സര്‍ക്കാര്‍ ജീവനക്കാരും മുഖ്യമന്ത്രിയുടെ പാഴാകുന്ന മുന്നറിയിപ്പുകളും

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഒരിക്കല്‍ കൂടി രംഗത്തുവന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കേരളം കണ്ടത്. ജനങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നത് ജീവനക്കാരുടെ ഔദാര്യം നേടാനല്ല അവരുടെ അവകാശത്തിനാണ്, ജനങ്ങള്‍ സമീപിക്കുമ്പോള്‍ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ആരോഗ്യകരമായ സമീപനമുണ്ടാകുന്നില്ല, ജനങ്ങളുടെ അവകാശമായ സേവനം നിഷേധിക്കരുത്, ജനങ്ങളെ പ്രയാസപ്പെടുത്താനല്ല ഉദ്യോഗസ്ഥര്‍ കസേരയിലിരിക്കേണ്ടത്. ഒരുതരത്തിലുള്ള അഴിമതിയും വച്ചുപൊറുപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല എന്നിങ്ങനെ പോയി മുഖ്യമന്ത്രിയുടെ വാക്കുകള്‍. (ഈ കുറിപ്പെഴുതുമ്പോള്‍ വരുന്ന വാര്‍ത്ത മെഡിക്കല്‍ കോളേജ് ഡോക്ടര്‍ തന്നെ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങിയെന്നാണ്). തിരുവനന്തപുരത്ത് മുനിസിപ്പല്‍ സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുഖ്യമന്ത്രി ആദ്യമായല്ല ഉദ്യോഗസ്ഥര്‍ക്കെതിരെ ഇത്തരത്തില്‍ ആഞ്ഞടിക്കുന്നത്. തന്റെ നേതൃത്വത്തിലുളള ആദ്യമന്ത്രിസഭ അധികാരമേറ്റപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാചകം ഏറെ വൈറലായിരുന്നല്ലോ. നിങ്ങളുടെ മുന്നിലെ ഓരോഫയലിനു പിന്നിലും ഓരോ ജീവിതമുണ്ട് എന്നതായിരുന്നു ആ വാചകം. പിന്നീടും സമാനമായ പല പ്രഖ്യാപനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്ന് സര്‍ക്കാര്‍ ഓഫീസുകളില്‍ പോകുന്നവര്‍ക്കറിയാം. സംസ്ഥാനത്തെ ഏറ്റവും സംഘടിതരായതിനാല്‍ തന്നെ രാഷ്ട്രീയനേതൃത്വങ്ങളുടെ ഇത്തരം പ്രസ്താവനകള്‍ക്ക് കാര്യമായ പ്രാധാന്യമൊന്നും അവര്‍ കൊടുക്കുന്നില്ല. ഒരുപക്ഷെ അിനേക്കാള്‍ അവര്‍ ഭയക്കുന്നത് ജനങ്ങളുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണുകളെയായിരിക്കാം.

ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ ജോലിക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് മലയാളികളായിരിക്കും. മുമ്പുതന്നെ അതങ്ങെയയായിരുന്നു. പഠിപ്പു കഴിഞ്ഞ് ഒന്നുകില്‍ ഗള്‍ഫിലേക്കോ മുംബൈക്കോ പോകുക, അല്ലെങ്കില്‍ പി എസ് സി പരീക്ഷയെഴുതി കാത്തിരിക്കുക, അതുവരെ ട്യൂഷനും പൊതുപ്രവര്‍ത്തനവും നടത്തുക എന്നതായിരുന്നു പൊതുവായ ശൈലി. ഇടക്കാലത്ത് അതില്‍ ചെറിയ മാറ്റം വന്നിരുന്നു. സ്വാശ്രയകോളേജുകളുടെ സുവര്‍ണ്ണകാലമായതോടെ ബിടെക്കുകാരുടെ എണ്ണം കൂടിയപ്പോള്‍ കുറെകാലം ആദ്യപരിഗണന സര്‍ക്കാര്‍ ജോലിയല്ലാതായി മാറിയിരുന്നു. മാത്രമല്ല പലരും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി സ്വീകരിക്കാനും സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കാനും തുടങ്ങിയിരുന്നു. എന്നാല്‍ ചെറിയ ഒരു വിഭാഗത്തിനേ ആ ദിശയില്‍ വിജയം കൊയ്യാനായുള്ളു. ബിടെക്കുകാരെ തടഞ്ഞ് നടക്കാനാകുന്നില്ല എന്ന ചൊല്ലും നിലവില്‍ വന്നു. മറുവശത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ദ്ധിച്ച ഭീമമായ വേതനം, ജീവിതം മുഴുവന്‍ സുരക്ഷിതമായി എന്ന ബോധം, അഥവാ ജോലിയിലിരുന്ന് മരിച്ചാലും വരുംതലമുറക്കും സുരക്ഷിതത്വം തുടങ്ങിയവ വലിയ ആകര്‍ഷകങ്ങളാണല്ലോ. പതുക്കെ പതുക്കെ സര്‍ക്കാര്‍ ജോലി തന്നെ കൂടുതല്‍ ആകര്‍ഷകമായി മാറുകയായിരുന്നു. കൊവിഡ് വന്നതോടെ മറ്റെല്ലാ മേഖലകളും സുരക്ഷിതമല്ല എന്ന ബോധം പൂര്‍ണ്ണമാകുകയും ചെയ്തു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പഠിച്ചും പരീക്ഷയെഴുതിയും സമരം ചെയ്തും കോടതി കയറിയുമെല്ലാം ജോലി നേടിയെടുത്താല്‍ അധികം താമസിയാതെ അവരില്‍ ഭൂരിഭാഗവും മാറുന്ന കാഴ്ചയാണ് പൊതുവില്‍ കാണുന്നത്. അഥവാ അവരെ മാറ്റിയെടുക്കുന്ന ഒന്നാണ് നിലവിലെ ബ്യൂറോക്രസി എന്നതാണ് വസ്തുത. പഠിക്കുമ്പോഴും മറ്റും വലിയ ആദര്‍ശധീരരായ പലരും ജനങ്ങളോട് ഒരു പ്രതിബദ്ധതയുമില്ലാത്തവരായി മാറുന്നു. ജനങ്ങളുടെ പണമാണ് പൊതുഖജനാവില്‍ നിന്ന് തങ്ങള്‍ക്ക് വേതനമായി ലഭിക്കുന്നതെന്നതുപോലും അവര്‍ വിസ്മരിക്കുന്നു. പലരും മുഖ്യമന്ത്രി പറഞ്ഞപോലെ അഴിമതിക്കാരുമായി മാറുന്നു. ഏതൊരു തൊഴില്‍ മേഖലയിലും അനിവാര്യമായ ഓഡിറ്റിംഗും ഔട്ട് പുട്ട് പരിശോധിക്കലും അതനുസരിച്ച് ഉദ്യോഗകയറ്റവും വേതനവര്‍ദ്ധനവും എന്ന തത്വം നിലവിലില്ല എന്നതാണ് പ്രധാനകാരണം. അത്തരത്തിലുള്ള നിര്‍ദ്ദേശമൊക്കെ പല ശബളപരിഷ്‌കരണ കമ്മീഷനുകളും മുന്നോട്ടുവെച്ചിരുന്നു. എന്നാലത് നടപ്പാക്കാനുള്ള ആര്‍ജ്ജവമൊന്നും ഒരു സര്‍ക്കാരിനുമില്ല. അഥവാ ശ്രമിച്ചാല്‍ സംഘടിതശക്തികൊണ്ട് ജീവനക്കാര്‍ അതിനെ തകര്‍ക്കുമെന്നുറപ്പ്. വാസ്തവത്തില്‍ അതിനായി ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സംവിധാനം അനിവാര്യമാണ്. ആശ്രിതനിയമനം നിര്‍ത്തുക എന്നതടക്കം പല നിര്‍ദ്ദേശങ്ങളും ഇതുപോലെ വെളിച്ചം കാണാതെ കിടപ്പുണ്ട്. സാങ്കേതികവിദ്യയുടെ വികാസത്തോടെ സ്വാഭാവികമായും വരുന്ന പഞ്ചിംഗിനെ പോലും എതിര്‍ത്തവരാണല്ലോ നമ്മുടെ ജീവനക്കാര്‍. പണ്ട് കമ്പ്യൂട്ടറിനെപോലും ഇവരില്‍ പലരും എതിര്‍ത്തിട്ടുണ്ടല്ലോ. കൊവിഡ് കാലത്തു മഹാഭൂരിപക്ഷത്തിന്റേയും ജീവിതമാര്‍ഗ്ഗം അടഞ്ഞപ്പോള്‍ പോലും വേതന – പെന്‍ഷന്‍ വര്‍ദ്ധനവ് നേടയെടുത്തവരാണ് സര്‍ക്കാര്‍ ജീവനക്കാര്‍. പൊതുഖജനാവിലെ പണത്തിന്റെ ഭൂരിഭാഗവും ചെലവഴിക്കുന്നത് വളരെ ന്യൂനപക്ഷം വരുന്ന ഇവരുടെ വേതനത്തിനും പെന്‍ഷനുമായി. എന്നിട്ടും ആ പണത്തിന്റെ ഉടമകളായ ജനങ്ങളോടാണ് ഇവര്‍ മുഖ്യമന്ത്രി പറഞ്ഞപോലെ പെരുമാറുന്നത്.

ഇപ്പോള്‍ മുഖ്യമന്ത്രി നടത്തിയ പോലുള്ള പ്രസ്താവനകളൊക്കെ നടത്താമെങ്കിലും അതെല്ലാം നടപ്പാക്കാനുള്ള ആര്‍ജ്ജവമൊന്നും ഒരു സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. അതിനുകഴിയുകയാണെങ്കില്‍ തന്നെ അത് ജനങ്ങള്‍ക്കായിരിക്കും. അത്തരമൊരു കാലം ഒരുപക്ഷെ പലരും മറന്നിട്ടുണ്ടാവില്ല. 2001ലായിരുന്നു സംഭവം. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കേരളം കടന്നു പോയിരുന്ന കാലമായിരുന്നു അത്. അതേതുടര്‍ന്ന് 2001 ജൂണ്‍ 16ന് ആന്റണി സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രത്തില്‍ സാമ്പത്തികപ്രതിസന്ധി മുറിച്ചു കടക്കുന്നതിന് ചില നിര്‍ദേശങ്ങളില്‍ മുന്നോട്ടുവെച്ചു. എല്ലാ വിഭാഗം ജനങ്ങളേയും ബാധിക്കുന്ന നിര്‍ദ്ദേശങ്ങളായിരുന്നു അവ. അവയില്‍ പലതും വേതന – പെന്‍ഷന്‍ രൂപത്തില്‍ പൊതുഖജനാവിലെ പണം ഏറ്റവുമധികം ലഭിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരേയും ബാധിക്കുന്നവയായിരുന്നു. ജീവനക്കാരുടെ ശമ്പളം 10 ശതമാനം എമ്പൗണ്ട് ചെയ്യുന്നതിനും ഗ്രാറ്റുവിറ്റിയും പെന്‍ഷന്‍ കമ്യൂട്ടേഷനും താല്‍ക്കാലികമായി തടഞ്ഞുവെക്കുന്നതിനും പ്രൊവിഡന്റ് ഫണ്ട് വായ്പക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും അധ്യാപകരുടെ പ്രൊട്ടക്ഷന്‍ അവസാനിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് അവരെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ 60,000 തസ്തിക അധികപ്പറ്റാണെന്ന് സംസ്ഥാന ആസൂത്രണ കമീഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1977നുശേഷം കണ്ട ജീവനക്കാരുടെ ഏറ്റവും ദീര്‍ഘമായ പണിമുടക്കായിനായിരുന്നു പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ സംഘടനകളും കൈകോര്‍ക്കുകയായിരുന്നു. എന്നാല്‍ മുഴുവന്‍ ജനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ നടന്ന ഈ സമരത്തെ തങ്ങളോടുള്ള വെല്ലുവിളിയായിട്ടായിരുന്നു വലിയൊരു വിഭാഗം ജനങ്ങള്‍ കണ്ടത്. ദിവസങ്ങള്‍ നീണ്ടപ്പോള്‍ സമരത്തിനെതിരായ വികാരം നാടെങ്ങും പടര്‍ന്നു. മറ്റുവിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭേദപ്പെട്ട ജീവിതനിലവാരമുള്ള ജീവനക്കാര്‍ പ്രതിസന്ധിഘട്ടത്തില്‍ പണിമുടക്കി ജനജീവിതം കൂടുതല്‍ ദുരിതമാക്കുന്നതിനെതിരെ പല സംഘടനകളും രംഗത്തിറങ്ങി. കര്‍ഷകസംഘടനകളും വ്യാപാരി സംഘടനകളുമായിരുന്നു പ്രധാനം. അധ്യാപകര്‍ക്കെതിരായിരുന്നു പ്രധാന രോഷം. പ്രൊട്ടക്ഷന്‍ നിര്‍ത്തലാക്കുന്നതിനെതിരേയും കുട്ടികളില്ലാത്ത സ്‌കൂളുകള്‍ നിര്‍ത്തലാക്കാമെന്ന നിര്‍ദ്ദേശത്തിനെതിരേയും സമരം ചെയ്യുന്ന ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും മക്കള്‍പോലും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലാണ് പഠിക്കുന്നതെന്ന കണക്കുകള്‍ പുറത്തുവന്നു. അത്തരം കണക്കുകളുമായുള്ള ബോര്‍ഡുകള്‍ സ്‌കൂളുകള്‍ക്ക് മുന്നില്‍ നിറഞ്ഞു. സമരത്തിനെതിരെ കെ വേണു മാതൃഭൂമി പത്രത്തില്‍ എഴുതിയ ലേഖനവും അതിന് എന്‍ ജി ഒ യൂണിയന്‍ നേതാവ് സി എച്ച് അശോകന്‍ എഴുതിയ മറുപടിയും ഏറെ ചര്‍ച്ചാവിഷയമായി. നാടെങ്ങും സമരത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രകടനങ്ങളും സമ്മേളനങ്ങളും കൊണ്ട് മുഖരിതമായി. പലയിടത്തും നാട്ടുകാര്‍ സ്‌കൂളുകളില്‍ കയറി ക്ലാസ്സെടുക്കാനാരംഭിച്ചത് സമരത്തിന് കനത്ത പ്രഹരമായി. ജനങ്ങളുടെ പിന്തുണയില്ലാതെ സംഘടിതശക്തി കൊണ്ടുമാത്രം നടത്തുന്ന സമരങ്ങള്‍ തള്ളിക്കളയപ്പെടുമെന്ന പാഠമാണ് ഈ സംഭവം നല്‍കിയത്. ജനങ്ങളാണ് അന്തിമവിധികര്‍ത്താക്കളെന്നും.

പലരും പലപ്പോഴും ചൂണ്ടികാണിച്ചിട്ടുള്ള വിഷയം കൂടി പരാമര്‍ശിക്കട്ടെ. സര്‍ക്കാരെന്നാല്‍ തൊഴില്‍ദായകരാണെന്ന ധാരണയാണ് ആദ്യം നമ്മള്‍ ഉപേക്ഷിക്കേണ്ടത്. സര്‍ക്കാരിന്റെ ദൈനംദി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗുമസ്തന്മാര്‍ക്കു മാത്രമേ സര്‍ക്കാര്‍ ജോലി കൊടുക്കേണ്ടതുള്ളു. മറിച്ച് തൊഴിലസരങ്ങള്‍ ഉണ്ടാകുന്ന സാമൂഹ്യപരിസരം സൃഷ്ടിക്കുകയും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ സംരംഭക സൗഹൃദത്തില്‍ നമ്മള്‍ വളരെ പുറകിലാണെന്ന വാര്‍ത്തകള്‍ ഇടക്കിടെ പുറത്തുവരുന്നതാണല്ലോ. അതിനെയാണ് മാറ്റിയെടുക്കേണ്ടത്. ഒപ്പം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനര്‍ഹമായി നല്‍കുന്ന ആനുകൂല്യങ്ങള്‍ അവസാനിപ്പിക്കണം. ഓഡിറ്റിഗിംന് കൃത്യമായ സംവിധാനം വേണം. അതനുസരിച്ചാകണം ഉദ്യോഗകയറ്റവും വേതന വര്‍ദ്ധനവും. എങ്കിലേ സര്‍ക്കാര്‍ ജോലി എന്ന സുരക്ഷിതത്വം തേടിയുള്ള മലയാളികളുടെ ത്വര അവസാനിക്കൂ. അതാണ് നാടിന്റെ വികസനത്തിന് അനിവാര്യവും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply