വനിതാസംവരണബില്ലിന് അഥവാ രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ കാപട്യത്തിന് 25 വയസ്സ്

രാജ്യത്തെ രാഷ്ട്രീയചര്‍ച്ചകളില്‍ ഇടക്കിടെ ഉയര്‍ന്നുവരുന്ന ഒന്നാണ് വനിതാസംവരണബില്‍. കുറച്ചുദിവസം അതുമായി ബന്ധപ്പെട്ട കുറെ ചര്‍ച്ചകള്‍ നടക്കും. പിന്നെയത് എല്ലാവരും മറക്കും. തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയസമയങ്ങളിലും ഈ വിഷയം ഉയര്‍ന്നു വരും. പ്രത്യേകിച്ചൊന്നും സംഭവിക്കാതെ അക്കാലവും കടന്നുപോകും. ഇപ്പോഴിതാ വീണ്ടും വിഷയം സജീവചര്‍ച്ചയായിട്ടുണ്ട്. ബില്‍ പാര്‍ലിമെന്റിലവതരിപ്പിച്ച് 25 വര്‍ഷം തികഞ്ഞ സാഹചര്യത്തിലാണ് ഈ ചര്‍ച്ച. എന്തായാലും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാവരും അതുമറക്കും.

1974ല്‍ ഇന്ത്യയിലെ വനിതകളുടെ അവസ്ഥ പഠിക്കാന്‍ വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ മന്ത്രാലയം നിയോഗിച്ച സമിതി സമര്‍പ്പിച്ച് റിപ്പോര്‍ട്ടിലാണ് വനിതാ പ്രാതിനിധ്യം സംബന്ധിച്ച ആദ്യ പരാമര്‍ശം വന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്കു നിശ്ചിത ശതമാനം സീറ്റ് സംവരണം ചെയ്യണമെന്നു ഈ സമിതി ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് 1993-ല്‍ ഭരണഘടനയുടെ 73,74 വകുപ്പുകള്‍ ഭേദഗതി ചെയ്ത് തദ്ദേശ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്തു. അക്കാര്യത്തില്‍ കാര്യമായ പ്രതിഷേധമൊന്നും ഉണ്ടായില്ല. പിന്നാലെ 1996 സെപ്റ്റംബര്‍ 12ന് എച്ച്.ഡി. ദേവഗൗഡ സര്‍ക്കാരാണ് 81-ാം ഭരണഘടന ഭേദഗതിയായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ബില്‍ സി.പി.ഐ. എം.പി. ഗീത മുഖര്‍ജി അദ്ധ്യക്ഷയായുള്ള സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിട്ടു. 1996 ഡിസംബര്‍ 9-ന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ലോകസഭയില്‍ അവതരിപ്പിച്ചു. 1998 ജൂണ്‍ 4ന് എന്‍.ഡി.എ. യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 84-ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്നാല്‍ ആ സര്‍ക്കാര്‍ ന്യൂനപക്ഷമാകുകയും പിരിച്ചു വിടപ്പെടുകയും ചെയ്തു. 1999 നവംബര്‍ 22ന് എന്‍.ഡി.എ. സര്‍ക്കാര്‍ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഒരു വിഭാഗത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായി. 2002ലും 2003ലും ബില്‍ അവതരിപ്പിച്ചു. രണ്ടു തവണയും ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 2008 മേയ് 6ന് യുപിഎ സര്‍ക്കാര്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് നിയമ-നീതികാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ പരിഗണനക്കു വിട്ടു. 2009 ഡിസംബര്‍ 17ന് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ രണ്ടു സഭകളിലും വെച്ചു. സമാജ്വാദി പാര്‍ട്ടി, ജെ.ഡി. (യു), ആര്‍.ജെ.ഡി. എന്നീ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. എന്നാല്‍ 2010 ഫെബ്രുവരി 25 കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കി. . 2010 മാര്‍ച്ച് 8 അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് വലിയ ബഹളമൊക്കെ നടന്നെങ്കിലും മാര്‍ച്ച് 9ന് ബില്‍ ഒന്നിനെതിരെ 186 വോട്ടുകള്‍ക്ക് ബില്‍ രാജ്യസഭ പാസാക്കി. എന്നാല്‍ ലോകസഭ ഇതുവരേയും ബില്‍ പാസാക്കിയിട്ടില്ല. ഒരു ചെറിയ വിഭാഗം മാത്രമാണ് ബില്ലിനെതിരെയെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. അതിനേക്കാള്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടായ എത്രയോ ബില്ലുകള്‍ ബലപ്രയോഗത്തിലൂടെപോലും സര്‍ക്കാര്‍ പാസ്സാക്കിയിരിക്കുന്നു. കാശ്മീരിന്റെ പ്രത്യേക അധികാരം, കാര്‍ഷികപ്രശ്‌നങ്ങ്#, പൗരത്വഭേദഗതി എന്നിവയൊക്കെ സമീപകാല ഉദാഹരണങ്ങള്‍. എന്നാല്‍ പാസാക്കുമെന്ന ദൃഢനിശ്ചയത്തോടെ വനിതാസംവരണബില്‍ ലോകസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇന്നോളം തയ്യാറായിട്ടില്ല. അവതരിപ്പിക്കണെന്ന് ശക്തമായി ബില്ലിനെ പിന്തുണക്കുന്നു എന്നവകാശപ്പെടുന്നവര്‍ ആവശ്യപ്പെടുന്നുമില്ല.

വനിതാസംവരണബില്‍ പാസാക്കുക എന്നത് സാമൂഹ്യനീതിയുടേയും ലിംഗനീതിയുടേയും പ്രശ്‌നം തന്നെയാണ്. അതേസമയം ബില്ലിനെതിരെ ഉയരുന്ന വാദങ്ങളും തള്ളിക്കളയാവുന്നതല്ല. ബില്ലിനെതിരെ മുലായംസിങ്ങും പല ദളിത് പിന്നോക്ക സംഘടനകളും ഉന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയില്‍ പ്രസക്തം തന്നെയാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് എന്തുകൊണ്ട് ബില്ലിന്റെ ശക്തരായ വക്താക്കള്‍ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലില്‍ എഴുതി ചേര്‍ത്താല്‍ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. ഇന്നത്തെ അവസ്ഥയില്‍ ബില്‍ പാസ്സായാല്‍ പാര്‍ലിമെന്റിലെത്തുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. ലിംഗവിവേചനത്തിനുള്ളിലും ജാതിവിവേചനം ശക്തമാണല്ലോ. എന്നാല്‍ ഈ വിഷയം പരിഗണിക്കാന്‍ ബില്ലിന്റെ വക്താക്കളെന്നു പറയപ്പെടുന്ന ബിജെപിയും കോണ്‍ഗ്രസും കമ്ൂണിസ്റ്റ് പാര്‍ട്ടികളുമൊന്നും തയ്യാറായിട്ടില്ല. സത്യത്തില്‍ ബില്‍ പാസാക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല എന്നുതന്നെ മനസ്സിലാക്കേണ്ടിവരും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വാസ്തവത്തില്‍ ആര്‍ക്കുമറിയുന്ന പോലെ പാര്‍ലിമെന്റില്‍ പകുതിയോ മൂന്നിലൊന്നോ സ്ത്രീകളെ എത്തിക്കാന്‍ ഒരു ബില്ലിന്റേയും നിയമത്തിന്റേയും ആവശ്യമില്ല. ജാതി സംവരണമില്ലാതേയോ അതും പരിഗണിച്ചോ തങ്ങള്‍ മത്സരിക്കുന്ന സീറ്റുകളില്‍ വനിതകള്‍ക്ക് അര്‍ഹമായ, അഥവാ വനിതാബില്ലിലൂടെ അവര്‍ തന്നെ ആവശ്യപ്പെടുന്ന പ്രാതിനിധ്യം നല്‍കാന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ തയ്യാറായാല്‍ നിസ്സാരമായി പരിഹരിക്കാവുന്ന വിഷയമാണ് 25 വര്‍ഷമായിട്ടും പരിഹാരമില്ലാതെ തുടരുന്നത്. ഇന്ത്യയില്‍ ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും നാമമാത്രമായ വര്‍ദ്ധനവാണ് സ്ത്രീപങ്കാളിത്തത്തില്‍ കാണുന്നത്. ആദ്യത്തെ ലോക്സഭയില്‍ 24 സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്  78.  14.39 ശതമാനം മാത്രം. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീരാജ്യങ്ങളേക്കാള്‍ പുറകില്‍. റുവാണ്ടയില്‍ 61 ശതമാനമാണ് പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം. ക്യൂബയിലും ബൊളീവിയയിലും 53 ശതമാനം. മെക്സിക്കോയില്‍ 48. 14 ശതമാനം.  നമ്മുടെ പാര്‍ലിമെന്റിലെ വനിതാ അംഗങ്ങളില്‍  രാജ്യവ്യാപകമായ പ്രാതിനിധ്യം കാണുന്നില്ല. ബംഗാളിലെ തൃണമൂലും ഒഡീഷ്യയിലെ ബിജെഡിയുമാണ് കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിച്ചതും വിജയിപ്പിച്ചതും. യുപിയില്‍ ബിഎസ്പിയും കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റുകൊടുത്തിരുന്നു. ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് സ്ത്രീകള്‍ക്ക് നല്‍കിയത് കോണ്‍ഗ്രസ്സാണെങ്കിലും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നതിന്റെ അടുത്തുപോലും എത്തിയില്ല. കാര്യമായാരും ജയിച്ചുമില്ല. എല്ലാരംഗത്തും സ്ത്രീകള്‍ മുന്നിലാണെന്നവകാശപ്പെടുന്ന കേരളത്തില്‍ മുന്നണികള്‍ 2 പേര്‍ക്ക് വീതമാണ് സീറ്റു നല്‍കിയത്. ജയിച്ചത് ആകെ ഒരാളും.

1957 മുതല്‍ കേരളത്തില്‍ നിന്ന് ഇതുവരേയും 272 പേര്‍ ലോകസഭയിലെത്തിയപ്പോള്‍ അതില്‍ സ്ത്രീകള്‍ 11 പേര്‍ മാത്രം. 1967ല്‍ അമ്പലപ്പുഴയില്‍നിന്നും 1980ല്‍ ആലപ്പുഴനിന്നും 1991ല്‍ ചിറയിന്‍കീഴ് നിന്നും സി പി എമ്മിലെ സുശീലാ ഗോപാലന്‍ ലോകസഭയിലെത്തി. 12, 13 ലോകസഭകളില്‍ വടകരയില്‍നിന്ന് സിപിഎമ്മിലെ തന്നെ എം കെ പ്രേമജവും 14ാം ലോകസഭയിലിലേക്ക് മാവേലിക്കരനിന്നും സിപിഎമ്മിലെ തന്നെ സി എസ് സുജാതയും വടകരനിന്ന് പി സതീദേവിയും തിരഞ്ഞെടുക്കപ്പെട്ടു. 1971ലാണ് സിപിഐ ഒരു വനിതയെ ലോകസഭയില്‍ എത്തിച്ചത്. അടൂരില്‍നിന്ന് കെ ഭാര്‍ഗ്ഗവി. അതോടെ കഴിഞ്ഞു അവരുടെ വനിതാ പ്രാതിനിധ്യം. കോണ്‍ഗ്രസ്സിന്റെ അവസ്ഥ അതിനേക്കാള്‍ കഷ്ടമാണ്. 9, 10 ലോകസഭകളിലേക്ക് മുകുന്ദപുരത്തുനിന്ന് സാവിത്രി ലക്ഷ്മനും 2019ല്‍ രമ്യാഹരിദാസും ജയിച്ചത് മാത്രമാണ് അവരുടെ വനിതാപ്രാതിനിധ്യത്തിന്റെ ചരിത്രം. ശതമാനകണക്കില്‍ ഇന്നോളം ലോകസഭയില്‍ കേരളത്തിന്റെ വനിതാ പ്രാതിനിധ്യം 4 ശതമാനത്തില്‍ ഒതുങ്ങുന്നു. വ്യക്തികളുടെ എണ്ണമെടുത്താല്‍ ഏഴുുമാത്രം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്തുകൊണ്ടിതു സംഭവിക്കുന്നു? അധികാരം കയ്യാളുന്നതില്‍ സ്ത്രീകള്‍ പുറകിലല്ല എന്ന് ഇന്ത്യയില്‍ തന്നെ എത്രയോ തെളിയിക്കപ്പെട്ടതാണ്. ഏറ്റവും ശക്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്നാണല്ലോ പറയാറ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കണക്കെടുത്താലും സ്ഥിതി വ്യത്യസ്ഥമാണോ? ജയലളിതയും മായാവതിയും മമതയുമൊക്കെ സമീപകാല ഉദാഹരണങ്ങള്‍. ബിജെപിയിലും കോണ്‍ഗ്രസ്സിലും ശക്തരായ നിരവധി വനിതാ നേതാക്കളുണ്ട്. ഇതൊക്കെയായിട്ടും അധികാരത്തില്‍ അര്‍ഹമായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.

പതിവുപോലെ കേരളം ഇക്കാര്യത്തിലും കാപട്യം തുടരുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ശക്തരായ വനിതാ നേതാക്കളില്ലാത്ത സംസ്ഥാനമാണ് കേരളം. സംസ്ഥാനതലം പോയിട്ട് ജില്ലാതല നേതാക്കള്‍ പോലും ഒരു പാര്‍ട്ടിയിലുമില്ല. പിന്നെങ്ങിനെ ലോകസഭയിലേക്കും നിയമസഭയിലേക്കുമൊക്കെ സ്ത്രീകള്‍ക്ക് സീറ്റുകിട്ടും? ഒരിക്കല്‍ മാത്രം ഒരു വനിത മുഖ്യമന്ത്രിസ്ഥാനത്തോടടുത്തിരുന്നു. എന്നിട്ടെന്തു സംഭവിച്ചു എന്നതും നാം കണ്ടതാണല്ലോ. നിയമസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന തലമുണ്ഡന സമരം മറക്കാറായിട്ടില്ലല്ലോ.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മികച്ച രീതിയില്‍ സ്ത്രീകള്‍ ഭരണം നടത്തുമ്പോളാണ് രാഷ്ട്രീയ നേതൃത്വങ്ങളിലും നിയമസഭയിലും ലോകസഭയിലും അവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്. മുഖ്യധാരാപ്രസ്ഥാനങ്ങളുമായി ബന്ധമില്ലാതെ കേരളത്തില്‍ നടക്കുന്ന ജനകീയപോരാട്ടങ്ങളില്‍ മിക്കവയും നയിക്കുന്നത് സ്ത്രീകളാണെന്നതും ഓര്‍ക്കണം. രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന അവഗണനക്കും പീഡനത്തിനുമെതിരെ ഹരിത നടത്തുന്ന പോരാട്ടത്തിന്റെ സമയത്താണ് വനിതാബില്ലവതരിപ്പിക്കപ്പെട്ടതിന്റെ 25-ാം വാര്‍ഷികമെന്നത് യാദൃച്ഛികമാണെങ്കിലും പ്രസക്തമാണ്.

ചുരുക്കത്തില്‍ വനിതാസംവരണബില്‍ പാസാക്കാന്‍ ഒരു പാര്‍ട്ടിക്കും താല്‍പ്പര്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടി നേതൃത്വങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വരാതെ അതുണ്ടാകാനും പോകുന്നില്ല. അതിനിടയില്‍ നടക്കുന്ന ഓര്‍മ്മപുതുക്കലുകളും വാചാടോപങ്ങളുമൊക്കെ കേവലം കാപട്യം മാത്രമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply