ഹിന്ദു എന്ന വോട്ട് ബാങ്കും ആപ്പും

അക്രമത്തിനനുവാദം നല്‍കാത്ത ഒരു ഹിന്ദുരാഷ്ട്രീയപാര്‍ട്ടിക്ക് ഇന്ത്യന്‍ സമൂഹമനസ്സില്‍ ഇടംപിടിക്കാന്‍ കഴിയുമെന്ന് കേജ്‌റിവാളും മറ്റും കരുതുന്നുണ്ടാവണം. യൂറോപ്പിലെ ക്രിസ്ത്യന്‍ അല്ലെങ്കില്‍ ഡെമോക്രാറ്റുകളുടെ, ഇംഗ്ലണ്ടിലെ ടോറികളുടെ മാതൃകയില്‍ ഒരു ഹിന്ദു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായി ഇടംപിടിക്കാന്‍ ആപ്പിന് കഴിയുമോ? കച്ചവടക്കാര്‍, മതവിശ്വാസികള്‍, മധ്യവര്‍ഗ്ഗം എന്നിവരുടെ പിന്തുണയിലാണ് ഇംഗ്ലണ്ടില്‍ ടോറികള്‍ തിരഞ്ഞെടുപ്പുകള്‍ ജയിച്ചുപോന്നിട്ടുള്ളത്. സമാനമാണ് ദില്ലിയില്‍ ആപ്പിന് ലഭിക്കുന്ന പിന്തുണ.

ആദിയില്‍ ഗാന്ധിയുണ്ടായിരുന്നു. ആ ഗാന്ധിക്ക് അണ്ണാ ഹസാരെയുടെ ഛായയായിരുന്നു. എന്നിട്ടും തന്റെ രാഷ്ട്രീയ മാനിഫെസ്റ്റോയ്ക്ക് സ്വരാജ് എന്നാണ് അരവിന്ദ് കേജ്‌റിവാള്‍ പേരിട്ടത്. ഹിന്ദ് സ്വരാജിന് പുതിയ കാലത്തൊരു പുതിയ ഭാഷ്യം എന്ന് പലരും പുസ്തകത്തെ വിലയിരുത്തി. അതുകൊണ്ടുതന്നെ അണ്ണാ ഹസാരെയുടെ യാഥാസ്ഥിതിക വീക്ഷണത്തെ കേജ്‌റിവാള്‍ മറികടക്കുമെന്ന് അവര്‍ കരുതി. രാഷ്ട്രീയേതരമായ ഒരു സങ്കല്പമായിരുന്നു അണ്ണാ ഹസാരേയ്ക്ക് സ്വരാജ്. എന്നാല്‍ കേജ്‌റിവാള്‍ പാര്‍ട്ടി രാഷ്ട്രീയത്തെ പിന്‍പറ്റുകയാണ് ചെയ്തത്. ഭരണഘടനയാണ് തന്റെ വഴികാട്ടിയെന്ന് അവകാശപ്പെടുകയും ചെയ്തു. നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും മുമ്പോട്ടുവെച്ച പരികല്പനകളും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അവതരിപ്പിക്കാന്‍ ഒരു പാര്‍ട്ടി എന്ന നിലയ്ക്കാണ് ആം ആദ്മി പാര്‍ട്ടി എന്ന ആപ്പ് അവതരിപ്പിക്കപ്പെട്ടത്. ജനസഞ്ചയത്തിന്റെ രാഷ്ട്രീയം എന്ന അര്‍ത്ഥത്തില്‍ ഇന്ത്യന്‍ സമൂഹം പ്രത്യയശാസ്ത്രാനന്തര സ്‌പേസിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്നും ആപ്പ് ആ സന്ദര്‍ഭത്തെ പ്രതിനിധീകരിക്കുന്നു എന്നും മറ്റും യോഗേന്ദ്രയാദവിനെപ്പോലെയുള്ള രാഷ്ട്രീയ നിരീക്ഷകര്‍ – അന്നദ്ദേഹം ആപ്പ് നേതൃത്വത്തിലുണ്ട്- വിലയിരുത്തി. ഇടതു -വലത് വിഭജനങ്ങള്‍ക്ക് അതീതമായി ആപ്പ് നിലകൊള്ളുന്നു എന്നായിരുന്നു ധാരണ. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ ആപ്പ് മത്സരിച്ചത് ഈ രാഷ്ട്രീയ കാഴ്ചപ്പാട് മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു. മേധാ പദ്കറും സോണി സൂരിയും ഉദയ്കുമാറും രാജ്‌മോഹന്‍ ഗാന്ധിയുമൊക്കെ സ്ഥാനാര്‍ത്ഥികളായത് അങ്ങനെയാണ്. ഒരു കൊല്ലം മാത്രം പ്രായമുള്ള ആപ്പ് ആ തിരഞ്ഞെടുപ്പില്‍ വലിയ ഓളമുണ്ടാക്കി. ബനാറസില്‍ നരേന്ദ്രമോദിയെ നേരിട്ട് രണ്ടാം സ്ഥാനത്തെത്തിയ കേജ്‌റിവാള്‍ ഒരു പുതിയ ഇന്ത്യന്‍ പ്രതിപക്ഷത്തെ പ്രതിനിധീകരിക്കാന്‍ പോകുന്നു എന്ന തോന്നലുണ്ടാക്കുകയും ചെയ്തു.

എന്നാല്‍ തിരഞ്ഞെടുപ്പ് പരാജയത്തെ കേജ്‌റിവാളും അനുയായികളും കണ്ടത് അങ്ങനെയല്ല. ഇന്ത്യ ബിജെപി പ്രതിനിധീകരിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പൊതുബോധത്തെ സ്വീകരിക്കുകയാണെന്നും മോദി ആ രാഷ്ട്രീയസന്ദര്‍ഭത്തിന്റെ മുഖമാണെന്നും അവര്‍ കരുതി. ഹിന്ദുത്വ-മോദി രാഷ്ട്രീയത്തെ നേരിട്ട് എതിര്‍ക്കുന്നത് ദില്ലി എന്ന ആപ്പിന്റെ ഒറിജിനല്‍ കര്‍മ്മമണ്ഡലത്തില്‍ കേജ്‌റിവാളിന്റെ സ്വാധീനം ഇല്ലാതാക്കുമെന്ന് അവര്‍ കണ്ടു. ദില്ലിയില്‍ ഇരിപ്പുറപ്പിച്ച് ഭരണാധികാരി എന്ന നിലയില്‍ പേരെടുത്തുകൊണ്ട് വേണം ആപ്പിന്റെ രാഷ്ട്രീയ വ്യാപനം ലക്ഷ്യമിടാന്‍ എന്ന് ആപ്പ് തീരുമാനിക്കുകയായിരുന്നു. എന്നുമാത്രമല്ല ബിജെപിയുടെ രാഷ്ട്രീയ സംഘടനാശൈലിയെ മാതൃകയാക്കാനും അവര്‍ തീരുമാനിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. 2015 ലെ ദില്ലി തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം പാഞ്ച്‌സാല്‍ കേജ്‌റിവാള്‍ എന്നായിരുന്നു (കേജ്‌റിവാളിന് അഞ്ചുവര്‍ഷം) പോസ്റ്ററുകളില്‍ കേജ്‌റിവാള്‍ നിറഞ്ഞുനിന്നു; കേജ്‌റിവാള്‍ മാത്രം. ബിജെപിയുടെ പ്രചാരണത്തില്‍ മോദി എങ്ങനെ നിറഞ്ഞുനിന്നുവോ അങ്ങനെ. ഒരു രാഷ്ട്രം ഒരേ രാഷ്ട്രീയം ഒരേയൊരു നേതാവ് എന്ന പ്രസിഡന്‍ഷ്യല്‍ ശൈലിയിലുള്ള രാഷ്ട്രീയത്തെ മോദി വിജയമന്ത്രമാക്കി മാറ്റിയപ്പോള്‍ അത് പാഠമാക്കുകയാണ് ആപ്പ് ചെയ്തത്. ബിജെപി രാഷ്ട്രീയത്തെ എതിര്‍ക്കാതെ ബിജെപിയെ എതിര്‍ക്കുക എന്നൊരു തന്ത്രം മെനയുകയാണ് എന്ന് പാര്‍ട്ടി നേതൃത്വം അവകാശപ്പെടുകയും ചെയ്തു. മുസ്‌ലിം വിരുദ്ധതാ രാഷ്ട്രീയത്തിനെതിരെ നിശ്ശബ്ദത പാലിക്കുന്നത് ആപ്പ് ന്യായീകരിച്ചതും ഇതേ വാദം ഉയര്‍ത്തിക്കൊണ്ടാണ്. 2020 ലെ ദില്ലി തിരഞ്ഞെടുപ്പ് കാലത്ത് ഇത് വ്യക്തമായിരുന്നു.

ആപ്പ് 2.0 തന്ത്രമായി (tactic) തുടങ്ങിയ ബിജെപി അനുകരണം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും നിലപാട് (strategy) തന്നെയായി മാറിത്തുടങ്ങിയിരിക്കുന്നു എന്ന് പറയാതെ വയ്യ. ഡിസംബര്‍ 1 നും 5 നുമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി വാരാന്ത്യങ്ങളില്‍ അരവിന്ദ്‌കേജ്‌റിവാള്‍ ഗുജറാത്തിലാണ്. കഴിഞ്ഞകൊല്ലം നടന്ന സൂറത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ പൂജ്യത്തിലേക്ക് തള്ളിക്കൊണ്ട് 27 സീറ്റുമായി ആപ്പ് മുഖ്യപ്രതിപക്ഷമായി പൊന്തിവന്നിരുന്നു. അന്നുമുതല്‍ക്ക് ആപ്പ് ഗുജറാത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഗോപാല്‍ ഇറ്റാലിയ എന്ന പട്ടിദര്‍ നേതാവ്- സൂറത്താണ് ഇറ്റാലിയയുടെ നഗരം – ആപ്പിന്റെ മുഖമായി പൊന്തിവന്നിട്ടുണ്ട്. എന്നാല്‍ ഇറ്റാലിയയുടെ മോദി വിമര്‍ശനം ആപ്പിനെ അസ്വസ്ഥമാക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏറ്റവുമൊടുവില്‍ നരേന്ദ്രമോദിക്ക് ഇന്ത്യ ഭരിക്കാനുള്ളതുകൊണ്ട് ഗുജറാത്ത് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല എന്നതുകൊണ്ട് മോദിയുടെ അന്താരാഷ്ട്ര പ്രതിച്ഛായ സംസ്ഥാനത്തെ മോശം ഭരണം മൂലം തകരാതിരിക്കാന്‍ ആപ്പിന് വോട്ട് ചെയ്യണമെന്ന് ഒരു നേതാവ് പ്രസംഗിക്കുന്ന അവസ്ഥയിലാണ്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിത്തന്നെയാണ് കേജ്‌റിവാള്‍ വിലക്കയറ്റത്തിന് തടയിടാന്‍ കറന്‍സി നോട്ടുകളില്‍ സരസ്വതിയുടേയും ഗണപതിയുടേയും ചിത്രങ്ങള്‍ മുദ്രണം ചെയ്യണമെന്ന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. ഗുജറാത്ത് തിരഞ്ഞെടുപ്പിലും ഒരു വലിയ വിഷയമാണ് മറ്റെങ്ങുമെന്നപോലെ വിലക്കയറ്റം. അതിനു തടയിടാന്‍ ആപ്പ് കണ്ടെത്തിയിരിക്കുന്ന മാര്‍ഗ്ഗം കറന്‍സിയെ ഹിന്ദുവല്‍ക്കരിക്കുക എന്നതാണ്! ഗാന്ധിജിയില്‍ നിന്നും സരസ്വതിയിലേക്കും ഗണപതിയിലേക്കും മാറുമ്പോള്‍ കറന്‍സിയുടെ ഗുണമല്ല രാഷ്ട്രീയത്തിന്റെ മൂല്യമാണ് മാറുന്നത്. ഇത് ഒരു ചെറിയ ചുവടുമാറ്റമല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗാന്ധി കേജ്‌റിവാളിന്റെ ചുവരില്‍നിന്നും അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളായിരിക്കുന്നു. ഇപ്പോള്‍ ഇടം പിടിച്ചിരിക്കുന്നത് ബാബാസാഹബ് അംബേദ്ക്കറും ഭഗത് സിംഗുമാണ്. ചുവരില്‍നിന്നും മാറ്റിയ ശേഷം ഗാന്ധിയെ കറന്‍സിയില്‍ നിന്നുകൂടി മാറ്റണമെന്ന് കേജ്‌റിവാള്‍ പറയുന്നത് എന്തുകൊണ്ടാവാം? ഗാന്ധി ഇന്നൊരു വോട്ട് ബാങ്ക് അല്ല. അംബേദ്ക്കറേയും ഭഗത് സിംഗിനേയും പല കാരണങ്ങളാല്‍ ആപ്പ് ‘ഉപകാരികളായി’ കാണുന്നു. ദളിത് വോട്ട് ദില്ലിയില്‍ ആപ്പിനനുകൂലമാണ്. ആപ്പിന്റെ ദേശീയതാ മുദ്രാവാക്യങ്ങള്‍ക്ക് ഭഗത് സിംഗിന്റെ സിംബലിസം പ്രയോജനകരമാണ്. ഇതേ കാരണങ്ങളാല്‍ ഗാന്ധി ഒരസൗകര്യം തന്നെയാണ്.

എങ്കിലും മന്ത്രിസഭയിലെ ദളിത് പ്രതിനിധി രാജ്പാല്‍ ഗൗതം ഒക്‌ടോബര്‍ 5ന് അംബേദ്ക്കറുടെ പാത തിരഞ്ഞെടുത്തതിന്റെ പേരില്‍ പ്രതിക്കൂട്ടിലായപ്പോള്‍ കേജ്‌റിവാള്‍ നിശ്ശബ്ദത പാലിക്കുകയാണ് ചെയ്തത്. താമസിയാതെ ഗൗതം രാജിവെച്ചു. ഷാഹിന്‍ബാദിലെ സമരത്തെ അവഗണിച്ചതുപോലെ ദില്ലി കലാപകാലത്ത് നിശ്ശബ്ദത പാലിച്ചതുപോലെ ആപ്പ് ബിജെപിയുടെ രാഷ്ട്രീയത്തിന് വഴങ്ങിക്കൊടുത്തു. ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്ന ഒരു വിഷയത്തിലും ബിജെപിയുമായി കൊമ്പുകോര്‍ക്കരുത് എന്ന തന്ത്രത്തിന്റെ തുടര്‍ച്ചയാണിത് എന്ന് വാദിക്കാവുന്നതാണ്. ഏതുതരത്തിലുള്ള ധ്രുവീകരണവും ബിജെപിക്ക് ഗുണം ചെയ്യുമെന്നത് ശരി.

2014ന് ശേഷം ഇന്ത്യന്‍ പൊതുബോധം ഹിന്ദുത്വ രാഷ്ട്രീയത്തിനെ പിന്‍പറ്റുന്നതിനാല്‍ തങ്ങളും അതിനൊപ്പം നിലകൊള്ളേണ്ടതുണ്ട് എന്ന് ആപ്പിന്റെ തീരുമാനം ഒരു നൈതിക പ്രശ്‌നം മാത്രമല്ല. ഇന്ത്യന്‍ പ്രതിപക്ഷം അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയെക്കൂടി ആപ്പ് നിലപാട് അടയാളപ്പെടുത്തുന്നുണ്ട്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കലും ആദ്യം സ്വാഗതം ചെയ്തവരില്‍ ആപ്പ് നേതൃത്വം ഉള്‍പ്പെടും. അയോധ്യയിലേക്ക് തീര്‍ത്ഥയാത്രയ്ക്ക് പ്രത്യേക സൗകര്യങ്ങളും സൗജന്യങ്ങളും നല്‍കുമെന്നത് ആപ്പിന്റെ വാഗ്ദാനങ്ങളില്‍ പെടും. മറ്റ് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഹിന്ദുവികാരത്തെ ഭയന്ന് മോദി സര്‍ക്കാരിന്റെ ഈ തീരുമാനങ്ങളെ അനുകൂലിക്കുകയോ അല്ലെങ്കില്‍ നിശ്ശബ്ദത പാലിക്കുകയോ ചെയ്യുകയായിരുന്നല്ലോ. പറഞ്ഞുവരുന്നത് എണ്‍പതുശതമാനം വരുന്ന ഹിന്ദുസമുദായത്തിന്റെ വോട്ടുകള്‍ക്കാണ് ഇപ്പോള്‍ മത്സരം. ദില്ലി കലാപകാലത്ത് ആപ്പിന് വോട്ടുചെയ്തുപോരുന്ന മുസ്‌ലിം സമുദായത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ആപ്പ് നേതൃത്വത്തിലെ ഒരു പ്രധാനി പറഞ്ഞത് തങ്ങള്‍ക്ക് വോട്ട് ചെയ്യുകയല്ലാതെ മറ്റ് പോംവഴി അവര്‍ക്കില്ല (മസ്ബൂരി) എന്നായിരുന്നു. ഹിന്ദുദേശീയതയായി ഇന്ത്യന്‍ ദേശീയത പരിണമിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ ആപ്പ് തയ്യാറല്ല എന്നു ചുരുക്കം. ബിജെപി അജണ്ടകള്‍ അംഗീകരിച്ചുകൊണ്ട് ബിജെപി വോട്ടുകള്‍ തേടിപ്പോവുന്ന ആപ്പിന്റെ കണക്കുകൂട്ടല്‍ കോണ്‍ഗ്രസ്സിനോ ഇടതുപക്ഷത്തിനോ ചെയ്തുപോന്ന വോട്ടര്‍മാരും നിവൃത്തിയില്ലാതെ തങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുമെന്നാണ്. ദില്ലി തിരഞ്ഞെടുപ്പുകള്‍ ഉദാഹരണമായി അവര്‍ കാണുന്നുണ്ടാവും. അി്യീില യൗ േആഖജ എന്ന ചിന്തയില്‍ തങ്ങളുടെ ഹിന്ദുസ്വത്വ രാഷ്ട്രീയ നീക്കങ്ങളെ എതിര്‍ക്കുന്നവര്‍ പോലും തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കനുകൂലമായി tactical വോട്ടിംഗ് നടത്തുമെന്ന കണക്കുകൂട്ടല്‍ എത്രയാണ് ശരിയാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് എന്ന കണക്കുകൂട്ടലാണ് ഇതിന്റെ ആധാരം. ദില്ലിയിലും പഞ്ചാബിലും അധികാരം തുടരുകയും ഗുജറാത്തില്‍ മുഖ്യപ്രതിപക്ഷമാകുകയും ചെയ്യുന്നപക്ഷം കോണ്‍ഗ്രസ്സിന് പകരക്കാരായി ദേശീയാടിസ്ഥാനത്തില്‍ തന്നെ ആപ്പിന് സാന്നിധ്യമുറപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസം നേതൃത്വം പിന്‍തുടരുന്നു. അതിനാല്‍ ഇനി പിടിക്കേണ്ട വോട്ട് ബിജെപി അനുകൂലികളുടേതാണ് എന്ന് അവര്‍ കരുതുന്നു. പക്ഷേ ഒറിജിനല്‍ ഹിന്ദുപാര്‍ട്ടി ഭരണം കൈയ്യാളുമ്പോള്‍ വോട്ടര്‍മാര്‍ എന്തിന് ഒരു ഡ്യൂപ്ലിക്കേറ്റിന് അവസരം നല്‍കണം? സാമുദായിക മൈത്രി എന്ന ലക്ഷ്യവുമായി ഭാരത് ജോഡോ യാത്ര ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുമ്പോള്‍ ആപ്പ് ഹിന്ദുത്വ വോട്ട് തേടിപ്പോവുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അക്രമത്തിനനുവാദം നല്‍കാത്ത ഒരു ഹിന്ദുരാഷ്ട്രീയപാര്‍ട്ടിക്ക് ഇന്ത്യന്‍ സമൂഹമനസ്സില്‍ ഇടംപിടിക്കാന്‍ കഴിയുമെന്ന് കേജ്‌റിവാളും മറ്റും കരുതുന്നുണ്ടാവണം. യൂറോപ്പിലെ ക്രിസ്ത്യന്‍ അല്ലെങ്കില്‍ ഡെമോക്രാറ്റുകളുടെ, ഇംഗ്ലണ്ടിലെ ടോറികളുടെ മാതൃകയില്‍ ഒരു ഹിന്ദു കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയായി ഇടംപിടിക്കാന്‍ ആപ്പിന് കഴിയുമോ? കച്ചവടക്കാര്‍, മതവിശ്വാസികള്‍, മധ്യവര്‍ഗ്ഗം എന്നിവരുടെ പിന്തുണയിലാണ് ഇംഗ്ലണ്ടില്‍ ടോറികള്‍ തിരഞ്ഞെടുപ്പുകള്‍ ജയിച്ചുപോന്നിട്ടുള്ളത്. സമാനമാണ് ദില്ലിയില്‍ ആപ്പിന് ലഭിക്കുന്ന പിന്തുണ. ഇത്തരമൊരു രാഷ്ട്രീയധാര കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ ഇന്ത്യയില്‍ രൂപപ്പെട്ടുവന്നിരുന്നു. ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയ പാരമ്പര്യംപോലും ഇവര്‍ക്ക് അവകാശപ്പെടാന്‍ കഴിയും. ബംഗാളിലെ അനുശീലന്‍ സമിതിയും അരവിന്ദഘോഷും പഞ്ചാബില്‍ ലാലാ ലജ്പത്‌റായും എന്തിന് ബാലഗംഗാധര തിലകനും രാജഗോപാലാചാരിയുമൊക്കെ ഈ ഹിന്ദു കണ്‍സര്‍വേറ്റീവ് രാഷ്ട്രീയ പാരമ്പര്യത്തിന്റെ പ്രതിനിധികളാണ്. ഇവര്‍ കോണ്‍ഗ്രസ്സിനകത്തെ ഒരു പ്രബല ധാരയുമായിരുന്നല്ലോ! സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയമിടുക്കില്‍ ഈ ധാര പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. നെഹ്‌റുവിന്റെ സാന്നിധ്യവും ലോഹ്യാ രാഷ്ട്രീയത്തിന്റെ സ്വാധീനവും കമ്മ്യൂണിസ്റ്റുകാരുടെ മിലിറ്റന്‍സിയും ഹിന്ദി മേഖലയില്‍ ഹിന്ദു യാഥാസ്ഥിതിക രാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തി. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍, നെഹ്‌റുവിന്റെ മരണാനന്തരം മാത്രമാണ് ഹിന്ദു യാഥാസ്ഥിതിക രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ ലഭിച്ചു തുടങ്ങുന്നത്. ആര്‍എസ്എസ്സിന്റെ പിന്‍ബലത്തില്‍ നിലനിന്നിരുന്ന ഭാരതീയ ജനസംഘവും പശുരാഷ്ട്രീയവും മറ്റും പിന്‍പറ്റി ഉയര്‍ന്നുവന്ന രാമരാജ്യ പരിഷദ്‌പോലുള്ള പ്രസ്ഥാനങ്ങളും രാജാജിയുടെ നേതൃത്വത്തില്‍ സ്വതന്ത്രാപാര്‍ട്ടിയും കണ്‍സര്‍വേറ്റീവ് രാഷ്ട്രീയധാരയ്ക്ക് പുതുജീവന്‍ നല്‍കി. 1967 ലെ തിരഞ്ഞെടുപ്പില്‍ ഇവര്‍ ശക്തി തെളിയിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ കോണ്‍ഗ്രസ്സ് ഗാന്ധിയില്‍ നിന്നും അകന്നുതുടങ്ങിയത് ഹിന്ദുയാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക മണ്ഡലത്തെ വിപുലപ്പെടുത്തി. ലോഹ്യയ്ക്കുശേഷം ഹിന്ദുരാഷ്ട്രീയത്തെ സാംസ്‌കാരികമായി പ്രതിരോധിക്കാന്‍ സഹായിച്ചിരുന്ന രാഷ്ട്രീയചിന്തയും അപ്രത്യക്ഷമായി. അംബേദ്ക്കറൈറ്റ് രാഷ്ട്രീയവും ദ്രാവിഡ പ്രസ്ഥാനവും കാന്‍ഷിറാമിന്റെ ബഹുജന്‍ പരിപ്രേക്ഷ്യവും ഹിന്ദുയാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ പ്രതിരോധിക്കുന്നതില്‍ പരിമിതമായ അര്‍ത്ഥത്തില്‍ മാത്രമാണ് വിജയിച്ചത്. ഇവരൊക്കെത്തന്നെയും ഹിന്ദുമതത്തെ അതിന്റെ നവോത്ഥാന സാംസ്‌കാരിക ധാരകളെ ഉള്‍പ്പെടെ തിരസ്‌ക്കരിക്കുകയാണ് ചെയ്തത് എന്ന് ഓര്‍ക്കണം. ഗാന്ധിയും ലോഹ്യയും എന്തിന് നെഹ്‌റുപോലും ‘ഹിന്ദു’ സാംസ്‌കാരികധാരകളും പാരമ്പര്യങ്ങളുമായി നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു. ഈ മൂന്നുപേരുടെയും മരണത്തിന് ശേഷം അത്തരമൊരു സംവാദത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തുടര്‍ച്ചകള്‍ ഉണ്ടായിട്ടില്ല.

ഹിന്ദുസാംസ്‌കാരിക ഇടം ഹിന്ദു യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ കുത്തകയായി മാറുന്നതാണ് എണ്‍പതുകളില്‍ നമ്മള്‍ കാണുന്നത്. അയോധ്യാരാഷ്ട്രീയവും ബിജെപിയുടെ വളര്‍ച്ചയും സംഭവിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. അദ്വാനിയുടെ രഥയാത്ര ലക്ഷ്യമിട്ട് ഹിന്ദുവോട്ട് ബാങ്കിന് മണ്ഡല്‍ രാഷ്ട്രീയം താല്‍ക്കാലികമായി തടയിടുകയുണ്ടായി. മുലായംസിംഗും ലാലുപ്രസാദും നിതീഷ്‌കുമാറും ദേവഗൗഡയുമൊക്കെ ദീര്‍ഘനാള്‍ ഭരിച്ചുവെങ്കിലും ഈ മണ്ഡല്‍നേതാക്കള്‍ക്കൊന്നും ഹിന്ദുത്വരാഷ്ട്രീയത്തിനൊരു സാംസ്‌കാരികബദല്‍ കരുപ്പിടിപ്പിക്കാന്‍ കഴിഞ്ഞില്ല. ഗാന്ധികുടുംബം എന്ന സെക്കുലര്‍ കള്‍ട്ടിലായി കോണ്‍ഗ്രസ്സിന്റെ വിശ്വാസം. മൂലധനാധിഷ്ഠിത രാഷ്ട്രീയത്തിനനുകൂലമായി ഒരു ദേശീയ സമവായം സൃഷ്ടിക്കപ്പെട്ടതോടെ- സാമ്പത്തിക കാര്യങ്ങളിലെ എന്‍ഡിഎ – യുപിഎ വൈരുദ്ധ്യം വിഭവ വിതരണത്തിന്റെ മുന്‍ഗണനകളിലും ഔദാര്യ-അവകാശ ഊന്നലുകളിലുമായിരുന്നു. ബിജെപിയുടെ സ്വത്വ അജണ്ട ദേശീയ രാഷ്ട്രീയത്തെ നിയന്ത്രിച്ചുതുടങ്ങി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ നിന്നുകൊണ്ട് എല്ലാവരും രാഷ്ട്രീയം പറയുന്ന അവസ്ഥയില്‍ ആ രാഷ്ട്രീയത്തിന്റെ എ ടീം തിരഞ്ഞെടുപ്പുകള്‍ വിജയിക്കുന്നതില്‍ അത്ഭുതമുണ്ടോ? ആപ്പ് അംഗീകരിച്ചിരിക്കുന്നതും ഈ വസ്തുതയേയാണ്.

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply