ചെങ്ങറയിലൂടെ കീഴാളമുന്നേറ്റങ്ങളുടെ കടിഞ്ഞാണേന്തി ളാഹ ഗോപാലന്‍

അടിസ്ഥാന ജനതയുടെ ഭൂമിയുടേയും വിഭാവാധികാരത്തിന്റേയും രാഷ്ട്രീയത്തെ കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമാക്കിയതാണ് ചെങ്ങറ ഭൂസമരത്തിന്റെ ഏറ്റവും വലിയ പ്രസക്തി. കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌ക്കരണത്തിന്റെ ബാക്കിപത്രമായി കോളനികളിലേയ്ക്കും പുറംമ്പോക്കുകളിലേയ്ക്കും തള്ളപ്പെട്ടവരുടെ സമകാലിക ജീവിതമാണ് അതിലൂടെ മുഖ്യധാരയിലെത്തിയത്. പാര്‍പ്പിടവും ഭൂമിയും ജന്മാവകാശമെന്നു പ്രഖ്യാപിച്ച് പിന്നീട് നടന്ന പല പോരാട്ടങ്ങള്‍ക്കും ചങ്ങറ സമരം പ്രചോദനമായി. കേരളരൂപികരണത്തിനുശേഷം നാം കണ്ട ഏറ്റവും ഉശിരാര്‍ന്ന ഈ പോരാട്ടത്തിനു അടിത്തറയിട്ടു എന്നതാണ് അന്തരിച്ച ളാഹ ഗോപാലനെ കേരളത്തിന്റെ കീഴാള ചരിത്രത്തില്‍ അനശ്വരനാക്കുന്നത്.

ളാഹ ഗോപാലന്റെ പേരിനോടുകൂടിയല്ലാതെ ചെങ്ങറ സമരത്തെ കുറിച്ചു ഒരാള്‍ക്കും പരാമര്‍ശിക്കാനാവില്ല. കേരളം കണ്ട ഏറ്റവും ശക്തവും മാതൃകാപരവുമായ ഭൂസമരം ഏതാണെന്നു ചോദിച്ചാല്‍ പത്തനംതിട്ടയിലെ ചെങ്ങറയിലെ സമരമെന്നു മറുപടി പറയാന്‍ ഒരു നിമിഷം പോലും ആലോചിക്കേണ്ടിവരില്ല. ഒരു തരിപോലും നഷ്ടപ്പെടാത്ത ആവേശത്തോടേയും അതേസമയം സര്‍ഗ്ഗാത്മകമായും ആ പോരാട്ടം തുടരുകയാണ്. പിന്നീട് സമരഭൂമി വിട്ടുപോയെങ്കിലും ആ ഐതിഹാസികപോരാട്ടത്തിന് അടിത്തറയിട്ടത് ളാഹ ഗോപാലനാണ്. 2006 മുതല്‍ ചെങ്ങറ സമരഭൂമിയില്‍ നടക്കുന്നത് സമരം മാത്രമല്ല ദളിത് ജനതയുടെ അതിജീവനവും കൂടിയാണ്. അരുന്ധതിറോയ് ഒരിക്കല്‍ പറഞ്ഞപോലെ ദളിതര്‍ക്ക് സ്വപ്‌നം കാണാമെന്ന് പ്രഖ്യാപിച്ച സമരമാണിത്.

തീര്‍ച്ചയായും ളാഹ ഗോപാലന്റെ പ്രവര്‍ത്തനങ്ങളില്‍ പലര്‍ക്കും ആക്ഷേപങ്ങളുണ്ടായിരുന്നു. ജനാധിപത്യപരമായ സമീപനമില്ലാതെ, സ്വന്തം ഇച്ഛക്കനുസരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം എന്നതായിരുന്നു പ്രധാന വിമര്‍ശനം. സത്യത്തില്‍ ഒരു പരിധിവരെ അദ്ദേഹമത് അംഗീകരിച്ചിരുന്നുതാനും. തികച്ചും പട്ടാളചിട്ടയിലെ അച്ചടക്കത്തോടെയല്ലാതെ, ഭരണകൂടവും മുഖ്യധാരാസമൂഹവും എതിര്‍ത്തിരുന്ന ഒരുപോരാട്ടത്തെ മുന്നോട്ടുനയിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ടായിരുന്നു സലീന പ്രാക്കാനമടക്കമുള്ളവര്‍ സമരഭൂമി വിട്ടത്. പിന്നീട് ളാഹ ഗോപാലനും വിടേണ്ടിവന്നു. അപ്പോഴും അദ്ദേഹമിട്ട അടിത്തറ തന്നെയാണ് ഇന്നും ഈ ചരിത്രപോരാട്ടത്തിന്റെ കരുത്ത്. ഹാരിസന്റെ തൊഴിലാളകളും ഗുണ്ടകളും മുതല്‍ ഒരു വിഭാഗം രാഷ്ട്രീയക്കാരും ഉയര്‍ത്തിയ വെല്ലുവിളികളേയും ഉപരോധങ്ങളേയും മര്‍ദ്ദനങ്ങളേയുമെല്ലാം അതിജീവിക്കാനായത് അദ്ദേഹത്തിന്റെ കര്‍ശനനിലപാടുകളുടെ പിന്‍ബലത്തോടെ തന്നെയായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ നിരവധി ദളിത് കോളനികളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിരുന്നു സമരം ആരംഭിച്ചത്. 2005 ആഗസ്റ്റ് 15ന് ഭൂരഹിതര്‍ക്ക് ഭൂമി എന്ന ആവശ്യമുന്നയിച്ച് പത്തനംതിട്ട കളക്ടറേറ്റിനുമുന്നില്‍ നടന്ന 150 ദിവസം നീണ്ട സമരമായിരുന്നു ചെങ്ങറ പോരാട്ടമായി പിന്നീട് മാറിയത്. മൂന്നുമാസത്തിനുള്ളില്‍ ഭൂമി നല്‍കാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പില്‍ 2006 ജനുവരി 11ന് സമരമവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ വാക്കുപാലിച്ചില്ല. തുടര്‍ന്ന് 2006 ജൂണ്‍ 21ന് കേരളസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കൊടുമണ്‍ റബ്ബര്‍ തോട്ടത്തില്‍ 4000ത്തോളം ഭൂരഹിതര്‍ കുടില്‍കെട്ടി ഭൂമിയുടെ ഉടമസ്ഥാവകാശം പ്രഖ്യാപിച്ചു. നാലുദിവസം കഴിഞ്ഞപ്പോള്‍ സര്‍ക്കാരിന്റെ ഉറപ്പുമാനിച്ച് വീണ്ടും സമരം പിന്‍വലിച്ചു. അതും ലംഘിക്കപ്പെട്ടപ്പോള്‍ സെപ്തംബര്‍ 19 മുതല്‍ കളക്ടറേറ്റിനുമുന്നില്‍ നിരാഹാരസമരം ആരംഭിച്ചു. 2007 ആഗസ്റ്റ് ഒന്നിനുമുമ്പ് പ്രശ്‌നം പരിഹരിക്കുമെന്ന ഉറപ്പില്‍ വീണ്ടും സമരം പിന്‍വലിച്ചു. ആ ഉറപ്പും പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് 2007 ആഗസ്റ്റ് 4ന് സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ഏഴായിരത്തോളം ഭൂരഹിതര്‍ ഹാരസണ്‍ പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വെച്ചിരുന്ന ചെങ്ങറ കുറുമ്പറ്റ ഡിവിഷനിലെ റബ്ബര്‍ തോട്ടം കയ്യേറി കുടില്‍ കെട്ടിയത്. കുടില്‍ കെട്ടുക എന്നു പറഞ്ഞാല്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടുക എന്നായിരുന്നു. അവരില്‍ എല്ലാ ജില്ലകളില്‍ നിന്നുള്ള ഭൂരഹിതരും ഉണ്ടായിരുന്നു. മഹാഭൂരിപക്ഷവും ദളിത് വിഭാഗങ്ങളായിരുന്നു. ഹാരിസണും ടാറ്റയും പോലുള്ള കുത്തകകള്‍ ആയിരകണക്കിനു ഏക്കര്‍ ഭൂമി അനധികൃതമായി കയ്യേറിയിട്ടുണ്ട് എന്ന വി എസ് അച്യുതാനന്ദന്റ പ്രസ്താവനയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ഭൂമി തെരഞ്ഞെടുത്തത്. ആദ്യദിവസങ്ങളില്‍ തന്നെ ഇവരെ കുടിയാഴിപ്പിക്കാനുള്ള ശ്രമം ശക്തമായി നടന്നു. എന്നാല്‍ മണ്ണെണ്ണയും തീപ്പെട്ടിയുമായി മരങ്ങളില്‍ കയറി കഴുത്തില്‍ കയറിട്ടു നിന്നാണ് അവരാ വെല്ലുവിളി നേരിട്ടത്. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി തൊഴിലാളികളും നാട്ടുകാരും കായികമായി സമരക്കാരെ നേരിടുകയായിരുന്നു. സമരഭൂമിയില്‍ നിന്നു പുറത്തിറങ്ങിയവര്‍ക്കെല്ലാം മര്‍ദ്ദനമേറ്റു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തുപോകാന്‍ പറ്റാതായി. ഏറെകാലം അക്ഷരാര്‍ത്ഥത്തില്‍ ഉപരോധം തന്നെയായിരുന്നു. ഹാരിസന്റെ ഗുണ്ടകളായിരുന്നു കായികമായി സമരക്കാരെ ഉപരോധിച്ചത്. പുറത്തേക്കുള്ള ഏകവഴി അടക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് മര്‍ദ്ദനമേറ്റു. നെഞ്ചുവേദനമൂലം അവശനായ ഒരാളെ ഉപരോധം മൂലം ആശുപത്രിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ മരിച്ച സംഭവം പോലുമുണ്ടായി. കുട്ടികളുടെ പഠനം മുടങ്ങി. അതേസമയം ഉപരോധത്തെ കായികമായി നേരിടാന്‍ ആരും തയ്യാറായില്ല. അത് സമരത്തെ അടിച്ചമര്‍ത്താന്‍ പോലീസിനു അവസരം നല്‍കലാകുമെന്നു തിരിച്ചറിഞ്ഞായിരുന്നു ഗാന്ധിയന്‍ രീതിയില്‍ സമരം മുന്നോട്ടുപോയത്. മാത്രമല്ല ബലപ്രയോഗത്തിലൂടെയല്ല, ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെയാണ് സമരം ചെയ്യേണ്ടതെന്ന ദൃഢമായ തീരുമാനം സമരസമിതിക്കുണ്ടായിരുന്നു. അതിനാല്‍ തന്നെ നക്‌സലൈറ്റുകള്‍ക്ക് സമരഭൂമിയിലേക്ക് പ്രവേശനമില്ല എന്ന ബോര്‍ഡ് പോലും ഒരിക്കല്‍ സ്ഥാപിച്ചത്.

സമരത്തിന്റെ സംസ്ഥാനതലത്തില്‍ അടിസ്ഥാനവര്‍ഗ്ഗ മോചനയാത്രയും സെക്രട്ടറിയേറ്റിനുമുന്നില്‍ അടിസ്ഥാന വര്‍ഗ്ഗ ജനസംഗമവും നടന്നിരുന്നു. വാസ്തവത്തില്‍ സിപിഎം ഒഴികെയുള്ള പാര്‍ട്ടികളെല്ലാം പല ഘട്ടങ്ങളിലായി സമരത്തെ പിന്തുണച്ചിട്ടുണ്ട്. തോട്ടം മുതലാളിമാരുടെ റബ്ബര്‍ മോഷ്ടിച്ചുവിറ്റാണ് സമരക്കാര്‍ ജീവിക്കുന്നതെന്നുപോലും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു. പക്ഷെ സമരം മുന്നോട്ടുതന്നെയായിരുന്നു. ഭൂരഹിതരായ നിരവധി കുടുംബങ്ങള്‍ സമരഭൂമിയിലെത്തി. ഒരു ഘട്ടത്തില്‍ 8000ത്തിനടുത്തായി കുടുംബങ്ങളുടെ എണ്ണം. ആകെ 23000ത്തോളം പേര്‍. അംബേദ്കര്‍ നഗര്‍, കല്ലറ സുകുമാരന്‍ നഗര്‍, കുമാരഗുരുദേവന്‍ നഗര്‍, ശ്രീബുദ്ധ നഗര്‍, അയ്യങ്കാളി നഗര്‍, ഭീംമാഭായി നഗര്‍ എന്നീ 6 കൗണ്ടറുകളാക്കി തിരിച്ചാണ് 800ഓളം ഏക്കര്‍ വിസ്തൃതിയുള്ള സമരഭൂമിയുടെ നിയന്ത്രണം മുന്നോട്ടുകൊണ്ടുപോയത്. ഓരോ കൗണ്ടറിനും കണ്‍വീനറും 50 അംഗ ഭരണസമിതിയും ഉണ്ടായിരുന്നു. ബുദ്ധന്‍, അംബേദ്കര്‍. അയ്യങ്കാളി എന്നിവരെ ആരാധിക്കുന്ന പ്രാര്‍ത്ഥനാഗീതം എന്നും ആലപിച്ചിരുന്നു.

യുഡിഎഫ് ഭരണം വന്നപ്പോഴാണ് സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത്. പുനരധിവാസത്തിനായി ഒരു പാക്കേജും സര്‍ക്കാര്‍ കൊണ്ടുവന്നു. സമരഭൂമിയിലെ 1495 കുടുംബങ്ങളില്‍ ആദിവാസികള്‍ക്ക് ഒരേക്കര്‍ വീതവും പട്ടികജാതിക്കാര്‍ക്ക് അര ഏക്കറും മറ്റുള്ളവര്‍ക്ക് 25 സെന്റും ഭൂമി നല്‍കും എന്നായിരുന്നു പാക്കേജ്. എന്നാല്‍ കാസര്‍ഗോഡ്, മലപ്പുറം, ഇടുക്കി, പാലക്കാട്, കൊല്ലം ജില്ലകളില്‍ പാറക്കെട്ടും മൊട്ടക്കുന്നും നിറഞ്ഞ താമസയോഗ്യമല്ലാത്ത ഭൂമിയായിരുന്നു ഇതിനായി കണ്ടെത്തിയിരുന്നത്. കുറച്ചുപേര്‍ അങ്ങോട്ടുപോയി. വഞ്ചന മനസ്സിലായ പലരും തിരിച്ചുവന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടെ സമരസമിതിയില്‍ തുടക്കത്തില്‍ സൂചിപ്പിച്ച രീതിയിലുള്ള നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെയെല്ലാം അന്തിമഫലമായി ളാഹ ഗോപാലന്‍ സമരഭൂമി വിടുകയായിരുന്നു. ഇപ്പോള്‍ ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവരാണ് സമരത്തെ നയിക്കുന്നത്. ജിഗ്നേഷ് മേവാനിയടക്കമുള്ളവര്‍ അടുത്ത് സമരഭൂമിയിലെത്തി. താമസയോഗ്യമായ ഭൂമികിട്ടാതെ പിന്നോട്ടില്ല എന്ന തീരുമാനത്തിലാണ് സമരക്കാര്‍. തങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ മുഖം തിരിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ സമരത്തെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ സര്‍ഗ്ഗാത്മകമാക്കുകയായിരുന്നു. ഭൂമി എല്ലാവരും കൃത്യമായി പങ്കിട്ടെടുത്തു. റബ്ബര്‍ മരങ്ങള്‍ മാത്രമുണ്ടായിരുന്ന പ്ലാന്റേഷന്‍ ഭൂമിയെ ഭക്ഷ്യസ്വയംപര്യാപ്ത വില്ലേജാക്കി മാറ്റാനുള്ള ശക്തമായ നീക്കങ്ങളാണ് സമരസമിതി ആരംഭിച്ചത്. ഏകവിളത്തോട്ടത്തെ ജൈവവൈവിധ്യമാക്കുകയായിരുന്നു ലക്ഷ്യം. ഒപ്പം സ്വയംപര്യാപ്തവും. രേഖാപരമായിട്ടല്ലെങ്കിലും സ്വന്തമെന്ന് തങ്ങള്‍ വിശ്വസിക്കുന്ന ഭൂമിയില്‍ ജീവിതത്തിലാദ്യമായി അവര്‍ കൃഷി ചെയ്യാനാരംഭിച്ചു. ഭൂപരിഷ്‌കരണ നിയമത്തില്‍ അവഗണിക്കപ്പെട്ട ഇവര്‍, ഭൂപരിഷ്‌കരണനിയമത്തില്‍ നിന്ന് ഒഴിവാക്കികാടുത്ത തോട്ടഭൂമിയാണ് പിടിച്ചെടുത്തിരിക്കുന്നത് എന്നത് കാലത്തിന്റെ കാവ്യനീതിയാകാം. കാട്ടുപന്നികളുടെ ആക്രമണത്തെ മറികടക്കാന്‍ ചുറ്റുമതില്‍ നിര്‍മ്മിച്ചു. പ്രവേശനകവാടത്തിലെ ചെക് പോസ്റ്റിലൂടെ സന്ദര്‍ശകരെ നിയന്ത്രിക്കുന്നു. മദ്യപാനം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു. കാലാവധി കഴിഞ്ഞിട്ടും സ്ഥലം കൈവശം വെച്ചിരുന്ന മലയാളം പ്ലാന്റേഷനും അതിനു കൂട്ടുനിന്ന സര്‍ക്കാരുകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളുമെല്ലാം ഭൂമിക്കായുള്ള ഈ ദളിത് പോരാട്ടത്തിനു മുന്നില്‍ മുട്ടുകുത്തിയിരിക്കുകയാണ്. ഇടക്കാലത്ത് സമരത്തെ തകര്‍ക്കാന്‍ ചില രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ചില ശ്രമങ്ങള്‍ നടന്നു. സമരഭൂമിയില്‍ കക്ഷിരാഷ്ട്രീയം പാടില്ലെന്ന ധാരണ ലംഘിച്ച് ചില ഭിന്നിപ്പുണ്ടാക്കാനും അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ അതിനേയും അതിജീവിച്ചാണ് അവിടെ സമരവും ജീവിതവും മുന്നോട്ടുപോകുന്നത്.

അതേസമയം ഇപ്പോഴും സമരഭൂമിയിലെ ജീവിതം ദുരിതമയം തന്നെ. സ്വന്തമായി റേഷന്‍ കാര്‍ഡോ വീട്ടുനമ്പറോ ഇല്ല. അതിനാല്‍തന്നെ പൗരരെന്ന നിലയിലുള്ള ഒരവകാശവും ലഭിക്കുന്നില്ല. കറന്റില്ല, വെള്ളമില്ല, റേഷന്‍ കടയില്‍ നിന്നോ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നോ തുടങ്ങി ഒരു സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ബാലാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും മക്കള്‍ക്ക് പഠിക്കാനുള്ള സംവിധാനങ്ങളില്ല. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ മണ്ണെണ്ണ കിട്ടുന്നില്ല. അതിനാല്‍ കത്തിക്കാനുപയോഗിക്കുന്നത് ഡീസല്‍. അതുണ്ടാക്കുന്ന മലിനീകരണം രൂക്ഷം. ഈ യാഥാര്‍ത്ഥ്യമൊക്കെ നിലനില്‍ക്കുമ്പോഴും അവര്‍ ഒരു ജനതയായി സമരഭൂമിയില്‍ നിന്ന് പൊരുതുന്നത് അന്തസ്സോടെയും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ ഇനിയും സമരക്കാര്‍ക്ക് ഈ ഭൂമി പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ആയിരങ്ങളുടെ കാത്തിരിപ്പ് തുടരുകയാണ്.

അടിസ്ഥാന ജനതയുടെ ഭൂമിയുടേയും വിഭാവാധികാരത്തിന്റേയും രാഷ്ട്രീയത്തെ കേരളത്തിന്റെ മുഖ്യധാരാ രാഷ്ട്രീയ മണ്ഡലത്തില്‍ സജീവമാക്കിയതാണ് ചെങ്ങറ ഭൂസമരത്തിന്റെ ഏറ്റവും വലിയ പ്രസക്തി. കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌ക്കരണത്തിന്റെ ബാക്കിപത്രമായി കോളനികളിലേയ്ക്കും പുറംമ്പോക്കുകളിലേയ്ക്കും തള്ളപ്പെട്ടവരുടെ സമകാലിക ജീവിതമാണ് അതിലൂടെ മുഖ്യധാരയിലെത്തിയത്. പാര്‍പ്പിടവും ഭൂമിയും ജന്മാവകാശമെന്നു പ്രഖ്യാപിച്ച് പിന്നീട് നടന്ന പല പോരാട്ടങ്ങള്‍ക്കും ചങ്ങറ സമരം പ്രചോദനമായി. കേരളരൂപികരണത്തിനുശേഷം നാം കണ്ട ഏറ്റവും ഉശിരാര്‍ന്ന ഈ പോരാട്ടത്തിനു അടിത്തറയിട്ടു എന്നതാണ് അന്തരിച്ച ളാഹ ഗോപാലനെ കേരളത്തിന്റെ കീഴാള ചരിത്രത്തില്‍ അനശ്വരനാക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply