ദേശീയ രാഷ്ട്രീയത്തിലെ മൂന്ന് ഗൂഢാലോചനകള്‍

conspiracy: a secret plan by a group of people to do something harmful or illegal (Oxford Learner’s Dictionary).

കോണ്‍സ്പിറസി എന്ന ഇംഗ്ലീഷ് വാക്കിന്റെ മലയാള പരിഭാഷ ഉപജാപം അല്ലെങ്കില്‍ ഗൂഢാലോചന എന്നാണ്. ഗൂഢാലോചന നിയമത്തിന്റെ മുമ്പില്‍ കുറ്റം ആകാം, രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഒരു തന്ത്രവും. ഗൂഢാലോചന ക്രിമിനല്‍ കുറ്റമാണോ രാഷ്ട്രീയ തന്ത്രം മാത്രമാണോ എന്നു തീരുമാനിക്കുന്നത് കോടതിയും നമ്മുടെ ചരിത്ര വായനയുമാണ്. രാഷ്ട്രീയ നിരപേക്ഷകമായ സ്ഥാപനമല്ല കോടതി; അരാഷ്ട്രീയമല്ല ചരിത്രവായനകള്‍. രാജ്യം ചര്‍ച്ച ചെയ്യുന്ന മൂന്നു ഗൂഢാലോചനകളെക്കുറിച്ചാണ് ഈ കുറിപ്പ്. മൂന്നിനും വലിയ രാഷ്ട്രീയ മാനമുള്ളതുകൊണ്ടും ചരിത്രത്തിന്റെ ഭാരം വഹിക്കുന്നതുകൊണ്ടും അവ ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. ഈ ഗൂഢാലോചനകള്‍ ചില ആഖ്യാനങ്ങളെ സാധൂകരിക്കുകയും മറ്റ് ചിലതിനെ തിരസ്‌ക്കരിക്കുകയും ചെയ്യുന്നുണ്ട് എന്നതും നമ്മള്‍ ഓര്‍ക്കണം.

1
ഗാന്ധിജയന്തിക്ക് രണ്ട് ദിവസം മുമ്പാണ് (സെപ്തംബര്‍ 30) ബാബ്‌റി മസ്ജിദ് തകര്‍ക്കലിന്റെ പിന്നിലുള്ള ഗൂഢാലോചനകളെക്കുറിച്ചുള്ള കേസില്‍ ലഖ്‌നൗ സിബിഐ കോടതിയുടെ വിധി വന്നത്. ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനി ഉള്‍പ്പെടെയുള്ള 32 ആരോപിതര്‍ കുറ്റക്കാരല്ല എന്ന് കോടതി വിധിച്ചു. ഇവര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ഡിസംബര്‍ 6, 1992-ല്‍ പള്ളി തകര്‍ക്കാന്‍ കാരണമായത് എന്ന് സിബിഐക്ക് കോടതി മുമ്പാകെ സ്ഥാപിക്കാന്‍ സാധിച്ചില്ല എന്നാണ് ജഡ്ജി പറഞ്ഞത്. മുഖമില്ലാത്ത ഒരാള്‍ക്കൂട്ടമാണ് പള്ളി തകര്‍ത്തത് എന്ന് കോടതി കണ്ടെത്തി.

കോടതിവിധി കേട്ട് ആരും ഞെട്ടിയില്ല. മറിച്ചൊന്നും ആരും പ്രതീക്ഷിച്ചിരുന്നുവെന്ന് തോന്നുന്നില്ല. കാരണം, പള്ളിയുടെ നേര്‍ക്ക് 1948 ലും 1992 ലും നടന്നത് അതിക്രമമാണെന്ന് സമ്മതിച്ച സുപ്രീം കോടതി അതിക്രമം നടത്തിയവര്‍ക്ക് പള്ളിഭൂമിയുടെ അവകാശം ഏല്‍പ്പിച്ചിട്ട് അധികം നാളായിട്ടില്ലല്ലോ. ഇരുപത്തിയെട്ട് കൊല്ലത്തിന് ശേഷം ഗൂഢാലോചനയുടെ പരിസമാപ്തിയായിരുന്നു ഡിസംബര്‍ 6, 1992 ല്‍ അയോധ്യ കണ്ടത് എന്ന് ലഖ്‌നൗ കോടതി വിധിച്ചിരുന്നെങ്കില്‍ അതൊരു കുരുക്കാകുമായിരുന്നു. സിബിഐ ഹാജരാക്കിയ വിഡിയോകളും പത്രക്കട്ടിംഗുകളും ഒറിജിനലാണ് എന്നുപോലും പ്രോസിക്യൂഷന് സ്ഥാപിക്കാന്‍ കഴിഞ്ഞില്ല എന്നാണ് കോടതി പറഞ്ഞത്. ഗൂഢാലോചനയുടെ തെളിവ് എന്തായിരിക്കണം എന്ന് ആലോചിച്ചിട്ടുണ്ടോ? പണ്ട് നരസിംഹറാവു സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. വളരെ വര്‍ഷങ്ങള്‍ക്കും അനവധി തെളിവെടുപ്പുകള്‍ക്കും ശേഷം ജസ്റ്റിസ് ലിബര്‍ഹാന്‍ തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതില്‍ അന്വേഷണ കമ്മീഷന്‍ എഴുതിയത് ഇങ്ങനെ: The incidents of December 6th were neither spontaneous, nor unpreventable. They ware the zenith of a concerted and a well laid down plan which encompasses an entire pantheon of religious, political and mob leadership. It was a successful and well concealed plan of the authors of the movement who also managed to stay outside the public limelight until the actual events unfolded.

ഇങ്ങനെയുംകൂടി പറഞ്ഞു കമ്മീഷന്‍: It is an undisputed fact that many leaders including the so called sadhus and saints, politicos and others including LK Advani, MM Joshi, KS Sudarshan, Uma Bharthi, HV Seshadri, Pramod Mahajan, Ashok Singhal, Paramahans Ramchandra Das, Vamdev Maharaj, Acharya Giriraj Kishore, Vishnu Hari Dalmia, Vinay Katiyar, Professor Rajendra Singh, Champat Rai, RS Agnihotri, shielded the name of many others whose name could not therefore be ascertained despite a prolonged enquiry. തെളിവെടുപ്പിന്റെ സമയത്ത് സാക്ഷികള്‍ പലവട്ടം ഉരുവിട്ട് പഠിച്ച കഥകള്‍ ആവര്‍ത്തിക്കുകയും തെളിവെടുപ്പിന്റെ സമയത്ത് ഓര്‍മ്മക്കുറവും അജ്ഞതയും നടിക്കുകയും ചെയ്തുവെന്ന് കമ്മീഷന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ത്രേതായുഗത്തിലല്ല ബാബ്‌റി പള്ളി തകര്‍ക്കപ്പെട്ടത്. വളരെ ദിവസങ്ങള്‍ നീണ്ടുനിന്ന അദ്വാനിയുടെ രഥയാത്രയുടെ സമാപ്തിയായിരുന്നു ഡിസംബര്‍ 6 ന് നടന്ന സംഭവങ്ങള്‍. പള്ളി നില്‍ക്കുന്ന സ്ഥലത്ത് ക്ഷേത്രം പണിയാനുള്ള ആളൊരുക്കമായിരുന്ന അദ്വാനിയുടെ രഥയാത്ര. ലക്ഷ്യത്തെക്കുറിച്ചും മാര്‍ഗ്ഗത്തെക്കുറിച്ചും ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. യാത്രയുടെ വീഡിയോകളും റിപ്പോര്‍ട്ടുകളും യാത്രോദ്ദേശ്യം വെളിവാക്കിയിരുന്നു. എന്റെ സഹപ്രവര്‍ത്തകനായിരുന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍ പ്രവീണ്‍ ജെയ്ന്‍ ഡിസംബര്‍ 5 ന് പള്ളി പൊളിക്കാന്‍ കര്‍സേവകര്‍ നടത്തിയ റിഹേര്‍സലിന്റെ ചിത്രങ്ങള്‍ അതിസാഹസികമായി പകര്‍ത്തിയിരുന്നു. പ്രവീണിന്റെ ചിത്രങ്ങള്‍ സിബിഐ കോടതി മുമ്പാകെയുണ്ടായിരുന്നു. ഡിസംബര്‍ 5 ന് പ്രവീണ്‍ അയോധ്യയില്‍ കണ്ടതിനെക്കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞതിങ്ങനെ: I saw the rehersal was underway on the ground. People were working with big hammers and shovels. The kar sevaks were practising on a large mound. They used ropes to secure iron grill around the mound and to climb up. കോടതി പ്രവീണിന്റെ ചിത്രങ്ങളും മൊഴിയും അവഗണിച്ചു.

തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം സാധ്യമാക്കിയ ഏറ്റവും പ്രധാനപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം അദ്വാനിയെപ്പോലുള്ള സംഘപരിവാര്‍ നേതാക്കള്‍ ഏറ്റെടുക്കാത്തത് എന്തുകൊണ്ടായിരിക്കാം? ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നില്ല എന്ന് പറഞ്ഞത് മഹാത്മാഗാന്ധി മാത്രമാണ്. ആ രാഷ്ട്രീയ നൈതികത സംഘപരിവാറിന്റേതല്ല. ചരിത്രവായനയില്‍ നിര്‍ണ്ണായകമാവുക നീതിന്യായവ്യവസ്ഥ നല്‍കുന്ന ‘ക്ലീന്‍ ചീറ്റുകള്‍’ മാത്രമാണ് എന്നവര്‍ കരുതുന്നുണ്ടോ? എഴു പതിറ്റാണ്ട് പിന്നിലേക്ക് നടക്കുമ്പോള്‍ സമാനമായ ഒരു സംഭവം നമ്മുടെ ശ്രദ്ധയില്‍ പെടും. ബിര്‍ളാ മന്ദിറിലെ പ്രാര്‍ത്ഥനായോഗത്തിനെത്തിയ ഗാന്ധിജിയെ തടഞ്ഞ് വെടിവെച്ചുകൊന്നത് നാഥുറാം ഗോഡ്‌സെ എന്ന ഹിന്ദുത്വവാദിയായിരുന്നു. ഹിന്ദുമഹാസഭ പ്രവര്‍ത്തകനായാണ് ഗോഡ്‌സെ അറിയപ്പെട്ടത്. വിനായക് ദാമോദര്‍ സവര്‍ക്കറുടെ ശിഷ്യന്‍ എന്നും അടുത്തവര്‍ പറഞ്ഞു. ഗോഡ്‌സെയില്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കപ്പെട്ടിരുന്നു. ആര്‍എസ്എസ് നേതൃത്വം അത് നിഷേധിച്ചു. പക്ഷേ, സര്‍ദാര്‍ പട്ടേലിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ആഭ്യന്തര മന്ത്രാലയം സംഘത്തെ നിരോധിച്ചു. വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറിയ കൂട്ടക്കുരുതിയും ആക്രമണങ്ങളും കണക്കിലെടുത്തുകൊണ്ട് സര്‍ക്കാര്‍ പുറത്തിറക്കിയ നിരോധനക്കുറിപ്പില്‍ ഇങ്ങനെ പറയുന്നുണ്ട്: The objectionable and harmful activities of the Sangh have, however, continued unabated and the cult of violence sponsored and inspired by the activities of the Sangh has claimed many victims. The latest and the most precious to fall was Gandhiji himself.

ഗൂഢാലോചന ആരോപിക്കപ്പെട്ട സവര്‍ക്കറെ തെളിവില്ലാത്തതിനാല്‍ ഗാന്ധിവധ വിചാരണ കോടതി വെറുതെ വിട്ടു. സവര്‍ക്കറും നാഥുറാമും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ Gandhiji’s Murder And After എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം അരവിന്ദ് രാജഗോലാപിന് നല്‍കിയ അഭിമുഖത്തില്‍ (Frontline, January 28, 1994) ഗോപാല്‍ഗോഡ്‌സെ നാഥുറാം ആര്‍എസ്എസിന്റെ ബൗദ്ധിക കാര്യവാഹ് ആയിരുന്നുവെന്ന് പറയുന്നുണ്ട്. താന്‍ സംഘ് വിട്ടു എന്ന് നാഥുറാം പറഞ്ഞത് ഗാന്ധിവധത്തിനുശേഷം ഗോള്‍വാള്‍ക്കറും ആര്‍എസ്എസും ബുദ്ധിമുട്ടില്‍ ആയതുകൊണ്ടായിരുന്നു എന്നും ഗോപാല്‍ ഗോഡ്‌സെ പറയുന്നുണ്ട്. അദ്വാനിയും മറ്റും നാഥുറാമിന്റെ ആര്‍എസ്എസ് ബന്ധത്തെ നിഷേധിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗോപാല്‍ ഗോഡ്‌സെ പറഞ്ഞതിങ്ങനെ: ‘ഭീരുത്വമാണത് എന്ന് ഞാന്‍ അതിന് മറുപടി നല്‍കിയിട്ടുണ്ട്. You can say that RSS did not pass a resolution saying, Go and assassinate Gandhi. But you do not disown him (Nathuram).

നാഥുറാം ഇന്ന് ഓര്‍മ്മിപ്പിക്കപ്പെടുന്നത് സംഘടനയും പ്രത്യയശാസ്ത്രവുമില്ലാത്ത ഒരു വ്യക്തി എന്ന നിലക്കാണ്. ഗാന്ധിവധത്തിന് പുറകില്‍ ഒരു പ്രത്യയശാസ്ത്രമുണ്ടെന്നും ഗാന്ധിജി കൊല്ലപ്പെട്ടത് അഞ്ചാമത്തെ വധശ്രമത്തിലായിരുന്നുവെന്നും ആരും ഇന്ന് ഓര്‍ക്കാറില്ല. (ആദ്യത്തെ വധശ്രമം 1934 ല്‍ ആയിരുന്നു. അയിത്തത്തിന് എതിരെയുള്ള നിയമത്തെ ഗാന്ധിജി പിന്‍തുണച്ചതിന് പിന്നാലെയാണ് അതുണ്ടായത്. ഓരോ വധശ്രമവും പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന കാര്യം ഗാന്ധിജിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ അതിനൊരുമ്പെട്ടത് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന് ഏറ്റവും വലിയ തടസ്സം ആ മനുഷ്യനാണ് എന്നു വിലയിരുത്തിയത് കൊണ്ടാണ്. ഹിന്ദുമതത്തെ നവീകരിക്കാനും ഹിന്ദു-മുസ്‌ലിം ഐക്യത്തെ സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലയാക്കാനും ഒരുമ്പെട്ട ഫക്കീര്‍ ഹിന്ദുത്വവാദത്തിന് ശത്രു തന്നെയായിരുന്നു. കാരണം ഹിന്ദുമതത്തിന്റെ ഭാഷ തന്നെയാണ് ഗാന്ധിജി ഹിന്ദുത്വവാദികള്‍ക്ക് നിരസിച്ചത്.) ഗാന്ധിയുടെ രാമന്‍ തന്നെയാണല്ലോ ഇന്നും സംഘപരിവാര്‍ രാമന്റെ ബദല്‍. നാഥുറാമിന് സംഘടനയും പ്രത്യയശാസ്ത്രവും നിഷേധിക്കുക വഴി അയാളുടെ പ്രവൃത്തിയുടെ രാഷ്ട്രീയത്തെ മറച്ചുവെക്കുകയാണ് പിന്നണിയില്‍ നിന്നവര്‍ ചെയ്തത്. ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ തിരസ്‌കാരം കൂടിയാണ് നാഥൂറാമിനെ വ്യക്തിയായി ചുരുക്കുമ്പോള്‍ സംഭവിക്കുന്നത്. അയോധ്യയിലെ കഥയും മറ്റൊന്നല്ല. രാമജന്മഭൂമി പ്രസ്ഥാനത്തിന് നിയമ സാധൂകരണം നല്‍കുകയാണ് കോടതിവിധി മൂലം സംഭവിച്ചിരിക്കുന്നത് എന്ന് ദ ഹിന്ദു ദിനപത്രത്തിന്റെ മുഖപ്രസംഗം പറയുന്നത് ശ്രദ്ധിക്കേണ്ടതാണ്. ചരിത്രത്തില്‍നിന്നും ഒരു കുറ്റകൃത്യത്തെ മായ്ച്ചുകളയാനും കുറ്റവാളികളെ കുറ്റവിമുക്തരാക്കാനുമുള്ള സാധ്യത ഈ വിധിയില്‍ അടങ്ങിയിട്ടുണ്ട്. ഗാന്ധിവധത്തെ അയോധ്യ അനുസ്മരിപ്പിക്കുന്നത് അതുകൊണ്ടാണ്.

2
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലി പോലീസ് ഫെബ്രുവരിയിലുണ്ടായ കലാപത്തിന് പുറകില്‍ ഗൂഢാലോചന കണ്ടെത്തി അതിന്റെ കുറ്റപത്രം നഗരത്തിലെ സെഷന്‍സ് കോടതികളില്‍ സമര്‍പ്പിക്കുകയുണ്ടായി. റിപ്പോര്‍ട്ടും അനക്‌സറും ഉള്‍പ്പെടെ പതിനേഴായിരം പേജിന്റെ കുറ്റപത്രത്തില്‍ മുഖ്യമായും പതിനഞ്ച് പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. നഗരത്തിലെ അനവധി ഇടത് രാഷ്ട്രീയക്കാരുടെയും ചിന്തകരുടെയും പേരുകള്‍ അനുബന്ധ രേഖകളില്‍ പോലീസ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കുന്നുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, സല്‍മാന്‍ ഖുര്‍ഷിദ്, ഹര്‍ഷ് മന്ദര്‍, ദില്ലി സര്‍വ്വകലാശാല അധ്യാപകന്‍ അപൂര്‍വ്വാനന്ദ് …അങ്ങനെ പലരും കുറ്റപത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അവരാരും കുറ്റാരോപിതരല്ല. ഇതുവരെയെങ്കിലും അവരുടെമേല്‍ സംശയത്തിന്റെ നിഴല്‍ പരത്താന്‍ പോലീസിന്റെ പരാമര്‍ശങ്ങള്‍ക്ക് കഴിഞ്ഞേക്കും. കുറ്റപത്രത്തില്‍ കുറ്റമാരോപിക്കപ്പെട്ടവര്‍ പലരും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥി ബന്ധമുള്ളവരാണ്. എല്ലാവര്‍ക്കും തന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരെയും പൊതുവില്‍ ബിജെപിക്കെതിരെയും രാഷ്ട്രീയമായി സംഘാടനങ്ങളില്‍ ഏര്‍പ്പെട്ട ചരിത്രവുമുണ്ട്.

ഈ കുറ്റപത്രവും അറസ്റ്റുകളും ഒട്ടും ഒളിച്ചുവെക്കാത്ത കാര്യം അതിന്റെ രാഷ്ട്രീയമാണ്. ഷാഹിന്‍ബാഗിലെ പൊതുസമൂഹ ശാക്തീകരണം ഉയര്‍ത്തിയ രാഷ്ട്രീയ പ്രതിരോധം തെരഞ്ഞെടുപ്പ് ചൂടില്‍ കഴിഞ്ഞിരുന്ന ദില്ലിയില്‍ ബിജെപി പ്രചാരണായുധമാക്കിയിരുന്നു. പൗരത്വബില്ലിനെ വിമര്‍ശിച്ചവരെ ഒന്നടങ്കം ദേശദ്രോഹികള്‍ എന്നാണ് ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചുപോന്നത്. തെരഞ്ഞെടുപ്പു യോഗങ്ങളില്‍ കേന്ദ്രമന്ത്രിയായ അനുരാഗ് ഠാക്കൂര്‍, ദില്ലി എംപി പര്‍വ്വേശ് സാഹിബ് സിംഗ് വര്‍മ എന്നിവര്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയും അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുവരികയും ചെയ്തിരുന്നു. കലാപം പൊട്ടിപ്പുറപ്പെടുന്നതിന്റെ തലേദിവസം കപില്‍മിശ്ര എന്ന പ്രാദേശിക നേതാവിന്റെ പ്രസംഗം – പോലീസുകാരുടെ സാന്നിധ്യത്തില്‍ – പൗരത്വബില്ലിനെതിരെ സത്യാഗ്രഹമിരിക്കുന്നവരെ ലക്ഷ്യമിട്ടിരുന്നു. അടുത്ത മൂന്നുദിവസങ്ങളിലാണ് (ഫെബ്രുവരി 24, 25, 26 തീയ്യതികളില്‍) വടക്കുകിഴക്കന്‍ ദില്ലി കത്തിയത്. അമ്പത്തിമൂന്നുപേര്‍ – ഭൂരിപക്ഷവും മുസ്‌ലിംകള്‍ – കൊല്ലപ്പെട്ടു. ഈ കലാപം ആസൂത്രിതമായിരുന്നുവെന്നും പൗരാവകാശ ബില്ലിനെ എതിര്‍ക്കുന്നവരാണ് ആസൂത്രകരെന്നും പോലീസ് വാദിക്കുന്നു. വാട്‌സ്ആപ് മെസ്സേജുകളും മറ്റും സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തുകൊണ്ടാണ് പോലീസ് ഗൂഢാലോചനയുടെ ചിത്രം വരക്കുന്നത്. പ്രകോപനപരമായി പെരുമാറിയ ബിജെപി നേതാക്കള്‍ ഒന്നുംതന്നെ പോലീസിന്റെ അന്വേഷണത്തിലോ അറസ്റ്റുകളിലോ പ്രത്യക്ഷപ്പെടുന്നില്ല. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും വിളിപ്പാടകലെ നടന്ന കലാപം അടിച്ചമര്‍ത്താന്‍ പോലീസിന് കഴിഞ്ഞത് മൂന്നു ദിവസങ്ങള്‍ക്ക് ശേഷം മാത്രമാണ്. സഹായ അഭ്യര്‍ത്ഥനകളോട് പോലീസ് പ്രതികരിച്ചില്ല എന്ന് പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പക്ഷെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പോലും കുറ്റകരമായ ഈ അലംഭാവത്തിന് മറുപടി പറയേണ്ടി വന്നിട്ടില്ല. പൊതുസമൂഹം – ഇടതുരാഷ്ട്രീയം – മുസ്‌ലിം – ദളിത് കൂട്ടുകെട്ടാണ് ദില്ലി കലാപം ആസൂത്രണം ചെയ്തത് എന്ന വാദം ശ്രദ്ധിക്കേണ്ടതാണ്.

3
ഇതേ വാദം തന്നെയാണ് എള്‍ഗര്‍ പരിഷദ് കേസിലും പോലീസ് അവതരിപ്പിച്ചത്. 2017 ഡിസംബര്‍ 31 ന് പൂണയിലെ ശനിവാര്‍വാഡയില്‍ ചേര്‍ന്ന വര്‍ഗ്ഗീയവിരുദ്ധ സാംസ്‌കാരിക കൂട്ടായ്മയായിരുന്നു എള്‍ഗര്‍ പരിഷദ്. ജസ്റ്റിസ് പി.ബി.സാവന്തും ജസ്റ്റിസ് കോള്‍സെ പാട്ടീലുമായിരുന്നു പരിഷദിന്റെ രക്ഷാധികാരികള്‍. ഇടത്-ദളിത് രാഷ്ട്രീയപ്രവര്‍ത്തകരും സിവില്‍ സൊസൈറ്റി ആക്ടിവിസ്റ്റുകളും പങ്കുകൊണ്ട ആ പൊതുപരിപാടി പുതിയൊരു രാഷ്ട്രീയസഖ്യത്തിന് നാന്ദിയാകുമെന്ന് പലരും കരുതി. അടുത്ത ദിവസം ജനുവരി 1, 2018 – പൂണെയ്ക്കടുത്ത് ഭീമാ കോറെഗാവില്‍ ദളിത് സംഘടനകളുടെ അനുസ്മരണ യോഗത്തിനെതിരെയുള്ള ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംബാജി ഭിഡേ, മിളിന്ദ് എക്‌ബോട്ടെ എന്നീ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസെടുത്തു. അധികനാള്‍ കഴിയുന്നതിന് മുമ്പ് അന്വേഷണം ഇവരില്‍നിന്നും തിരിയുകയും എള്‍ഗര്‍ പരിഷദ് ഒരു മാവോയിസ്റ്റ് ആസൂത്രിത പരിപാടിയാണെന്ന് ആരോപിക്കപ്പെട്ടു. അതിന്റെ തുടര്‍ച്ചയായിരുന്നു ഭീമാ കോറെഗാവിലെ സംഘര്‍ഷമെന്ന് പോലീസ് അവകാശപ്പെട്ടു. വരവരറാവുവും ആനന്ദ് തെല്‍തുമ്പേയും സുധാ ഭരദ്വാജും ഗൗതം നവലാഖയുമൊക്കെ-ഇവരാരും തന്നെ പരിഷദില്‍ പങ്കെടുത്തിരുന്നില്ല-പ്രതിചേര്‍ക്കപ്പെടുകയും അറസ്റ്റിലാവുകയും ചെയ്തു. ദില്ലി സര്‍വ്വകലാശാലയിലെ അധ്യാപകനായ ഹനിബാബുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതും ഇതേ കേസിലാണ്. ഇവരില്‍ ഏതാണ്ട് എല്ലാവരും ഹിന്ദുത്വ വിരുദ്ധ ചേരിയില്‍ ദളിത്-പിന്നോക്ക-മുസ്‌ലിം-ആദിവാസി-തൊഴിലാളി രാഷ്ട്രീയ മഴവില്ലിനെ സ്വപ്നം കാണുന്നവരാണ്. ഭരണഘടനയും പൗരാവകാശങ്ങളും മുന്‍നിര്‍ത്തി പൊതുസമൂഹത്തില്‍ ഇടപെട്ടിരുന്ന പൊതുപ്രവര്‍ത്തകരായിരുന്നു ഇവരെല്ലാവരും.

പുതിയൊരു പ്രതിപക്ഷ രാഷ്ട്രീയത്തിന് തടയിടുകയാണ് പോലീസ് ചെയ്തത് എന്ന ആരോപണം ശക്തമാണ്. ഇടത്-ദളിത്-മുസ്‌ലിം രാഷ്ട്രീയസംവാദം സാധ്യമാകാത്ത രീതിയില്‍ മാവോയിസ്റ്റ് ചാപ്പയടിച്ച് അതിനെ അസാധുവാക്കുന്ന രാഷ്ട്രീയതന്ത്രം തന്നെയല്ലേ ദില്ലി കലാപത്തിന്റെ കുറ്റപത്രത്തിലും കാണുന്നത്? ഈ കേസുകള്‍ കോടതിയില്‍ നിലനില്‍ക്കുകയില്ലായിരിക്കും പക്ഷേ, വിധി വരുമ്പോഴേക്കും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകും. യുഎപിഎ വകുപ്പുകളും എന്‍ഐഎ അന്വേഷണവും സൃഷ്ടിക്കുന്ന പുകമറയ്ക്കുള്ളില്‍ ചെറുപ്പക്കാര്‍ തങ്ങളുടെ യൗവ്വനം തടവറയ്ക്കുള്ളില്‍ കഴിച്ചുകൂട്ടേണ്ടിവരും. ഒമാര്‍ഖാലിദും നടാഷാ നര്‍വാലും ദേവാംഗന കലിതയും ഗുല്‍ഷിഷ ഫാത്തിമയും ഷാര്‍ജിന്‍ ഇമാമുമൊക്കെ പോസ്റ്റ്-മോദി രാഷ്ട്രീയത്തിന്റെ പ്രതിപക്ഷ നിരയാണ്. അവര്‍ ഇന്ന് തടവിലാണ്. പൗരത്വബില്ലും ഷാഹിന്‍ബാഗും മോദി ഭരണവും രാഷ്ട്രീയവല്‍ക്കരിച്ച ഒരു പുത്തന്‍ തലമുറയുടെ പ്രതിനിധികളാണിവര്‍. ഇവരുടെ തടവ് ഭരണകൂടം മറ്റുള്ളവര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പാണ്. വരുതിയില്‍ നില്‍ക്കാത്ത സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും പുതിയ സത്യാഗ്രഹമുറയില്‍ ഭരണകൂടത്തെയും ഗാന്ധിയെയും അംബേദ്ക്കറെയും നെഹ്‌റുവിനെയും ആസാദിനെയും ഒക്കെ മുന്‍നിര്‍ത്തി പൗരത്വരാഷ്ട്രീയം സംസാരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിമിനെയും അപരവല്‍ക്കരിക്കാനുള്ള ഗൂഢാലോചനയാണ് എള്‍ഗാര്‍ പരിഷദ് കേസും ദില്ലി കലാപത്തിന്റെ കുറ്റപത്രവുമൊക്കെ എന്ന് സംശയിച്ചാല്‍? ഏത് ഗൂഢാലോചനയും ഒരു പുകമറ സൃഷ്ടിക്കും. ജനതയെ ഭീതിയിലാഴ്ത്തും. സുതാര്യമായ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമല്ലാതാക്കും. ആരോപണങ്ങളുടെ പോലീസ് ഭാഷ്യം പുകമഞ്ഞുപോലെ ജനതയെ മൂടുമ്പോള്‍ എന്തു ജനാധിപത്യമാണ് ബാക്കിയുണ്ടാവുക?

ഒരു ചരിത്രപാഠം അനുസ്മരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ജര്‍മ്മന്‍ പാര്‍ലമെന്റിലുണ്ടായ (Reichstag) ഒരു തീപ്പിടുത്തമാണ് ഹിറ്റ്‌ലറുടെ കൈയിലേക്ക് ജര്‍മ്മനിയെ എത്തിച്ചത് എന്ന് പറയാറുണ്ട്. ഫെബ്രുവരി 27, 1933 ലാണ് Reichstag കത്തിയമര്‍ന്നത്. കമ്യൂണിസ്റ്റ്പാര്‍ട്ടി അനുഭാവിയായിരുന്ന ഒരു തൊഴിലാളിയുടെ സാന്ദര്‍ഭികമായ അറസ്റ്റിനെത്തുടര്‍ന്ന് ജര്‍മ്മന്‍ ഇടതുപക്ഷം രാജ്യം പിടിച്ചെടുക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് തീവെപ്പ് എന്ന് ഹിറ്റ്‌ലര്‍ ആരോപിച്ചു. ജര്‍മ്മനിയിലെ അന്നത്തെ പ്രബല പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ്പാര്‍ട്ടിക്ക് നേരെ ഹിറ്റ്‌ലര്‍ ആക്രമണം അഴിച്ചുവിട്ടു. ജര്‍മ്മനിയിലെ ഇടതുപക്ഷത്തെ പൊതുശത്രുവായി പ്രഖ്യാപിച്ചുകൊണ്ട് ഹിറ്റ്‌ലര്‍ അവരുടെ രാഷ്ട്രീയ സ്വാധീനം തകര്‍ത്തു. പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ നാസികളുടെ ബൂട്ടിന് കീഴില്‍ ജര്‍മ്മന്‍ ജനത കീഴടങ്ങി. ജൂത വംശഹത്യയും വംശമാഹാത്മ്യവും മുദ്രാവാക്യങ്ങളാക്കി ജനത ഹിറ്റ്‌ലറുടെ പിന്നില്‍ അണിനിരന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് തീവെപ്പില്‍ ജര്‍മ്മന്‍ ഇടതുപക്ഷം നിരപരാധിയായിരുന്നുവെന്ന തെളിവുകള്‍ പുറത്തുവന്നത്. നാസികള്‍ തന്നെയായിരുന്നു തീവെപ്പിന് പിന്നില്‍ എന്ന് പുതിയ തെളിവുകള്‍ ചരിത്രകാരന്മാര്‍ ഇന്ന് നിരത്തുന്നുണ്ട്. നാസികള്‍ കെട്ടിപ്പൊക്കിയ ഗൂഢാലോചനയ്ക്കും വംശീയ രാഷ്ട്രീയത്തിനും ജര്‍മ്മനിയും യൂറോപ്പും വലിയ വില നല്‍കേണ്ടിവന്നു എന്നത് ചരിത്രം.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “ദേശീയ രാഷ്ട്രീയത്തിലെ മൂന്ന് ഗൂഢാലോചനകള്‍

  1. അഹമ്മദ് അശ്റഫ് പ്രതികരിക്കുന്നു;‌ ”ക്ലാസിക്കൽ ഫാഷിസം ഉൾപ്പെടെ എല്ലാ ഫാഷിസങ്ങളും സോഷ്യലിസ്റ്റ് – കമ്യൂണിസ്റ്റ് വിരുദ്ധവും തീവ്രതലത്തിൽ വലത്പക്ഷപരവുമാണ്. ആ അർത്ഥത്തിൽ ഇപ്പോൾ കേരളത്തിൽ ഫാഷിസം എങ്ങനെയാണ് പ്രവർത്തിച്ച് അതിന് രാഷ്ട്രീയ ഫലങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് എന്ന് അൽപ്പം സൂക്ഷിച്ച് നോക്കിയാൽ കാണാവുന്നതാണ്. അടിത്തട്ട് തലത്തിൽ സ്വാംശീകരിക്കപ്പെട്ട് കേന്ദ്രത്തെ ഉറപ്പിച്ചെടുക്കുന്നതാണ് ഫാഷിസത്തിൻ്റെ മെതഡോളജി. സ്വർണ്ണക്കടത്ത് വിഷയത്തിൽ ഒരു കമ്യൂണിസ്റ്റ്കാരനും അറസ്റ്റ് ചെയ്യപ്പെട്ടില്ല എന്നിരിക്കിലും രാഷ്ട്രീയ അടിത്തട്ട് കൂട്ടക്കരച്ചിൽ എന്നപോലെ ആക്രോശിച്ചത് “മുഖ്യമന്ത്രി രാജിവെക്കൂ” എന്നായിരുന്നു!!”

Leave a Reply