ആ നെല്ലിമരത്തിന്റെ സാമൂഹ്യ വിമര്‍ശനം

ഗൂസ്‌ബെറി പ്രസിദ്ധീകരിച്ച രജനി പാലാമ്പറമ്പിലിന്റെ ‘ആ നെല്ലിമരം പുല്ലാണ്’ രജനി പാലാമ്പറമ്പിലിന്റെ ആത്മകഥയെ കുറിച്ച് വിനില്‍ പോള്‍

ഗൂസ്‌ബെറി പ്രസിദ്ധീകരിച്ച രജനി പാലാമ്പറമ്പിലിന്റെ ആത്മകഥയാണ് ‘ആ നെല്ലിമരം പുല്ലാണ്’ എന്ന പുസ്തകം. ‘ഒന്നിപ്പ്’ എന്ന ഓണ്‍ലയിന്‍ മാധ്യമം വഴി തന്റെ വിദ്യാഭ്യാസ അനുഭവങ്ങള്‍ പങ്കുവെച്ച സമയം മുതലെ രജനിയുടെ ജീവിതാനുഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. രജനി പാലാമ്പറമ്പിലിന്റെ ആത്മകഥയായ ‘ആ നെല്ലിമരം പുല്ലാണ്’ എന്ന പുസ്തകത്തിനെ എങ്ങനെ വായിക്കണം/ വിശകലനം ചെയ്യണം എന്നതിനെ സംബന്ധിച്ചു ഒരു ചര്‍ച്ച അനിവാര്യമാണെന്ന് തോന്നുന്നു. അസമത്വം, വിവേചനം തുടങ്ങിയ സാമൂഹ്യ ദുരനുഭവങ്ങളാല്‍ സമ്പന്നമായ രജനിയുടെ ആത്മകഥ കേരളത്തിന്റെ സാമൂഹ്യ ചരിത്രം, ദൈവത്തിന്റെ സ്വന്തം നാട്, കേരള മോഡല്‍ വികസനം തുടങ്ങിയ പ്രയോഗങ്ങളുടെ മേല്‍ ചില വിമര്‍ശനങ്ങള്‍ വെയ്ക്കുന്നുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരള സംസ്ഥാനം രൂപംകൊണ്ടതിനുശേഷമുള്ള മലയാളി പൊതുബോധത്തിനും പുരോഗമന സങ്കലപ്പത്തിനും ഉള്‍കൊള്ളാന്‍ സാധിക്കാത്തതും അവയുടെ അതിര്‍വരമ്പുകള്‍ വ്യക്തമാക്കുന്നതുമായ ദളിത് അനുഭവങ്ങള്‍ അവതരിപ്പിച്ച നിരവധി രചനകള്‍ നമുക്ക് മുന്‍പിലുണ്ട്. പ്രത്യേകിച്ച് ഈ എഴുത്ത് ശാഖയില്‍ എടുത്തു പറയേണ്ടതും, സമീപകാലത്ത് വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴി വെച്ചതുമായ ആത്മകഥകളുടെ ഉടമകളാണ് കെ. കെ കൊച്ചും (ദലിതന്‍), പ്രൊഫ. എം. കുഞ്ഞാമനും (എതിര്). ഇവരുടെ സാമൂഹ്യ അനുഭവങ്ങളുടെ വെളിപ്പെടുത്തലുകള്‍ കേരള മോഡല്‍ വികസനം നിര്‍മ്മിച്ച പൊതുബോധത്തെ കീഴിന്മേല്‍ മറിച്ചിടുന്നവയായിരുന്നു. ഐക്യ കേരളം രൂപംകൊണ്ടതിന് ശേഷം ദളിതര്‍ നേരിട്ട ജാതി അനുഭവങ്ങളെയും വിവേചനത്തെയും ആധികാരികമായി അവതരിപ്പിക്കുന്ന സാമൂഹ്യ ശാസ്ത്ര പുസ്തകങ്ങളായി മാറിയവയായിരുന്നു ഇവ രണ്ടും. ദളിതരുടെ സാമൂഹ്യ അനുഭവങ്ങള്‍ക്ക് കേവലമായ ദൃശ്യത നല്‍കുന്നതിന് അപ്പുറം അതിനെ സൈദ്ധാന്തികമായി കേരള വൈജ്ഞാനിക മണ്ഡലത്തിനോട് ചേര്‍ത്ത് നിര്‍ത്തി അവതരിപ്പിക്കാന്‍ സാധിച്ചു എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ദളിത് എന്ന വിമര്‍ശന സംജ്ഞയെ മുന്‍നിര്‍ത്തി അന്തസ്സ്, തുല്യത, പൗരബോധം തുടങ്ങിയവയിലൂന്നിയ ഇവരുടെ ചോദ്യങ്ങള്‍ ജനാധിപത്യ പ്രക്രിയയിലേക്ക് പ്രവേശിക്കാത്തതും പരിഷ്‌ക്കരിക്കപ്പെടണ്ടതുമായ മലയാളികളുടെ പൊതുബോധത്തിനെ പിടിച്ചുലയ്ക്കുകയുണ്ടായി. മലയാളികളുടെ പൊതുബോധത്തോട് വിമര്‍ശന ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചുരുക്കം ചില ദളിത് സ്ത്രീകളും രംഗത്ത് വന്നിട്ടുണ്ടായിരുന്നു. അതില്‍ സജനി മാത്യു, ചിത്രലേഖ, വിനീത വിജയന്‍ തുടങ്ങിയവരുടെ സാമൂഹ്യ അനുഭവങ്ങള്‍ നിലവില്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. ഒരു പുസ്തക രൂപത്തില്‍ ആത്മകഥാ ശാഖയില്‍ എത്തിച്ചേര്‍ന്ന രജനി പാലാമ്പറമ്പിലിന്റെ ജീവിതാനുഭവങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് നിര്‍ത്താന്‍ സാധിക്കുന്ന ഒന്നാണ്. രജനി പാലാമ്പറമ്പില്‍ മുന്‍പോട്ട് വെയ്ക്കുന്ന ജീവിതം സാമൂഹ്യശാസ്ത്രവത്ക്കരണത്തിനു വഴുങ്ങുന്ന സാധാരണ ജീവിതമാണ്.

സാധാരണ ജീവിതത്തിന്റെ ആഖ്യാനം

ആത്മകഥകളെയും ഇതര ജീവിതാഖ്യാന രീതികളെയും അക്കാദമിക സമൂഹം വളരെ ഗൗരവമായിട്ടാണ് കണ്ടുവരുന്നത്. കേരളത്തെ മുന്‍നിര്‍ത്തി ഉദയകുമാര്‍, സനല്‍ മോഹന്‍ തുടങ്ങിയവരുടെ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. അതേപോലെ എം. എസ്. എസ്. പാണ്ട്യന്‍ തമിഴ് എഴുത്തുകളെ മുന്‍നിര്‍ത്തി സാധാരണ ജീവിതങ്ങളുടെ എഴുത്ത് വ്യവഹാരത്തെ കുറിച്ചും സാമൂഹിക ശാസ്ത്ര വിജ്ഞാനോല്‍പ്പാദനത്തില്‍ അതിന്റെ പങ്കിനെക്കുറിച്ചും ചില നിരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. രജനിയുടെ ജീവിതാഖ്യാനം ഒരേസമയം സാധാരണവും അസാധാരണവുമായ ജീവിതമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. കേരളം പരിഷ്‌ക്കരിക്കപ്പെടണം എന്ന സന്ദേശമാണ് രജനി പ്രധാനമായും മുന്‍പോട്ട് വെയ്ക്കുന്നത്. മലയാളികള്‍ ആധുനിക പൗരന്‍ എന്ന നിലയിലേക്ക് എത്തിച്ചേരേണ്ടതിന്റെ ആവശ്യകതയെയാണ് അവരുടെ ജീവിതാനുഭവങ്ങളിലൂടെ കാണിച്ചുതരുന്നത്. കടുത്തുരുത്തി എന്ന ഗ്രാമത്തില്‍ ജീവിക്കുന്ന സമ്പന്നരായ അപരിഷ്‌കൃതരുടെയും ആധുനിക പൗരന്‍ എന്ന നിലയില്‍ എത്തിച്ചേരാത്തതുമായ വലിയ ഒരു കൂട്ടം സവര്‍ണ്ണരേയുമാണ് രജനി തന്റെ ആത്മകഥയിലൂടെ കാണിച്ചുതരുന്നത്. ആധുനിക പൗരബോധം അല്പംപോലും ഇല്ലാത്തതും, ജാതിക്രമം നിലനില്‍ക്കുന്നതുമായ സമൂഹത്തില്‍ ജീവിക്കേണ്ടി വരുന്ന ഗതികേടിലാണ് നമ്മള്‍ എന്ന തിരിച്ചറിവ് ഈ ആത്മകഥ നല്‍കുന്നുണ്ട്. രജനിയുടെ സാമൂഹ്യ- ജീവിതാനുഭവങ്ങള്‍ ഏതാണ്ട് കൊളോണിയല്‍ കാല ജീവിതത്തിനു തുല്യമായ സാമൂഹ്യ അനുഭവങ്ങളായിപോലും നമുക്ക് തോന്നാം. എന്നാല്‍ അതോടൊപ്പം ഈ സാമൂഹ്യ വളര്‍ച്ചയില്ലായിമ ചില സമയങ്ങളില്‍ രജനിയുടെ കുടുംബാനുഭവങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.

നന്തനാരുടെ ഉണ്ണിക്കുട്ടിന്‍ സ്‌കൂളില്‍, ലോകശ്രദ്ധ നേടിയ ടോട്ടോച്ചാന്‍ തുടങ്ങിയ സ്‌കൂള്‍ അനുഭവങ്ങള്‍ വായിച്ച മലയാളികള്‍ക്ക് ഇഷ്ടപ്പെടാത്ത വിദ്യാര്‍ത്ഥി ജീവിതത്തെ രജനി പാലാമ്പറമ്പില്‍ തന്റെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലെ അധ്യാപകര്‍ നിര്‍മ്മിക്കുന്ന സാമൂഹ്യ വിവേചനത്തെ വേണ്ടത്ര മലയാളികള്‍ ചര്‍ച്ച ചെയ്തിട്ടില്ല. സ്‌കൂള്‍ മുറികള്‍ക്കുള്ളില്‍ ജാതിയുടെയും, നിറത്തിന്റെയും പേരില്‍ അധിക്ഷേപിക്കപ്പെട്ട വലിയ ഒരു കൂട്ടമാളുകളുടെ നാടാണ് കേരളം. ഈ വിവേചനം ദളിത് ജാതികളുടെ സാമൂഹ്യ അനുഭവത്തിനു അപ്പുറവും ആധുനിക സ്‌കൂളുകളുടെ ചരിത്രത്തിനു ഒപ്പവും നില്‍ക്കുന്ന ഒന്നാണ്. സി. കേശവന്റെ ‘ജീവിത സമരം’ എന്ന ആത്മകഥ അധ്യാപകര്‍ നടപ്പിലാക്കിയിരുന്ന ജാതി വിവേചനത്തിന്റെ നേര്‍ചിത്രം തരുന്ന ഒന്നാണ്. ജാതിയുടെയും, നിറത്തിന്റെയും പേരില്‍ പ്രകടമായ രീതിയിലുള്ളതുമായ വിവേചനം നിലനിര്‍ത്തിയിരുന്ന ഇടം തന്നെയാണ് ക്ളാസ് റൂമുകള്‍. ഇതിനെ ഒരുപരിധിയോളം അവതരിപ്പിക്കുന്നതിന് രജനിയുടെ ആത്മകഥയ്ക്ക് സാധിച്ചിട്ടുണ്ട്. ആധുനിക വിദ്യാഭ്യാസം കൊണ്ട് യാതൊരു സാമൂഹിക മാറ്റവും വന്നിട്ടില്ലാത്തതും അപരിഷ്‌കൃതരുമായ അധ്യാപകരാല്‍ സമ്പന്നമാണ് കേരളത്തിലെ ഒട്ടുമുക്കാല്‍ വിദ്യാലയങ്ങളും. ചങ്ങനാശേരിയിലെ വിദ്യാഭ്യാസ-ഹോസ്റ്റല്‍ ജീവിതത്തെ മുന്‍നിര്‍ത്തി ജനാധിപത്യ പ്രക്രിയയിലേയ്ക്ക് എത്തിച്ചേരാത്ത ഒരു ജാതിക്കൂട്ടത്തെ രജനി തന്റെ ആത്മകഥയില്‍ അവതരിപ്പിക്കുന്നുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രജനി പാലാമ്പറമ്പിലിന്റെ ആത്മകഥയായ ‘ആ നെല്ലിമരം പുല്ലാണ്’ എന്ന പുസ്തകം വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ദളിത് വൈജ്ഞാനിക ശാഖയ്ക്ക് എന്ത് സംഭാവനയാണ് നല്‍കുന്നത് എന്ന ചോദ്യം ഈ അവസരത്തില്‍ വളരെ പ്രസക്തമാണ്. സാമൂഹ്യ അനുഭവങ്ങള്‍ നേരിട്ട് പറയുന്നതിലൂടെയുള്ള ദൃശ്യത- അത് എല്ലാവിധ ജ്ഞാനയിടങ്ങളിലും- നേടിയ ഒരു വിഭാഗമാണ് കേരളത്തിലെ ദളിതര്‍. ദളിത് അനുഭവം എന്ന ഒരു വിമര്‍ശന സംജ്ഞയായി ബിരുദാനന്തര ബിരുദ ക്ളാസുകളുടെ പിന്‍ബലമുള്ള രജനിയ്ക്ക് സ്വയം വികസിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ അത്ര ഉറപ്പുപോരാ. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഒരു സ്ത്രീയുടെ എഴുത്ത്, വിശകലന രീതിയാണ് രജനി ഇതില്‍ ബോധപൂര്‍വ്വമോ, അബോധപൂര്‍വ്വമോ സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം ചില ഭാഷാ പ്രയോഗങ്ങളും, അവ്യക്ത്യതയും, ചിലയിടങ്ങളിലെ കാലഗണനയില്ലായിമ തുടങ്ങിയ വിമര്‍ശനങ്ങള്‍ ആത്മകഥ നേരിടുന്നുണ്ട്. എന്നിരുന്നാല്‍ തന്നെയും കേരളത്തിന്റെ പുരോഗമന സങ്കല്‍പ്പങ്ങളെ ഒരുപരിധിയോളം ചോദ്യംചെയ്യാന്‍ പ്രാപ്തിയുള്ള ജീവിതാനുഭവമാണ് രജനി കേരളത്തോട് പറയുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply