ഈ മനുഷ്യാവകാശദിനം നാഗാലാന്റില്‍ കൊല ചെയ്യപ്പെട്ടവര്‍ക്ക്

1948ലാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശപ്രഖ്യാപനം നടത്തിയത്. മനുഷ്യരായി പിറന്നാല്‍ സ്വാഭാവികമായും ലഭിക്കേണ്ടതായ അവകാശങ്ങളെ കുറിച്ചുള്ള വിശദമായ പ്രഖ്യാപനമായിരുന്നു അത്. മനുഷ്യാവകാശങ്ങളെല്ലാം സംരക്ഷിക്കപ്പെടണമെന്ന ലോകസമൂഹത്തിന്റെ താല്പര്യപ്രകാരമാണ് 1948 ഡിസംബര്‍ 10ന് സാര്‍വ്വലൗകീക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ കരടുരേഖ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. അന്നുമുതല്‍ ദിനാചരണം നടന്നുവരുന്നു. ‘എല്ലാ മനുഷ്യരും തുല്യാവകാശങ്ങളോടും മാന്യതയോടും കൂടി ജനിക്കുന്ന സ്വതന്ത്ര വ്യക്തികളാണ്്’ യു.എന്‍.ഒ.പ്രഖ്യാപനത്തിലെ ഈ വാക്യം വളരെ ശ്രദ്ധേയമാണ്. എന്നാല്‍ അതാണോ ചുറ്റുപാടും കാണുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം.

രാജ്യം ലജ്ജിച്ചു തലതാഴ്ത്തി നില്‍ക്കുമ്പോഴാണ് ഒരു മനുഷ്യാവകാശദിനം കൂടി കടന്നുവന്നിരിക്കുന്നത്. ഭീകരവാദികളാണെന്നു തെറ്റിദ്ധരിച്ചാണത്രെ നാഗാലാന്റില്‍ സൈന്യം ആദിവാസികളടക്കം 14 ഗ്രാമീണരെ വെടിവെച്ചുകൊന്നത്. മനുഷ്യാവകാശദിനം മുന്നോട്ടുവെക്കുന്ന എല്ലാവിധ ആശയങ്ങളും അനുദിനം ലംഘിക്കപ്പെടുന്ന സാഹചര്യത്തില്‍ കൂടിയാണ് രാജ്യം കടന്നുപോകുന്നത്. ജനസംഖ്യയില്‍ പകുതിവരുന്ന സ്ത്രീകളും ദളിതരും ആദിവാസികളും മുസ്ലിംവിഭാഗങ്ങളുമടക്കമുള്ളവര്‍ എല്ലാവിധ മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെട്ട് നിസ്സഹായരായി പോകുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് നാഗലാന്റില്‍ കണ്ടത്. സൈനികമേധാവിയടക്കമുള്ളവരുടെ അപകടമരണത്തിന്റെ പേരില്‍ മറക്കാനാവാത്ത ഒന്നാണ് അവിടെ നടന്നത്. അഫ്‌സ്പ എന്ന, സൈന്യത്തിന് അമിതാധികാരം നല്‍കുന്ന ഭീകരനിയമത്തിന്റെ തണലാണ് ഇത്തരമൊരു ഭീകരകൃക്യം ചെയ്യാന്‍ സൈന്യത്തിനു ധൈര്യം നല്‍കുന്നത്. എത്രയോ കാലമായി ഉയരുന്ന ആവശ്യമായിട്ടും അഫ്‌സപയും യുഎപിഎയും പോലുള്ള ഭീകരനിയമങ്ങള്‍ പിന്‍വലിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല.

1948ലാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശപ്രഖ്യാപനം നടത്തിയത്. മനുഷ്യരായി പിറന്നാല്‍ സ്വാഭാവികമായും ലഭിക്കേണ്ടതായ അവകാശങ്ങളെ കുറിച്ചുള്ള വിശദമായ പ്രഖ്യാപനമായിരുന്നു അത്. മനുഷ്യാവകാശങ്ങളെല്ലാം സംരക്ഷിക്കപ്പെടണമെന്ന ലോകസമൂഹത്തിന്റെ താല്പര്യപ്രകാരമാണ് 1948 ഡിസംബര്‍ 10ന് സാര്‍വ്വലൗകീക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ കരടുരേഖ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. അന്നുമുതല്‍ ദിനാചരണം നടന്നുവരുന്നു. ‘എല്ലാ മനുഷ്യരും തുല്യാവകാശങ്ങളോടും മാന്യതയോടും കൂടി ജനിക്കുന്ന സ്വതന്ത്ര വ്യക്തികളാണ്്’ യു.എന്‍.ഒ.പ്രഖ്യാപനത്തിലെ ഈ വാക്യം വളരെ ശ്രദ്ധേയമാണ്. എന്നാല്‍ അതാണോ ചുറ്റുപാടും കാണുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അടിസ്ഥാനപരമായി ഒരു മനുഷ്യന് അന്തസ്സായി ജീവിക്കാനുള്ള അവകാശങ്ങള്‍ എന്ന നിലയിലാണ് മനുഷ്യാവകാശങ്ങള്‍ സാര്‍വലൌകികമാകുന്നത്. പല കാരണങ്ങളാലും ചില ജനവിഭാഗങ്ങള്‍ക്ക് ഈ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാറില്ല. അതുകൊണ്ടാണ് മനുഷ്യാവകാശ സംഘടനകള്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാകുന്നത്. എന്നാല്‍ മിക്കപ്പോഴും ഈ സംഘടനകള്‍ പോലും അതിനു തയ്യാറാകാറില്ല. തയ്യാറായാല്‍ തന്നെ ഭരണകൂടങ്ങള്‍ അനുവദിക്കാറുമില്ല. മനുഷ്യാവകാശങ്ങളുടെ സാര്‍വലൌകിക സ്വഭാവത്തെക്കുറിച്ചുള്ള വ്യാപകമായ അജ്ഞതയും നിലനില്‍ക്കുന്നു. ഭരണകൂടങ്ങള്‍ മാത്രമല്ല, സാധാരണ ജനങ്ങള്‍ പോലും പലപ്പോഴും മനുഷ്യാവകാശങ്ങളെ കാണുന്നത് തങ്ങള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് കൊടുക്കാവുന്നതും ഇഷ്ടമില്ലാത്തവര്‍ക്ക് നിഷേധിക്കാവുന്നതുമായ ആനുകൂല്യങ്ങളായാണ്. അതുപോലെ ഭരണകൂടത്തിന്റേയും പട്ടാളത്തിന്റേയും പോലീസിന്റേയമൊക്കെ മനുഷ്യാവകാശങ്ങളെ കുറിച്ചാണ് പലരും വാചാലരാകുന്നത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അതിശക്തായ ഭരണകൂടം നിലവിലുണ്ടെന്നും ആ ഭരണകൂടത്താന്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നവരുടെ മനുഷ്യാവകാശങ്ങളുടെ സംരക്ഷണമാണ് തങ്ങളുടെ പ്രാഥമികകടമ എന്നതും വിസ്മരിക്കപ്പെടുന്നു.

മനുഷ്യാവകാശപ്രഖ്യാപനമനുസരിച്ച് ഏതെങ്കിലും ഒരു പ്രത്യേക മതത്തിലോ ജാതിയിലോ വിഭാഗത്തിലോ ഉള്‍പ്പെട്ട ഒരാള്‍ക്ക്, ഒരു സാധാരണ പൗരനു ലഭിക്കേണ്ടതായ പരിഗണനകളില്‍ ഏതെങ്കിലും ഒന്നെങ്കിലും ലഭിക്കാത്ത അവസ്ഥ, സ്ത്രീയെയും പുരുഷനെയും തുല്യരായി കാണാതിരിക്കുക, വര്‍ഗ്ഗപരമോ മതപരമോ ആയി വ്യത്യസ്തത പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്കു തുല്യ പരിഗണന കൊടുക്കാതിരിക്കുക, ഒരു മനുഷ്യനെ വില്‍ക്കുകയോ, അടിമയായി ഉപയോഗിക്കുകയോ ചെയ്യുക, ക്രൂരവും അസാധാരണവുമായ ശിക്ഷകള്‍ (ക്രൂരമായ മര്‍ദ്ദനം, വധശിക്ഷ മുതലായവ), നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷ വിധിക്കുകയും നടപ്പാക്കുകയും ചെയ്യല്‍ (ന്യായമായ വാദപ്രതിവാദം കൂടാതെ തന്നെ), വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്കുള്ള കടന്നു കയറ്റം (ഭരണ യന്ത്രത്തിന്റെ), രാജ്യാന്തരഗമനസ്വാതന്ത്ര്യനിഷേധം, അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുക, യൂണിയനില്‍ ചേര്‍ന്നു പ്രവൃത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക, വിദ്യാഭ്യാസം നിഷേധിക്കപ്പെടുക എന്നിവയെല്ലാം മനുഷ്യാവകാശ ലംഘനങ്ങളാണ്. ഇവയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതി ഇന്നു നാം എവിടെയെത്തി എന്നു ബോധ്യമാകാന്‍. സൈന്യത്തില്‍ നിന്നുമാത്രമല്ല, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനും നീതിനല്‍കാനും ബാധ്യസ്ഥമെന്നു കരുതപ്പെടുന്ന പോലീസില്‍ നിന്നുമാണ് ഏറ്റവുമധികം മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നത് എന്നതാണ് വൈരുദ്ധ്യം. ഇന്ത്യക്കാരെ ഭയപ്പെടുത്തി ഭരിക്കാനായി ബ്രിട്ടീഷുകാര്‍ രൂപം കൊടുത്ത പോലീസ് സംവിധാനത്തില്‍ ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ലല്ലോ. സ്വാഭാവികമായും മനുഷ്യാവകാശധ്വംസനങ്ങള്‍ ഈ സംവിധാനത്തിന്റെ ഭാഗമാണ്.

ഇന്നു രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും ആദിവാസി ദളിത് വിഭാഗങ്ങള്‍ക്കെതിരായ പീഡനങ്ങളും തീവ്രവാദ മാവോയിസ്റ്റ വേട്ടയുടെ പേരില്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലകളും ആവര്‍ത്തിക്കപ്പെടുന്നു. കാശ്മീരിലും വടക്കുകിഴക്കന്‍ മേഖലകളിലും ബസ്തര്‍ മേഖലയിലും നടക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളുടെ വാര്‍ത്തകള്‍ പുറത്തുവരുന്നതേയില്ല. അവിടേക്ക് ഐക്യരാഷ്ട്രസഭയുടേയും ആംനസ്റ്റിയുടേയും പ്രതിവിധി സംഘത്തെപോലും തടയുന്നു. ഭീകരവാദത്തിന്റേയും രാജ്യസ്നേഹത്തിന്റേയും പട്ടാളക്കാരുടേയും മറ്റും പേരില്‍ ഭരണകൂടം സൃഷ്ടിക്കുന്ന പൊതുബോധത്തിനു വലിയൊരു വിഭാഗം തല വെച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശവും മതസ്വാതന്ത്ര്യവും പോലും നിഷേധിക്കപ്പെടുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീര്‍ച്ചയായും ഈ മനുഷ്യാവകാശലംഘനങ്ങള്‍ ഒറ്റപ്പെട്ട വിഷയങ്ങളല്ല. കൃത്യമായ രാഷ്ട്രീയം ഇതിനു പുറകിലുണ്ട്. സമീപകാലത്തെ മനുഷ്യാവകാശ ധ്വംസനങ്ങള്‍്ക്കു പുറകിലുള്ളത് സംഘപരിവാര്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നല്ല. 2025നകം ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്നുള്ള അജണ്ടയിലാണ് അവര്‍ മുന്നോട്ടുപോകുന്നത്. അതിനേറ്റവും തടസ്സം ഇന്ത്യന്‍ ഭരണ ഘടനാമൂല്യങ്ങളാണ്. അതിനാലാണ് അതെല്ലാം തകര്‍ത്ത് മനുസ്മൃതി മൂല്യങ്ങള്‍ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുന്നത്. അതിന്റെ ഭാഗമായി തന്നെയാണ് പല മനുഷ്യാവകാശ ധ്വംസനങ്ങളും അരങ്ങേറുന്നത്. രോഹിത് വെമുല മുതല്‍ ദീപ പി മോഹന്‍ വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതും വിനായകന് മുടി വളര്‍ത്താനും മധുവിന് ഭക്ഷണം കഴിക്കാനും വാളയാര്‍ മാതാവിന് നീതിക്കുമുള്ള അവകാശം നിഷേധിക്കുന്നതും ഹാദിയയും കെവിനും മുതല്‍ അനുപമ വരെയുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട വിവാഹവും കുഞ്ഞിനെപോലും നിഷേധിക്കുന്നതും മതത്തിന്റെ പേരില്‍ പൗരത്വം നിഷേധിക്കുന്നതും ഭീമ കോറഗോവിന്റെയും മറ്റും പേരില്‍ പലരേയും കള്ളക്കേസില്‍ കുടുക്കി യുഎപിഎ ചാര്‍ത്തുന്നതുമെല്ലാം ഭരണഘടനാമൂല്യങ്ങള്‍ തകര്‍ത്ത് മനുസ്മൃതി മൂല്യങ്ങള്‍ സംരക്ഷിക്കലല്ലേ? പ്രത്യക്ഷമായ ബന്ധം തോന്നാത്ത സംഭവങ്ങളെ പോലും പരിശോധിച്ചാല്‍ അവയിലെ പുറകിലെ രാഷ്ട്രീയം പ്രകടമാണ്.

ഭരണഘടനാ സംരക്ഷണം തന്നെയാണ് മനുഷ്യാവകാശ ദിനത്തിന്റെ പ്രധാന സന്ദേശം. ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും നീതിന്യായ സംവിധാനത്തിന്റേയും ഭരണഘടനയുടേയും പ്രസക്തി നഷ്ടപ്പെട്ടു എന്ന് ഇനിയും പറയാറായിട്ടില്ല. അടിയന്തരാവസ്ഥയെ വലിച്ചെറിഞ്ഞതും മായാവതിയെ മുഖ്യമന്ത്രിയാക്കിയതും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതും ഹാദിയക്കും അനുപമക്കും ദീപക്കുമൊക്കെ നീതി ലഭിച്ചതും ആദിവാസി സ്വയം ഭരണം പലയിടത്തും നടപ്പായതുമൊക്കെ ഈ സംവിധാനത്തില്‍ തന്നെയാണ്. ഇത്രമാത്രം അനന്തമായ സംസ്‌കാരങ്ങളും ഭാഷകളും ജനവിഭാഗങ്ങളുമെല്ലാമടങ്ങുന്ന ഇന്ത്യ എന്ന രാജ്യം എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ജനാധിപത്യ മതേതരമൂല്യങ്ങളും മനുഷ്യാവകാശ സങ്കല്‍പ്പങ്ങളും പൂര്‍ണ്ണമായി കയ്യൊഴിഞ്ഞിട്ടില്ല എന്നത് ചെറിയ കാര്യമല്ല. അതിനാല്‍ തന്നെ എന്തൊക്കെ പരിമിതിയിലും ഈ സംവിധാനത്തെ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനും മുന്‍സൂചിപ്പിച്ചപോലെ മനുസ്മൃതിക്കുമീതെ ഭരണഘടനയെ പ്രതിഷ്ഠിക്കാനും തയ്യാറാകുമെന്നതാണ് ഈ മനുഷ്യാവകാശ ദിനത്തില്‍ നമുക്കെടുക്കാവുന്ന രാഷ്ട്രീയമായ പ്രതിജ്ഞ. അതിന്റെ ഭാഗമായി ഈ മനുഷ്യാവകാശദിനം നാഗാലാന്റില്‍ കൊല ചെയ്യപ്പെട്ട ആദിവാസികളടക്കമുള്ള ഗ്രാമീണര്‍ക്കു സമര്‍പ്പിക്കാനും അഫ്‌സപയും യുഎപിഎയും പോലുള്ള ഭീകരനിയമങ്ങള്‍ പിന്‍വലിക്കാനാവശ്യപ്പെടാനും അവയനുസരിച്ച് തുറുങ്കിടച്ചവരെ വിട്ടയക്കാനാവശ്യപ്പെടാനുമാണ് ജനാധിപത്യവാദികളും മനുഷ്യാവകാശപ്രവര്‍ത്തകരും തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply