കെ മുരളിയുടെ അംബേദ്കര്‍ വിമര്‍ശനം : യാന്ത്രിക മാര്‍ക്‌സിസത്തിന്റെ വിനിമയം

പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ചരക്കുല്‍പാദനം ഇല്ലാതെതന്നെ സാമൂഹ്യമായ തൊഴില്‍വിഭജനം നിലനിന്നിരുന്നുവെന്ന് മാര്‍ക്‌സ് പറയുന്നുണ്ട്. ചരക്കുല്പാദനത്തിന്റെ അവശ്യോപാധിയാണ് തൊഴില്‍വിഭജനം. എന്നാല്‍ തൊഴില്‍ വിഭജനത്തിന്റെ അവശ്യോപാധിയാണ് ചരക്കുല്‍പാദനം എന്നു വരുന്നില്ലെന്നും മൂലധനത്തില്‍ പറയുന്നു. ഈ സങ്കല്പനങ്ങളെ സമഗ്രമാക്കുന്ന സാമൂഹ്യ വിചാര പ്രക്രിയയാണ് അംബേദ്ക്കര്‍ കൈക്കൊണ്ടത്.

അംബേദ്കറുടെ ചില സംഭാവനകളെ ശ്ലാഘിച്ചും അതേസമയം സാമൂഹ്യ പ്രശ്‌നങ്ങളുടെ കാതലായ ചരിത്രപരമായ ഭാഗം പരിഗണനക്കെടുക്കാതെ യാന്ത്രികമായി അംബേദ്കറെ വിമര്‍ശന വിധേയമാക്കിയും, ഇതാണ് മാര്‍ക്‌സിസ്റ്റ് സമീപനം എന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് കെ മുരളിയുടെ പ്രഭാഷണം.

ജാതി – വര്‍ഗ്ഗ ബന്ധത്തെക്കുറിച്ചുള്ള ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരാജയപ്പെട്ട സമീപനങ്ങളുടെ ചാരുകസേരയില്‍ ഇരുന്നാണ് സഖാവ് കെ മുരളിയും വിശകലനം ചെയ്യുന്നത്. ഇത് പൊതുവില്‍ മാര്‍ക്‌സിസത്തെ യൂറോസെന്‍ട്രിക് (eurocentric) ആക്കി തീര്‍ക്കുകയാണ് ചെയ്യുന്നത്.

ഇന്ത്യന്‍ സാമൂഹ്യസാഹചര്യത്തില്‍ വര്‍ഗ്ഗ – ജാതി ബന്ധം വേരുകളാഴ്ത്തിയിരിക്കുന്നത് ദര്‍ശനത്തിന്റെ മണ്ഡലത്തിലാണ്. അതേസമയം ‘സാമൂഹ്യ വര്‍ഗ്ഗം’ എന്ന പരികല്‍പ്പന മാര്‍ക്‌സ് ലോക ചരിത്രത്തില്‍ നിന്ന് അമൂര്‍ത്തവല്‍ക്കരിച്ച സാര്‍വ്വത്രിക പരികല്പനയാണ്. അതുകൊണ്ട് വര്‍ഗ്ഗം, വര്‍ഗ്ഗസമൂഹം എന്നീ വാക്കുകള്‍ ലോകമാകമാനമുള്ള സമൂഹങ്ങളെ മനസ്സിലാക്കാന്‍ മാര്‍ക്‌സിസ്റ്റുകള്‍ പ്രയോജനപ്പെടുത്താറുണ്ട്. എങ്കിലും ചരിത്രത്തിലെ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിന്ന് അമൂര്‍ത്തവല്‍ക്കരിച്ച സവിശേഷ പരികല്പനകള്‍ ചരിത്രവഴികളിലെ സാര്‍വത്രികതക്കുമേല്‍ ഏകപക്ഷീയമായി പ്രയോഗിക്കുന്നത് ചരിത്രപരമായ ഭൗതികവാദത്തിന്റെ ദാര്‍ശനികതയുടെ സമഗ്രതയെ അപനിര്‍മിക്കുന്നതാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യന്‍ സാമൂഹ്യ വ്യവസ്ഥകളില്‍ വര്‍ഗം, വര്‍ഗസമരം എന്നീ വാക്കുകള്‍ സവിശേഷ അര്‍ത്ഥങ്ങള്‍ കൈവരിക്കുന്നുണ്ടെന്ന് സാമാന്യമായി മനസ്സിലാക്കുന്നതില്‍ പോലും കെ മുരളി പരാജയപ്പെടുന്നുണ്ട്. പ്രാചീന ഇന്ത്യയില്‍ സാമൂഹ്യമായ തൊഴില്‍വിഭജനം ആധിപത്യ ശക്തികളുടെ പ്രത്യേകതകള്‍ മൂലം സവിശേഷമായ സ്വഭാവ ഘടന ആര്‍ജ്ജിക്കുന്നുണ്ട്. യൂറോപ്യന്‍ സമൂഹത്തില്‍ നിന്ന് വിഭിന്നമായി ഇന്ത്യയില്‍ നിലനിന്നിരുന്ന ഈ സവിശേഷ തൊഴില്‍ വിഭജന സാഹചര്യത്തെ മാര്‍ക്‌സ് മൂലധനത്തില്‍ ‘ചരക്ക് ‘ എന്ന അധ്യായത്തില്‍ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. മാര്‍ക്‌സിന്റെ ഈ ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷ (Asiatic mode of production) നെക്കുറിച്ചുള്ള നിരീക്ഷണങ്ങളൊന്നും പശ്ചാത്തലമാക്കാ തെയുള്ള കെ മുരളിയുടെ അംബേദ്കര്‍ വിശകലനം ആശയപരമായ നിശ്ശൂന്യതയായി
ത്തീരുന്നുണ്ട്.

പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ചരക്കുല്‍പാദനം ഇല്ലാതെതന്നെ സാമൂഹ്യമായ തൊഴില്‍വിഭജനം നിലനിന്നിരുന്നുവെന്ന് മാര്‍ക്‌സ് പറയുന്നുണ്ട്. ചരക്കുല്പാദനത്തിന്റെ അവശ്യോപാധിയാണ് തൊഴില്‍വിഭജനം. എന്നാല്‍ തൊഴില്‍ വിഭജനത്തിന്റെ അവശ്യോപാധിയാണ് ചരക്കുല്‍പാദനം എന്നു വരുന്നില്ലെന്നും മൂലധനത്തില്‍ പറയുന്നു. ഈ സങ്കല്പനങ്ങളെ സമഗ്രമാക്കുന്ന സാമൂഹ്യ വിചാര പ്രക്രിയയാണ് അംബേദ്ക്കര്‍ കൈക്കൊണ്ടത്.

ഇന്ത്യന്‍ സമൂഹത്തിന്റേയും സാമൂഹിക ബന്ധങ്ങളുടേയും ഈ സവിശേഷതകളെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന മാര്‍ക്‌സിന്റെയും അംബേദ്കറിന്റേയും നിര്‍വചനങ്ങളും കണ്ടെത്തലുകളും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പഠിക്കുകയോ പരിഗണിക്കുകയോ പ്രയോഗിക്കുകയോ ചെയ്തില്ല. അതുകൊണ്ടു തന്നെ നേരിട്ട് ഉല്‍പ്പാദനം നടത്തുന്ന ഒരു മഹാ ഭൂരിപക്ഷത്തെയും അവരുടെ ഐക്യപ്പെട്ടുള്ള പ്രവര്‍ത്തനത്തേയും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്തത്. ഇന്ത്യയിലെ ജാതിവ്യവസ്ഥയെയും, സാമൂഹ്യ പരിഷ്‌കരണത്തേയും ആ യാന്ത്രിക ഭൗതികവാദ പ്രതലത്തില്‍ നിന്നുകൊണ്ടാണ് സഖാവ് കെ മുരളിയും നോക്കിക്കാണുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വര്‍ഗ്ഗവിഭജനത്തിന്റെ രൂപമാണ് ചാതുര്‍വര്‍ണ്യവും ജാതികളും ഉപജാതികളും എന്ന ഇഎംഎസ് പ്രസ്താവനയില്‍ നിന്ന് ഉള്ളടക്കത്തില്‍ ഒരു വ്യത്യാസവും സഖാവ് കെ മുരളിയുടെ നിരീക്ഷണത്തില്‍ കാണാന്‍ കഴിയുന്നില്ല. ഇതിലെ വര്‍ധിച്ച മാര്‍ക്‌സിസ്റ്റ് വിരുദ്ധതയെ തിരിച്ചറിയാന്‍ പോലും കഴിയാത്തവരാണ് അംബേദ്കര്‍ വിമര്‍ശകരായി സ്വയം അവതരിക്കുന്നത്. സാര്‍വത്രികതയെയും (General) പ്രത്യേകതയേയും (perticular) ജ്ഞാന സിദ്ധാന്തപരമായി നിരീക്ഷിക്കുന്നതില്‍ ഇവര്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. സാര്‍വ്വത്രികതയുടെ രൂപമല്ല പ്രത്യേകത. ഇതു മനസ്സിലാക്കാതെയുള്ള ഒരു ഔപചാരിക വിചിന്തന രീതിയാണ് കെ മുരളി സ്വീകരിക്കുന്നത്.

അംബേദ്ക്കറിന്റെ സാമൂഹ്യ പരിഷ്‌കരണ മുന്നേറ്റങ്ങളിലെ ‘അപൂര്‍ണ്ണതകള്‍ ‘ ഖനനം ചെയ്‌തെടുക്കലല്ല വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയം ആവശ്യപ്പെടുന്നത്. പ്രത്യുത, അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍, ജാതിയെ പ്രത്യേക വൈരുദ്ധ്യമായി വിലയിരുത്തുന്ന നിര്‍വചനങ്ങള്‍ എന്നിവയെ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഏതെല്ലാം മേഖലകളില്‍ പ്രയോഗിക്കാന്‍ കഴിയുമെന്നും വര്‍ഗ്ഗസമരവുമായി കൂട്ടിയിണക്കാന്‍ കഴിയുമെന്നും ആലോചിക്കുകയാണ് വേണ്ടത്. ‘ബുദ്ധിസം എന്നാല്‍ സര്‍വാധിപത്യവും ബലപ്രയോഗവും ഇല്ലാത്ത മാര്‍ക്‌സിസമാണ് ‘ എന്ന അദ്ദേഹത്തിന്റെ ഒറ്റ വീക്ഷണത്തെ മുന്‍നിര്‍ത്തി ജന്മംകൊണ്ട് ബഹിഷ്‌കൃതനായ, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ യാതനക്കൊപ്പം നിന്ന അംബേദ്കറിന്റെ സ്വതന്ത്ര ചിന്തയുടെ തീഷ്ണതയെ സമരോത്സുകതയെ ന്യൂനീകരിക്കാന്‍ കഴിയില്ല.

മാര്‍ക്‌സിസ്റ്റ് മനുഷ്യ വിമോചന പദ്ധതിയെന്നാല്‍ ബലപ്രയോഗവും, രക്തസ്‌നാനവും, നിഗ്രഹോത്സുകത യുമാണെന്ന സഖാവ് കെ മുരളിയുടെ, കാലത്തെ പുറകോട്ട് തള്ളി വീഴ്ത്തുന്ന മൂല്യനിര്‍ണ്ണയം സാഹസിക പ്രേത രാഷ്ട്രീയത്തിന്റെ ഭൂതാവേശത്തില്‍ നിന്നും ഉണ്ടാകുന്നതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply