വേണം കളിക്കളത്തില്‍ വര്‍ണ്ണനീതിക്കൊപ്പം ലിംഗനീതിയും

നാലുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം ലോകം ഒരു പന്തിലേക്ക് കേന്ദ്രീകരിക്കുകയാണ്. ചരിത്രത്തിലാദ്യമായി ഒരു അറബ് രാഷ്ട്രത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ അറങ്ങേറുന്നു. ലോകകപ്പിനെ ഒരു ചരിത്രസംഭവമാക്കാന്‍ അരയും തലയും മുറുക്കി ഖത്തര്‍ ഒന്നടങ്കം രംഗത്തുണ്ട്. അതേസമയം അവസാന നിമിഷത്തിലും മേളയുമായി ബന്ധപ്പെട്ട് ന്യായവും അന്യായവുമായ നിരവധി വിവാദങ്ങളും ഉയരുന്നുണ്ട്. 2010ല്‍ ഖത്തറിന് വേദി അനുവദിച്ചതുമുതല്‍ ആരംഭിച്ച വിവാദങ്ങളുടെ തുടര്‍ച്ചയാണിത്.

ഗള്‍ഫിലും ഇന്ത്യടക്കമുള്ള സൗത്ത് ഏഷ്യന്‍ രാഷ്ട്രങ്ങളിലും ഫുട്‌ബോളോ ഫുട്‌ബോള്‍ പ്രേമികളോ ഇല്ലെന്നും ആരാധകരേയും കാണികളേയും പണം കൊടുത്ത് ഇറക്കുകയാണെന്നുമുള്ള ആരോപണമാണ് അവസാനനിമിഷങ്ങളില്‍ ഉയരുന്നത്. ഇതിനു പുറകില്‍ ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തന്നെ. ഖത്തറടക്കമുള്ള അറബ് രാഷ്ട്രങ്ങളില്‍ ഇന്ത്യയടക്കമുള്ള രാഷ്ട്രങ്ങളില്‍ നിന്ന് എത്രയോ ലക്ഷങ്ങളാണ് ജീവിക്കുന്നതെന്നും അവരില്‍ വലിയൊരു വിഭാഗം ഫുട്‌ബോള്‍ പ്രേമികളാണെന്നും അറിയാത്തവരാണോ അവര്‍? ലോകനിലവാരത്തില്‍ തന്നെ ഫുട്‌ബോള്‍ പ്രേമികളുള്ള പ്രദേശമാണ് കേരളമെന്നും യൂറോപ്പിന് അറിയാത്തതാണോ? തീര്‍ച്ചയായും ലോകോത്തര ടീമുകള്‍ ഈ മേഖലയില്‍ ഇല്ലായിരിക്കാം. അതിന് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളുണ്ടല്ലോ. എന്നാലത് അവരുടെ ഫുട്‌ബോള്‍ പ്രണയത്തെ ബാധിക്കുന്നില്ല. പ്രത്യേകിച്ച് ലോകം ഒരു വിരല്‍ത്തുമ്പിലൊതുങ്ങുന്ന ആധുനികകാലത്ത്. അതിനാല്‍ തന്നെ ഈ ആരോപണങ്ങള്‍ മുഖവിലക്കെടുക്കേണ്ടതില്ല. സ്‌റ്റേഡിയങ്ങളും മറ്റു സൗകര്യങ്ങളുമൊരുക്കുന്ന തൊഴിലാളികള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും പരിഹരിക്കപ്പെട്ടതായാണ് വാര്‍ത്ത. അതനുസരിച്ച് ഗ്രൗണ്ടില്‍ മദ്യം കൊടുക്കില്ല. മറ്റിടങ്ങളില്‍ ലഭിക്കും.

അതേസമയം ഉയര്‍ന്നുവന്നിരിക്കുന്ന മറ്റൊരു വിവാദം തള്ളിക്കളയാവുന്നതല്ല. അതാകട്ടെ യൂറോപ്പും അറബ് രാഷ്ട്രങ്ങളുമായുള്ള രാഷ്ട്രീയ – സാംസ്‌കാരിക വൈരുദ്ധ്യങ്ങളില്‍ നിന്നു ഉടലെടുത്തതു തന്നെയാണ്. അതിലേറ്റവും പ്രധാനം ലിംഗനീതിയുമായി ബന്ധപ്പെട്ടതാണ്. സ്ത്രീകളെന്നോ പുരുഷനെന്നോ മറ്റേതു ജെന്‍ഡറെന്നോ വ്യത്യാസമില്ലാതെ, പരിപൂര്‍ണ്ണമായ തുല്യതയും അവകാശങ്ങളുമുള്ള ലോകമാണ് നമുക്കാവശ്യം. കറുത്തവരെന്നോ വെളുത്തവരെന്നോ യൂറോപ്യരെന്നോ ആഫ്രിക്കരെന്നോ വ്യത്യാസമില്ലാതെ കളിക്കളത്തിലെ തുല്ല്യതക്കായി നടന്ന പല മുന്നേറ്റങ്ങള്‍ക്കും ഫുട്‌ബോള്‍ സാക്ഷിയാണല്ലോ. അതിന്റെ തുടര്‍ച്ച തന്നെയാണ് ലിംഗനീതിക്കായുള്ള നിലപാടും പോരാട്ടവും. അക്കാര്യത്തില്‍ തങ്ങളുടേതായ കാരണങ്ങളാല്‍ അറബ് രാഷ്ട്രങ്ങള്‍ പുറകിലാണെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കാനാവില്ല. ഇക്കാര്യത്തില്‍ ഇവിടെ വരുന്നവര്‍ തങ്ങളുടെ നിയമങ്ങള്‍ അനുസരിക്കണമെന്നാണ് ഖത്തര്‍ പറയുന്നത്. തീര്‍ച്ചയായും അവര്‍ക്കത് പറയാം. എന്നാല്‍ അതില്‍ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവകാശം ആര്‍ക്കുമുണ്ട്. വര്‍ണ്ണവിവേചനവുമായി ബന്ധപ്പെട്ട് അത്തരം പ്രതിഷേധങ്ങള്‍ ഫുട്‌ബോള്‍ കളിത്തളങ്ങള്‍ ഏറെ കണ്ടതാണല്ലോ. അതുപോലെ തന്നെയാണ് ഇതും. അതിനാല്‍ തന്നെ ലിംഗനീതിക്കായി മഴവില്‍ നിറമുള്ള ആം ബാന്‍ഡുകള്‍ കെട്ടി കളിക്കുമെന്ന ചില ടീമുകളുടെ പ്രഖ്യാപനം തള്ളിക്കളയാവുന്നതല്ല. അത് അനിവാര്യമാണ്. അപ്പോഴും അവരുടെ ഫുട്‌ബോളിലും ഇപ്പോഴും ലിംഗനീതിയുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്. ഉണ്ടായിരുന്നെങ്കില്‍ ആണും പെണ്ണും മറ്റു ലിംഗ – ലൈംഗിക വിഭാഗങ്ങളും ഒന്നിച്ചു കളിക്കുന്ന ലോകകപ്പ് ഉണ്ടാകുമല്ലോ? അല്ലെങ്കില്‍ പുരുഷലോകകപ്പിനൊപ്പം പ്രാധാന്യമുള്ള വനിതാ ലോകകപ്പെങ്കിലും ഉണ്ടാകുമായിരുന്നല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരമൊരു വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഫുട്‌ബോളിലെ വര്‍ണ്ണവിവേചന ചരിത്രം ഓര്‍ക്കുന്നത് നന്നായിരിക്കും. ലാറ്റിനമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലുമെല്ലാം ഫുട്ബോള്‍ വളര്‍ന്നത് വ്യത്യസ്ഥ ശൈലിയിലായിരുന്നല്ലോ. കളിയില്‍ രാഷ്ട്രീയമില്ലെന്ന് നാമൊക്കെ പറയുമെങ്കിലും, ആഗ്രഹിക്കുമെങ്കിലും ചരിത്രം അതിനെ സാധൂകരിക്കുന്നില്ല. ഫുട്ബോളിലും അതിരൂക്ഷമായ വര്‍ണ്ണസമരം നടന്നിട്ടുണ്ട്. ആ പോരാട്ടത്തില്‍ കറുത്തവന്റെ എത്രയോ കണ്ണീര്‍ കളിക്കളത്തില്‍ വീണിരിക്കുന്നു. ആഫ്രിക്കയില്‍ കുടിയേറി പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിച്ച യൂറോപ്പ് പകരം അവര്‍ക്കു നല്‍കിയ ഏക അനുഗ്രഹം ഫുട്ബോള്‍ ആയിരുന്നു. എന്നാല്‍ ആഫ്രിക്കയും കറുത്തവര്‍ മുഴുവനും ഫുട്ബോളില്‍ കണ്ടത് അവരുടെ അതിജീവനത്തിന്റേയും തൃഷ്ണകളുടേയും ലോകമായിരുന്നു. ലോകത്തെമ്പാടുമുള്ള കറുത്ത കളിക്കാര്‍ക്ക് പൊതുകളിസ്ഥലം പോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. യൂറോപ്പ് അവരെ അപമാനിക്കാന്‍ ഒന്നിച്ചപ്പോള്‍ ലാറ്റിനമേരിക്കയായിരുന്നു അവര്‍ക്കു അവസരങ്ങള്‍ നല്‍കിയത്. ലാറ്റിനമേരിക്കക്ക് ഫുട്ബോള്‍ ജീവവായുവായിരുന്നു. ഇന്നുമതെ. അങ്ങനെയാണ് ഉറൂഗ്വെക്ക് വേണ്ടി ലോകകപ്പ് ഉയര്‍ത്തിപിടിച്ച ആദ്യ കറുത്ത കളിക്കാരനായി വരേല മാറിയത്. തുടര്‍ന്നാണ് പെലെ വരെയെത്തിയ കറുത്തവരുടെ ഫുട്ബോള്‍ മുന്നേറ്റം ലോകം കണ്ടത് പിന്നീട് ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്മാര്‍ കൂട്ടത്തോടെ കുടിയേറി.  കറുത്തവര്‍ ധാരാളം യൂറോപ്പിലുമെത്തി. ഫ്രാന്‍സും ജര്‍മനിയും ഹോളണ്ടും ബല്‍ജിയവുമൊക്കെ കറുത്ത കളിക്കാരെ റിക്രൂട്ട് ചെയ്യാന്‍ തയ്യാറായി. ലോകഭൂപടത്തില്‍ മാന്യമായ സ്ഥാനം ലഭിക്കാനുള്ള ഉപാധിയായിട്ടായിരുന്നു നാസി ജര്‍മ്മനിയില്‍ ഫുട്ബോള്‍ വളര്‍ന്നത്. ഹിറ്റ്ലര്‍ അതിനായി ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു. ആ അടിത്തറ ഇന്നും ജര്‍മ്മനിക്കുണ്ട്.

ഇത്രയൊക്കെയായിട്ടും ഗ്രൗണ്ടിലെ വര്‍ണ്ണവെറി അവസാനിച്ചില്ല എന്നത് വേറെ കാര്യം. 2006ലെ സ്പാനിഷ് ലീഗില്‍ റിയല്‍സരഗോസ ബാര്‍സലോണയും കാമറൂണും കളിക്കുമ്പോള്‍ ഉണ്ടായ ഒരു സംഭവം ഇങ്ങനെ.. കളി തീരാന്‍ 15 മിനിട്ടുള്ളപ്പോള്‍ കാമറൂണ്‍ സ്ട്രൈക്കര്‍ സാമുവല്‍ ഏറ്റുവിനെ വര്‍ണവെറി പൂണ്ട കാണിക്കൂട്ടങ്ങള്‍ അധിക്ഷേപിക്കാന്‍ തുടങ്ങി. സഹികെട്ട ഏറ്റു ഗ്രൗണ്ടില്‍നിന്നു തിരിഞ്ഞുനടന്നു. കാണികള്‍ അക്രമിച്ചത് എന്റെ നിറത്തെയാണ്, എന്റെ അഭിമാനത്തെയാണ് എന്നായിരുന്നു പിന്നീട് പത്രസമ്മേളനത്തില്‍ ഏറ്റു പറഞ്ഞത്. കാണികളുടെ മനുഷ്യകുരങ്ങെന്ന അധിക്ഷേപങ്ങള്‍ക്കിടയില്‍ സരഗോസയുടെ വലയിലേക്ക് ഗോളടിച്ച് കുരങ്ങനെപോലെതന്നെ നൃത്തംചയ്ത് ഏറ്റു കളിക്കളം വിട്ട സംഭവവുമുണ്ടായിട്ടുണ്ട്. ഇന്നും ഇരുപത്തൊന്നാം നൂറ്റാണ്ടിലും ലോകകായികരംഗത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. എങ്കില്‍ കൂടി വര്‍ണ്ണവിവേചനത്തിനെതിരെ പ്രതിജ്ഞയെടുത്ത് ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ഇന്നു ലോകത്തെ ഏകീകരിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. അത്തരം മുന്നേറ്റം ലിംഗനീതിയിലും ഉണ്ടാകണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നു ലോകത്തെ എല്ലാ ടീമുകളും സങ്കരടീമുകളാണ്. യൂറോപ്പിലെ എല്ലാ ലീഗ് ടീമുകളിലും കറുത്തവരുണ്ട്. 1500 ഓളം ആഫ്രിക്കക്കാര്‍ യൂറോപ്പില്‍ പന്തു കളിച്ചു ജീവിക്കുന്നണ്ട്. ആഫ്രിക്കയിലെ അക്രയിലെ തെരുവുകളില്‍ കുട്ടികളോട് പന്തുകളിക്കാന്‍ മാതാപിതക്കള്‍ നിര്‍ബന്ധിക്കുന്നു. എന്തിനാണെന്നോ.. അവരെ കണ്ടെത്തുന്ന ഏതെങ്കിലും ഏജന്റ് അവര്‍ക്ക് മികച്ച കളിക്കുള്ള അവസരം ഉണ്ടാക്കികൊടുക്കും. അതില്‍ നിന്ന് മികച്ചവര്‍ യൂറോപ്യന്‍ ലീഗുകളിലെത്തും. പട്ടിണി കിടക്കാതെ ജീവിക്കാനൊരു മാര്‍ഗ്ഗം. അപൂര്‍വ്വം ദ്രോഗ്ബെമാര്‍ ലോകകപ്പാകുമ്പോള്‍ സ്വന്തം നാടിനുവേണ്ടി കളിക്കാനെത്തും…

ഫുട്ബോള്‍ ശൈലിയിലെ വേര്‍ത്തിരിവുകള്‍ക്ക് ഇന്ന് കാതലായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഒരു കാലത്ത് യൂറോപ്പിന് കരുത്തിന്റെ കളിയായിരുന്നു ഫ്ട്ബോള്‍. ജയിക്കുക എന്നതിനപ്പുറം കളിയുടെ മനോഹാരിതയൊന്നും അവര്‍ക്കൊരു പ്രശ്നമല്ല. മറുവശത്ത് ലാറ്റിനമേരിക്കക്കാര്‍ക്ക് കളി ജീവിതമായിരുന്നു, കവിതയായിരുന്നു, എല്ലാമായിരുന്നു. ലോകം ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ സ്നേഹിക്കാനുള്ള പ്രധാന കാരണവും അതുതന്നെ. പെലെയും മറഡോണയും ഉണ്ടാകാനുള്ള കാരണവും മറ്റെവിടേയും തിരയേണ്ട. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറി. ലോകത്തെ പ്രധാന ടീമുകളിലെല്ലാം എല്ലാ രാജ്യക്കാരും കളിക്കുന്നു. അതോടെ ശൈലിയിലെ വ്യത്യാസവും ഏറെക്കുറെ ഇല്ലാതായി. നിര്‍ഭാഗ്യവശാല്‍ കയ്യൂക്കിന്റെ യൂറോപ്യന്‍ ശൈലിക്കാണ് പ്രചാരം കൂടിയത്. എങ്ങനേയും ജയിക്കുക എന്നതുമാത്രമായി കളിയുടെ ലക്ഷ്യം. കളിക്കളത്തില്‍ ഫൗളുകള്‍ കൂടുന്നതിന്റേയും കാരണം മറ്റെവിടേയും തിരയേണ്ടതില്ല. കളിക്കളത്തിനു പുറത്തും അവര്‍ക്ക് ആ അക്രമോത്സുകതയണ്ട്. അതുപക്ഷെ കളിക്കളത്തേയും പുറത്തേയും ലിംഗനീതി എന്ന ആശയത്തെ തമസ്‌കരിക്കാനുള്ള കാരണമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply