കുമെന്ന് പ്രവചനം നടന്നുവരികയാണ്. 24ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുടെ തുടര്‍ഭരണം ആശിക്കുന്നവര്‍ ഈ പ്രചരണത്തിലുണ്ട്. എന്‍.ഡി.എ.യ്ക്ക് ബദല്‍ ഇന്ത്യയില്‍ രൂപപ്പെടുമെന്ന് നിരീക്ഷിക്കുന്നവരും 24ലേക്ക് കണ്‍പാര്‍ക്കുന്നുണ്ട്. മോദിതന്നെ വീണ്ടും പ്രധാനമന്ത്രിയാകും എന്ന് കരുതുന്നവരും 24നെ പ്രാധാന്യത്തോടെ തന്നെയാണ് കാണുന്നത്. ഒരു പടികൂടി കടന്ന് ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമോ എന്ന ചോദ്യമാണ് എല്ലാവരുടേയും ശ്രദ്ധ ഇക്കാര്യത്തില്‍ പതിയാന്‍ കാരണം.

ഹിന്ദുരാഷ്ട്രമെന്ന പ്രഖ്യാപനം അതിന്റെ വഴിക്ക് നടന്നാലും സാമൂഹ്യജീവിതത്തില്‍ അതത്ര ഗുണഫലമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല എന്നത് ഹിന്ദുരാഷ്ട്രചരിത്രം തന്നെ പറയുന്നുണ്ട്. ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളില്‍നിന്ന് വന്ന് മഞ്ഞ്-തണുപ്പുകാലത്ത് ഇന്ത്യന്‍ നഗരങ്ങളിലെ തെരുവോരങ്ങളില്‍ കുഞ്ഞുകുട്ടി പാരാധീനമടക്കം തൊപ്പി-ബനിയനുകള്‍ കച്ചവടം ചെയ്ത് ജീവിക്കേണ്ടിവന്ന നേപ്പാളികളെ നാം കാണുന്നതാണ്. റോന്തു ചുറ്റുന്ന കാവല്‍ക്കാരായി, ഗൂര്‍ഖകളായി, ഭായിമാര്‍ ഇപ്പോഴും കേരളത്തിലുണ്ടല്ലോ. നേപ്പാളില്‍ ജനായത്തം വന്നപ്പോഴാണ് ഹിന്ദുപ്രജകളില്‍ വലിയൊരു ഭാഗം സ്വന്തം നാട്ടില്‍ ജീവനോപാധികള്‍ കണ്ടെത്താന്‍ തുടങ്ങിയത്.

കുറച്ചുകാലം മുമ്പ് തിരുവിതാംകൂര്‍ എന്ന ഹിന്ദുരാജ്യം ഇവിടെ ഉണ്ടായിരുന്നു. നികുതികൊള്ള, ജാതീയ പീഢനം എന്നിവ ഒന്ന് ഓര്‍ത്തുനോക്കിയാല്‍ ഹിന്ദുരാഷ്ട്രമായിരുന്ന തിരുവിതാംകൂര്‍ എത്ര നരകമായിരുന്നുവെന്ന് നമുക്ക് കാണാം. ശ്രീ പത്മനാഭന്റെ നിലവറ സ്വത്ത് എങ്ങിനെയുണ്ടായി എന്ന് ഈ ഹിന്ദുരാഷ്ട്രത്തിലെ നികുതികള്‍, വിഭവക്കടത്തുകള്‍, അടിമവേലകള്‍ തുടങ്ങിയവ നമുക്ക് പറഞ്ഞുതരും. പ്രഖ്യാപനങ്ങള്‍ എന്തുമായിക്കൊള്ളട്ടെ. ഹിന്ദുരാഷ്ട്രത്തില്‍ നമ്മുടെ നാട് മുന്നോട്ടായിരിക്കില്ല നീങ്ങുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബഹുദേശീയ സമൂഹമായ ഇന്ത്യയില്‍, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലയിടത്തും പ്രഖ്യാപനം ഓളങ്ങള്‍ സൃഷ്ടിക്കയില്ല. വോട്ടും, സീറ്റും ഇല്ലെങ്കിലും ഇവിടങ്ങളില്‍ നോട്ടെറിഞ്ഞ് ഇതെല്ലാം ഉണ്ടാക്കാന്‍ ഹിന്ദുരാഷ്ട്രവാദികള്‍ ശ്രമിക്കാം. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണപ്പയറ്റുള്ള തിരഞ്ഞെടുപ്പ് എന്ന ചരിത്രമാകാന്‍ 24ലെ ഇലക്ഷന് സാധ്യതയുണ്ട്.

കേരളത്തില്‍ എന്‍.ഡി.എ.യ്ക്ക് സീറ്റില്ലാത്തതിനാല്‍, ആഭ്യന്തരകലഹത്തില്‍പ്പെട്ട് ഉഴലുന്നതിനാല്‍, പണം കുഴലിലൂടെ കാത്തിരിക്കുന്നതിനാല്‍, ജാതിഭിന്നതാപ്രശ്‌നം ഉള്ളതിനാല്‍ ഉള്ള വോട്ടുകൊണ്ട് കഞ്ഞിവെച്ച് കഴിച്ചുകൂടാം. ഹിന്ദുരാഷ്ട്രപ്രഖ്യാപനത്തിനും, ഏതെങ്കിലും പള്ളി പൊളിക്കാനും, കര്‍സേവകരായി പോയി ഇവിടുത്തെ ബി.ജെ.പി.ക്കാര്‍ക്ക് ബോറടിമാറ്റാം. ഇത് കേരള മോഡല്‍ ഒരു കാഴ്ചപ്പാടാണ്. അതത്ര ശരിയാണോ…

മോദി അധികാരത്തില്‍ വരുന്നതിനും മുമ്പേ ആര്‍.എസ്.എസിന്റെ ശാഖകള്‍ ഏറ്റവും കൂടുതല്‍ ഉള്ള സ്ഥലം കേരളമാണ്. നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന ഇത്തരമൊരു സംവിധാനം അപൂര്‍വ്വമാണ്. കേരളത്തില്‍ അധികാരത്തിന്റെ ഭാഗമല്ലെങ്കിലും അനേകം പരിവാര്‍ രൂപങ്ങള്‍ നിരന്തരപ്രവര്‍ത്തനത്തിലാണ്. ബാലഗോകുലം, എ.ബി.വി.പി., എന്‍.ജി.ഒ. സംഘ്, സേവാഭാരതി, ദുര്‍ഗ്ഗാവാഹിനി, വനവാസിമഞ്ച്, വിശ്വഹിന്ദുപരിഷത്ത്, ബി.എം.എസ്., ഹിന്ദു ഐക്യവേദി……. ഇവിടെ വളരുകയാണ്. Even before Modi came to power, Kerala had the highest number of RSS branches.

വ്യാപകമായി കാവിവല്‍ക്കരണം ആത്മീയരംഗത്തും, സാംസ്‌കാരികരംഗത്തും നടക്കുന്നുണ്ട്. സന്യാസിമാരില്‍ അധികവും കാഷായം വിട്ട് കത്തുന്ന കാവിയിലേക്ക് മാര്‍ഗ്ഗം കൂടിയിട്ടുണ്ട്. കലയില്‍, സാഹിത്യത്തില്‍, പരിസ്ഥിതിയില്‍, സിനിമയില്‍, സവര്‍ണ്ണരില്‍, അക്കാഡമിക്കുകളില്‍, ബ്യൂറോക്രാറ്റുകളില്‍, ദളിതുകളില്‍, വ്യാപാരികളില്‍, ജൂഡീഷ്യറിയില്‍, പോലീസില്‍, ക്രിസ്ത്യാനികളില്‍, മുഹമ്മദീയരില്‍, കോണ്‍ഗ്രസുകാരില്‍, ഇടതുപക്ഷക്കാരില്‍, മാധ്യമങ്ങളില്‍ എല്ലാം കാവിവല്‍ക്കരണം വ്യാപകമാണ്. ചുരുക്കിപ്പറഞ്ഞാല്‍ സാംസ്‌കാരികരംഗത്ത് കേരളത്തില്‍ സംഘപരിവാര്‍ അജണ്ടകളാണ് മുന്നിട്ട് നില്‍ക്കുന്നതും പ്രവര്‍ത്തനസജ്ജവും. അതിനാല്‍ സാംസ്‌കാരിക പ്രതിരോധമാണ് ആവശ്യം.

എല്‍.ഡി.എഫിന്റെ നൈതിക തകര്‍ച്ചമൂലം സാംസ്‌കാരിക മുന്നേറ്റങ്ങള്‍ ഇഴയുകയാണ്. യു.ഡി.എഫിന് ഇത്തരം കാര്യം പരിഗണനയിലില്ല. ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിനായി 1948 മുതല്‍ കേരളത്തില്‍ കാത്തിരിക്കയായിരുന്നു എന്നത് പലരും മറന്നുപോയത് ഇപ്പോള്‍ ഓര്‍ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അധികാരം, കോര്‍പ്പറേറ്റ് ബന്ധം, ഹിംസ, ശത്രുത, ആദര്‍ശപരിവേഷം ഇത്തരം സംഘടിതശക്തിയെ ഹിംസകൊണ്ട് നേരിടാനാവില്ല. കലാപങ്ങള്‍ നടത്തി വളര്‍ന്നവര്‍ക്കത് മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും.

വേറിട്ട വഴികള്‍ ആലോചിക്കുന്നവര്‍ക്കായി ചില നിര്‍ദ്ദേശങ്ങള്‍ വെക്കാന്‍ ശ്രമിക്കുകയാണിനി.

1. 2024 എന്നതിനെതന്നെ ഹൈലൈറ്റ് ചെയ്യണം. 100 വര്‍ഷം മുമ്പ് നടന്ന സവിശേഷ സംഭവങ്ങളില്‍നിന്ന് ധാതുക്കള്‍ എടുത്ത് സമകാലികമാക്കി ഉയര്‍ത്തിപ്പിടിക്കണം.

2. 1924ലെ വൈക്കം സത്യാഗ്രഹം, മഹാപ്രളയം, കഥാപ്രസംഗകലയുടെ നൂറാം പിറന്നാള്‍, ആലുവയിലെ സര്‍വ്വമത സമ്മേളനം, ചട്ടമ്പിസ്വാമി സമാധി 100 വര്‍ഷം തുടങ്ങി മികച്ച ഗ്രന്ഥം, നിയമനിര്‍മ്മാണങ്ങള്‍ ഇങ്ങനെ സമൂഹത്തെ സ്വാധീനിച്ച പലതും കാണും 2024ലെ കലവറയില്‍. അവയെ ഊതിക്കാച്ചിയെടുക്കണം.

3. ഇവയുടെ സമകാലപ്രസക്തിയുടെ ആവിഷ്‌ക്കാരങ്ങള്‍, വേവലാതികള്‍, നിരവധിയിടങ്ങളില്‍ എത്തിക്കുകയും, ചര്‍ച്ച ചെയ്യപ്പെടുകയും ഉണ്ടാകുമ്പോള്‍ പ്രഖ്യാപനങ്ങള്‍ ഇവിടെ അത്രയ്ക്ക് ഏശില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈഴവര്‍ക്കും, പുലയര്‍ക്കും, ഇടതന്മാര്‍ക്കും, ഹരിതവാദികള്‍ക്കും ഇടപെടാനുള്ള സ്‌പെയ്‌സ് ആണ് ഓരോ സംഭവങ്ങളും. അവരവരുടെ കൂട്ടായ്മയോ, പൊതു സമൂഹമോ ഇതിന് മുന്‍കൈ എടുക്കണം. സര്‍ക്കാര്‍ വിലാസം പരിപാടി മാത്രമായി മാറാതെയിരിക്കണം. ജാതിയില്ലാ വിളംബരം ഒരു നുണയാണെങ്കിലും സാമ്പത്തിക സംവരണത്തിന് മണ്ണൊരുക്കുകയാണെങ്കിലും ആ കാമ്പയില്‍ രീതി പരിഗണിക്കാം. കര്‍ണാടക ഇലക്ഷനില്‍ ‘എദ്ദേളു കര്‍ണാടക’ (ആന്റി കമ്മ്യൂണല്‍ കൂട്ടായ്മ) എന്ന ടീമിന്റെ 103 മണ്ഡലങ്ങളില്‍ നടത്തിയ കാമ്പയില്‍ കേരളത്തിന് ചേരുന്ന രീതിയിലാക്കായി മാതൃകയാക്കാവുന്നതാണ്. വടക്കന്‍ ചുടുകാറ്റ് ഇതുവഴി തടയാനാകും. പുലയ മഹാസഭ, ദളിതുകള്‍, കോണ്‍ഗ്രസ്, കേരള നവോത്ഥാന സംഘം, എസ്.എന്‍.ഡി.പി., ഗ്രന്ഥശാലാസംഘം, ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍, കാഥികസംഘടന, എന്‍.എസ്.എസ്. ഇത്യാദി സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ പലതും ചെയ്യാനാകും.

വഴിനടക്കാന്‍, ആരാധനക്കായ്, മതസാരം ഗ്രഹിക്കാന്‍, ഹരികഥയില്‍നിന്ന് പച്ചമനുഷ്യരുടെ കഥയിലേക്കുള്ള കഥാപ്രസംഗകല, കേരളീയ നവോത്ഥാനത്തിന്റെ സവിശേഷത ഇത്തരം ആശയങ്ങളുടെ തുടര്‍ച്ചകള്‍ – പ്രസക്തികള്‍ ഊന്നുന്ന സാംസ്‌കാരിക കുതിപ്പിന് ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിന്റെ അമ്ലത്വം കുറയ്ക്കാനാവും. അതാഗ്രഹിക്കുന്ന ശക്തികള്‍ ഉണ്ടാകണം എന്നതും പ്രധാനം.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply