കെ റെയിലല്ല, നാലുവരി പാതയാണ് പരിഹാരം

സംസ്ഥാനത്തിനകത്തെ യാത്രക്കാര്‍ക്കായി വാസ്തവത്തില്‍ വേണ്ടത് മെമു ട്രെയിനുകളാണ്. അത്തരത്തിലുള്ള നീക്കത്തിനു തുടക്കമിട്ടതാണ്. ഏതാനും ട്രെയിനുകള്‍ ആരംഭിച്ചിട്ടുമുണ്ട്. എന്നാലതിനിടയിലാണ് രാജ്യത്തെ കോച്ച് ഫാക്ടറകളിലെല്ലാം ഏറെക്കുറെ വന്ദേഭാരത് കോച്ചുകളുടെ നിര്‍മ്മാണം തുടങ്ങിയത്. അതോടെ മെമു നിര്‍മ്മാണം സ്തംഭിച്ചു. വന്ദേഭാരത് ട്രെയിനുകള്‍ അനിവാര്യം തന്നെയാണ്. എന്നാല്‍ അടിസ്ഥാനസൗകര്യമില്ലാതെ ആരംഭി്ച്ചതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കേരളം നേരിടുന്നത്.

കേരളത്തിലെ തീവണ്ടിയാത്ര അതീവ ക്ലേശകരമായി മാറുകയാണ്. കഴിഞ്ഞ അവ്ധി ദിനങ്ങളില്‍ അതിരൂക്ഷമായി. തിരക്കുമൂലം പലരും ട്രെയിനുകളില്‍ തളര്‍ന്നുവീണ സംഭവങ്ങള്‍ പോലുമുണ്ടായി. വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെ കൊട്ടിഘോഷിച്ചാരംഭിച്ച വന്ദേഭാരത് ട്രെയിനുകള്‍ മറ്റു ട്രെയിനുകളുടെ യാത്രയെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പാളങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തത്ര ട്രെയിനുകള്‍ ഒാടുന്നതാണ് ഈ ദുരിതങ്ങളുടെ അടിസ്ഥാനകാരണം. അതേസമയം ഇപ്പോഴത്തെ സംവിധാനവുമായി ഒരു ബന്ധവുമില്ലാത്ത കെ റെയില്‍ നിര്‍ദ്ദേശം വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നതിനെതിരെ ജാഗ്രതയും വേണം.

വന്ദേഭാരതിന് വേണ്ടി ട്രെയിനുകള്‍ പിടിച്ചിടുന്നതിനെതിരെ മനുഷ്യാവകാശകമ്മീഷന്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ട്രെയിന്‍ യാത്രികരുടെ മനുഷ്യാവകാശ ലംഘനമാണിതെന്ന് സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. വിഷയം പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ പാലക്കാട് റെയില്‍വെ ഡിവിഷണല്‍ മാനേജറെ കമ്മീഷന്‍ ചുമതലപ്പെടുത്തി. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വന്ദേഭാരത് ട്രെയിനുകള്‍ രണ്ടെണ്ണമായതോടെ മറ്റു തീവണ്ടികള്‍ വൈകുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. പാസഞ്ചര്‍ ട്രെയിനുകളും പരശുറാം എക്‌സ്പ്രസും സ്ഥിരമായി പിടിച്ചിടുന്നത് യാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് നല്‍കുന്നത്. ജനശതാബ്ദിയും ഏറനാട് എക്‌സ്പ്രസും ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസുമൊക്കെ സ്ഥിരമായി വൈകിയാണ് ഓടുന്നത്.

സംസ്ഥാനത്തിനകത്തെ യാത്രക്കായി വളരെ കുറച്ചുപേര്‍ മാത്രം തീവണ്ടികളെ ആശ്രയിച്ചിരുന്ന കാലത്തുനിന്നും കാര്യമായ മാറ്റമൊന്നും അടിസ്ഥാന സൗകര്യങ്ങളില്‍ ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. തീവണ്ടികളുടെ എണ്ണം കുറെ കൂടിയിട്ടുണ്ട്. എന്നാല്‍ അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ കാര്യമായി വികസിച്ചില്ല. കുറച്ചുകാലമായി തീവണ്ടിയാത്രക്കാരുടെ എണ്ണം പടിപടിയായി വര്‍ദ്ധിക്കുകയാണ്. റെയില്‍വേക്ക് കേരളത്തില്‍ നിന്നുള്ള വരുമാനവും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. എന്നിട്ടും തിരിച്ചു കാര്യമായൊന്നും നമുക്ക് കിട്ടിയിട്ടില്ല. ഇപ്പോഴും നമുക്കുള്ളത് രണ്ടുവരി പാതമാത്രം. അതുപോലും മുഴുവനാകാത്ത കുറച്ചുഭാഗമുണ്ട്. സിഗ്നല്‍ സംവിധാനം ഓട്ടോമാറ്റിക് ആക്കാന്‍ പോലും ഇതുവരേയും നടപടിയായിട്ടില്ല എന്നതാണ് ഏറ്റവും ഖേദകരം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കൊവിഡിനുശേഷം തീവണ്ടിയാത്രക്കാരുടെ എണ്ണം ഒരുപാട് വര്‍ദ്ധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. സംസ്ഥാനത്തുടനീളം ദേശീയപാതാ നിര്‍മ്മാണം നടക്കുന്നത് റോഡ് യാത്രയെ ക്ലേശകരമാക്കിയതും അതിനു കാരണമാണ്. എന്നാല്‍ കൊവിഡ് കാലത്തേര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇപ്പോഴും തുടരുന്നു എന്നതാണ് വസ്തുത. അതിലേറ്റവും പ്രധാനം പാസഞ്ചര്‍ വണ്ടികള്‍ പലതും ഇപ്പോഴും എക്‌സ്പ്രസ് ആയി ഓടുന്നു എന്നതാണ്. അതിന്റെ ഫലമായി പല സ്റ്റോപ്പുകളും ഇല്ലാതായിരിക്കുകയാണ്. ചാര്‍ജ്ജ് കൂടുതല്‍ വാങ്ങുന്നു. പല കമ്പാര്‍ട്ട്‌മെന്റുകളും റിസര്‍വ്വഡ് ആക്കി. കൂടാതെ പകല്‍നേരത്തു സ്ലീപ്പര്‍ ടിക്കറ്റുകള്‍ കൊടുത്തിരുന്നതിനു പല തീവണ്ടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അതോടൊപ്പം മറ്റൊന്നു കൂടി. റോഡുയാത്ര ദുഷ്‌കരമായതിനെ തുടര്‍ന്ന് കടുതല്‍ പേര്‍ തീവണ്ടിയെ ആശ്രയിക്കാന്‍ തുടങ്ങിയെന്നു സൂചിപ്പിച്ചല്ലോ. അവരില്‍ വലിയൊരു വിഭാഗം എ സി കോച്ചുകളിലാണ് യാത്ര ചെയ്യുന്നത്. ഇതു കണ്ട റെയില്‍വേ എ സി കോച്ചുകളുടെ എണ്ണം കൂട്ടുകയാണ്. സ്വാഭാവികമായും അണ്‍ റിസര്‍വ്വഡ് കോച്ചുകളുടെ എണ്ണം കുറയുന്നു. അത് സ്ഥിരം യാത്രക്കാരേയും സാധാരണക്കാരേയും വിപരീതമായി ബാധിച്ചിരിക്കുന്നു.

റെയില്‍വേയുടെ തല തിരിഞ്ഞ തീരുമാനത്തിന് ഒരുദാഹരണം ചൂണ്ടികാട്ടാം. ഗുരുവായൂര്‍ – പുനലൂര്‍, മധുര – ചെങ്കോട്ട, ചെങ്കോട്ട – കൊല്ലം പാതയിലെ മൂന്നു ട്രെയിനുകള്‍ ഒ്ന്നാക്കിയതാണത്. ഇപ്പോള്‍ മൂന്നിനും പകരം ഈ റൂട്ടിലൂടെ ഗുരുവായൂര്‍ – മധുര ട്രെയിനാണ് ഓടുന്നത്. എന്നാല്‍ സംഭവിച്ചത് എന്താണ്? ചെങ്കോട്ട പാത വൈദ്യുതീകരിച്ചിട്ടും ഇപ്പോഴും അതിലൂടെ 14 കോച്ചുള്ള ട്രെയിനിനേ അനുമതിയുള്ളു. ഗുരുവായൂര്‍ – പുനലൂര്‍ പാസഞ്ചറില്‍ 18 കോച്ചാണ് ഉണ്ടായിരുന്നത്. എന്നാലതിപ്പോള്‍ 14 ആയി. അതില്‍ തന്നെ മൂന്നെണ്ണം റിസര്‍വ്വഡുമാക്കി. ഫലത്തില്‍ നിലവിലുണ്ടായിരുന്ന യാത്രാ സൗകര്യം കുറഞ്ഞു. ഇത്തരത്തിലാണ് റെയില്‍വേയുടെ പല തീരുമാനങ്ങളും.

സംസ്ഥാനത്തിനകത്തെ യാത്രക്കാര്‍ക്കായി വാസ്തവത്തില്‍ വേണ്ടത് മെമു ട്രെയിനുകളാണ്. അത്തരത്തിലുള്ള നീക്കത്തിനു തുടക്കമിട്ടതാണ്. ഏതാനും ട്രെയിനുകള്‍ ആരംഭിച്ചിട്ടുമുണ്ട്. എന്നാലതിനിടയിലാണ് രാജ്യത്തെ കോച്ച് ഫാക്ടറകളിലെല്ലാം ഏറെക്കുറെ വന്ദേഭാരത് കോച്ചുകളുടെ നിര്‍മ്മാണം തുടങ്ങിയത്. അതോടെ മെമു നിര്‍മ്മാണം സ്തംഭിച്ചു. വന്ദേഭാരത് ട്രെയിനുകള്‍ അനിവാര്യം തന്നെയാണ്. എന്നാല്‍ അടിസ്ഥാനസൗകര്യമില്ലാതെ ആരംഭി്ച്ചതിന്റെ പ്രശ്‌നങ്ങളാണ് ഇപ്പോള്‍ കേരളം നേരിടുന്നത്.

ഹ്രസ്വകാലാടിസ്ഥാനത്തിലും ദീര്‍ഘകാലാടിസ്ഥാനത്തിലുമുള്ള നടപടികളാണ് ഇന്നു കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആവശ്യം. അതിലേറ്റവും പ്രധാനം ഒരറ്റം മുതല്‍ മറ്റെ അറ്റം വരെ നാലുവരി പാതയാക്കലാണ്. മംഗലാപുരം മുതല്‍ നാഗര്‍കോവില്‍ വരെയും ഷൊര്‍ണൂര്‍ മതല്‍ കോയമ്പത്തൂര്‍ വരെയുമുള്ള 800 കി.മീ ദൂരം വരുന്ന പ്രധാന പാതകള്‍ നാലുവരിയാക്കുകയും ഓട്ടോ മാറ്റിക് സിഗ്‌നലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുകയും ചെയ്യണം. നാലുവരിയിലെ രണ്ട് പാതകള്‍ ദീര്‍ഘ ദൂരവണ്ടികള്‍ക്കും വേഗത കൂടിയ വണ്ടികള്‍ക്കുമായി മാറ്റിവെയ്ക്കണം. അത്തരം വണ്ടികള്‍ക്ക് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമായി സ്റ്റോപ്പുകള്‍ നിജപ്പെടുത്തുകയും വേണം. മറുവശത്ത് കേരളത്തെ മൂന്നോ നാലോ മേഖലകളാക്കി തിരിച്ചുകൊണ്ട് ശേഷിയ്ക്കുന്ന രണ്ട് പാതകളില്‍ ഓട്ടോമാറ്റിക് സിഗ്‌നലിന് ഏര്‍പ്പെടുത്തുകയും ഇടതടവില്ലാതെ ‘മെമു’വണ്ടികള്‍ ഓടിയ്ക്കുകയും വേണം. റെയില്‍വേ സ്‌റ്റേഷനുകളോട് ചേര്‍ന്ന് ബസ്സ്റ്റാന്‍ഡുകളും വികസിപ്പിക്കണം. മുംബൈ മോഡല്‍ വികസനമാണ് കേരളത്തിന് ആവശ്യവും അനുയോജ്യവും എന്നര്‍ത്ഥം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീവണ്ടിയാത്രയിലെ ദുരിതങ്ങളുമായി ബന്ധപ്പെട്ട് കെ റെയില്‍ വീണ്ടും കുത്തിപ്പൊക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പ്രത്യേകിച്ച് വന്ദേഭാരത് മൂലം പല തീവണ്ടികളും പിടിച്ചിടുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ റെയില്‍വേ വികസനത്തെ തകര്‍ക്കാനുള്ള നീക്കമാണ് കെ റെയില്‍ കുത്തിപ്പൊക്കുന്നതിലൂടെ ലക്ഷ്യമാക്കുന്നത്. ഒന്നാമത് അത് നിലവിലെ റെയില്‍വേ സംവിധാനവുമായി ഒരു ബന്ധലവുമില്ലാത്ത ഒന്നാണ്. ഒരു വലിയ മെട്രോ സംവിധാനം എന്നു വേണമെങ്കില്‍ പറയാം. കേരളത്തില്‍ നിന്നു പുറത്തുപോകുന്നവര്‍ക്ക് അതുകൊണ്ടൊരു ഗുണവും ലഭിക്കില്ല. കേരളത്തിനകത്തെ സാധാരണക്കാര്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും ഗുണം ചെയ്യില്ല. മുകളില്‍ സൂചിപ്പിച്ച പോലെ നിലവിലെ രണ്ടുവരി പാതയെ നാലുവരിയാക്കുക എന്നതാണ് കേരളത്തിന് ഏറ്റവും അനുയോജ്യം. അതിന് കെ റെയിലിന്റെ എത്രയോ കുറവ് ചിലവേ വരൂ. റെയില്‍വേ സ്‌റ്റേഷനുകള്‍ പുതുതായി നിര്‍മ്മിക്കേണ്ട. പാരിസ്ഥിതിക പ്രശ്‌നങ്ങളും കുറയും. ഇപ്പോള്‍ തന്നെ പലയിടത്തും റെയില്‍വേക്ക് ഭൂമിയുള്ളതിനാലും ഇപ്പോഴത്തെ റെയിലിനോട് ചേര്‍ന്ന ഭൂമിയാണ് ആവശ്യമെന്നതിനാലും കെ റെയിലിനേക്കാള്‍ കുറവ് ഭൂമി മതി. ചിലവും കുറയും. ജനകീയ സമരങ്ങള്‍ക്കും സ്ധ്യത കുറവാണ്. ഇതിന്റെ ആദ്യപടിയായി തീവണ്ടി സാന്ദ്രത ഏറ്റവും കൂടിയ എറണാകുളം ഷൊര്‍ണൂര്‍ പാത നാലുവരിയാക്കാനിള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതു മുന്നോട്ടുകൊണ്ടുപോകാനാണ് നമ്മള്‍ ശബ്ദമുയര്‍ത്തേണ്ടത്. അല്ലാതെ താരതമ്യേന നേട്ടം കുറവും കോട്ടം കൂടിയതുമായ കെ റെയിലിനു വേണ്ടിയല്ല.

എല്ലാവര്‍ക്കുമറിയാവുന്നപോലെ താരതമ്യെന സുരക്ഷിതവും ചിലവുകുറഞ്ഞതുമാണ് തീവണ്ടിയാത്ര. കാലത്തിനനുസരിച്ച മാറ്റങ്ങള്‍ റെയില്‍വേ മേഖലയില്‍ അനിവാര്യമാണ്. അതേസമയം അതിന്റെ ആദ്യലക്ഷ്യം സാധാരണക്കാരുടെ താല്‍പ്പര്യങ്ങളാകണം. ചിലവുകുറഞ്ഞ സൗകര്യപ്രദമായ യാത്ര. തീര്‍ച്ചയായും വേഗത കൂടിയ ആഡംബര തീവണ്ടികളും അനിവാര്യമാണ്. എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍ക്കൊള്ളുന്നതാകണം റെയില്‍വേ വികസനം. ഇത്തരമൊരു ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിലാകമണം സംസ്ഥാനത്തെ ട്രെയിന്‍ യാത്രികര്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കാണാനും പരിഹാരം തേടാനും. അതിനായി റെയില്‍വേ മന്ത്രാലയത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകേണ്ടത്. അതിനുപകരം ഇപ്പോഴും നടക്കാന്‍ പോകാത്ത കെ റെയിലിനെ കുറിച്ച് വാചാലരാകുകയല്ല വേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply