ലോകകപ്പ് സാധ്യതകളിങ്ങനെ

കിരീടനേട്ടത്തിന് ഒരു കുറുക്കുവഴിയുമില്ല. ഓരോ പൊസിഷനിലും മികച്ച കളിക്കാര്‍, അവരെ മാറ്റിയാല്‍ രംഗത്തിറങ്ങേണ്ട മികച്ച പകരക്കാര്‍, പൊസഷണല്‍ സ്‌ട്രെങ്ത്ത്, ഒന്നിച്ചുള്ള കലിപരിചയം, ഇച്ഛാശക്തി, പോരാട്ട തീഷ്ണത, തളരാത്ത മനോനില, ദേശീയത, ഭാഗ്യം ഇവയാണ് വിജയത്തിന്റെ ഫോര്‍മുല

ഈ ലോകകപ്പ് ചതുരംഗബുദ്ധിയോടെ കളിക്കാനാണ് പരിശീലകര്‍ ഇഷ്ടപ്പെടുക. ഗ്രൂപ്പുകളില്‍ ഒന്നാമതാവാന്‍ അവര്‍ കഠിനമായി പരിശ്രമിക്കും. രണ്ടാമതായാല്‍ അടുത്തഗ്രൂപ്പിലെ കരുത്തന്മാരായ ഒന്നാമന്‍ നേരിടാനെത്തും.

പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്ക് ഡി ഗ്രൂപ്പിലെ ഫ്രാന്‍സുമായി കളിക്കേണ്ടി വരുന്ന സാഹചര്യമുണ്ട്. അര്‍ജന്റീന ഗ്രൂപ്പില്‍ ഒന്നാമനായി എത്തിയാല്‍ മിക്കവാറും ഗ്രൂപ്പിലെ ഡെന്മാര്‍ക്കാവും എതിരാളി. എന്നാല്‍ ഫ്രാന്‍സ് രണ്ടാമതായാല്‍ അര്‍ജന്റീനയാകും. ഇതൊഴിവാക്കാന്‍ ഇരുകൂട്ടരും ശ്രമിക്കും. പക്ഷെ ഫ്രാന്‍സിനേക്കാള്‍ ഫോമിലാണ് ഡെന്മാര്‍ക്ക് എന്നു മറക്കേണ്ട. അതുപോലെ ബ്രസീലിനു മിക്കവാറും എതിരാളി ഉറൂഗ്വെയാകും. എന്നാല്‍ ആ ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ രണ്ടാമതായാല്‍ ബ്രസീല്‍ -പോര്‍ച്ചുഗല്‍ പോരാട്ടമായിരിക്കും പ്രീ ക്വാര്‍ട്ടറില്‍ കാണുക.

2022ലെ ലോകകപ്പില്‍ ബെനഗള്‍, ജപ്പാന്‍, ക്രെയോഷ്യ, സെര്‍ബിയ, ഉറൂഗ്വായ്, മൊറോക്കോ, ദക്ഷിണ കൊറിയ, ഇറാന്‍ എന്നിവ വമ്പന്മാരുടെ വഴിമുടക്കികള്‍ തന്നെയാവും. ഇവരെ നേരിടാന്‍ കിരീട പ്രതീക്ഷയുള്ളവര്‍ പ്രത്യക ടാക്ടിക്കല്‍ പ്ലേ നടത്തേണ്ടിവരും. വേഗത, ഒത്തൊരുമ, ശാരീരിക ശേഷി, കൗണ്ടര്‍ അറ്റാക്ക് എന്നിവയില്‍ ഇവര്‍ മികവുറ്റവരാണ്. ഇറാന്‍, സെര്‍ബി, ക്രൊയേഷ്യ എന്നീ ടീമുകള്‍ക്ക് രാജ്യാഭിമാനം പ്രധാന ഘടകമാണ്.

മൂന്നു തട്ടിലാണ് സാധ്യതയുള്ള ടീമുകളെ വിലയിരുത്താന്‍ കഴിയൂ. മൂന്നാം തട്ടില്‍ ഇവരൊക്കെയാണ് മുഖ്യന്മാര്‍. ഈ ടൂര്‍ണമെന്റിലെ നിര്‍ണായക വേഷക്കാര്‍ എന്നു വിശേഷിപ്പിക്കാവുന്നത് ഹോളണ്ട്, പോര്‍ച്ചുഗല്‍, ഡെന്മാര്‍ക്ക് എന്നിവയാണ്. വേണമെങ്കില്‍ കളിച്ച് കിരീടം വരെ നേടാവുന്ന ടീമുകളാണിവ. ത്രില്ലര്‍ മത്സരങ്ങള്‍ക്ക് പേരുകേട്ട ടീമുകളാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാത്രമല്ല പോര്‍ച്ചുഗല്‍. ഓരോ പൊസിഷനിലും അവര്‍ക്ക് മെച്ചപ്പെട്ട കളിക്കാരുണ്ട്. ഗോളി മാത്രമാണ് ദുര്‍ബ്ബലമായ കണ്ണി. റൊണാള്‍ഡോ ടീമിന്റെ പ്രചോദകന്‍ കൂടിയാണ്. അവരുടെ വിങ്ങ് ബാക്കുകളായ കാന്‍സലോയും പകരക്കാരനായ മെന്‍ഡസും റൈറ്റ് ബാക്ക് സില്‍വയും മികച്ച കളിക്കാരാണ്. ബെര്‍ണാഡോ സില്‍വ, ബ്രൂണോ ഫെര്‍ണാണ്ടസ്, ആന്ദ്രെ സില്‍വ, ജാവോഫെലിക്‌സ് എന്നിവര്‍ ലോകത്തിലെ തന്നെ മികച്ച താരങ്ങളാണ്. അവര്‍ക്ക് ഇത്തവണ കരുതലോടെ കളിച്ചാല്‍ കടന്നു വരാനുള്ള വഴികള്‍ എളുപ്പമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഡെന്മാര്‍ക്ക് ഒരു സീനിയര്‍ ബാച്ചാണ്. അവരുടെ മധ്യനിരയില്‍ ക്രിസ്റ്റിയന്‍ എറിക് സണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഫോമിലാണ്. ഫ്രാന്‍സിനെ പിന്നിലാക്കി ഗ്രൂപ്പില്‍ ഒന്നാമതെത്തിയ ഡെന്മാര്‍ക്ക് ഒരു ചാവേര്‍ ടീമാകുന്നു. കാസ്പര്‍ ഷെമൈക്കല്‍ (ഗോളി), സൈമണ്‍ കേജര്‍, ആന്ദ്രിയാസ് ക്രിസ്റ്റിയന്‍സെന്‍, തോമസ് ഡിലാനി, എമിലി ഹോയ്ബര്‍ഗ്, ജോക്വിം മൈക്കിള്‍, യുവതാരങ്ങളായ കാസ്പര്‍ ഡോള്‍ബെര്‍ഗ്, മിക്കല്‍ ഡാംസ്ഗാര്‍ഡ് എന്നിവര്‍ക്കൊക്കെ ഒന്നിച്ചുള്ള കളിപരിചയമുണ്ട്. എന്നും ഹോളണ്ടിന്റെ പ്രശ്‌നം ടീമിന്റെ മനോനിലയാണ്. അവര്‍ വലിയ മത്സരങ്ങളില്‍ വൈകാരികമായി പ്രതികരിക്കാറുണ്ട്. ഇപ്പോഴത്തെ ടീം ഈ ലോകകപ്പ് നേടാന്‍ കഴിയുന്ന താരനിരയുള്ളതാണ്. ഗോളി റെംകോ പാസ്‌വീറിനെ വിശ്വസ്തനായി കണക്കാക്കാനാവില്ല. പക്ഷെ ടീമില്‍ മൂന്നു ലോകോത്തര സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരുണ്ട്.വിര്‍ജില്‍ വാന്‍ഡിജ്ക്കും മാത്തിജ്‌സ് ഡിലൈറ്റും നതാന്‍ അക്കെയും. പ്ലേ മേക്കര്‍ ഫ്രാങ്ക് ഡിജോങ്ങ്, കെന്നത്ത് ടെയ്‌ലര്‍, സ്റ്റീവന്‍ ബെര്‍ഗ്‌വിജ്, ടിയൂണ്‍ കൂപ്പ് മൈനേഴ്‌സ് എന്നിവര്‍ വിശ്വസിക്കാവുന്ന മധ്യനിരയാണ്. കോഡി ഗാക്‌പോ, മെംഫിച്ച് ഡീപേ, ലൂക്ക് ഡി ജോങ്ങ്, സ്റ്റീവന്‍ ബെര്‍ഗ്വിന്‍ എന്നിവരുടെ മുന്നേറ്റനിരയും ശക്തം. മികച്ച ടീംവര്‍ക്കാണ് ഹോളണ്ടിന്റേത്.

രണ്ടാം തട്ടിലുള്ള ടീമുകള്‍ എക്കാലത്തും ടൂര്‍ണമെന്റ് ടീം എന്നു വിശേഷിപ്പിക്കാവുന്ന നിരയാണ്. ബെല്‍ജിയം, ജര്‍മനി, ഇംഗ്ലണ്ട് എന്നിവ ഫൈനല്‍ സ്വപ്‌നം കാണുന്ന ടീമുകളാണ്. ബെല്‍ജിയം ഏയ്ജിങ്ങ് ടീമാണ്. ഫുട്‌ബോളില്‍ മുപ്പതു കഴിഞ്ഞാല്‍ വാര്‍ദ്ധക്യമായി. ചില പൊസിഷനുകളില്‍ മാറ്റങ്ങള്‍ വരുത്തിയെങ്കിലും പ്രതിരോധവും മധ്യനിരയും ബെല്‍ജിയത്തിന്റെ സങ്കീര്‍ണതകളാണ്. അതിനെ മറികടക്കാനായാല്‍ അവര്‍ക്ക് കലാശകളിയിലേക്ക് എത്താം. ബെല്‍ജിയത്തെപോലെയാണ് ജര്‍മ്മനിയും. എന്നാല്‍ അവര്‍ പല പൊസിഷനിലും ടീമിനെ അഴിച്ചുപണിതു. മാനുവല്‍ ന്യൂയര്‍, മുള്ളര്‍, ടോണിക്രൂസ് എന്നിവരെ അവര്‍ നിലനിര്‍ത്തിയിട്ടുണ്ട്. അവര്‍ക്ക് മികച്ച വര്‍ക്ക് റേറ്റുണ്ട്.

സ്‌പെയിന്‍ യങ്ങ് ടീമാണ്. അന്‍സുഫാത്തി, പെഡ്രി, ഗാവി എന്നിവരാണ് ആ ടീമിന്റെ ഇന്ധനശക്തി. സെന്‍ട്രല്‍ മിഡ് ഫീല്‍ഡില്‍ അവര്‍ക്ക് പ്രായമേറിയ സര്‍ജിയോ ബുസ്‌ക്കെറ്റ്‌സും വിങ്ങ് ബാക്കായ ജോര്‍ഡി ആല്‍ബയും മിന്നുന്ന കാലം പിന്നിട്ടു കഴിഞ്ഞു. പക്ഷെ അവര്‍ നല്ല യൂണിറ്റാണ്. ഇംഗ്ലണ്ടിന് പ്രതിഭയുടെ ധാരാളിത്തമുണ്ട്. ഭൂരിഭാഗം കളിക്കാരും പ്രീമിയര്‍ ലീഗിലെ താരങ്ങളാണ്. പക്ഷെ ഇംഗ്ലണ്ടിന് വമ്പന്‍ മത്സരങ്ങള്‍ കളിക്കുമ്പോള്‍ അവരുടെ ശേഷി പുറത്തെടുക്കാന്‍ കഴിയുന്നില്ല. സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരാണ് ഇംഗ്ലണ്ടിന്റെ വീക്ക് ലിങ്ക്. പക്ഷെ റാഷ് ഫോര്‍ഡും ഗ്രീലീഷും ഫോഡനും കെയിനും ഉള്‍പ്പെട്ട ആക്രമയയണനിര ശക്തമാണ്. സമീപകാലത്ത് ഇംഗ്ലണ്ടിന്റെ അന്താരാഷ്്ര മത്സരങ്ങള്‍ ആന്റി ക്ലൈമാക്‌സിലാണ് അവസാനിച്ചത്.

അവസാനമായി കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീമുകള്‍. മെസ്സിയുടെ അര്‍ജന്റീന, ഒരു കാവ്യനീതിക്കായി കാത്തിരിക്കുന്നു. കരിം ബെന്‍സീമക്ക് ഫ്രഞ്ച് ടീം നല്‍കുന്ന യാത്രയയപ്പാവും ഈ കിരീടം. അര്‍ജന്റീന 36 കളികളില്‍ അപരാജിത കുതിപ്പ് നടത്തുന്നു. മെസ്സിയാണ് അവരുടെ വജ്രായുധം. മുമ്പൊരിക്കലുമില്ലാത്ത വിധം അവരുടെ മധ്യനിര ലിയാന്‍ ഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോള്‍, നാഹ്യുല്‍ മൊളിന എന്നിവരുടെ സാന്നിധ്യം കൊണ്ട് ശക്തമാണ്. ലൗതാറോ മാര്‍ടിനസും ഏയ്ഞ്ചല്‍ കൊറിയയും ഡി മരിയയും ഡൈബാലയും മുന്‍നിരയിലുണ്ട്. അര്‍ജന്റീനയുടെ ഗോളി എമിലിാനോ മാര്‍ട്ടിനസ്് പെനാല്‍ട്ടി ഷൂട്ടൗട്ടിലും പ്രഗല്‍ഭനാണ്. ഒരു ടീമെന്ന നിലയില്‍ ഇപ്പോള്‍ അര്‍ജന്റീന മികച്ച മത്സരശേഷിയാണ് പ്രകടിപ്പിക്കുന്നത്. മെസിയുടെ അവസാന നൃത്തം ഈ ലോകപ്പിലായിരിക്കും.

ഫ്രാന്‍സിന് പ്രഗത്ഭരുടെ കലവറ തന്നെയുണ്. കരിം ബെന്‍സേമ, കിലിയന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീച്ച്മാന്‍ എന്നിവര്‍ മുന്നേറ്റനിരയിലുള്ള ടീമിന് ആശങ്കപ്പെടേണ്ടതില്ല. എഡ്വര്‍ഡോ കമാവിംഗ, ഔറീലിയന്‍ ചുവാമെനി, അഡ്രിയാന്‍ റാബ്ട എന്നിവര്‍ ഉള്‍പ്പെട്ടതാണ് മധ്യനിര. റാഫേല്‍ വരാനെ, ഡായറ്റ് ഉപമീക്കാനോ, വില്ല്യം സാലിബ, ബെഞ്ചമിന്‍ പവാര്‍ഡ്, ലൂക്കാച്ച് ഹെര്‍ണാണ്ടസ്, ഗോളി ലോറിസ്സ് എന്നിവരുള്‍പ്പെടെയുള്ള പ്രതിരോധവും കിടയറ്റതാണ്. ഫ്രാന്‍സ് ഈ ടൂര്‍ണമെന്റ് ജയിച്ചാല്‍ അത് മറ്റൊരു ചരിത്രമാകും. ജയിച്ചാല്‍ മുമ്പ് കിരീടം നിലനിര്‍ത്തിയ ചരിത്രമുള്ള ബ്രസീലിന്റേയും ഇറ്റലിയുടേയും പിന്‍ഗാമിയാകും.

അവസാനമായി എന്തുകൊണ്ട് ബ്രസീല്‍? എന്നും കിരീടമോഹം പേറുന്ന ടീമാണ് ബ്രസീല്‍. അവര്‍ എപ്പോഴും ഫേവറിറ്റുകള്‍ ആയിരിക്കും. 12 വര്‍ഷത്തെ ഇടവേളകളില്‍ അവര്‍ അവസാന കളികളില്‍ എത്തിച്ചേരും. ഇത്തവണ നെയ്മര്‍ ഉത്തരവാദിത്തത്തോടെയാണ് കളിക്കാനിറങ്ങുക. മിക്കവാറുമിത് അദ്ദേഹത്തിന്റെ അവസാന ലോകകപ്പായിരിക്കും. ലോകകപ്പില്‍ നെയ്മറെ നിര്‍ഭാഗ്യം നിഴല്‍ പോലെ പിന്തുടരുന്നുണ്ട്. കഴിഞ്ഞ 3 ലോകകപ്പുകളില്‍ കാണാത്ത വിധം ഇത്തവണ അവരുടെ ടീം സംഘശക്തിയുള്ള (collective strenghth) ടീമാണ്. നെയ്മര്‍, ആന്റണി, റോഡ്രിഗോ, വിനീഷ്‌സ്, റിച്ചാര്‍ലിസന്‍, റഫീനെ എന്നീ മുന്‍നിരക്കാരൊക്കെ ലോകോത്തര നിലവാരമുള്ളവരാണ്. വെറ്ററന്‍ ഡാനി ആല്‍വസ്, തിയാഗോ സില്‍വ, മാര്‍ക്വിനോസ്, എഡര്‍ മിലിഷ്ാവോ, അലക്‌സ് ടല്ലസ് എന്നിവര്‍ ഉള്‍പ്പെട്ട പ്രതിരോധനിരയും അലിസ്സണും എഡേഴ്‌സനും ഉള്‍പ്പെട്ട ഗോള്‍കീപ്പര്‍മാരും ഫോമിലാണ്. നല്ല മിക്‌സ് ഉള്ള ടീമാണ്. ഇതായിരിക്കുമോ ആ ടീം?

കിരീടനേട്ടത്തിന് ഒരു കുറുക്കുവഴിയുമില്ല. ഓരോ പൊസിഷനിലും മികച്ച കളിക്കാര്‍, അവരെ മാറ്റിയാല്‍ രംഗത്തിറങ്ങേണ്ട മികച്ച പകരക്കാര്‍, പൊസഷണല്‍ സ്‌ട്രെങ്ത്ത്, ഒന്നിച്ചുള്ള കലിപരിചയം, ഇച്ഛാശക്തി, പോരാട്ട തീഷ്ണത, തളരാത്ത മനോനില, ദേശീയത, ഭാഗ്യം ഇവയാണ് വിജയത്തിന്റെ ഫോര്‍മുല

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഖത്തര്‍ ലോകകപ്പുമായി ഉയര്‍ന്നു വന്ന ചില വിവാദങ്ങളെ കുറിച്ചും രണ്ടുവാക്ക്. ഖത്തറിലെ ലോകകപ്പ് യൗവനങ്ങളുടെ നൃത്തമാണെങ്കിലും അതിന്റെ പശ്ചാത്തലത്തില്‍ കാണുന്ന ചുമരെഴുത്തുകള്‍ വര്‍ത്തമാനകാലം വായിച്ചുതീര്‍ക്കേണ്ടതുണ്ട്. പെട്രോഡോളറിന്റെ കുത്തൊഴുക്കിനിടയില്‍ ഖത്തര്‍ ഒരുക്കുന്ന 22-ാമത്തെ ലോകകപ്പില്‍ ബ്രസീലോ അര്‍ജന്റീനയോ ഫ്രാന്‍സോ ഇംഗ്ലണ്ടോ കപ്പ് ഉയര്‍ത്തിയേക്കാമെങ്കിലും ലോകരാഷ്ട്രീയത്തില്‍ ഖത്തര്‍ ഉയര്‍ത്തുന്ന പല ചോദ്യങ്ങള്‍ക്കും സമ്പൂര്‍ണ്ണമായ ഉത്തരം ലഭിച്ചിട്ടില്ല.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുവേണ്ടി ഖത്തര്‍ നടത്തിയ അസമാന്യമായ പടയോട്ടത്തില്‍ ഇടനിലക്കാരും ഏജന്റുമാരും ചേര്‍ന്ന് അതില്‍ പങ്കെടുത്ത തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുകയാണ് ചെയ്തത്. ഖത്തറിന്റെ ഭരണനേതൃത്വം ഇതറിഞ്ഞതുതന്നെ വൈകിയാണ്. ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തത് കൊടുചൂടില്‍ 1500 തൊഴിലാളികള്‍ കൊല്ലപ്പെട്ടുവെന്നാണ്. അവര്‍ക്ക് ഏജന്റുമാരും സ്‌പോണ്‍സര്‍മാരും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. വേണ്ടത്ര കുടിവെള്ളം പോലും പല വര്‍ക്ക് സൈറ്റുകളിലും ലഭിച്ചിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഇതു മനുഷ്യാവകാശ ലംഘനം തന്നെയായിരുന്നു. അവരുടെ രക്തത്തിലും വിയര്‍പ്പിലുമാണ് സ്റ്റേഡിയങ്ങള്‍ കെട്ടിയുയര്‍ത്തിയത്. ഖത്തര്‍ ഭരണകൂടവും അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷനും പിന്നീട് തൊഴില്‍ നിയമ പരിഷ്‌കരണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും മതിയായ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ ഫിഫയുടെ ഭാഗത്തും കുറ്റകരമായ അനാസ്ഥയുണ്ട്. ഈ ലോകകപ്പിന് ഖത്തര്‍ ചിലവഴിക്കുന്നത്. 229 ബില്ല്യണ്‍ ഡോളറാണ്. റഷ്യയില്‍ ഇത് വെറും 14 ബില്ല്യണ്‍ ഡോളറായിരുന്നു.

മറ്റൊരു പ്രതിസന്ധി ലോകത്തിലെ ഭൂരിഭാഗം രാഷ്ട്രങ്ങളും എല്‍ ജി ബി ടി ക്യുവിനെ അംഗീകരിക്കാന്‍ തയ്യാറായങ്കിലും ഖത്തര്‍ നിസംഗമായി മാറിനില്‍ക്കുകയാണ്. ലിംഗവിവേചനം ലോകത്തിനു മുന്നില്‍ കൊടിയ കുറ്റമാി നിലനില്‍ക്കുകയാണ്. എന്നിട്ടും തങ്ങളുടെ മത സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമാണിതെന്ന് ഖത്തര്‍ നിലപാടെടുത്തിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഫിഫയും യഥാര്‍ത്ഥത്തില്‍ നേരിട്ട് ഇടപെട്ടിട്ടില്ല. സ്വതന്ത്രമായി ജീവിക്കാനുള്ള മനുഷ്യന്റെ ഇച്ഛകളെ വിലങ്ങിടുന്നത് ക്രൂരമായ പാതകമാണ്.

മറ്റൊന്ന് ഫിഫയുടെ ഭാഗത്തുനിന്നുവന്ന വന്‍വീഴ്ചയാണ്. ഇറാന്‍ ഈ ലോകകപ്പിലെ മികച്ച ടീമുകളിലൊന്നാണെന്ന് ഇതെഴുതുന്നയാള്‍ക്ക് ബോധ്യമുണ്ടെങ്കിലും ഇന്ന് ആ രാജ്യത്ത് നടക്കുന്ന കൊടിയ നരവേട്ടകളെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക? ഇറാന്റെ കാര്യത്തിലും റഷ്യയിലെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ കാര്യത്തിലും ഫിഫ മനുഷ്യരാശിയുടെ പക്ഷം ചേര്‍ന്ന് നിലപാട് സ്വീകരിക്കേണ്ടതായിരുന്നു.

ഈ ലോകകപ്പ് കഴിഞ്ഞതിനുശേഷവും ഖത്തറിന് 2010ല്‍ ലോകകപ്പ് അനുവദിച്ചതിലെ അഴിിമതിയെ കുറിച്ചുള്ള വിചാരണ തുടരും. ദക്ഷിണാഫ്രിക്കക്കും (2010) റഷ്യക്കും (2018) ലോകകപ്പുകള്‍ അനുവദിച്ചതിനെ കുറിച്ചും അന്വേഷണങ്ങള്‍ തുടരുകയാണ്. ഖത്തറിലെ ലോകകപ്പ് അവസാനിച്ചാലും ഇതിന്റെ പ്രതിധ്വനികള്‍ അവസാനിക്കുകയില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply